
വിഷാദത്തിന്റെ ഭാവവും ഭാഷയും ഏതാണ്? മഞ്ഞുകാലത്തിന്റെ തണുപ്പുറ്റി വീഴുന്ന രാത്രിയിൽ അകലെയെങ്ങോ ആകാശത്ത് വിറച്ചു നിൽക്കുന്ന അമ്പിളിയുടെ കഷ്ണമാകുമോ അത്? അതോ ദൂരെയെവിടെ ഹിമഭൂമിയിൽ നിന്ന് അതിഗൂഢമായ സ്മിതം ഒളിപ്പിച്ചെത്തുന്ന ആദ്യത്തെ മഴത്തുള്ളിയോ? മലയാളത്തിന്റെ നിത്യ ഹരിത വിഷാദത്തിന്റെ ഏറ്റവും ഗാഢതയിലെ ലാളിത്യമുഖം ഇപ്പോൾ പതിയെ തെളിഞ്ഞു വരും. വിഷാദത്തിന്റെ നിരാശയോ ഹതാശമായ പുഞ്ചിരിയോ കണ്ണിന്റെ ആഴങ്ങളിൽ കുടുങ്ങി കിടക്കുന്ന അനുരാഗത്തിന്റെ മീൻ പിടച്ചിലുകളോ നിങ്ങൾക്കാ മുഖത്ത് കാണാനാവും.
വേണു നാഗവള്ളി. പ്രണയത്തിന്റെ കഠിന വിഷാദങ്ങളെ ഇത്രമേൽ ആഴത്തിൽ മുഖത്ത് വരച്ചിട്ട കാമുകൻ. എഴുപതുകളുടെ സാംസ്‌കാരിക പരിസരം, സംഘർഷ ഭരിതമായ രാഷ്ട്രീയ കാലമൊക്കെ മലയാളി മനസുകളെ ഉടച്ചു വാർത്തിട്ടുണ്ട്. എന്നെങ്കിലും പുലർന്നേക്കാവുന്ന ലോകമെന്ന ആശയത്തിനേറ്റ തിരിച്ചടികൾ. പകർച്ച പനി പോലെ വ്യാപിച്ച വിഷാദ ഛായകൾ. ചായക്കോപ്പയിലെ അവസാന തുള്ളിയിൽ വീണ് ആത്മത്യ ചെയ്യുന്ന ഉറുമ്പു പോലെ പ്രണയങ്ങൾ തുടങ്ങി അന്നത്തെ പുരുഷ വിഹ്വലതകൾ കാലം ഒന്നാകെ സ്വാധീനിച്ചിരുന്നു. ഈ സ്വാധീനത്തിന്റെ പ്രതിബിംബമെന്നോണമാണ് വേണു നാഗവള്ളി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പുരുഷ ലാവണ്യത്തിന്റെ മലയാള മുഖമായി ഒറ്റ കാഴ്ച്ചയിൽ തന്നെ നാഗവള്ളി മാറുകയും ചെയ്തു. തിളക്കങ്ങൾ നഷ്ടപ്പെട്ട് വിഷാദം കൃഷ്‌ണമണിയെ അടക്കം മൂടിയ കണ്ണുകൾ, സാധാ കുനിഞ്ഞു നിൽക്കുന്ന ശിരസ്, ശബ്ദത്തിലെ താഴ്മ, മെലിഞ്ഞ ശരീരം. അതിനെയാകെ മൂടുന്ന കുപ്പായം, തലയ്ക്ക് പലപ്പോഴും ഭാരമായ, ഒതുക്കങ്ങൾ നഷ്ടപ്പെട്ട മുടി. വിഷാദ കാമുകനെ നാഗവള്ളിക്ക് പകർത്താൻ ഇത്രയൊക്കെ മതിയായിരുന്നു.

ആദ്യ ചിത്രമായ ഉൾക്കടൽ പേര് പോലെ തന്നെ വിഷാദ നിഗൂഢമായിരുന്നു. പുറമെ കടലിന്റെ നീലപ്പരപ്പുകൾ.അകമേ തിരിച്ചറിയാനാവാത്ത ആഴങ്ങൾ, അതൊളിപ്പിക്കുന്ന സങ്കടങ്ങൾ. കെ ജി ജോർജ്ജ് എന്ന മലയാളത്തിന്റെ എക്കാലത്തെയും മനോ വിശ്ലേഷണ ചിത്രങ്ങളുടെ സംവിധായകൻ ചെയ്ത ഈ ചിത്രം തന്നെ വേണു നാഗവള്ളിയുടെ വിലാസമായി മാറി. സ്നേഹത്തെ ചൊല്ലി കരയുന്ന ആൺശരീരങ്ങളെ ആ കാലഘട്ടം സൃഷ്ടിച്ചു എന്നതും സിനിമ എന്ന നിലയിൽ സവിശേഷമായിരുന്നു. കവിയും എഴുത്തുകാരനും അധ്യാപകനും ഒക്കെയായി മാറുന്ന കാലങ്ങളുടെ അകെ തുകയായിരുന്നു ഉൾക്കടലിൽ വേണു നാഗവള്ളി. സ്നേഹം, സഹതാപം, കരുണ, അനുകമ്പ ഒക്കെ ചേർന്ന സവിശേഷ പുരുഷ കഥാപാത്രം അതിനെയെല്ലാം ഉൾച്ചേർക്കുന്ന അനിവാര്യ വിഷാദം. ഉൾക്കടൽ പോലെ ആഴമേറിയ കഥാപാത്രം കൂടിയായി നാഗവള്ളി മാറി. ഒരു പാട്ടിന്റെ പിന്തുണ മാത്രം മതി , വേണു നാഗവള്ളിയെ എല്ലാ കാലത്തേക്കും ഓർത്തുവെക്കാൻ.

‘ശരദിന്ദു മലർദീപ നാളം നീട്ടി
സുരഭിലയാമങ്ങൾ ശ്രുതി മീട്ടി’
ഇതിലേറെ അലിഞ്ഞു ചേർന്ന മറ്റേതെങ്കിലും യുഗ്മ ഗാനം വേറെയുണ്ടോ?
അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം..
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം പകർന്നു പോകെ..
ഹരിനീല കംബളചുരുൾ നിവർത്തി
വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ…
കണ്ണുകളിൽ അടക്കി നിൽക്കുന്ന പ്രണയത്തിന്റെ അഗാതത. ഇതേ അഗാതത അനുരാഗിണിയിലും നമ്മൾ കാണുന്നു. ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിൽ തന്റെ കവിത ചൊല്ലുന്ന പെൺശബ്ദത്തിന് തിരഞ്ഞു പടിക്കലെത്തി വാതിലിൽ മുട്ടാനാഞ്ഞ കൈ തിരികെ വലിക്കുന്ന നായകനുണ്ട്.

എന്നെയെനിക്കു തിരിച്ചു കിട്ടാതെ ഞാൻ
ഏതോ ദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരി തൻ
സ്വേദപരാഗമായ് മാറി.
വേണു നാഗവള്ളിക്ക് വേണ്ടി എക്കാലത്തേക്കും എഴുതി വെച്ച വരികൾ പോലെയായിരുന്നു ഇത്. എല്ലാ നഷ്ടങ്ങളുടെയും കൂടെ സ്വയം നഷ്ടപ്പെടുക. പിന്നെ അതിൽ നിന്ന് തിരികെ കയറാൻ പരിശ്രമിക്കുക. ആൽബേർ കാമു അടക്കം ഫ്രഞ്ച് എഴുത്തുകാർ ഉയർത്തിവിട്ട അസ്തിത്വത്തിന്റെ നിരവധി ചോദ്യങ്ങൾക്ക് അഭ്രപാളിയിൽ വേണു നാഗവള്ളി ഉത്തരമായി. നിരവധി ചിത്രങ്ങളുടെ പട്ടിക തന്നെ നടനായും സംവിധായകനായും തിരക്കഥാകൃത്തായും ഇദ്ദേഹത്തിന്റെ പേരിലുണ്ടെങ്കിലും ഓർമ്മിക്കാൻ ബാക്കി വെച്ച വിഷാദം തന്നെയായിരുന്നു വേണു നാഗവള്ളിയുടെ മേൽവിലാസം. കാലത്തിന്റെ ആൺകാമനകളെ സിനിമയുടെ സിരകൾക്ക് നൽകിയെന്ന അനശ്വരത കൂടി അദ്ദേഹം ബാക്കി വെക്കുന്നുണ്ട്. പ്രണയം കൊണ്ട് കൂമ്പി പോയ കണ്ണുകളിൽ കടലൊളിപ്പിച്ചു വെക്കുക..ആ കടലിനെ തന്നെ ഉള്ളിലൊതുക്കി നിത്യ വിഷാദത്തിന്റെ മണല്പരപ്പിൽ കാത്തിരിക്കുക. കടന്നു പോയെങ്കിലും ആ കടൽക്കരയിൽ ഇപ്പോഴും വേണു നാഗവള്ളിയുടെ കാല്പാടുകൾ ബാക്കിയുണ്ട്. താങ്ങാനാവാത്ത വിഷാദ ഭാരത്തോടെ!!!




