
ഒരു രാജ്യത്തെ തോൽപ്പിക്കാൻ എല്ലായ്പ്പോഴും സൈന്യം അയയ്ക്കേണ്ടതില്ല. അതിന്റെ സമ്പദ്‌വ്യവസ്ഥയെ വളയുക, വ്യാപാരബന്ധങ്ങളെ തടസ്സപ്പെടുത്തുക, ഊർജവിതരണത്തെ നിയന്ത്രിക്കുക, അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകൾക്ക് വിലങ്ങിടുക എന്നിങ്ങനെ നേരിട്ടുള്ള സാമ്പത്തിക ആയുധങ്ങൾക്കൊപ്പം, ഒരു രാജ്യത്തിനെതിരായ രാഷ്ട്രീയ സമ്മതം നിർമ്മിക്കുക എന്നതും ആധുനിക സാമ്രാജ്യത്വത്തിന്റെ പ്രധാന
ഉപകരണമാണ്. ഒരു ജനതയുടെ ജീവിതത്തെ ബാധിക്കുന്ന ഉപരോധത്തെ ‘ജനാധിപത്യത്തിനായുള്ള സമ്മർദ്ദം’ എന്നും സാമ്പത്തിക ശ്വാസംമുട്ടലിനെ ‘മനുഷ്യാവകാശ സംരക്ഷണം’ എന്നും അവതരിപ്പിക്കുന്ന രാഷ്ട്രീയ ഭാഷ സ്വാഭാവികമായി രൂപപ്പെടുന്നതല്ല. അന്താരാഷ്ട്ര മാധ്യമങ്ങൾ, നയതന്ത്ര പ്രസ്താവനകൾ, വിദേശനയ പ്രചാരണങ്ങൾ, അക്കാദമിക-ബൗദ്ധിക വ്യവഹാരങ്ങൾ എന്നിവയിലൂടെ ഒരു പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാട് നിരന്തരം പുനർനിർമ്മിക്കപ്പെടുന്നു. ക്യൂബയെക്കുറിച്ചുള്ള പാശ്ചാത്യ പൊതുബോധത്തിലും ഈ ‘സമ്മതനിർമ്മാണ’ത്തിന്റെ രാഷ്ട്രീയം പ്രവർത്തിച്ചിട്ടുണ്ട്. ഇതുകൊണ്ട് ക്യൂബയിലെ യാഥാർഥ്യങ്ങളെ നിഷേധിക്കുകയല്ല ലക്ഷ്യം. മറിച്ച്, ക്യൂബൻ ജനത അനുഭവിക്കുന്ന പ്രതിസന്ധിയെ മുഴുവൻ ക്യൂബൻ ഭരണത്തിന്റെ പരാജയമായി മാത്രം അവതരിപ്പിക്കുകയും അതിന്റെ അന്താരാഷ്ട്ര കാരണങ്ങളെ അദൃശ്യമാക്കുകയും ചെയ്യുന്ന സമീപനത്തെ ചോദ്യം ചെയ്യുകയാണ്. പതിറ്റാണ്ടുകളായി തുടരുന്ന അമേരിക്കൻ
ഉപരോധം ക്യൂബയുടെ സാമ്പത്തിക ജീവിതത്തെയും സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന നിർണായക ഘടകമാണ്. അതുകൊണ്ടുതന്നെ ക്യൂബയെ വായിക്കുക എന്നത് ക്യൂബയ്ക്കുള്ളിലെ യാഥാർഥ്യങ്ങളെ മാത്രം വായിക്കുക എന്നല്ല; ക്യൂബയെക്കുറിച്ച് ലോകത്തോട് പറയപ്പെടുന്ന കഥ എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്നതും പരിശോധിക്കലാണ്.
ഈ പശ്ചാത്തലത്തിലാണ് എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ നിതീഷ് നാരായണന്റെ ‘വാഴ്വേ മനിതർ’ എന്ന യാത്രാനുഭവ പുസ്തകം പ്രസക്തമാകുന്നത്. ക്യൂബയെ ദൂരത്തുനിന്നുള്ള രാഷ്ട്രീയ റിപ്പോർട്ടുകളിലൂടെയോ ശീതയുദ്ധകാല പ്രതിഛായകളിലൂടെയോ
വായിക്കുന്നതിന് പകരം, മനുഷ്യരുടെ ദൈനംദിന ജീവിതത്തിലൂടെ ആ സമൂഹത്തെ അടുത്തുനിന്ന് കാണാനുള്ള ശ്രമമാണ് ഈ കൃതി. 2026-ൽ അമേരിക്ക ക്യൂബയ്‌ക്കെതിരായ സാമ്പത്തിക സമ്മർദ്ദങ്ങൾ കൂടുതൽ ശക്തമാക്കിയതോടെ ഇന്ധനക്ഷാമവും വൈദ്യുതി പ്രതിസന്ധിയും ഭക്ഷണം, ഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സമ്മർദ്ദങ്ങളും രൂക്ഷമായി. പതിറ്റാണ്ടുകളായി തുടരുന്ന ഉപരോധം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഉപരോധം ഒരു വിദേശനയ ഉപകരണം മാത്രമല്ല; അത് ഒരു ജനതയുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക ആയുധമാണ്. ഈ യാഥാർഥ്യത്തിന്റെ പശ്ചാത്തലത്തിലാണ് ‘വാഴ്വേ മനിതർ’ ഒരു സാധാരണ യാത്രാവിവരണത്തിൽനിന്ന് രാഷ്ട്രീയ വായനയായി മാറുന്നത്. പുസ്തകത്തിന്റെ കേന്ദ്രത്തിൽ ക്യൂബൻ ഭരണകൂടമല്ല, ക്യൂബൻ മനുഷ്യരാണ്. ക്യൂബൻ വിപ്ലവത്തെ 1959 എന്ന ഒരു ചരിത്രവർഷത്തിലേക്ക് ചുരുക്കുന്ന പതിവ് സമീപനത്തിൽനിന്ന് വ്യത്യസ്തമായി, വിപ്ലവത്തെ തുടർച്ചയായ ഒരു സാമൂഹിക പ്രക്രിയയായാണ് പുസ്തകം സമീപിക്കുന്നത്. ഹോസേ മാർട്ടിയുടെ അധിനിവേശവിരുദ്ധ മനുഷ്യവാദം മുതൽ ഫിദൽ കാസ്ട്രോയുടെ നേതൃത്വവും സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷമുള്ള ‘സ്പെഷ്യൽ പീരിയഡ്’ എന്ന കടുത്ത അതിജീവനകാലവും കടന്ന് ഇന്നത്തെ
ക്യൂബയിലേക്കെത്തുന്ന ചരിത്രമാണ് അതിന്റെ പശ്ചാത്തലം. വിപ്ലവം ഇവിടെ ഒരു ഭരണകൂടമാറ്റമല്ല. ഭൂമി, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തൊഴിൽ, സ്ത്രീകളുടെ സാമൂഹിക സ്ഥാനം തുടങ്ങിയ മേഖലകളിൽ സമൂഹത്തെ പുനഃസംഘടിപ്പിക്കാനുള്ള ദീർഘകാല ശ്രമമാണ്. ഒരു രാഷ്ട്രീയ ആശയം അധികാരത്തിലെത്തിയെന്നതിലുപരി, അത് എത്രത്തോളം സാമൂഹിക സ്ഥാപനങ്ങളായി മാറി എന്നതാണ് ക്യൂബൻ അനുഭവത്തിന്റെ പ്രധാന പ്രത്യേകത.

അതിനുള്ള ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളാണ് ആരോഗ്യവും വിദ്യാഭ്യാസവും. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശിശുസംരക്ഷണം തുടങ്ങിയ മേഖലകളെ വിപണിയിൽ വാങ്ങേണ്ട വ്യക്തിഗത സേവനങ്ങളായി കാണാതെ സാമൂഹിക അവകാശങ്ങളായി സ്ഥാപിച്ചതാണ് ക്യൂബൻ വിപ്ലവത്തിന്റെ ചരിത്രപരമായ നേട്ടങ്ങളിലൊന്ന്. നിതീഷ് ഈ സംവിധാനങ്ങളെ കണക്കുകളേക്കാൾ മനുഷ്യരുടെ അനുഭവങ്ങളിലൂടെയാണ്
അവതരിപ്പിക്കുന്നത്. ആശുപത്രി ഒരു കോർപ്പറേറ്റ് സ്ഥാപനമല്ല; സമൂഹത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. ഡോക്ടർ ലാഭത്തിനായി മത്സരിക്കുന്ന ഒരു ‘സർവീസ് പ്രൊവൈഡർ’ മാത്രമല്ല; സാമൂഹിക ബാധ്യത ഏറ്റെടുക്കുന്ന തൊഴിലാളിയാണ്. വിദ്യാഭ്യാസം തൊഴിൽവിപണിയിലേക്കുള്ള പരിശീലനം മാത്രമല്ല; പൗരത്വത്തിന്റെ രൂപീകരണവുമാണ്. ഇവിടെയാണ് ക്യൂബൻ അനുഭവം നവലിബറൽ ലോകക്രമവുമായി അടിസ്ഥാനപരമായി സംഘർഷിക്കുന്നത്. നവലിബറലിസം ആരോഗ്യം, വിദ്യാഭ്യാസം, ഭവനം, പരിചരണം തുടങ്ങിയ മേഖലകളെ വിപണിയുടെ യുക്തിക്ക് വിധേയമാക്കുമ്പോൾ, ക്യൂബൻ സോഷ്യലിസ്റ്റ് മാതൃക അവയെ അവകാശങ്ങളുടെ ഭാഷയിൽ പുനർനിർവചിക്കാൻ ശ്രമിച്ചു. ‘വാഴ്വേ മനിതർ’ ഈ വ്യത്യാസം വലിയ സൈദ്ധാന്തിക വാദങ്ങളിലൂടെയല്ല, മനുഷ്യരുടെ ജീവിതാനുഭവങ്ങളിലൂടെയാണ് കാണിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ സമീപനവും ശ്രദ്ധേയമാണ്. ജനാധിപത്യം തിരഞ്ഞെടുപ്പുകളുടെ ആനുകാലിക ചടങ്ങിൽ മാത്രം ഒതുങ്ങുന്നതല്ല; സാമൂഹിക പങ്കാളിത്തത്തിലും ഭൗതിക സമത്വത്തിലും ജനങ്ങളുടെ കൂട്ടായ തീരുമാനശേഷിയിലും അതിന് വേരുകളുണ്ടെന്ന കാഴ്ചപ്പാടാണ് ഇവിടെ മുന്നോട്ടുവരുന്നത്. നാട്ടുയോഗങ്ങൾ, കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, സന്നദ്ധപ്രവർത്തനം തുടങ്ങിയവയിലൂടെ ജനങ്ങൾ സാമൂഹിക ജീവിതത്തിന്റെ ഭാഗമാകുന്നു. നവലിബറൽ ലോകത്ത് പൊതുസംവിധാനങ്ങളുടെ പിൻവാങ്ങലിന് പകരമായി വ്യക്തികളുടെ ‘സന്നദ്ധസേവനം’ ഉയർത്തിക്കാട്ടുമ്പോൾ, ക്യൂബയിൽ സന്നദ്ധപ്രവർത്തനം ശക്തമായ പൊതുസാമൂഹിക സംവിധാനങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന കൂട്ടായ പങ്കാളിത്തമായാണ് പ്രത്യക്ഷപ്പെടുന്നത്.
സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ നിരീക്ഷണങ്ങളും ഇതോടൊപ്പം വായിക്കേണ്ടതാണ്. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം, ശിശുസംരക്ഷണം, പരിചരണപ്രവർത്തനങ്ങളുടെ സാമൂഹിക അംഗീകാരം തുടങ്ങിയവ ക്യൂബൻ സോഷ്യലിസ്റ്റ് പദ്ധതിയുടെ പ്രധാന മേഖലകളായി പുസ്തകം അവതരിപ്പിക്കുന്നു. കുടുംബത്തിനുള്ളിലെ സ്വകാര്യ ഉത്തരവാദിത്തമായി മാത്രം പരിചരണത്തെ കാണുന്ന മുതലാളിത്ത സമീപനത്തിന് പകരം, പരിചരണത്തെ സാമൂഹിക ഉത്തരവാദിത്തമായി കാണാനുള്ള ശ്രമമാണ് ഇവിടെ കാണുന്നത്. ഈ മനുഷ്യകേന്ദ്രിത സമീപനമാണ് ‘വാഴ്വേ മനിതർ’ എന്ന പേരിനും അതിന്റെ ഉള്ളടക്കത്തിനും ഇടയിൽ ഒരു ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കുന്നത്—മനുഷ്യനെ ചരിത്രത്തിന്റെ വിഷയമായും ലക്ഷ്യമായും കാണുന്ന രാഷ്ട്രീയം. ക്യൂബൻ ഫൈവ് എന്നറിയപ്പെട്ട ജെറാർഡോ ഹെർനാണ്ടസ്, റാമോൺ ലബാനിനോ, ആന്റോണിയോ ഗുറേരോ, ഫെർണാണ്ടോ ഗൊൻസാലസ്, റെനെ ഗൊൻസാലസ് എന്നിവരുടെ ചരിത്രവും ഈ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ ഭാഗമാണ്. ക്യൂബൻ വിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നതിനായി അമേരിക്കയിലെത്തിയ ഇവരുടെ അറസ്റ്റ്, വിചാരണ, ദീർഘകാല തടവ് എന്നിവ ക്യൂബയും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിന്റെ അന്താരാഷ്ട്ര സ്വഭാവം വ്യക്തമാക്കുന്നു.അവരുടെ കഥ ഒരു രാജ്യത്തിന്റെ ദേശീയ അഭിമാനത്തിന്റെ കഥയായി മാത്രം വായിക്കേണ്ടതില്ല. ക്യൂബൻ വിപ്ലവം അതിന്റെ തുടക്കം മുതൽ നേരിട്ട സാമ്രാജ്യത്വ സമ്മർദ്ദത്തിന്റെ ഭാഗമായാണ് അതിനെ മനസ്സിലാക്കേണ്ടത്. ക്യൂബയ്‌ക്കെതിരായ ഉപരോധവും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രചാരണവും ഈ സംഘർഷത്തിന്റെ മറ്റൊരു തലമാണ്. സാമ്പത്തിക ഉപരോധം ഒരു രാജ്യത്തെ ശ്വാസംമുട്ടിക്കുമ്പോൾ, അതേ സമയം അതിന്റെ ഫലങ്ങളെ ആ രാജ്യത്തിന്റെ സാമൂഹിക സംവിധാനത്തിന്റെ മാത്രം പരാജയമായിഅവതരിപ്പിക്കുന്ന രാഷ്ട്രീയ വ്യവഹാരം രൂപപ്പെടുന്നു. സാമ്പത്തിക യുദ്ധവും അതിന്റെ രാഷ്ട്രീയ ന്യായീകരണവും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ക്യൂബയെക്കുറിച്ചുള്ള മറ്റൊരു കഥ പറയേണ്ടത്.
ആ കഥ ഭരണകൂടത്തെക്കുറിച്ചുള്ളതല്ല. പ്രതിസന്ധിക്കിടയിലും വിദ്യാഭ്യാസം സംരക്ഷിക്കുന്ന കുട്ടികളെക്കുറിച്ചും, ആശുപത്രികളെ പ്രവർത്തിപ്പിക്കുന്ന ആരോഗ്യപ്രവർത്തകരെക്കുറിച്ചും, കൂട്ടായ ജീവിതത്തെ നിലനിർത്തുന്ന സാധാരണ മനുഷ്യരെക്കുറിച്ചുമാണ്. സാഹിത്യപരമായി, ‘വാഴ്വേ മനിതർ’ യാത്രാവിവരണത്തിന്റെയും രാഷ്ട്രീയ രേഖയുടെയും അതിർത്തിയിൽ നിൽക്കുന്ന കൃതിയാണ്. നിതീഷ്
നാരായണന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാണ്. എന്നാൽ അത് പുസ്തകത്തിലെ മനുഷ്യരെ മറച്ചുവയ്ക്കുന്നില്ല. നിരീക്ഷണങ്ങളും സംഭാഷണങ്ങളും വ്യക്തിഗത അനുഭവങ്ങളും ചേർന്നാണ് ക്യൂബയുടെ ഒരു ജീവിക്കുന്ന ചിത്രം ഇവിടെ രൂപപ്പെടുന്നത്. അവസാനം പുസ്തകം നമ്മോട് ക്യൂബയെക്കുറിച്ച് മാത്രമല്ല ചോദിക്കുന്നത്. വികസനം എന്നത് GDP വളർച്ച മാത്രമാണോ, മനുഷ്യസുരക്ഷ കൂടിയാണോ? സ്വാതന്ത്ര്യം വിപണിയിൽ തിരഞ്ഞെടുക്കാനുള്ള ശേഷിയാണോ, അതോ രോഗിയായപ്പോൾ ചികിത്സ ലഭിക്കുമെന്ന സാമൂഹിക ഉറപ്പോ?
ജനാധിപത്യം വോട്ട് ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നുണ്ടോ, അതോ മനുഷ്യരുടെ ഭൗതിക ജീവിതത്തെ നിർണയിക്കുന്നതിൽ അവരുടെ പങ്കാളിത്തം കൂടിയാണോ? ഒരു സമൂഹത്തിന്റെ പുരോഗതി അതിലെ സമ്പന്നരുടെ ഉപഭോഗശേഷിയിലാണോ, അതോ ഏറ്റവും ദുർബലരായ മനുഷ്യരുടെ ജീവിതസുരക്ഷയിലാണോ അളക്കേണ്ടത്? 2026-ലെ പുതിയ ഉപരോധങ്ങളും ഇന്ധനപ്രതിസന്ധിയും ക്യൂബയ്ക്കെതിരായ
സാമ്രാജ്യത്വ സമ്മർദ്ദത്തിന്റെ പഴയ രാഷ്ട്രീയത്തിന് പുതിയ തീവ്രത നൽകിയിരിക്കുകയാണ്. അതിനൊപ്പം ക്യൂബയെക്കുറിച്ചുള്ള ആഗോള പൊതുബോധം എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്ന ചോദ്യവും കൂടുതൽ പ്രസക്തമാകുന്നു. ഈ സാഹചര്യത്തിൽ ‘വാഴ്വേ മനിതർ’ ഒരു പഴയ ക്യൂബൻ യാത്രയുടെ ഓർമ്മക്കുറിപ്പായി മാത്രം വായിക്കാനാവില്ല.
മനുഷ്യനെ വിപണിയുടെ ഉപഭോക്താവായി മാത്രം കാണാത്ത ഒരു സാമൂഹിക വ്യവസ്ഥ സാധ്യമാണോ എന്ന ചോദ്യത്തെ ജീവിതത്തിന്റെ ഏറ്റവും സാധാരണ അനുഭവങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്ന പുസ്തകമാണിത്. ക്യൂബ പ്രതീക്ഷയുടെ ഒരു പൂർണ്ണ ദ്വീപായിരിക്കണമെന്നില്ല; പക്ഷേ, മനുഷ്യജീവിതത്തെ ലാഭത്തിനും വിപണിക്കും പുറത്തുള്ള ഒരു സാമൂഹിക മൂല്യമായി സംരക്ഷിക്കാനുള്ള ശ്രമം സാധ്യമാണെന്ന് ലോകത്തോട് ഇന്നും പറയുന്ന ഒരു രാഷ്ട്രീയ അനുഭവമാണ്. ആ അനുഭവത്തെ മനുഷ്യരുടെ കണ്ണിലൂടെ വായിച്ചെടുക്കാനുള്ള ശ്രമമാണ് നിതീഷ് നാരായണന്റെ ‘വാഴ്വേ മനിതർ’.




