പ്രവചനാതീതമായ നടനവിസ്മയം മമ്മൂക്ക @75

പ്രദീപ്‌ സി

 

വീടിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറില്‍ സെപ്റ്റംബര്‍ ഏഴ് എന്ന തീയതി കാണുമ്പോള്‍ മലയാളിയുടെ മനസില്‍ ചന്തു വീണ്ടും വാള്‍ വീശും; മതിലുകള്‍ക്കപ്പുറം ബഷീര്‍ നാരായണിയെ വിളിക്കും; കടല്‍ക്കാറ്റില്‍ അച്ചൂട്ടിയുടെ കണ്ണുകള്‍ നിറയും; മാട വീണ്ടും മണ്ണിന്റെ ഗന്ധവുമായി വരും; ബെല്ലാരി രാജ ചിരിച്ചുകൊണ്ട് മീശ പിരിക്കും; മൈക്കിള്‍ അഞ്ഞൂറ്റി നിശ്ശബ്ദമായി നടന്നുവരും; കൊടുമണ്‍ പോറ്റിയുടെ ചിരിയില്‍ വീണ്ടും ഒരു ഭ്രമയുഗം പിറക്കും. അവരെല്ലാം വ്യത്യസ്തരായ മനുഷ്യരാണ്. പക്ഷേ അവരുടെ മുഖം ഒന്നു മാത്രം – മമ്മൂട്ടി. അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ ഏഴ് ഒരു നടന്റെ ജന്മദിനം മാത്രമല്ല; മലയാളി സ്‌നേഹിച്ച നെഞ്ചോട് ചേര്‍ത്ത നൂറുകണക്കിന് മനുഷ്യരുടെ പിറന്നാള്‍ കൂടിയാണ്. ഒരു സിനിമയുടെ പിന്നണിയില്‍ മുഖം തെളിഞ്ഞ അനുഭവങ്ങള്‍ പാളിച്ചകള്‍ മുതല്‍ തുടങ്ങിയ ആ യാത്ര, പിന്നീട് മലയാള സിനിമയുടെ ചരിത്രം തന്നെയായി മാറുമെന്ന് അന്ന് ആരറിഞ്ഞു? കാലചക്രം മുന്നോട്ടുപോയപ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ ഒരു യവനികയും താഴ്ന്നില്ല. മറിച്ച് ഓരോ തവണയും തിരശ്ശീല ഉയര്‍ന്നപ്പോള്‍ പുതിയൊരു മമ്മൂട്ടിയാണ് പുറത്തുവന്നത്. ചിലപ്പോള്‍ തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷായി അദ്ദേഹം നമ്മുടെ നെഞ്ചില്‍ ഒരു നോവായി. ചിലപ്പോള്‍ ന്യൂഡല്‍ഹിയിലെ ജികെയായി പ്രതികാരത്തിന്റെ തീയായി. മതിലുകള്‍ക്കുള്ളില്‍ ബഷീറായി പ്രണയത്തിന്റെ ശബ്ദം കേള്‍പ്പിച്ചപ്പോള്‍, ഒരു വടക്കന്‍ വീരഗാഥയില്‍ ചന്തുവായി ചരിത്രത്തോട് തന്നെ അദ്ദേഹം ചോദ്യം ചോദിച്ചു.ചന്തു തോറ്റിട്ടുണ്ടാകാം. പക്ഷേ ആ ചന്തുവിനെ അവതരിപ്പിച്ച നടന്‍ തോറ്റിട്ടില്ല.

അമരത്തിലെ അച്ചൂട്ടിയായി കടലിലേക്ക് നോക്കി നിന്ന ആ കണ്ണുകള്‍ മലയാളിക്ക് മറക്കാന്‍ കഴിയുമോ? സംഭാഷണങ്ങളേക്കാള്‍ കൂടുതല്‍ കഥ പറഞ്ഞ കണ്ണുകള്‍. പിന്നെ നാം കണ്ടത് ഒട്ടും വിധേയത്വമില്ലാത്ത ഭാസ്‌കര പട്ടേലര്‍. മറ്റൊന്നില്‍ പൊന്തന്‍മാട. ഗ്ലാമറില്ലാത്ത സൂര്യമാനസം. കരുത്തുറ്റ മൃഗയ. പിന്നെ അധികാരത്തിന്റെ ഗാംഭീര്യത്തോടെ ദി കിംഗ്. കുടുംബത്തിന്റെ കരുത്തായി വല്യേട്ടന്‍. സ്‌നേഹത്തിന്റെ ആഴമായി വാത്സല്യം.അദ്ദേഹത്തിന്റെ സിനിമകള്‍ ചേര്‍ത്തുവച്ചാല്‍ തന്നെ ഒരു മനുഷ്യജീവിതം മുഴുവന്‍ കിട്ടും-സ്‌നേഹവും പകയും പരാജയവും അധികാരവും ഏകാന്തതയും ചിരിയും കണ്ണീരും എല്ലാം. അതുകൊണ്ടാവാം മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ നമ്മള്‍ ‘കണ്ടത്’ മാത്രമല്ല; പലപ്പോഴും അവരോടൊപ്പം ജീവിച്ചത്. മമ്മൂട്ടി എന്ന നടന് ഒരു പ്രത്യേകതയുണ്ട്. ആരാധകര്‍ ‘മാസ്’ ചോദിച്ചാല്‍ മാസ് നല്‍കും. സംവിധായകന്‍ ‘ക്ലാസ്’ ചോദിച്ചാല്‍ അടുത്ത നിമിഷം അതിലേക്കും മാറും. അതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ രാജമാണിക്യം. ഒരു നടന്‍ ഒരേ സിനിമയില്‍ മൂന്ന് മുഖങ്ങളുമായി എത്തിയാല്‍ മേക്കപ്പിന്റെ വൈവിധ്യം കാണാം. എന്നാല്‍ പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയില്‍ മമ്മൂട്ടി ചെയ്തത് അതിനപ്പുറമായിരുന്നു. ഒരേ മനുഷ്യന്റെ ശരീരഭാഷയ്ക്കുള്ളില്‍ മൂന്ന് വ്യത്യസ്ത ലോകങ്ങള്‍ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ പാലേരി മാണിക്യം ഇടംപിടിക്കുന്നതും അതുകൊണ്ടാണ്. മമ്മൂട്ടിയുടെ അഭിനയത്തെ ഏറ്റവും മനോഹരമാക്കുന്നത് അദ്ദേഹത്തിന്റെ ശബ്ദം മാത്രമല്ല; പലപ്പോഴും ഡയലോഗ് പറയാത്ത സമയത്തെ മുഖമാണ്.

ഒരു നോട്ടം.
ഒരു ദീര്‍ഘശ്വാസം.
ചുണ്ടിന്റെ ചെറിയൊരു ചലനം.
അത്രമാത്രം കൊണ്ട് കഥയുടെ പകുതി പറഞ്ഞുതീര്‍ക്കുന്ന നടന്‍.
ഗൗരവമുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല മമ്മൂട്ടി. തിയേറ്ററിനെ പൊട്ടിച്ചിരിപ്പിക്കാനും ഇളക്കിമറിക്കാനും അറിയുന്ന മാസ് താരവും അദ്ദേഹത്തിനുള്ളിലുണ്ട്. ”ബെല്ലാരി രാജ…” എന്ന് തുടങ്ങുമ്പോഴേക്കും തിയേറ്റര്‍ ഇളക്കിയ രാജമാണിക്യം. ഒരു ചിരിയില്‍ കാര്യങ്ങള്‍ സാധിച്ച മായാവി. അധികാരത്തിന്റെ നടത്തവുമായി എത്തിയ പോക്കിരിരാജ. വിശ്വാസത്തിന്റെയും നിഷ്‌കളങ്കതയുടെയും രസകരമായ ലോകം തുറന്ന പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്. സ്ത്രീലമ്പടനായി തിളങ്ങിയ കസബയും കളങ്കാവനും. പല താരങ്ങളും ഒരു പ്രായത്തിന് ശേഷം സുരക്ഷിതമായ കഥാപാത്രങ്ങളിലേക്ക് മാറുമ്പോള്‍ മമ്മൂട്ടി ചെയ്തത് നേരെ മറിച്ചാണ്. അദ്ദേഹത്തിന് ആരെങ്കിലും ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അതിങ്ങനെയായിരിക്കാം:

”ഇത്രയും പരീക്ഷണം വേണ്ട… ആരാധകര്‍ക്ക് ഇഷ്ടപ്പെടുമോ?” പക്ഷേ അദ്ദേഹം കേട്ടില്ല.
അതുകൊണ്ടാണ് മുന്നറിയിപ്പിലെ സി.കെ. രാഘവന്‍ ഉണ്ടായത്. പത്തേമാരിയിലെ പള്ളിക്കല്‍ നാരായണന്‍ ഉണ്ടായത്. പേരന്‍പിലെ അമുദവന്‍ ഉണ്ടായത്. ഉണ്ടയിലെ എസ്.ഐ. മണികണ്ഠന്‍ ഉണ്ടായത്.
നായകന്‍ എപ്പോഴും ജയിക്കണമെന്ന സിനിമയുടെ പഴയ നിയമം അദ്ദേഹത്തിന് ബാധകമല്ല. കഥാപാത്രം സത്യസന്ധമായാല്‍ മതി. അതില്‍ മമ്മൂട്ടി എന്ന താരത്തെ കാണാതായാലും അദ്ദേഹത്തിന് പ്രശ്‌നമില്ല.
ഒരുപക്ഷേ അതാണ് ഈ നടന്റെ ഏറ്റവും വലിയ വിജയം. മറ്റൊരാള്‍ക്ക് എഴുപത് വയസ്സ് വിശ്രമത്തിലേക്കുള്ള ഒരു വഴിയാകാം. മമ്മൂട്ടിക്ക് അത് പുതിയ പരീക്ഷണങ്ങളുടെ തുടക്കം പോലെയായിരുന്നു. ഭീഷ്മപര്‍വ്വം വന്നപ്പോള്‍ മൈക്കിള്‍ അപ്പന്‍ നടന്നുവരുന്നതു മാത്രം മതിയായിരുന്നു തിയേറ്ററുകളില്‍ ആവേശം നിറയാന്‍. അതിനുപിന്നാലെ റോഷാക്ക്. പതിവ് നായകസങ്കല്‍പ്പങ്ങളെ തലകീഴാക്കുന്ന ചിത്രം. പിന്നെ നന്‍പകല്‍ നേരത്ത് മയക്കം. ജെയിംസാണോ സുന്ദരമാണോ എന്ന് പ്രേക്ഷകനെയും കഥാപാത്രത്തെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയ പ്രകടനം. കണ്ണൂര്‍ സ്‌ക്വാഡ് എത്തിയപ്പോള്‍ വീണ്ടും പൊലീസ് വേഷം. പക്ഷേ നമ്മള്‍ മുമ്പ് കണ്ട ഒരു മമ്മൂട്ടി പൊലീസുകാരനെയും അത് ഓര്‍മിപ്പിച്ചില്ല. അതിന് പിന്നാലെ കാതല്‍ – ദി കോര്‍. സൂപ്പര്‍താരത്തിന്റെ സുരക്ഷിതവലയത്തിനപ്പുറം നടന്ന ധീരമായൊരു കഥാപാത്രം.

പിന്നെ…ഭ്രമയുഗം. നിറങ്ങളില്ലാത്ത തിരശ്ശീലയില്‍ കൊടുമണ്‍ പോറ്റി ചിരിച്ചപ്പോള്‍ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു-ഈ നടന്റെ അഭിനയവിശപ്പ് ഇപ്പോഴും ബ്ലാക്ക് ആന്‍ഡ് വൈറ്റല്ല; അത് എല്ലാ നിറങ്ങളെയും കടന്നുപോകുന്നതാണ്. 75-ാം പിറന്നാളിന് മുന്നോടിയായി കൊടുമണ്‍ പോറ്റിയുടെ ശില്‍പം വരെ ആരാധകന്‍ തീര്‍ത്തത് ആ കഥാപാത്രം നേടിയ സ്വാധീനത്തിന്റെ ചെറിയൊരു ഉദാഹരണമാണ്. അദ്ദേഹം ‘ഭീഷ്മരാണ്’; പക്ഷേ ശരശയ്യയില്‍ കിടക്കില്ല. ഒരു ഘട്ടത്തില്‍ സിനിമാതാരങ്ങള്‍ അവരുടെ പഴയ വിജയങ്ങളുടെ ഓര്‍മയില്‍ ജീവിക്കാന്‍ തുടങ്ങും. മമ്മൂട്ടിയുടെ കാര്യത്തില്‍ പഴയ വിജയങ്ങള്‍ അദ്ദേഹത്തെ പിന്തുടരുകയാണ്; അദ്ദേഹം അവയെ പിന്തുടരുന്നില്ല. ന്യൂഡല്‍ഹി വിജയിച്ചിട്ടുണ്ടെന്ന് കരുതി വീണ്ടും ജി.കെ. ആകാന്‍ ശ്രമിക്കുന്നില്ല.
ദി കിംഗ് ആഘോഷിക്കപ്പെട്ടതുകൊണ്ട് വീണ്ടും ജോസഫ് അലക്സ് ആവുന്നില്ല. രാജമാണിക്യം ഹിറ്റായതുകൊണ്ട് ബെല്ലാരി രാജയെ പകര്‍ത്തുന്നില്ല. പകരം അടുത്ത സിനിമയില്‍ തന്നെ സ്വന്തം മുന്‍ കഥാപാത്രത്തെ മറികടക്കാനുള്ള ശ്രമമാണ്. അതുകൊണ്ടാണ് ഒരു തലമുറയ്ക്ക് മമ്മൂട്ടി വല്യേട്ടന്‍ ആയപ്പോള്‍, മറ്റൊരു തലമുറയ്ക്ക് അദ്ദേഹം മൈക്കിള്‍ അപ്പനും ലൂക്ക് ആന്റണിയും കൊടുമണ്‍ പോറ്റിയും മാത്യു ദേവസിയുമായി മാറുന്നത്. തലമുറകള്‍ മാറുന്നു. കഥാപാത്രങ്ങള്‍ മാറുന്നു. പക്ഷേ സ്‌ക്രീനിലെ ആ കൗതുകം മാത്രം മാറുന്നില്ല. മുഖത്തെ ചെറുപ്പത്തേക്കാള്‍ വലിയതാണ് മനസ്സിലെ ചെറുപ്പം മമ്മൂട്ടിയുടെ പ്രായത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അദ്ദേഹത്തിന്റെ ലുക്കാണ്. ’75 ആണെന്ന് ആര് പറയും?” എന്ന ചോദ്യം ഓരോ പുതിയ ചിത്രത്തിനടിയിലും കാണാം. പക്ഷേ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ചെറുപ്പം മുഖത്തല്ല. പുതിയ സംവിധായകനെ വിശ്വസിക്കുന്നതിലാണ്. വ്യത്യസ്തമായ കഥ കേള്‍ക്കാനുള്ള ക്ഷമയിലാണ്. താരപ്രഭയ്ക്ക് അപകടമുണ്ടാക്കാവുന്ന കഥാപാത്രം തിരഞ്ഞെടുക്കാനുള്ള ധൈര്യത്തിലാണ്.
സ്വയം ആവര്‍ത്തിക്കാതിരിക്കാനുള്ള വാശിയിലാണ്. അതാണ് മമ്മൂട്ടിയുടെ യൗവനം.

അദ്ദേഹത്തെ ‘മെഗാസ്റ്റാര്‍’ എന്നു മാത്രം വിളിക്കുന്നത് പോലും ചിലപ്പോള്‍ ചെറുതാകുന്നു. കാരണം സ്റ്റാര്‍ മമ്മൂട്ടി നമുക്ക് രാജമാണിക്യം തന്നിട്ടുണ്ട്. നടന്‍ മമ്മൂട്ടി മതിലുകള്‍ തന്നിട്ടുണ്ട്. മാസ് മമ്മൂട്ടി ഭീഷ്മപര്‍വ്വം തന്നിട്ടുണ്ട്. പരീക്ഷണങ്ങളുടെ മമ്മൂട്ടി നന്‍പകല്‍ നേരത്ത് മയക്കം തന്നിട്ടുണ്ട്. ധൈര്യത്തിന്റെ മമ്മൂട്ടി കാതല്‍ തന്നിട്ടുണ്ട്. ഭീതിയുടെ മമ്മൂട്ടി ഭ്രമയുഗം തന്നിട്ടുണ്ട്. വേദനയുടെ മമ്മൂട്ടി പേരന്‍പ് തന്നിട്ടുണ്ട്. ചരിത്രത്തിന്റെ മമ്മൂട്ടി ഡോ. ബാബാ സാഹേബ് അംബേദ്കര്‍ തന്നിട്ടുണ്ട്.

ഇതില്‍ ഏതാണ് യഥാര്‍ഥ മമ്മൂട്ടി? എല്ലാം. അതേസമയം ഒന്നുമല്ല. കാരണം അടുത്ത സിനിമയില്‍ അദ്ദേഹം വീണ്ടും മറ്റൊരാളായിരിക്കും. ഇത് ഒരു ‘യാത്ര’; ഇനിയും ലക്ഷ്യത്തിലെത്തിയിട്ടില്ല. ഒരു നടന് എത്ര സിനിമകള്‍ ചെയ്യാം എന്നതല്ല മമ്മൂട്ടി ഉയര്‍ത്തുന്ന ചോദ്യം. ഒരു മനുഷ്യന് ഒരൊറ്റ ജീവിതത്തില്‍ എത്ര വ്യത്യസ്ത മനുഷ്യരായി ജീവിക്കാം? എന്നതാണ്.

ചന്തുവായി.
അച്ചൂട്ടിയായി.
ബഷീറായി.
അംബേദ്കറായി.
ജി.കെ.യായി.
ജോസഫ് അലക്സായി.
രാജമാണിക്യമായി.
പള്ളിക്കല്‍ നാരായണനായി.
അമുദവനായി.
മൈക്കിള്‍ അപ്പനായി.
ലൂക്ക് ആന്റണിയായി.
ജെയിംസായി… സുന്ദരമായി…
മാത്യു ദേവസിയായി.
കൊടുമണ്‍ പോറ്റിയായി…
ഇങ്ങനെ എത്രയെത്ര ജീവിതങ്ങള്‍!

എന്നിട്ടും മമ്മൂട്ടി എന്ന നടന്‍ ഇന്നും പുതിയൊരു കഥാപാത്രത്തിന്റെ ആദ്യ ഷോട്ടിന് മുന്നില്‍ നില്‍ക്കുകയാണ്.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന് ഏറ്റവും യോജിക്കുന്ന പേര് ഒരുപക്ഷേ അദ്ദേഹത്തിന്റെ തന്നെ ഒരു സിനിമയുടെ പേരാണ്- ‘യാത്ര’. ആ യാത്രയ്ക്ക് 75ന്റെ വഴിത്തിരിവ് മാത്രം. അവസാന സ്റ്റോപ്പല്ല. പുതിയ കഥാപാത്രങ്ങളെ കാണാനുള്ള പ്രേക്ഷകന്റെ ആകാംക്ഷയും, പുതിയ കഥാപാത്രങ്ങളെ തേടാനുള്ള മമ്മൂട്ടിയുടെ വിശപ്പും നിലനില്‍ക്കുന്നിടത്തോളം ഈ ഭ്രമയുഗം തുടരും.
കാലം ചിലരില്‍ ചുളിവുകള്‍ വരയ്ക്കും. ചിലരില്‍ ചരിത്രം വരയ്ക്കും. മമ്മൂട്ടിയില്‍ കാലം വരച്ചിരിക്കുന്നത് ചരിത്രമാണ്. ഇനിയും ഞങ്ങളെ ഞെട്ടിക്കണം.

ഇനിയും ഒരു താരാദാസിനെ തരൂ.
ഇനിയും ഒരു സേതുരാമയ്യരെ തരൂ.
ഇനിയും ഒരു അനന്തപദ്മനാഭനെ തരൂ.
ഇനിയും ഒരു ലൂയിസിനെ തരൂ.

പക്ഷേ, അവരില്‍ ആരെയും പോലെയല്ലാത്ത മറ്റൊരാളെ ആദ്യം തരൂ.കാരണം അഞ്ചുപതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും മമ്മൂട്ടിയുടെ അടുത്ത കഥാപാത്രം എന്തായിരിക്കുമെന്ന് പ്രവചിക്കാന്‍ മലയാളിക്ക് കഴിയുന്നില്ല.
തിരശ്ശീലയില്‍ വെളിച്ചം തെളിയുന്നു. ക്യാമറ തയ്യാറാണ്. കഥാപാത്രം വരാനുണ്ട്. മമ്മൂട്ടിയും.
ജന്മദിനാശംസകള്‍, മമ്മൂക്ക…കാലത്തിന് ഇനിയും നിങ്ങളെ അഭിനയിച്ചു തോല്‍പ്പിക്കാനായിട്ടില്ല.

പ്രദീപ്‌ സി

Hot this week

നിറങ്ങൾ തൻ നൃത്തം – അമൃത ഷെർഗിൽ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ‘ഹംഗെറിയൻ...

പ്രകൃതിയിലെ വിസ്മയങ്ങൾ – ചെമ്പുകൊട്ടി

The coppersmith barbet, crimson-breasted barbet, coppersmith എന്നും പേരുകളുള്ള ചെമ്പുകൊട്ടി...

സിപിഐഎമ്മിന് നിലനിൽപില്ലെ ? മാധ്യമ പ്രചാരവേലയുടെ പിന്നാമ്പുറങ്ങൾ

നമ്മുടെ ചില ടി വി അവതാരകരും നിലനില്ക്കുന്ന ഇടതുപക്ഷമൊന്നും യഥാർത്ഥ ഇടതുപക്ഷമല്ലെന്ന്...

ഐ എസ്.ആർ.ഒ യിൽ നിന്ന് കൂട്ട പലായനമോ?

  കഴിഞ്ഞ കുറെ ആഴ്ചകളായി ചാനൽ ചർച്ചകളിലും യു ട്യൂബിലും പത്രങ്ങളിലും നിറഞ്ഞ്...

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

Topics

നിറങ്ങൾ തൻ നൃത്തം – അമൃത ഷെർഗിൽ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ‘ഹംഗെറിയൻ...

പ്രകൃതിയിലെ വിസ്മയങ്ങൾ – ചെമ്പുകൊട്ടി

The coppersmith barbet, crimson-breasted barbet, coppersmith എന്നും പേരുകളുള്ള ചെമ്പുകൊട്ടി...

സിപിഐഎമ്മിന് നിലനിൽപില്ലെ ? മാധ്യമ പ്രചാരവേലയുടെ പിന്നാമ്പുറങ്ങൾ

നമ്മുടെ ചില ടി വി അവതാരകരും നിലനില്ക്കുന്ന ഇടതുപക്ഷമൊന്നും യഥാർത്ഥ ഇടതുപക്ഷമല്ലെന്ന്...

ഐ എസ്.ആർ.ഒ യിൽ നിന്ന് കൂട്ട പലായനമോ?

  കഴിഞ്ഞ കുറെ ആഴ്ചകളായി ചാനൽ ചർച്ചകളിലും യു ട്യൂബിലും പത്രങ്ങളിലും നിറഞ്ഞ്...

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...
spot_img

Related Articles

Popular Categories

spot_imgspot_img