ആദ്യ ഇന്ത്യൻ ‘ഇറോട്ടിക് സൈക്കിക് ത്രില്ലർ’ മലയാളത്തിൽ !

നിഷ അജിത്


സിനിമാസംബന്ധിയായ ഒരു ചർച്ചക്കിടയിൽ , തലമൂത്ത ഒരു സിനിമാസ്വാദകൻ “ആ..ഹാ മലയാളചലച്ചിത്രശാഖയുടെ ചരിത്രം അറിയാത്തതു കൊണ്ടാണിങ്ങനെയൊക്കെ തോന്നുന്നത് ..നിങ്ങളൊക്കെയീ വാഴ്ത്തിപ്പാടുന്ന മണിച്ചിത്രത്താഴിന്റെയൊക്കെ മുതുമുത്തച്ഛനായിട്ടു വരുന്ന ഒരു സിനിമയുണ്ട് -പുനർജ്ജന്മം .പ്രശസ്ത മനസ്സ്ത്രജ്ഞനും ,നിരീശ്വരവാദിയുമായ Dr A. T. കോവൂർ ന്റെ Case History യെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒന്ന് . ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി Erotic psychic thriller എന്ന വിഷയം കൈകാര്യം ചെയ്ത്, നിരൂപക -പ്രേക്ഷക പ്രശംസ ഒരുപോലെ നേടിയ പഴയൊരു സിനിമ ..സമയം പോലെ ഒന്ന് കണ്ടു നോക്ക് ” എന്ന് പറഞ്ഞപ്പോൾ തന്നെ ഇനി വൈകിക്കണ്ട എന്ന് മാത്രമായിരുന്നു മനസ്സിൽ..എന്നാൽ ചിത്രം കണ്ടവസാനിപ്പിച്ചപ്പോൾ, മനസ്സിൽ ബാക്കിയായത് ആ കാലവും ,ആ കഥാപാത്രങ്ങളും ,ആ കഥാതന്തുവുമൊക്കെ യഥാർത്ഥത്തിൽ നടന്നതാണല്ലോയെന്ന വിസ്മയിപ്പിക്കുന്ന ചിന്ത മാത്രമായിരുന്നു .

നിങ്ങളിൽ മിക്കവർക്കും ഒരുപക്ഷെ ഈ ചിത്രം പരിചിതമായിരിക്കാം . എന്നാൽ ഇനിയും കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർക്കായി കഥയൊന്നു ചുരുക്കി പറയാം :-കോളേജിൽ പുതുതായി ജോയിൻ ചെയുന്ന അരവിന്ദൻ (പ്രേംനസീർ) , രാധയെന്ന വിദ്യാർഥിനിയിൽ (ജയഭാരതി ) ആകൃഷ്ടനാകുന്നു . അവൾ പഠിത്തത്തിൽ മോശമെന്ന് മനസ്സിലാക്കി അവൾക്കു ട്യൂഷൻ കൊടുത്തു തുടങ്ങുന്നു .വളരെ സ്വാഭാവികമായ ചില പ്രതിബന്ധങ്ങളോട് മല്ലിട്ടെങ്കിലും ആ ബന്ധം ആഴത്തിൽ വേരോടുകയും വൈകാതെ വളർന്നു വിവാഹത്തിൽ കലാശിക്കുകയും ചെയുന്നു.രാധയുടെ അച്ഛനായ പണിക്കരുടെ (അടൂർ ഭാസി ) ഒരേയൊരു ആഗ്രഹം എത്രയും പെട്ടന്നൊരു അനന്തരാവകാശിയെ കിട്ടുകയെന്നതാണ്.. അതിലദ്ദേഹം പരസ്യമായി തന്നെ തിരക്ക് കാണിക്കുന്നുമുണ്ട് . അങ്ങനെ സന്തോഷത്തോടെ കടന്നു പോകുന്ന നാളുകൾ ,മാസങ്ങളും ,വർഷങ്ങളുമായി വളരുന്നു . പ്രതീക്ഷിക്കാവുന്ന പോലെ തന്നെ രാധക്കും , അവളുടെ വീട്ടുകാർക്കും ഒരു കുഞ്ഞില്ലാത്തതിന്റെ നിരാശ സ്പഷ്ടമാണ് . പതുക്കെ കാര്യങ്ങൾ നാട്ടുനടപ്പ് പോലെ ജ്യോതിഷത്തിലേക്കും , മന്ത്രവാദത്തിലേക്കും നീങ്ങുന്നു.

മന്ത്രവാദി പണിക്കർക്ക് വശീകരണ ചരട് കൊടുക്കുന്നു . മന്ത്രിച്ച ചരട് ശരീരത്തിൽ ബന്ധിക്കും മുൻപേ തന്നെ അരവിന്ദൻ കാമവിവശനാവുകയും അവർക്കിടയിൽ വളരെ ആസക്തപൂർണ്ണമായ ഒരു ലൈംഗികബന്ധം ഉണ്ടാകുകയും ചെയുന്നു.പക്ഷെ എന്ത് പറയാൻ പരമകാഷ്ഠയിലേക്കു കാര്യങ്ങളെത്തുന്നതിന് തൊട്ടു മുൻപേ , ഉരുൾപ്രേരണയാലെന്ന പോലെ എല്ലാം അവസാനിക്കുന്നു. രാധ ഇത്തവണയും കരച്ചിലിലേക്കും ,അരവിന്ദൻ ഇരുട്ടിന്റെ മറവിലേക്കും .

അൽപനേരം കാമറ അവിടെ തന്നെ തുടരുന്നു ..ശേഷം ഇരുട്ടിനെ പിന്തുടരുന്ന നമ്മൾ കാണുന്നത് വീട്ടുവേലക്കാരിയായ പെണ്ണിനെ അശേഷം ഉളുപ്പില്ലാതെ പ്രാപിക്കുന്ന അരവിന്ദനെയാണ് ..!! വൈകാതെ രാധയും അതിനു ദൃക്‌സാക്ഷിയാണെന്നു നമ്മൾ മനസിലാക്കുന്നു .എന്തോ അസുഖം മൂലം സാധാരണഗതിയിലുള്ള ദാമ്പത്യം തുടങ്ങാനും തുടരാനുമാകാത്തതല്ല തന്റെ ഭർത്താവിന്റെ പ്രശ്നം എന്ന് മനസ്സിലാക്കുന്ന രാധ ജോലിക്കാരിയെ പറഞ്ഞു വിടുകയും , ആ വീടുപേക്ഷിച്ചു അച്ഛന്റെയടുക്കലേക്കു മടങ്ങുകയും ആണ്. പിന്നീട് അച്ഛനും മകളും ചേർന്ന് ഈ വിഷയത്തിൽ ഒരു പ്രതിവിധിക്കായി ഒരു മനഃശാസ്ത്രജ്ഞനെ (കോവൂർ )സമീപിക്കുകയാണ് .രാധയെയും അച്ഛനെയും കേൾക്കുന്ന ഡോക്ടർ
അല്പദിവസത്തിനു ശേഷം തന്നെ വന്നു കാണാൻ നിർദേശിക്കുന്നു .അതിനിടയിൽ അരവിന്ദനെ കണ്ടു , ഹിപ്നോട്ടിസം ചെയ്ത് ഡോക്ടർ പ്രശ്നത്തിന്റെ മൂലകാരണം മനസിലാക്കുന്നു . തുടർന്നങ്ങോട്ട് ഡോക്ടറുടെ നിർദേശപ്രകാരം കാര്യങ്ങൾ നീക്കുന്ന രാധക്കും അരവിന്ദനും എന്താണ് സംഭവിക്കുന്നതെന്നറിയാൻ താല്പര്യപ്പെടുന്നവർക്ക് ചിത്രം കാണാവുന്നതാണ് ..!!

ഇനിയല്പം പിന്നാമ്പുറത്തേക്കാണ് :-

ഇന്നിപ്പോൾ , ചന്ദ്രയാൻ -3 ഘട്ടത്തെ പറ്റിയുള്ള ചർച്ചകളുടെയും , കുടുംബങ്ങളുടെ ആശീർവാദത്തോടെ ഇന്ത്യൻ യുവാക്കൾക്ക് പ്രണയസാഫല്യം തുടങ്ങിയ വാർത്തകളുടെ (കമന്റുകളുടെയും) പശ്ചാത്തലത്തിൽ ഇത് വായിക്കുമ്പോഴും , ചിത്രം കാണുമ്പോഴും നമുക്ക് അത്ഭുതപ്പെടാനും മാത്രം എത്ര സംഗതികളുണ്ട് 54 വർഷം മുൻപത്തെ ഈ ചിത്രത്തിൽ എന്നൊന്ന് നോക്കാം .

ഇന്ത്യൻ സമൂഹത്തിന്റെ തന്നെ ശക്തമായ അടിത്തറയിലൊന്നാണ് കുടുംബം. മരണം കൊണ്ട് മാത്രം വേർപെടട്ടെ എന്നാശിച്ചും ,ആശംസിച്ചുമാണ് ഓരോ വിവാഹവും നടക്കുന്നതെങ്കിലും..,ദമ്പതികൾക്കിടയിൽ കടന്നു വരാൻ സാധ്യതയുള്ള ഓരോ മുള്ളിനെയും നമ്മൾ ഇന്ത്യക്കാർ ഇന്നും വില കുറച്ചാണ് കാണുന്നത്, അല്ലെങ്കിൽ വ്യവസ്ഥിതിയുടെ ഭാഗമായി കണ്ടു നിസ്സാരവൽക്കരിക്കുന്നു . ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് തോന്നുന്ന ഏതൊരു ചെറിയ പ്രശ്നവും , ഇടപെടൽ ആവശ്യപ്പെടുന്നതും , ചർച്ചക്കെടുക്കേണ്ടതും തന്നെയാണ് , പ്രത്യേകിച്ച് ദമ്പതികൾക്കിടയിൽ. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മൂന്നാമതൊരാൾ അറിഞ്ഞാൽ നാണക്കേടുണ്ടാക്കുന്ന ‘എന്തോ’ ആണ് നമുക്ക് ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ . അതിനായി professional help തേടാൻ മടിക്കുന്നവരാണ് നമ്മളിന്നും . ആ നമ്മൾ ,ഈ ചിത്രത്തിന്റെ ഏറ്റവും വലിയ highlight ആയ climax കണ്ട് അത്ഭുതപ്പെട്ടില്ലെങ്കിലേയുള്ളൂ . വിവാഹം കഴിഞ്ഞു വെറും മാസങ്ങൾ മാത്രം ആയിട്ടുമുള്ളവരെ പോലും “അനപത്യദുഃഖം” അനുഭവിപ്പിക്കുന്ന ഈ സമൂഹത്തിന്റെ ഭാഗമായ നമുക്ക് ,അപ്പോൾ അക്കാലത്തു പുറത്തറിഞ്ഞാൽ നാണക്കേടുണ്ടാകുന്ന ഒന്നിലധികം സംഭവങ്ങൾക്കൊരു മറുപടി തേടി ആ അച്ഛനും ,മകളും സമീപിച്ചത് മന്ത്രവാദിയെയോ , തന്ത്രിയെയോ മാത്രമല്ല മറിച്ചു കഴിവുറ്റ ഒരു മനഃശാസ്ത്രജ്ഞനെ കൂടിയാണ് എന്നുള്ളത് അതിശയം ജനിപ്പിക്കുന്നതാണ് .

ധനികനും , പ്രതാപിയും , വിഭാര്യനുമായ പണിക്കരെന്ന അച്ഛൻ -അദ്ദേഹത്തിന്റെ ഒരേയൊരു മകളാണ് രാധ .ഇത്രയും മുതിർന്നിട്ടും മകൾക്കു അച്ഛനോട് , അച്ഛന് മകളോടുമുള്ള സ്നേഹ വാത്സല്യ പ്രകടനങ്ങൾ ചിത്രത്തിലുടനീളം evident ആണ് .എന്തും പരസ്പരം മനസ്സ് തുറന്നു സംസാരിക്കുന്ന, സത്യസന്ധമായി ഇടപെടുന്ന ഇവരെ കണ്ടാൽ ഇന്നും അസൂയ തോന്നി പോകുന്ന ചിലരെങ്കിലും നമ്മുടെ കൂട്ടത്തിൽ ഇന്നും കാണും .മകളെ വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്ന യോഗ്യനോട് നിരാസം അറിയിക്കുന്നുവെങ്കിലും, മകളും അതാഗ്രഹിക്കുന്നു എന്നറിയുന്ന നിമിഷം മാന്യമായി തന്നെ ആ ബന്ധത്തിന് മുൻകൈയെടുക്കുന്ന പണിക്കരെ , ഏകമകളായിരുന്നിട്ടു കൂടി നവദമ്പതികളുടെ ആവേശം ചോരാത്ത ഒരു ജീവിതത്തിനായി പുതിയ ഒരു വീട് തന്നെ ഒരുക്കി കൊടുക്കുന്ന പണിക്കരെ , ഇനിയും ഭർത്താവു അദ്ധ്യാപകനായിരിക്കുന്ന കോളേജിൽ വിദ്യാർത്ഥിനിയായിട്ടു പോകുന്നത് മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുമെന്നു പറയുന്ന പണിക്കരെ ,ഒരു പേരക്കുട്ടിയെ ഇനിയും ലഭിക്കാത്തതിൽ വല്ലാത്ത ദുഃഖം അനുഭവിക്കുന്ന പണിക്കരെ , ഇത്രയും നാളും മരുമകൻ തന്റെ ശാരീരിക ബലഹീനതകൾ മനഃപൂർവം തങ്ങളിൽ നിന്നൊളിക്കുകയായിരുന്നോ എന്ന് സംശയിച്ചു മരുമകനോട് കയർക്കുന്ന പണിക്കരെ ,തന്നാലാകും വിധമൊക്കെ മകളുടെ ദുഖത്തിനറുതി വരുത്താൻ മന്ത്രവും, തന്ത്രവുമൊക്കെ പരീക്ഷിച്ചു നോക്കുന്ന പണിക്കരെ ,ഒടുവിൽ തന്നെ തള്ളിപ്പറഞ്ഞ മകൾക്കു വീണ്ടും അഭയം കൊടുക്കുന്ന, അവളെ വീണ്ടും അന്വേഷിച്ചു വരുന്ന അരവിന്ദന്റെ മുഖത്തടിക്കുന്ന പണിക്കരെയൊക്കെ അതിമനോഹരമായി തിരശീലയിൽ അവതരിപ്പിച്ചിരിക്കുന്നത് അടൂർ ഭാസിയെന്ന ‘ഹാസ്യ’നടനാണെന്നത് വിസ്മയാവഹം തന്നെ .

രാധയെന്ന പെൺകുട്ടി-യുടെ വിചാര-വികാരങ്ങളും മറ്റും വളരെ തന്മയത്വമാർന്ന സംഭാഷണങ്ങളിലൂടെ , ഭാവങ്ങളിലൂടെ പ്രേക്ഷകരിലേക്ക് വേണ്ടവിധം എത്തുന്നുണ്ട് . പണിക്കരുടെ എതിർപ്പിനെ തുടർന്ന് രാധയെ അഭിമുഖീകരിക്കാൻ മടിക്കുന്ന അരവിന്ദനെ വഴിയിൽ തടഞ്ഞു നിർത്തി ധൈര്യപൂർവം നേരിടുന്ന ആ പെൺകുട്ടിയുടെ സംസാരം തീർത്തുമൊരു പ്രയോഗികമതിയുടേതാണ്. “അങ്ങിത്ര ഭീരുവാണോ..എന്റെ ഹൃദയവേദന കത്തെഴുതി അങ്ങയെ അറിയിക്കാനൊന്നുമില്ല ..തന്റേടത്തോടെ പെരുമാറിയാൽ ഞാൻ ഏതു സാഹസത്തിനും തയ്യാറാണ് ” തുടങ്ങിയ സംഭാഷണ ശകലങ്ങൾ ആ പെൺകുട്ടിയുടെ ധൈര്യമാർന്ന നിലപാടുകളെ സൂചിപ്പിച്ചപ്പോൾ ,തന്റെ കഠിനമായ മാനസിക വ്യഥകൾ കുഞ്ഞമ്മയെ അറിയിക്കുന്ന, സഹനശക്തിയുടെ ആൾരൂപമാർന്ന ,ഭർത്താവിനെ തന്റെ യാതൊരു വിഷമവും അറിയിക്കാത്ത , തന്റെ ശരീര സൗന്ദര്യത്താൽ ഭർത്താവിനെ വശീകരിക്കാൻ ശ്രമിക്കുന്ന ഭാര്യയായി ,ഭർത്താവിനാൽ അപമാനിക്കപ്പെടുന്ന വീട്ടുജോലിക്കാരിയെ അന്നത്തെ പതിവുശൈലിയിൽ നിന്നും കുറ്റപ്പെടുത്താതെയോ ശകാരിക്കാതെയോ,മാന്യമായി ഒരു ധാരണയിലേക്കു നയിക്കുന്ന യജമാനത്തിയായി, ജയഭാരതിയും ആ കഥാപാത്രത്തോട് മിക്കവാറും നീതി പുലർത്തി .

അരവിന്ദൻ എന്ന കഥാപാത്രത്തിലൂടെ പ്രേംനസീർ എന്ന നടൻ വളരെ മിതത്വമാർന്ന അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്നതെടുത്തു പറയേണ്ടതാണ് .പിന്നീട് കൂട്ടി വായിച്ചെടുക്കാൻ പാകത്തിന് ധാരാളം സൂചനകൾ തരുന്ന ഒരു psychic charector ആണ് അരവിന്ദന്റേത് .ആദ്യമായി രാധയെ കാണുമ്പൊൾ അദ്ദേഹത്തിന്റെ മനസ്സിനുണ്ടാകുന്ന ചാഞ്ചാട്ടം പ്രണയമല്ലെന്നു വ്യക്തം.കോളേജിൽ രാധക്ക് കൊടുക്കുന്ന പ്രത്യേക പരിഗണനയും മറ്റും ചോദ്യമാകുമ്പോൾ സാധാരണക്കാരെ പോലെ ഒഴിഞ്ഞു മാറുകയല്ല ..മറിച്ചു അതെ ഞാൻ അങ്ങനെയാണ് എന്ന് ധൈര്യപൂർവം പ്രസ്താവിക്കുകയാണ് അരവിന്ദൻ . ഹ്രസ്വമായ പരിചയത്തിന്റെ പേരിൽ രാധയുടെ വീട്ടിലേക്കു കടന്നു ചെന്ന് അവളുടെ അച്ഛനോട് നേരിട്ട് പെണ്ണ് ചോദിക്കാനും മാത്രം സാഹസികനാണ്‌ അയാൾ . ആ ബന്ധത്തിന് സമ്മതം കിട്ടാതെ വരുമ്പോൾ ഒരദ്ധ്യാപകന് ചേരാത്ത ചില ചേഷ്ടകളാണ് അയാൾ പുറപ്പെടുവിക്കുന്നത്. സ്നേഹവാനായ ഭർത്താവായിരിക്കുമ്പോളും ,അനപത്യദുഃഖം അനുഭവിക്കുന്ന ഭാര്യയെ കണ്ടില്ലെന്നു നടിക്കുക ,അമ്മായച്ചന്റെ കഠിനമായ വാക്കുകളെ ചെറിയൊരു ഭാവമാറ്റത്തോടെ കേട്ടില്ലെന്നു വെക്കുക , ഭാര്യയോടൊത്തു ആവേശത്തോടെ കിടപ്പറയിൽ പെരുമാറുമ്പോഴും , കള്ളം കയ്യോടെ പിടിക്കപ്പെടുമ്പോഴും യാതൊരു നാണക്കേടും കൂടാതെ ഭാര്യയുടെ കാല് പിടിക്കാനും , അമ്മായച്ചന്റെ പരാക്രമങ്ങളെ അതിജീവിക്കാനും ഒക്കെ സാധിക്കുന്ന ആ ശുദ്ധനായ കഥാപാത്രത്തെ പ്രേംനസിർ എന്ന നടൻ ഒരിടത്തും അല്പം പോലും പാളി പോകാതെ സൂക്ഷ്മമായി കൈകാര്യം ചെയ്തു എന്നറിയുന്നത് , ‘മരംചുറ്റി കഥയിലെ നിത്യഹരിത നായകൻ ‘എന്ന ശൈലിയിൽ നിന്നും എത്രയോ വകഭേദങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് .

ശ്രീമാൻ കോവൂരിന്റെ കേസ് ഡയറിയിൽ നിന്നും കണ്ടെടുത്ത ഈ കഥാതന്തുവിനെ ഒരു ചലച്ചിത്രഭാഷ്യത്തിലേക്കു രൂപഭേദം വരുത്തിയതിൽ നാടകാചാര്യൻ എന്നപേരിൽ കൂടി അറിയപ്പെട്ടിരുന്ന ശ്രീ തോപ്പിൽ ഭാസിയുടെ പങ്ക് എത്ര വലുതാണെന്ന് ചിത്രം കണ്ടു പോകെ മനസ്സിലാകും. നായകനും, നായികയും പരിചയപെട്ടിത്രപെട്ടെന്നൊരു പ്രണയബന്ധത്തിലേക്കു വീണു പോകുമോ എന്ന പ്രേക്ഷകന്റെ സംശയത്തിനറുതി വരുത്താനാകണം ,ശാകുന്തളം എന്ന കഥയെ കാളിദാസൻ എന്തിന് , എങ്ങനെ അഭിജ്ഞാന ശകുന്തളമാക്കി എന്ന് കഥയുടെ ഒഴുക്കിനെ ഒട്ടും തന്നെ ബാധിക്കാതെ പറഞ്ഞു പോകുന്നത് . ശ്രീ മെല്ലി ഇറാനി ഛായാഗ്രഹണവും , ശ്രീ കെ.എസ് സേതുമാധവൻ സംവിധാനവും നിർവഹിച്ച ഈ ചിത്രം വികസിച്ചു വരുമ്പോൾ ,പ്രക്ഷകരിലേക്കു കഥയുടെ വൈകാരികത തെല്ലും ചോരാതെ പകരുന്നതിനായി ഇടയ്ക്കിടെ ചില സങ്കേതങ്ങളെ ഉപയോഗിച്ചിരിക്കുന്നു .കല്യാണ പിറ്റേന്നുള്ള രാധയുടെ മങ്ങിയ മുഖവും ,കൂടെ കാണുന്ന ഒരു പൂമൊട്ടും , മധുവിധു നാളുകളിലെ അവരുടെ സ്വകാര്യ നിമിഷങ്ങളിലൊന്നിൽ ഒരു പുസ്തകത്തിലെ വിവസ്ത്രയായ സ്ത്രീയുടെ ചിത്രം കാണുമ്പൊൾ മുഖം തിരിക്കുന്ന നായകൻ ..വേറൊരിക്കൽ ആളൊഴിഞ്ഞ കടൽത്തീരത്തിരുന്ന് സുന്ദരിയായ പത്നിയോട് താരാട്ടു പാടാൻ പറയുന്ന അരവിന്ദൻ അങ്ങനെയങ്ങനെ ..

ഒരു ചലച്ചിത്രത്തിന്റെ പിന്നണിപ്രവർത്തകരിലാരുടെയും വിദൂരസ്വപ്നങ്ങളിൽ പോലും കടന്നു വരാത്ത ബ്രില്ലിയൻസ് കണ്ടുപിടിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ,ആഘോഷിക്കപ്പെടുകയും ചെയുന്ന ഒരു കാലത്തിരുന്നാണ് പുനർജ്ജന്മം എന്നയീ ചിത്രത്തെ പറ്റി ഇത്രയൊക്കെ പറയുന്നതെന്നോർക്കുമ്പോൾ സത്യത്തിൽ ഉള്ളം കിടുങ്ങുന്നുണ്ട് .ഭയങ്കര സന്തോഷം തോന്നുന്നുണ്ട് . അര നൂറ്റാണ്ടിന്റെ പഴമ അവകാശപ്പെടാൻ സാധിക്കുന്ന ഈ ചിത്രത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്രയും പോലും നിലവാരത്തിൽ നമ്മൾ ഇന്നും എത്തിയിട്ടില്ല എന്നത് ലജ്ജാവഹമാണ് . എങ്കിലും ലോകത്തിലെ തന്നെ താരതമ്യേന ചെറുതായ ഒരു ഭൂവിഭാഗത്തിലൊന്നായ കേരളത്തിലെ , മലയാളം എന്ന പ്രാദേശികഭാഷ മാത്രം സംസാരിക്കുന്ന ഒരു ചെറിയ ശതമാനം ജനതയുടെയിടയിൽ നിന്നും 1972 -ൽ ഇന്ത്യൻ സിനിമ ചരിത്രത്തിലേക്ക് ആദ്യത്തെ Erotic psychic thriller സംഭാവന ചെയ്യപ്പെട്ടത് ,ശ്രീ തോപ്പിൽ ഭാസിയുടെ തിരക്കഥയിൽ..ശ്രീ കെ എസ് സേതുമാധവൻ സംവിധാനം നിർവഹിച്ച പുനർജ്ജന്മം എന്ന മലയാളം ചിത്രത്തിലൂടെയാണെന്നുള്ളതിൽ നിർലജ്ജം നമുക്ക് അഹങ്കരിക്കാം .

Hot this week

ഇൻഫർമേഷൻ ഓവർലോഡ്‌

ഒരു മനുഷ്യന്‌ ജീവിക്കാൻ അറിവ്‌ എത്രത്തോളം അനിവാര്യമാണെന്ന്‌ നമുക്കറിയാം. ആഹാരം, വസ്‌ത്രം,...

വാഴ്വേ മനിതർ: ഉപരോധങ്ങളുടെ കാലത്ത് പ്രതീക്ഷയുടെ ദ്വീപിനെ വായിച്ചെടുക്കൽ

ഒരു രാജ്യത്തെ തോൽപ്പിക്കാൻ എല്ലായ്പ്പോഴും സൈന്യം അയയ്ക്കേണ്ടതില്ല. അതിന്റെ സമ്പദ്‌വ്യവസ്ഥയെ വളയുക,...

മാധ്യമ രംഗത്ത് മാറ്റത്തിൻ്റെ കാറ്റ് വീശുന്നു

ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷത്തിൽ വലിയൊരു മാറ്റം വന്നിരിക്കുന്നു.നവമാധ്യമ രംഗത്ത് അത് നന്നായി...

പ്രകൃതിയിലെ വിസ്മയങ്ങൾ – മഞ്ഞക്കിളി

The Indian golden oriole എന്ന മഞ്ഞക്കിളി (Oriolus kundoo) ഭാഗികമായി...

Topics

ഇൻഫർമേഷൻ ഓവർലോഡ്‌

ഒരു മനുഷ്യന്‌ ജീവിക്കാൻ അറിവ്‌ എത്രത്തോളം അനിവാര്യമാണെന്ന്‌ നമുക്കറിയാം. ആഹാരം, വസ്‌ത്രം,...

വാഴ്വേ മനിതർ: ഉപരോധങ്ങളുടെ കാലത്ത് പ്രതീക്ഷയുടെ ദ്വീപിനെ വായിച്ചെടുക്കൽ

ഒരു രാജ്യത്തെ തോൽപ്പിക്കാൻ എല്ലായ്പ്പോഴും സൈന്യം അയയ്ക്കേണ്ടതില്ല. അതിന്റെ സമ്പദ്‌വ്യവസ്ഥയെ വളയുക,...

മാധ്യമ രംഗത്ത് മാറ്റത്തിൻ്റെ കാറ്റ് വീശുന്നു

ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷത്തിൽ വലിയൊരു മാറ്റം വന്നിരിക്കുന്നു.നവമാധ്യമ രംഗത്ത് അത് നന്നായി...

പ്രകൃതിയിലെ വിസ്മയങ്ങൾ – മഞ്ഞക്കിളി

The Indian golden oriole എന്ന മഞ്ഞക്കിളി (Oriolus kundoo) ഭാഗികമായി...

വേണു നാഗവള്ളി : നിത്യ ഹരിത വിഷാദ കാമുകൻ

വിഷാദത്തിന്റെ ഭാവവും ഭാഷയും ഏതാണ്? മഞ്ഞുകാലത്തിന്റെ തണുപ്പുറ്റി വീഴുന്ന രാത്രിയിൽ അകലെയെങ്ങോ...

പ്രവചനാതീതമായ നടനവിസ്മയം ; മമ്മൂക്ക @75

  വീടിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറില്‍ സെപ്റ്റംബര്‍ ഏഴ് എന്ന തീയതി കാണുമ്പോള്‍...

നിറങ്ങൾ തൻ നൃത്തം – അമൃത ഷെർഗിൽ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1913 ൽ...
spot_img

Related Articles

Popular Categories

spot_imgspot_img