ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 35

ജി വിജയകുമാർ

‘‘മൂന്ന്‌ ട്രെയിൻ യാത്രകൾ, മൂന്ന്‌ ലെനിൻ: 1914ൽ, യുദ്ധകാല യൂറോപ്പിൽ സുരക്ഷിത താവളം തേടിയ അധികമൊന്നും അറിയപ്പെടാത്ത ഒരു പ്രവാസി; 1917ൽ ഒളിവ്‌ ജീവിതത്തിൽനിന്നു ഉയർന്നുവരുന്ന വിപ്ലവകാരിയായ ഒരു രാഷ്‌ട്രീയ നായകൻ; 1918ൽ, റഷ്യയുടെയാകെ ഗവൺമെന്റുമായി യാത്രചെയ്യുന്ന ഉറച്ച, നിശ്ചയദാർഢ്യമുള്ള ഒരു രാഷ്‌ട്രതന്ത്രജ്ഞൻ.’’
‐ Lars T Lih, Lenin: A Political Biography, Page: 142

‘‘ജർമൻകാരുടെ കടന്നാക്രമണവും അവർ പ്‌സ്‌കോവ്‌ (Pskov) പിടിച്ചടക്കിയതും പെട്രോഗ്രാഡിൽ തുടരുന്നതുമൂലം സോവിയറ്റ്‌ ഗവൺമെന്റിന്‌ എത്ര വലിയ വിപത്താണ്‌ നേരിടേണ്ടിവരികയെന്ന്‌ പ്രകടമാക്കി. ഫിൻലൻഡിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഈ സാഹചര്യത്തിൽ മോസ്‌കോയിലേക്ക്‌ നീങ്ങാൻ തീരുമാനിക്കപ്പെട്ടു. സംഘടനാപരമായ കാഴ്‌ചപ്പാടിൽ നോക്കിയാലും ഈ മാറ്റം അനുപേക്ഷണീയമായിരുന്നു. രാജ്യത്തിന്റെ സാന്പത്തിക ജീവിതത്തിന്റെയും രാഷ്‌ട്രീയ ജീവിതത്തിന്റെയും കേന്ദ്രത്തിൽനിന്ന്‌ ഗവൺമെന്റിന്‌ പ്രവർത്തനം നടത്തേണ്ടതുണ്ടായിരുന്നു. ‘‘1918 മാർച്ച്‌ 12ന്‌ സോവിയറ്റ്‌ റഷ്യയുടെ കേന്ദ്രമായ മോസ്‌കോയിലേക്ക്‌ സോവിയറ്റ്‌ ഗവൺമെന്റ്‌ മാറ്റി സ്ഥാപിക്കപ്പെട്ടു. അതിർത്തിയിൽനിന്ന്‌ സുരക്ഷിതമായ അകലം മോസ്‌കോയ്‌ക്കുണ്ട്‌ എന്നു മാത്രമല്ല, സോവിയറ്റ്‌ ഗവൺമെന്റിന്‌ നിരന്തരം അടുത്ത ബന്ധം പുലർത്തേണ്ടതായിട്ടുള്ള നിരവധി പ്രോവിൻസുകളുമായും ഏറെ അടുത്താണ്‌ മോസ്‌കോ.’’
‐ എൻ കെ ക്രൂപ്‌സ്‌കായ, Reminiscences of Lenin

‘‘ഭൂമി, സമാധാനം, ഭക്ഷണം’’ എന്ന മുദ്രാവാക്യമാണ്‌ ബോൾഷെവിക്കുകൾക്ക്‌ ജനങ്ങളിൽ കർഷകരുൾപ്പെടെ മഹാഭൂരിപക്ഷത്തിന്റെ പിന്തുണ നേടിക്കൊടുത്തത്‌. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രാദേശിക കമ്മിറ്റികൾക്കും സോവിയറ്റുകൾക്കും കൈമാറണമെന്നതായിരുന്നു സോവിയറ്റ്‌ ഗവൺമെന്റ്‌ ആദ്യം പുറത്തിറക്കിയ ഉത്തരവുകളിലൊന്ന്‌. ഇതിൽ വൻകിട എസ്‌റ്റേറ്റുകൾ, അതായത്‌ വൻകിട ഭൂപ്രഭുക്കളുടെ ഭൂമി, ഏറ്റെടുത്ത്‌ മാതൃകാ കൃഷിക്കളങ്ങളാക്കി മാറ്റി, നിയന്ത്രണം പ്രാദേശിക സോവിയറ്റുകൾക്ക്‌ നൽകണമെന്ന്‌ വ്യക്തമാക്കിയിരുന്നു. വൻകിട എസ്‌റ്റേറ്റുകളിലാണ്‌ നഗരങ്ങളിലെ ജനങ്ങൾക്കും സൈന്യത്തിനും ആവശ്യമായ മിച്ച ഭക്ഷ്യസാധനങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത്‌. വൻകിട കൃഷിഭൂമി ഭൂരഹിത കർഷകർക്കായി വിതരണം ചെയ്യപ്പെട്ടാൽ അത്‌ തുണ്ടുതുണ്ടായി മാറുമെന്നതിനാലാണ്‌, വൻകിട എസ്‌റ്റേറ്റുകൾ വിതരണം ചെയ്യപ്പെടാതെ പ്രാദേശിക സോവിയറ്റുകളുടെ കൈവശം നിലനിർത്തണമെന്ന വ്യവസ്ഥ ഭൂപ്രശ്‌നം സംബന്ധിച്ച ഡിക്രിയിൽ ഉൾപ്പെടുത്തിയത്‌.

കാർഷികമേഖലയെ സംബന്ധിച്ച ബോൾഷെവിക്കുകളുടെയും ലെനിന്റെയും അടിസ്ഥാനനിലപാടിൽനിന്നുള്ള ഒരു ചുവടുമാറ്റമായിരുന്നു വിപ്ലവാനന്തരം പുറപ്പെടുവിച്ച ഈ ഡിക്രി. കർഷകസമൂഹം ക്രമേണ അപ്രത്യക്ഷമാവുകയും കർഷകരാകെ തൊഴിലാളികളായി മാറുകയും ചെയ്യുമെന്ന ബോൾഷെവിക്‌ നിലപാടിലാണ്‌ ലെനിൻ മാറ്റം വരുത്തിയത്‌. മഹാഭൂരിപക്ഷം വരുന്ന കർഷകരെ വിപ്ലവപക്ഷത്ത്‌ അണിനിരത്താനുള്ള ഉപാധിയെന്ന നിലയിലാണ്‌ ലെനിൻ ഭൂപ്രശ്‌നത്തെ കർഷകജനസാമാന്യത്തിന്റെ അഭീഷ്ടം കണക്കിലെടുത്ത്‌ അവതരിപ്പിച്ചത്‌.

യഥാർഥത്തിൽ, സോഷ്യലിസ്റ്റ്‌ റവല്യൂഷണറികളുടെ മുദ്രാവാക്യമായിരുന്നു ഭൂമിയാകെ സർക്കാർ ഏറ്റെടുത്ത്‌ കർഷകർക്കായി വിതരണം ചെയ്യണമെന്നത്‌. ബോൾഷെവിക്‌ മുദ്രാവാക്യമാകട്ടെ ഭൂമിയുടെ ദേശസാൽക്കരണവും. 1917 ഫെബ്രുവരിയിലെ വിപ്ലവാനന്തരം പ്രൊവിഷണൽ ഗവൺമന്റിൽ സോഷ്യലിസ്റ്റ്‌ റവല്യൂഷണറികൾ കക്ഷിചേർന്നിട്ടും ഭൂമി ഏറ്റെടുത്ത്‌ കർഷകർക്ക്‌ വിതരണം ചെയ്യാത്തതിൽ കർഷകജനത അസംതൃപ്‌തിയിലായിരുന്നു. 1917 ജൂലൈയിൽ ജനറൽ കൊർണിലോവിന്റെ അട്ടിമറിനീക്കം കണ്ട കർഷകർ ഇനിയും നിശ്ശബ്ദരായിരുന്നാൽ തങ്ങൾക്ക്‌ കൃഷിഭൂമിയിൽ അവകാശം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്നുകണ്ട്‌ സ്വയം ഭൂമി പിടിച്ചെടുത്ത്‌ കൈവശപ്പെടുത്താൻ തുടങ്ങി. ആഗസ്‌ത്‌‐സെപ്‌തംബർ മാസങ്ങളിൽ ഇതൊരു തരംഗമായി മാറി. ഈ ഘട്ടത്തിലാണ്‌ ഭൂപ്രശ്‌നത്തിൽ ഒരു ചുവടുമാറ്റം വരുത്താൻ ലെനിൻ തയ്യാറായത്‌.

ലെനിന്റെ ഈ ചുവടുമാറ്റത്തിനെതിരെ രണ്ട്‌ വിഭാഗങ്ങൾ രംഗത്തുവന്നു. സോഷ്യലിസ്റ്റ്‌ റവല്യൂഷണറികളാണ്‌ ഒരുകൂട്ടർ. അവരുടെ വാദം തങ്ങളുടെ മുദ്രാവാക്യത്തെ ലെനിൻ കവർന്നെടുത്തു എന്നതാണ്‌. ഉരുളയ്‌ക്കുപ്പേരിപോലെ ലെനിന്റെ മറുപടിയും ഇതിനുണ്ടായി‐ ‘‘ഒരു ജനാധിപത്യ ഗവൺമെന്റ്‌ എന്ന നിലയിൽ ജനകോടികളുടെ തീരുമാനത്തോട്‌‐ ഞങ്ങൾക്കതിനോട്‌ എതിർപ്പുണ്ടെങ്കിൽപോലും‐ ഞങ്ങൾക്ക്‌ പുറംതിരിഞ്ഞു നിൽക്കാൻ കഴിയില്ല. അതാണ്‌ ഞങ്ങൾ അതേറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്‌തത്‌.’’ ലെനിൻ ഇത്രയും പറഞ്ഞു നിർത്തുകയല്ല ചെയ്‌തത്‌. സോവിയറ്റ്‌ ഗവൺമെന്റിന്റെ ഡിക്രി പ്രവർത്തനപഥത്തിലെത്തുമ്പോൾ അനുഭവത്തിന്റെ വെളിച്ചത്തിൽ സത്യമെന്തെന്ന്‌, ആരുടെ വാദമാണ്‌ ശരിയെന്ന്‌ കർഷകർ തിരിച്ചറിയുമെന്നും ലെനിൻ വ്യക്തമാക്കുന്നു. മറ്റൊരു കൂട്ടർ ബോൾഷെവിക്‌ പാർട്ടിയിലെ പിടിവാശിക്കാരായ തീവ്രവാദികളായിരുന്നു. ഭൂമിയാകെ ദേശസാൽക്കരിക്കുകയെന്ന ബോൾഷെവിക്‌ കാഴ്‌ചപ്പാടിൽ ലെനിൻ വെള്ളം ചേർത്തുവെന്നതാണ്‌ ഇക്കൂട്ടരുടെ വിമർശനം. യഥാർഥത്തിൽ ലെനിൻ കർഷകരെ അവരുടെ ആവശ്യാനുസരണം പ്രവർത്തിക്കാൻ അനുവദിക്കുകയാണുണ്ടായത്‌. അവർ ഭൂമിയുടെ കൈവശാവകാശവുമായി ബന്ധപ്പെട്ട്‌ വലിയൊരു വിപ്ലവംതന്നെ സൃഷ്ടിച്ചു. 1917 ഒക്ടോബർ മുതൽ 1918 മാർച്ച്‌ വരെയാണ്‌ റഷ്യൻ ഗ്രാമങ്ങളെയാകെ ഇളക്കിമറിച്ച ഈ വിപ്ലവം നടന്നത്‌.

യുദ്ധം സംബന്ധിച്ച്‌ വ്യത്യസ്‌ത കാഴ്‌ചപ്പാടുകളാണ്‌ റഷ്യൻ രാഷ്‌ട്രീയത്തിൽ നിലനിന്നിരുന്നത്‌. വിജയംവരെ യുദ്ധമെന്നതായിരുന്നു വലതുപക്ഷ നിലപാട്‌. വിപ്ലവപരമായ പ്രതിരോധവും കൂടിയാലോചനകളും എന്നതായിരുന്നു സെൻട്രിസ്റ്റുകളുടെ സമീപനം. സ്ഥലങ്ങൾ വിട്ടുകൊടുക്കാതെയോ കൂട്ടിച്ചേർക്കാതെയോ നഷ്ടപരിഹാരം നൽകാതെയോ സമാധാനം സ്ഥാപിക്കുകയായിരുന്നു സാർവദേശീയവാദികളായ ഇടതുപക്ഷത്തിന്റെ നിലപാട്‌. എന്നാൽ, 1914ൽ യുദ്ധം തുടങ്ങിയതുമുതൽതന്നെ വിപ്ലവത്തിനുള്ള അവസരമായാണ്‌ ലെനിൻ അതിനെ വിലയിരുത്തിയത്‌. 1917 ഒക്‌ടോബർ 26ന്‌ (നവംബർ 8) പുറത്തിറക്കിയ സമാധാനത്തെക്കുറിച്ചുള്ള ഡിക്രിയിൽ, നീതിയുക്തവും ജനാധിപത്യപരവുമായ സമാധാനം സ്ഥാപിക്കുന്നതിനാവശ്യമായ അനുരഞ്‌ജന ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന്‌ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങളിലെയും ജനങ്ങളോടും അവയിലെ ഗവൺമെന്റുകളോടും ആഹ്വാനം ചെയ്‌തു. ‘പിടിച്ചടക്കലുകളോ നഷ്ടപരിഹാരം നൽകലോ കൂടാതെ’യുള്ള സമാധാനം എന്നാണ്‌ ആ ഡിക്രിയിൽ വിഭാവനം ചെയ്‌തത്‌. അന്താരാഷ്‌ട്ര ബന്ധങ്ങൾ സംബന്ധിച്ച ലെനിന്റെ കാഴ്‌ചപ്പാട്‌ വിശദമാക്കുന്നതാണ്‌ ആ ഡിക്രി.

ഭരണകൂടത്തിന്റെ പൊലീസിനെയും പട്ടാളത്തെയും നേരിട്ടുകൊണ്ടും കീഴ്‌പ്പെടുത്തിക്കൊണ്ടുമല്ലാതെ വിപ്ലവം വിജയിക്കില്ലെന്ന എംഗത്സിന്റെ പാഠം ലെനിൻ ഉയർത്തിപ്പിടിച്ചിരുന്നു. അതേസമയം ബോൾഷെവിക്കുകളെ സംബന്ധിച്ചിടത്തോളം റഷ്യയെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന ജർമൻകാരെ തടയാൻ സൈന്യം ആവശ്യമായിരുന്നു. ഇതിന്‌ പരസ്‌പരവിരുദ്ധമായ രണ്ട്‌ ഉപാധികൾ സ്വീകരിക്കാനുള്ള സാധ്യതകൾ മുന്നിലുണ്ടായിരുന്നു. പ്രതിവിപ്ലവകാരികളുടെ കൈയിലെ ആയുധമായി മാറാതിരിക്കുന്നതിന്‌ രാജകീയ സേനയെ പിരിച്ചുവിടുകയാണ്‌ ഒന്ന്‌; രണ്ടാമത്തേത്‌ റഷ്യൻ വിപ്ലവത്തെ സംരക്ഷിക്കുന്നതിനായി സൈന്യത്തെ നിലനിർത്തുക. ഇതു രണ്ടുമല്ലാതെ മൂന്നാമതൊരു വഴികൂടി പരിഗണിക്കാവുന്നതായി ഉണ്ടായിരുന്നു; അതായത്‌ രാഷ്‌ട്രീയമായി കൂടുതൽ സ്വീകാര്യമായവിധം പരിഷ്‌കരിക്കപ്പെട്ട ഒരു സേനയ്‌ക്കു രൂപംനൽകൽ. പക്ഷേ, അതിന്‌ വേണ്ടത്ര സമയം ഉണ്ടായിരുന്നില്ല. ആദ്യത്തെ ഏതാനും മാസം ഈ പ്രശ്‌നവുമായി മല്ലിടുകയായിരുന്നു പുതിയ ഗവൺമെന്റ്‌.

ഉടൻതന്നെ ജർമനിയുമായി സമാധാന കൂടിയാലോചനകൾ ആരംഭിക്കാൻ 1917 നവംബർ 22ന്‌ സൈനികമേധാവി ഡുക്കോനിനോട്‌ (Dukhonin) ലെനിൻ ഉത്തരവിട്ടു. അയാൾ ആ ഉത്തരവ്‌ നടപ്പാക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്‌ സൈനികമേധാവിയായി ക്രൈലൻകോ (Krylenko)യെ നിയമിച്ചു. എന്നിട്ടും സമാധാനത്തിനായുള്ള കൂടിയാലോചനകളൊന്നും നടന്നില്ല. അതേസമയം ജർമൻ സേനയുടെ മുന്നേറ്റം തുടരുകയുമായിരുന്നു. ഡിസംബർ അവസാനമായപ്പോൾ ജർമൻകാരുടെ പിടിച്ചടക്കൽ (Annexation) നയത്തിനെതിരായ നടപടികൾ ശകതിപ്പെടുത്താൻ സോവിയറ്റ്‌ മന്ത്രിസഭ തീരുമാനിച്ചു. അതേസമയംതന്നെ യുദ്ധമുന്നണിയോട്‌ അടുത്തുള്ള ബ്രെസ്റ്റ്‌‐ലിറ്റോവ്‌സ്‌ക്‌ (Brest‐Litovsk) പട്ടണത്തിൽ ട്രോട്‌സ്‌കി ജർമൻകാരുമായി കൂടിയാലോചന നടത്തുകയുമായിരുന്നു.

1918 ജനുവരി 15ന്‌ സന്ധിസംഭാഷണം അവസാനിപ്പിച്ച്‌ മടങ്ങിവരാൻ ട്രോട്‌സ്‌കിക്ക്‌ ലെനിൻ നിർദേശം നൽകി. യുദ്ധമുന്നണിയിലേക്ക്‌ ഇതിന്റെ തലേദിവസം ലെനിൻ ഒരു സോഷ്യലിസ്റ്റ്‌ സൈനിക റജിമെന്റിനെ അയയ്‌ക്കുകയും ചെയ്‌തു. എന്നാൽ, ഈ ആശയക്കുഴപ്പങ്ങൾക്കെല്ലാമിടയിൽ തന്നെ എത്രയും വേഗം സമാധാനം സ്ഥാപിക്കണമെന്ന നിർദേശം ലെനിൻ ജനുവരി 21ന്‌ മുന്നോട്ടുവെച്ചു. ആ തീസിസിൽ ജർമനി മുന്നോട്ടുവെയ്‌ക്കുന്ന കടുത്ത വ്യവസ്ഥകൾ അംഗീകരിച്ചിട്ടായാലും സമാധാനമെന്ന ആശയം ലെനിൻ അവതരിപ്പിച്ചു. ഈ ആശയം അവതരിപ്പിച്ചതിനെ തുടർന്നുണ്ടായ ചർച്ചകൾ ലെനിനെ തികച്ചും ബുദ്ധിമുട്ടിലാക്കി. ഈ വിഷയം ചർച്ചചെയ്യാൻ ചേർന്ന സമ്മേളനത്തിൽ പങ്കെടുത്തവരിൽ 32 പേരും ലെനിനെതിരായി വോട്ടുചെയ്‌തു. 15 പേര്‌ മാത്രമാണ്‌ ലെനിനൊപ്പം നിന്നത്‌. ട്രോട്‌സ്‌കിയാകട്ടെ, ‘യുദ്ധവും വേണ്ട, സമാധാനവും വേണ്ട’ എന്നൊരു മധ്യവർത്തി നിലപാടാണ്‌ സ്വീകരിച്ചത്‌. ആ നിലപാടിനനുകൂലമായി 16 പേർ വോട്ടുചെയ്‌തു. സോവിയറ്റുകളുടെ മൂന്നാം കോൺഗ്രസ്‌ ചേരുന്നതിനിടയിൽ ജനുവരി 24ന്‌ ചേർന്ന ബോൾഷെവിക്‌ യോഗത്തിൽ ലെനിൻ ഈ മൂന്ന്‌ നിർദേശങ്ങളും വീണ്ടും അവതരിപ്പിച്ചു. എന്നാൽ, ഇപ്പോഴും എന്ത്‌ വ്യവസ്ഥയിലും ഉടൻ സമാധാനമെന്ന അദ്ദേഹത്തിന്റെ നിർദേശത്തിന്‌ ഭൂരിപക്ഷം നേടാനായില്ല. ഫെബ്രുവരി 17ന്‌ സെൻട്രൽ കമ്മിറ്റി ലെനിന്റെ സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനത്തെ വീണ്ടും നിരാകരിച്ചു. പക്ഷേ ഇപ്രാവശ്യം അദ്ദേഹത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതായി. ഒടുവിൽ ഫെബ്രുവരി 23നു മാത്രമാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം അംഗീകരിക്കപ്പെട്ടത്‌. അപ്പോഴും ഏഴുപേർ അനുകൂലിച്ചപ്പോൾ നാലുപേർ എതിർത്തു, 4 പേർ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു.

ഒടുവിൽ ജർമനിയുമായുള്ള സമാധാന കരാറിന്‌ അംഗീകാരം തേടാൻ സോവിയറ്റുകളുടെ നാലാമത്‌ അസാധാരണ കോൺഗ്രസ്‌ വിളിച്ചുചേർത്തു. 261നെതിരെ 784 വോട്ടിന്റെ പിന്തുണയോടെ ആ കോൺഗ്രസ്‌ സമാധാന ഉടന്പടിക്ക്‌ അംഗീകാരം നൽകി. 116 അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. വിപ്ലവയുദ്ധം തുടരണമെന്ന, സമാധാനം സ്ഥാപിക്കുന്നതിനെതിരായ ശക്തമായ ഒരു വിഭാഗം ബോൾഷെവിക്‌ പാർട്ടിയിൽ ‘ഇടതുപക്ഷ’ കമ്യൂണിസ്റ്റുകാർ എന്ന പേരിൽ സജീവമായിട്ടുണ്ടായിരുന്നു. അവർ നിരന്തരം ലെനിനുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്നു. ബോൾഷെവിക്‌ പാർട്ടിക്കുള്ളിൽ നിന്നു മാത്രമല്ല, സോവിയറ്റ്‌ ഗവൺമെന്റിലെ സഖ്യകക്ഷിയായ ഇടതുപക്ഷ സോഷ്യലിസ്റ്റ്‌ റവല്യൂഷണറികളും ലെനിന്റെ സമാധാന നിർദേശത്തെ എതിർത്തു. എന്നാൽ ഇതിനകംതന്നെ സമാധാന കരാർ, ബ്രെസ്റ്റ്‌‐ലിറ്റോവ്‌സ്‌ക്‌ സന്ധി നിലവിൽ വന്നു. ഇതിൽ പ്രതിഷേധിച്ച്‌ ഇടതുപക്ഷ സോഷ്യലിസ്റ്റ്‌ റവല്യൂഷണറികൾ ഗവൺമെന്റിനുള്ള പിന്തുണ പിൻവലിച്ചു. ജൂലൈ 6ന്‌ സോവിയറ്റ്‌ റഷ്യയിലെ ജർമൻ അംബാസിഡറായ മിർബാക്‌ (Mirbach) പ്രഭുവിനെ കൊലപ്പെടുത്തിക്കൊണ്ട്‌ അവർ മോസ്‌കോയിൽ സോവിയറ്റ്‌ ഗവൺമെന്റിനെതിരെ കലാപം ആരംഭിക്കുകയും ചെയ്‌തു. ജർമൻ അംബാസിഡറാണ്‌ റഷ്യയിൽ ഭരണം നടത്തുന്നതെന്ന ആരോപണവും അവർ ഉന്നയിച്ചു. വിപ്ലവത്തിന്റെ നിലനിൽപ്പിന്‌ സമാധാനം അനിവാര്യമാണെന്ന ദൃഢവിശ്വാസത്തിൽ തന്നെയാണ്‌ ലെനിൻ സമാധാന ഉടന്പടിയിൽ ഒപ്പുവെയ്‌ക്കാൻ തീരുമാനിച്ചത്‌.

ഒന്നാം ലോകയുദ്ധത്തിൽ ഇരുചേരികളായി ഏറ്റുമുട്ടിയിരുന്ന സാമ്രാജ്യത്വ ശക്തികൾ ബോൾഷെവിക്‌ ഗവൺമെന്റിനെതിരെ ഒത്തുചേരുകയും സോവിയറ്റ്‌ യൂണിയനെ വളഞ്ഞിട്ടാക്രമിക്കുകയും ചെയ്‌തു; അതോടൊപ്പം രാജ്യത്തിനുള്ളിൽ പ്രതിവിപ്ലവ ശക്തികൾ ആഭ്യന്തര യുദ്ധം നടത്തുകയും ചെയ്‌തു. ഈ പശ്ചാത്തലത്തിൽ ഫലപ്രദമായി ഈ രണ്ട്‌ കൂട്ടരെയും നേരിടുന്നതിന്‌ തലസ്ഥാനം പെട്രോഗ്രാഡിൽനിന്ന്‌ രാജ്യത്തിന്റെ മധ്യഭാഗത്തുള്ള മോസ്‌കോയിലേക്ക്‌ മാറ്റാൻ തീരുമാനിച്ചു. അങ്ങനെ സോവിയറ്റ്‌ ഗവൺമെന്റിനെയാകെ മോസ്‌കോയിലേക്ക്‌ പറിച്ചുനട്ടു. 1918 മാർച്ച്‌ 12ന്‌ ലെനിനും ക്രൂപ്‌സ്‌കായയും മരിയ ഉല്യാനോവയും സോവിയറ്റ്‌ ഗവൺമെന്റെിനൊപ്പം മോസ്‌കോയിലേക്ക്‌ ട്രെയിനിൽ യാത്രയായി. പുതിയ ഗവൺമെന്റിന്‌ യോഗം ചേരാനുള്ള മുറിക്ക്‌ സമീപംതന്നെ ക്രെംലിനിൽ ലെനിനും ക്രൂപ്‌സ്‌കായയ്‌ക്കും സൗകര്യപ്രദമായി മുറികൾ അനുവദിക്കപ്പെട്ടു. തന്റെ ജീവിതാവസാനം വരെ ലെനിൻ ഇവിടെ തുടർന്നു.

1918 തുടക്കം മുതൽ 1920‐21 വരെയുള്ള കാലം പൊതുവെ ആഭ്യന്തരയുദ്ധകാലം എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. റഷ്യൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വിപ്ലവം നടന്നിരുന്നു; എന്നാൽ ഈ വിഭാഗങ്ങളിലെല്ലാംതന്നെ പ്രതിവിപ്ലവശക്തികൾ ആഭ്യന്തരയുദ്ധവും അഴിച്ചുവിട്ടിരുന്നു. 1918 വസന്തകാലം മുതൽ (മാർച്ച്‌‐മെയ്‌) പുതുതായി ജന്മംകൊണ്ട സോവിയറ്റ്‌ ഗവൺമെന്റ്‌ നിരവധി മുന്നണികളിൽ ഒരേസമയം പോരാട്ടങ്ങളിൽ ഏർപ്പെട്ടിരുന്നു. 1918 മെയ്‌ മാസത്തോടുകൂടി സോവിയറ്റ്‌ ഗവൺമെന്റിനെതിരായ വെള്ള ഭീകരതയുടെ (White Terror) അഴിഞ്ഞാട്ടം തുടങ്ങി. സാറിസ്റ്റ്‌ സൈന്യത്തിലെ അവശേഷിച്ച ചില വിഭാഗങ്ങൾ, പ്രത്യേകിച്ചും ഉന്നത സൈനികോദ്യോഗസ്ഥർ, ചേർന്ന്‌ ബോൾഷെവിക്‌വിരുദ്ധ സൈന്യത്തിന്‌ രൂപംനൽകി‐ തെക്കൻ റഷ്യയിൽ ഡെനികിന്റെ (Denikin) നേതൃത്വത്തിൽ വളന്റിയർ സേന, സൈബീരിയയിൽ കൊൽച്ചാക്കിന്റെ (Kolchak) സേന, ബാൾട്ടിക്‌ മേഖലയിൽ യുദേനിച്ചിന്റെ (Yudenich) സേന. ഇവ ബോൾഷെവിക്‌ സേനയ്‌ക്കെതിരെ പൊരുതുമ്പോൾതന്നെ സോവിയറ്റ്‌ ഗവൺമെന്റിനെ അട്ടിമറിച്ചുകഴിഞ്ഞാൽ മേധാവിത്വം ആർക്കായിരിക്കണമെന്നതിൽ കേന്ദ്രീകരിച്ച്‌ പരസ്‌പരം ഏറ്റുമുട്ടുന്നുമുണ്ടായിരുന്നു. ഇതിനു പുറമേ സോഷ്യലിസ്റ്റ്‌ റവല്യൂണറികളുടെയും മറ്റ്‌ വിവിധ പ്രതിവിപ്ലവ ശക്തികളുടെയും അട്ടിമറി നീക്കങ്ങളെയും സോവിയറ്റ്‌ ഗവൺമെന്റിന്‌ നേരിടണമായിരുന്നു. 1918 വേനൽക്കാലത്തോടുകൂടി ആഭ്യന്തരയുദ്ധവും സാമ്രാജ്യത്വശക്തികളുടെ ഇടങ്കോലിടലും വലയംചെയ്യലും രൂക്ഷമായി.

1918 ആഗസ്‌ത്‌ 30ന്‌ സോഷ്യലിസ്റ്റ്‌ റവല്യൂഷണറി പാർട്ടിയിലെ തീവ്രവാദിയായ ഒരാൾ ലെനിനെ വെടിവെച്ചു. അദ്ദേഹത്തിന്‌ ഗുരുതരമായി പരിക്കേറ്റു. സാഹചര്യം ഇത്രയേറെ വഷളായതിനെ തുടർന്ന്‌ വെള്ള ഭീകരതയ്‌ക്കതിരെ ‘ചുവപ്പ്‌ ഭീകരത’ അഴിച്ചുവിടാൻ ബോൾഷെവിക്കുകൾ നിർബന്ധിതരായി. അതിന്‌ ലെനിന്റെ നിർദേശവും പിന്തുണയും ഉണ്ടായിരുന്നുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ലെനിൻ 1918 ആഗസ്‌ത്‌ 11ന്‌ മോസ്‌കോയിൽനിന്ന്‌ 700 കിലോമീറ്റർ അകലെ വോൾഗ മേഖലയിലെ പെൻസ (Penza) പ്രവിശ്യയിലെ ബോൾഷെവിക്കുകൾക്ക്‌ അയച്ച ടെലഗ്രാം. ബോൾഷെവിക്‌ ഗവൺമെന്റിനെതിരെ നടക്കുന്ന കർഷക കലാപത്തെ അടിച്ചമർത്താൻ നിർദേശിക്കുന്നതായിരുന്നു ആ ടെലഗ്രാം. കുലാക്കുകളാണ്‌ (ധനിക കർഷകർ) കർഷക കലാപത്തിനു പിന്നിലെന്ന്‌ വ്യക്തമായിരുന്നു. ഈ വിഭാഗത്തെ നിർദയമായി നേരിടണമെന്നതായിരുന്നു ലെനിന്റെ നിർദേശം.

ഭക്ഷ്യവിതരണത്തിൽ പ്രതിസന്ധി ഉണ്ടാകാതിരിക്കുന്നതിനുളള മുൻകരുതൽ എന്ന നിലയിലാണ്‌ കർഷക കലാപത്തെ അടിച്ചമർത്താൻ ലെനിൻ നിർദേശിച്ചത്‌. ഭക്ഷ്യവിതരണത്തിൽ പ്രതിസന്ധിയുണ്ടായാൽ അത്‌ നഗരവാസികളെയും സൈനികരെയും ഒപ്പം ഭക്ഷ്യക്ഷാമം നേരിടുന്ന റഷ്യയിലെ ഗ്രാമങ്ങളെയും പ്രതികൂലമായി ബാധിക്കും. അതുണ്ടാകരുതെന്ന്‌ ലെനിന്‌ കൃത്യമായ ധാരണയുണ്ടായിരുന്നു. ഭക്ഷ്യവിതരണത്തിലെ പ്രതിസന്ധി ബോൾഷെവിക്‌ ഗവൺമെന്റ്‌ അധികാരത്തിലെത്തുന്നതിന്‌ മുന്പുതന്നെ‐ സാറിസ്റ്റ്‌ ഭരണകാലത്തും പ്രൊവിഷണൽ ഗവൺമെന്റിന്റെ കാലത്തും‐ നിലനിന്നിരുന്നു. മിച്ചധാന്യം സർക്കാർ ഏറ്റെടുത്ത്‌ ഭക്ഷ്യകമ്മിയുള്ള സ്ഥലങ്ങളിൽ വിതരണംചെയ്യുന്ന സംവിധാനമായിരുന്നു അക്കാലങ്ങളിൽ ഉണ്ടായിരുന്നത്‌. ഇതുതന്നെ പിന്തുടരുകയായിരുന്നു ബോൾഷെവിക്‌ ഗവൺമെന്റും. ധാന്യം ലഭ്യമാക്കുന്നതിന്‌ ഈ മൂന്നു ഭരണകാലത്തും കർഷകർക്ക്‌ സന്പത്തികമായ പ്രോത്സാഹനം നൽകിയിരുന്നു; മാത്രമല്ല, ധാന്യലഭ്യത ഉറപ്പാക്കാൻ ധാന്യ ഉൽപ്പാദകർക്കെതിരെ ബലപ്രയോഗവും നടത്തിയിരുന്നു. ഭക്ഷ്യവിതരണം കൃത്യവും ഫലപ്രദവുമാകാതിരുന്നതുമൂലമാണ്‌ സാറിസ്റ്റ്‌ ഗവൺമെന്റും പ്രധാനമായും തകർന്നത്‌.

ബോൾഷെവിക്കുകൾക്ക്‌ ഭക്ഷ്യവിതരണം കാര്യക്ഷമമാക്കാൻ കഴിയുന്നില്ലെങ്കിൽ മുൻ ഗവൺമെന്റുകളുടെ അവസ്ഥതന്നെ നേരിടേണ്ടതായി വരുമെന്ന്‌ ലെനിന്‌ ഉറപ്പായിരുന്നു. ബ്രെസ്റ്റ്‌‐ലിറ്റോവ്‌സ്‌ക്‌ ഉടന്പടിയുടെ അനന്തരഫലങ്ങളും ആഭ്യന്തര യുദ്ധവും സ്ഥിതിഗതി രൂക്ഷമാക്കി. ഭ്യക്ഷധാന്യ മിച്ചം ഏറ്റവുമധികമുള്ള പ്രദേശങ്ങൾ‐ ഉക്രൈൻ, വോൾഗ, സൈബീരിയ, വടക്കൻ കോക്കസസ്‌ മേഖല‐ ഏറെയും ജർമൻ അധീനതയിലാവുകയോ ആഭ്യന്തരയുദ്ധം നടക്കുകയോ ചെയ്‌തതിനെ തുടർന്നാണ്‌ ഭക്ഷ്യധാന്യ ലഭ്യതയിൽ വലിയ പ്രതിസന്ധിയുണ്ടായത്‌. ഈ സാഹചര്യത്തിൽ ബോൾഷെവിക്‌ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ഭക്ഷ്യധാന്യ മിച്ചത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. അതുകൊണ്ടാണ്‌ പെൻസയെ പോലെയുള്ള പ്രവിശ്യകളിൽ ബോൾഷെവിക്കുകൾ വലിയ പ്രതീക്ഷയർപ്പിച്ചത്‌. ഏതു വിധത്തിലും, എന്തുചെയ്‌തും, ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1918 ആഗസ്‌തിൽ ലെനിൻ നിരവധി ടെലഗ്രാമുകൾ അയച്ചിരുന്നു. അവയിൽ പ്രധാനമായും പറഞ്ഞിരുന്നത്‌, നല്ല നിലയിൽ ഭക്ഷ്യധാന്യ സംഭരണം നടത്തുന്ന ‘‘കൗണ്ടികൾക്കും വില്ലേജുകൾക്കും അതാതിടത്ത്‌ വേണ്ട ഉപകരണങ്ങളായും സ്‌കൂളുകൾക്കും ആശുപത്രികൾക്കും ആവശ്യമായ പണമായും മറ്റുമെല്ലാം ബോണസ്‌ നൽകുക’’ എന്നാണ്‌.

ഇതിനൊപ്പം ധാന്യം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ വ്യാപകമായ കാംപെയ്‌ൻ നടത്തണമെന്നും ലെനിൻ ബോൾഷെവിക്‌ കമ്മിറ്റികളോട്‌ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മുൻപ്‌ ഭൂപ്രഭുക്കളുടെ എസ്‌റ്റേറ്റുകളായിരുന്നതും ഇപ്പോൾ ദരിദ്രകർഷകരുടെ നിയന്ത്രണത്തിലുള്ള പൊതു കൃഷിക്കളങ്ങളായി മാറിയതുമായ ഇടങ്ങളിൽനിന്ന്‌ ധാന്യം ലഭിക്കുമെന്ന്‌ അദ്ദേഹം ശരിക്കും പ്രതീക്ഷിച്ചു. മിച്ചധാന്യം സർക്കാരിനു നൽകാൻ തയ്യാറാകാത്ത ധനിക കർഷകരെ തടവിലാക്കുന്നതുൾപ്പെടെയുള്ള ബലപ്രയോഗം നടത്തുന്നതിനെക്കുറിച്ചും അദ്ദേഹം നിർദേശിക്കുന്നുണ്ട്‌. ബോണസ്‌ നൽകിയോ അതിനു വഴങ്ങാത്തവരോട്‌ ബലപ്രയോഗത്തിലൂടെയോ ധാന്യം സംഭരിക്കണമെന്നതായിരുന്നു ആവശ്യം. ഇതിലേതെങ്കിലും ഒന്നിനെക്കുറിച്ചു മാത്രം പറയുന്നത്‌ തെറ്റിദ്ധാരണ മാത്രമേ ഉണ്ടാക്കുകയുള്ളൂ.

നിർബന്ധിത ഭക്ഷ്യധാന്യ സംഭരണത്തിനെതിരെ പെൻസ പ്രൊവിൻസിലെ ചില വില്ലേജുകളിൽ 1918 ആഗസ്‌ത്‌ 5ന്‌ പൊട്ടിപ്പുറപ്പെട്ട കർഷക കലാപത്തിന്റെ പശ്ചാത്തലത്തിലാണ്‌ നിഷ്‌ഠൂരമായി അടിച്ചമർത്താൻ നിർദേശിക്കുന്ന ടെലഗ്രാം ലെനിൻ പെൻസയിലെ ബോൾഷെവിക്‌ കമ്മിറ്റിക്ക്‌ അയച്ചത്‌. പെൻസ പ്രൊവിൻസിലെ കുച്ചി (Kuchi) വില്ലേജിലെ കർഷകർ ധാന്യസംഭരണം നടത്തിയ റെഡ്‌ ആർമിയിലെ അഞ്ച്‌ സൈനികരെയും പ്രാദേശിക സോവിയറ്റിലെ മൂന്ന്‌ അംഗങ്ങളെയും കലാപകാരികൾ കൊലപ്പെടുത്തി. ഈ രീതിയിൽ മറ്റു പ്രദേശങ്ങളിലേക്കും കലാപം പടർന്നുപിടിക്കാൻ തുടങ്ങിയിരുന്നു. ഇതാകെ നടന്നതാകട്ടെ ആഭ്യന്തരയുദ്ധ മുന്നണിയോട്‌ ചേർന്നുകിടക്കുന്ന, 45‐50 കിലോമീറ്റർ അകലം മാത്രമുള്ള പ്രദേശങ്ങളിലുമായിരുന്നു. 100 പേരെ തൂക്കിലേറ്റാനുള്ള ലെനിന്റെ നിർദേശം പൂർണമായും നടപ്പാക്കുന്നതിനു മുന്പുതന്നെ കലാപം കെട്ടടങ്ങി. സർക്കാർ പ്രതിനിധികളെ കൊലപ്പെടുത്തുന്നതിൽ നേരിട്ട്‌ പങ്കുവഹിച്ച 13 നേതാക്കളെ വെടിവെച്ചുകൊന്നതോടെ കലാപം കെട്ടടങ്ങിയിരുന്നു.

കലാപകാരികളെ തൂക്കിലേറ്റുന്നതുൾപ്പെടെ നിഷ്‌ഠൂരമായി നേരിടണമെന്ന നിർദേശം ഉൾപ്പെടുന്ന ലെനിന്റെ ടെലഗ്രാം സന്ദേശം ഉദ്ധരിച്ച്‌ അദ്ദേഹം മനുഷ്യത്വമില്ലാത്ത, ക്രൂരനും ഭീകരനുമായ സ്വേച്ഛാധിപതിയാണെന്ന്‌ വിശേഷിപ്പിക്കുന്ന ബൂർഷ്വാ പണ്ഡിതർ വസ്‌തുതകൾക്കുനേരെ ബോധപൂർവം പുറംതിരിഞ്ഞു നിൽക്കുന്നവരാണ്‌. അതിനവരെ പ്രേരിപ്പിക്കുന്നതാകട്ടെ അവരുടെ പ്രത്യയശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ പക്ഷപാതിത്വമാണ്‌. സാമൂഹികമായ അരാജകത്വവും സാന്പത്തിക തകർച്ചയും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പുതിയൊരു രാഷ്‌ട്രീയ സംവിധാനം, അതും ഭൂരിപക്ഷം വരുന്ന ദരിദ്രരായ മനുഷ്യരുടെ താൽപര്യം സംരക്ഷിക്കുന്ന ഭരണസംവിധാനം കെട്ടിപ്പടുക്കുന്നതിനുവേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായി, അതിനെ തകർക്കാൻ കച്ചകെട്ടി ഇറങ്ങുന്നവർക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്‌ ലെനിൻ സ്വീകരിച്ചത്‌.

ലെനിൻ തന്റെ ടെലഗ്രാം സന്ദേശത്തിൽ ധനികരെ തൂക്കിക്കൊല്ലുന്നത്‌, അവരെ കെട്ടിത്തൂക്കുന്നത്‌ സാധാരണ ജനങ്ങൾ കാണണമെന്ന്‌ പറയുന്നത്‌ ഈ സാധാരണക്കാരെ ഭയപ്പെടുത്താനായിരുന്നില്ല. ചോരകുടിയന്മാരായ കുലാക്കുകളെ ജനങ്ങൾ വെറുക്കുന്നുവെന്ന്‌ ലെനിന്‌ ഉറപ്പായിരുന്നു. മാത്രമല്ല, ഇത്തരക്കാരെ കൊലപ്പെടുത്താൻ തയ്യാറാകുന്ന സോവിയറ്റ്‌ ഗവൺമെന്റിനോട്‌, തൊഴിലാളിവർഗത്തിന്റെ ഭരണത്തോട്‌ സാധാരണ കർഷകർക്ക്‌ ആദരവുമുണ്ടായിരുന്നു. ചോരകുടിയന്മാരായ കുലാക്കുകളെ വധിക്കണമെന്ന്‌ ലെനിൻ നിർദേശിച്ചത്‌ സാധാരണക്കാരിൽ വർഗപരമായ ആവേശം ജനിപ്പിക്കാൻ കൂടിയായിരുന്നു. l
(തുടരും)

Hot this week

ചില ഗാന്ധിജയന്തി ചിന്തകൾ

ഒക്ടോബർ 2 ന്  ഗാന്ധിജയന്തി  ആഗോളമായി  അഹിംസാദിനമായി ആചരിച്ചപ്പോൾ  പ്രധാനമന്ത്രി നരേന്ദ്രമോദിയും ...

ജാനമ്മ കുഞ്ഞുണ്ണിയുടെ കനൽ വഴികൾ  താണ്ടിയ വിസ്മയജീവിതം

പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം  കേരള...

നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോൺ...

പ്രകൃതിയിലെ വിസ്മയങ്ങൾ – വണ്ടുകൾ പലതരം

ഗ്രീക്ക് വാക്കുകളായ 'koleos' (ഉറ/കവചം), 'pteron ' (ചിറക്) എന്നിവയിൽ നിന്നാണ്...

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

Topics

ചില ഗാന്ധിജയന്തി ചിന്തകൾ

ഒക്ടോബർ 2 ന്  ഗാന്ധിജയന്തി  ആഗോളമായി  അഹിംസാദിനമായി ആചരിച്ചപ്പോൾ  പ്രധാനമന്ത്രി നരേന്ദ്രമോദിയും ...

ജാനമ്മ കുഞ്ഞുണ്ണിയുടെ കനൽ വഴികൾ  താണ്ടിയ വിസ്മയജീവിതം

പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം  കേരള...

നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോൺ...

പ്രകൃതിയിലെ വിസ്മയങ്ങൾ – വണ്ടുകൾ പലതരം

ഗ്രീക്ക് വാക്കുകളായ 'koleos' (ഉറ/കവചം), 'pteron ' (ചിറക്) എന്നിവയിൽ നിന്നാണ്...

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....
spot_img

Related Articles

Popular Categories

spot_imgspot_img