ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

ആർ പാർവതി ദേവി 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം 

ബി എം സുഹറ മലയാളസാഹിത്യ ലോകത്ത് തന്റേതായ  ഇടം  കണ്ടെത്തിയതിന് പിന്നിൽ അനുഭവങ്ങളുടെ തീക്കരുത്തും ഭാവനയുടെ നിറക്കൂട്ടുമാണുള്ളത് . താൻ ജനിച്ചു വളർന്ന,  സ്വസമുദായത്തിലെ   സ്ത്രീജീവിതങ്ങൾ സത്യസന്ധമായി ആവിഷ്കരിക്കേണ്ടത് തന്റെ കടമയായി സുഹറ കരുതുന്നു. പുരുഷന്മാർ അതുവരെ എഴുതിയതെല്ലാം പുരുഷപ്രപഞ്ച ത്തിന്റെ അനുബന്ധമായ സ്ത്രീലോകത്തെ കുറിച്ചാണ് .
കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറും എൻ പി മുഹമ്മദും ഉൾപ്പടെ  മുസ്ലിം ജീവിതം പ്രമേയമാക്കിയിട്ടുണ്ടെങ്കിലും ഒരു എഴുത്തുകാരി ഈ നിരയിലേക്ക് തന്റേടത്തോടെ കടന്നു വന്നത് ആദ്യമായി ബി എം സുഹറയാണ് .
പുരുഷക്കണ്ണിലൂടെ കാണാൻ കഴിയാത്ത മറ്റൊരു ജീവിതം പെണ്ണിനുണ്ടെന്ന തിരിച്ചറിവാണ് സുഹറയുടെ തൂലികയിലൂടെ നമ്മൾ പരിചയപ്പെട്ട നൂറു കണക്കിന് കഥാപാത്രങ്ങൾ.അവരിൽ നസീമയും ആമിനയും ആയിഷയും  ഹൈറുവും ഉണ്ട് . സുനിതയും ശ്രീദേവിയും ഉണ്ട്. സ്ത്രീകളുടെയും  പുരുഷന്മാരുടെയും  മാത്രമല്ല വളരെ വൈകി കേരളം  തിരിച്ചറിഞ്ഞ ട്രാൻസ്‍വ്യക്തികളുടെ കഥകളും സുഹറ പറയുന്നു.
   
കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ വൈദ്യേരകത്ത് മമ്മദുകുട്ടി ഹാജിയുടെയും ബടയക്കണ്ടി   മാളിയേക്കൽ മറിയുമ്മയുടെയും പത്ത് മക്കളിൽ ഏറ്റവും ഇളയക്കുട്ടിയായ സുഹറ യാഥാസ്ഥിതികമായ കുടുംബാന്തരീക്ഷത്തിലാണ് ജനിച്ചതും വളർന്നതും . സ്ത്രീകൾ, പ്രത്യേകിച്ചും മുസ്ലിംസ്ത്രീകൾ   സ്വാതന്ത്ര്യം ആഗ്രഹിക്കാൻ പോലും  അവകാശമില്ലാത്തവരാണെന്ന ഉറച്ച ബോധ്യമാണ് വീട്ടിലും നാട്ടിലും ഉണ്ടായിരുന്നത്. അതിൽ നിന്നും സുഹറ കുതറിമാറുകയും ശരികേടുകൾക്കെതിരെ തുറന്നെഴുതുകയും ചെയ്തപ്പോൾ സാഹിത്യലോകം ഇരുകൈകളും നീട്ടി എഴുത്തുകാരിയെ സ്വീകരിച്ചു . ഒൻപത്  നോവലുകൾ ,നാലു  കഥാസമാഹരങ്ങൾ ഏഴ്ബാലസാഹിത്യ കൃതികൾ , നാലു  വിവർത്തനങ്ങൾ / പുനരാഖ്യാനങ്ങൾ എന്നിവ മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്നു ..
 ബി എം സുഹറ കോഴിക്കോട് ചേവായൂരിലെ മാളിയേക്കൽ   വീട്ടിലിരുന്ന് പറഞ്ഞ കഥകൾ  സ്വാനുഭവം മാത്രമല്ല , ഇരുണ്ട ഇടനാഴികളിൽ ജീവിച്ചു തീർത്ത സാധാരണക്കാരായ അനേകം സ്ത്രീകളുടെ പൊള്ളുന്ന ജീവിതം കൂടിയായിരുന്നു. അവരിൽ സ്വന്തം ഉമ്മയും അമ്മാ യിഅമ്മയും സഹോദരിമാരും അയൽക്കാരും ഉണ്ട്. വീട്ടിൽ സഹായികളായി വരുന്ന പാവപ്പെട്ട സ്ത്രീകൾ ഉണ്ട്. ഇവരൊക്കെ എങ്ങനെയാണ് കുടുംബത്തെ തലയിലേറ്റി വിവിധങ്ങളായ പോരാട്ടങ്ങളിലൂടെ ജീവിതം ജീവിച്ചു തീർത്തതെന്ന് സുഹറ പറയുന്നു …
?? ബാല്യം ,വിവാഹം, കുടുംബം ഇതേ  കുറിച്ചെല്ലാം എന്തൊക്കെയാണ് ഓർമ്മകൾ ?
** വലിയ  ഭൂസ്വത്തുള്ള ഒരു പഴയ കുടുംബം ആയിരുന്നു എന്റേത്. ഉപ്പയുടെ ഉപ്പ ഒരു നാട്ടുകാരണവരായിരുന്നു . പിന്നീട് ഇതെല്ലാം കുറഞ്ഞു തുടങ്ങി . ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ഉപ്പ മരിച്ചു. അപ്പോഴേക്കും എന്റെ സഹോദരിമാരുടെ വിവാഹമെല്ലാം കഴിഞ്ഞിരുന്നു. എന്നേക്കാൾ മുതിർന്ന മക്കൾ എന്റെ സഹോദരിമാർക്കുണ്ടായിരുന്നു. എഴുത്തുകാരിയായ ഉമ്മി അബ്ദുള്ളയുൾപ്പടെ ഞങ്ങൾ  മൂന്ന് പെണ്മക്കളാണ് ഉമ്മക്ക്  ഉണ്ടായിരുന്നത്. ആറാണ്മക്കൾക്ക് ശേഷമാണ് ഞാൻ ഉണ്ടായത്. ഏറ്റവും ഇളയ കുട്ടിയാണെങ്കിലും ഉമ്മ നല്ല ശിക്ഷ തന്നാണ് വളർത്തിയത്. എപ്പോഴും  കരയുന്ന ഒരു കുട്ടിയായിരുന്നു ഞാൻ .എന്നെ ‘കരച്ചപെട്ടി ‘ എന്നാണ് പോലും വിളിച്ചിരുന്നത്. ഉമ്മയുടെ കാച്ചിയുടെ കോന്തലയും പിടിച്ചു പിന്നാലെ  നടന്നു വാശിപിടിച്ചു കരയും. ദേഷ്യം വന്നിട്ട് ഉമ്മ കണ്ണിൽ കുരുമുളക്  തേച്ചി ട്ടുണ്ട്.അതിനേക്കാളും ഭയങ്കര ശിക്ഷ ഒരു കുഞ്ഞി അറയിലിട്ട്   പൂട്ടുന്നതാണ്. വലിയ വലിയ  ഉരുളിയും കുട്ടകവും സൂക്ഷിക്കുന്ന ഒരു ഇരുട്ടുമുറിയാണത്  . എനിക്ക് ആറു വയസ്സുള്ളപ്പോൾ  ഒരു  ദിവസം അതിലിരിക്കുമ്പോൾ ഒരു പൂച്ച യെ കണ്ട് നിലവിളിച്ചു കരഞ്ഞു. പിന്നെ പണിക്കാരികൾ വന്നാണ് എന്നെ പുറത്തിറക്കിയത്.
പെൺകുട്ടികളെ വീട്ടിനുപുറത്തിറക്കാതെയാണ് അന്ന്  വളർത്തിയിരുന്നത് .സ്‌കൂളിൽ പോകാൻ മാത്രമാണ് അനുമതി. അന്യപുരുഷന്മാരെ കാണാനേ പാടില്ല. പണിക്കാരെല്ലാം പോയി കഴിഞ്ഞാലേ ഉമ്മയും ഉമ്മുമ്മയും പോലും മുൻവശത്തെ മുറ്റത്തിറങ്ങൂ . പിന്നിലെ മുറ്റത്താണ് ഞങ്ങൾ പെൺകുട്ടികൾ കളിക്കുന്നത്. കാറിൽ എവിടെയെങ്കിലും പോകുമ്പോൾ ഡ്രൈവറെ കാണാതിരിക്കാൻ ഒരു സാറ്റിൻ തുണികൊണ്ടുള്ള കർട്ടൻ വച്ച് മറയ്ക്കും . അത്രക്ക് കർശനമായിരുന്നു ചിട്ടകൾ . ഇന്നത്തെ പോലെയുള്ള പർദ്ദ  അന്നില്ല . എങ്കിലും തീവണ്ടിയിൽ ദൂരയാത്ര പോകുമ്പോൾ  മാത്രം ഉമ്മ  ശരീരം മുഴുവനും മറയുന്ന പോലെ ഒരു പർദ  ഇട്ടിരുന്നു.
ഏറ്റവും ഇളയതാണെങ്കിലും ഞാനൊരു അന്തർമുഖിയായിരുന്നു. നല്ല വെളുത്തു സുന്ദരിയായ ഉമ്മയുടെയും ചേച്ചിമാരുടെയും  സൗന്ദര്യം  എനിക്കില്ലെന്നായിരുന്നു ഞാൻ കരുതിയിരുന്നത്.
ഉപ്പ മരിച്ചതോടെ ഞങ്ങളുടെ ജീവിതം മാറി മറിഞ്ഞു. ആൺ മക്കൾ കച്ചവടത്തിന് പോകുന്നത് ഉമ്മ ഇഷ്ടപ്പെട്ടില്ല. അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന് ഉമ്മ ആഗ്രഹിച്ചു. ഉമ്മ പഴയ നാലാം ക്ളസ്സാണെങ്കിലും നന്നായി വായിക്കുകയും വായന പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
ഉപ്പ മരിച്ചതോടെ ഞങ്ങൾ കോഴിക്കോട് ടൗണിലേക്ക് താമസം മാറി. തീക്കോടിയിലെ വലിയ നാലുകെട്ട്  വീടും മൂന്ന് ഏക്കർ തെങ്ങിൻ ത്തോപ്പും ഉമ്മയുടെ രണ്ടാനമ്മയെ ഏൽപ്പിച്ചു ഞങ്ങൾ പോന്നു . മക്കളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാനുള്ള സാമ്പത്തിക സൗകര്യം ഉമ്മാക്കില്ലായിരുന്നു . അങ്ങനെ ഉമ്മ ഒറ്റക്ക്  ഒരു ചെറിയ വാടകവീടെടുത്ത്  മക്കളെ വളർത്തി. രണ്ടു  സഹോദരൻമാർ അഭിഭാഷകരും   മറ്റൊരാള് എഞ്ചിനീയറുമായി . മറ്റൊരു സഹോദരനായ ബി എം ഗഫൂർ പ്രശസ്തനായ കാർട്ടൂണിസ്റ്റാണ് . സഹോദരി ഉമ്മിയുടെ ഭർത്താവാണ് വി അബ്ദുള്ള .
സുഹറ ഉമ്മയും സഹോദരങ്ങൾക്കുമൊപ്പം
?? സാഹിത്യവുമായുള്ള ബന്ധം എന്നാണ് തുടങ്ങിയത് ?
**ഞാനൊരു സാഹിത്യകാരിയാകുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല .  വളരെ കുട്ടിക്കാലം മുതൽ  എനിക്ക് വായിക്കാൻ   ഇഷ്ടമാണ് . മറ്റു തരത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വായിക്കാൻ തടസ്സം ഉണ്ടായിരുന്നില്ല. വീട്ടിൽ ധാരാളം പുസ്തകങ്ങൾ ലഭിച്ചിരുന്നു. സഹോദരീ ഭർത്താവായ വി അബ്ദുള്ളയുടെ  വീട്ടിൽ ഉണ്ടായിരുന്ന ശേഖരത്തിൽ നിന്നും ധാരാളം പുസ്തകങ്ങൾ കിട്ടി. മാതൃഭൂമിയും ഇല്ലസ്ട്രേറ്റഡ് വീക്കിലിയും അന്ന് വീട്ടിൽ വരുത്തിയിരുന്നു . എഴുത്തുകാരേ എനിക്ക് വലിയ ആരാധനയാണ് . വൈക്കം മുഹമ്മദ് ബഷീറും എം ടി വാസുദേവൻ നായരും മറ്റും വീട്ടിൽ വരുമായിരുന്നു. അവരെയൊക്കെ ഒളിഞ്ഞു നിന്നിട്ട് നോക്കും . ക്‌ളാസ്സിക്കുകൾ അന്ന് ധാരാളം വായിച്ചു. ഉറൂബും ബഷീറും ഉൾപ്പടെ എല്ലാ പ്രമുഖ  മലയാളപുസ്തകങ്ങളും അന്ന് വായിച്ചിട്ടുണ്ട്  .  വായിച്ചു വായിച്ചാണ് എന്റെ  ഭാഷ നന്നായത്. ഭാഷ നന്നാവാനുള്ള മാർഗം വായന തന്നെയാണ് . സ്‌കൂളിൽ പഠിക്കുമ്പോൾ മലയാളം അത്ര രസകരമായല്ല അധ്യാപകർ പഠിപ്പിച്ചിരുന്നത്. വ്യാകരണവും മറ്റും ഒട്ടും ഇഷ്ടം തോന്നിയിട്ടില്ല.  മാർക്ക് കിട്ടാനെളുപ്പമാണെന്നുള്ളത് കൊണ്ട് കോളേജിൽ ഹിന്ദിയാണ് എടുത്തത്.
 മനസ്സിനെന്തെങ്കിലും വിഷമം വന്നാൽ ലോക ക്‌ളാസ്സിക്കുകൾ എടുത്ത് വീണ്ടും വീണ്ടും  വായിക്കുന്ന ശീലം എനിക്കിപ്പോഴുമുണ്ട്. എന്നാൽ അധികം വായിക്കാൻ പാടില്ലെന്നാണ് ചില എഴുത്തുകാരികളുടെ അഭിപ്രായം . അത് നമ്മുടെ എഴുത്തിനെ ബാധിക്കുമെന്നാണവർ  പറയുന്നത്. എനിക്കതിനോട് ഒട്ടും യോജിപ്പില്ല. വായന എഴുത്തിനെ സഹായിക്കുകയേയുള്ളൂ .
?? തിരുവനന്തപുരം സ്വദേശിയായ  പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ എം എം ബഷീർ മാഷുമായുള്ള വിവാഹം  എങ്ങനെയാണ് നടന്നത് ?
**പത്താം ക്‌ളാസ്  കഴിഞ്ഞപ്പോൾ മുതൽ എന്നെ വിവാഹം കഴിപ്പിക്കാനായി ഉമ്മയുടെ ശ്രമം. പക്ഷെ വിദ്യാഭ്യാസവും ജോലിയുമുള്ളയാൾ വേണമെന്ന് ഉമ്മക്ക് നിർബന്ധമായിരുന്നു . അതുകൊണ്ട് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്‌ ഒരാളെ കണ്ടെത്തിയത്. ഡിഗ്രി രണ്ടാം വർഷം പ്രോവിഡൻസ് കോളേജിൽ പഠിക്കുമ്പോഴാണ് ബഷീർ മാഷിന്റെ ആലോചന വരുന്നത് .  സഹോദരൻ ബി എം ഗഫൂർ ആണ് ആലോചന കൊണ്ട് വന്നത് .അമ്മ ആഗ്രഹിച്ചതു പോലെയുള്ള വരൻ ആയിരുന്നല്ലോ. കണിയാപുരം ആണ് മാഷിന്റെ സ്വന്തം സ്ഥലം . വാപ്പക്ക് കച്ചവടമായിരുന്നു. അതിന്റെ  സൗകര്യത്തിനായി പേട്ട റെയിൽ വെ സ്റ്റേഷന്റെ അടുത്താണ് അവർ താമസിച്ചിരുന്നത്. തിരുവനന്തപുരത്തു ആദ്യമായി വന്നപ്പോൾ വല്ലാത്ത അന്ധാളിപ്പായിരുന്നു. അന്ന് രണ്ടു തീവണ്ടി കയറിയാണ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തെത്തുക. എന്റെ മുന്നിൽ ഒരു വലിയ ലോകമാണ് തുറന്നു വന്നത്. ഞങ്ങളുടെ രീതികൾ ഒന്നുമായിരുന്നില്ല മാഷിന്റെ വീട്ടിലുണ്ടായിരുന്നത്. എന്റെ വീട്ടിൽ ഏറ്റവും ഇളയ കുട്ടിയായിരുന്ന ഞാൻ ഇവിടെ വന്നപ്പോൾ എട്ടു പേരിൽ ഏറ്റവും മുതിർന്നയാളുടെ ഭാര്യയാണ്  . മാഷിന്റെ താഴേ ഏഴു കുട്ടികൾ ഉണ്ടായിരുന്നു.
ഞങ്ങളുടെ കുടുംബത്തിലെ പോലെ ചിട്ടയായ ആചാരങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. നോമ്പ് കാലത്ത് ഉമ്മ മാത്രമാണ് ആചാരങ്ങൾ പാലിച്ചിരുന്നതും അഞ്ചുനേരം നിസ്കരിക്കുന്നതും . കോഴിക്കോട് നോമ്പായാൽ എല്ലാം കൃത്യം സമയാസമയങ്ങളിൽ നടക്കണം. അത്താഴം, മുത്താഴം ..അതിനൊക്കെ പ്രത്യേക വിഭവങ്ങൾ.  തിരുവനന്തപുരത്തങ്ങനെയൊന്നുമില്ല . ആദ്യമൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നു. വളരെ കാര്യപ്രാപ്തിയും സ്നേഹവുമുള്ള ഉമ്മയായിരുന്നു മാഷിന്റേത്. എനിക്ക് തിരുവനന്തപുരത്തെ പ്രശസ്തമായ കേത്തൽ ചിക്കനും ബോഞ്ചിയുമെല്ലാം വാങ്ങി തരും .
വാപ്പ കച്ചവടം മാത്രമേ ശ്രദ്ധിക്കൂ. ഉമ്മയാണ് കുടുംബത്തെ മുന്നോട്ടു കൊണ്ടുപോയത്. എന്നെ പഠിപ്പിക്കാനും ജോലിക്ക് വിടാനുമൊക്കെ ഉമ്മക്ക് ഉത്സാഹമായിരുന്നു. പക്ഷേ ഉമ്മ 56 വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് പെട്ടെന്ന് മരിച്ചു പോയി. അതോടെ കുടുംബത്തിന്റെ താളം തെറ്റി.1976 ൽ  മാഷിന് കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ജോലി കിട്ടിയപ്പോൾ ഞങ്ങൾ തിരുവനന്തപുരം വിട്ടു.
??  സാഹിത്യകാരനുമൊത്തുള്ള ജീവിതം എഴുത്തിനെ സഹായിച്ചിട്ടില്ലേ ?
**19 വയസ്സിലായിരുന്നു വിവാഹം.  വിവാഹത്തോടെ ഒരു  വലിയ ലോകമാണ് തുറന്നു കിട്ടിയത്. നിരവധി പ്രമുഖ സാഹിത്യകാരന്മാരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു . ഒഎൻവി കുറുപ്പ് , എം ടി , ഉറൂബ്, കേശവ് ദേവ് , പി ഗോവിന്ദപ്പിള്ള,ചെമ്മനം ചാക്കോ  തുടങ്ങിയവരുമായി മാഷിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇവരുടെയെല്ലാം വീട്ടിൽ പോകുമ്പോൾ ഞാനും ഒപ്പം കൂടും. ഇവരുടെ സംസാരം കേട്ട് കൊണ്ടിരിക്കുന്നത് തന്നെ വലിയ അനുഭവമായിരുന്നു. പല പ്പോഴും ഇവരുടെയൊപ്പം യാത്രയും ചെയ്യാറുണ്ട്. പുസ്തകങ്ങളെ കുറിച്ചും   യാത്രകളെ കുറിച്ചുമെല്ലാം  ആണിവർ സംസാരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറുമായി കൂടുതൽ അടുത്ത് ഇടപഴകിയതും വിവാഹ ശേഷമാണ് . ഞാൻ എഴുതിയത് ബഷീറിന് കാണിച്ചു കൊടുക്കുമായിരുന്നു. അന്നദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ ഗൗരവമായി ഞാൻ എടുത്തിട്ടുണ്ട്. പ്രധാനമായി പറഞ്ഞ ഒരു കാര്യം ,’എഴുതിയാൽ പിന്നെ അത് മറക്കണം . പിന്നെ വീണ്ടും വീണ്ടും എഴുതണം. പൂർണതൃപ്തി വരുന്നത് വരെ എഴുതണം .”
??  90 കളിലെ പെണ്ണെഴുത്ത് ചർച്ചകളിൽ ഉയർന്നു വന്ന പ്രശ്നങ്ങൾ
ഇപ്പോഴും പ്രസക്തമല്ലേ ? സ്ത്രീകൾക്ക് അനുഭവജ്ഞാനം ഇല്ലെന്നൊരു ആരോപണം ചിലർ ഉയർത്താറുണ്ടല്ലോ ?
**ഞങ്ങളുടെ തലമുറയിലെ സ്ത്രീകൾക്ക് എഴുതാൻ പല പ്രശ്ങ്ങളുമുണ്ട്. വിർജീനിയ വൂൾഫ് പറഞ്ഞ സ്വന്തമായ മുറിയില്ലാത്തതുൾപ്പടെ സ്ത്രീകളുടെ പ്രശ്നങ്ങളാണ്. ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കണം. എഴുതാനിരിക്കുമ്പോൾ ആയിരിക്കും ചിലപ്പോൾ വിരുന്നുകാർ വരുന്നത്. ഇതിനൊക്കെയിടയിലാണ് ഞാനും എഴുതുന്നത്. മക്കൾ വളർന്ന ശേഷമാണ് എനിക്കും എഴുതാൻ കഴിഞ്ഞത്. ചുറ്റുപാടും കാണുന്ന കാര്യങ്ങളോടുള്ള പ്രതികരണം എന്ന തരത്തിലാണ് ഞാൻ എഴുതുന്നത്. ചില കാര്യങ്ങൾ പറയാനുള്ളപ്പോളാണ് അത് കഥയായി വരുന്നത് . സ്ത്രീകൾക്കുള്ളത്ര അനുഭവം ഒരിക്കലും പുരുഷനുണ്ടാവില്ല. ജീവിതാനുഭവം സ്ത്രീക്കാണ് കൂടുതൽ എന്നാണ് എന്റെ പക്ഷം .
ഉമ്മക്കൊപ്പം
??  മുസ്ലിംസമുദായത്തിൽ നിലനിൽക്കുന്ന പലതിനെയുംഎഴുത്തിലൂടെ  ശക്തമായി എതിർക്കുന്നുണ്ടല്ലോ ? അങ്ങനെ ഒരു നിലപാട് എങ്ങനെയാണുണ്ടായത് ?
** ഞാൻ ദിവസവും  ഖുർആൻ മനസ്സിരുത്തി വായിക്കും.  ഖുർആൻ  കൂടുതൽ  പഠിക്കുമ്പോഴാണ് ഇപ്പോൾ നടക്കുന്നത് പലതും ശരിയല്ലെന്ന് ബോധ്യമായത്. മുഹമ്മദ് നബി പറഞ്ഞു കൊടുത്ത കാര്യങ്ങളാണല്ലോ ഖുറാനിൽ എഴുതി വച്ചിരിക്കുന്നത്. അത് പലരും കേട്ട് കേട്ട് എഴുതിയതല്ലേ ? ആ കാലഘട്ടത്തിൽ സ്ത്രീകൾ  പലതരത്തിലുള്ള അതിക്രമങ്ങൾക്ക് വിധേയരായിരുന്നു . അന്ന് നിയന്ത്രണങ്ങൾ വേണ്ടി വന്നിട്ടുണ്ടാകാം .സുരക്ഷക്കായി മൂടിപ്പുതച്ച് നടന്നിട്ടുണ്ടാകാം . നാല് വിവാഹം എന്നൊക്കെ പറയുന്നതിന് ഒരുപാട് വ്യവസ്ഥകളുണ്ട് കേട്ടോ . അതൊന്നും പ്രയോഗികമേയല്ല. നാലു പേരോടും ശാരീരികമായും സാമ്പത്തികമായും മാനസികമായും ഒരേപോലെ പെരുമാറണം എന്നാണ് പറയുന്നത്. ഏത് മനുഷ്യനാണ് അത് സാധിക്കുക ? എന്നാൽ അന്നത്തെ അറബി സ്ത്രീകൾ യുദ്ധം നയിക്കുകയും കച്ചവടം ചെയ്യുകയും ചെയ്തിരുന്നു. നജീബ് മഹ്‌ഫ്യൂസിന്റെ ‘പാലസ് വോക് ‘എന്ന നോവൽ തർജമ ചെയ്തപ്പോഴാണ് എനിക്ക് മനസ്സിലായത് മുസ്ലിം സ്ത്രീജീവിതം ലോകത്തെല്ലായിടത്തും അകത്തളങ്ങളിൽ അടക്കപ്പെടുന്നതാണെന്ന് .
?? ഇത്തരത്തിൽ സമുദായ വിമർശനം നടത്തുമ്പോൾ എതിർപ്പ് ഉണ്ടാകാറില്ലേ ?
** അതൊന്നും ഞാൻ കാര്യമായി എടുക്കാറില്ല. ആദ്യമൊക്കെ ബന്ധുക്കൾ പരാതി പറഞ്ഞിരുന്നു. എന്തിനാണ് കുടുംബത്തിലെ മോശം കാര്യങ്ങൾ ഇങ്ങനെ എഴുതുന്നത്   നല്ല കാര്യങ്ങൾ മാത്രം എഴുതിയാൽ പോരെ   എന്നാണവർ ചോദിക്കുന്നത്.  ഉമ്മയോട് വന്ന് ബന്ധുക്കൾ പരാതി പറയാറുണ്ട്. ഉമ്മ അപ്പോൾ പറയുന്നത് ബഷീർ ഉൾപ്പടെ അവരുടെ ജീവിതം തന്നെയല്ലേ എഴുതുന്നതെന്നാണ് . വലിയ വിദ്യാഭ്യാസം ഇല്ലെങ്കിലും നല്ല കാര്യവിവരം ഉമ്മക്കുണ്ടായിരുന്നു .സ്ത്രീകൾക്കെതിരായ ഖുറാനിക് നിയമങ്ങളെയാണ് ഞാൻ എന്നും വിമർശിച്ചിട്ടുള്ളത് . അപ്പോൾ ആരെങ്കിലുമൊക്കെ അതിനെതിരെ എഴുതും . ഞാൻ അതൊന്നും കണ്ട ഭാവം വച്ചിട്ടില്ല.മറുപടി പറയാനും പോകാറില്ല.മാധവിക്കുട്ടി മതം മാറിയപ്പോൾ ഞാനൊരു ഇന്റർവ്യൂ ചെയ്തു. എനിക്ക് വലിയ ആരാധനയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. പക്ഷെയവർ  മതം മാറിയതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. ഞാൻ എഴുതിയത് പല മുസ്ലിം പ്രമുഖർക്കും ഇഷ്ടപ്പെട്ടില്ല.
?? സ്ത്രീകളുടെ കാഴ്ചപ്പാടിൽ തുറന്നെഴുതിയവരാണല്ലോ മാധവിക്കുട്ടിയും സാറ ജോസഫും  മറ്റും. മുസ്ലിം സ്ത്രീകളുടെ ജീവിതം ഇത്തരത്തിൽ എഴുതിയതാണ് ബി എം സുഹറയെ വ്യത്യസ്തയാക്കുന്നത് . പെണ്ണുങ്ങൾ, ഓള് , ഒരുത്തി തുടങ്ങിയ പേരുകളിൽ തന്നെയുണ്ട് സ്ത്രീയാഭിമുഖ്യം . ശരിയല്ലേ ?
**ശരിയാണ്. എന്റെ മിക്കവാറും കഥകളിലെ കേന്ദ്ര കഥാപാത്രങ്ങൾ മുസ്ലിം സ്ത്രീകളാണ് . പുതിയ തലമുറയിലെ മുസ്ലിം എഴുത്തുകാരികളും സ്ത്രീകളുടെ പ്രശ്നങ്ങളല്ല പ്രമേയമാക്കുന്നത്. ഞാൻ കൂടുതലും അതിനാണ് ഊന്നൽ നൽകുന്നത്. എന്റെ പുതിയ നോവലായ ‘ഓള് ‘ ഭർത്താവ് മരിച്ചാൽ സ്ത്രീകൾക്ക് പുറം ലോകം കാണാൻ പാടില്ലെന്ന ആചാരത്തെ ചോദ്യം ചെയ്യുന്നതാണ്. മുസ്ലിം കാഴ്ചപ്പാടിൽ എന്താണ് പരലോകമെന്നൊക്കെ എല്ലാവരും മനസ്സിലാക്കണമെല്ലോ. ഭർത്താവ് മരിച്ചിട്ട് 40 ദിവസം പുറത്തിറങ്ങരുതെന്ന് പണ്ട് പറയുന്നത് അവൾ ഗര്ഭിണിയാണെങ്കിലോ എന്ന് അറിയാനാണ് . പണ്ടൊക്കെ എല്ലാ വർഷവും പ്രസവമല്ലേ. അതിനു വേറെ ചില വ്യാഖ്യാനങ്ങൾ ആണിപ്പോൾ കൊടുക്കുന്നത്. ഇപ്പോൾ ചിലരൊക്കെ പറയുന്നത് പോലെ ഖുറാനിൽ മുഴുവൻ സ്ത്രീവിരുദ്ധതയല്ലെന്ന് കാണിക്കണമെന്നും എനിക്കുണ്ടായിരുന്നു. വളരെ നീണ്ട നോവൽ എഴുതണമെന്ന് കരുതിയതാണ് . പക്ഷേ എഴുതി വന്നപ്പോൾ മതിയെന്ന് തോന്നി. ചിലപ്പോൾ അങ്ങനെ സംഭവിക്കും. എനിക്ക് ഒരുപാട് നീട്ടി എഴുതാൻ കഴിയില്ല.
?? പെണ്ണുങ്ങൾ എന്ന നോവലിൽ ട്രാൻസ് സ്ത്രീകൾ ഉൾപ്പടെ വ്യത്യസ്തരായ കുറെയേറെ സ്ത്രീകളെ കുറിച്ചും അവരുടെ പരസ്പര്യത്തെയും സൗഹൃദത്തേയും കുറിച്ചുമൊക്കെയാണല്ലോ എഴുതിയിട്ടുള്ളത്.   ഹൈറുവും സുനിത കല്യാണിയും തമ്മിലുള്ള ആത്മബന്ധം  മനോഹരമായിരിക്കുന്നു . ഈ പുസ്തകം എഴുതാൻ പഠനം ആവശ്യമായിരുന്നില്ലേ ? ഇന്നത്തെ എഴുത്തിന്  ഭാവന മാത്രം പോരെന്നു തോന്നുന്നു. ?
 
**ട്രാൻസ് വിഭാഗങ്ങളെ കുറിച്ച് ഞാനെഴുതിയ ആദ്യ പുസ്തകമാണിത്. വിജയ രാജ മല്ലികയുടെ പുസ്തകം ഒക്കെ വായിച്ചാണ് ഞാൻ ട്രാൻസ് വിഭാഗങ്ങളെ കുറിച്ച് പഠിച്ചത്. അവരുടെ ശസ്ത്രക്രിയയുടെ പ്രശ്നങ്ങളും മറ്റും ഞാൻ കാര്യമായി പഠിച്ചാണെഴുതിയത്. ഹൈറുവും സുനിതയും തമ്മിലുള്ള സൗഹൃദം നമ്മുടെയിടയിൽ കാണാറുള്ളതാണ്. പരസ്പരം ആഴത്തിൽ മനസ്സിലാക്കുന്ന വ്യത്യസ്ത മതങ്ങളിൽപെട്ടവരെ  കുറിച്ച് അങ്ങനെ എഴുതിയതാണ്.
?? പുതിയ തലമുറയെ എങ്ങനെ കാണുന്നു ?
 **പുതിയ എല്ലാ എഴുത്തുകാരെയും ഞാൻ വായിച്ചിട്ടില്ല. നന്നായി  എഴുതുന്നവരുണ്ട്. പിന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്യ രീതിയോട് എനിക്ക് താത്പര്യമില്ല. ഇപ്പോൾ കൂടുതലും അങ്ങനെ കാണാറുണ്ട്. ഇന്നത്തെ  പുതിയ പെൺകുട്ടികൾ സ്വതന്ത്രരാണ് . അവർ ആരെയും ആശ്രയിക്കുന്നില്ല.പലർക്കും  വിവാഹം തന്നെ വേണ്ട . സ്വന്തമായി വരുമാനം ഉണ്ടെങ്കിൽ പിന്നൊന്നും അവർക്ക് പ്രശ്നമില്ല. പക്ഷേ  നമ്മുടെയിടയിൽ ആർഭാടവും ആഘോഷവും കൂടി വരുകയാണ്. കല്യാണത്തിനൊക്കെ എത്രയാ പാഴ്ചിലവ്. ഹൽദി ,സംഗീത് ,മെഹന്ദി തുടങ്ങിയതൊക്കെ ഇവിടെയും ആയിക്കഴിഞ്ഞു, ഇപ്പോൾ പിങ്ക് കല്യാണം എന്ന പരിപാടിയും തുടങ്ങിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ഇതൊക്കെ ചെയ്യാൻ നിര്ബന്ധിക്കപ്പെടുന്നു എന്നതാണ് കഷ്ടം. ഇതൊക്കെ എഴുതണമെന്നുണ്ട്.
?? പുതിയതലമുറയിൽ പ്രതീക്ഷയില്ലേ ?
**തീർച്ചയായും ഉണ്ട്. പുതിയ കുട്ടികൾക്ക് ജാതിയും മതവും ഒന്നുമില്ല. ഇപ്പോൾ തന്നെ കോക്രോച്ച്  പാർട്ടി കണ്ടില്ലേ? മുതിർന്നവർ ഭയന്ന് നിന്നപ്പോൾ കുട്ടികൾ അല്ലേ മുന്നോട്ടു വന്നത്? ഇപ്പോൾ എല്ലാവർക്കും എതിർക്കാൻ  ഒരു ധൈര്യം തോന്നുന്നുണ്ട്. അതെനിക്ക് ഇഷ്ടപ്പെട്ടു.
?? ഇനി എന്താണ്  പുതിയതായി എഴുതാൻ പോകുന്നത് ?
**അങ്ങനെ ഒന്നും ആയിട്ടില്ല. ഓരോ നോവൽ എഴുതി കഴിയുമ്പോഴും കരുതും   ഇതോടെ എഴുത്ത് അവസാനിച്ചുവെന്ന്. ഇനി ഒരു നോവൽ എഴുതാനാവില്ല എന്നാണ് തോന്നുന്നത്. ഓരോന്നും എഴുതി പൂർത്തിയാക്കുന്നത് ഇങ്ങനെ കരുതിയാണ്. പക്ഷെ കാലഘട്ടം വീണ്ടും ആവശ്യപ്പെടും എഴുതണമെന്ന്.  ചുറ്റുപാടും നടക്കുന്ന   ഓരോരോ കാര്യങ്ങൾ കാണുമ്പൊൾ എഴുതാൻ തോന്നും.

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

നിറങ്ങൾ തൻ നൃത്തം – അമേരിക്കൻ ചിത്രകാരൻ ടിഷ്യൻ റാംസെ പീൽ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1799...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

നിറങ്ങൾ തൻ നൃത്തം – അമേരിക്കൻ ചിത്രകാരൻ ടിഷ്യൻ റാംസെ പീൽ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1799...

മരണാഖ്യാനം ഒരു വായന

  സാഹിത്യം ഉണ്ടാല കാലംമുതൽ അതിന്റെ കർതൃത്വം പുരുഷനായിരുന്നു. സ്‌ത്രീ അവന്റെ വർണ്യവസ്‌തുവും....

തൊഴിലുറപ്പ് പദ്ധതി ചരിത്രത്തിലേക്ക് നടന്നുകയറുമോ?

ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെച്ച സാമൂഹികാവകാശ അജണ്ടയുടെ ഭാഗമായിരുന്നു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി....

ഇൻഫർമേഷൻ ഓവർലോഡ്‌

ഒരു മനുഷ്യന്‌ ജീവിക്കാൻ അറിവ്‌ എത്രത്തോളം അനിവാര്യമാണെന്ന്‌ നമുക്കറിയാം. ആഹാരം, വസ്‌ത്രം,...
spot_img

Related Articles

Popular Categories

spot_imgspot_img