ഹിന്ദുത്വരാഷ്ട്രീയം പോയവാരം
കെ എൻ ഗണേശ് എഴുതുന്ന പംക്തി

മദ്ധ്യപ്രദേശിൽ ഉജ്‌ജയിനിയിലെ ഷാഹി പള്ളിയും മഹാകാലേശ്വര ക്ഷേതവും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. രാമക്ഷേത്രവിവാദത്തിനു ശേഷം മാത്രമാണ് അവിടെ വർഗീയസംഘർഷങ്ങൾ ഉണ്ടാകുന്നത്. ഉജ്ജയിനി കുംഭമേളയുടെ ഒരു സ്ഥാനമായി പറയുന്നുണ്ടെങ്കിലും അത് ഗൗരവത്തിൽ ആചരിച്ചതായി തെളിവില്ല.
ഇപ്പോൾ 2028 ൽ സിംഹസ്ഥ ച്രിങ്ങ മാസത്തിൽ) കുംഭമേള ആചരിക്കാൻ തീരുമാനിക്കുന്നു അതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി മഹാകാലേശ്വരക്ഷേത്രം പുതുക്കി പണിയാൻ തീരുമാനിക്കുന്നു . ഷാഹി പള്ളിയുടെ ചില ഭാഗങ്ങൾ ക്ഷേത്രത്തോട് ചേർന്നു കിടക്കുന്നവയാണ് . അത് പൊളിച്ചുകളയണമെന്ന് മുനിസിപ്പൽ ഭരണാധികാരികൾ പള്ളിയോട് ആവശ്യപെടുന്നു . പള്ളി ആദ്യം അതിനു സമ്മതിക്കുന്നു. പൊളിക്കാൻ ആരംഭിച്ചതോടെ ഒരു സംഘം യുവാക്കൾ അതിനെ തടയുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്യുന്നു. 15 ഓളം യുവാക്കൾ അറസ്റ്റുചെയ്യപ്പെട്ടിരിക്കുകയാണ്.

ഉജ്ജയിനി കുംഭമേളയുടെ ഒരു കേന്ദ്രമാണ്. മുമ്പു സൂചിപ്പിച്ച ക്ഷേത്രവും പള്ളിയും നിലവിൽ വന്നിട്ടും ഏറെക്കാലമായി കുംഭമേള പരമ്പരാഗതമായി നടക്കുന്ന ഒരു ചടങ്ങായതു കൊണ്ട് മറ്റൊരു മതവിഭാഗത്തിൻ്റെ വിശ്വാസത്തെയോ ദേവാലയങ്ങളെയോ നേരിടേണ്ട ആവശ്യം വരുന്നില്ല. കുഭമേള ക്ഷേത്രബദ്ധമായ ചടങ്ങല്ല . ഒരു ഉത്സവത്തിൻ്റെ മറവിൽ ക്ഷേത്രത്തെ സംരക്ഷിക്കുകയും അതിനായി തൊട്ടടുത്തുള്ള പള്ളിയെ തകർക്കുകയും ചെയ്യുന്ന ഹീനമായ രീതിയാണ് ഇവിടെ കാണുന്നത് . ഇതിനു മുമ്പ് ഉത്സവങ്ങൾ നാനാജാതി മതസ്ഥരുടെ പിന്തുണയോടെയാണ് നടന്നിരുന്നത്. ഇപ്പോൾ അത് ഹിന്ദുമതാചാരം മാത്രമായി കാണുകയും അതിനു വേണ്ട സ്ഥലവും സമ്പത്തും അന്യമതങ്ങളിൽ നിന്നു പോലും പിടിച്ചെടുക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ കാണുന്നത്. ഇതിനായി പുതിയ ഉത്സവങ്ങൾ സുഷ്ടിക്കുകയും ചെയ്യുന്ന രീതിയുമുണ്ട് .
പുതിയ കാലത്തെ ഉത്സവങ്ങൾ ഹിന്ദുത്വത്തിൻ്റെ മതസാംസ്കാരിക മേളകളായി മാറുകയാണ് . അവ സ്വാഭാവികമായും അന്യമതങ്ങൾക്കെതിരെ തിരിയുകയും ചെയ്യുന്നു




