
പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം
കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം 2022 ൽ നേടിയിട്ടുള്ള പ്രമുഖ സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണി കനൽ വഴികൾ താണ്ടിയ തന്റെ വിസ്മയ ജീവിതം വിവരിക്കുമ്പോൾ ഒരു ചലച്ചിത്രം കാണുന്ന പ്രതീതിയായിരുന്നു, സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവരുടെ കഥാകാരിയായ ജാനമ്മയുടെ സ്വന്തം ജീവിതം കഥയേക്കാൾ വിചിത്രം. കോഴിക്കോട് മേരിക്കുന്നിലെ ‘നിഹാരിക’ യിൽ ഒറ്റക്കാണെങ്കിലും ജീവിതം ഊർജ്ജസ്വലമാക്കുന്നതിന് ജാനമ്മ കുഞ്ഞുണ്ണിക്ക് ചുറ്റും കഥാപാത്രങ്ങളുണ്ട് . തോട്ടം തൊഴിലാളികൾ , ട്രാൻസ് വ്യക്തികൾ ,മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുടെ ജീവിതങ്ങൾ ജാനമ്മ കുഞ്ഞുണ്ണിയുടെ നോവലുകൾക്ക് പ്രമേയമാകുന്നു . മെഡിക്കൽ കോളേജ് പശ്ചാത്തലമാകുന്ന ‘നോവ്’ എന്ന പുതിയ നോവൽ പൂർത്തിയാകുന്നതിന്റെ സന്തോഷത്തിലാണ് ജാനമ്മ കുഞ്ഞുണ്ണി. രണ്ട് മുൻ ആരോഗ്യമന്ത്രിമാരായ പി കെ ശ്രീമതി ടീച്ചറും ശൈലജ ടീച്ചറും ചേർന്ന് പുസ്തകം ഏറെ താമസമില്ലാതെ
പ്രകാശനം ചെയ്യും .
സാംസ്‌കാരിക ,രാഷ്ട്രീയ , സാമൂഹ്യ രംഗത്ത് സജീവമായ ജാനമ്മ ടീച്ചറിനു പങ്കു വക്കാനുള്ളത് തന്റെ കലാപഭരിതമായ ജീവിതത്തിലെ അവിസ്മരണീയ ഏടുകളാണ് …

?? ‘കനൽ വഴികളിൽ ഒരുവൾ’ എന്നാണല്ലോ ഓർമപുസ്തകത്തിന്റെ ശീർഷകം . അതൊന്ന് വിശദീകരിക്കാമോ ?
** ജീവിതം ഉടനീളം സമരഭരിതമായിരുന്നു. വ്യക്തിപരമായും സാമൂഹ്യമായും. കൊല്ലം ജില്ലയിൽ ശാസ്താംകോട്ടയിലാണ് ഞാൻ ജനിച്ചത്. കൊപ്രാക്കച്ചവടക്കാരനായ നാണുവിന്റെയും നാ ണിയുടെയും അഞ്ചു മക്കളിൽ മൂത്തയാൾ . നാട്ടിലെ ഒരു നായർ പ്രമാണിയുടെ വീട്ടിലെ കാര്യസ്ഥനായിരുന്നു അച്ഛൻ . അഞ്ചാം വയസ്സ് മുതൽ എന്റെ അമ്മാവന്റെ വീട്ടിൽ അവരുടെ മകളായാണ് ഞാൻ വളർന്നത്. സ്നേഹനിധിയായിരുന്നു എന്റെ അമ്മായി.
. അന്ന് ഞാൻ സ്‌കൂളിൽ മോണിറ്ററും മറ്റുമാണ്. പഠിക്കാനും സമർത്ഥയായിരുന്നു. മാത്രമല്ല അടുത്തുള്ള ഒരു വായനശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും നാട്ടിലെ പല പ്രശ്നങ്ങളിലും ഇടപെടുകയും ചെയ്തിരുന്നു. എന്റെ അപ്പൂപ്പൻ രാഘവൻ കമ്മ്യൂണിസ്റ്റ് കാരനായിരുന്നു. സഖാവ് പി കൃഷ്ണ പിള്ള എന്റെ വീട്ടിൽ വന്നിട്ടുണ്ട് . അങ്ങനെയാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഞാൻ പരിചയപ്പെടുന്നത് .
പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ എന്നെക്കാൾ പതിനഞ്ചു വയസ്സിനു മൂത്ത ഒരു പട്ടാളക്കാരൻ എന്നെ കല്യാണം കഴിക്കാൻ മോഹിച്ചു വന്നു. സമ്പത്തുള്ള ഒരു കുടുംബത്തിലെ അംഗമാണ് .
60 സെന്റ് ഭൂമി എന്റെ പേരിൽ എഴുതി തന്ന് എന്നെ വിവാഹം കഴിച്ചു. ഗർഭിണിയായാണ് ഞാൻ പത്താം ക്‌ളാസ് പരീക്ഷ എഴുതാൻ പോയത്. പക്ഷേ ആ വിവാഹം ഒരു ദുരന്തമായിരുന്നു. ആദ്യരാത്രി തന്നെ നടന്നത് ബലാത്സംഗമാണ്. അന്ന് തന്നെ അയാൾ വേറെ സ്ത്രീകളെ അന്വേഷിച്ചു വീട്ടിൽ നിന്നും പോയി. സ്‌കൂളിൽ പഠിക്കുന്ന ഒന്നും അറിയാത്ത ഒരു കുട്ടിയാണ് അന്ന് ഞാനെന്ന് ഓർക്കണം . ഇതിനിടയിലും ഞാൻ പഠിത്തം ഉപേക്ഷിച്ചില്ല. രണ്ടു കുട്ടികളെയും പ്രസവിച്ചു. പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് ചേരാൻ കഴിഞ്ഞില്ല. വിവാഹത്തോടെ ജീവിതം താറുമാറായെന്ന് പറഞ്ഞാൽ മതിയല്ലോ . ടിടിസി കഴിഞ്ഞു വയനാട് പൂതാടി സ്‌കൂളിൽ അധ്യാപികയായി ചേർന്നു. മക്കളെ അമ്മയെ ഏല്പിച്ചിട്ടാണ് പോയത്. ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ കൂടെയായിരുന്നു എന്റെ താമസം. അന്നൊന്നും അവിടെ ഹോസ്റ്റൽ ഒന്നും ഉണ്ടായിരുന്നില്ല . ആ കുടുംബത്തിൽ പത്തു മക്കൾ ഉണ്ടായിരുന്നു. അവിടെയുള്ള ഇളയ കുട്ടികൾക്ക് ഞാൻ ട്യൂഷനെടുക്കും. അവരെനിക്ക് ഭക്ഷണം തരും. ഒരുതരം ” ട്യൂഷൻ ഗസ്റ്റ് ‘ എന്ന് പറയാം . ഒരിക്കൽ എന്റെ ഭർത്താവ് അവധിക്ക് അവിടെ വന്നു . ആ വീട്ടിലെ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. അതോടെ ആ കുടുംബവുമായുള്ള എന്റെ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു.
അയാളുടെ കൂടെ നാട്ടിൽ വന്നെങ്കിലും എത്രയും പെട്ടെന്ന് ഞാൻ തിരിച്ചു പോയി.
അധികം വൈകാതെ നാട്ടിലെ പഞ്ചായത് പ്രസിഡന്റിന്റെ ഒരു കത്തെനിക്ക് വന്നു. എത്രയും വേഗം നാട്ടിൽ വരണമെന്നാണ് കത്തിൽ പറയുന്നത്. നാട്ടിലെത്തിയ ഞാൻ എന്റെ അച്ഛനുമായി ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ കാണുന്ന കാഴ്ച്ച ഒരു നൃത്താധ്യാപിക അവിടെ അയാളുടെയൊപ്പം താമസിക്കുന്നതാണ് . ചെരുപ്പൂരി അവളെ ഞാൻ അടിച്ചു. ബഹളമായി. രണ്ടുപേരും ഭാര്യമാരായി വേണമെന്നാണ് അയാളുടെ ആവശ്യം. ഒടുവിൽ അവളെ ഒഴിവാക്കിയിട്ട് എന്നെയും മക്കളെയും അയാൾ ഹവിൽദാറായി ജോലി ചെയ്യുന്ന രാജസ്ഥാനിൽ കൊണ്ടുപോയി. വലിയ സ്നേഹമൊക്കെ ഭാവിച്ചാണ് കൊണ്ട് പോയത് . ഒരു ദിവസം കോട്ട കാണാൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് മക്കളെ വീട്ടിൽ നിർത്തിയിട്ട് എന്നെ ജീപ്പിൽ കയറ്റി കൊണ്ടുപോയി ഭീകരമായി ശാരീരികമായി ഉപദ്രവിച്ചു. ബോധം പോയ എന്നെ മണലാര്യണത്തിലെവിടെയോ ഉപേക്ഷിച്ചു. അയാൾ മക്കളുമായി നാട്ടിലേക്ക് കടന്നു കളയാൻ പരിപാടിയിട്ടു. മലയാളം മഞ്ഞ പത്രങ്ങളിൽ ‘ഭർത്താവിനെ ഉപേക്ഷിച്ച് കെ ജാനമ്മ കാമുകന്റെ കൂടെപ്പോയി ” എന്ന തരത്തിൽ വാർത്തകൾ വന്നു. ഞാൻ മരിക്കുമെന്നാണ് അയാൾ കണക്കു കൂട്ടിയത്.
പിന്നീടെപ്പോഴോ അതിലെ വന്ന പട്ടാള ട്രക്കിൽ എന്നെ ആശുപത്രിയിലെത്തിച്ചു.20 ദിവസങ്ങൾ കഴിഞ്ഞാണ് ബോധം വന്നത്. ബോധം വന്നപ്പോൾ ഞാൻ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തി. അയാളെ കോർട് മാർഷൽ ചെയ്ത് ജയിലിലാക്കി . എന്നെയും മക്കളെയും നാട്ടിലയച്ചു. കേസ് പത്തനംതിട്ട കോടതിയിലായി. ഇതിനിടയിൽ നൃത്താധ്യാപികയായ ഓമന അയാളുടെ കൂടെ ജീവിക്കാൻ തുടങ്ങിയിരുന്നു. നിയമപരമായി ഞാൻ വിവാഹമോചനം നേടി. മക്കൾക്ക് വേണ്ടി അയാൾ വാദിച്ചെങ്കിലും നടന്നില്ല. ഓമനയിലും അയാൾക്ക് രണ്ടു മക്കളുണ്ടായി. 22 വയസ്സിൽ ഞങ്ങൾ വേർപിരിഞ്ഞു.

?? കെ ജാനമ്മ ജാനമ്മ കുഞ്ഞുണ്ണിയായത് എപ്പോഴാണ് ?
** അത് മറ്റൊരു അധ്യായമാണ് . വിവാഹമോചനവും കേസുമെല്ലാമായിട്ട് സ്‌കൂളിൽ അനധികൃത അവധി കുറെയായി. നാണു മാഷ് എം എൽ എ ആണ് പ്രശ്നങ്ങളെല്ലാം തീർത്തു തന്നത്. അന്ന് വയനാട് ജില്ല ഇല്ല. വീണ്ടും പൂതാടി സ്‌കൂളിൽ ചേർന്ന് ജോലി തുടർന്നു . ഒരു പണിമുടക്ക് കാലത്ത് ഞാനും കൂട്ടുകാരിയായ ടീച്ചറും താമസിക്കുന്ന വീട്ടിൽ കുഞ്ഞുണ്ണി മാഷും പ്രസാദ് മാഷും ഇടയ്ക്കിടെ വന്നിരുന്നു. ആരോ ഞങ്ങളെ കുറിച്ച് കള്ളക്കഥ ഉണ്ടാക്കി തനിനിറം പത്രത്തിൽ കൊടുത്തു. അധ്യാപകരുടെ അവിഹിതമെന്ന മട്ടിലായിരുന്നു വാർത്ത. കുഞ്ഞുണ്ണി മാഷ് അവിവാഹിതനായിരുന്നു. ഈ അപവാദകഥയാണ് സത്യത്തിൽ ഞങ്ങൾ തമ്മിൽ അടുപ്പം ഉണ്ടാകാനിടയാക്കിയത്. ഞാൻ കാരണം മാഷിന് ചീത്തപ്പേര് ഉണ്ടായതിൽ വിഷമിച്ച് കോഴിക്കോട് സിറ്റിയിലെ ഒരു സ്‌കൂളിലേക്ക് ഞാൻ സ്ഥലം മാറ്റം വാങ്ങി . കുറച്ചു വർഷം കഴിഞ്ഞപ്പോൾ മാഷ് എന്നെ തേടി വന്നു. ഞങ്ങൾ തമ്മിൽ അപ്പോഴേക്കും മനസ്സ് കൊണ്ടടുത്തു. ഏകദേശം പത്തു വര്ഷം ആരും അറിയാതെ ഞങ്ങളുടെ സ്നേഹബന്ധം മുന്നോട്ടു പോയി. തമിഴ് ബ്രാഹ്മണനായ കുഞ്ഞുണ്ണി മാഷിന്റെ കുടുംബം സ്വാഭാവികമായും ഞങ്ങളുടെ ബന്ധത്തെ അനുകൂലിച്ചില്ല.സത്‌സ്വഭാവിയും പൊതുകാര്യപ്രസക്തനുമായ കുഞ്ഞുണ്ണി വെങ്കിടങ്ങ് മറ്റൊരു ജാതിയിൽപ്പെട്ട രണ്ടു മക്കളുള്ള സ്ത്രീയുടെ വലയിൽ വീണു എന്നാകുമല്ലോ ആഖ്യാനം. പക്ഷെ മാഷ് ഉറച്ചു നിന്നു . വിവാഹം രെജിസ്റ്റാറാപ്പീസിൽ നടന്നു. മാഷിന്റെ സംരക്ഷണയിലായിരുന്നു അമ്മയും അരക്ക് താഴെ സ്വാധീനമില്ലാത്ത മൂത്ത സഹോദരിയും. കോഴിക്കോട് വീടെടുത്ത് എല്ലാവര്ക്കും കൂടി താമസിക്കാമെന്ന് മാഷ് നിർദേശിച്ചു. എന്റെ രണ്ടു മക്കളെയും നാട്ടിൽ നിന്നും കൂട്ടികൊണ്ടുവരാനും തീരുമാനിച്ചു. എന്നാൽ നാട്ടിൽ ചെന്നപ്പോൾ എന്റെ കുടുംബക്കാർ എന്നെ ശാരീരികമായി വരെ ആക്രമിച്ചു. അവർ എന്നെ ആട്ടിപ്പായിച്ചു. എന്റെ രണ്ടാം വിവാഹം അവർ അംഗീകരിച്ചില്ല. വളരെ ബുദ്ധിമുട്ടി മക്കളെയും കൊണ്ട് ഞാൻ രക്ഷപെട്ട് മാഷിന്റെ അരുകിലെത്തി . രണ്ടു മക്കളും മാഷിനെ അച്ചനായി തന്നെ കരുതി. അദ്ദേഹവും സ്വന്തം മക്കളായി അവരെ വളർത്തി. പിന്നീട് ഞങ്ങൾക്ക് രണ്ടു മക്കൾ കൂടി ഉണ്ടായി. എന്റെ മുപ്പതാം വയസ്സിലാണ് രണ്ടാം വിവാഹം. ജീവിതം പിന്നീട് പൂർണമായും സ്നേഹനിര്ഭരമായിരുന്നു . മാഷ് തുടർന്ന് പഠിച്ചു ഉന്നതവിദ്യാഭ്യാസം നേടി കോളേജിൽ പ്രഫസ്സറായി . ഹിന്ദിയായിരുന്നു മാഷിന്റെ വിഷയം .കഥയും കവിതയുമൊക്കെ എഴുതിയിരുന്നു. ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും മാഷെന്നെയും മക്കളെയും പൊന്നുപോലെ നോക്കി. എന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകി. ഞാൻ എവിടെയെങ്കിലും പോയി മടങ്ങി വരുമ്പോൾ എത്ര വൈകിയാലും എന്നെയും കാത്ത് ഉറങ്ങാതെയിരിക്കും. ഞങ്ങളുടെ ഒരു മകൾ അപ്രതീക്ഷിതമായി ഞങ്ങളെ വിട്ടുപോയി, അവളുടെ 22 വയസ്സിൽ. അതൊഴിച്ചാൽ ജീവിതം സന്തുഷ്ടകരമായിരുന്നു. 33 വർഷത്തെ ദാമ്പത്യം മാതൃകാപരമായിരുന്നു.
?? ആദ്യ ഭർത്താവ് പാച്ചുവുമായി പിന്നീട് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിട്ടുണ്ടോ ?
** അയാളുമായി പിന്നെ ഒന്നുമുണ്ടായിട്ടില്ല. പക്ഷേ വളരെ വർഷങ്ങൾക്ക് ശേഷം ഒരു ദിവസം എനിക്കൊരു ഫോൺകോൾ വന്നു. അ യാളുടെ ഒപ്പം ജീവിതം തുടങ്ങിയ ഓമനയായിരുന്നു അത്. ചേച്ചി എന്നെ രക്ഷിക്കണം എന്നും പറഞ്ഞു കരഞ്ഞു വിളിച്ചാണ് അവർ സംസാരിച്ചത്. അവർക്ക് രണ്ടു മക്കൾ ഉണ്ടായിരുന്നു. മകളെ അയാൾ ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നുമാണ് ഓമന ആവശ്യപ്പെട്ടത്. ഉടനെ തന്നെ കുഞ്ഞുണ്ണി മാഷ് മുൻകൈ എടുത്ത് കുട്ടിയെ കോഴിക്കോട്ടേക്ക് വരുത്തി. ഞങ്ങളുടെ നാലു മക്കൾക്കൊപ്പം അവളും വളർന്നു.അഞ്ചു മക്കൾക്കും കുഞ്ഞുണ്ണി മാഷ് അച്ഛനായിരുന്നു. അച്ഛനും മക്കളും ഒറ്റക്കെട്ടായിരുന്നു. ഓമനയുടെ മകളെ പഠിപ്പിക്കുകയും ഒരു ജോലിയാക്കി കൊടുക്കുകയും ചെയ്തു. അവളുടെ വിവാഹത്തിന് ഞങ്ങൾ പോയി. ആഭരണവും സമ്മാനങ്ങളും കൊടുത്തു.അടുത്തയിടെ അവളുടെ മകളുടെ വിവാഹം നടന്നപ്പോഴും ഞങ്ങളെല്ലാവരും പോയിരുന്നു. പാച്ചു മരിച്ചു കഴിഞ്ഞ് എന്റെ മകനാണ് പലപ്പോഴും ഓമനക്ക് പണം അയച്ചു കൊടുത്ത് സഹായിച്ചിരുന്നത് .

?? കുടുംബപ്രാരാബ്ദത്തിനൊപ്പം സജീവമായ രാഷ്ട്രീയ,സാഹിത്യ പ്രവർത്തനങ്ങൾ എങ്ങനെയാണ് സാധ്യമായത് ?
** മുഴുവൻ സമയവും ഞാൻ ഞാൻ പ്രവർത്തന നിരതയായിരുന്നു. കെഎസ് ടി എ യുടെ ഭാരവാഹിയായിരുന്നു , സിപിഐ എം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. സാക്ഷരതാപ്രസ്ഥാനത്തിൽ അഞ്ചു വര്ഷം പ്രോജക്ട് കോർഡിനേറ്റർ ആയി പ്രവർത്തിച്ചു. ജനകീയാസൂത്രണത്തിൽ പൂർണമായും ഇടപെട്ടു. ഇടക്ക് കോഴിക്കോട് കോര്പറേഷന് കൗണ്സിലറായി. ഹെൽത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിരുന്നു. പുരോഗമന കല സാഹിത്യ സംഘം , സാഹിത്യ പ്രവർത്തക സഹകരണ സംഘം,എന്നിവയും എന്റെ പ്രവർത്തന മേഖലകളാണ് . തളിര് മാസികയുടെ പത്രാധിപ സമിതി അംഗമായിരുന്നു. നന്മ എന്ന സംഘടനയുടെ സംസ്ഥാന നേതൃതലത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം സഞ്ചരിച്ചു. ഇന്ത്യ ഒട്ടുക്കും യാത്ര ചെയ്തു. വീട്ടിലെ കാര്യങ്ങളും മക്കളുടെ ഉത്തരവാദിത്വവും മാഷ് ഏറ്റെടുത്തു. എന്നെ സ്വതന്ത്രയായി വിട്ടു.
?? ഇതിനൊക്കെ പുറമേ സർഗാത്മകസാഹിത്യമേഖലയിൽ ഇടവേള ഉണ്ടായിട്ടില്ലല്ലോ. നാടകം , കഥ, നോവൽ തുടങ്ങി എല്ലാ സാഹിത്യ രൂപങ്ങളും പരീക്ഷിച്ചിട്ടുണ്ടല്ലോ. എന്നാണ് എഴുതി തുടങ്ങിയത് ?
** ആദ്യത്തെ ചെറുകഥ ‘ സമാന്തരങ്ങളിൽ സഞ്ചരിക്കുന്നവർ ‘ മലയാള നാട്ടിലാണ് അച്ചടിച്ച് വന്നത്. കുഞ്ഞുണ്ണി മാഷുമായുള്ള പ്രണയകാലത്ത് എഴുതിയതാണ്. പിന്നീട് ധാരാളം കഹകളും റേഡിയോ നാടകങ്ങളും എഴുതി. ആദ്യ നോവൽ —– ആണ്. പാർശ്വവത്കരിക്കപ്പെട്ടവരുടെ കഥ എഴുതുവാൻ എനിക്ക് പ്രത്യേക താത്പര്യമാണ്. എല്ലാത്തിലും കൃത്യമായ രാഷ്ട്രീയവും ഉണ്ടാകും. രാഷ്ട്രീയമില്ലാത്ത ഒന്നുമില്ല.

?? ഓരോ നോവലും എഴുതുന്നത് പ്രമേയത്തിനാവശ്യമായ ഗവേഷണവും പഠനവും നടത്തിയിട്ടാണല്ലോ. ഉദാഹരണത്തിന് ശിവകാമി ? ട്രാൻസ് വ്യക്തികളുടെ ജീവിതം ആഴത്തിൽ പേടിച്ചാണ് ഈ നോവൽ എഴുതിയിരിക്കുന്നത് . എങ്ങനെയാണത് സാധ്യമായത് ?
** ആരെ കുറിച്ചാണോ എഴുതുന്നത് അവരുടെ ജീവിതം മനസ്സിലാക്കാതെ കഥ പറയാനാവില്ല. ശിവകാമി എഴുതിയതിന്റെ അനുഭവം വിവരണാതീതമാണ്. ബാംഗ്ളൂരിൽ ഞാൻ പോയി അവരുടെയൊപ്പം താമസിച്ചാണ് ആ ജീവിതം മനസ്സിലാക്കിയത്. അതീവ ദുരിതപൂർണമായ ജീവിതമാണത്. പട്ടണപ്രാന്തത്തിലുള്ള ഹമാമിലാണ് അവരുടെ വാസം. വ്യത്യസ്തമായ ഒരു ലോകമാണത്. ഇപ്പോഴും ഏറ്റവും പ്രാകൃതമായ രീതിയിൽ ലിംഗമാറ്റശസ്ത്രക്രിയകൾ അവിടെ നടക്കുന്നുണ്ട്. വലിയ ആചാരമാണത്. ശസ്ത്രക്രിയയെ തുടർന്ന് മരണം സംഭവിച്ചാൽ കുഴിച്ചിടാനുള്ള കുഴി എടുത്തിട്ടാണ് അത് നടക്കുന്നത്. വലിയ ആശുപത്രികളിൽ പോയി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനുള്ള പണം പലർക്കും ഉണ്ടാവില്ലല്ലോ. അവരുടെ കാര്യങ്ങൾ ശിവകാമിയിൽ ഞാൻ സത്യസന്ധമായി എഴുതിയിട്ടുണ്ട്.

?? ശൈലമുഖി പൂക്കൾ മൂന്നാറിലെ തോട്ടം തോഴിലാളി ജീവിതമാണല്ലോ.?
** അതെ . പെമ്പിളൈ ഒരുമൈയുടെ നേതാവ് ഗോമതിയുടെ വീട്ടിൽ താമസിച്ചാണ് ആ നോവൽ എഴുതിയത്. പല തലങ്ങളിലുള്ള ചൂഷണത്തിനാണ് അവർ വിധേയരാകുന്നത്, പ്രത്യേകിച്ചും സ്ത്രീകൾ . ഏത് വിഭാഗത്തിലെയും സ്ത്രീകൾക്ക് ദുരിതപൂര്ണമി ജീവിതമാണ് . ‘എന്റെ മാത്രം കുരിശ് ‘ കന്യാസ്ത്രീകളെ കുറിച്ചാണ്. ‘ഇരുനിറ പക്ഷികൾ ‘ കോഴിക്കോട് നടന്ന സംഭവത്തെ അസോഠമാക്കി ഞാൻ എഴുതിയതാണ്. 80 വയസ്സുള്ള ഒരാൾ യുവതിയായ ഒരു അധ്യാപികയെ വിവാഹം ചെയ്തതും അത് പിന്നീ ട് വലിയ പ്രശ്നങ്ങളിലേക്ക് പോയതുമാണ്. ഞാൻ ഇടപെട്ട കേസാണിത് .
?? ഏറ്റവും പുതിയ നോവലായ ‘നോവ് ‘ എഴുതാനുള്ള പ്രചോദനം എന്തായിരുന്നു ?
** ഒരു പ്രത്യേക സാഹചര്യത്തിലാണത് എഴുതാൻ തീരുമാനിച്ചത്. ഞാൻ ഹെൽത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിരുന്നപ്പോൾ ഹോസ്പിറ്റൽ ഡെവലപ്മെന്റ് കമ്മിറ്റിയിൽ അംഗമായിരുന്നു .അപ്പോഴാണ് മെഡിക്കൽ കോളേജിൽ നടക്കുന്ന ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചത്. പർച്ചെയിസിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്ന് തന്നെ ഞാൻ ചോദ്യം ചെയ്തിട്ടുണ്ട്. രോഗികളോടുള്ള പലരുടെയും സമീപനമാണ് മറ്റൊരു ഗൗരവമുള്ള കാര്യം. വളരെ മോശപ്പെട്ട പെരുമാറ്റമാണ് പലർക്കും. ആഗോള ഫർമസ്യുട്ടിക്കൽ കമ്പനിയുമായുള്ള അവിഹിത കൂട്ടുകെട്ട് വ്യക്തമാണ്. ഇതെല്ലം ഞാൻ നോവലിൽ കൊണ്ട് വന്നിട്ടുണ്ട്. ചില്ലറ വിവാദമൊക്കെ ഉണ്ടാകാനും സാധ്യതയുണ്ട്.

?? അടുത്ത നോവലിന്റെ പണിപ്പുരയിലാണോ ?
** അടുത്തത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ആസ്പദമാക്കിയാണ്. അതിനായി ആലപ്പുഴയിൽ പോയി അവരുടെ ജീവിതം കുറേ കണ്ടു. ചെമ്മീൻ ഫാക്ടറികളിൽ ക്രൂരമായ ചൂഷണമാണ് നമ്മുടെ പെൺകുട്ടികൾ അനുഭവിക്കുന്നത്. ആരും അത്ര ഗൗരവമായിട്ടെടുക്കാത്ത പ്രശ്നങ്ങളാണിത് . അവരുടെ ജീവിതം പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.
———————-




