
“ഭാരതത്തിൽ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും കഷ്ടപ്പെടുന്നവരുമായ എല്ലാ മനുഷ്യരുടെയും വസന്തകാലം വിരിയും.
ആ വസന്തത്തിന്റെ ഉദയം കാണാൻ അതിയായി ആഗ്രഹിക്കുന്ന എനിക്ക് അതിനു കഴിഞ്ഞില്ലെങ്കിലും ദുഃഖമില്ല. എന്റെ സഖാക്കൾ അതു കാണുകതന്നെ ചെയ്യും.”

ഈ വരികൾ വലിയൊരു സ്‌ക്രീനിൽ തെളിഞ്ഞുവരുമ്പോൾ, കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ അമൂല്യമായ ഒരേട് നമ്മുടെ മുന്നിൽ തുറക്കുന്നതുപോലെ തോന്നും.
ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു മ്യൂസിയം മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ സ്വപ്നങ്ങളും പോരാട്ടങ്ങളും പ്രതീക്ഷകളും ഓർമ്മകളും സൂക്ഷിച്ചുവെച്ചിരിക്കുന്ന ഒരിടമാണിത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും ഉജ്ജ്വലമായ ഏടുകളിൽ ഒന്നാണ് എ.കെ. ഗോപാലൻ അഥവാ എ.കെ.ജിയുടെ ജീവിതം. എ കെ ജിയുടെ ജന്മനാടായ കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിലാണ് അദ്ദേഹത്തെ ഓർമ്മിക്കുന്നതിനായി മനോഹരമായ ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
അഞ്ചരക്കണ്ടി പുഴയുടെ അരികിൽ പള്ളിയത്ത് വിശാലമായ ക്യാമ്പസിലാണ് മ്യൂസിയം. കെട്ടിടത്തിന്റെ രൂപകൽപ്പനയിലും മ്യൂസിയത്തിന്റെ സജ്ജീകരണത്തിലും ഒരേസമയം ലാളിത്യവും ഭംഗിയുമുണ്ട്. കേരളത്തിലെ മനോഹരമായ മ്യൂസിയങ്ങളിൽ ഒന്നായി താരതമ്യേന പുതിയ ഈ മ്യൂസിയം ശ്രദ്ധിക്കപ്പെടും.
രണ്ട് നിലകളിലായി ആറ് ഗ്യാലറികളിലൂടെയാണ് എ.കെ.ജിയുടെ ജീവിതവും രാഷ്ട്രീയപ്രവർത്തനവും അവതരിപ്പിക്കുന്നത്.എന്നാൽ ഇത് പരമ്പരാഗത അർത്ഥത്തിലുള്ള ഒരു മ്യൂസിയമല്ല.ഫോട്ടോകളും രേഖകളും വസ്തുക്കളും മാത്രം പ്രദർശിപ്പിക്കുന്നതിനുപകരം, ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യകളും ഡോക്യുമെന്ററികളും പുനഃസൃഷ്ടികളും ഉൾപ്പെടുത്തി ഒരു അനുഭവമായി ചരിത്രത്തെ മുന്നിലെത്തിക്കുകയാണ്.

എ.കെ.ജിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെ ഗ്യാലറികൾ നമ്മെ കൊണ്ടുപോകുന്നു — ഗുരുവായൂർ സത്യാഗ്രഹം, പട്ടിണി സമരം, അമരാവതിയിലെ ഭൂസമരം, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിവിധ പ്രക്ഷോഭങ്ങൾ, സ്വാതന്ത്ര്യസമരകാലത്തെ ഇടപെടലുകൾ, പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്നിവയെല്ലാം.

മലബാറിലെ കർഷകജീവിതം, ജാതിവ്യവസ്ഥ, ദേശീയപ്രസ്ഥാനം, തൊഴിലാളി-കർഷക സമരങ്ങൾ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ച എന്നിവയെല്ലാം ഇവിടെ ഓർമ്മപ്പെടുത്തുന്നുണ്ട്. എ കെ ജി ജീവിച്ച കാലഘട്ടത്തിലെ സാമൂഹികവും രാഷ്ട്രീയവുമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ജീവിതം അവതരിപ്പിക്കാൻ മ്യൂസിയം ശ്രമിക്കുന്നുണ്ട്.
ഇന്ത്യൻ പാർലമെന്റിലെ ആദ്യത്തെ പ്രതിപക്ഷനേതാവെന്ന നിലയിൽ എ.കെ.ജി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് ഓർമ്മിക്കപ്പെടുന്ന ഒരു വാചകം ഇപ്പോഴും പ്രസക്തമാണ്: “My English may be broken, but the cause I represent never is.”
“എന്റെ ഇംഗ്ലീഷ് തെറ്റുകൾ നിറഞ്ഞതായിരിക്കാം; എന്നാൽ ഞാൻ പ്രതിനിധീകരിക്കുന്ന ലക്ഷ്യം ഒരിക്കലും തെറ്റില്ല.” ഒരു കാലത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന വരേണ്യ രാഷ്ട്രീയലോകത്തിന് പുറത്തുനിന്ന് ഇന്ത്യൻ പാർലമെന്റിലെത്തിയ ഒരു തൊഴിലാളി നേതാവിന്റെ ആത്മവിശ്വാസം ആ വാക്കുകളിൽ കാണാം.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മ്യൂസിയത്തിന്റെ നിർമ്മാണവും മനോഹരമായ അവതരണവും നിർവഹിച്ചിരിക്കുന്നത്. ചരിത്രത്തെ ആധുനിക മ്യൂസിയം സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിൽ ഇവർ അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
ഒരു രാഷ്ട്രീയ നേതാവിന്റെ ജീവിതത്തെക്കുറിച്ചുള്ള പ്രദർശനം കാണാനെത്തിയതാണെങ്കിലും, പുറത്തേക്ക് ഇറങ്ങുമ്പോൾ അനുഭവപ്പെട്ടത് ഒരു വ്യക്തിയുടെ ഓർമ്മ മാത്രമല്ല — കേരളം കടന്നുവന്ന ഒരു വലിയ സാമൂഹിക-രാഷ്ട്രീയ യാത്രയുടെ ഓർമ്മ കൂടിയായിരുന്നു.
ചരിത്രത്തെ വെറുതേ വായിക്കുകയല്ല, കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യണമെങ്കിൽ പെരളശ്ശേരിയിലെ എ.കെ.ജി മ്യൂസിയം സന്ദർശിക്കേണ്ടതാണ്. കണ്ണൂർ വഴി യാത്ര ചെയ്യുന്നവർ, പ്രത്യേകിച്ച് കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ താൽപര്യമുള്ളവർ, ഈ മ്യൂസിയം കാണാതെ പോകരുത്.
(ഈ ലേഖനത്തോടെ ചിന്ത ഒരു പുതിയ പരമ്പര ആരംഭിക്കുകയാണ്.കേരളത്തിലെ ചെറുതും വലുതുമായ പ്രാദേശിക മ്യൂസിയങ്ങളിലൂടെ ഒരു യാത്ര.
പ്രാദേശിക മ്യൂസിയങ്ങളുടെ ഏറ്റവും വലിയ പ്രാധാന്യം, ദേശീയ ചരിത്രത്തിന്റെ ഇടയിൽ മറഞ്ഞുപോകുന്ന പ്രാദേശിക മനുഷ്യരുടെ ചരിത്രത്തെ സംരക്ഷിക്കുക എന്നതാണ്.
ഇത്തരം മ്യൂസിയങ്ങൾ പ്രാദേശിക സമൂഹത്തിന്റെ collective memory സംരക്ഷിക്കുന്ന സ്ഥാപനങ്ങളാണ്. പഴയ ഫോട്ടോകൾ, കത്തുകൾ, പത്രങ്ങൾ, രേഖകൾ, വസ്തുക്കൾ, ശബ്ദരേഖകൾ, വ്യക്തികളുടെ ഓർമ്മകൾ തുടങ്ങിയവ ഒരിടത്ത് ശേഖരിക്കപ്പെടുന്നു. ഒരു തലമുറ കഴിഞ്ഞാൽ അവയിൽ പലതും അപ്രത്യക്ഷമാകും. അപ്പോഴാണ് ഇത്തരം മ്യൂസിയങ്ങൾ പ്രധാനമാവുന്നത്.
പ്രാദേശിക മ്യൂസിയങ്ങൾ ഒരു വ്യക്തിയുടെയോ ഒരു പ്രദേശത്തിന്റെയോ ഓർമ്മകൾ സൂക്ഷിക്കുന്ന ഇടങ്ങൾ മാത്രമല്ല. വലിയ ചരിത്രത്തിന്റെ അരികുകളിൽ മറഞ്ഞുപോകുന്ന മനുഷ്യരുടെ ജീവിതവും പോരാട്ടങ്ങളും അവിടെ വീണ്ടും ദൃശ്യമാകുന്നു. ചരിത്രം നടന്ന മണ്ണിൽ നിന്ന് ചരിത്രത്തെ തിരിച്ചറിയാനുള്ള അവസരമാണ് അവ. അതുകൊണ്ടുതന്നെ ഒരു സമൂഹത്തിന്റെ ഓർമ്മയും അതിന്റെ ആത്മബോധവും സംരക്ഷിക്കുന്ന ജനാധിപത്യ സ്ഥാപനങ്ങളാണ് പ്രാദേശിക മ്യൂസിയങ്ങൾ. ഇവയിലൂടെയുള്ള യാത്ര കേരളത്തിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ്. ഈ പരമ്പര നിങ്ങൾ ശ്രദ്ധിക്കും എന്ന് കരുതട്ടെ.)
ചിത്രങ്ങൾ: ജി സാജൻ, ബിന്ദു സാജൻ




