കലഹത്തിന്റെ കലാഭൂമിക

കെ എ നിധിൻ നാഥ്‌

I piss on the graves of those who ban music and freedom.”: ഡിജാം (2017)

ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ഡിജാം ഭരണകൂട വ്യവസ്ഥിതിയോടും സ്വാതന്ത്ര്യം നിഷേധിക്കുന്നവരോടുമുള്ള തന്റെ അമർഷം പ്രകടിപ്പിക്കുന്നത് ഈ വാക്കുകളിലൂടെയാണ്. സിനിമയിലെ സംഭാഷണം എന്നതിനപ്പുറം ടോണി ഗാറ്റ്‌ലിഫ് തന്റെ ചലച്ചിത്ര ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച ആശയങ്ങളുടെ ആകെത്തുകയാണ് ഈ ഡയലോഗ്. സംഗീതം പോലെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ആനന്ദിപ്പിക്കുന്ന ഒന്നിനെ നിരോധിക്കുന്ന ഏകാധിപതികളോട് മരണശേഷവും ക്ഷമിക്കാൻ താൻ തയ്യാറല്ലെന്ന കടുത്ത രാഷ്ട്രീയ നിലപാടാണ് ഡിജാം ഇതിലൂടെ പ്രഖ്യാപിക്കുന്നത്‌. തന്റെ ജീവിതത്തിലുടനീളം സിനിമയിലും പുറത്തും നടത്തിയ കലഹങ്ങളുടെ പേരിലാണ്‌ ഗാറ്റ്‌ലിഫിനെ ചരിത്രം അടയാളപെടുത്തുന്നുണ്ട്‌.
ഫാസിസ്റ്റ് ഭരണകൂടങ്ങളും ഭീകരവാദ ഗ്രൂപ്പുകളും ലോകത്തിന്റെ പല ഭാഗങ്ങളിലും സംഗീതവും കലകളും നിരോധിക്കാറുണ്ട്. അത്തരം അടിച്ചമർത്തലുകൾക്കെതിരെ കലഹിക്കാൻ ഭയമില്ലാത്ത ഒരു സ്വതന്ത്ര തലമുറയുടെ ശബ്ദമായാണ്‌ ഗാറ്റ്‌ലിഫ്‌ എന്ന നാടോടിയും അദ്ദേഹത്തിന്റെ സിനിമകളും നിലകൊണ്ടിട്ടുള്ളത്‌.

ടോണി ഗാറ്റ്‌ലിഫ് സിനിമകളിൽ കാണിച്ച അതിരുകളില്ലാത്ത ലോകവും, നാടോടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളും അദ്ദേഹത്തിന്റെ തന്നെ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ്‌. അതിനാൽ തന്നെ വ്യക്തിജീവിതവും അദ്ദേഹത്തിന്റെ സിനിമകളും തമ്മിൽ വേർതിരിക്കാനാവാത്ത ബന്ധമാണുള്ളത്. താൻ ജീവിച്ചുതീർത്ത കയ്പേറിയ അനുഭവങ്ങളും സ്വന്തം സ്വത്വവുമാണ് അദ്ദേഹം സിനിമകളിലേക്ക് പകർത്തിയത്. അൾജീരിയയിൽ ഒരു അൾജീരിയൻ-റോമാനി (ജിപ്സി) പിതാവിനും സ്പാനിഷ്-റോമാനി മാതാവിനും ജനിച്ച ആളാണ് ഗാറ്റ്‌ലിഫ്. വംശീയമായി പാർശ്വവൽക്കരിക്കപ്പെട്ട രണ്ട് സംസ്കാരങ്ങളുടെ പശ്ചാത്തലത്തിൽ വളർന്നതുകൊണ്ട് തന്നെ, ജിപ്സി ജനത അനുഭവിക്കുന്ന വിവേചനവും അന്യവൽക്കരണവും അദ്ദേഹം നേരിട്ട് അറിഞ്ഞു. ഇതാണ് തന്റെ ജനതയുടെ കഥകൾ ലോകത്തോട് വിളിച്ചുപറയാൻ അദ്ദേഹത്തിന് പ്രേരണയായത്. അൾജീരിയൻ സ്വാതന്ത്ര്യ സമരകാലത്ത് കൗമാരക്കാരനായിരുന്ന ഗാറ്റ്‌ലിഫ്, യുദ്ധം ഭയന്ന് ഫ്രാൻസിലേക്ക് പലായനം ചെയ്തു. ഒരു അഭയാർഥിയായി ഫ്രാൻസിലെത്തിയ അദ്ദേഹത്തിന് അവിടെ തെരുവ് ജീവിതം നയിക്കേണ്ടി വന്നു. രേഖകളില്ലാതെ തെരുവിൽ കഴിഞ്ഞ ആ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകളിലെ ‘നാടോടി– -അഭയാർഥി’ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. ഫ്രാൻസിലെ തെരുവ് ജീവിതത്തിനിടയിൽ മോഷണക്കുറ്റത്തിന് അദ്ദേഹം ജുവനൈൽ ഹോമിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്. പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട് സിനിമയോടുള്ള താൽപര്യം കൊണ്ട് നാടകങ്ങളിൽ സജീവമായി. മുഖ്യധാരാ സമൂഹം ‘കുറ്റവാളികൾ’ എന്ന് മുദ്രകുത്തുന്ന മനുഷ്യരുടെ ഉള്ളിലെ നന്മയും ആത്മാഭിമാനവും തുറന്നുകാട്ടാൻ ഗാറ്റ്‌ലിഫിന് സാധിച്ചത് ഈ തെരുവ് ജീവിതം കൊണ്ടാണ്.

ടോണി ഗാറ്റ്‌ലിഫ്

ഗാറ്റ്‌ലിഫ്‌ സിനിമകളുടെ രാഷ്ട്രീയം പ്രധാനമായും ജിപ്സി ജനതയുടെ അതിജീവനവും, നാടോടി സംസ്കാരവും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളുമാണ്. യൂറോപ്യൻ മുഖ്യധാരാ സമൂഹം അന്യവൽക്കരിച്ച റൊമാനി വംശജരുടെ കഥകൾ അവരുടെ തന്നെ കാഴ്ചപ്പാടിലൂടെ സിനിമയാക്കി മാറ്റിയതിലാണ് ഗാറ്റ്‌ലിഫിന്റെ രാഷ്ട്രീയം അടങ്ങിയിരിക്കുന്നത്. മുഖ്യധാരാ സിനിമകൾ പലപ്പോഴും ജിപ്സികളെ കുറ്റവാളികളായോ അല്ലെങ്കിൽ വെറും യാചകരായ ഇരകളായോയാണ് കാണിക്കാറുള്ളത്. എന്നാൽ ഗാറ്റ്‌ലിഫ് തന്റെ കഥാപാത്രങ്ങളെ ആത്മാഭിമാനമുള്ളവരും, സ്‌നേഹിക്കാനും ആഘോഷിക്കാനും അറിയുന്നവരുമായാണ്‌ അടയാളപ്പെടുത്തിയിട്ടുള്ളത്‌.

ഗാറ്റ്‌ലിഫ് സിനിമകളിൽ സംഗീതം കേവലം വിനോദമല്ല, മറിച്ച് പ്രതിരോധത്തിന്റെ ഭാഷയാണ്. ലാച്ചോ ഡ്രോം , ഗാഡ്ജോ ഡി ലോ തുടങ്ങിയ സിനിമകളിൽ റൊമാനി ജനതയുടെ നൂറ്റാണ്ടുകൾ നീണ്ട പലായനത്തിന്റെ ചരിത്രവും വേദനകളും അദ്ദേഹം സംഗീതത്തിലൂടെയാണ് ആവിഷ്കരിക്കുന്നത്. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ ചെയ്യാൻ കഴിയാത്ത രാഷ്ട്രീയം അദ്ദേഹത്തിന്റെ സിനിമയിലെ സംഗീതത്തിലൂടെയാണ്‌ സംസാരിക്കുന്നത്‌. ഗാറ്റ്‌ലിഫിന്റെ സിനിമകളുടെ ജീവൻ സംഗീതമാണ്. ജിപ്സി സംസ്കാരത്തിൽ സംഗീതം എന്നത് കേവലം വിനോദമല്ല, മറിച്ച് തലമുറകളായി കൈമാറിവരുന്ന ചരിത്രവും സങ്കടങ്ങളും അതിജീവനവുമാണ്. കുട്ടിക്കാലം മുതൽ തന്റെ അമ്മയിൽ നിന്നും സമൂഹത്തിൽ നിന്നും ഉൾക്കൊണ്ട ആ നാടോടി സംഗീത പാരമ്പര്യമാണ് ലാച്ചോ ഡ്രോം, വെംഗോ തുടങ്ങിയ വിഖ്യാത മ്യൂസിക്കൽ സിനിമകൾ നിർമ്മിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

നാടോടി ജീവിതം നയിക്കുന്ന ജിപ്സികൾക്ക് ഭൂമിശാസ്ത്രപരമായ അതിരുകളോ രേഖകളോ അപ്രസക്തമാണ്. ഗാറ്റ്‌ലിഫിന്റെ സിനിമകൾ ദേശരാഷ്ട്രങ്ങളുടെ കർശനമായ നിയമങ്ങളെയും വേലിക്കെട്ടുകളെയും നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്‌. കോർക്കോറോ എന്ന സിനിമയിലൂടെ രണ്ടാം ലോകയുദ്ധകാലത്ത് നാസികൾ ജൂതന്മാരെപ്പോലെ തന്നെ ജിപ്സി ജനതയെയും വംശഹത്യയ്ക്ക് ഇരയാക്കിയ ചരിത്രം ഓർമപെടുത്തുന്നുണ്ട്‌. ചരിത്രം മറന്നുപോയ ഒരു ജനതയുടെ വിലാപമാണത്. ഗാഡ്ജോ ഡി ലോ (അർഥം: ഭ്രാന്തനായ അന്യൻ) എന്ന ചിത്രത്തിൽ ഒരു ഫ്രഞ്ചുകാരൻ ജിപ്സി ഗ്രാമത്തിലേക്ക് വരുന്നതാണ് പ്രമേയം. പൊതുസമൂഹം ജിപ്സികളെ അന്യരായി കാണുമ്പോൾ, ജിപ്സികളുടെ ലോകത്ത് പൊതുസമൂഹത്തിൽ നിന്നുള്ളയാൾ എങ്ങനെ അന്യനാകുന്നു എന്ന തിരിമറിയിലൂടെ വംശീയമായ മുൻവിധികളെ അദ്ദേഹം പൊളിച്ചെഴുതുകയാണ്‌. ഇത്തരത്തിൽ ലോകസിനിമയിൽ നാടോടികളുടെയും അഭയാർഥികളുടെയും സ്വത്വത്തെയും സ്വാതന്ത്ര്യത്തെയും ഇത്രമേൽ ശക്തമായി അടയാളപ്പെടുത്തിയ മറ്റൊരു ചലച്ചിത്ര പ്രവർത്തകനില്ല.

സിനിമ പഠിച്ചല്ല ഗാറ്റ്‌ലിഫ് സംവിധായകനായത്, ജീവിതം കണ്ടാണ്. അതുകൊണ്ട് തന്നെ തന്റെ സിനിമകളിൽ പ്രൊഫഷണൽ അഭിനേതാക്കൾക്ക് പകരം യഥാർഥ ജിപ്സി ജനങ്ങളെത്തന്നെയാണ് അദ്ദേഹം അഭിനയിപ്പിച്ചത്. സിനിമയിലെ നാടകീയതയേക്കാൾ ജീവിതത്തിന്റെ സ്വാഭാവികതയ്ക്കാണ് അദ്ദേഹം പ്രാധാന്യം നൽകിയത്.

ടോണി ഗാറ്റ്‌ലിഫിന്റെ സിനിമകളിൽ ഫ്ലെമെങ്കോ കേവലം ഒരു വിനോദോപാധിയോ നൃത്തരൂപമോ അല്ല. അത് നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ വേദനയും ക്രോധവും പ്രതിരോധവും പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധമാണ്. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിൽ ഫ്ലെമെങ്കോ എന്നാൽ തങ്ങളെ അടിച്ചമർത്തുന്ന വ്യവസ്ഥിതിയോട് തലയുയർത്തിപ്പിടിച്ച് ജിപ്സി ജനത നടത്തുന്ന സാംസ്കാരികമായ യുദ്ധപ്രഖ്യാപനമാണ്. സ്‌പെയിനിലെ ജിപ്സികൾ (റൊമാനി ജനത), മൂറുകൾ, ജൂതന്മാർ എന്നിവർ നേരിട്ട കഠിനമായ വംശീയ പീഡനങ്ങളിൽ നിന്നും നാടുകടത്തലുകളിൽ നിന്നുമാണ് ഫ്ലെമെങ്കോ ജനിക്കുന്നത്.

ഗാറ്റ്‌ലിഫിന്റെ വെംഗോ സിനിമയിൽ ഈ ചരിത്രപരമായ വിലാപവും വേരുകളില്ലാത്ത മനുഷ്യരുടെ ആത്മസംഘർഷങ്ങളും സംഗീതത്തിലൂടെ പുറത്തുവരുന്നത്‌. ഫ്ലെമെങ്കോയിലെ പാട്ടുകൾ പലപ്പോഴും ഉച്ചത്തിലുള്ള നിലവിളികളോ അല്ലെങ്കിൽ നെഞ്ചുപൊട്ടുന്ന ആലാപനങ്ങളോ ആണ്. ഭരണകൂടത്തോടും വ്യവസ്ഥിതിയോടുമുള്ള കലഹവും അമർഷവുമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. വാക്കുകളാൽ വിവരിക്കാനാവാത്ത വംശീയ വിവേചനത്തോടുള്ള ശക്തമായ പ്രതിഷേധമായി ഗാറ്റ്‌ലിഫ് ഈ സംഗീതത്തെ മാറ്റുന്നുണ്ട്‌. ഫ്ലെമെങ്കോ നൃത്തത്തിലെ ചുവടുകൾ വളരെ വേഗതയേറിയതും ഭൂമിയിലേക്ക് ആഞ്ഞു ചവിട്ടുന്നതുമാണ്. ഇത് നൃത്തച്ചുവടിനപ്പുറം തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭൂമിയിൽ “ഞങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു” എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ജിപ്സി ജനതയുടെ ആത്മാഭിമാനത്തിന്റെ ചവിട്ടടികളാണ്.

നാടോടികളായ ജിപ്സികൾക്ക് അതിരുകളോ നിയമങ്ങളോ ഇല്ല. ഫ്ലെമെങ്കോ നൃത്തത്തിലെ കൈകളുടെ ചലനങ്ങളും ഭാവങ്ങളും അവരുടെ അടക്കാനാവാത്ത സ്വാതന്ത്ര്യ വാഞ്ഛയെയാണ് കാണിക്കുന്നത്. ഏത് തടവറയ്ക്കുള്ളിലും അവരുടെ മനസ്സിനെ സ്വതന്ത്രമായി നിർത്താൻ ഈ കലാരൂപത്തിന് കഴിയുന്നു. ഒരു ജനതയെ ഇല്ലാതാക്കാൻ അവരുടെ സംസ്കാരത്തെ ഇല്ലാതാക്കിയാൽ മതിയെന്ന് ഗാറ്റ്‌ലിഫ് വിശ്വസിച്ചിരുന്നത്‌. അതുകൊണ്ട് തന്നെ, തങ്ങളുടെ ഭാഷയും ചരിത്രവും രേഖപ്പെടുത്താത്ത ജിപ്സി സമൂഹം അവരുടെ കഥകൾ വരുംതലമുറയ്ക്കായി കാത്തുവെക്കുന്നത് ഫ്ലെമെങ്കോ പാട്ടുകളിലൂടെയാണ്. അതിനാൽ തന്നെ സംഗീതം അവരുടെ സ്വത്വസംരക്ഷണത്തിനായുള്ള പോരാട്ടമാണ് ഗാറ്റ്‌ലിഫ്‌ ആവിഷ്‌കരിക്കുന്നത്‌.

വെംഗോ സിനിമയിലെ ഏറ്റവും ശക്തമായ രംഗങ്ങളിലൊന്ന് ഒരു ശവസംസ്കാര ചടങ്ങുമായി ബന്ധപ്പെട്ടതാണ്. കുടുംബത്തിലെ പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ തകർന്നിരിക്കുന്ന കഥാപാത്രങ്ങൾ ദുഃഖം അടക്കാനാവാതെ ഇരിക്കുകയാണ്. ഇവിടെ അവർ കരയുകയോ പ്രാർഥിക്കുകയോ അല്ല ചെയ്യുന്നത്; പകരം പരമാവധി ഉച്ചത്തിൽ ഫ്ലെമെങ്കോ പാടാൻ തുടങ്ങുന്നു. തുടർന്ന് കസേരകളിൽ ആഞ്ഞടിച്ച് താളമിടുകയും നിലവിളിക്കുന്നതുപോലെ പാടുകയും ചെയ്യുന്നു. മരണത്തിന്റെ നിശബ്ദതയെയും തങ്ങളെ വേട്ടയാടുന്ന വിധിയെയും ജിപ്സികൾ നേരിടുന്നത് ഈ സംഗീതത്തിന്റെ ക്രോധത്തിലൂടെയാണ്. ദുഃഖം പോലും അവിടെ ഒരു പോരാട്ടമായി മാറുന്നു. ലാച്ചോ ഡ്രോം റൊമാനി ജനതയുടെ നൂറ്റാണ്ടുകൾ നീണ്ട പലായനത്തിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയാണ്‌. സ്‌പെയിൻ പശ്ചാത്തലത്തിലുള്ള അവസാന ഭാഗത്ത്, ട്രെയിൻ പാളങ്ങൾക്ക് അരികിലുള്ള ഒരു ജിപ്സി ചേരിയിൽ ഒരു പെൺകുട്ടി ഒറ്റയ്ക്ക് നിന്ന് ഫ്ലെമെങ്കോ പാടുന്ന രംഗമുണ്ട്. ആ പെൺകുട്ടിയുടെ വരികൾ യൂറോപ്യൻ മുഖ്യധാരാ സമൂഹത്തോടുള്ള ചോദ്യങ്ങളാണ്: “എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളെ വെറുക്കുന്നത്? ഞങ്ങൾ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?” എന്നാണ്‌ അവൾ പാടുന്നത്‌. ആ പാട്ടിനൊപ്പം അവൾ കൈകൾ വായുവിൽ വീശി നൃത്തം ചെയ്യുമ്പോൾ, അത് വെറുമൊരു നൃത്തമല്ല, മറിച്ച് ദാരിദ്ര്യത്തോടും വംശീയ അധിക്ഷേപത്തോടും അവൾ നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ്. ആ രംഗം അവസാനിക്കുന്നത് ട്രെയിൻ പാളത്തിലേക്ക് കാർക്കിച്ചു തുപ്പിക്കൊണ്ടാണ്. ഭരണകൂട വ്യവസ്ഥിതിയോടുള്ള ആ ജനതയുടെ കടുത്ത അമർഷം ആ ഒരൊറ്റ ചലനത്തിലൂടെ ഗാറ്റ്‌ലിഫ് കാട്ടിത്തരുന്നുണ്ട്‌. ഗാഡ്ജോ ഡി ലോയിൽ ഫ്രഞ്ചുകാരനായ സ്റ്റെഫാൻ എന്ന യുവാവ് ഒരു ജിപ്സി ഗ്രാമത്തിൽ എത്തിപ്പെടുന്നു. തുടക്കത്തിൽ ജിപ്സികളെക്കുറിച്ചുള്ള വംശീയമായ ഭയവും മുൻവിധികളും അയാൾക്കുണ്ടായിരുന്നു. എന്നാൽ ഒരു രാത്രിയിൽ, കനൽക്കൂട്ടിന് ചുറ്റുമിരുന്ന് അവിടുത്തെ മനുഷ്യർ സംഗീതോപകരണങ്ങൾ വായിക്കുകയും ഫ്ലെമെങ്കോയുടെ റോമാനി വകഭേദമായ നൃത്തം ചെയ്യാനും തുടങ്ങുന്നു. ഈ രംഗത്തിൽ സംഗീതം രണ്ട് വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള പാലമായി മാറുന്നു. സ്റ്റെഫാന്റെ ഉള്ളിലെ “അന്യൻ” എന്ന ഭയം ഉരുകിപ്പോകുന്നത് ആ സംഗീതത്തിന്റെ വന്യമായ ഊർജം കാണുമ്പോഴാണ്. വാക്കുകളില്ലാതെ തന്നെ മനുഷ്യരെ ഒന്നാക്കാനും, ലോകം നിർമിച്ചുവെച്ചിരിക്കുന്ന അതിരുകൾ തകർക്കാനും ജിപ്സി സംഗീതത്തിന് കഴിയുമെന്ന് ഗാറ്റ്‌ലിഫ് ഈ രംഗത്തിലൂടെ പ്രഖ്യാപിക്കുന്നുണ്ട്‌. കോർക്കോറോയിൽ നാസികൾ ജിപ്സികളെ തടങ്കൽപ്പാളയങ്ങളിലേക്ക് മാറ്റുന്ന രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമയാണിത്. നാസികളുടെ കർശനമായ വിലക്കുകളെയും തോക്കുകളെയും മറികടന്ന് ഇരുട്ടിൽ ഒത്തുകൂടി അവർ രഹസ്യമായി പാടുകയും താളമിടുകയും ചെയ്യുന്ന രംഗങ്ങളുണ്ട്. ഫാസിസ്റ്റ് ഭരണകൂടങ്ങൾ എത്രയൊക്കെ അടിച്ചമർത്തിയാലും ഒരു ജനതയുടെ സംസ്കാരത്തെയും സ്വാതന്ത്ര്യത്തെയും വിലക്കാൻ കഴിയില്ലെന്ന് ഗാറ്റ്‌ലിഫ് ഈ രംഗങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്‌. ചങ്ങലകളിലിടുമ്പോഴും അവരുടെ ശരീരവും മനസ്സും ഫ്ലെമെങ്കോ താളങ്ങളിൽ സ്വതന്ത്രമായി വിഹരിക്കുകയാണ്‌. ടോണി ഗാറ്റ്‌ലിഫ് തന്റെ ക്യാമറ ചലിപ്പിക്കുന്നത് കഥാപാത്രങ്ങളുടെ മുഖത്തേക്ക് മാത്രമല്ല, അവരുടെ പാട്ടുകളിലേക്കും നൃത്തം ചെയ്യുന്ന പാദങ്ങളിലേക്കുമാണ്.

ഡിജാമിൽ സമകാലിക അഭയാർഥി പ്രശ്നങ്ങളെ കാണിക്കാൻ ടോണി ഗാറ്റ്‌ലിഫ്’റെബെറ്റിക്കോ’ ആണ്‌ ഉപയോഗിക്കുന്നത്‌. ‘റെബെറ്റിക്കോ’ സംഗീത ശാഖയുടെ പശ്ചാത്തലം കേവലം ഗ്രീക്ക് നാടോടി സംഗീതത്തിൽ ഒതുങ്ങുന്നതല്ല. പലപ്പോഴും ഇതിനെ “ഗ്രീക്ക് ബ്ലൂസ്” എന്ന് വിളിക്കാറുണ്ട്. കാരണം, അമേരിക്കയിലെ കറുത്തവർഗക്കാരുടെ വംശീയമായ ദുരിതങ്ങളിൽ നിന്ന് ‘ബ്ലൂസ്’ സംഗീതം ജനിച്ചതുപോലെ, ഗ്രീസിലെയും തുർക്കിയിലെയും പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ കണ്ണീരിൽ നിന്നും പോരാട്ടങ്ങളിൽ നിന്നുമാണ് റെബെറ്റിക്കോ രൂപപ്പെടുന്നത്. ‘ഡിജാം’ എന്ന സിനിമയിൽ ഈ സംഗീതത്തെ സമകാലിക രാഷ്ട്രീയവുമായി കൂട്ടിയിണക്കുന്നതിന് പിന്നിൽ ശക്തമായ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. 1922–-23 കാലഘട്ടത്തിലെ ഗ്രീക്കോ-തുർക്കി യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഒരു ജനസംഖ്യാ കൈമാറ്റം നടന്നു. ലക്ഷക്കണക്കിന് ഗ്രീക്ക് വംശജർക്ക് തുർക്കിയിലെ (പ്രത്യേകിച്ച് സ്മിർണ/ഇസ്മിർ നഗരത്തിൽ നിന്ന്) തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് ഗ്രീസിലേക്ക് അഭയാർഥികളായി പലായനം ചെയ്യേണ്ടി വന്നു. അങ്ങനെ ഗ്രീസിലെ തുറമുഖ നഗരങ്ങളിലെ ചേരികളിൽ എത്തിയ ഇവർക്ക് സ്വന്തം നാടും സ്വത്വവും നഷ്ടപ്പെട്ടിരുന്നു. ഈ അഭയാർഥി ക്യാമ്പുകളിൽ വെച്ച് തങ്ങളുടെ ഏകാന്തതയും പ്രവാസത്തിന്റെ വേദനയും മറക്കാൻ അവർ പാടിത്തുടങ്ങിയ പാട്ടുകളാണ് റെബെറ്റിക്കോ ആയി മാറിയത്. തുടക്കത്തിൽ ഈ സംഗീതം മുഖ്യധാരാ സമൂഹം അംഗീകരിച്ചിരുന്നില്ല. തുറമുഖങ്ങളിലെയും ചേരികളിലെയും പാവപ്പെട്ട തൊഴിലാളികൾ, നാടോടികൾ, കഞ്ചാവ് താവളങ്ങളിൽ ഒത്തുകൂടുന്നവർ എന്നിവരായിരുന്നു ഇത് പാടിയിരുന്നത്. അതുകൊണ്ട് തന്നെ, 1930-കളിൽ ഗ്രീസിലെ ഏകാധിപത്യ ഭരണകൂടം റെബെറ്റിക്കോ സംഗീതത്തെ നിരോധിച്ചു. സംഗീതോപകരണങ്ങൾ തകർക്കപ്പെട്ടു. എന്നാൽ ഈ അടിച്ചമർത്തലുകളെ അതിജീവിച്ച് റെബെറ്റിക്കോ ഒരു ശക്തമായ രാഷ്ട്രീയ പ്രതിരോധമായി മാറി. ‘ഡിജാം’ എന്ന ചിത്രത്തിൽ ഈ 1920-കളിലെ റെബെറ്റിക്കോ സംഗീതത്തെ ഇന്നത്തെ സിറിയൻ/ആഫ്രിക്കൻ അഭയാർഥി പ്രതിസന്ധിയുമായി കൃത്യമായി ബന്ധിപ്പിക്കുന്നുണ്ട്‌. സിനിമയിൽ കഥാനായികയായ ഡിജാം ഗ്രീസിലെ ലെസ്ബോസ് ദ്വീപിലാണ് ജീവിക്കുന്നത്. ഈ ദ്വീപ് തന്നെയാണ് ഇന്ന് സിറിയൻ അഭയാർഥികൾ യൂറോപ്പിലേക്ക് കടക്കാൻ ഉപയോഗിക്കുന്ന പ്രധാന ഇടം. 1920-കളിൽ ഗ്രീക്ക് അഭയാർഥികൾ അനുഭവിച്ച അതേ വേദനയും അന്യവൽക്കരണവുമാണ് ഇക്കാലത്ത് സിറിയൻ അഭയാർഥികളും അനുഭവിക്കുന്നത് എന്ന് ഗാറ്റ്‌ലിഫ് ഓർമിപ്പിക്കുകയാണ്‌. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ബൌസൂക്കി പോലുള്ള സംഗീതോപകരണങ്ങൾ അതിരുകൾ തിരിച്ച് മനുഷ്യനെ വേർതിരിക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെയുള്ള ആഗോള പ്രതിഷേധമാണ്. നഷ്ടപ്പെട്ട ജന്മനാടിനെക്കുറിച്ചുള്ള ഓർമപ്പെടുത്തലായും അതിർത്തികൾ ഇല്ലാത്ത ഒരു ലോകത്തിനായുള്ള ആഹ്വാനമായും റെബെറ്റിക്കോ സംഗീതത്തെ ഗാറ്റ്‌ലിഫ് തന്റെ സിനിമയുടെ രാഷ്ട്രീയ അടിത്തറയാക്കി മാറ്റി. ഇത്തരത്തിൽ അതിരുകളില്ലാത്ത ലോകത്തെക്കുറിച്ചും, സംഗീതത്തിലൂടെയുള്ള പ്രതിരോധത്തെക്കുറിച്ചും നിരന്തരം സിനിമകളിലൂടെ സംസാരിക്കുകയും കലഹിക്കുകയുമാണ്‌ ടോണി ഗാറ്റ്‌ലിഫ്‌ ചെയ്‌തിരുന്നത്‌. സ്വാതന്ത്ര്യത്തെയും കലയെയും സ്നേഹിക്കുന്നവരുടെ മനസ്സിൽ ആ പാട്ടുകളും ചുവടുകളും ഒടുങ്ങാതെ മുഴങ്ങിക്കൊണ്ടേയിരിക്കും.

Hot this week

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

Topics

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

നിറങ്ങൾ തൻ നൃത്തം – അമേരിക്കൻ ചിത്രകാരൻ ടിഷ്യൻ റാംസെ പീൽ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1799...

മരണാഖ്യാനം ഒരു വായന

  സാഹിത്യം ഉണ്ടാല കാലംമുതൽ അതിന്റെ കർതൃത്വം പുരുഷനായിരുന്നു. സ്‌ത്രീ അവന്റെ വർണ്യവസ്‌തുവും....

തൊഴിലുറപ്പ് പദ്ധതി ചരിത്രത്തിലേക്ക് നടന്നുകയറുമോ?

ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെച്ച സാമൂഹികാവകാശ അജണ്ടയുടെ ഭാഗമായിരുന്നു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി....
spot_img

Related Articles

Popular Categories

spot_imgspot_img