
പ്രശസ്ത എഴുത്തുകാരിയും ബുക്കർ പുരസ്‌കാരജേതാവുമായ അരുന്ധതി റോയ് തന്റെ അമ്മയായ മേരി റോയ് മായുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന പുസ്തകമാണ് :മദർ മേരി കംസ് ടു മി ‘. കേട്ടു കേൾവികളിൽ നിന്നും വ്യത്യസ്തമായ ‘അമ്മത്ത’ ചിന്താഗതിയുള്ള സ്ത്രീയായിട്ടാണ് ഇവിടെ മേരി റോയ് യെ നമുക്ക് കാണാൻ കഴിയുന്നത്. അമ്മ എന്ന സങ്കൽപങ്ങളെയെല്ലാം പാടെ റദ്ദുചെയ്ത് കൊണ്ട് അവർ സ്വന്തം നിലപാടുകൾക്കനുസരിച്ചു ജീവിച്ചു. ആർദ്രത, ദയ, പരിഗണന, സ്നേഹം ഇതൊന്നും അർഹിക്കുന്ന അളവിലൊ അതിൽ കൂടുതലോ ഒന്നും സ്വന്തം മക്കൾക്ക് ലഭ്യമാക്കാത്ത ആ അമ്മയെ അവരുടെ മരണശേഷം എഴുത്തുകാരി ഓർക്കുന്നു. കുട്ടികാലത്ത് തനിക്കു നേരിടേണ്ടി വന്ന ഓരോ അനുഭവങ്ങളിൽ നിന്നും താൻ എങ്ങനെ സ്വയം ശക്തയായി എന്നും അവർ ഓർത്തെടുക്കുന്നു. ആത്മകഥാ രൂപത്തിലുള്ള ഈ പുസ്തകം കഠിനമായ യാതനകളുടെ നേർചിത്രമാണ്.
അമ്മയുടെ മരണശേഷം അവശേഷിച്ച ശൂന്യതയിൽ നിന്നാണ് ഈ പുസ്തകം പിറന്നത്. ഒരു മകൾ എന്നതിലുപരി ഒരു എഴുത്തുകാരി എന്ന നിലയിൽ തന്റെ ഏറ്റവും വലിയ ‘വിഷയത്തെ’ (Subject) നഷ്ടപ്പെട്ടതിന്റെ വേദനയും ഇതിലുണ്ട്
അമ്മയുമായുള്ള സങ്കീർണ്ണമായ ബന്ധത്തെ “എന്റെ അഭയവും എന്റെ കൊടുങ്കാറ്റുമെന്നാണ് അരുന്ധതി വിശേഷിപ്പിക്കുന്നത്. അരുന്ധതി റോയിയുടെ ആദ്യ നോവലിൽ (ദ ഗോഡ് ഓഫ് സ്മോൾ തിങ്‌സ്)
നിഴലിച്ചു നിന്നിരുന്ന ഒരു സാന്നിധ്യമായിരുന്നു അമ്മ മേരി റോയ്. എന്നാൽ പുതിയ പുസ്തകമായ ‘മദർ മേരി കംസ് ടു മീ’യിലൂടെ ആ അമ്മയെ കൂടുതൽ തെളിച്ചത്തോടെ അരുന്ധതി അവതരിപ്പിക്കുന്നു.

അരുന്ധതിയുടെ അമ്മ, മേരി റോയി പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകയായിരുന്നു . തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ പോരാടി വിജയിച്ച മേരി റോയ്, കേരളത്തിലെ ക്രൈസ്തവ സ്ത്രീകൾക്ക് സ്വത്തവകാശം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചയാളാണ്.
യുവതിയായിരിക്കേ ആസാമിലെ തേയിലത്തോട്ടത്തിലെ മാനേജരായ ഭർത്താവിനെയുമുപേക്ഷിച്ച്, രണ്ട് കുഞ്ഞുങ്ങളുമായി ഊട്ടിയിൽ എത്തുന്ന മേരിയെ കുറിച്ചും അവരുടെ ജീവിത പോരാട്ടങ്ങളെക്കുറിച്ചും അരുന്ധതി വിവരിക്കുന്നത് ഹൃദ്യമാണ്.
അമ്മയെയും വീടും വിട്ട് ഡൽഹിയിൽ എത്തുന്നതും പിന്നീടുള്ള ജീവിതവും വിവരിക്കുന്നതും ഈ പുസ്തകത്തിൽ കാണാം.. അത്യന്തം കഠിനമായ അനുഭവങ്ങളാണ് കുറച്ചു വർഷം കൊണ്ട് അവർ ജീവിച്ചറിഞ്ഞത്.ഇത് കേവലം ഒരു വ്യക്തിയുടെ ജീവിതകഥയല്ല, മറിച്ച് സ്നേഹവും കലഹവും ആദർശങ്ങളും ഇഴചേർന്ന രണ്ട് സ്ത്രീകളുടെ തീക്ഷ്ണമായ ജീവിതയാത്രയാണ്.

തന്റെ ഓർമ്മകളെ പച്ചയായി അവതരിപ്പിക്കുമ്പോഴും വായനക്കാരെ വൈകാരികമായി മുൾമുനയിൽ നിർത്താൻ അരുന്ധതി റോയ്ക്ക് കഴിയുന്നു.അമ്മയുടെ ജീവിതം അരുന്ധതിയുടെ വ്യക്തിത്വത്തെയും എഴുത്തിനെയും എങ്ങനെ സ്വാധീനിച്ചു എന്നതും ഈ പുസ്തകം വ്യക്തമാക്കുന്നു.
സ്നേഹം എപ്പോഴും മധുരമുള്ളതാവണമെന്നില്ലെന്നും, അത് ചിലപ്പോൾ മുറിപ്പെടുത്തുന്നതും അടിച്ചമർത്തുന്നതുമാകാം എന്നും അരുന്ധതി എഴുതുന്നു.. തന്റെ ജീവിതത്തിലെ ഇരുട്ടിനും വെളിച്ചത്തിനും ഒരുപോലെ കാരണക്കാരി അമ്മയാണെന്ന് അവർ തിരിച്ചറിയുന്നു.സ്കൂളിൽ പഠിക്കുമ്പോൾ തന്നെ മറ്റു കുട്ടികളെ പോലെ മിസ്സിസ് റോയ് എന്ന് അരുന്ധതിറോയ് തന്റെ അമ്മയെ വിളിച്ചു.അതവരുടെ നിർബന്ധം കൂടി ആയിരുന്നു.ആ അമ്മ സ്വന്തം മക്കളോട് പ്രത്യേകിച്ച് മകളോട് പെരുമാറുന്ന രീതി അതി ക്രൂരമായി വായനക്കാർക്ക് അനുഭവപ്പെടുന്നു.
ഒമ്പത് വയസ്സുകാരിയായിരിക്കെ വീട്ടിൽ ആദ്യമായി കറുത്ത ബേക്കലൈറ്റ് ഫോൺ വന്നപ്പോൾ കൗതുകം കൊണ്ട് അതിന്റെ ബട്ടണുകളിൽ അമർത്തിയതിന് അമ്മ തന്നെ ‘ബിച്ച്’ എന്ന് വിളിച്ച് അപമാനിച്ച സംഭവം അവർ ഓർത്തെടുക്കുന്നുണ്ട്. അതുപോലെ, അരുന്ധതിക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്ന ഡീഡോ എന്ന വളർത്തുനായ ഒരു തെരുവുനായയുമായി ഇണചേർന്നതിന്റെ പേരിൽ അമ്മ അതിനെ വെടിവെപ്പിച്ചു കൊന്ന ദാരുണമായ അനുഭവവും ഏകാധിപത്യത്തിന്റെ നേർചിത്രമാണ്.
പ്രശസ്ത ആർക്കിടെക്റ്റ് ലാറി ബേക്കറുമായുള്ള കണ്ടുമുട്ടലും അദ്ദേഹത്തിന്റെ നിർമ്മാണ ശൈലിയും കലയെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചു. ഗോവയിലെ കടൽത്തീരങ്ങളിൽ സുഹൃത്തിനൊപ്പം കേക്ക് വിറ്റു നടന്നതും, ഡൽഹിയിലെ ചേരികളിൽ താമസിച്ചതും, ‘മാസ്സി സാഹിബ്’ എന്ന സിനിമയിൽ അഭിനയിച്ചതുമെല്ലാം ഒരു എഴുത്തുകാരിയുടെ ആശയലോകം രൂപപ്പെട്ടതിന്റെ അനുഭവവഴികളായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
കോട്ടയം ജില്ലാ കളക്ടർ മേരി റോയിയുടെ സ്കൂളിൽ ‘ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ’ എന്ന നാടകം നിരോധിച്ചതും, അതിനെതിരെ നടത്തിയ നിയമപോരാട്ടവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മതപരമായ അസഹിഷ്ണുതയെ തുറന്നുകാട്ടുന്നു. ഡൽഹിയിലെ തന്റെ ഫ്ലാറ്റിൽ ഒരു കൊള്ളക്കാരിയെപ്പോലെ കഴിഞ്ഞിരുന്ന ഫൂലൻ ദേവിയുമായുള്ള അരുന്ധതിയുടെ കൂടിക്കാഴ്ച പുസ്തകത്തിലെ അതിശക്തമായ മറ്റൊരു ഭാഗമാണ്. ‘ബാൻഡിറ്റ് ക്വീൻ’ എന്ന സിനിമയിലെ ബലാത്സംഗ രംഗങ്ങൾ ഫൂലൻ ദേവിയുടെ സമ്മതമില്ലാതെ ചിത്രീകരിച്ചതിനെതിരെ അരുന്ധതി സ്വീകരിച്ച ഉറച്ച നിലപാടുകൾ കൃതിയുടെ രാഷ്ട്രീയമാനങ്ങളെ കൂടുതൽ വിപുലമാക്കുന്നുണ്ട്.
മേരി റോയ് നടത്തിയ പോരാട്ടം വെറുമൊരു കുടുംബവഴക്കല്ല, മറിച്ച് സ്ത്രീകൾക്ക് നേരെയുള്ള വലിയൊരു വിവേചനത്തിനെതിരായ സാമൂഹിക ഇടപെടലായിരുന്നു. അത്തരത്തിൽ വളരെ വലിയ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ അഭിസംബോധന ചെയ്യാനുള്ള കെൽപ്പ് ഈ പുസ്തകത്തിനുണ്ട്.
വ്യക്തിപരമായ മുറിവുകളെ എങ്ങനെയാണ് ഒരു എഴുത്തുകാരി തന്റെ സർഗ്ഗാത്മകതയുടെ ഇന്ധനമാക്കി മാറ്റുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘മദർ മേരി comes to me.
ഈ പുസ്തകത്തിൽ രണ്ടു കാലഘട്ടങ്ങളുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലമുണ്ട്. രാഷ്ട്രീയമുണ്ട്. മനുഷ്യബന്ധങ്ങളുടെ നിസ്സഹായതയുണ്ട്. എല്ലാറ്റിനും ഉപരിയായി ഇത് അമ്മയും മകളുമായി ജീവിക്കേണ്ടിവന്ന രണ്ടു വിഭിന്ന വ്യക്തിത്വങ്ങളുടെ സങ്കീർണമായ ബന്ധത്തിൻറെ, ആ സങ്കീർണതകൾ മകളുടെ വ്യക്തിജീവിതത്തിലും സമൂഹത്തിനോടുമുള്ള കാഴ്ചപ്പാടിലും വരുത്തിയ സ്വാധീനത്തിന്റെ കഥയാണ്.
വേദനിപ്പിക്കുന്ന, എന്നാൽ അറുത്തു മാറ്റാൻ കഴിയാത്ത ബന്ധങ്ങളിൽ നിന്ന് എങ്ങനെ കുറച്ചു മാത്രം മുറിപ്പെടാം എന്നതിനെക്കുറിച്ച്,
സ്വയം വേദനിക്കുമ്പോഴും വേദന സമ്മാനിക്കുന്നവരുടെ മുറിവുകളിലേക്ക് അനുകമ്പയോടെ നോക്കേണ്ടത് എങ്ങനെയെന്നും അവരോടു അനുകമ്പയോടെ പെരുമാറേണ്ടത് എങ്ങനെയെന്നും ഈ പുസ്തകം വിവരിക്കുന്നു.
പിതാവിൻറെ ദേഷ്യവും, അന്യദേശകാരനുമായുള്ള വിവാഹവും വിവാഹമോചനവും,
ഒറ്റപ്പെടലും, നിസ്സഹായതയും,സാമ്പത്തിക പരാധീനതയും, പുരുഷാധിപത്യത്തിനും നിയമവ്യവസ്ഥകൾക്കും എതിരെ പടവെട്ടുന്ന ,തോൽപിക്കാനും ജയിക്കാനായി മാത്രമുള്ള ഓട്ടത്തിൽ ജീവിതത്തിൻറെ ആർദ്രത നഷ്ടപ്പെടുന്ന ഒരു സ്ത്രീയായി മേരി റോയി മാറുമ്പോൾ, കുട്ടിക്കാലം വേദനിപ്പിക്കുന്ന ,ശ്വാസംമുട്ടിക്കുന്ന ഒരു ഓർമ്മ മാത്രമായി മാറുന്നു അരുന്ധതിക്കും സഹോദരൻ ലളിതിനും..
അമ്മയും സഹോദരനും തമ്മിലുള്ള ബന്ധത്തെക്കാള്‍ തീവ്രതയാര്‍ന്നതാണ്, പുസ്തകത്തില്‍ വിവരിക്കപ്പെടുന്ന അരുന്ധതിയും സ്വന്തം സഹോദരനും തമ്മിലുള്ള ബന്ധം. അച്ഛന്‍ എന്നൊരാളേ ജീവിതത്തിലില്ല, അമ്മയാണെങ്കില്‍ കർകശകാരിയും .അത് കൊണ്ട് തന്നെ അരുന്ധതി റോയ്യും സഹോദരൻ ലളിത് മായുള്ള ബന്ധം അതി തീവ്രവും ഹൃദ്യവുമായിരുന്നു . മറ്റെല്ലാവര്‍ക്കും ആരാധ്യയായ മേരി റോയ് ഈ സഹോദരന് മുന്നില്‍ ഏറ്റവും ക്രൂരയായിരുന്നു എന്ന് നമ്മള്‍ വായിച്ചറിയുന്നു. പുരുഷലോകത്തിന് നേരെയുള്ള കഠിനവിദ്വേഷം മേരി റോയ് സ്വന്തം മകന് നേര്‍ക്ക് കെട്ടഴിച്ച് വിട്ടതോ എന്ന് അരുന്ധതി തന്നെ സംശയിക്കുന്നുണ്ട്. നല്ല മാര്‍ക്ക് വാങ്ങുന്ന അരുന്ധതിയെ അഭിനന്ദിച്ച ശേഷം, അടുത്ത മുറിയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മകന്റെ കൈ അടിച്ച് പൊട്ടിക്കുന്ന മിസിസ് റോയിയെ നമ്മള്‍ക്ക് അരുന്ധതി കാണിച്ച് തരുന്നു. എപ്പോഴൊക്കെ അഭിനന്ദിക്കപ്പെടുന്നോ, എപ്പോഴൊക്കെ എനിക്കായി കൈയ്യടികള്‍ ഉയരുന്നോ അപ്പോഴൊക്കെയും മറ്റൊരു മുറിയില്‍ ആര്‍ക്കോ മര്‍ദ്ദനമേല്‍ക്കുന്നുവല്ലോ എന്ന് ചിന്തിക്കേണ്ടി വരുന്നതരം മനോനില അന്ന് തൊട്ട് തനിക്കൊപ്പം വന്ന് ചേര്‍ന്നു എന്നും അരുന്ധതി എഴുതുന്നു
ഒരു നിമിഷാർദ്ധത്തെ ശാന്തതക്കപ്പുറം എപ്പോൾ വേണമെങ്കിലും പൊട്ടി വീണേക്കാവുന്ന ശകാരങ്ങളും ശാപവാക്കുകളും വളരെ ചെറുപ്പത്തിൽ തന്നെ ജീവിതത്തെ കുറിച്ചുള്ള ഒരു ഉൾക്കാഴ്ച അവർക്ക് നൽകുന്നുണ്ട് .ഏറ്റവും സുരക്ഷിതമായി ഇടങ്ങൾ ഏതുനിമിഷവും ഏറ്റവും ഭയാനകമായ ഇടങ്ങളായി മാറിയേക്കാം എന്ന ഉൾക്കടമായആശങ്കയും സംശയവും ഒരു എപ്പോഴും അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നുണ്. പതിനാറാം വയസ്സിൽ ബാഗിൽ ഒരു കത്തിയുമായി അമ്മയിൽ നിന്ന് ദൂരെ അകലെ ഡൽഹിയിലേക്ക് വണ്ടി കയറാനും പിന്നീട് ജീവിതത്തിൽ സ്നേഹിക്കപ്പെടുന്ന അവസ്ഥകളിൽ നിന്ന് തിരികെ നടക്കാനും അവരെ പ്രേരിപ്പിച്ചത് തിക്തമായ അവരുടെ അനുഭവങ്ങൾ തന്നെ ആയിരിക്കും. ഒരുപക്ഷേ സമകാലീന രാഷ്ട്രീയത്തെകുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾക്കും ഈ ചിന്ത കാരണമായിട്ടുണ്ടാവും.
ഒരേസമയം മുറിപ്പെടുത്തുകയും മുറിവ് ഉണക്കുകയും ചെയ്യുന്ന ഒരാൾ..അതാണ് അരുന്ധതി റോയ് ക്ക് സ്വന്തം അമ്മ. ഒരു കൈ കൊണ്ട് തല്ലുകയും അതേ കൈ കൊണ്ട് വളരെ അപൂർമായി തലോടുകയും ചെയ്യുന്ന സ്ത്രീ.
ഗർഭത്തിലെ എനിക്ക് മായിച്ചു കളയാൻ പറ്റാതിരുന്ന ഒരു തെറ്റായിരുന്നു നീ എന്ന് മകളുടെ മുഖത്തുനോക്കി പറഞ്ഞ,”അരുന്ധതി റോയിയുടെ അമ്മ” എന്ന് വിളിക്കപ്പെട്ടത് മുഖത്തിന് ഏറ്റ പ്രഹരം പോലെയായിരുന്നു എന്ന് കരുതിയ ഒരു അമ്മയായിരുന്നു മേരി റോയ് .
സ്നേഹം, കടപ്പാട് ,ഉത്തരവാദിത്വം ,കുടുംബ ബന്ധങ്ങൾ തുടങ്ങി അനേകം അദൃശ്യമായ ചങ്ങല കണ്ണികളിൽ കുരുങ്ങി തങ്ങളുടെ സ്വപ്നങ്ങളും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുവൻ വിധിക്കപ്പെട്ടവരാണ് ഭൂരിഭാഗം മനുഷ്യരും. രെക്കുറിച്ച് വേദനിക്കാൻ കുടുംബമോ സമൂഹമോ സമുദായമോ ഇല്ലാതിരുന്നത് കൊണ്ട് തന്നെ 16 വയസ്സു മുതൽ ഡൽഹിയിലെ സവർണ്ണ ക്യാമ്പസുകളിലും കറുത്ത ചേരികളിലും ഒരേസമയം നടക്കാൻ, അതിസമ്പന്നാരോടും , തെരുവു യാചകാരോടും ഒരുപോലെ കൂട്ട് കൂടാൻ, ശ്മശാന കാവൽക്കാര ൻ മുതൽ ബോളിവുഡ് പ്രബലന്മാർ വരെ ജീവിതാവസ്ഥകളിലെ പല ശ്രേണികളിൽ നിന്ന് അനുഭവങൾ ഉൾക്കൊള്ളാൻ, അത് അതി ഗാഢമായി അക്ഷരങ്ങളിലൂടെ വരച്ചിടാൻ അവരെ പ്രാപ്തയാക്കിയത് പറക്കുമുറ്റും മുൻപേ തന്നെ പുറം തള്ളിയ മേരി റോയ് തന്നെയാണെന്ന് നിസംശയം പറയാം.സ്നേഹത്തിന്റെ ദുർബലമായ ചിറകിൽ ഒതുക്കി നിർത്തിയിരുന്നുവെങ്കിൽ ലോകം അറിയുന്ന എഴുത്തുകാരിയിൽ നിന്ന് ഒരു സ്കൂൾ മാനേജർ മാത്രമായി അവരുടെ ജീവിതം ചുരുങ്ങിപ്പോയേനെയെന്നും അരുന്ധതി റോയ് ഓർമിക്കുന്നു.
മേരി റോയിയുടെ അവസാന നാളുകളില്‍ അവര്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഒരു സന്ദര്‍ഭം. ബിജെപി കേന്ദ്രത്തില്‍ ഭരണത്തിലെത്തിയിട്ടുണ്ട്. കേരളത്തിലും ബിജെപിക്കാര്‍ ശക്തി പ്രാപിച്ചു വരുന്നു. ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ മേരി റോയിയുടെ സ്കൂളിലെത്തി കനത്ത സംഖ്യ സംഭാവന ചോദിക്കുന്നു. അതിലെ ഭീഷണിയുടെ സ്വരം മനസ്സിലാക്കിയ സ്കൂള്‍ അധികൃതര്‍ വിവരം മേരി റോയിയെ അറിയിക്കുന്നു. അവശനിലയിലായ മേരി റോയ് കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ശക്തമായി പറയുന്നു ‘സാധ്യമല്ല’
സമകാല ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം കൂടിയാണ് ഈ പുസ്തകം.മറവിയിലേക്ക് നയിച്ച പലതിനെയും ഇത് ഓർമ്മിപ്പിക്കുന്നു.അടിയന്തിരാ വസ്ഥ കാലവും, നിർബന്ധിത വന്ധീകരണ ക്യാമ്പുകളും, ബാബറി മസ്ജിദും,വർഗീയതയും, ക്രൂരമായ അധികാര പ്രയോഗങ്ങളെയും നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ത്യൻ ജനാധിപത്യം എല്ലാ കാലത്തും ഇങ്ങനെയൊക്കെ ആയിരുന്നുവെന്നും തുടർച്ചകളിൽ നിന്ന് തുടർച്ചകളിലേക്കുള്ള ഒഴുക്ക് മാത്രമാണ് സംഭവിക്കുന്നതെന്നും നമ്മൾ ഓർക്കും
എത്ര കണ്ട് നോക്കിയാലും ഇത് മനോഹരമായ ഒരു പുസ്തകം തന്നെയാണ്. ലോകത്തിന്റെ ഏതു കോണിലുള്ള മനുഷ്യനും മനസ്സിലാക്കാൻ സാധിക്കുന്ന, മനസ്സിനെ വിങ്ങിക്കുന്ന ഒഴുക്കുള്ള ഭാഷയും. അരുന്ധതി റോയ് എന്ന എഴുത്തുകാരി അനുഭവിച്ച യാതനകളെ കുറിച്ച് വായിക്കുമ്പോൾ നമുക്കവരോട് സ്നേഹവും ബഹുമാനവും തോന്നാം. ഹൃദയം കൊണ്ട് കെട്ടിപ്പിടിക്കാൻ പാകത്തിൽ ഒരു ബന്ധം ഉടലെടുക്കും. ഇനിയൊരു മനുഷ്യനും ഇത്തരം അനുഭവങ്ങൾ സ്വന്തം വീട്ടിൽ നിന്നും വീട്ടുകാരിൽ നിന്നും ഉണ്ടാവരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കും. അർഹിക്കുന്ന പരിഗണനയോടെ, സ്നേഹത്തോടെ ഓരോ മനുഷ്യനും ഈ സമൂഹത്തിൽ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കും.






