ഐ എസ്.ആർ.ഒ യിൽ നിന്ന് കൂട്ട പലായനമോ?

പി.എം.സിദ്ധാർത്ഥൻ

 

ഴിഞ്ഞ കുറെ ആഴ്ചകളായി ചാനൽ ചർച്ചകളിലും യു ട്യൂബിലും പത്രങ്ങളിലും നിറഞ്ഞ് നിൽക്കുന്നത് ഇസ്രോയിൽ (ഐ എസ്.ആർ.ഓ) നിന്നുള്ള ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർ മാരുടെയും കൂട്ടപലായനമാണ്. ചർച്ചകൾക്ക് തുടക്കം കുറിച്ചത് സ്വമേധയാ പെൻഷൻ വാങ്ങി പിരിഞ്ഞുപോകുവാനോ അതല്ലെങ്കിൽ രാജിവെച്ച് പോകുവാനോ ലഭിക്കുന്ന അപേക്ഷക ളിൽ ഇസ്രോ സെന്ററുകളുടെ ഡയറക്ടർമാർ തീർപ്പ് കല്പിക്കരുതെന്നും അത്തരം അപേക്ഷകൾ ഇസ്രോയുടെ ഹെഡ് ക്വാർട്ടറിലേക്ക് അയക്കണമെന്നുമുള്ള ഒരു സർക്കുലർ ആണ്. ഈ കൂട്ട പലായനം, അങ്ങനെ ഒന്നുണ്ടെങ്കിൽ, ഇസ്രൊയെ എങ്ങനെ ബാധിക്കും  എന്നതാണ് ചർച്ചകളുടെ കാതൽ. എന്നാൽ അതോടൊപ്പം ഇവർ എന്തിനുവേണ്ടി ഇസ്രോ വിട്ട് പോവുന്നു എന്നതും 2025 മെയ് മാസത്തിലെയും തുടർന്ന്  വീണ്ടും 2026 ജനുവരിയിലും ഉണ്ടായ പി.എസ്.എൽ.വി വിക്ഷേപണ പരാജയവും ചാനലുകളിൽ കൊടുമ്പിരികൊള്ളുന്നുണ്ട്. പി.എസ്.എൽ.വി .കളുടെ പരാജയം വീണ്ടും ഒരു ചാരക്കേസ് ഗൂഢാലോചന മസാല റിപ്പോർട്ടിങ്ങിനുള്ള സാധ്യതകളും ചാനലുകാർ മണത്തറിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇസ്രോയെ ഒരു പ്രൈവറ്റ് എന്റർപ്രൈസ്  ആക്കി മാറ്റുന്നു എന്നും ചർച്ചകൾ നടക്കുന്നുണ്ട് ഇസ്രോയുടെ പ്രവർത്തന രീതികളെ കുറിച്ച് ഒട്ടും വിവരമില്ലാത്തവരാണ് ഈ ചർച്ചകളും റിപ്പോർട്ടിങ്ങും നടത്തുന്നത്. അതോടൊപ്പം ഇത്തരം ഗോസിപ്പുകൾ പടരാൻ ഒരു പ്രധാനകാരണം ഇസ്രോയുടെ തലപ്പത്തുള്ളവരുടെ മൗനവുമാണ്.

ഒരു സ്ഥാപനത്തിലെ ജോലി വിട്ട് മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറുന്ന ആരും തന്നെ എന്തുകൊണ്ട് ജോലി മാറുന്നു  എന്ന് തുറന്ന് പറയുകയില്ല എന്നത് സാധാരണമാണ്. അത് അവരുടെ വ്യക്തിപരമായ കാര്യമാണ് എന്നും മറ്റുള്ളവർ അംഗീകരിക്കേണ്ടതുണ്ട്.

ബ്രെയിൻ ഡ്രയിൻ? 

ഇതാദ്യമായാണോ ഇസ്രോയിൽ നിന്നും ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും വിട്ട് പോകുന്നത്?   തീർച്ചയായും അല്ല.  മുൻകാലങ്ങളിലും ധരാളം പേർ ഇസ്രോ വിട്ട് പ്രധാനമായും അമേരിക്കയിൽ ജോലിക്കോ തുടർ വിദ്യാഭ്യാസത്തിനോ ആയി പോയിരുന്നു. 1995 നടുത്ത് ഇസ്രോയിൽ നിന്നും രണ്ട്-രണ്ടര വര്ഷം ഏക്സ്‌പീരിയൻസ്  നേടിയ ചെറുപ്പക്കാരായ വളരെ അധികം എഞ്ചിനീയർമാർ പുതുതായി മുളച്ച് പൊന്തിയ സോഫ്റ്റ്‌വെയർ കമ്പനികളിലേക്ക് കുടിയേറിയിരുന്നു. അക്കാലത്ത് ചെറുപ്പക്കാരായ എഞ്ചിനീയർമാരെ നിലനിർത്താൻ വിഷമമായിരുന്നു. അതിനാലാണ് ഇസ്രോ കേരളത്തിലെ വലിയമലയിൽ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേസ് ടെക്‌നോളജി (IIST) സ്ഥാപിച്ചത്. ഐ ഐ എസ്.ടി യുടെ സ്ഥാപനം ഇസ്രോയുടെ എഞ്ചിനീയർ ക്ഷാമം ഒരു പരിധിവരെയെങ്കിലും പരിഹരിച്ചിരിക്കാം.

ഇസ്രോയിലെ ഏകദേശം 19100 ഓളം വരുന്ന സ്റ്റാഫിൽ 14000 ഓളം സാങ്കേതിക വിദഗ്ധരാണ്. അവരിൽ നിന്നാണ് ഇപ്പോൾ 120 പേര് ഇസ്രോ വിട്ട് പോയിരിക്കുന്നത്.  അതായത് ഇസ്രോയിലെ സാങ്കേതിക വിദഗ്ധരുടെ 0.85% വിദഗ്ധരാണ് സ്വമേധയാ റിട്ടയർമെന്റ് ആവശ്യപ്പെടുകയോ രാജി നൽകുകയോ ചെയ്തത്. ഇതിനെയാണ് മാധ്യമങ്ങൾ “കൂട്ട പലായനം, ഇസ്രോയുടെ ഭാവി അപകടത്തിൽ” എന്നൊക്കെ വിശേഷിപ്പിച്ച് വിളിച്ച് കൂവുന്നത്. ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ സ്വമേധയാ റിട്ടയർമെന്റ് അല്ലെങ്കിൽ രാജി മനസ്സിലാക്കണമെങ്കിൽ ഇസ്രോ വളർന്ന വഴികൾ, ഇന്ത്യൻ സ്പേസ് പോളിസിയിൽ വന്ന മാറ്റങ്ങൾ എന്നിവയൊക്കെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.

14000 ഓളം സാങ്കേതിക വിദഗ്ധരിൽ നിന്നാണ് ഇപ്പോൾ 120 പേര് ഇസ്രോ വിട്ട് പോയിരിക്കുന്നത്.  അതായത് ഇസ്‌റോയിലെ സാങ്കേതിക വിദഗ്ധരുടെ 0.85% വിദഗ്ധരാണ് സ്വമേധയാ റിട്ടയർമെന്റ് ആവശ്യപ്പെടുകയോ രാജി നൽകുകയോ ചെയ്തത്. ഇതിനെയാണ് മാധ്യമങ്ങൾ “കൂട്ട പലായനം, ഇസ്രോയുടെ ഭാവി അപകടത്തിൽ” എന്നൊക്കെ വിശേഷിപ്പിച്ച് വിളിച്ച് കൂവുന്നത്.

ഇസ്രോ വളർന്ന വഴികൾ

ഇന്ത്യക്ക് റോക്കറ്റ് സാങ്കേതിക വിദ്യ ആരും തരില്ലായിരുന്നു, തന്നിട്ടുമില്ലായിരുന്നു. അതിനാലാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ അഗ്രഗാമികളായ ഡോ.വിക്രം സാരാഭായിയും, പ്രൊഫ. സതീഷ് ധവാനും  ഡോ ബ്രഹ്മപ്രകാശുമൊക്കെ, ഇസ്‌റോയെ “അടിത്തട്ടിൽ നിന്നും വളർത്തിയെടുത്തതാണ് (built from the scratch)” എന്ന് പറയുന്നത്.

ബഹിരാകാശ സാങ്കേതിക വിദ്യ നമുക്കും നേടിയെടുക്കാവുന്നതാണ് എന്നും അത് രാജ്യത്തിൻറെ വികസനത്തിനായി ഉപയോഗിക്കാനാവുമെന്നും തെളിയിക്കുകയായിരുന്നു ആദ്യകാലത്ത് വേണ്ടിയിരുന്നത്. അതാണ് ആദ്യകാല ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര 1, ഭാസ്കര 2 , ആപ്പിൾ (  Ariane Passenger Pay Load Experiment (APPLE)),ആദ്യകാല വിക്ഷേപിണികളായ SLV, ASLV എന്നിവയിലൂടെയും ലോകപ്രസിദ്ധമായ സൈറ്റ്  ( Satellite Instructional Television Experiment (SITE) പരീക്ഷണത്തിലൂടെയും ഇസ്രോ ചെയ്തത്.

ഉപഗ്രഹങ്ങൾ/ ഉപഗ്രഹ വിക്ഷേപണ കഴിവും ഉള്ള രാജ്യങ്ങൾ 1966 ൽ
ഉപഗ്രഹങ്ങൾ/ ഉപഗ്രഹ വിക്ഷേപണ കഴിവും ഉള്ള രാജ്യങ്ങൾ 2020 ൽ

1963 ൽ തുടക്കം കുറിക്കുകയും 1969 ൽ നിലവിൽ വരികയും ചെയ്ത ഇസ്രോ ആറ് ദശകങ്ങൾ പിന്നിടുമ്പോഴേക്കും ഇന്ത്യയെ ലോകത്തിലെ പ്രബലമായ ആറ് ബഹിരാകാശ സംഘടനകളുടെ ഒപ്പം മുൻനിരയിൽ എത്തിച്ചു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയിലെ മിക്ക ഗവേഷണ സ്ഥാപനങ്ങളും പ്രതീക്ഷക്കൊത്ത് ഉയരാതെയിരിക്കുന്ന കാലത്താണ് ഇസ്രോ അന്താരാഷ്ട്ര തലത്തിൽ തന്നെ മുൻനിരയിൽ എത്തുന്നത്.

ഇസ്രോയുടെ വിഷനും മിഷനും

അന്നും ഇന്നും ഇസ്രോക്ക് വ്യക്തമായ ഒരു കാഴ്ചപ്പാടും (Vision) മാൻഡേറ്റും (Mission) ഉണ്ട്. അതിപ്രകാരമാണ്:

വിഷൻ: “ഇന്ത്യയുടെ വികസനത്തിന്നായി ബഹിരാകാശ സാങ്കേതിക വിദ്യ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുകയും ബഹിരാകാശ ശാസ്ത്രവും ഗ്രഹാന്തര പര്യവേഷണങ്ങളും ലക്ഷ്യമാക്കി പ്രവർത്തിക്കുകയും ചെയ്യുക”.

മിഷൻ അഥവാ മാൻഡേറ്റ് :  (ചുരുക്കിയത്) – മുകളിൽ പറഞ്ഞ ആവശ്യങ്ങൾക്കായി ഉപഗ്രഹങ്ങളും വിക്ഷേപണ വാഹനങ്ങളും വികസിപ്പിക്കുക, ഇന്ത്യയുടെ സാമൂഹ്യ വികസനത്തിനാവശ്യമായ ബഹിരാകാശ ആപ്ലികേഷനുകൾ വികസിപ്പിക്കുക.

ഇന്ത്യക്ക് ഇപ്പോൾ 500 കിലോഗ്രാം വരെ വിക്ഷേപിക്കാവുന്ന SSLV, 1750 കിലോഗ്രാം വരെ ധ്രുവ ഓർബിറ്റിലേക്കോ (Polar orbit) ഭൗമ സമീപ ഓർബിറ്റിലേക്കോ (LEO) വിക്ഷേപിക്കാവുന്ന PSLV, 2250 കിലോഗ്രാം വരെ ജിയോ സിംക്രോണസ് ട്രാൻസ്ഫർ  ഓർബിറ്റിലേക്കോ (GTO) 6000 കിലോഗ്രാം ഭൗമ സമീപ ഓർബിറ്റിലേക്കോ വിക്ഷേപിക്കാവുന്ന GSLV, 4200 കിലോഗ്രാം വരെ ജിയോ സിംക്രോണസ് ട്രാൻസ്ഫർ  ഓർബിറ്റിലേക്കോ 10,000 കിലോഗ്രാം ഭൗമ സമീപ ഓർബിറ്റിലേക്കോ വിക്ഷേപിക്കാവുന്ന LVM  എന്നീ റോക്കറ്റുകളും അസംഖ്യം കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളും ദൂര സംവേദന ഉപഗ്രഹങ്ങളും മറ്റ് ഉപഗ്രഹങ്ങളും ഉണ്ട്.

ഇസ്രോയുടെ റോക്കറ്റ് വിക്ഷേപണങ്ങൾ വർഷങ്ങളിലൂടെ (1979 -2026)

അതായത് വിഷൻ, മിഷൻ എന്നിവയിലൂടെ വ്യക്തമാക്കിയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ഇസ്രോ പൂർണമായും വിജയിച്ചിട്ടുണ്ട്.

ഇസ്രോ നേരിടുന്ന പരിമിതികൾ 

എന്നാൽ ആറ്  ദശകങ്ങൾ പിന്നിട്ട,  ഇപ്പോഴത്തെ ഇസ്രോ പല പരിമിതികളും നേരിടുന്നുണ്ട്. അവയിൽ ചിലത് ഇവയാണ്:

(1) ഇസ്രോയുടെ വാർഷിക ബജറ്റിൽ വേണ്ടത്ര വർധന ഇല്ല എന്നതാണ് ഒരു പ്രശ്നം. 2006-07 മുതൽ 2026-27 വരെയുള്ള ബഡ്ജറ്റ് ഗ്രാഫിൽ കൊടുത്തിരിക്കുന്നു. 2026-27 ലെ ആകെ തുക ഇന്ത്യയുടെ 2026-27 ലെ  ബഡ്ജറ്റിന്റെ 0.26% ആണ്. അടുത്ത ദശകത്തിൽ ബഹിരാകാശ രംഗത്ത് കുതിച്ച് കയറണമെങ്കിൽ ഇസ്രോക്ക് ഈ തുക പോരല്ലോ?

(2). രാജ്യത്തിന്ന് ആവശ്യമുള്ളപ്പോൾ PSLV, GSLV, LVM എന്നീ റോക്കറ്റുകളുടെ നിർമാണ ഭാരവും ISRO ക്കാണ്. ക്രമേണ SSLV യുടെ നിർമാണവും നടത്തേണ്ടി വന്നേക്കാം. എന്നാൽ അതിനനുസരിച്ചുള്ള മാനവവിഭവശേഷി ഇസ്രോക്ക്  ഉണ്ടോ എന്ന് സംശയമാണ്.

ഇപ്പോൾ എല്ലാ വിക്ഷേപണ വാഹനങ്ങളും (PSLV, GSLV, LVM, SSLV) നിർമ്മിക്കുന്നത് ഇസ്രോ തന്നെയാണ്. ഇസ്രോ ഒരു ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്, റോക്കറ്റുകൾ നിർമ്മിക്കുന്ന  ഒരു ഇൻഡസ്ട്രി അല്ല. അതിനാൽ വിവിധ തരത്തിലുള്ള റോക്കറ്റുകൾ വീണ്ടും വീണ്ടും നിർമ്മിക്കേണ്ടിവരുന്നത് ഇസ്റോയിലെ എഞ്ചിനീയർ മാരുടെ ജോലിഭാരം അമിതമായി കൂട്ടും. PSLV,  60 പ്രാവശ്യം വിക്ഷേപിച്ച് വിജയം കണ്ട ഒരു വിക്ഷേപണ വാഹിനിയാണ്. അതിനാൽ അടുത്തപടിയായി ചെയ്യേണ്ടത് അതിന്റെ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുകയാണ്. അത് നിർമ്മിച്ച് മാര്ക്കറ്റിൽ വ്യാപാരം നടത്തണം. 1000 – 1750 കിലോഗ്രാം ക്ളാസ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാവുന്ന PSLV പോലെയുള്ള വിക്ഷേപണ വാഹനങ്ങൾക്ക് വലിയ മാർക്കറ്റ് ഉണ്ട്. SSLV ക്കും വലിയ ഡിമാൻഡ് ഉണ്ടാവും

ഏകദേശം രണ്ട് ദശകങ്ങളായി PSLV യുടെ സാങ്കേതിക വിദ്യ കൈമാറാൻ ഇസ്രോ ശ്രമിക്കുന്നുണ്ടെങ്കിലും അത് സ്വീകരിച്ച് PSLV നിർമ്മിക്കാൻ ഒരു പ്രൈവറ്റ് കമ്പനിയും തയ്യാറായിട്ടില്ല എന്ന വസ്തുത ഇസ്രോയുടെ മുൻ ചെയർമാൻ ശ്രി. മാധവൻ നായർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റനേകം പ്രൈവറ്റ് കമ്പനികൾക്ക് എന്തുകൊണ്ട് ഇക്കാര്യത്തിൽ താല്പര്യമില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. PSLV  കൂടാതെ വരുന്ന ചില വർഷങ്ങളിൽ ഇസ്രോയുടെ SSLV, SSLV, LVM എന്നിവയൊക്കെ ടെക്നോളജി ട്രാൻസ്ഫറിന്ന്  തയ്യാറായേക്കും.  അത് ഇസ്രോ നേരിടാൻ പോകുന്ന വലിയൊരു പ്രശ്നമായിരിക്കും.

ഇസ്രോയുടെ ഉപഗ്രഹ വാഹിനികൾ /റോക്കറ്റുകൾ. ഇതിൽ എസ്.എൽ.വി, എ എസ്.എൽ.വി എന്നിവ ഇപ്പോൾ ഉപയോഗത്തിലില്ല. അവ പരീക്ഷണത്തിന്ന് വേണ്ടി മാത്രമായിരുന്നു

ഇന്ത്യയിലെ മറ്റനേകം പ്രൈവറ്റ് കമ്പനികൾ PSLV യുടെ സാങ്കേതിക വിദ്യ ഏറ്റെടുത്ത് അത് നിർമ്മിക്കാൻ  എന്തുകൊണ്ട് താല്പര്യമെടുക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

2020 ലെ സ്പേസ് പോളിസിയും അതിന്റെ തുടർച്ചയും:

2020 ൽ ഇസ്രൊക്ക് കേന്ദ്ര സർക്കാർ നൽകിയ ഒരു മാൻഡേറ്റ് ആണ് പ്രൈവറ്റ് കമ്പനികളെ ആഗോള ബഹിരാകാശ മാർക്കറ്റിൽ സജീവമായി പങ്കെടുക്കാൻ വേണ്ട സഹായങ്ങളും പ്രോത്സാഹനവും നൽകുക എന്നത്. വളരെ അവ്യക്തമായ ഈ മാൻഡേറ്റ് രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നവർക്കും ബ്യൂറോക്രാറ്റുകൾക്കും എങ്ങനെയും വ്യാഖ്യാനിക്കാം.

ഒരു വശത്ത് ഇസ്രോയും മറുവശത്ത് പ്രൈവറ്റ് കമ്പനികളും തമ്മിൽ ലെയ്സൺ ചെയ്യാനായി ഇൻ-സ്പേസ് (IN-SPACe) എന്ന ഒരു പ്രത്യേക ഘടകവും ഉണ്ടാക്കിയിട്ടുണ്ട്. മുൻപ് മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്ന പാവൻകുമാർ ഗോയങ്ക ആണ് അഹമ്മദാബാദ് ആസ്ഥാനമായിട്ടുള്ള ഈ സെന്ററിന്റെ ഡയറക്ടർ. ഇപ്പോൾ ഉപഗ്രഹങ്ങൾ നിർമ്മിക്കുക, വിക്ഷേപണ വാഹിനികൾ നിർമ്മിക്കുക, ഗ്രൗണ്ട് സപ്പോർട്ട് നൽകുക എന്നീ മേഖലകളിലായി 400 ഓളം സ്റ്റാർട്ട്-അപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ ഒന്നാണ് ഈയിടെ വിക്ഷേപിച്ച വിക്രം-1 എന്ന റോക്കറ്റ് നിർമിച്ച സ്കൈറൂട്ട്.

ആദ്യകാലത്ത്, പുതുതായി ഉയർന്ന് വരുന്ന സ്റ്റാർട്ട്-അപ്പുകളെ ഇസ്രോ സഹായിക്കേണ്ടി വരുമെന്നും അതിൽ തെറ്റില്ല എന്നുമാണ് ഇസ്രോ യിലെ ഒരു മുൻ ഡയറക്ടർ അഭിപ്രായപ്പെട്ടിരുന്നത്. അയാളുടെ അഭിപ്രായത്തിൽ പുതുതായി തുടങ്ങുന്ന സ്റ്റാർട്ട്-അപ്പുകളെ “ഇസ്രോ കൈപിടിച്ച് നടത്തേണ്ടി വരും”.  ഈ കൈപിടിച്ച് നടത്തൽ ഇപ്പോൾ പ്രൈവറ്റ് മേഖലയിൽ ഉയർന്നുവരുന്ന ബഹിരാകാശ സ്റ്റാർട്ട്-അപ്പുകൾക്ക് വേണ്ട “എല്ലാ” സഹായങ്ങളും നൽകുക എന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നുണ്ട് ക്രമേണ സ്റ്റാർട്ട്-അപ്പുകൾ നിർമ്മിക്കുന്ന ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക, വിക്ഷേപണ വാഹനങ്ങൾ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ നൽകുക തുടങ്ങി ഇപ്പോൾ ഇസ്രോയുടെ എല്ലാ ഫെസിലിറ്റികളും ഉപയോഗിക്കാൻ കൊടുക്കുക എന്നതിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇതിലെ സാമ്പത്തിക കരാർ എന്താണെന്ന് വ്യകതമല്ല.

സ്റ്റാർട്ട്-അപ്പുകളുടെ വരവും ഇസ്രോയിലെ കൊഴിഞ്ഞ് പോക്കും

നാന്നൂറോളം പ്രൈവറ്റ് സ്റ്റാർട്ട്- അപ്പുകൾ ഉയർന്ന് വരുമ്പോൾ അവയ്ക്ക് രണ്ട് പ്രധാന ആവശ്യങ്ങളുണ്ട്. ഒന്നാമത്, പ്രവർത്തനത്തിനാവശ്യമായ മുതൽമുടക്ക് ആണ്.  ഇപ്പോൾ മുതൽ മുടക്കിയിരിക്കുന്നത് ഇന്ത്യക്കാരായ വ്യവസായികളും വിദേശ കോർപറേറ്റുകളുമാണ്. സ്കൈറൂട്ട് കമ്പനിയിൽ മുതൽ മുടക്കിയവരിൽ ആഗോള കുപ്രസിദ്ധരായ ബ്ലാക്ക്-റോക്ക് എന്ന കോർപ്പറേറ്റും ഉണ്ടെന്നറിയുന്നു. ബ്ലാക്‌റോക്ക്ന്റേതുപോലുള്ള കമ്പനികൾ മുതൽ മുടക്കുമ്പോൾ ഇന്ത്യൻ ബഹിരാകാശ വ്യാപാര രംഗത്ത് അവരുടെ സ്വാധീനം ഉണ്ടാവുമെന്ന് പറയേണ്ടതില്ലല്ലോ? അമേരിക്കൻ കോർപറേറ്റുകൾ ഇന്ത്യൻ ബഹിരാകാശ കമ്പനികളിൽ സ്വാധീനം ചെലുത്തുന്നത് ഇന്ത്യക്ക് ഒട്ടും തന്നെ ഗുണകരമാവില്ല.

രണ്ടാമതായി പുതിയ പ്രൈവറ്റ് സ്റ്റാർട്ട്- അപ്പുകൾക്ക് വേണ്ടത് അനുഭവസമ്പന്നരായ ശാസ്ത്രജ്ഞരും എൻജിനീയർമാരും ആണ്. അതിൽ കുറച്ച് പേരെങ്കിലും വളരെ എക്സ്പീരിയൻസ് ഉള്ളവരായിരിക്കണമല്ലോ? അവരെ എവിടെ നിന്ന് കിട്ടും? ഇന്ത്യയിൽ ഈ മേഖലയിൽ ജോലിചെയ്യുന്നവർ ഇസ്രോയിൽ മാത്രമാണ് ഉള്ളത്. അതിനാൽ അവർക്കാവശ്യമായ മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവരെ “മോഷ്ടിക്കുകയല്ലാതെ (poach)” പ്രൈവറ്റ് സ്റ്റാർട്ട്-അപ്പുകൾക്ക് വേറെ വഴിയില്ല. ഇസ്‌റോയിൽ നിന്നും റിട്ടയർ ചെയ്തവരെ  ഉയർന്ന ലെവലിലോ കൺസൾട്ടന്റ് ആയോ നിയമിക്കാമെങ്കിലും പ്രായോഗിക പ്രവർത്തനങ്ങളിൽ നിപുണർ മധ്യതലത്തിൽ ഉള്ളവരായിരിക്കും. അതിനാൽ മധ്യതലത്തിലുള്ളവരെ വളരെ കൂടുതൽ ശമ്പളം നല്കി ആകർഷിക്കുകയാണ് സ്റ്റാർട്ട്-അപ്പുകൾ. കുറെപ്പേരൊക്കെ അങ്ങനെ രാജിവെച്ച് സ്റ്റാർട്ട്-അപ്പുകളിലേക്ക് പോകാൻ സാധ്യതയുണ്ടെങ്കിലും അത് ഒരിക്കലും ഒരു ഒഴുക്കാകുകയില്ല എന്ന് തീർച്ചയാണ്.

അവിടെയാണ് പുതിയ സ്റ്റാർട്ട്-അപ്പുകൾ ഇസ്രോക്ക് പ്രശ്നം ആവുന്നത്.  ഇസ്രോയിൽ നിന്നും ജോലി രാജിവെക്കുന്നതിന്ന് നിയമപരമായ തടസ്സങ്ങൾ ഒന്നുമില്ലെങ്കിലും വളരെ കാലത്തെ എക്സ്പീരിയൻസ് ഉള്ളവരെ പ്രൈവറ്റ് കമ്പനികൾ ഇങ്ങനെ അമിത സാമ്പത്തിക വ്യാമോഹം നൽകി കൊണ്ടുപോകുന്നത് ഇസ്രോക്ക് താൽക്കാലികമായെങ്കിലും ചില ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഈ വിദഗ്ധർ ഇസ്രോ യിൽ നിന്നും പഠിച്ച കാര്യങ്ങൾ എളുപ്പത്തിൽ പ്രൈവറ്റ് കമ്പനികൾക്ക് ലഭിക്കുകയാണ് എന്ന് മനസ്സിലാക്കാമല്ലോ? (റിട്ടയർ ചെയ്തവർക്ക് രണ്ടു വർഷത്തെ വിടവിന്ന്  ശേഷം ബഹിരാകാശ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളിൽ ചേരാൻ നിയമ തടസ്സമൊന്നുമില്ല). അത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇസ്രോയിൽ നിന്ന് ആകെ വിദഗ്ധരുടെ 0.85% മാത്രമാണ് ഇപ്പോൾ പ്രൈവറ്റ് കമ്പനികളിലേക്ക് പോയിട്ടുള്ളത്. അത് ഇസ്രോയെ കാര്യമായി ബാധിക്കുമെന്ന് തോന്നുന്നില്ല.

ഉദാരവൽക്കരണവും ഇസ്രോയും

അതിനേക്കാൾ പ്രശ്നങ്ങൾ ഉണ്ടാക്കുക പ്രൈവറ്റ് കമ്പനികൾക്ക് നല്കാൻ സാധ്യതയുള്ള അമിതമായ ഉദാരവൽക്കരണമാണ്. ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് പ്രകാരം കുലശേഖരപട്ടണത്ത് 950 കോടി രൂപ ചെലവിൽ ഇസ്രോ നിർമിക്കുന്ന സ്പേസ് പോർട്ട് നടത്തിക്കാനുള്ള ചുമതല പൂർണമായും പ്രൈവറ്റ് കമ്പനികൾക്ക് നൽകാനുള്ള തീരുമാനം ഇത്തരത്തിലുള്ള അമിത ഉദാരവൽക്കരണത്തിന്ന് ഉദാഹരണമാണ്. അത് നടത്തിക്കാൻ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ അപ്ലൈ ചെയ്യരുത് എന്ന നിബന്ധന ഉണ്ട് എന്ന് പറയപ്പെടുന്നു. മറ്റൊന്ന് ഇസ്രോയുടെ ഇപ്പോൾ നിലവിലുള്ള എല്ലാ സൗകര്യങ്ങളും പ്രൈവറ്റ് കമ്പനികൾക്ക് 30% മുതൽ 100% വരെ സാമ്പത്തിക സഹായത്തോടെ നൽകാനുള്ള തീരുമാനമാണ്. തങ്ങളുടെ സ്വന്തം സ്ഥാപനത്തിന്ന്, അതായത് ഇസ്രോക്ക്, വേണ്ടി ജോലി ചെയ്യുന്നത് പോലെ അല്ലല്ലോ മാറ്റ സ്റ്റാർട്ട്-അപ്പുകൾക്ക് വേണ്ടി ജോലിചെയ്യുന്നത്?   ഇതൊക്കെ ഇസ്രോയിലെ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും ആശങ്കാകുലരാക്കാനിടയുണ്ട്.

ഉപസംഹാരം 

ഇതേവരെ ചർച്ച ചെയ്തതിൽ നിന്നും താഴെ പറയുന്ന നിഗമനങ്ങളിൽ എത്തിച്ചേരാം.

(1) ഇപ്പോൾ ഇന്ത്യൻ ബഹിരാകാശ രംഗത്ത് മുന്നിട്ട് നിൽക്കുന്നത് തീർച്ചയായും ഇസ്രോ തന്നെ. സ്കൈറൂട്ട് ഇപ്പോൾ വിക്ഷേപിച്ച റോക്കറ്റ്  ഇസ്രോ 1980 ൽ വിക്ഷേപിച്ച SLV ക്ക് തുല്യമായുള്ളതാണ്. അതായത് ഏകദേശം 35 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ കഴിവുള്ള റോക്കറ്റാണത്. പക്ഷെ അതിൽ ഉപയോഗിച്ച പല സാങ്കേതിക വിദ്യകളും SLV യെക്കാൾ അത്യാധുനികമായിരിക്കും. സാങ്കേതിക വിദ്യകൾ വളരെ വികസിച്ച് വരുന്ന ഇക്കാലത്ത് അതിൽ അതിശയിക്കേണ്ട കാര്യവുമില്ല. മാത്രമല്ല പല കാര്യങ്ങളിലും അവർക്ക് ഇസ്രോയുടെ സഹായം ലഭിച്ചിട്ടുണ്ട്.

(2)  ഇസ്രോ യിലെ ജോലി സംസ്കാരം ഒരു പ്രൈവറ്റ് കമ്പനിയിൽ നിന്നും വളരെ വ്യത്യസ്‍തമാണ്. അവിടെയുള്ളവർക്ക്  ശമ്പളത്തോടൊപ്പം മറ്റ് പല ആനുകൂല്യങ്ങളുമുണ്ട്. ഇസ്രോ യിൽ ആണ് ജോലി ചെയ്യുന്നത് എന്ന അഭിമാനവുമുണ്ട്. അവരുടെ സേവനം രാജ്യത്തിന്ന് വേണ്ടിക്കൂടിയാണ്. അവർക്ക് ലഭിക്കുന്ന സാമ്പത്തികമല്ലാത്ത പല ആനുകൂല്യങ്ങളും പ്രൈവറ്റ് മേഖലയിൽ ലഭിക്കാൻ സാധ്യത കുറവാണ്. അക്കാരണത്താൽ തന്നെ ഇസ്രോ ഇപ്പോൾ ഒരു പലായന ഭീഷണിയും നേരിടുകയില്ല.

(3) ഇന്ത്യ ഗവണ്മെന്റ് യാതൊരു നിബന്ധനകളും ഇല്ലാതെ ഇസ്രോ ഉണ്ടാക്കിയെടുത്ത എല്ലാ സൗകര്യങ്ങളും ഫെസിലിറ്റീസും അറിവുകളും പ്രൈവറ്റ് മേഖലക്ക് കൊടുക്കുകയാണെങ്കിൽ അത് ഇസ്രോ ക്ക് ഗുണകരമായി ഭവിക്കില്ല. അത് കഴിഞ്ഞ 60 വർഷങ്ങളിലൂടെ, കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയ നേട്ടങ്ങൾ വിദേശ കുത്തകകൾക്ക് കൈമാറുന്നതിന്ന് തുല്യമായിരിക്കും.

(4) മുൻകാലങ്ങളിൽ സ്പേസ് സംബന്ധിച്ച എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് സ്പേസ് കമ്മീഷൻ ആണ്. സ്പേസ് കമ്മീഷൻ ചെയർമാനും ഇസ്രോയുടെ ചെയർപേഴ്സണും (ഇതേവരെ ചെയർമാൻമാർ മാത്രമേ ഉണ്ടായിട്ടുള്ളൂ), ഡിപ്പാർട്മെന്റ് ഓഫ് സ്പേസിന്റെ സെക്രട്ടറിയും ഒരാൾ തന്നെയായിരുന്നു, ഇപ്പോഴും അങ്ങനെത്തന്നെയാണ്. അതിനാൽ തീരുമാനങ്ങൾ എടുക്കുക എളുപ്പമായിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട പല ബ്യുറോക്രാറ്റുകളും തീരുമാനങ്ങൾ എടുക്കുന്നതിൽ ഇടപെടുന്നുണ്ട് എന്ന് ഇസ്രോ മുൻ ചെയർമാൻ ശ്രീ.മാധവൻ നായർ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറയുന്നുണ്ട്. അത്തരം ഇടപെടലുകൾ ഉണ്ടെങ്കിൽ അത് ആശാസ്യമല്ല എന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ മുൻ ഡയറക്ടറും അഭിപ്രായപ്പെട്ടിട്ടുണ്ട്.

(5) ഇതേവരെ ഇസ്രോയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ,അഭിമാനകരമായി മുന്നോട്ട് പോയത്, ഇസ്രോയെ നയിച്ചതും കാലാകാലത്ത് തീരുമാനങ്ങൾ എടുത്തതും ഇസ്രോയുടെയും സ്പേസ് കമ്മീഷന്റെയും തലപ്പത്ത് ശാസ്ത്രജ്ഞന്മാർ ഉള്ളത് കൊണ്ടാണ്. അത് അങ്ങനെതന്നെ തുടരണം.

(6) ലാഭം ലക്ഷ്യമാക്കുന്ന പ്രൈവറ്റ് കമ്പനികൾക്ക് രാജ്യത്തിന്റെ ഉന്നമനം ലക്ഷ്യമാക്കാൻ കഴിയുകയില്ല. മുതലാളിത്തത്തിന്റെ അപോസ്തലന്മാരായ അമേരിക്കയിൽ പോലും അത് നടന്നിട്ടില്ല. ഇന്ത്യയിലെ പുതിയ സ്റ്റാർട്ടപ്പുകളുടെ ഇപ്പോഴത്തെ നേട്ടങ്ങൾ അഭിനന്ദനാർഹം തന്നെയാണ്, പക്ഷെ ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ സങ്കീർണത മനസ്സിലാവാത്ത (പ്രൈവറ്റ്) മീഡിയ ചാനലുകൾ ഗാഗാ വിളിച്ച് കൂവുന്നതിലും അവരെ ഈലോൺ മസ്ക്കുമായും സ്പേസ് എക്സുമായും താരതമ്യം ചെയ്യുന്നതിലും ഇസ്രോ യിൽ നിന്നും കുറച്ച്പേർ പുതിയ  സ്റ്റാർട്ട്-അപ്പുകളിലേക്ക് പോകുമ്പോൾ ഇസ്രോ അപകടത്തിൽ എന്ന് വിളിച്ച് കൂവുന്നതിലും വലിയ അർത്ഥമൊന്നുമില്ല.

(7) ഇസ്രോയുടെ ഭാവി നിർണയിക്കുക ഇന്ത്യ ഗവണ്മെന്റിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും. ബഹിരാകാശ രംഗത്ത് വഴിവിട്ടുള്ള ഉദാരവൽക്കരണം രാജ്യത്തിന്ന് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, നമ്മുടെ രാജ്യത്തിൻറെ ബഹിരാകാശ നേട്ടങ്ങൾ പിന്നോട്ടടിച്ചെന്നും വരാം. ഇസ്രോക്ക് പകരം പ്രൈവറ്റ് കമ്പനികളെകൊണ്ട് കാര്യങ്ങൾ നടത്താമെന്നത് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് ബഹിരാകാശ സാങ്കേതിക വിദ്യകളെക്കുറിച്ച് ഒന്നുമറിയില്ല എന്നാണ്.

(8) ഇപ്പോൾ ഇസ്രോയിൽ നിന്നും കുറേപ്പേർ വിട്ടുപോയത്കൊണ്ട് ഇസ്രോക്ക് തിരിച്ചടികൾ ഒന്നും തീർച്ചയായും ഉണ്ടാവുകയില്ല.

^*****************^

References:

  1. Interview with S. Chandra Dattan: https://www.youtube.com/watch?v=_1j73-tM2r4
  2. Mathrubhumi: https://www.youtube.com/watch?v=58SnPOR7XLs
  3. News18 English. Interview with Shri. G Madhavan Nair – https://www.youtube.com/watch?v=4pqC1Kw_b6Y&t=3s

 

  1. https://www.indiatoday.in/science/story/govt-to-hand-over-rs-950-crore-under-construction-isro-spaceport-to-private-sector-2968334-2026-08-11
  2. https://www.indiatoday.in/science/story/after-vikram-1-success-govt-offers-up-to-100-incentives-for-indian-space-companies-2963872-2026-08-05

 

 

 

Hot this week

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

Topics

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...
spot_img

Related Articles

Popular Categories

spot_imgspot_img