
ഒന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ അനന്തരഫലങ്ങളിൽ ഒന്ന് ദാരിദ്ര്യം അനുഭവിക്കുന്നവരും വൻ സംഖ്യാബലം ഉള്ളവരുമായ ഒരു വ്യാവസായിക തൊഴിലാളി വർഗ്ഗത്തിന്റെ രൂപീകരണ മായിരുന്നു. 1831-ലും 1834-ലും ലിയോണിലെ പട്ടു നെയ്ത്തു തൊഴിലാളികൾ നടത്തിയ രണ്ട് പ്രക്ഷോഭങ്ങൾ,1836 മുതൽ 1848 വരെയുള്ള ബ്രിട്ടീഷ് ചാർട്ടിസ്റ്റ് പ്രസ്ഥാനം,1844-ൽ സൈലേഷ്യയിൽ നടന്ന നെയ്ത്തുകാരുടെ കലാപം എന്നിങ്ങനെ മൂന്ന് പ്രധാന തൊഴിലാളി പ്രസ്ഥാനങ്ങൾ ഈ പുതിയ വർഗ്ഗത്തിൻ്റെ പടിപടിയായുള്ള ഉണർവിനെയും പക്വതയെയുമാണ് അടയാളപ്പെടുത്തിയത്. ഈ മൂന്ന് പ്രക്ഷോഭങ്ങളും പരാജയത്തിലാണ് കലാശിച്ചതെങ്കിലും തൊഴിലാളിവർഗ്ഗം ആദ്യമായി തങ്ങളുടെ രാഷ്ട്രീയ ആശയങ്ങൾ മുന്നോട്ടുവയ്ക്കുകയും മുതലാളിത്ത വ്യവസ്ഥക്കെതിരെ നേരിട്ട് വിരൽചൂണ്ടുകയും ചെയ്തു. സ്വതന്ത്രമായ ഒരു രാഷ്ട്രീയ ശക്തി എന്ന നിലയിൽ തൊഴിലാളിവർഗ്ഗം ചരിത്രത്തിന്റെ രംഗപടത്തിലേക്ക് പ്രവേശിച്ചു എന്നും ശാസ്ത്രീയ സോഷ്യലിസത്തിന്റെ രൂപീകരണത്തിന് ആവശ്യമായ വർഗ്ഗപരമായ അടിത്തറ പാകിയെന്നും ഇത് സൂചിപ്പിക്കുന്നു.
ഏതൊരു സിദ്ധാന്തത്തെയും പോലെ ശാസ്ത്രീയ സോഷ്യലിസവും അതിനുമുമ്പ് ഉണ്ടായിരുന്ന ആശയപരമായ മികച്ച വസ്തുതകളെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചെടുത്തത്. ലെനിൻ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: “വിപ്ലവകാരികളായ തൊഴിലാളിവർഗ്ഗത്തിന്റെ പ്രത്യയശാസ്ത്രം എന്ന നിലയിൽ മാർക്സിസം അതിൻ്റെ ചരിത്രപരമായ പ്രാധാന്യം നേടിയെടുത്തത് ബൂർഷ്വായുഗത്തിലെ ഏറ്റവും മൂല്യവത്തായ നേട്ടങ്ങളെ തള്ളിക്കളയാതെ,മറിച്ച് മാനവ ചിന്തയുടെയും സംസ്കാരത്തിന്റെയും രണ്ടായിരത്തിലധികം വർഷത്തെ വികാസത്തിൽ നിന്ന് മൂല്യവത്തായതെല്ലാം ഉൾക്കൊള്ളുകയും പുനർ നിർമ്മിക്കുകയും ചെയ്തു കൊണ്ടാണ്.”

ഉത്പാദന ശക്തികളുടെ വികാസത്തോടെ 1830-കളിലും 1840-കളിലും പ്രകൃതി ശാസ്ത്ര പഠനങ്ങൾ അഭൂതപൂർവ്വമായ തലത്തിൽ വളർന്നു. പ്രകൃതിശാസ്ത്രത്തിലെ മൂന്ന് പ്രധാനപ്പെട്ട കണ്ടെത്തലുകളായ ജീവശാസ്ത്രപരമായ കോശ ഘടനയെ കുറിച്ചുള്ള സിദ്ധാന്തം,ഊർജ്ജ സംരക്ഷണത്തിന്റെയും രൂപാന്തരീകരണത്തിന്റെയും നിയമം,ഡാർവിന്റെ പരിണാമ സിദ്ധാന്തം എന്നിവ വസ്തുനിഷ്ഠലോകത്തെ കുറിച്ചുള്ള ജനങ്ങളുടെ ധാരണയെ വളരെയധികം മെച്ചപ്പെടുത്തി. പ്രകൃതിശാസ്ത്രത്തിൽ ഉണ്ടായ ഈ മഹത്തായ നേട്ടങ്ങൾ ആശയവാദത്തിനും മെറ്റാ ഫിസിക്സിനും ശക്തമായ പ്രഹരം ഏൽപ്പിച്ചുകൊണ്ട് വൈരുദ്ധ്യാത്മക ഭൗതികവാദത്തിനും ചരിത്രപരമായ ഭൗതികവാദത്തിനും രൂപം കൊടുക്കുന്നതിൽ മാർക്സിനെയും ഏംഗത്സിനെയും വലിയതോതിൽ സഹായിച്ചു.
ഈ കാലഘട്ടത്തിൽ സാമൂഹിക ശാസ്ത്രത്തിലും നിർണായകമായ നിരവധി മുന്നേറ്റങ്ങളും വികാസങ്ങളും ഉണ്ടായിട്ടുണ്ട്. സെയിൻ്റ് സൈമൺ, ഫോറിയർ,ഓവൻ എന്നിവരുടെ ഉട്ടോപ്യൻ ( സാങ്കല്പിക ) സോഷ്യലിസ്റ്റ് സിദ്ധാന്തം ആയിരുന്നു ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തത്തിലേക്ക് നയിച്ച ഉറവകളിൽ ഒന്ന്. ഹെഗലിൻ്റെ വൈരുദ്ധ്യാത്മകതയുടെ യുക്തിസഹമായ കാതലും ഫൊയർബാഹിന്റെ ഭൗതികവാദത്തിന്റെ അടിസ്ഥാനപരമായ കാതലുമുൾക്കൊള്ളുന്ന ജർമൻ ക്ലാസിക്കൽ തത്വചിന്തയും ആദം സ്മിത്ത്,ഡേവിഡ് റിക്കാർഡോ എന്നിവരുടെ അധ്വാനമൂല്യ സിദ്ധാന്തം ഉൾക്കൊള്ളുന്ന ബ്രിട്ടീഷ് ക്ലാസിക്കൽ സാമ്പത്തിക ശാസ്ത്രവും ആണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ മറ്റ് പ്രധാനപ്പെട്ട സ്രോതസ്സുകളായി വർത്തിച്ചത്. ലെനിന്റെ വിഖ്യാതമായ കാൾമാർക്സ് എന്ന കൃതിയിൽ ഇങ്ങനെ പറയുന്നുണ്ട്.”പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വികസിതമായ മൂന്ന് രാജ്യങ്ങളിലെ വ്യക്തികളുടെ കൃതികളിലൂടെ പ്രതിഫലിച്ച മൂന്ന് പ്രധാന ആശയധാരകളെ പിന്തുടരുകയും അവയെ പൂർത്തീകരിക്കുകയും ചെയ്ത മഹാപ്രതിഭയായിരുന്നു മാർക്സ്. ക്ലാസിക്കൽ ജർമ്മൻ തത്വചിന്ത,ക്ലാസിക്കൽ ഇംഗ്ലീഷ് അർഥശാസ്ത്രം, പൊതുവിലുള്ള ഫ്രഞ്ച് വിപ്ലവ സിദ്ധാന്തങ്ങളുമായി ചേർന്ന ഫ്രഞ്ച് സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ എന്നിവയായിരുന്നു ആ ആശയധാരകൾ.”
അതായത് അന്നോളം മാനവരാശി നേടിയെടുത്ത പുരോഗമനപരമായ എല്ലാ സാംസ്കാരിക നേട്ടങ്ങളെയും വിമർശനാത്മകമായി ഉൾക്കൊണ്ടുകൊണ്ട് മാർക്സും എംഗത്സും ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തത്തിന് അടിത്തറയിട്ടു. ഈ അർത്ഥത്തിൽ ക്ലാസിക്കൽ തത്വചിന്ത,ബ്രിട്ടീഷ് ക്ലാസിക്കൽ അർത്ഥശാസ്ത്രം, ഉട്ടോപ്യൻ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങൾ എന്നിവയാണ് ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തം രൂപപ്പെടുത്തുന്നതിന് സഹായകമായത് എന്ന് പറയാം. ഈ സാമ്പത്തിക, രാഷ്ട്രീയ, ശാസ്‌ത്രീയ, സാംസ്കാരിക സാഹചര്യങ്ങൾ ശാസ്ത്രീയ സോഷ്യലിസത്തിന്റെ രൂപീകരണത്തിന് ആവശ്യമായ വസ്തുനിഷ്ഠ സാഹചര്യങ്ങളും സാധ്യതകളും മാത്രമാണ് നൽകുന്നത്. അതിനെ യാഥാർത്ഥ്യമാക്കുന്നതിന് ആത്മനിഷ്ഠമായ ശ്രമങ്ങൾ കൂടി നടത്തിയ തീരു. അതിനാൽ അതിൻ്റെ സ്രാഷ്ടാക്കളുടെ ആത്മനിഷ്ഠ ഘടകങ്ങളും ശാസ്ത്രീയ സോഷ്യലിസത്തിന്റെ രൂപീകരണത്തിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്. അതായത് മാർക്സിന്റെയും ഏംഗത്സിൻ്റെയും പ്രതിഭയും കഠിനാധ്വാനവും ആണ് ഈ മഹത്തായ സൈദ്ധാന്തിക സൃഷ്ടികൾക്ക് ഇടയാക്കിയത്. അതോടൊപ്പം തന്നെ പ്രാധാന്യം വഹിക്കുന്നതാണ് ആശയവാദത്തിൽ നിന്ന് ഭൗതികവാദത്തിലേക്കും പാർലമെൻ്ററി ജനാധിപത്യത്തിൽ നിന്ന് കമ്മ്യൂണിസത്തിലേക്കും ഉള്ള അവരുടെ രാഷ്ട്രീയ നിലപാടിന്റെയും ലോക വീക്ഷണത്തിന്റെയും വഴിത്തിരിവും കുറിക്കുന്നത്.
(തുടരും)





