യുവത രോഷാകുലരാവുന്നത് എന്തിന്?

സുരേഷ് കോടൂ൪

 

പതിനഞ്ചോ ഇരുപതോ വ൪ഷം പഠനത്തിനായി ചിലവഴിക്കുക. നല്ല നിലയി ബിരുദം നേടുക. തുട൪ന്ന്‍ ജോലി തേടി അലയുക. മത്സരപ്പരീക്ഷകൾ എഴുതുക. വർഷങ്ങളോളം ജോലി കിട്ടാനായുള്ള കാത്തിരിപ്പ് തുടരുക. എപ്പോൾ എന്തെങ്കിലും ജോലി കിട്ടും എന്നോ, എപ്പോഴെങ്കിലും ജോലി കിട്ടുമോ എന്നുപോലുമോ ഒരു ഉറപ്പും ഇല്ലാതിരിക്കുക. യുവത്വത്തിലെത്തിയ ഒരു തലമുറ അസ്വസ്ഥമാവാ൯ ഇത്രയൊക്കെത്തന്നെ ധാരാളമാണ്. അത് അങ്ങ് ഫ്രാ൯സിലായാലും, ഇവിടെ ഇങ്ങ് ഇന്ത്യയിലായാലും. യുവതയെ ഇന്ന് അസ്വസ്ഥമാക്കുന്നത് ‘ഭാവിയെക്കുറിച്ച് എന്താണൊരു ഉറപ്പ്’ എന്ന ഉരുകലാണ്.

തൊഴിലില്ലായ്മ. പരീക്ഷാ ക്രമക്കേടുകൾ. അവസരങ്ങളിലെ അസമത്വം. പഠനവും തൊഴിലുമായി പൊരുത്തപ്പെടാത്ത വ്യവസ്ഥ. അതിനൊപ്പം, തങ്ങളുടെ ശബ്ദത്തിന് ആരും, പ്രത്യേകിച്ചു അധികാരികള്‍, ഭരണകൂടം, വേണ്ടത്ര വില കൽപ്പിക്കുന്നില്ല എന്ന തോന്നൽ. എല്ലാ ജനാധിപത്യ ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസത്തക൪ച്ച, ഇങ്ങിനെ ആകെയുള്ള അനിശ്ചിതത്വവും, ഇച്ഛാഭംഗവും ഒക്കെയാണ് യുവതലമുറയിൽ ഇന്ന് രോഷമായി പുകയുന്നത്. കേവലം തൊഴിൽപ്രശ്നത്തിൽ നിന്ന് അത്  ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയോട് തന്നെയുള്ള വലിയ നിരാശയും, നീരസവും ആയി അത് വിരാടരൂപം പൂണ്ട് വികസിച്ചിരിക്കുന്നു.

ആദ്യത്തെ പ്രശ്നം തീര്‍ച്ചയായും തൊഴിലാണ്. പക്ഷേ, തൊഴിൽ ലഭിക്കുന്നില്ല എന്ന ഒറ്റവാചകത്തിൽ യുവത നേരിടുന്ന പ്രതിസന്ധിയെ വിശദീകരിക്കാനാവില്ല. ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ വ്യാപ്തി വർദ്ധിച്ചിരിക്കുന്നു. ബിരുദധാരികളുടെ എണ്ണം കൂടുന്നു. സാങ്കേതികവിദ്യയിലുള്ള പരിശീലനവും പുതിയ തൊഴിൽമേഖലകളെക്കുറിച്ചുള്ള അവബോധവും വർദ്ധിക്കുന്നു. പക്ഷേ, ഈ വിദ്യാഭ്യാസ വളർച്ചയ്ക്ക് ആനുപാതികമായി ബിരുദധാരികൾക്ക് അനുയോജ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടോ?

അസിം പ്രേംജി സർവകലാശാലയുടെ 2026-ലെ State of Working India റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ബിരുദധാരികളുടെ വർധനയ്ക്ക് ആനുപാതികമായി ബിരുദതലത്തിലുള്ള തൊഴിൽ അവസരങ്ങൾ വളർന്നിട്ടില്ല എന്നതാണ്. ഒരു ജോലി കിട്ടാത്തതിന്റെ പ്രശ്നം മാത്രമല്ല ഇത്. പഠനത്തിനായി ചെലവഴിച്ച വർഷങ്ങൾ, കുടുംബം മുടക്കിയ പണം, എടുത്ത വിദ്യാഭ്യാസ വായ്പകൾ, ജീവിതത്തെക്കുറിച്ച് രൂപപ്പെടുത്തിയ പ്രതീക്ഷകൾ, ഇതെല്ലാം ചേർന്ന്‍ സമ്മർദ്ദത്തിലാക്കിയ ഒരു തലമുറയുടെ വിങ്ങലുകളാണ് തെരുവുകളിൽ മുഴങ്ങുന്നത്. യോഗ്യതക്കൊത്ത് ജോലിയില്ല. ജോലിയുണ്ടെങ്കിലും മതിയായ ശമ്പളമില്ല. ഉള്ള ജോലിക്ക് സ്ഥിരതയില്ല. പഠിച്ച വിഷയവുമായി ബന്ധമില്ലാത്ത തൊഴിൽ ചെയ്യാ൯ നി൪ബന്ധിതരാവുന്നു. അങ്ങനെ, ആഗ്രഹിച്ച ജീവിതം കെട്ടിപ്പടുക്കാൻ കഴിയാത്ത ഒരു തലമുറ മുഴുവ൯ ഏതുനേരവും നിരത്തുകളിലിറങ്ങാ൦.

അതുകൊണ്ട് സാമ്പത്തിക വളർച്ചയുടെ, ലോകത്തെ അഞ്ചാമത്തെ വലിയ ഇക്കോണമിയാണോ, മൂന്നാമത്തെ ഇക്കോണമിയാണോ തുടങ്ങിയ അവകാശവാദങ്ങള്‍ക്കും, കണക്കുകൾക്കുമൊക്കെ അപ്പുറം ഈ വളർച്ചയുടെ നേട്ടം യുവാക്കളുടെയും സാധാരണ ജനങ്ങളുടെയും ജീവിതത്തിൽ എത്രത്തോളം പ്രതിഫലിക്കുന്നുണ്ട് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇന്ത്യ ഫ്രാ൯സ് ആവാതിരിക്കണമെങ്കിൽ ഈ കടുത്ത അസമത്വത്തിന് ഉടനെ ഉത്തരം തേടണം.

വിദ്യാഭ്യാസ-നിയമന സംവിധാനങ്ങളിലുള്ള വിശ്വാസത്തകർച്ചയാണ് യുവത നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇന്ത്യയിൽ ഒരു സർക്കാർ ജോലി നേടുക എന്നത് ഇന്നും ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നമാണ്. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക്, ഒരു സർക്കാർ ജോലി സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള വഴിയാണ്. അതുകൊണ്ടുതന്നെ ഒരു മത്സരപ്പരീക്ഷ എന്നത് ഒരു പരീക്ഷ മാത്രമല്ല. ഒരു കുടുംബത്തിന്റെ വർഷങ്ങളായുള്ള പ്രതീക്ഷ കൂടിയാണ്. അത്തരമൊരു പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയോ ഗുരുതരമായ ക്രമക്കേടുകളോ സംഭവിക്കുമ്പോൾ തകരുന്നത് പരീക്ഷയുടെ വിശ്വാസ്യത മാത്രമല്ല. സത്യസന്ധമായി പഠിച്ച ഒരു വിദ്യാർഥിക്ക് തന്റെ അധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കുമെന്ന വിശ്വാസം കൂടിയാണ്. സത്യസന്ധമായി പരിശ്രമിച്ചിട്ടും വ്യവസ്ഥ പരാജയപ്പെടുത്തുന്നു എന്ന യാഥാ൪ത്ഥ്യം വ്യവസ്ഥയോട് തന്നെയുള്ള അവിശ്വാസമായി അവരിൽ വളരുന്നു.

ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന യുവജന പ്രക്ഷോഭങ്ങളെ ശ്രദ്ധേയമാക്കുന്നത് അത് ഉയ൪ത്തുന്ന വിഷയങ്ങളാണ്. തൊഴിൽ, പരീക്ഷാ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ ആരംഭിച്ച പ്രതിഷേധങ്ങൾ പിന്നീട് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം, സ്ഥാപനങ്ങളുടെ വിശ്വാസ്യത, ജനാധിപത്യ അവകാശങ്ങൾ തുടങ്ങിയ വിശാലമായ വിഷയങ്ങളിലേക്ക് വള൪ന്നിരിക്കുന്നു. യുവാക്കള്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്ന സ്ഥാപനങ്ങളെയും, തങ്ങളുടെ വോട്ട് എണ്ണപ്പെടുമെന്ന്, കണക്കിലെടുക്കപ്പെടുമെന്ന്, ഉറപ്പുനൽകുന്ന സംവിധാനത്തെയും ഒരുപോലെ സംശയത്തോടെ കാണാൻ തുടങ്ങുമ്പോൾ, അത് ഗൗരവമായ ഒരു രാഷ്ട്രീയ പ്രശ്നമായി വികസിക്കുന്നു.

വോട്ടർപട്ടിക പരിഷ്കരണത്തിൽ ഉണ്ടായ ക്രമക്കേടുകൾ, മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെ നേതൃത്വത്തിൽ കോടിക്കണക്കിന് ആളുകളെ ബോധപൂര്‍വം വോട്ട൪ പട്ടികയിൽ നിന്ന് പുറത്താക്കിയത്, ഭരണകക്ഷി തെരഞ്ഞെടുപ്പു കമ്മീഷണറെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പുകൾ കൂട്ടത്തോടെ അട്ടിമറിക്കുന്നു എന്ന ആരോപണം ഒക്കെ പ്രതിഷേധങ്ങൾക്ക് ഇപ്പോൾ വലിയൊരു രാഷ്ട്രീയമാനം നൽകിയിരിക്കുന്നു. ഭരണത്തിൽ ഇരിക്കുന്നവ൪ അധികാരം വിട്ടൊഴിയാതെ തങ്ങളുടെ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടില്ലെന്ന് മാത്രമല്ല, രാജ്യം കൂടുതല്‍ ദുരിതത്തിലേക്കും ഏകാധിപത്യ ഭരണത്തിലേക്കും കൂപ്പുകുത്തുകയാണെന്നും അത് തങ്ങളുടെ ഭാവിയെ കൂടുതൽ ഇരുളടഞ്ഞതാക്കുകയാണെന്നും യുവത തിരിച്ചറിയുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ രാജ്യെമെമ്പാടും തിളച്ചു മറിയുന്ന പ്രക്ഷോഭങ്ങൾ.

രാജ്യത്തിന്റെ മാക്രോ തലത്തിലുള്ള വളർച്ചാ കണക്കുകളും ഒരു സാധാരണ യുവാവിന്റെ ജീവിതത്തിലെ പുരോഗതിയും ഒരേ കാര്യമല്ല. രാജ്യത്തിന്റെ സാമ്പത്തിക സൂചികകൾ മെച്ചപ്പെടുന്നുവെന്ന അവകാശവാദങ്ങൾ, ഒരു കുടുംബത്തിന് മകന്റെയോ മകളുടെയോ തൊഴിൽഭാവിയെക്കുറിച്ചുള്ള ആശങ്കക്ക് പരിഹാരമാവുന്നില്ല. പുതിയ സാങ്കേതികവിദ്യകൾ വളരുമ്പോഴും, തൊഴിൽവിപണിയിൽ വിജയിക്കാ൯ ആവശ്യമായ വൈദഗ്ദ്യം നൽകാ൯ വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയുന്നില്ലെങ്കിൽ യുവാക്കൾ പി൯തള്ളപ്പെട്ടുപോകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം മാത്രം വർധിപ്പിച്ചതുകൊണ്ടായില്ല. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണം. തൊഴിൽപരിശീലനം യഥാർത്ഥ തൊഴിൽവിപണിയുമായി ബന്ധിപ്പിക്കണം. വ്യവസായങ്ങൾക്കും സേവനമേഖലകൾക്കും അനുയോജ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം. സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സാമ്പത്തികമായി ദുർബലരായ യുവാക്കൾക്കും തുല്യമായ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഇതൊന്നുമില്ലാതെ, ഒരു ചെറു വിഭാഗത്തെ മാത്രം അതിസമ്പന്നരാക്കുന്ന ‘തൊഴിലില്ലാത്ത വികസനം’ എന്ന വികസന മാതൃക പടച്ചുവിടുന്ന വമ്പ൯ തൊഴിലില്ലാപ്പട രാജ്യത്തിന് സമാധാനവും സ്വസ്ഥതയും വള൪ച്ചയും സമ്മാനിക്കും എന്ന് കരുതുന്നത് മൗഢ്യമാണ്.

എന്നാല്‍ വിദ്യാഭ്യാസത്തിന്‍റെ ആധുനികവല്‍ക്കരണത്തിന് പകരം, വിദ്യാഭ്യാസത്തെ പുറകോട്ട് നടത്താനാണ് കുറച്ചുകാലമായി ഇന്ത്യയിലെ  ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും നിരാശാജനകവും ആശങ്കാജനകവും. പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്തി എഴുതാനും, നുണകളും, അര്‍ദ്ധസത്യങ്ങളും, സന്ദര്‍ഭത്തിൽ നിന്ന് അടര്‍ത്തിമാറ്റിയ നിറ൦പിടിപ്പിച്ച കഥകളും, വക്രീകരണങ്ങളും ഒക്കെ തിരുകിക്കയറ്റുന്നതിനും, വ്യാജ ചരിത്ര നിര്‍മിതിയിലും ആണ് ഭരണകൂടം ശ്രദ്ധ ചെലുത്തുന്നത്. വിദ്യാഭ്യാസത്തിന്‍റെ ആധുനികവല്‍ക്കരണം അവഗണിക്കപ്പെടുന്നു. അര്‍ത്ഥവത്തായ ഗവേഷണവും, അറിവുത്പാദനവും മുരടിക്കുന്നു. സമൂഹത്തിൽ കൂടുതൽ വിദ്വേഷവും, കലാപവും, അരക്ഷിതത്വവും ആണ് പകരം ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നത്. അത്തരമൊരു വ്യവസ്ഥിതി യുവതയുടെ രോഷത്തിനു പാത്രമായില്ലെങ്കിലല്ലേ അത്ഭുതത്തിന് അവകാശമുള്ളൂ.

യുവജനസംഖ്യ ഒരു രാജ്യത്തിന് ലഭിക്കുന്ന അവസരമാണ്. പക്ഷേ, ആ അവസരത്തെ സാമ്പത്തികവും സാമൂഹികവുമായ നേട്ടമാക്കി മാറ്റുന്നതിന് ആ മനുഷ്യവിഭവത്തെ ശരിയായ ദിശയിൽ ഉപയോഗപ്പെടുത്തുന്നതിന് ഉതകുന്ന ഭാവനാത്മകമായ നയങ്ങളുണ്ടാവണം. യുവാക്കള്‍ക്ക് അവരുടെ യോഗ്യതക്കും താല്പ്പര്യത്തിനും അനുസൃതമായ തൊഴിൽ വേണം. നീതിപൂർവമായ പരീക്ഷകൾ വേണം. കഴിവിന് അംഗീകാരം വേണം. സ്വന്തം ഭാവിയെക്കുറിച്ച് പ്രതീക്ഷയോടെ ചിന്തിക്കാൻ കഴിയണം. അവരുടെ പരാതികൾ കേൾക്കപ്പെടണം. ഭരണകൂടം ചോദ്യങ്ങൾക്ക് മറുപടി നൽകണം. സ്ഥാപനങ്ങൾ വിശ്വാസ്യത തെളിയിക്കണം. ഈ ആവശ്യങ്ങളെല്ലാം രാഷ്ട്രീയ മുദ്രാവാക്യങ്ങളായി തള്ളിക്കളയാൻ എളുപ്പമാണ്. പക്ഷേ, ഒരു തലമുറയുടെ പ്രതീക്ഷകളെ അവഗണിക്കുന്നതിന്റെ വില ഒരു സർക്കാരിന് മാത്രമല്ല, ഒരു രാജ്യത്തിനാകെ നൽകേണ്ടിവരും.

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുന്ന അവസരത്തിലാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. നിലവിലുള്ള ഭരണകൂടം തങ്ങളെ വഞ്ചിച്ചു എന്ന അനുഭവത്തിൽ നിന്നുയരുന്ന രോഷമാണ്‌ തെരുവിൽ തിളക്കുന്നത്. അതിന് ഉത്തരവാദികളായവ൪ അധികാരമൊഴിയണം. അവ൪ നിയമത്തിനു മുന്നില്‍ വിചാരണ ചെയ്യപ്പെടണം. രാജ്യത്തിന്റെ മൊത്തം പുരോഗതി ലക്ഷ്യമായി പ്രവര്‍ത്തിക്കാ൯ തയ്യാറുള്ളവ൪ അധികാരത്തിലെത്തണ൦. അത്തരമൊരു മാറ്റത്തിനായാണ് യുവാക്കളുടെ പോരാട്ടം. അതിനായാണ് ഇന്ത്യ൯ യുവത്വം ഇന്ന് അടരാടുന്നത്.

സുരേഷ് കൊടൂർ

sureshkodoor@gmail.com

Ph: 9845853362

Hot this week

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം – ഒന്ന്

മാർക്സും എംഗത്സും ശാസ്‌ത്രീയ സോഷ്യലിസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് യാദൃശ്ചികമായിട്ടായിരുന്നില്ല.മുതലാളിത്ത വികാസത്തിന്റെയും...

സമരമുഖങ്ങളിലെ പെൺസാന്നിധ്യം 

കേന്ദ്രസർക്കാരിനെതിരെ ഇന്ത്യയിൽ നടന്നുവരുന്ന ജനാധിപത്യസംരക്ഷണ പ്രക്ഷോഭങ്ങൾ ശ്രദ്ധേയമാകുന്നതിൽ സ്ത്രീപങ്കാളിത്തം നിർണായകപങ്ക് വഹിക്കുന്നു....

മെനോ ഡിവോഴ്‌സ്‌ അറിയേണ്ട ചിലത്

‘മെനോ ഡിവോഴ്‌സ്‌’ എന്നത്‌ സാധാരണ സമൂഹത്തിൽ വളരെ പരിചിതമായ ഒരു വാക്കല്ല....

ഇതാണ് മോദി നാരീ ശക്തി. ‘🔥🔥

"തോക്കുപുരകൾ നിർമ്മിക്കാനും തൂക്കുമരങ്ങൾ ഉണ്ടാക്കാനും കമ്പിയഴികൂടുകളുടെ വ്യാസം ചുരുക്കി പഞ്ചതന്ത്രം കഥകൾ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 36

ലെനിൻ രക്തദാഹിയായിരുന്നില്ല  ‘‘1905ലെ വിപ്ലവത്തിനുശേഷം, 15 കോടി ജനങ്ങൾക്കെതിരെ നിരന്തരം അക്രമം...

Topics

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം – ഒന്ന്

മാർക്സും എംഗത്സും ശാസ്‌ത്രീയ സോഷ്യലിസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് യാദൃശ്ചികമായിട്ടായിരുന്നില്ല.മുതലാളിത്ത വികാസത്തിന്റെയും...

സമരമുഖങ്ങളിലെ പെൺസാന്നിധ്യം 

കേന്ദ്രസർക്കാരിനെതിരെ ഇന്ത്യയിൽ നടന്നുവരുന്ന ജനാധിപത്യസംരക്ഷണ പ്രക്ഷോഭങ്ങൾ ശ്രദ്ധേയമാകുന്നതിൽ സ്ത്രീപങ്കാളിത്തം നിർണായകപങ്ക് വഹിക്കുന്നു....

മെനോ ഡിവോഴ്‌സ്‌ അറിയേണ്ട ചിലത്

‘മെനോ ഡിവോഴ്‌സ്‌’ എന്നത്‌ സാധാരണ സമൂഹത്തിൽ വളരെ പരിചിതമായ ഒരു വാക്കല്ല....

ഇതാണ് മോദി നാരീ ശക്തി. ‘🔥🔥

"തോക്കുപുരകൾ നിർമ്മിക്കാനും തൂക്കുമരങ്ങൾ ഉണ്ടാക്കാനും കമ്പിയഴികൂടുകളുടെ വ്യാസം ചുരുക്കി പഞ്ചതന്ത്രം കഥകൾ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 36

ലെനിൻ രക്തദാഹിയായിരുന്നില്ല  ‘‘1905ലെ വിപ്ലവത്തിനുശേഷം, 15 കോടി ജനങ്ങൾക്കെതിരെ നിരന്തരം അക്രമം...

തൊഴിലാളികളുടെ സ്വയം നിയന്ത്രിത സംരംഭങ്ങൾ നല്ലൊരു ബദലല്ലേ?

  സമ്പത്ത് ഏതാനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ, സാമ്പത്തിക അധികാരത്തോടൊപ്പം രാഷ്ട്രീയ...

പ്രകൃതിയിലെ വിസ്മയങ്ങൾ – ഊർപ്പണപുഷ്പം

Caesarweed എന്നും Congo jute എന്നും പേരുകളുള്ള ഊർപണം (Urena lobata)...

നിറങ്ങൾ തൻ നൃത്തം – മനീഷ് ഡേ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1909...
spot_img

Related Articles

Popular Categories

spot_imgspot_img