
ആശമാരുടെ ഓണറേറിയം കൂട്ടാൻ സർക്കാർ തയ്യാറാവണം. തയ്യാറാണ് എന്നാണ് ആരോഗ്യമന്ത്രി പറയുന്നത് . അത് ശരിയാവാനാണ് സാധ്യത. ആയിരം രൂപ വെച്ചാണെങ്കിൽ പോലും വർഷം തോറും കൂട്ടുന്ന ഒരു നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. അത് പോരാ, ഇനിയും കൂട്ടണം. അവർക്ക് ഇപ്പോൾ കിട്ടുന്നത് തുഛമായ തുകയാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നില്ല. എത്ര കൂട്ടണം എന്നത് , പല ഘടകങ്ങൾ പരിഗണിച്ച് എടുക്കേണ്ട തീരുമാനമാണ് .
ഇനി എന്താണ് സമരക്കാരുടെ നിലപാട് ? ഇപ്പോൾ കിട്ടുന്ന ഓണറേറിയം 21000 ആയി വർധിപ്പിക്കണമെന്നാണ് ആവശ്യം. 7000 ൽ നിന്ന് ഒറ്റയടിക്ക് 21000 ആക്കണമെന്നാണ്. കൂടാതെ പിരിഞ്ഞു പോകുമ്പോൾ 5 ലക്ഷം രൂപവീതം നൽകണമെന്നും . ഇത് വളരെ കൂടിയ തുകയാണ് എന്ന അഭിപ്രായമൊന്നും എനിക്കില്ല . പക്ഷേ ഒരു കേന്ദ്ര സ്കീമിലെ വൊളൻ്റിയർമാർക്ക് ഒറ്റയടിക്ക് ഇത്രയും തുക കൂട്ടിക്കൊടുക്കാനുള്ള സാമ്പത്തിക ഉത്തരവാദിത്തം ഒരു സംസ്ഥാന സർക്കാർ ഒറ്റക്ക് ഏറ്റെടുക്കണം എന്നത് പ്രായോഗികമല്ല . ഇക്കാര്യത്തിൽ ഒരു വിട്ട് വീഴ്ചക്കും സമരക്കാർ തയ്യാറല്ല. അങ്ങനെയാണ് ഇന്നത്തെ ചർച്ച പരാജയപ്പെട്ടത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
വളരെ അപ്രായോഗികമായ ആവശ്യം ഉന്നയിച്ച് സമരം ചെയ്യുകയും ഒരു വിട്ട് വീഴ്ചക്കും തയ്യാറാകാതിരിക്കുകയും സമരം നീട്ടി കൊണ്ട് പോകുകയും ചെയ്യുന്നതിന് പിറകിൽ മറ്റ് രാഷ്ട്രീയ അജണ്ടകളാണ് ഉള്ളത് എന്ന് കരുതേണ്ടി വരും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ആരിഫ് മുഹമ്മദ് ഖാൻ്റെ ബി ടീമായി പ്രവർത്തിച്ചിരുന്ന ഒരു സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന സമരമാവുമ്പോൾ സംശയിക്കേണ്ടി വരും.
എല്ലാ ലിബറൽ ബുദ്ധിജീവികളും പിന്തുണക്കുകയും EPW എഡിറ്റോറിയൽ വരെ എഴുതുകയും ചെയ്തു കഴിഞ്ഞ സാഹചര്യത്തിൽ ഇത് ഒട്ടും പൊളിറ്റിക്കലി ഫാഷനബിൾ അല്ലാത്ത നിലപാടാണെന്നറിയാം. തത്കാലം ഇത്രയും ഫാഷൻ മതി .
ആശമാരെ തൊഴിലാളികളായി പ്രഖ്യാപിക്കണം എന്ന ഒരാവശ്യം ഈ സമരക്കാർ ഉന്നയിക്കുന്നേയില്ല. മറിച്ച് ഓണറേറിയം മിനിമം കൂലിക്ക് തുല്യമായി കൂട്ടണം എന്നാണ് ആവശ്യം. ആശമാരെ തൊഴിൽ നിയമങ്ങൾക്ക് കീഴിൽ കൊണ്ട് വരണം എന്നും ഓണറേറിയം അല്ല ശമ്പളമാണ് വേണ്ടത് എന്നും ഇവർ ആവശ്യപ്പെടുന്നില്ല. എന്ത് കൊണ്ട്? അതാവശ്യപ്പെടേണ്ടത് സംസ്ഥാന സർക്കാരിനോടല്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ.
ആ ആവശ്യം നിറവേറ്റാൻ ബാധ്യതപ്പെട്ട പാർട്ടിയോടും സർക്കാരിനോടും ചോദ്യങ്ങളോ വിമർശനങ്ങളോ ഇല്ലാതിരിക്കുകയും ആ പാർട്ടിയുടെ നേതാക്കന്മാരെ ദിവസേന സമരപന്തലിൽ സ്വീകരിക്കുകയും ചെയ്യുന്ന ഈ സംഘടനയെ സംശയത്തോടെ കാണാനേ കഴിയൂ.
ജൻഡർ ലെൻസിലൂടെ ലോകത്തെ നോക്കി കാണുമ്പോൾ ലാർജർ പൊളിറ്റിക്സ് കാണാതെ പോകരുത്. വൈകാരികമായി മാത്രം പ്രതികരിച്ചു കൊണ്ട് SUCI യുടെ രാഷ്ട്രീയ അജണ്ടകൾക്ക് കുട പിടിക്കുന്ന പണി ചില ഫെമിനിസ്റ്റുകൾ നിർവഹിക്കുന്നത് ഖേദകരമാണ്. കെയർ വർക്ക് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം ആകുകയും കുറഞ്ഞ കൂലിയുള്ള സേവന പ്രവർത്തനങ്ങൾ സ്ത്രീകളുടെ തലയിൽ കെട്ടി വെക്കുകയും ചെയ്യുന്നതിലെ ഫെമിനിസ്റ്റ് രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ല താനും.
വസ്തുതകൾ കണക്കിലെടുക്കാതെ വെറും വൈകാരികതയുടെ മേൽ നിലപാട് എടുക്കാനുള്ള സാഹചര്യമല്ല രാജ്യത്തുള്ളത്. അണ്ണാ ഹസാരെ സമരമൊന്നും മറക്കാറായിട്ടില്ല.https://www.facebook.com/share/p/1AK1BRcAdq/