ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 36

ജി വിജയകുമാർ

ലെനിൻ രക്തദാഹിയായിരുന്നില്ല 

‘‘1905ലെ വിപ്ലവത്തിനുശേഷം, 15 കോടി ജനങ്ങൾക്കെതിരെ നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന 1,30,000 ഭൂവുടമകളാണ്‌ റഷ്യയിൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്‌. സാധാരണ ജനങ്ങൾക്കുനേരെ അനിയന്ത്രിതമായി അപവാദങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുകയാണവർ; മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾക്കുമേൽ ന്യൂനപക്ഷം മാത്രമായ ഈ ഭൂവുടമകൾ നിഷ്‌ഠൂരമായി ദുരിതങ്ങൾ അടിച്ചേൽപ്പിക്കുകയാണ്‌. എന്നിട്ടും അവർ നമ്മളോട്‌ പറഞ്ഞുകൊണ്ടിരിക്കുന്നത്‌ 2,40,000 അംഗങ്ങളുള്ള ബോൾഷെവിക്‌ പാർട്ടിക്ക്‌ റഷ്യ ഭരിക്കാൻ കഴിയില്ലെന്നാണ്‌; സമ്പന്നതാൽപര്യങ്ങൾക്കെതിരെ ദരിദ്രരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട്‌ റഷ്യയിൽ ഭരണം നടത്താനാവില്ലെന്നാണ്‌. പ്രായപൂർത്തിയായ ജനങ്ങളുടെ 10 ലക്ഷത്തിൽ കുറയാത്ത വോട്ടിന്റെ പിന്തുണ ഈ 2,40,000 പേർ ഇതിനകം തന്നെ നേടിയിട്ടുണ്ട്‌… അതുകൊണ്ടുതന്നെ നാം ഇതിനകം ഉന്നതമായ ആദർശങ്ങളുടെ സംരക്ഷണത്തിനായി, സോഷ്യലിസ്റ്റ്‌ ഭരണകൂടത്തിനായി ഉഴിഞ്ഞുവയ്‌ക്കപ്പെട്ടിരിക്കുകയാണ്‌; ഓരോ മാസവും 20‐ാം തീയതി കിട്ടുന്ന വലിയൊരു തുക നഷ്ടപ്പെടുത്താതെ നോക്കുന്നതിനല്ല നാം നിലകൊള്ളുന്നത്‌.’’
‐ Lenin: Can the Bolshevik Retain State Power Collected Works, Vol 26

ലെനിൻ മുന്നോട്ടുവെച്ച വിപ്ലവപദ്ധതിക്ക്‌ രണ്ട്‌ ഘട്ടങ്ങളാണുണ്ടായിരുന്നത്‌. ആദ്യത്തേത്‌ സാർ ഭരണത്തിനെതിരായ രാഷ്‌ട്രീയ സമരമാണ്‌. ആ സമരത്തിൽ കർഷകജനതയെയൊന്നാകെ തൊഴിലാളിവർഗം സഖ്യശക്തിയായി അണിനിരത്തേണ്ടതാണ്‌. രണ്ടാമത്തേത്‌ സോഷ്യലിസ്റ്റ്‌ വിപ്ലവമാണ്‌. ഇത്‌ സാധ്യമാക്കുന്നതിന്‌ നഗരങ്ങളിലെ തൊഴിലാളിവർഗത്തിന്‌ ഗ്രാമീണമേഖലയിലെ തൊഴിലാളിവർഗത്തിന്റെയും അർധ തൊഴിലാളിവർഗത്തിന്റെയും ഉറച്ച പിന്തുണ നേടിയെടുക്കേണ്ടതുണ്ട്‌.

1917 ഒക്‌ടോബറിൽ നടന്ന വിപ്ലവത്തിൽ, സാറിസ്റ്റ്‌ വാഴ്‌ചയ്‌ക്ക്‌ അറുതിവരുത്തിയ വിപ്ലവത്തിൽ, കർഷകജനത ഒന്നടങ്കം അണിനിരന്നു. എന്നാൽ 1918 ഒക്‌ടോബറിൽ, കുലാക്കുകളുടെ കലാപം ഉണ്ടായതോടെ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെ ഘട്ടത്തിലേക്ക്‌ റഷ്യ കടന്നു‐ അതായത്‌, ആ ഘട്ടത്തിൽ ഗ്രാമീണജനതയിൽ വർഗപരമായ ചേരിതിരിവുണ്ടായി. ഗ്രാമീണമേഖലയിലെ സമ്പന്നരായ ചൂഷകരും ദരിദ്രരായ ചൂഷിതരും രണ്ടു ചേരിയായി തിരിഞ്ഞു. ചൂഷിതരായ ഗ്രാമീണ തൊഴിലാളികളും അർധ തൊഴിലാളികളും നഗരങ്ങളിലെ തൊഴിലാളിവർഗത്തിനൊപ്പം അണിനിരന്നു. അതാണ്‌ റഷ്യൻ വിപ്ലവം 1918 ഒക്‌ടോബറോടെ സോഷ്യലിസ്റ്റ്‌ വിപ്ലവമായി മാറിയെന്ന്‌ ലെനിൻ വിശേഷിപ്പിച്ചത്‌. 1918 ഒക്‌ടോബറിൽ, വിപ്ലവത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്‌ ലെനിൻ ഇങ്ങനെ എഴുതി:

‘‘പോരാട്ടത്തിന്റെ ഈ പുതിയ ഘട്ടത്തിൽ സ്വത്തുടമകളും ചൂഷകരുമായ വർഗങ്ങൾ വിപ്ലവപക്ഷത്തുനിന്ന്‌ പൂർണമായും പുറത്തായി; നിശ്ചയമായും ഇത്‌ നമ്മുടെ വിപ്ലവത്തെ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെ പാതയിലെത്തിച്ചു; നഗരങ്ങളിലെ തൊഴിലാളിവർഗം കഠിനമായും ഊർജസ്വലമായും 1917 ഒക്ടോബറിൽ പരിശ്രമിച്ചത്‌ ഇത്തരമൊരു വഴിത്തിരിവിനുവേണ്ടി തന്നെയായിരുന്നു. സോഷ്യലിസത്തിന്റെ പാതയിലൂടെ വിപ്ലവത്തെ വിജയകരമായി നയിക്കുന്നതിന്‌, നഗരങ്ങളിലെ തൊഴിലാളിവർഗത്തിന്‌ നാട്ടിൻപുറങ്ങളിൽനിന്ന്‌ ബോധപൂർവവും സുദൃഢവുമായ പിന്തുണ ലഭിച്ചാൽ മാത്രമേ കഴിയൂ.’’ (Lenin, Collected Works, Vol: 28, Page 340)

തന്റെ പ്രശസ്‌തമായ Renegade Kautsky and the Proletarian Revolution (വഞ്ചകനായ കൗട്‌സ്‌കിയും തൊഴിലാളിവർഗ വിപ്ലവവും) എന്ന കൃതിയിൽ ലെനിൻ ഇക്കാര്യം വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്‌. സമ്പന്ന കർഷകർക്കെതിരെ ഗ്രാമങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളെ തങ്ങൾക്കൊപ്പം അണിനിരത്താൻ തൊഴിലാളിവർഗത്തിന്‌ കഴിഞ്ഞുവെന്നത്‌ റഷ്യ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്‌ പാകമായിക്കഴിഞ്ഞുവെന്നതിന്റെ സൂചനയാണ്‌ എന്നാണ്‌ ലെനിൻ വിശദീകരിച്ചത്‌. പക്ഷേ, ഭക്ഷ്യധാന്യം സംഭരിക്കുന്നതിന്‌ ഗ്രാമീണമേഖലയിൽ വർഗപരമായ പോരാട്ടം നടത്തുന്നതിനുള്ള നീക്കം യഥാർഥത്തിൽ തിരിച്ചടിയുണ്ടാക്കി. ആ നയത്തിൽ മാറ്റംവരുത്താനും ഭക്ഷ്യസംഭരണത്തിനും വിതരണത്തിനും പുതിയ നയം കൊണ്ടുവരാനും ഏറെ കഴിയുംമുമ്പ്‌ ലെനിൻതന്നെ മുൻകൈയെടുക്കുന്നുമുണ്ട്‌.

ലെനിൻ ഒരിക്കലും അക്രമങ്ങളിൽ ആഹ്ലാദിച്ചിരുന്നില്ല; പക്ഷേ, അതേസമയംതന്നെ സ്വയംസംരക്ഷണത്തിന്‌ അക്രമം അനിവാര്യമാണെന്ന്‌ അദ്ദേഹത്തിന്‌ നല്ല ബോധ്യമുണ്ടായിരുന്നു. 1917ൽ, അതായത്‌ വിപ്ലവങ്ങളുടെ കാലത്ത്‌, തങ്ങൾക്കെതിരെ അക്രമം പ്രയോഗിക്കപ്പെടുന്നതുവരെ ബോൾഷെവിക്കുകൾ അക്രമങ്ങളിൽനിന്ന്‌ വിട്ടുനിൽക്കണമെന്ന്‌ ലെനിൻ നിരവധിതവണ വ്യക്തമാക്കുന്നുണ്ട്‌. എന്നാൽ ചില ഘട്ടങ്ങളിൽ പോരാട്ടം അക്രമാസക്തമാകേണ്ടതായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. കാരണം തൊഴിലാളിവർഗത്തിന്‌, ബോൾഷെവിക്കുകൾക്ക്‌ നേരിടേണ്ടതായി വരുന്നത്‌ ഭരണകൂടത്തിന്റെ മർദനോപകരണങ്ങളെയാണ്‌; സായുധരും വിപ്ലവകാരികളുമായ മഹാഭൂരിപക്ഷത്തെ വിരട്ടി ഒതുക്കിനിർത്താൻ ഭരണവർഗത്തിന്‌ കഴിയാതെവരുമെന്നും ലെനിൻ 1917ൽ എഴുതിയ ലേഖനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

പ്രൊവിഷണൽ ഗവൺമെന്റിന്റെ മർദനോപകരണങ്ങളുമായി ഏറ്റുമുട്ടിയതും വിപ്ലവാനന്തരം ആദ്യം പ്രതിവിപ്ലവകാരികളെ അടിച്ചമർത്തിയതും ബോൾഷെവിക്‌ പാർട്ടിയുടെ മിലിട്ടറി റവല്യൂഷണറി കമ്മിറ്റികളായിരുന്നു. പിന്നീട്‌, 1917 ഡിസംബറിൽ ‘ചെക്ക’ (Cheka) എന്ന പേരിൽ ആദ്യത്തെ രഹസ്യ പൊലീസ്‌ സംവിധാനത്തിനു രൂപംനൽകി‐ പ്രതിവിപ്ലവത്തെയും അട്ടിമറികളെയും ചെറുക്കുന്നതിനുള്ള അഖില റഷ്യൻ അസാധാരണ കമ്മിഷൻ. 1918ൽ പ്രതിവിപ്ലവവും പൂഴ്‌ത്തിവെയ്‌പും അഴിമതിയും തടയുന്നതിനുള്ള അഖില റഷ്യൻ അസാധാരണ കമ്മീഷൻ എന്നാക്കി ഇതിനെ മാറ്റി. പക്ഷേ റഷ്യൻ വിപ്ലവാനന്തരമുണ്ടായ ആദ്യ സംവിധാനമാന്നുമായിരുന്നില്ല അത്‌. സാറിസ്റ്റ്‌ ഭരണകാലത്ത്‌ വിപ്ലവനീക്കങ്ങളെ തകർക്കാൻ ഇത്തരമൊരു രഹസ്യ പൊലീസ്‌ സംവിധാനം‐ രാഷ്‌ട്രീയ പൊലീസ്‌ സംവിധാനം‐ ഉണ്ടായിരുന്നു. ഫ്രഞ്ച്‌ വിപ്ലവത്തിൽ ജാക്കൊബിനുകൾക്ക്‌ ഇതുപോലൊരു രഹസ്യ പൊലീസ്‌ സംവിധാനം ഉണ്ടായിരുന്നു.

‘ചെക്ക’യ്‌ക്ക്‌ സവിശേഷമായ ഒരു ലെനിനിസ്റ്റ്‌ പരിവേഷമുണ്ടായിരുന്നു. വിപ്ലവത്തോടുള്ള ലെനിന്റെ സമീപനത്തിലെ സർവ സങ്കീർണതകളും വൈരുദ്ധ്യങ്ങളും ‘ചെക്ക’യുടെ രൂപീകരണത്തിൽ കാണാനാവും. പഴയ ഭരണവർഗങ്ങളുടെ‐ ബൂർഷ്വാസിയുടെയും ഫ്യൂഡൽ ഭൂപ്രഭുക്കളുടെയും‐ പ്രതിവിപ്ലവ നീക്കങ്ങളെ നേരിടാൻ ആവശ്യമായ വിപ്ലവ ഗവൺമെന്റിന്റെ ഏറ്റവും ഫലപ്രദമായ ഉപകരണമായിരുന്നു ചെക്ക. കൃത്യമായ വിപ്ലവബോധ്യമുള്ള ശരിയായ വിപ്ലവാശയങ്ങളാൽ നയിക്കപ്പെടുന്ന, നീതിബോധമുള്ള, അഴിമതിയുടെ കറപുരളാത്ത ഒരു നേതാവായിരിക്കണം അതിനെ നയിക്കേണ്ടത്‌ എന്നും ബോൾഷെവിക്‌ പാർട്ടി നിശ്ചയിച്ചു. ലെനിൻ കണ്ടെത്തിയ അത്തരത്തിലൊരാളായിരുന്നു ഫെലിക്‌സ്‌ സെർഷിൻസ്‌കി (Felix Dzerzhinsky). അതിബുദ്ധിമാനും നിശ്ചയദാർഢ്യവും വിപ്ലവത്തോട്‌ കൂറുള്ളയാളുമായിരുന്നു അദ്ദേഹം; തന്നെ നിയമിച്ചതിലൂടെ ലെനിൻ ഉദ്ദേശിക്കുന്നത്‌ എന്താണ്‌ എന്ന കാര്യം സെർഷിൻസ്‌കിക്ക്‌ കൃത്യമായും അറിയാമായിരുന്നു. അതിവേഗത്തിലും കൃത്യമായും വിപ്ലവനീതി നടപ്പാക്കുമെന്ന്‌ ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ സംവിധാനം കൊണ്ടുവന്നത്‌.

ശരിയായ വിപ്ലവ നിലപാടിന്റെ സാക്ഷാത്‌കാരം എന്നതിൽ ചെക്കയുടെ പ്രാധാന്യം കണക്കിലെടുക്കപ്പെടേണ്ടതുതന്നെയാണ്‌. ലെനിൻ മുന്നോട്ടുവെച്ച ശരിയായ മാർക്‌സിസ്റ്റ്‌ വിപ്ലവപാതയിലേക്ക്‌ റഷ്യയെയും ലോകത്തെയും എത്തിക്കുന്നതിനുള്ള രാഷ്‌ട്രീയ ബോധവൽക്കരണം നടത്തലാണ്‌ ഇതിന്റെ ദൗത്യം. ശരിയായ വിപ്ലവബോധ്യമുള്ള ജനങ്ങളുടെ സഹായത്താലാണ്‌ വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്നത്‌. പാർട്ടി അതിനുള്ള ഉപകരണമായി പ്രവർത്തിക്കുന്നു. ഇതാണ്‌ ലെനിന്റെ കാഴ്‌ചപ്പാട്‌.

1917ലെ വിപ്ലവത്തിനു മുമ്പ്‌ ബോൾഷെവിക്‌ പാർട്ടിയുടെ മെമ്പർഷിപ്പ്‌ 25,000ത്തോളമായിരുന്നു. വിപ്ലവാനന്തരം അത്‌ 2,50,000ത്തോളമായി ഉയർന്നു. വിപ്ലവ ഭരണനിർവഹണത്തിനുള്ള അടിസ്ഥാന ഉപകരണമെന്ന നിലയിലാണ്‌ ഈ ബോൾഷെവിക്‌ മെമ്പർഷിപ്പിനെ ലെനിൻ കണ്ടത്‌. ബൂർഷ്വാ ഭരണസംവിധാനമായ പ്രൊവിഷണൽ ഗവൺമെന്റിനെ അധികാരത്തിൽനിന്ന്‌ പുറത്താക്കാനും അധികാരം സോവിയറ്റുകളിലേക്ക്‌ എത്തിക്കാനും യുദ്ധം അവസാനിപ്പിച്ച്‌ സമ്പദ്‌ഘടനയെ ശക്തിപ്പെടുത്താനുമായിരുന്നു ജനങ്ങൾ ബോൾഷെവിക്കിനുപിന്നിൽ അണിനിരന്നത്‌. മാർക്‌സിസ്റ്റ്‌ പ്രത്യയശാസ്‌ത്രവുമായോ അത്‌ സംബന്ധിച്ച ലെനിന്റെ വ്യാഖ്യാനവുമായോ ഒന്നും വ്യക്തത പോയിട്ട്‌ ധാരണപോലും ഉള്ളവരായിരുന്നില്ല വിപ്ലവഘട്ടത്തിൽ ബോൾഷെവിക്‌ പാർട്ടിയിലേക്ക്‌ എത്തിവരിൽ മഹാഭൂരിപക്ഷവും. അവരെ ആകർഷിച്ചത്‌ ലെനിനും ബോൾഷെവിക്‌ പാർട്ടിയും മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങളും അവർ നടത്തിയ വിപ്ലവപോരാട്ടവുമായിരുന്നു. പുതുതായി അണിചേർന്ന വിഭാഗത്തെ രാഷ്‌ട്രീയവൽക്കരിക്കലും അവരുടെ പ്രത്യയശാസ്‌ത്ര നിലവാരം ഉയർത്തലും, ശരിയായ രാഷ്‌ട്രീയബോധ്യവും ഉറച്ച പ്രത്യയശാസ്‌ത്ര നിലപാടുമുള്ള ചെറിയ വിഭാഗം ബോൾഷെവിക്കുകളുടെ ദൗത്യമായി മാറി.

അത്തരമൊരു ദൗത്യത്തിനൊപ്പം പ്രതിവിപ്ലവകാരികളിൽ നിന്നും വിപ്ലവത്തെ സംരക്ഷിക്കലുമായിരുന്നു ചെക്കയുടെ ദൗത്യം. ആ സംവിധാനത്തെ മുന്നോട്ടുനയിക്കുകയെന്നതായിരുന്നു ലെനിൻ സെർഷിൻസ്‌കിയെ ഏൽപ്പിച്ച ചുമതല. 1926 ജൂലൈ 20ന്‌ 48‐ാമത്തെ വയസ്സിൽ ഹൃദയാഘാതംമൂലം മരണമടയുന്നതുവരെ ഈ ചുമതല കൃത്യമായി നിറവേറ്റുകയുണ്ടായി ഈ ബോൾഷെവിക്‌ വിപ്ലവകാരി. ന്യൂനപക്ഷ ദേശീയവിഭാഗങ്ങളിൽനിന്നുള്ള, സർവോപരി ജൂതവിഭാഗത്തിൽപെട്ട ദൃഢചിത്തരായ വിപ്ലവകാരികൾ ചെക്കയിൽ ചേരാൻ സന്നദ്ധരായി മുന്നോട്ടുവന്നിരുന്നു. ഉക്രെയിനിൽ ജൂതർ വെള്ളഭീകരരിൽനിന്ന്‌ കടുത്ത ആക്രമണങ്ങൾ നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ ചെക്കയിൽ പ്രവർത്തിക്കാൻ സന്നദ്ധതയോടെ വന്ന ജൂതവിഭാഗത്തിൽപെട്ട വിപ്ലവകാരികളുടെ ഭാഗത്തുനിന്നുണ്ടായ നടപടികൾക്ക്‌ പകവീട്ടലിന്റെ സ്വഭാവംകൂടിയുണ്ടായി. അത്‌ വിപ്ലവത്തിനെതിരായ പ്രചാരണത്തിന്‌ അവസരം നൽകി.

ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ്‌ ഇപ്പോഴും പിന്തിരിപ്പന്മാർ ലെനിനെ അക്രമകാരിയും മർദകനുമാണെന്ന്‌ പ്രചരിപ്പിക്കുന്നത്‌. വിപ്ലവത്തിനെതിരെ കടുത്ത അക്രമങ്ങൾ നടത്തിയിരുന്ന ഒട്ടേറെ പ്രതിവിപ്ലവകാരികൾക്ക്‌ വധശിക്ഷ നൽകുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ലെനിൻ നിർബന്ധിതനായി എന്നത്‌ വസ്‌തുത തന്നെയാണ്‌. അതുപോലെതന്നെയാണ്‌ പൂഴ്‌ത്തിവെയ്‌പുകാർക്കെതിരെ ശക്തമായ നടപടിക്ക്‌ ലെനിൻ നിർദേശം നൽകിയതും. വിപ്ലവ ഭരണകൂടത്തെ അട്ടിമറിക്കാൻ നോക്കിയവർക്കെതിരെയാണ്‌, വിപ്ലവത്തെ സംരക്ഷിക്കാനാണ്‌, ഭൂരിപക്ഷംവരുന്ന ജനതയുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ്‌ പ്രതിവിപ്ലവകാരികൾക്കെതിരെ കടുത്ത നടപടികൾക്ക്‌ ലെനിൻ തയ്യാറായത്‌. അതേസമയം വിപ്ലവമുന്നേറ്റത്തിനിടയിൽ, വിപ്ലവാനന്തരം കൊല്ലപ്പെട്ട പ്രതിവിപ്ലവകാരികളേക്കാൾ എത്രയോ അധികം, വിപ്ലവകാരികൾ, തൊഴിലാളികൾ ജീവത്യാഗം ചെയ്‌തിട്ടുണ്ട്‌. അവർ സ്വയം ജീവൻ വെടിയുകയായിരുന്നില്ല, സാർ ചക്രവർത്തിയും പിന്നീടു വന്ന പ്രൊവിഷണൽ ഗവൺമെന്റും തൊഴിലാളിവർഗ വിപ്ലവകാരികളായ ആയിരക്കണക്കിനുപേരെ കൊന്നുതള്ളിയത്‌ ലെനിനെയും ബോൾഷെവിക്കുകളെയും ക്രൂരന്മാരെന്ന്‌ ചാപ്പകുത്തി വിമർശിക്കുന്നവർ കാണുന്നതേയില്ല. ലെനിനെതിരായ ഇത്തരം വിമർശനങ്ങൾക്കുള്ള കൃത്യമായ മറുപടിക്ക്‌ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ വിശ്വചരിത്രാവലോകം (Glimpss of World History) എന്ന കൃതി നോക്കിയാൽ മതി. നെഹ്‌റു Soviet Russia എന്ന ഒരു കൃതിയും (1922) രചിച്ചിട്ടുണ്ട്‌ എന്ന കാര്യവും ഓർക്കണം.

വിപ്ലവത്തിന്റെ ആദ്യനാളുകളിലെ മറ്റേതൊരു സംവിധാനത്തെയുംകാൾ മികച്ച രീതിയിൽ ‘ചെക്ക’യാണ്‌ ലെനിന്റെ ദർശനത്തിന്റെ സങ്കീർണതകളെ പ്രതിനിധാനം ചെയ്‌തത്‌. വിപ്ലവം അനായാസമായ ഒന്നാണെന്ന്‌ ആരുംതന്നെ കരുതിയിരുന്നില്ല. എന്നാൽ പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കടുത്ത പോരാട്ടമാണ്‌ അതിനായി വേണ്ടിവന്നത്‌. വിപ്ലവാനന്തരമുള്ള ആദ്യഘട്ടത്തിലെ കഠിനാധ്വാനം ലെനിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു.

ഒടുവിൽ 1917ലെ ക്രിസ്‌മസിനും 1918ലെ പുതുവത്സരത്തിനും ഇടയ്‌ക്കുള്ള ഏതാനും ദിവസങ്ങൾ അവധിയിലാകാൻ ക്രൂപ്‌സ്‌കായയുടെ സമ്മർദത്തെതുടർന്ന്‌ ലെനിൻ നിർബന്ധിതനായി. അവർ അവധി ആഘോഷിക്കാൻ ഫിൻലാൻഡിലേക്കാണ്‌ പോയത്‌. ഒക്‌ടോബർ വിപ്ലവത്തിനുമുമ്പ്‌ 1907ലും 1917ലും, രണ്ടുതവണ ഫിൻലാൻഡ്‌ തലസ്ഥാനമായ ഹെൽസിങ്കിയിൽ ലെനിൻ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്‌. 1917ലെ ഹെൽസിങ്കി ജീവിതത്തിനിടയിലാണ്‌ ലെനിൻ State and Revolution (ഭരണകൂടവും വിപ്ലവവും) എന്ന പ്രശസ്‌ത കൃതി രചിച്ചത്‌. എന്നാൽ, വിപ്ലവാനന്തരം ഭരണ നടപടികളിൽനിന്ന്‌ അവധിയെടുത്ത്‌ മാറിനിന്നതുകൊണ്ടുള്ള അദ്ദേഹത്തിന്റെ അവധിയാഘോഷം ക്രൂപ്‌സ്‌കായ വിചാരിച്ചതുപോലെ വേണ്ടത്ര ആഹ്ലാദകരമായില്ല. അതുകൊണ്ടുതന്നെ അത്‌ അദ്ദേഹത്തിന്റെ തകർന്ന ആരോഗ്യനിലയെ മെച്ചപ്പെടുത്താൻ സഹായകമായതുമില്ല. ക്രൂപ്‌സ്‌കായ എഴുതുന്നു: ‘‘ആ അവധി ഞങ്ങൾക്ക്‌ കാര്യമായ ഗുണമൊന്നും ഉണ്ടാക്കിയില്ല. ഇലിച്ച്‌ ചിലപ്പോഴെല്ലാം ഒളിവ്‌ ജീവിതകാലത്തെന്നപോലെ ശബ്ദംതാഴ്‌ത്തി സംസാരിക്കുകപോലുമുണ്ടായി. നിത്യവും ഞങ്ങൾ സായാഹ്നയാത്രകൾ നടത്തിയിരുന്നു; പക്ഷേ ശരിക്കും അതിന്റെ സന്തോഷം ആസ്വദിക്കാനായില്ല. ഇലിച്ച്‌ അപ്പോഴും തന്റെ ചിന്തകളിൽ മുഴുകിയിരുന്നു. അദ്ദേഹം ശരിക്കും സദാ എഴുതുകയായിരുന്നു.’’ (N K Krupskaya Reminiscenses of Lenin)

സംഘർഷഭരിതമായിരുന്നു ആ കാലത്തെ ലെനിന്റെ ഓരോ ദിവസവും. യുദ്ധം അവസാനിപ്പിച്ച്‌ സമാധാനം സ്ഥാപിക്കുന്നത്‌ സംബന്ധിച്ച പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നത്‌ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഹെൽസിങ്കിയിൽനിന്ന്‌ അദ്ദേഹം പെട്രോഗ്രാഡിൽ മടങ്ങിയെത്തിയ ദിവസം, 1918 ജനുവരി 14 (ജനുവരി 27)നാണ്‌ അദ്ദേഹത്തിന്റെ കാറിനുനേരെ വെടിവെയ്‌പുണ്ടായത്‌; ആ ആക്രമണത്തിൽ അദ്ദേഹത്തിന്റെ സുഹൃത്ത്‌ സ്വിസ്‌ സോഷ്യലിസ്റ്റായ ഫ്രിറ്റ്‌സ്‌ പ്ലാറ്റണ്‌ (Fritz Platten) ചെറിയ പരിക്കേറ്റു. ഇതിനെ രാഷ്‌ട്രീയമായ ഒരാക്രമണമായി കരുതിയില്ലെങ്കിലും തലസ്ഥാനമാറ്റം അതിവേഗത്തിലാക്കാൻ ഈ സംഭവവും കാരണമായി. തലസ്ഥാനമാറ്റം മാത്രമല്ല, സാന്പത്തിക മാതൃക എങ്ങനെയായിരിക്കണമെന്നത്‌ സംബന്ധിച്ചും അദ്ദേഹം ഈ കാലത്ത്‌ ഗൗരവപൂർവം ചിന്തിക്കാനാരംഭിച്ചിരുന്നു.

മോസ്‌കോയിലേക്ക്‌ തലസ്ഥാനം മാറ്റിയശേഷം 1918 അവസാനത്തോടെയാണ്‌ കൗട്‌സ്‌കിയുടെ Proletarian Dictatorship എന്ന കൃതിയെ വിമർശിക്കുന്ന, The Renegade Kautsky and the Proletatian Revolution എന്ന പ്രശസ്‌ത കൃതി ലെനിൻ എഴുതിയത്‌. ആ കൃതി ചുവടെ ചേർക്കുന്ന വരികളോടെയാണ്‌ അവസാനിക്കുന്നത്‌.

‘‘ഈ വരികൾ എഴുതിയത്‌ 1918 നവംബർ 9നാണ്‌. അതേ രാത്രിതന്നെയാണ്‌ ജർമനിയിൽനിന്ന്‌ വിജയിക്കാനാവുന്ന ഒരു വിപ്ലവം തുടങ്ങിയതു സംബന്ധിച്ച വാർത്ത ലഭിച്ചത്‌‐ ആദ്യം കീലിലും (Kiel) മറ്റ്‌ വടക്കൻ പട്ടണങ്ങളിലും തുറമുഖങ്ങളിലുമായിരുന്നു വിപ്ലവം തുടങ്ങിയത്‌; ആ സ്ഥലങ്ങളിൽ അധികാരം തൊഴിലാളികളുടെയും സൈനികരുടെയും സോവിയറ്റുകളുടെ കരങ്ങളിലേക്ക്‌ കൈമാറപ്പെട്ടു; വിപ്ലവം പിന്നീട്‌ ബർലിനിൽ നടന്നു; അവിടെയും സോവിയറ്റുകളിലേക്കാണ്‌ അധികാരം കൈമാറിയത്‌. കൗട്‌സ്‌കിയെയും തൊഴിലാളിവർഗ വിപ്ലവത്തെയും സംബന്ധിച്ച എന്റെ ലഘുലേഖയുടെ ഉപസംഹാരം ഇനിയും എഴുതിക്കഴിഞ്ഞിട്ടില്ല. ഇപ്പോൾ അതെഴുതുന്നത്‌ ഉപരിപ്ലവമായിരിക്കും.’’ (Lenin Collected Works, Vol 28, Page 318)

ജർമനിയിൽ ആരംഭിച്ച വിപ്ലവത്തിന്റെ തുടർചലനങ്ങൾ ഉണ്ടാകുമെന്നും അതിനെ തടയാൻ ആർക്കുമാവില്ലെന്നുമായിരുന്നു ലെനിനും ബോൾഷെവിക്കുകളും കരുതിയത്‌. ക്രൂപ്‌സ്‌കായ എഴുതുന്നത്‌, ജർമൻ വിപ്ലവത്തെ സംബന്ധിച്ച വാർത്തകൾ ലെനിന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ദിനങ്ങളാണ്‌ സൃഷ്ടിച്ചത്‌ എന്നാണ്‌. 1919 തുടക്കത്തിൽ ലെനിനുമായി അഭിമുഖം നടത്തിയ ബ്രിട്ടീഷ്‌ മാധ്യമപ്രവർത്തകൻ ആർതർ റാൻസം (Arther Ransome) പറയുന്നത്‌, ‘‘മറ്റെന്നത്തേയുംകാൾ ആ ദിവസങ്ങളിൽ ലെനിൻ സന്തുഷ്ടനായിരുന്നു’’വെന്നാണ്‌. സന്തുഷ്‌ടമായ ആ ദിനങ്ങളിൽ ലെനിൻ വിപ്ലവത്തെ സംബന്ധിച്ച തന്റെ സഹോദരൻ അലക്‌സാണ്ടറുടെ സ്വപ്‌നങ്ങൾ പിൻപറ്റുകയായിരുന്നു എന്നാണ്‌ അദ്ദേഹത്തിന്റെ ജീവചരിത്രകാരരിൽ ഒരാളായ ലാർസ്‌ ടി ലിയും എഴുതുന്നത്‌.

1917 ഒക്‌ടോബർ വിപ്ലവത്തിന്റെ ഒന്നാംവാർഷികം (1918 ഒക്‌ടോബർ) മുതൽ 1919 ഒക്‌ടോബർ വരെയുള്ള ഘട്ടത്തിലാണ്‌ ലെനിൻ സന്തുഷ്ടനായി മാറിയത്‌. അതിനുമുന്പുള്ള, വിപ്ലവാനന്തരമുള്ള ആദ്യവർഷം ജീവന്മരണ പ്രതിസന്ധികളുടേതായിരുന്നു. രണ്ടാം വാർഷികത്തിനും മൂന്നാം വാർഷികത്തിനും ഇടയ്‌ക്കുള്ള കാലത്ത്‌ റഷ്യൻ തൊഴിലാളിവർഗം രാജ്യത്തെ സോഷ്യലിസത്തിലേക്കുള്ള പാതയിൽ എത്തിക്കുകയാണെന്ന ആത്മവിശ്വാസം ലെനിന്‌ ലഭിച്ചു. ഒട്ടേറെ പ്രയാസങ്ങളും വെല്ലുവിളികളും നേരിടേണ്ടിവന്നിരുന്നെങ്കിലും സോഷ്യലിസത്തിന്റെ പാതയിലൂടെതന്നെ സോവിയറ്റ്‌ യൂണിയനെ മുന്നോട്ടുനയിക്കാൻ ലെനിന്‌ കഴിഞ്ഞു. ഗ്രാമീണമേഖലയിൽ രൂക്ഷമായി ഉയർന്നുവന്നുകൊണ്ടിരുന്ന സോഷ്യലിസ്റ്റ്‌ വിപ്ലവവും ആ ഘട്ടത്തിൽ ബോൾഷെവിക്കുകളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ജനസാമാന്യത്തെയാകെ നയിക്കുന്ന നായകപദവിയിലേക്ക്‌ തൊഴിലാളിവർഗം ലെനിന്റെ ധാരണപ്രകാരം തന്നെ ഉയർന്നുവന്നു.

1918 നവംബർ 7ന്‌ (1918 ഫെബ്രുവരി 14 ഓടുകൂടി റഷ്യ പുതിയ അന്താരാഷ്‌ട്ര കലണ്ടർ അംഗീകരിച്ചു) മോസ്‌കോയിൽ മാർക്‌സിന്റെയും എംഗത്സിന്റെയും പ്രതിമ അനാച്ഛാദനം ചെയ്‌തുകൊണ്ട്‌ ലെനിൻ പറഞ്ഞു: ‘‘ലോകത്താകെയുള്ള തൊഴിലാളികളെ തങ്ങളുടെ പങ്കിനെക്കുറിച്ചും കടമയെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും പഠിപ്പിച്ചുവെന്നതാണ്‌ മാർക്‌സും എംഗത്സും ലോകത്തിനു നൽകിയ മഹത്തും ഐതിഹാസികവുമായ സേവനം‐ മൂലധനത്തിനെതിരായ വിപ്ലവപോരാട്ടത്തിനായി ഉണർന്നെണീക്കുകയും തൊഴിലെടുക്കുന്നവരും ചൂഷിതരുമായ എല്ലാ ജനങ്ങളെയും ഈ പോരാട്ടത്തിൽ തങ്ങൾക്കൊപ്പം ഏകോപിപ്പിക്കുകയുമാണ്‌ ഈ ദൗത്യം. മഹാന്മാരായ ഈ സോഷ്യലിസ്റ്റ്‌ നായകരുടെ പ്രവചനം സാക്ഷാത്‌കരിക്കപ്പെടാൻ തുടങ്ങുന്ന സന്തോഷകരമായ കാലത്താണ്‌ നാം ഇന്ന്‌ ജീവിക്കുന്നത്‌’’ (Lenin, Collected Works, Vol. 28, Page 165) l

Hot this week

തൊഴിലാളികളുടെ സ്വയം നിയന്ത്രിത സംരംഭങ്ങൾ നല്ലൊരു ബദലല്ലേ?

  സമ്പത്ത് ഏതാനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ, സാമ്പത്തിക അധികാരത്തോടൊപ്പം രാഷ്ട്രീയ...

പ്രകൃതിയിലെ വിസ്മയങ്ങൾ – ഊർപ്പണപുഷ്പം

Caesarweed എന്നും Congo jute എന്നും പേരുകളുള്ള ഊർപണം (Urena lobata)...

നിറങ്ങൾ തൻ നൃത്തം – മനീഷ് ഡേ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1909...

കലാലയങ്ങളിലെ സംഘിരാഷ്ട്രീയം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി കലാശാലാ ക്യാംപസുകളുടെ ജനാധിപത്യമര്യാദകൾക്ക് ആർ...

ഗ്യാനേഷ് കുമാറും മോഷ്ടിച്ചെടുത്ത ജനവിധിയും

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ...

Topics

തൊഴിലാളികളുടെ സ്വയം നിയന്ത്രിത സംരംഭങ്ങൾ നല്ലൊരു ബദലല്ലേ?

  സമ്പത്ത് ഏതാനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ, സാമ്പത്തിക അധികാരത്തോടൊപ്പം രാഷ്ട്രീയ...

പ്രകൃതിയിലെ വിസ്മയങ്ങൾ – ഊർപ്പണപുഷ്പം

Caesarweed എന്നും Congo jute എന്നും പേരുകളുള്ള ഊർപണം (Urena lobata)...

നിറങ്ങൾ തൻ നൃത്തം – മനീഷ് ഡേ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1909...

കലാലയങ്ങളിലെ സംഘിരാഷ്ട്രീയം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി കലാശാലാ ക്യാംപസുകളുടെ ജനാധിപത്യമര്യാദകൾക്ക് ആർ...

ഗ്യാനേഷ് കുമാറും മോഷ്ടിച്ചെടുത്ത ജനവിധിയും

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ...

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...

രാത്രി വഴികൾ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്

ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം അവളുടെ മനസ്സിൽ...
spot_img

Related Articles

Popular Categories

spot_imgspot_img