

വൈവാഹിക ജീവിതത്തെപ്പറ്റി പറയാൻ എല്ലാവർക്കും ഒരു കഥയുണ്ടാവും. അതിന് കാലദേശ ലിംഗഭേദമില്ലെങ്കിലും പുരുഷന്മാർ പൊതുവേ ഇത്തരം അയവിറക്കലുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതായാണ് കാണാൻ കഴിയുന്നത്. സ്ത്രീകൾ തന്നെയും അനുഭവങ്ങളിലും പ്രതികരണ രീതികളിലും വ്യത്യസ്തരാണ്.ഇക്കാര്യത്തിലും കാലദേശഭേദമില്ല എന്നു തന്നെ പറയാം.കാരണം ആർ.രാജശ്രീ എഴുതിയ ‘നിൻ്റെ കഥ’ രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തിൽ വൈവാഹിക ജീവിതത്തിലേയ്ക്കു പ്രവേശിച്ചവരെ പ്രതിനിധാനം ചെയ്യുന്ന അനുഭവകഥയാണ്.
വീട്ടുകാർ ആലോചിച്ച് കണ്ടെത്തി ആർഭാടപൂർവം നടത്തിയ ഒരു വിവാഹത്തിൻ്റെ പരിസമാപ്തി വേർപിരിയലിൽ അവസാനിക്കുന്നു എന്നതിൽക്കവിഞ്ഞ് ഇതിനു പിന്നിൽ സൈക്കോളജിക്കലായ ചില വസ്തുതകൾ കൂടി അന്തർധാരയായി പ്രവർത്തിക്കുന്നുണ്ട്. നീയും ഞാനും എന്നീ അവസ്ഥകളിൽ നിന്നല്ലാതെ മൂന്നാമതൊരാളുടെ കാഴ്ചപ്പാടിലൂടെയുള്ള വായനയിലൂടെ കണ്ടെത്താൻ കഴിഞ്ഞ ചില സത്യങ്ങൾ കൂട്ടിച്ചേർക്കലുകളായി രേഖപ്പെടുത്തുന്നു.
കഥാനായിക കൂടിയായ എഴുത്താൾ ആവർത്തിച്ചു പറയുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയാനുള്ള കഴിവ് ആ ഒരു കാലഘട്ടത്തിൻ്റെ പ്രതിനിധിയായ തനിക്കില്ലാതെ പോയി എന്നതാണ്. ‘നോ’ പറയേണ്ടിടത്ത് അതു പറയൽ മാത്രമല്ല ഭർതൃഗൃഹത്തിൽ ആദ്യം മുതൽക്കേ അതിവിനയവും ആത്മാർത്ഥതയും പ്രകടിപ്പിച്ച് കുലസ്ത്രീ പട്ടം നേടാൻ ശ്രമിച്ചതിനെയും കഴിവുകേടായി കാണുകയാണ്.രണ്ടാമത്തെ കാര്യം ചേർച്ചക്കുറവുകൾ മനസ്സിലായിട്ടും, ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്ന് വ്യക്തമായറിഞ്ഞിട്ടും വേർപിരിയലിൻ്റെ വക്കോളമെത്തിയിട്ടും വീണ്ടും വീണ്ടും അനുരഞ്ജനത്തിന് ശ്രമിച്ചുകൊണ്ടിരുന്നു. ഈ രണ്ടു കാരണങ്ങളാണ് പതിനാറു വർഷം നീണ്ടുനിന്ന ദുരന്തപര്യവസായിയായ ദാമ്പത്യകഥയായി പരിണമിച്ചതെന്ന് എഴുത്താൾ ആവർത്തിക്കുന്നതായി കാണാം. യഥാർത്ഥത്തിൽ മൂന്നാമതൊരാളുടെ കണ്ണിലൂടെ വായിക്കുമ്പോൾ ഒരിക്കലും വറ്റാതെ സ്നേഹ ബന്ധത്തിൻ്റെ അദൃശ്യമായൊരു നീരുറവ അന്തർധാരയായി പ്രവഹിക്കുന്നില്ലേ !! ഉണ്ട് എന്നതിലാണ് എൻ്റെ നിഗമനം എത്തി നിൽക്കുന്നത്.
സമൂഹത്തെയോ കുടുംബത്തെയോ കരുതി മാത്രമല്ല, വിവാഹശേഷം ഒന്നിച്ചു കാണുന്ന നിറമുള്ള സ്വപ്നങ്ങൾ, ഒരു കുഞ്ഞിനു വേണ്ടിയുള്ള നീണ്ട കാത്തിരുപ്പ്, ജോലി സ്ഥലത്തേയ്ക്കുള്ള യാത്രകൾ, സൗകര്യം കുറഞ്ഞ വാടക വീട്ടിലെ ക്ലേശകരമായ ജീവിതം,
വന്ധ്യംകരണ ചികിത്സയിലെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം കടന്ന് മുന്നോട്ട് തുഴഞ്ഞവർക്ക് പിരിയാനുള്ള കാരണങ്ങൾ പോലെത്തന്നെ പിരിയാതിരിക്കാനുമുള്ള കാരണങ്ങളും പറയാതെതന്നെ അന്തർലീനമാണ്.
” ഇതുവരെ പറഞ്ഞതിലധികവും ഒരേ കാര്യം തന്നെയാണെന്ന് ചിലർക്കെങ്കിലും തോന്നിയിരിക്കാം. ഉപേക്ഷിക്കലും തിരിച്ചെടുക്കലും ജീവിക്കാൻ ശ്രമിക്കലും പലതവണ ആവർത്തിച്ചതുകൊണ്ടാവും.”എന്നിങ്ങനെ പല പ്രാവശ്യം പറയുന്നുണ്ട്. പാത്രം കഴുകൽ പോലെ മടുപ്പിക്കുന്ന ഒരു ജോലിയാണിതെന്നും പറഞ്ഞു വെയ്ക്കുന്നുണ്ട്.” എത്ര കഴുകിയാലും തീരാതെ കിടക്കുന്ന ഇത്തരം കുറേ എച്ചിൽപ്പാത്രങ്ങളാണ് ഏതു കലുഷ ദാമ്പത്യത്തിൻ്റെയും ബാക്കിപത്രം.” യഥാർത്ഥത്തിൽ പാഞ്ചാലിയുടെ അക്ഷയപാത്രം അടുക്കളയിലെ സിങ്കാണെന്ന് സമ്മതിക്കാത്തവർ ചുരുക്കമായിരിക്കും.
പിരിയാൻ എത്രയൊക്കെ കാരണങ്ങൾ ഉണ്ടായിട്ടും പിരിയാതിരിക്കാനുള്ള കാരണങ്ങളുടെ കണ്ടെത്തലുകളും വരികൾക്കിടയിലൂടെ വായിച്ചെടുക്കാൻ സാധിക്കുന്നില്ലേ? ഭാര്യയെ സംബന്ധിച്ച് ” തലയിലെടുത്ത കുടം അവസാനം വരെ ചുമന്നെത്തിക്കുക ” എന്ന ചിന്തയായിരിക്കാം ഉള്ളതെങ്കിൽ ഭർത്താവിനെ സംബന്ധിച്ച് ഒരുപക്ഷേ മറ്റു പല കാരണങ്ങളാവാം അതിനു പിന്നിലുള്ളത്.എങ്കിലും മാർഗ്ഗം ഒന്നു തന്നെ…. “കഴിയുമെങ്കിൽ ഒരുമിച്ചു തന്നെ പോകുക.” ഒടുവിൽ പരാജയം സമ്മതിച്ച് വേർപിരിഞ്ഞതിനു ശേഷവും ഒരിക്കൽ ഒരോണക്കാലത്ത് ഭർത്താവിനെ കാണാനായി എത്തുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. മക്കളെയും അച്ഛനെയും കാറിൽ കയറ്റിയ ശേഷം ഭർത്താവിരിക്കുന്നിടത്ത് തനിച്ചു തിരിച്ചു ചെന്ന് കരഞ്ഞുകൊണ്ടു് നെറ്റിയിൽ ചുംബിക്കുകയാണ്. “കരയേണ്ട, എന്തിനാണു കരയുന്നത്?” അയാളുടെ ആ ഒരൊറ്റ ചോദ്യം മതിയായിരുന്നു അവൾക്ക് വർഷങ്ങളോളം കാത്തിരുന്ന കരുതലിൻ്റെ കരങ്ങളിൽ വീണ് സായൂജ്യമടയാൻ. മുൻപു സൂചിപ്പിച്ച സ്നേഹത്തിൻ്റെ വറ്റാത്ത ഉറവ കണ്ടെത്താൻ ഇതിൽപരം എന്തു വേണം?
കഴിഞ്ഞു പോയൊരു കാലഘട്ടത്തിലെ സ്ത്രീകളുടെ മാത്രം കഥയായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ഇന്നിതു വായിക്കുന്നവരിൽ ഭൂരിഭാഗം പേരും ഇതെൻ്റെ കൂടി കഥയാണെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടാവും. ‘ മരിച്ചു കിടന്നാലും എണിറ്റുപോയി ഭക്ഷണം ഉണ്ടാക്കി കൊടുത്ത ശേഷം വീണ്ടും വന്നു കിടക്കേണ്ടി വരുന്ന ‘ അവസ്ഥയിലുള്ളവർ നമ്മുടെയിടയിൽ ത്തന്നെ ധാരാളമുണ്ട്. ” പാവം,” ‘’അവളെക്കണ്ടു പഠിക്കൂ “
” എത്ര വിരുന്നുകാർ വന്നാലും അവൾ ഒറ്റയ്ക്ക് നോക്കിക്കോളും ” എന്നീ പുകഴ്ത്തലുകൾ യഥാർത്ഥത്തിൽ കോംപ്ലിമെൻ്റുകൾ അല്ല എന്ന് മനസ്സിലാക്കിയിട്ടുള്ളവർ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. പുതിയ കാലഘട്ടത്തിൽ എല്ലാവരും പ്രതികരണ ശേഷിയുള്ളവരാണ് എന്ന കാഴ്ചപ്പാട് ശരിയല്ല. അവിടെയും അപവാദങ്ങളുണ്ട്. നിത്യേനയുള്ള പത്രവാർത്തകൾ തന്നെ മികച്ച തെളിവാണല്ലോ! മദ്യപാനവും മറ്റു ദുശ്ശീലങ്ങളും മാറ്റി നിർത്തിയാൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പുരുഷനും പറയാനുണ്ടാവും പല കാരണങ്ങൾ. സാമ്പത്തിക ഭദ്രതയ്ക്ക് കുടുംബ ജീവിതത്തിലുള്ള പ്രാധാന്യം ‘നിൻ്റെ കഥ’യിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് സാമൂഹ്യ പദവി, രണ്ടു കുടുംബങ്ങളുടെ പണം -സംസ്കാരാദി കാര്യങ്ങളിലുള്ള ഏറ്റക്കുറച്ചിൽ,മറ്റു കുടുംബാംഗങ്ങളുടെ അമിതമായ കൈകടത്തൽ തുടങ്ങി വിവിധ പ്രശ്നങ്ങൾ പുരുഷന്മാരും നേരിടുന്നുണ്ട്. അവസാന കൂടിക്കാഴ്ചയിൽ അയാൾ പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും: “എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്, എന്നെ ചതിച്ചു. എല്ലാം എൻ്റെ കൈയിൽ നിന്നു പോയി. പക്ഷേ, അതൊക്കെ ഇനിയായാലും എനിക്ക് തിരിച്ചെടുക്കാൻ പറ്റും.” തിരിച്ചറിവിൻ്റെ ദൃഢ സ്വരത്തിലും സ്നേഹത്തിൻ്റെ വറ്റാത്ത നീരുറവയല്ലേ അതിലുള്ളത്?

സ്ത്രീകൾ പലവിധത്തിലാണ് ഇത്തരം അനുഭവങ്ങളോട് പ്രതികരിക്കുക.ചിലർ ബന്ധം ഉപേക്ഷിച്ചിട്ട് വളരെ വേഗം പൊയ്ക്കളയും. മറ്റു ചിലർ അവസാനം വരെ സഹിച്ചും ക്ഷമിച്ചും മുന്നേറും ( വീട്ടിൽ രണ്ടു സ്വതന്ത്ര വ്യക്തികളായും, രണ്ടു വിദൂര ജോലി സ്ഥലങ്ങളിലായും പുറമെ നിന്നു നോക്കിയാൽ ദൃഢമെന്നു തോന്നുംവിധം ഉള്ളു പൊള്ളയായ ബന്ധങ്ങളും ഇതിൽ പ്പെടും) വേറെ ചിലരാവട്ടെ ക്ഷമയുടെ നെല്ലിപ്പലക കാണുവോളം മുന്നോട്ടു നീങ്ങും… എന്നിട്ടും സാധ്യമല്ലാതെ വന്നാൽ മാത്രം വേർപിരിയും. ഇത്തരം കാര്യങ്ങൾ പുറത്തു പറയുന്നതിലും സ്ത്രീകൾക്കിടയിൽ വ്യത്യാസമുണ്ട്. ചിലർ എല്ലാം മൂടി വെയ്ക്കും, മറ്റു ചിലർ വെളിപ്പെടുത്തും. വെളിപ്പെടുത്തൽ കൊണ്ട് മോശക്കാരാവുകയോ, മൂടിവെയ്ക്കുന്നതു കൊണ്ട് നല്ലവരാവുകയോ ചെയ്യുന്നില്ല എന്നതാണ് എഴുത്താളുടെ പക്ഷം. “ വളരെ കൃത്യമായിട്ട് വളരെ പ്ലെയിൻ ആയിട്ട് ഒരു സ്ത്രീ അവളുടെ ജീവിത കഥ എഴുതിയാൽ കേരളത്തിൽ ഒന്നും സംഭവിക്കില്ല.ഞാൻ അനുഭവിച്ച കാര്യങ്ങൾ അതേപോലെത്തന്നെ പറഞ്ഞിട്ടുണ്ടു്. പക്ഷേ ഇവിടെ ഒന്നും ഉണ്ടായില്ലല്ലോ! കേരളത്തിലെ സ്ത്രീകൾ പലർക്കും ഇത് പുറത്തു പറയാൻ പേടിയാണ്.” എന്ന് അഭിമുഖ സംഭാഷണത്തിൽ ആർ.രാജശ്രീ വ്യക്തമാക്കുമ്പോഴും ഈ ബുക്കിൻ്റെ പബ്ലിസിറ്റിയ്ക്കു വേണ്ടിയുള്ള പുസ്തക ചർച്ചകൾ വേണ്ട എന്നു തന്നെ പ്രസാധകരോട് ഉറപ്പിച്ചു പറയുന്നുണ്ട്.
“അവളെക്കണ്ടു പഠിക്കു” എന്നു കേട്ടു വളർന്ന തലമുറയിൽപ്പെട്ടവർ ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ തീർച്ചയായും പറയും: “ ഇതെൻ്റെ കൂടി കഥയാണ്.” മനസ്സുകൊണ്ട് തോൽക്കാൻ തയ്യാറാവാത്ത ഒരു സ്ത്രീയെ, ഭർത്താവിനെന്നല്ല ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.”
കാലം മാറി. മണവാട്ടിയുടെ വേഷം കെട്ടുന്നതും കല്യാണവും ജീവിതത്തിൻ്റെ ലക്ഷ്യങ്ങളിലൊന്നായി കണ്ടിരുന്ന തലമുറയല്ല ഇപ്പോഴുള്ളത്. അവർക്ക് കല്യാണമേ വേണ്ട എന്ന അഭിപ്രായക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.സ്വന്തം കാലിൽ സ്വതന്ത്രമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിലും വേറൊരു രൂപത്തിൽ അവരുടെ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലേ? പത്താം ക്ലാസ്സിൽ ‘’ യാത്രാമംഗളം “കവിത ആസ്വദിച്ച് പഠിച്ചവരും പഠിപ്പിച്ചവരും ഉണ്ട്.പക്ഷേ ഇന്ന് പന്ത്രണ്ടാം ക്ലാസ്സിലെ ശീലാവതിയുടെ കഥ ആസ്വദിച്ചു പഠിപ്പിക്കുന്നവരും പഠിക്കുന്നവരും എത്രയുണ്ട്? കഥയെ വെല്ലുന്ന അനുഭവകഥ തൂലികയിൽ നിന്നുതിരാൻ സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും ലഭിച്ച രണ്ടു മികച്ച നോവലുകളുടെ പിറവിയോളം കാത്തിരിക്കേണ്ടി വന്നു എന്നതിലാണ് ഏറ്റവും അത്ഭുതം!




