
ലോകത്തെ പിടിച്ചുകുലുക്കാൻ പോകുന്ന നാല് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകൾക്കിടയിലാണ് നമ്മൾ. മൂന്ന് രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. മൂന്ന് രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി, അമേരിക്കയിൽ പ്രസിഡൻറ് ട്രംപിന്റെ തലവരയ്ക്ക് മുകളിലൂടെ തിരുത്തിവരയ്ക്കാൻ പോന്ന മിഡ് ടേം തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് കാത്തിരിക്കുകയാണ് ലോകം. റഷ്യയിലെ ഒക്ടോബർ വിപ്ലവത്തെ സംബന്ധിച്ച് ജോൺ റീഡ് രചിച്ച ടെൻ ഡേയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ് (ലോകത്തെ പിടിച്ചു കുലുക്കിയ പത്തുദിനങ്ങൾ) എന്ന പുസ്തകത്തിനെ ഓർമിപ്പിക്കും വിധത്തിലാണ് സെർബിയ, ബ്രസീൽ, ഇസ്രായേൽ, യുഎസ്എ എന്നീ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച വാർത്താ റിപ്പോർട്ടുകൾക്ക് ബ്രിട്ടീഷ് പത്രം ദ ഗാർഡിയൻ നൽകിയ ടൈറ്റിൽ. ബ്രസീലിലും സെർബിയയിലും പ്രതീക്ഷ വിജയിച്ചു കയറിയപ്പോൾ, പ്രതീക്ഷയ്ക്ക് പോലും വകയില്ലാത്ത ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രത്തിൽ, വംശഹത്യയുടെ ചോരക്കറ ഉണങ്ങാത്ത കൈകൾ പേടിയോടെ വിറച്ചുതുടങ്ങിയിരിക്കുന്നു. നവംബർ മൂന്നിന് അമേരിക്കയിൽ നടക്കുന്ന മിഡ് ടേം തെരഞ്ഞെടുപ്പിലും പ്രതീക്ഷ തന്നെ വിജയിക്കും എന്നാണ് മാനവരാശിയുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ പതിറ്റാണ്ടിലെ ലാറ്റിൻ അമേരിക്കൻ ചുവപ്പു തിരമാലക്ക് മുകളിലൂടെ വലതുപക്ഷത്തെ ഇരമ്പിപ്പിക്കാൻ ഒരുങ്ങി പുറപ്പെട്ടിരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഉത്തരത്തിൽ ഇരിക്കുന്ന വെനസ്വേലൻ എണ്ണപ്പാടം കിട്ടാൻ കക്ഷത്തിരിക്കുന്ന വെളുപ്പിച്ചുവെച്ച അമേരിക്കൻ സ്വാതന്ത്ര്യബോധത്തെ നഷ്ടപ്പെടുത്താൻ തയ്യാറാകുന്ന പ്രസിഡൻ്റ്. വെനസ്വേലൻ പ്രസിഡൻ്റ് മഡുറോയെ റാഞ്ചിക്കൊണ്ടുവന്ന് ജയിലിലടയ്ക്കാൻ, മുൻ കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോയെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാൻ, ഇക്വഡോറിലും ചിലിയിലും ഹോണ്ടുറാസിലും അർജൻറീനയിലും ബൊളീവിയയിലും പെറുവിലും കങ്കാണികളുടെ ഭരണം ഉറപ്പിക്കാൻ അമേരിക്കൻ പട്ടാളവും സിഐഎയും, ഒപ്പം ഒക്കച്ചങ്ങാതിമാരുടെ സ്വന്തം മെറ്റയും എക്സുമായിരുന്നു ട്രംപിന് കൂട്ട്. ബ്രസീലിയൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ആദ്യഘട്ടം ബോൾസനാരോയുടെ മകന് ഭൂരിപക്ഷം നൽകിയതോടെ ട്രംപേരിക്ക സന്തോഷപൂരിതമായതുമാണ്. എന്നാൽ, ലാറ്റിൻ അമേരിക്കൻ പിങ്ക് ടൈഡാണ് ഈ പതിറ്റാണ്ട് വീണ്ടും ദർശിക്കാൻ പോകുന്നത്. തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ജീവിക്കുന്ന ബ്രസീലിൽ ഇത്തവണ കൂടി ചുവപ്പ് തെളിഞ്ഞു നിൽക്കും. കഴിഞ്ഞകാലങ്ങളിൽ നഷ്ടപ്പെട്ട രാജ്യങ്ങളെല്ലാം ഈ ചുവപ്പിന്റെ വസന്തകാലം തിരിച്ചുപിടിക്കും. മാർക്സ് വിഭാവനം ചെയ്തതുപോലെ, പിങ്ക് പിന്നീട് കടുംചുവപ്പിന് ചായംചേർക്കും.

ബ്രസീൽ ഒറ്റയൊരുത്തന്റെയും പുറമ്പോക്കല്ലെന്നാണ് വിജയശേഷമുള്ള ലുലയുടെ പ്രഖ്യാപനം. അമേരിക്കൻ വൻകരകളിലെ യുഎസ് ആധിപത്യം എക്കാലത്തേക്കും ഉറപ്പിച്ചുനിർത്താനുള്ള ഷീൽഡ് ഓഫ് ദ അമേരിക്കാസ് എന്ന ട്രംപൻ പദ്ധതിക്ക് ചൂട്ടുപിടിക്കുന്ന നേതാവായിരുന്നു മുൻ ബ്രസീൽ പ്രസിഡണ്ട് ജെയ്ർ ബോൾസനാരോയുടെ മകൻ ഫ്ലാവിയോ. ലാറ്റിനമേരിക്കയിലെ അമേരിക്കൻ താല്പര്യങ്ങൾക്ക് എക്കാലവും വിലങ്ങുതടിയായി നിന്ന നേതാക്കളിൽ ലുല മുമ്പനും. അതുകൊണ്ട് , മകൻ ബോൾസനാരോയെ വിജയിപ്പിക്കാനുള്ള പ്രചാരണ തന്ത്രങ്ങൾ ഒരുക്കാൻ ട്രംപ് മാധ്യമപ്രവർത്തകരെ വാഷിംഗ്ടണിലേക്ക് വിളിച്ചുവരുത്തി. ബോൾസനാരോ ക്യാമ്പിന് വിഴുങ്ങാൻ വേണ്ട മുഴുവൻ വർഗീയ ക്യാപ്സൂളുകളും നിർമ്മിച്ചു നൽകി. ബ്രസീൽ എന്ന പരമാധികാര റിപ്പബ്ലിക്കിന്റെ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് സൈനിക, ഇൻറലിജൻസ് സംവിധാനങ്ങളിലേക്ക് കനത്ത അളവിൽ പണമൊഴുക്കി. 2022ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സൈനിക അട്ടിമറിക്ക് പരിശ്രമം നടത്തിയെന്ന കേസിൽ തടവറയ്ക്കുള്ളിലായതാണ് അച്ഛൻ ജെയ്ർ ബോൾസനാരോ. ബ്രസീലിയൻ ജനതയുടെ ഒറ്റുകാരനായ സ്വന്തം കൂട്ടുകാരനെ രക്ഷപ്പെടുത്താൻ നയതന്ത്ര-തീരുവ യുദ്ധങ്ങൾക്ക് വരെ ട്രംപ് അരങ്ങൊരുക്കി. ബ്രസീലിയൻ ഉത്പന്നങ്ങൾക്ക് 50% വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചു. അമേരിക്കൻ പ്രതീക്ഷകൾക്ക് വിരുദ്ധമായി ബോൾസനാരോയ്ക്ക് ജയിൽ ശിക്ഷ വിധിച്ചതിന് ബ്രസീലിയൻ സുപ്രീംകോടതി ജഡ്ജിമാർക്ക് നേരെ വരെ ഉപരോധവും വിസ നിയന്ത്രണവും ഏർപ്പെടുത്തി. സ്വന്തം രാഷ്ട്രീയ ആവനാഴികൾക്ക് പുറമെ മെറ്റയും എക്സും കൂടി ബോൾസനാരോയുടെ വിജയത്തിനായി അൽഗോരിതത്തിന്റെ വിഴുപ്പലക്കി. ലുലയുടെ പോസ്റ്റുകൾക്ക് പ്രചാരം നഷ്ടപ്പെടുത്തി, ബോൾസനാരോ ക്യാമ്പിന്റെ ക്യാമ്പയിനുകൾക്ക് ശക്തി വർധിപ്പിച്ചു നൽകി. ലുല ഡ സിൽവ എന്ന ബ്രസീലിയൻ പ്രസിഡന്റിന്റെ പഴയ പോസ്റ്റുകൾ പോലും ഡിലീറ്റ് ചെയ്തുകൊണ്ടിരുന്നു മെറ്റ. ഒരർത്ഥത്തിൽ പറഞ്ഞാൽ, ആ നിലയിൽ ഇന്ത്യയിലെ നരേന്ദ്രമോദിക്കും കേരളത്തിലെ വി ഡി സതീശനും അഭിമാനിക്കാം – ബ്രസീലിൽ പ്രസിഡണ്ട് പറഞ്ഞാൽ കേൾക്കാത്തത്, തങ്ങൾ പറഞ്ഞാൽ മെറ്റ ചെയ്തു തരുന്നുണ്ടല്ലോ – അതിനുള്ള കൈമടക്ക് കൂലി എത്രയോ അപകടകരമാണെങ്കിലും.
പതിനെട്ടാം വയസ്സിൽ ഒരു മെറ്റൽ ഫാക്ടറിയിൽ പണിയെടുക്കവേ ലുലയ്ക്ക് തൻറെ ഇടതുകൈയിലെ ചെറുവിരൽ നഷ്ടപ്പെട്ടതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും ബ്രസീലിയൻ വർഗീയ വലതുപക്ഷം ഒമ്പത് വിരലുകളെ ചൂണ്ടി പരിഹാസം കടുപ്പിച്ചതാണ്. മുതലാളിത്തത്തിന് ഇൻസ്പിരേഷൻ പോൺ എന്നോണം വിറ്റുതുലയ്ക്കാൻ അനുവദിക്കാതെ, തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെയും, ഡിസബിലിറ്റി അവകാശപോരാട്ടങ്ങളുടെയും നേതൃസ്ഥാനം ഏറ്റെടുക്കാൻ ലൂലയ്ക്ക് കഴിയുന്നത്, അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ തെളിമയൊന്നുകൊണ്ട് മാത്രമാണ്. അതുകൊണ്ടാണ്, സോഷ്യൽ മീഡിയ അൽഗോരിതത്തിന് ബോൾസനാരോ കുടുംബത്തിൻറെ തുടലുകൾ അണിഞ്ഞുനൽകി വർഗീയതയെ വിജയിപ്പിക്കാൻ പരിശ്രമിച്ച മെറ്റാ ക്യാപ്പിറ്റലിസം പരാജയപ്പെടുന്നത്. ആമസോൺ മഴക്കാടിനെ ചുട്ടുകരിക്കുന്ന ക്യാപ്പിറ്റൽ ബാർബറിസത്തെ തോൽപ്പിക്കാൻ എല്ലാ തടസ്സങ്ങളും പ്രതിസന്ധികളും മറികടന്ന്, നാലുമഞ്ചും ദിവസങ്ങൾ യാത്ര ചെയ്ത് അബോറിജിൻ മനുഷ്യർ ലുലയോട് കണ്ണിചേരുന്നത്.
ഇന്ത്യയിൽ തുടരുന്ന പാറ്റകളുടെ സമരത്തിൻറെ അതേ സ്വഭാവമാണ് രണ്ടുവർഷങ്ങൾക്ക് മുമ്പ് സെർബിയയിൽ യുവാക്കൾ ആരംഭിച്ച സമരത്തിനും ഉണ്ടായിരുന്നത്. ഒന്ന് തിരിച്ചു ചിന്തിച്ചുനോക്കിയാൽ സെർബിയയിലെ ‘പാറ്റ’സമരത്തിന്റെ അതേ നാൾവഴി തന്നെയാകും ഇന്ത്യയിലെ പാറ്റ സമരത്തിനുമുള്ളത് എന്ന് പ്രതീക്ഷിക്കാം. മോദികാലത്തെ ഇന്ത്യയ്ക്ക് സമാനമായി 14 വർഷം നീണ്ടുനിന്ന അലക്സാണ്ടർ വുച്ചിച്ചിന്റെ കൊടൂരഭരണം തകർന്നുവീഴാൻ കാരണമായ പ്രക്ഷോഭത്തിന് പശ്ചാത്തലം ഒരുക്കിയത് ഒരു റെയിൽവേ സ്റ്റേഷനിലെ അപകടമാണ്. സെർബിയയിലെ ബൽഗ്രേഡ് കഴിഞ്ഞാൽ ഏറ്റവും വലിയ നഗരമായ നോവിസാദിൽ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുവീണ് 2024 നവംബറിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളിലെ വലിയ അഴിമതിയും ഭരണകൂട പാളിച്ചയും തീർത്ത ദുരന്തത്തിനെതിരെ തെരുവിലിറങ്ങിയ സെർബിയൻ യുവതയും, പണിയില്ലാപ്പട പാറ്റകളായി പരിഹസിക്കപ്പെടുമ്പോൾ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഇന്ത്യൻ യുവതയും ഒരേ കാലഘട്ടത്തിൻ്റെ അനിവാര്യ സമരത്തലമുറകളാണ്.

ഭരണകൂടത്തിന്റെ ഏകാധിപത്യ സ്വഭാവവും അഴിമതിയും ഉദ്യോഗസ്ഥ അനാസ്ഥയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ‘സ്റ്റുഡന്റ്സ് ഇൻ ബ്ലോക്കേഡ്’ എന്ന പേരിൽ രൂപീകരിക്കപ്പെട്ട കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്ലാസ്റൂമുകൾ ഉപേക്ഷിച്ച് സർവകലാശാല വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. നോവിസാദിൽ തുടങ്ങിയ സമരം ആഴ്ചകൾക്കകം തലസ്ഥാനമായ ബെൽഗ്രേഡിലേക്കും രാജ്യത്തെ നാനൂറോളം ചെറുനഗരങ്ങളിലേക്കും വ്യാപിച്ചു. സ്വന്തം രാജ്യത്ത് സ്വേച്ഛാധിപത്യം നിലനിർത്താൻ അന്തർദേശീയ പവർ ഗ്രൂപ്പുകൾക്ക് മുന്നിൽ അവസരവാദം നടത്തിക്കൊണ്ടിരുന്ന സെർബിയൻ പ്രസിഡണ്ട് അലക്സാണ്ടർ വുച്ചിച്ചിൻ്റെ രാജിയാവശ്യത്തിലേക്ക് സമരം മൂർച്ഛിച്ചു. വിദ്യാർത്ഥികൾ ഉയർത്തിയ സമര ശബ്ദത്തിന് പിന്നാലെ വുചിച്ചിൻ്റെ സ്വേച്ഛാധിപത്യ ഭരണത്തിൽ മടുത്ത സാധാരണ ജനങ്ങളും തൊഴിലാളികളും അക്കാദമിക് വിദഗ്ധരും അണിനിരന്നു. സമരം കടുത്തതോടെ, ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രക്ഷോഭകരുടെ ആവശ്യങ്ങൾക്ക് മുന്നിൽ വുചിച്ച് സർക്കാർ മുട്ടുകുത്തി. വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്ന, വിദ്യാർഥികൾ പിന്തുണയ്ക്കുന്ന, വിവിധ അക്കാദമിക് വിദഗ്ധരും ശാസ്ത്രജ്ഞരും കലാകാരന്മാരും പ്രൊഫഷണലുകളും ചേർന്ന് ‘സ്റ്റുഡന്റ് ലിസ്റ്റ്’ എന്ന ഒരു ജനകീയ മുന്നണി രൂപീകരിച്ച് നേരിട്ട തെരഞ്ഞെടുപ്പാണ് 250ൽ 140 സീറ്റുകളും പിടിച്ചെടുത്ത് വൻഭൂരിപക്ഷത്തോടെ വിജയിക്കുന്നത്. തോൽവി സമ്മതിച്ച വുചിച്ച് ഭരണത്തിൽ നിന്ന് ഭ്രഷ്ടനാകുന്നതോടെ, അഴിമതിക്കും അഭികാരാസക്തിക്കുമെതിരെയുള്ള വിദ്യാർത്ഥികളുടെ പോരാട്ടം സെർബിയയിൽ ഒരു പുതിയ ജനാധിപത്യ യുഗത്തിന് വഴിതുറന്നിരിക്കുകയാണ്.
പുതിയ വിദ്യാർത്ഥിപ്പാർട്ടി ഭരണ ചുമതലയിൽ എത്തിയതോടെ മുമ്പ് ഏകപക്ഷീയ വാർത്തകൾ നൽകാൻ നിർബന്ധിതരായ മാധ്യമപ്രവർത്തകരും മാപ്പ് പറഞ്ഞ് തുടങ്ങിയിരിക്കുകയാണ്. വർഷങ്ങളായി ചാനൽ നടത്തിവന്ന ഏകപക്ഷീയമായ വാർത്താ റിപ്പോർട്ടിംഗിനും, സർക്കാരിനോട് ചോദിക്കേണ്ട നിർണായക ചോദ്യങ്ങൾ ചോദിക്കാതിരുന്നതിനും, പ്രധാനപ്പെട്ട പൊതു സംഭവങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെച്ചതിനും മാപ്പ് പറഞ്ഞാണ്, സെർബിയയിലെ പൊതുമേഖലാ വാർത്താ ചാനലായ റേഡിയോ ടെലിവിഷൻ ഓഫ് വോജ്വോഡിന (RTV) യുടെ ന്യൂസ് ആങ്കർ ഗോരൻ എറോർ ബുള്ളറ്റിൻ വായന ആരംഭിച്ചത്.
14 വർഷം ഭരണപ്പാർട്ടി പിടിമുറുക്കിയ എഡിറ്റോറിയൽ സാഹചര്യത്തിനെതിരെ കടുത്ത പ്രതിഷേധത്തിലായിരുന്നു അവിടത്തെ മാധ്യമ തൊഴിലാളി യൂണിയനും. എന്നാൽ അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് പിന്നാലെയാണ് ചാനലിൻ്റെ ചീഫ് എഡിറ്റർ നെനാഥ് ചാച്ചിച്ചിൻ്റെ രാജിയും ജനങ്ങളോടുള്ള മാപ്പുപറച്ചിലും സംഭവിച്ചത്.
ഗാസയിലെ കുഞ്ഞുങ്ങളുടെയും വെസ്റ്റ് ബാങ്കിലെ മനുഷ്യരുടെയും കൂട്ടക്കുരുതി കൊണ്ട് മതിയാകാതെ ലബനനിലേക്കും സിറിയയിലേക്കും വരെ ആയുധമെടുത്ത് ചാടിയിറങ്ങിയതാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സംഘവും. ഇത്തവണ ജയിച്ചില്ലെങ്കിൽ സ്വന്തം രാഷ്ട്രത്തിൻറെ ഭാവി മാത്രമല്ല, സ്വന്തം രാഷ്ട്രീയ ഭാവിയും ഇരുളടയും എന്ന് ഉറപ്പിച്ചിട്ടാണ് നെതന്യാഹു ഇസ്രായേൽ പാർലമെൻ്റായ നെസറ്റിലേക്ക് തെരഞ്ഞെടുപ്പ് സാഹസത്തിന് വീണ്ടും ഒരുങ്ങി പുറപ്പെട്ടത്. പക്ഷേ ഇസ്രായേലി ജനത ഇത്തവണ തെരഞ്ഞെടുപ്പ് വിധിയെഴുതിയപ്പോൾ നെസെറ്റിൽ ആർക്കും ഭൂരിപക്ഷമില്ലാതെ, ഇടതുപക്ഷ-അറബ് പാർട്ടികളുടെ പിന്തുണയോടെ മാത്രം മുന്നോട്ടുപോകേണ്ട ഗതികേടിലാണ് സയണിസ്റ്റുകൾ. ദീർഘകാലം ഭരണത്തിൽ തുടരുന്ന നെതന്യാഹുവിൻ്റെ ലിക്കുഡ് പാർട്ടിയും യുണൈറ്റഡ് തോറ ജൂദായിസം, ഇത്തമർ ബെൻഗുയറിന്റെ ഒട്സ്മ, കടുത്ത സയണിസ്റ്റ് ഗ്രൂപ്പായ ഷാസ്, ബസലേൽ സ്മോട്ട്രിച്ചിൻ്റെ റിലീജിയസ് സയണിസ്റ്റു പാർട്ടിയായ സെഹൂത് എന്നിവരെല്ലാവരും ചേർന്ന് 53 സീറ്റുകൾ മാത്രമേ നേടിയെടുത്തുള്ളൂ. കഴിഞ്ഞതവണത്തെ ഭൂരിപക്ഷത്തിൽ നിന്ന് 11 സീറ്റുകളാണ് വർഗീയ സയണിസ്റ്റ് വലതുപക്ഷത്തിന് ലഭിച്ചത്. സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ഇന്ന് നെതന്യാഹുവിന് ഒരു എതിർപ്പുകളും ഉയർത്താത്ത, പ്രതിപക്ഷസഖ്യമായി അവതരിപ്പിക്കപ്പെട്ട, മുൻ ഐഡിഎഫ് ചീഫ് ഗാദി ഐസൻകോട്ടിൻ്റെ പുതിയ പാർട്ടിയും സഖ്യവും ചേർന്ന് നേടിയത് 48 സീറ്റുകൾ മാത്രമാണ്. ഐസൻകോട്ടിന്റെ യാഷർ പാർട്ടി, നെഫ്ത്താലി ബെന്നറ്റിന്റെയും യെർ ലാപ്പിഡിന്റെയും ടുഗദർ, മുൻ ഐഡിഎഫ് ഡെപ്യൂട്ടി ചീഫ് യെർ ഗോലാൻ്റെ ദ ഡെമോക്രാറ്റ്സ് പാർട്ടി, റിവിഷനിസ്റ്റ് സയണിസ്റ്റ് അവിഗ്ദോർ ലൈബർമാന്റെ യിസ്രയേൽ ബെയ്തനു എന്നിവർ ചേർന്ന് നേടിയത് 48 സീറ്റുകൾ മാത്രം. കൈകളിൽ മനുഷ്യച്ചോര പുരട്ടി വർഗീയതയുടെ കക്ഷിരാഷ്ട്രീയ അടവ് നയം പകർത്താൻ പരമാവധി ശേഷികളുള്ള ബെഞ്ചമിൻ നെതന്യാഹു ഈ പ്രതിപക്ഷ സഖ്യത്തിൽ നിന്ന് കൂടുതൽ പാർട്ടികളെ പിടികൂടി സ്വയം ഭരണത്തിലേക്ക് വീണ്ടും പിടിച്ചു കയറാനും പരിശ്രമിക്കുക തന്നെ ചെയ്യും.

ഇടതുപക്ഷ-അറബ് പാർട്ടികളുടെ കൂട്ടായ പോരാട്ടം കഴിഞ്ഞ തവണത്തേക്കാൾ ഒമ്പത് സീറ്റുകൾ കൂടി വർദ്ധിപ്പിച്ച് 19 സീറ്റുകളിൽ എത്തിനിൽക്കുകയാണ്. നെസെറ്റിൽ ഭരണപക്ഷത്തെ പുറത്തുനിന്ന് പിന്തുണച്ച് നിന്നാലും, പ്രതിപക്ഷത്തായാലും ശക്തമായ രാഷ്ട്രീയ സാന്നിധ്യമായി അവർ തുടരും. ഇസ്രായേലി കമ്മ്യൂണിസ്റ്റ് പാർട്ടിയായ ഹഡാഷിന്റെയും ഇടതു പാർട്ടിയായ ബലാഡിൻ്റെയും ആൻറിസയണിസ്റ്റ് കക്ഷിയായ ടാളിൻ്റെയും കൂട്ടായ്മയിൽ ഒരുങ്ങിയ ജോയിൻറ് ലിസ്റ്റിന് 11 സീറ്റുകളുണ്ട്. അതുപോലെതന്നെ സാമ്പത്തിക വികസനത്തിൽ കൂടുതൽ നിക്ഷേപവും നിയമവാഴ്ചയുടെ പുന:സ്ഥാപനവും അറബ് സമൂഹവും ഭരണകൂടവും തമ്മിലുള്ള ഐക്യം എന്നിവ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഈ കൂട്ടായ്മയിൽ ഇസ്രായേലിലെ മതനിരപേക്ഷമായ ജനത കൂടുതൽ പ്രതീക്ഷയർപ്പിക്കുകയാണ്. നേരത്തെ ജോയിൻറ് ലിസ്റ്റിനൊപ്പം ഉണ്ടായിരുന്ന റാം എന്ന യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടിയും ഇത്തവണ 8 സീറ്റുകൾ നേടി. അതുകൊണ്ടുതന്നെ, പ്രതിപക്ഷത്തുനിന്ന് ഏതെങ്കിലും പാർട്ടിയെ പിടിച്ചു വലിക്കുകയോ, ഇടതുപക്ഷ-അറബ് രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾക്ക് കീഴ്പ്പെടുകയോ മാത്രമാണ് നെതന്യാഹുവിനു മുമ്പിലുള്ള ഒരേയൊരു ഭരണ സാധ്യത. അല്ലാത്തപക്ഷം, പ്രതിപക്ഷവും ഭരണപക്ഷവും ചേർന്ന് ഒരു ഐക്യകക്ഷി സർക്കാരിനെ രൂപപ്പെടുത്താൻ ഇസ്രായേൽ പ്രസിഡണ്ട് ഐസക് ഹെർസോഗ് നിർദ്ദേശിച്ചാൽ അതനുസരിക്കുക മാത്രമാണ് വഴി. ആർക്കും സർക്കാരിനെ രൂപപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ, അത് വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് പോലും വഴിനയിച്ചേക്കാം.
അമേരിക്കൻ പാർലമെൻ്റായ കോൺഗ്രസിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികളുടെ മാറിമറിയുന്ന ഭൂരിപക്ഷത്തെയും ഡോണാൾഡ് ട്രംപിന്റെ ഭാവിയെയും നിശ്ചയിക്കുന്ന ഇത്തവണത്തെ മിഡ് ടേം തിരഞ്ഞെടുപ്പിൽ എല്ലാ 435 ജനപ്രതിനിധി സഭാംഗങ്ങളെയും ആകെയുള്ളതിൽ മൂന്നിലൊന്നായ 35 സെനറ്റ് അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കാനുള്ളത്. ഈ പ്രധാന തെരഞ്ഞെടുപ്പിനൊപ്പം ജോർജിയ, നെവാഡ, ഒഹായോ, വിസ്കോൺസിൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാരെയും വിവിധ നഗരങ്ങളിലെ മേയർമാരെയും തിരഞ്ഞെടുക്കും.
ട്രംപ് പ്രസിഡൻസിയുടെ രണ്ടാം പകുതിയിൽ അമേരിക്കൻ പാർലമെന്റിന്റെ പിന്തുണ ട്രംപിന് ഉറപ്പാക്കണോ, അതോ അമേരിക്കൻ പ്രസിഡന്റിന്റെ യുദ്ധക്കുറ്റങ്ങളിലും ജനവിരുദ്ധ തീരുമാനങ്ങളിലും വിചാരണ നടത്തണോ എന്നതാകും അമേരിക്കൻ ജനത ഇപ്പോൾ തീരുമാനിക്കുക. പ്യൂ റിസർച്ച് അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങൾ നടത്തിയ പ്രീ പോൾ സർവേകളിൽ ഡെമോക്രാറ്റുകൾക്ക് 44 ശതമാനവും റിപ്പബ്ലിക്കൻസിന് 36 ശതമാനവും പിന്തുണ നൽകുന്നതാകും അമേരിക്കൻ ജനതയുടെ തെരഞ്ഞെടുപ്പ് വിധി എന്നാണ് വ്യക്തമാകുന്നത്. ഡെമോക്രാറ്റുകൾക്ക് വലിയ ഭൂരിപക്ഷം അമേരിക്കൻ ജനപ്രതിനിധി സഭയിലും സെനറ്റിലും ലഭിച്ചാൽ അത് പിന്നീട് ട്രംപിന്റെ കഷ്ടകാലമായി മാറും. പരമ്പരാഗത ഡെമോക്രാറ്റുകൾക്ക് മുമ്പിൽ ശരിയായ ബദലുകൾ ഇല്ലെങ്കിലും, ജനാധിപത്യ വാദികളുടെ അമേരിക്കൻ പുതുതലമുറ ഇതുവരെയുള്ള ചരിത്രത്തിനേക്കാൾ മെച്ചപ്പെട്ട ചരിത്രം രൂപപ്പെടുത്തുക തന്നെ ചെയ്യുമെന്ന് ഉറപ്പാണ്.
സെർബിയയിൽ വുചിച്ച് പുറത്താക്കപ്പെട്ടിരിക്കുകയാണ്;
പരാജയപ്പെടാൻ തയ്യാറാകാത്ത ഫാസിസ്റ്റ് തെമ്മാടികൾ പ്രതിസന്ധിയിൽ ഉഴലുകയാണ്;
പക്ഷേ പ്രതീക്ഷയുടെ ബ്രസീലിൽ ലുല തുടർന്നിരിക്കുകയാണ്.
പ്രതീക്ഷയും പേടിയും തമ്മിലുള്ള അന്തിമ യുദ്ധത്തിൽ, വിജയം ഉറപ്പായും പ്രതീക്ഷയ്ക്ക് തന്നെയാകും.
അതുകൊണ്ട് ഫാസിസ്റ്റുകൾ മുഴുവൻ നിലംപതിക്കുക തന്നെ ചെയ്യും, പുതുലോകം പുലരുക തന്നെ ചെയ്യും.




