
എത്രയൊക്കെ അകന്നു ജീവിച്ചാലും സാഹചര്യങ്ങൾ നൽകിയ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവരായാലും ചില മനുഷ്യർ തമ്മിൽ വല്ലാതെ അടുത്തു പോകും. 1980കളുടെ തുടക്കത്തിലെന്നോ ആവണം കെ.കെ.കൊച്ച് എന്ന വിവേകശാലിയായ പ്രക്ഷോഭകാരി തൃശൂരിലുള്ള എന്നെ അന്വേഷിച്ച് തൃശൂരിലുള്ള ആപ്പിസിലേക്കു വന്നത്. ഇടതൂർന്നു വളർന്ന താടിക്കിടയിൽ പുകയുന്ന ബീഡിയും ചിരിക്കുന്ന കണ്ണുകളുമാണ്. ലോകത്തെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ പങ്കിട്ടുകൊണ്ട് തേക്കിൻകാട് മൈതാനത്തിലൂടെ നടന്ന് അങ്ങനെ ഒരു സൗഹൃദം രൂപപ്പെട്ടു. കഥയെഴുത്തുകാരൻ ആയതുകൊണ്ട് എനിക്ക് വ്യക്തികളുടെ രൂപം എന്നും പ്രധാനമാണ്. ഞാൻ മനസ്സിൽ കരുതി: അതിസാധാരണ രൂപഭാവങ്ങളിൽ ഒരു അസാമാന്യ മനുഷ്യൻ.
ഒരു കാലത്ത് എഴുത്തിൽ അല്പമെങ്കിലും താൽപ്പര്യമുണ്ടായിരുന്ന വിദ്യാർത്ഥികളുടെ മുഴുവൻ പ്രതീക്ഷയായിരുന്ന മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ സമ്മാനം നേടിയയാളാണ് ഈ പ്രക്ഷോഭകാരി എന്ന് ആരെങ്കിലും ഓർക്കാറുണ്ടോ? സാഹിത്യം എന്നത് ഒരു പ്രത്യേക വിഷയമല്ല; അത് അന്വേഷണങ്ങളുടെ നിരവധിവഴികളിൽ ഒന്നു മാത്രമാണ് എന്ന് സ്ഥാപിച്ചുകൊണ്ട് തഥാഗതൻ യാത്ര തുടർന്നു. അനുഭവിക്കുന്ന ജീവിതം, കുടുംബം, സാമൂഹ്യസാഹചര്യങ്ങൾ അതിനു പിന്നിലെ എഴുതപ്പെട്ടതും അല്ലാത്തതുമായ വ്യവസ്ഥകൾ എന്നിവ തിരിച്ചറിയുന്നതോടെയാണ് ഒരാൾ വേറിട്ട മനുഷ്യനാകുന്നത്. ജീവിതത്തെ കണ്ടെത്തിയ കഥ അനുഭവസാന്ദ്രത കൊണ്ട് മലയാളത്തിലെ ഏറ്റവുമികച്ചതായി മാറിയ “ദലിതൻ” എന്ന ആത്മകഥയിൽ കൊച്ച് ഹൃദ്യമായി വിവരിക്കുന്നുണ്ട്. പിന്നീടുണ്ടായത് ജീവിതം അഥവാ സമൂഹം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനുള്ള അന്വേഷണങ്ങളാണ്. സാഹിത്യം ഉൾപ്പടെ അക്കാലത്ത് മുന്നിൽ കണ്ട എല്ലാ വഴികളിലും കെ.കെ.കൊച്ച് ചെന്നു മുട്ടുന്നുണ്ട്. ജനാധിപത്യ രാഷ്ട്രീയപാർട്ടികൾ, തൊഴിലാളിക്കൂട്ടങ്ങൾ, സാഹസിക വിപ്ലവഗ്രൂപ്പുകൾ, ചിന്താസംഘങ്ങൾ, സ്വത്വാന്വേഷണവേദികൾ. ചെന്നുപെട്ട എല്ലായിടങ്ങളേയും അദ്ദേഹം തൻ്റെ പുകയുന്ന ചിന്തകൊണ്ട് നവീകരിക്കുന്നു. ചടുലമാക്കുന്നു. സാഹസികസംഘങ്ങളിലെ കെ.കെ.കൊച്ചിൻ്റെ സാന്നിദ്ധ്യം എല്ലായ്പ്പോഴും സംഘർഷാത്മമായിരുന്നു. കാരണം അവിടെയെത്തിയ ഏറെപേരും കൗതുകാന്വേഷികളായ വിരുന്നുകാരായിരുന്നു. കൊച്ചിന് വേണ്ടിയിരുന്നത് തൻ്റെ സമൂഹത്തിന് സ്വതന്ത്രവും നിർഭയവുമായി ജീവിക്കാനുള്ള പുതിയ ലോകമായിരുന്നു.
കേരളത്തിലെ മറ്റ് ദളിത് ചിന്തകരിൽ നിന്നും കെ.കെ.കൊച്ച് ഏറെ വേറിട്ടുനിൽക്കുന്നു. വ്യക്തി എന്ന നിലക്കല്ല; സമാനമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരു സമൂഹത്തിൻ്റെ ഐഡൻ്റിറ്റിയാണ് അദ്ദേഹം ലക്ഷ്യമാക്കിയത്. ഭാഷ എന്നത് ചിന്തയുടെ രൂപമാണല്ലോ. മറ്റ് ദളിത്പക്ഷ എഴുത്തുകാരിൽ ഏറെ വ്യത്യസ്തമായിരുന്നു അദ്ദേഹത്തിൻ്റെ എഴുത്തു ഭാഷ. അനുഭവങ്ങളുടെ സമുദ്രം നീന്തിവന്നതിൻ്റെ നിശ്ചയദാർഡ്യം അതിനുണ്ടായിരുന്നു. പാണ്ഡിത്യ പ്രകടനം കൊണ്ട് ശ്രദ്ധനേടാൻ അദ്ദേഹം ഒരിക്കലും പരിശ്രമിച്ചില്ല. എതിരാളിയെ അടിച്ചിരുത്തുക എന്നതും ലക്ഷ്യമായിരുന്നില്ല. എതിർവാദങ്ങളെ പരിഗണിച്ചുകൊണ്ടും വസ്തുതകളെ അപഗ്രഥിച്ചുമുള്ള സംവാദാത്മക രചനാരീതിയായിരുന്നു അത്. വിഷയം എത്ര സങ്കീർണ്ണമായാലും സമീപനം ആത്മാർത്ഥമാണെങ്കിൽ എഴുതുന്ന ഭാഷ ശുദ്ധജലം പോലെ തെളിഞ്ഞതായിരിക്കും എന്നതിൻ്റെ ഉദാഹരണം.
അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിലായിരുന്നു അദ്ദേഹം ഏറെ എഴുതിയിരുന്നത്. ചൂഷണത്തെ സുഗമമാക്കുന്നതിനു വേണ്ടി മൂലധനമേധാവിത്തം മുന്നോട്ടു വെക്കുന്ന ജനാധിപത്യവിരുദ്ധമായ വലതുപക്ഷാശയങ്ങൾക്ക് ലോകമെമ്പാടും കിട്ടുന്ന പരിഗണനയിൽ അദ്ദേഹം സ്വഭാവികമായും അസ്വസ്ഥനായിരുന്നു. ജനാധിപത്യശക്തികളുടെ വിപുലമായ ഐക്യത്തെയാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഇന്ത്യയിലെ നവബ്രാഹ്മണിസ്റ്റ് വാഴ്ചക്കു മുന്നിൽ പതറുകയും ശിഥിലമാവുകയും ചെയ്യുന്ന തൻ്റെ പഴയ സഖാക്കളെ അദ്ദേഹം ശക്തമായി വിമർശിച്ചു. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ പഠിച്ചും പരിശോധിച്ചും നിലപാടു സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളെ – വിശേഷിച്ചും ഇടതുപക്ഷത്തേയും കമ്യൂണിസ്റ്റ് പാർടികളേയും – പോസിറ്റീവായി അപഗ്രഥിക്കുന്ന കുറിപ്പുകളാണ് അദ്ദേഹം എഴുതിയിരുന്നത്. ദളിത് പക്ഷത്തു നിന്ന് കമ്യൂണിസ്റ്റ് വിരുദ്ധത വിളമ്പി ശിഥിലീകരണത്തിന് ശ്രമിക്കുന്ന തൻ്റെ പ്രിയസുഹൃത്ത് സണ്ണി കപിക്കാടിനേയും, ദളിത് പ്രശ്നത്തെ കേവലം വ്യക്തിതലത്തിൽ പരിശോധിക്കുന്ന എം.കുഞ്ഞാമനേയും അദ്ദേഹം അക്കാര്യത്തിൽ വിമർശിച്ചു.
കഴകപ്രവർത്തിക്ക് നിയമിതനായ യുവാവിനെതിരെ അയാൾ ഈഴവജാതിയിൽ ജനിച്ചു എന്ന കുറ്റമാരോപിച്ച് അയിത്താചരണം നടത്തിയ കൂടൽമാണിക്യം തന്ത്രിമാരെക്കുറിച്ച് കേരളം ചർച്ച ചെയ്യുന്ന ചരിത്രഘട്ടത്തിലാണ് കെ.കെ.കൊച്ച് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്. കേരളം അതിൻ്റെ നവോത്ഥാനജാഗ്രത വീണ്ടെടുക്കാൻ വലിയൊരു മുന്നേറ്റം നടത്തേണ്ട സമയം. ഈ സന്ദർഭത്തിൽ മുന്നിൽ നിൽക്കേണ്ട കേരളത്തിലെ ഏറ്റവും വലിയ ദളിത് പ്രക്ഷോഭകൻ, എഴുത്തുകാരൻ നമുക്ക് നഷ്ടപ്പെട്ടു. കെ.കെ.കൊച്ചിൻ്റെ നിരീക്ഷണങ്ങളും എഴുത്തും അനുഭവാഖ്യാനങ്ങളും പുതിയകാലത്ത് കേരളത്തിന് വലിയ ഊർജ്ജമായി മാറും എന്നതിൽ സംശയമില്ല.