ചൂഷണം മുഖമുദ്രയായ മുതലാളിത്തം നവഉദാരവത്കരണ കാലഘട്ടത്തിൽ ഏറ്റവും ഗുരുതരമായ ആഘാതം സൃഷ്ടിച്ചിരിക്കുന്നത് പ്രകൃതിയിലാണ്. അന്തരീക്ഷ മലിനീകരണം , പരിസ്ഥിതി നാശം , ഖരമാലിന്യഉത്പാദനം എന്നീ മുതലാളിത്ത ഉപോത്പന്നങ്ങൾ ലോകരാഷ്ട്രങ്ങളുടെ സ്വാസ്ഥ്യത്തിനു ഭീഷണിയായി മാറിയിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനം അഭൂതപൂർവമായ ആഗോളതാപനത്തിനിടയാക്കിയിരിക്കുന്നു. മനുഷ്യ ജീവിതം ദുസ്സഹമാകുന്ന വിധം പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്നു . ലാഭത്തോടുള്ള അത്യാർത്തി മാലിന്യം കുമിഞ്ഞുകൂടുന്നതിന് ഇടയാക്കുന്നു. ജനസംഖ്യ വർധനവും ദ്രുതഗതിയിലുള്ള നഗരവത്കരണവും മാലിന്യം പെരുകാൻ കാരണമാകുന്നതായി ലോക ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2020 ന്റെ 73 % മാലിന്യ വർധനവാണ് 2050 ൽ സംഭവിക്കാൻ പോകുന്നതെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അതായത്
3.88 ബില്യൺ ടൺ മാലിന്യം ഒരു വർഷം ഉണ്ടാകുമെന്ന് സാരം.
സുസ്ഥിര വികസനത്തിനും ആരോഗ്യ സംരക്ഷണത്തിനും ദുരന്തനിവാരണത്തിനും വൻ വെല്ലുവിളി ഉയർത്തുന്ന സാമൂഹ്യപ്രശ്നമാണിന്ന് ഖരമാലിന്യം .
ആഗോളതാപനം കൃഷിയെ ബാധിക്കുകയും ആയിരങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കുകയും ചെയ്യുന്നു. ഉണങ്ങി വരളുന്ന ജലാശയങ്ങൾ , ചുരുങ്ങുന്ന കടൽത്തീരങ്ങൾ , പ്രളയം ,ഉരുൾപൊട്ടൽ തുടങ്ങി ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങൾ കേരളത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നു.
നവകേരള സൃഷ്ടിക്ക് അനിവാര്യമായ പരിസ്ഥിതി സംരക്ഷണത്തിന് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആവിഷ്കരിച്ച ഹരിതകേരള മിഷൻ ഫലപ്രദമായ ഇടപെടലുകളിലൂടെ കേരളത്തെ ഹരിതപാതയിലൂടെ നയിക്കുന്നു. ‘വെള്ളം വൃത്തി വിളവ് ‘ എന്നതാണ് മിഷന്റെ മുദ്രാവാക്യം . ജലസംരക്ഷണം ,മാലിന്യ സംസ്കരണം, കൃഷി-പരിസ്ഥിതി പുനഃസ്ഥാപനം എന്നീ മൂന്ന് ഉപമിഷനുകളിലൂടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൗതുകകരവും അതേസമയം ശാസ്ത്രീയവുമായ നിരവധി പദ്ധതികൾ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലൂടെ ഹരിതമിഷൻ നടപ്പാക്കുന്നു.
ഖരമാലിന്യസംസ്കരണത്തിൽ ദേശീയശ്രദ്ധ നേടിയ ഇരട്ടയാർ മാതൃക ,പുഴയൊഴുകും മാണിക്കൽ , ദേവികുളങ്ങര തണ്ണീർവനം,ഹരിതതീർത്ഥം ,ജലബജറ്റ് , ജലാഞ്ജലി ,കണ്ണൂർ ജയിലിലെ ഹരിതസ്പർശം ,കാർബൺ ന്യുട്രൽ ഗോശ്രീ … ഈ പട്ടിക അനന്തമായി നീളുകയാണ് .
വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാലയങ്ങളും വായനശാലകളും വ്യവസായശാലകളും ഹരിത കേരളം മിഷന്റെ മുദ്രാവാക്യം ഏറ്റെടുത്തിരിക്കുന്നു. ജനകീയതയാണ് മിഷന്റെ മുഖമുദ്ര. ജനകീയ പ്രചാരണ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെയും മാലിന്യസംസ്കരണത്തിന്റെയും പ്രാധാന്യം ജനങ്ങളിൽ എത്തിക്കുവാൻ കഴിയുന്നു എന്നതും പദ്ധതിയുടെ വിജയത്തിന്റെ കാരണമാണ്. സമൂഹത്തിലെ ഏറ്റവും അരികുവത്കരിക്കപ്പെട്ട ജനസമൂഹങ്ങളിൽ ഉൾപ്പടെ മാറ്റത്തിന്റെ പച്ചപ്പ് എത്തിക്കാൻ കഴിയുന്നു.
ഇടുക്കിയിലെ അടിമാലി പഞ്ചായത്തിൽ മുതുവാൻ ഗോത്ര വിഭാഗങ്ങളുടെ ഊരായ കട്ടമുടി കുഞ്ചിപെട്ടിക്കുടിയിൽ നെൽകൃഷി വീണ്ടെടുത്ത പ്രവർത്തനം ഏറ്റവും ശ്രദ്ധേയമാണ്.അഞ്ച് ഏക്കറിൽ ബുദ്ധിമുട്ടി മുന്നോട്ടു പോയിരുന്ന നെൽകൃഷി 14 .4 ഏക്കറിലേക്ക് വ്യാപിപ്പിക്കുകയും കുഞ്ചിപെട്ടി അരി എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കുകയും ചെയ്തു . ഇത്തരത്തിലുള്ള നൂറു കണക്കിന് വിജയകഥകളാണ് ഹരിത മിഷന് സ്വന്തമായുള്ളത്. വറ്റിയ ജലാശയങ്ങൾക്ക് ജീവൻ നൽകിയും തരിശു ഭൂമികൾ ഫലഭൂയിഷ്ഠമാക്കിയും പുതുതലമുറക്ക് പ്രകൃതി സ്നേഹത്തിന്റെ പുത്തൻ പാഠങ്ങൾ കാട്ടികൊടുത്തും നവകേരളം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഹരിതപാതയിൽ മുന്നേറുന്നതിന്റെ തെളിവായി
മിഷന്റെ നേട്ടങ്ങൾ സംക്ഷിപ്തമായി താഴെ കൊടുക്കുന്നു :