പാരഡൈം ഷിഫ്റ്റ് (Paradigm Shift)

കെ എസ് രഞ്ജിത്ത്

 

വിവിധ ശാസ്ത്രശാഖകളിൽ നടന്നുവരുന്ന അന്വേഷണങ്ങൾ വിവിധ രീതിശാസ്ത്രങ്ങളെയും സംവര്ഗങ്ങളെയും അവലംബിച്ചാണ് മുന്നേറുന്നത് . ഓരോ പ്രത്യേക കാലഘട്ടത്തിലും ആധിപത്യം പുലർത്തുന്ന ചട്ടക്കൂടുകളാണ് അവയെ നിയന്ത്രിക്കുന്നതും നിശ്ചയിക്കുന്നതും . ഇത്തരം സങ്കല്പങ്ങൾ പലതും ചലനരഹിതമായ പരമസത്യങ്ങളായി കരുതിയാണ് ശാസ്ത്രാന്വേഷണങ്ങൾ മുന്നോട്ടു പോകുന്നത് . അതേസമയം വിവിധ ശാസ്ത്രശാഖകളുടെ ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയുന്നത് , ഇങ്ങനെയൊരു നൈരന്തര്യമല്ല അവിടെ നിലനിന്നിരുന്നത് എന്നതാണ് . വിച്ഛേദങ്ങളുടെയും വിപ്ലവാത്മകമായ ചിന്തകളുടെയും ചിത്രവും അതിൽ ഇഴ ചേർന്നിരിക്കുന്നുവെന്ന് സുവ്യക്തമായി കാണാം . ഇത്തരമൊരു നിരീക്ഷണത്തിൽ നിന്നുമാണ് Paradigm Shift എന്ന പരികല്പന രൂപം കൊള്ളുന്നത് . വിവിധ വിജ്ഞാന ശാഖകളുടെ വികാസ പരിണാമങ്ങളെക്കുറിച്ചുള്ള നിരീക്ഷണത്തിലൂടെ തോമസ് കുൺ എന്ന ശാസ്ത്ര ദാർശനിക ചിന്തകനാണ് ഈ പരികല്പന മുന്നോട്ടു വെയ്ക്കുന്നത് . 1962ൽ പുറത്തിറങ്ങിയ The Structure of Scientific Revolution എന്ന കൃതിയിലാണ് കുൺ ഈ ആശയം വിശദമാക്കുന്നത് . പില്കാലത്ത് ശാസ്ത്ര സാമൂഹിക ചിന്തകളെ നിർണായകമായി സ്വാധീനിച്ച ഒന്നായി ഇത് മാറി .

ഏതൊരു മേഖലയെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത് ആ മേഖലയിൽ പരമസത്യങ്ങളായി കരുതപ്പെടുന്ന ചില അടിസ്ഥാന തത്വങ്ങളുടെയോ വിശ്വാസങ്ങളുടെയോ പുറത്താണ് . ഈ അടിസ്ഥാന തത്വങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായ ചിന്തകൾ പ്രസ്തുത വിജ്ഞാനമണ്ഡലത്തിൽ ഇതിനകം തന്നെ രൂപപ്പെട്ടു കഴിഞ്ഞിരിക്കും . അവ ക്രമേണ ശക്തിപ്പെട്ടു വരുകയും പരമ സത്യങ്ങളായി കരുതപ്പെടുന്ന ധാരണകളെയാകെ ഉലയ്ക്കുകയും ചെയ്യും . ഒടുവിൽ നിലനിൽക്കുന്ന ജ്ഞാനഗോപുരം തകർന്നു വീഴുകയും ആ സ്ഥാനത്ത് പുതിയ സങ്കല്പനകളെ ആധാരമാക്കിയ മറ്റൊന്ന് ഉയർന്നുവരികയും ചെയ്യും. നാളിതുവരെ പരമപ്രധാനമാണ് കരുതപ്പെട്ടിരുന്ന മാതൃകകളും, ചിന്തകളെ താങ്ങിനിർത്തിയിരുന്ന ചട്ടക്കൂടുകളും തകർന്നു വീണ് ആ സ്ഥാനത്ത് പുതിയ ഒന്ന് രൂപപ്പെടുന്ന നിർണായകമായ മുഹൂർത്തമാണ് paradigm shift . ചിന്താപദ്ധതിയിലെ വിപ്ലവകരമായ മാറ്റമാണിത്. ഇത്തരമൊരു മാറ്റത്തെയാണ് കുൺ paradigm shift എന്ന് വിളിച്ചത് . വിവിധ ശാസ്ത്രശാഖകളിലുണ്ടായ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷണ പഠനത്തിന് വിധേയമാക്കിക്കൊണ്ടാണ് കുൺ തന്റെ സിദ്ധാന്തത്തെ സമർത്ഥിച്ചത് .

വിശ്വാസസംഹിതകളുടെയും സിദ്ധാന്തങ്ങളുടെയും ഒരു സമുച്ചയം , ശാസ്ത്രീയമായ അന്വേഷണത്തിന് ഉപയോഗിക്കുന്ന രീതിശാസ്ത്രങ്ങൾ , ഇവയ്ക്കൊക്കെ ആധാരമായി വർത്തിക്കുന്ന സംവർഗങ്ങൾ – ഇതെല്ലം ഉൾച്ചേരുന്നതാണ് ഒരു paradigm . ഈ paradigm നെ മുൻനിർത്തിയാണ് എന്തൊക്കെ ചോദ്യങ്ങളാണ് ഒരു ശാസ്ത്രശാഖയിൽ ഉയർന്നു വരേണ്ടതെന്നും എന്തൊക്കെ ഉത്തരങ്ങളാണ് അവിടെ തേടേണ്ടതെന്നും തീരുമാനിക്കപ്പെടുന്നത്. ആധിപത്യം പുലർത്തുന്ന ഇത്തരമൊരു ഫ്രെയിംവർക്കിനെ മുൻനിർത്തിയാണ് ഈ ശാസ്ത്രമണ്ഡലത്തിലെ ഗവേഷണപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നത് .

സൗരവ്യൂഹത്തെ ( solar system )സംബന്ധിച്ച മനുഷ്യന്റെ ധാരണകളിൽ വന്ന മാറ്റം – ഭൗമകേന്ദ്രീകൃതമായ വീക്ഷണത്തിൽ നിന്നും ( geocentric ) സൂര്യകേന്ദ്രീകൃതമായ (heliocentric ) സങ്കല്പങ്ങളിലേക്ക് – നല്ല ഉദാഹരണമാണ് . ഭൂമിക്കുചുറ്റും സൂര്യനടക്കമുള്ള മറ്റു ഗ്രഹങ്ങൾ കറങ്ങി കൊണ്ടിരിക്കുന്നുവെന്നതായിരുന്നു 16 ആം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന സങ്കൽപം. ഈ ധാരണകൾ അടിസ്ഥാനപരമായി തെറ്റാണ് എന്ന് സ്ഥാപിക്കുന്നത് കോപ്പർനിക്കസാണ്. നിലനിന്നിരുന്ന ജിയോ സെൻട്രിക് പാരഡൈമിനെ തകർത്തുകൊണ്ടാണ് ഹീലിയോ സെൻട്രിക് പാരഡൈം കോപ്പർ നിക്കസ് മുന്നോട്ടു വെയ്ക്കുന്നത് . ഇതോടു കൂടി അതുവരെ നിലനിന്നിരുന്ന ധാരണകളും സങ്കല്പങ്ങളും മാത്രമല്ല അതിനെയൊക്കെ ആധാരമാക്കിയിരുന്ന ശാസ്ത്രീയ അന്വേഷണങ്ങളും പാടെ തിരുത്തിയെഴുതപ്പെട്ടു .

ഇത്തരത്തിലുള്ള വിപ്ലവകരമായ മാറ്റങ്ങൾ ഒട്ടുമിക്ക ശാസ്ത്രശാഖകളിലും ഉണ്ടായിട്ടുണ്ട് . ജിയോളജിയിലെ ടെക്ടോണിക് സിദ്ധാന്തമാണ് (Plate Tectonic theory )സമാനമായ മറ്റൊന്ന് . ഭൂഖണ്ഡങ്ങൾ എക്കാലത്തും നിശ്ചലമായി നിലകൊണ്ടിരുന്നവ ആയിരുന്നെന്നും ഓരോ ഭൂഖണ്ഡങ്ങൾക്കുള്ളിലും രൂപപ്പെടുന്ന പർവ്വതങ്ങൾ , ഭൂകമ്പങ്ങൾ തുടങ്ങിയ പ്രതിഭാസങ്ങൾക്ക് കാരണം അതാതു ഭൂഖണ്ഡങ്ങൾക്കുള്ളിൽ ഒതുങ്ങി നില്കുന്നതാണെന്നുമായിരുന്നു അതുവരെയുമുള്ള ധാരണ. ജിയോളജിയിൽ നടന്നു വന്നിരുന്ന എല്ലാ ശാസ്ത്രീയ അന്വേഷങ്ങളും ഇതിനെ ആധാരമാക്കിയുള്ളതായിരുന്നു. എന്നാൽ ഇതല്ല യാഥാർഥ്യമെന്നും എല്ലാ ഭൂഖണ്ഡങ്ങളും ഒരുകാലത്ത് ഒന്നായി പാഞ്ചിയ (Pangea ) എന്ന സൂപ്പർ കോണ്ടിനെൻറ് ആയി നിലനിന്നിരുന്ന ഒന്നായിരുന്നുവെന്നും സമുദ്രാന്തരഭാഗത്തെ ശിലകളുടെ (Plates ) ചലനത്തിന്റെ ഫലമായിട്ട് അവ വിഘടിച്ചു പോയതാണെന്നും ആ ചലനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും , ഈ ശിലകളുടെ കൂട്ടിമുട്ടലിലും ഉരസലിലും കൂടിയാണ് പർവതങ്ങൾ രൂപപ്പെടുന്നതെന്നും ഭൂകമ്പങ്ങൾ ഉണ്ടാകുന്നതെന്നുമുള്ള ആശയം 1960 ൽ പ്ലേറ്റ് ടെക്ടോണിക് സിദ്ധാന്തം മുന്നോട്ടു വെച്ചു .ഇതോടെ അതുവരെ നിലനിന്നിരുന്ന ജിയോളജിയിലെ ശാസ്ത്രസത്യങ്ങൾ കാലഹരണപ്പെട്ടു . ഇത്തരത്തിൽ ശാശ്വതസത്യങ്ങളായി നിലകൊണ്ടിരുന്ന ശാസ്ത്ര സത്യങ്ങൾ ഏതെണ്ടെല്ലാ വിജ്ഞാന മേഖലകളിലും മാറ്റി എഴുതപ്പെട്ടതിന്റെ ചരിത്രമാണ് ശാസ്ത്രത്തിന്റെ ചരിത്രം. ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലുമെല്ലാം ഇതിനു സമാനമായ ഉദാഹരണങ്ങൾ കണ്ടെത്താം. ഇത്തരം നിരീക്ഷണത്തിൽ നിന്നുമാണ് കുൺ പാരഡൈം ഷിഫ്റ്റ് എന്ന സങ്കല്പത്തിലെത്തിപ്പെട്ടത് .

ശാസ്ത്രത്തിന്റെ പുരോഗതി നേർരേഖയിലൂടെയുള്ള ഒന്നല്ല എന്നും അത് തുടർച്ചകളും ഇടർച്ചകളും ചേർന്നുള്ള വലയിതമായ ഒന്നാണ് എന്നും കുൺ പറയുന്നു . നിലനിൽക്കുന്ന ശാസ്ത്രീയധാരണകളെ ചോദ്യം ചെയ്യുന്ന ആശയങ്ങൾ അടിക്കടി ഉയർന്നുവരികയും അവ ശാസ്ത്രശാഖകളിലെ വൈജ്ഞാനിക വിപ്ലവങ്ങൾക്ക് വഴി തെളിക്കുകയും ചെയ്യുന്നു . നിലനിൽക്കുന്ന ധാരണകൾക്കൊത്ത് പോകാത്ത ആശയങ്ങൾ (anomalies ) ആദ്യം ഉയർന്നുവരുമ്പോൾ അവയെ അസ്വാഭാവികമായി ആദ്യഘട്ടങ്ങളിൽ കരുതും . പക്ഷെ ക്രമേണ ഇത്തരം ആശയങ്ങളുടെ ഒഴുക്ക് വർധിച്ചു വരും. അവയ്ക്ക് വേണ്ടത്ര വിശദീകരണം നൽകാൻ നിലവിലുള്ള ചട്ടക്കൂടുകൾക്ക് കഴിയാതെ വരും, ഒരു പ്രത്യേകഘട്ടമെത്തുമ്പോൾ നിലനിൽക്കുന്ന ചട്ടക്കൂടുകൾക്ക് ഉൾകൊള്ളാൻ കഴിയാത്ത വിധം കരുത്താർജിക്കും . ഇത്തരം പുതിയ ആശയങ്ങളെ സാധൂകരിക്കുന്ന പുതിയ ചട്ടക്കൂടിനെ തേടാൻ ശാസ്ത്രജ്ഞർ തയ്യാറാകും. ഇത് പഴയ ശാസ്ത്രധാരണകളെ അപ്പാടെ അട്ടിമറിക്കാൻ വഴി തെളിക്കും , ആ സ്ഥാനത്ത് പുതിയ പാരഡൈം ഉയർന്നുവരും.

ന്യൂട്ടന്റെ ഭൗതികശാസ്ത്രം ഐൻസ്റ്റയിന്റെ ആപേക്ഷിക സിദ്ധാന്തത്തിന് വഴിമാറിയത് ഇത്തരത്തിലൊരു പാരഡൈം ഷിഫ്റ്റ് ആയിരുന്നു.ചലനങ്ങളെയും ഗുരുത്വാകര്ഷണത്തെയും കുറിച്ചുള്ള ന്യൂട്ടന്റെ നിയമങ്ങളായിരുന്നു ദീർഘകാലമായി ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന ശിലകൾ. പ്രകാശ രശ്മികളുടെ വക്രീകരണം പോലുള്ള ചില ഭൗതിക പ്രതിഭാസങ്ങളെ വിശദീകരിക്കാൻ അവ അപര്യാപ്തമായി വന്നതിനെ തുടർന്നാണ് പുതിയ സിദ്ധാന്തങ്ങൾക്കായി ശ്രമങ്ങൾ ഉയരുന്നതും ആപേക്ഷികസിദ്ധാന്തം ഉയർന്നുവന്നതും . സ്ഥലത്തെയും സമയത്തെയും ഗുരുത്വകർഷണത്തെയും പുതിയ കാഴ്ചപ്പാടിൽ കൂടുതൽ മനസ്സിലാക്കുന്നതിന് ഈ പാരഡൈം ഷിഫ്റ്റ് സഹായകമായി .

ശാസ്ത്രമേഖലയിലെ വൈജ്ഞാനിക വിപ്ലവങ്ങൾ ആധാരമാക്കിയാണ് കൂണിന്റെ പാരഡൈം ഷിഫ്റ്റ് സിദ്ധാന്തം ഉയർന്നു വന്നതെങ്കിലും അതിൻ്റെ സൈദ്ധാന്തിക വ്യാപ്തി മറ്റ് വൈജ്ഞാനിക മേഖലകളിലേക്കും പടർന്നു. സാങ്കേതികവിദ്യയുടെ മേഖലയിലും തത്വചിന്തയിലും സമ്പദ്ശാസ്ത്രത്തിലും സംസ്കാര പഠനത്തിലുമെല്ലാം ഇത് പ്രയോഗക്ഷമമാണെന്ന് തിരിച്ചറിവുണ്ടായി . പുതിയൊരു കണ്ണോടുകൂടി സൈദ്ധാന്തിക മണ്ഢലത്തെ വീക്ഷിക്കാൻ അത് വഴി തെളിച്ചു .

നിരന്തരം വികസിച്ചു വരുന്ന വൈജ്ഞാനിക ലോകത്തെ എങ്ങിനെ നോക്കികാണണം എന്നതിൽ തോമസ് കൂണിന്റെ പാരഡൈം ഷിഫ്റ്റ് എന്ന ആശയം ഏറെ പ്രസക്തമാകുന്നു . വൈജ്ഞാനിക മണ്ഡലത്തിലെ വൈരുധ്യങ്ങളിലേക്കാണ് ഇത് വഴി തുറക്കുന്നത് . നിലനിൽക്കുന്ന സത്യത്തെ ചോദ്യം ചെയ്യാനുള്ള ശക്തികൾ ആ മണ്ഡലത്തിൽ തന്നെ രൂപപ്പെടുന്നുണ്ട് എന്നാണ് അത് കാട്ടിത്തരുന്നത് . Everything seems pregnant with its contrary എന്ന മാർക്സിന്റെ ചിന്തയെ വേറൊരു രൂപത്തിൽ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് പാരഡൈം ഷിഫ്റ്റ് എന്ന സിദ്ധാന്തം എന്ന് വേണമെങ്കിൽ പറയാം . വിപ്ലവങ്ങളാണ് ചരിത്രത്തിന്റെ ചാലകശക്തി എന്നും ഈ സിദ്ധാന്തം നമ്മെ ഓർമപ്പെടുത്തുന്നു . അതെ സമയം രേഖീയമായ പുരോഗതിയെ നിരാകരിക്കുന്ന ഈ സിദ്ധാന്തത്തെ വിമർശനബുദ്ധ്യാ നോക്കികാണുന്നവരുമുണ്ട്‌. എന്തായാലും ശാസ്ത്രത്തിന്റെ ചരിത്രത്തെയും ശാസ്ത്രത്തിന്റെ ദർശനത്തെയും കുറിച്ചുള്ള ചർച്ചകളിൽ ഇന്നും ഈ ആശയം ഏറെ പ്രസക്തമായി നിലനിൽക്കുന്നു .

 

Hot this week

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

Topics

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img