സെക്കൻഡ് സെക്‌സ്; ലിംഗനീതിക്കായുള്ള വിശപ്പ്

പുണ്യ സി ആർ

“സ്ത്രീ, സ്ത്രീയായി ജനിക്കുകയല്ല, സ്ത്രീയായി പരിണമിക്കുകയാണ്.’
– സിമോൺ ദി ബുവാ (സെക്കൻഡ് സെക്സ്)

ലിംഗനീതിയെ വിശാലാർത്ഥത്തിൽ സമീപിക്കുന്ന പദമാണ് ഫെമിനിസം. തുല്യതയുടെ രാഷ്ട്രീയമാണ് ഫെമിനിസം അഥവാ സ്ത്രീവാദം സംവേദനം ചെയ്യുന്നത്. നിർമ്മിതികളിൽ അന്തർഭവിച്ച അധികാരഘടനകൾ പുരുഷ കർത്തൃത്വത്തിന്റേതെന്ന തിരിച്ചറിവാണ് സ്ത്രീവാദ പ്രസ്ഥാനങ്ങൾക്ക് രൂപം നൽകിയത്. പാശ്ചാത്യലോകത്താണ് ഫെമിനിസം എന്ന ചിന്തയും വാദവും ഉരുത്തിരിഞ്ഞത്. അത് ലോകമെമ്പാടും വ്യാപിക്കുകയും പുതിയ തരംഗങ്ങൾ സൃഷ്ടിക്കുകയും തമസ്കരിക്കപ്പെടുന്ന സ്ത്രീയുടെ കീഴാളതയെ കുറിച്ചുള്ള അന്വേഷണം തുടരുകയും ചെയ്തു. ചരിത്രം, മതം, രാഷ്ട്രീയം, വിദ്യാഭ്യാസം,കല, സാഹിത്യം, ശാസ്ത്രം എന്നിങ്ങനെ മനുഷ്യചിന്തയുടെയും പ്രവർത്തനങ്ങളുടെയും സങ്കുചിത മണ്ഡലങ്ങളിലേക്കെല്ലാം കടന്നുചെല്ലുന്ന ആശയമായി ഫെമിനിസം വളരെ വേഗത്തിൽ വളരുകയും പരിഷ്കരിക്കപ്പെടുകയുമായിരുന്നു. സ്വന്തം കീഴാളത (Subalternity) തിരിച്ചറിയുകയും അവകാശങ്ങൾക്കു വേണ്ടി പൊരുതുകയും ചെയ്ത സ്ത്രീചരിത്രം പരിശോധിക്കുമ്പോൾ ആദ്യമോർക്കുന്ന പേര് ഇംഗ്ലീഷ് എഴുത്തുകാരിയും തത്ത്വചിന്തകയുമായ മേരി വൂൾസ്റ്റൺ ക്രാഫ്റ്റിന്റേതാണ്. 1792ൽ മേരി വൂൾസ്റ്റൺ ക്രാഫ്റ്റ് രചിച്ച A Vindication of the Rights of Woman’ എന്ന പുസ്തകം സ്ത്രീയും പുരുഷനും തുല്യരായി വാഴുന്ന സാങ്കല്പിക സമൂഹം വിഭാവനം ചെയ്യുന്നു. സ്ത്രീവാദ ചരിത്രം പ്രധാനമായും മൂന്ന് തരംഗങ്ങളായാണ് അടയാളപ്പെടുത്തപ്പെടുന്നത്. ഒന്നാം തരംഗം, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി സംഭവിച്ച സമ്മതിദാനാവകാശസമര (suffrage)മായി ബന്ധപ്പെട്ടു കിടക്കുന്നു. രണ്ടാം തരംഗം 1960-കളിൽ ആരംഭിച്ച സ്ത്രീവിമോചനപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളും പ്രവർത്തനങ്ങളുമാണ്. 1990-കളിൽ ആരംഭിച്ച മൂന്നാം തരംഗം, രണ്ടാം തരംഗത്തിന്റെ തുടർച്ചയും മദ്ധ്യവർഗ്ഗ സ്ത്രീവാദ ചിന്തകളോടുള്ള പ്രതികരണവുമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ സ്ത്രീവാദപരിസങ്ങളിൽ കടന്നുവന്ന പേരാണ് സിമോൺ ദ ബുവാ (Simon de Beauvoir). രണ്ടാം തരംഗ ഫെമിനിസത്തിന്റെ വക്താവും പ്രചാരകയുമാണ് സിമോൺ ദ ബുവാ. 1960-കൾ മുതൽ 1980-കളുടെ അന്ത്യം വരെയുള്ള പ്രവർത്തനകാലഘട്ടത്തെയാണ് രണ്ടാം തരംഗ സ്ത്രീവാദമായി കണക്കാക്കുന്നത്. ഒന്നാം തരംഗം സമ്മതിദാനം പോലുള്ള അവകാശങ്ങൾക്കു വേണ്ടിയായിരുന്നെങ്കിൽ രണ്ടാം തരംഗം വിവേചനം പോലുള്ള തുല്യതാപ്രശ്നങ്ങളെ മുന്നോട്ടുവെക്കുകയായിരുന്നുവെന്ന വാദം നിലനിൽക്കുന്നു. ഫെമിനിസം എന്ന വാക്ക് നിലവിൽവരികയും ശക്തിപ്രാപിക്കുകയും ചെയ്തത് രണ്ടാം തരംഗ സ്ത്രീവാദ പരിസരത്താണ്.

1928ൽ രചിക്കപ്പെട്ട വിർജീനിയ വൂൾഫിന്റെ ‘എഴുത്തുകാരിയുടെ മുറി’ എന്ന പുസ്തകം ഫെമിനിസ്റ്റ് ബൈബിൾ എന്നറിയപ്പെടുമ്പോൾ 1949ൽ രചിക്കപ്പെട്ട സെക്കൻഡ് സെക്സ് ഫെമിനിസത്തിന്റെ അടിസ്ഥാനപ്രമാണമായി കണക്കാക്കപ്പെടുന്നു. ഫ്രഞ്ച് ഭാഷയിൽ രചിക്കപ്പെട്ട കൃതി 1953 ലാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത്.

പ്രൊഫ. ഷീലാ റൗബൊതം 2009ൽ എഴുതിച്ചേർത്ത സമഗ്രവും സൂക്ഷ്മവുമായ ആമുഖത്തോടെയാണ് ‘ദി സെക്കൻഡ് സെക്സ്’ ആരംഭിക്കുന്നത്. ‘വരുംകാലദശകങ്ങളിൽ ആയിരക്കണക്കിന് സ്ത്രീ ജനങ്ങൾ തുടരന്വേഷണങ്ങൾ നടത്താനിടയുള്ള ചിന്താശകലങ്ങളുടെയും അന്വേഷണ നിരീക്ഷണങ്ങളുടെയും ഒരു ഭൂപടം, ഒരു സ്ത്രീ ഒറ്റയ്ക്ക് വ്യക്തമായി വരച്ചുകാട്ടിയിരിക്കുന്നു.’ എന്ന് ആമുഖം ആത്യന്തികമായി ബുവായുടെ നിരീക്ഷണങ്ങളെ വിലയിരുത്തുന്നു. എഴുത്തുകാരിയുടെ ആത്മകഥാംശമുള്ള രചനകൾ പരിചയപ്പെടുത്തുകയും ഫെമിനിസ്റ്റ് ചരിത്രം ക്രോഡീകരിക്കുകയും ചെയ്യുന്ന ഷീലാ റൗബൊതം സ്ത്രീ സ്വത്വബോധത്തിലൂന്നിയ സ്വന്തം നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്നു.

ആയിരത്തിലധികം ഏടുകളുള്ള ‘ദ സെക്കൻഡ്‌ സെക്സ്’, ബുവായുടെ ബൃഹത്തായ അവതാരികയെ പിൻപറ്റി അതുവരേയ്ക്കും ലോകസാഹിത്യത്തിന് പരിചയമില്ലാത്ത വ്യത്യസ്തവും നവീനവുമായ പെൺപ്രപഞ്ചം തന്നെ അനാവരണം ചെയ്യുന്നുണ്ട്. അതിനായി തെരഞ്ഞെടുത്ത ഭാഷ സ്വല്പം സങ്കീർണവും എന്നാൽ സുതാര്യവുമാണ്. താനടങ്ങുന്ന സ്ത്രീവർഗത്തെ കൃത്യമായി അടയാളപ്പെടുത്താനുള്ള വാക്കുകളുടെ അപര്യാപ്തതയാണ് ഭാഷയിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ബുവാ സംവേദനം ചെയ്യുന്നു.ആണുങ്ങൾ കൈകാര്യം ചെയ്തു പോരുകയും ഇഷ്ടാനുസരണം അർത്ഥം കല്പിക്കുകയും വെട്ടിത്തിരുത്തുകയും പുനർനിർവചിക്കുകയും ചെയ്തുപോന്നിരുന്ന ഭാഷയെ അവർ സ്ത്രീസ്വത്വാനുഭൂതികളിലേക്ക് സ്വതന്ത്ര്യമായി ഒഴുക്കിവിടുന്നത് അത്ര ആയാസരഹിതമായല്ല.

‘സെക്കൻഡ് സെക്സി’ൽ രണ്ടു വാല്യങ്ങളിലൂടെയാണ് ബുവായുടെ നിരീക്ഷണങ്ങൾ പങ്കുവെക്കപ്പെടുന്നത്. ഒന്നാമത്തെ വാല്യം ‘വസ്തുതകളും മിത്തുകളും’. അവതാരികയോട് ചേർന്ന് മൂന്ന് ഭാഗങ്ങളിലായി നിരവധി അദ്ധ്യായങ്ങളാൽ വിഭജിക്കപ്പെട്ടതാണ് ആദ്യ വാല്യം. ഭാഗങ്ങൾക്ക് ഭാഗധേയം, ചരിത്രം, മിത്തുകൾ എന്നിങ്ങനെ തലക്കെട്ട് നൽകിയിരിക്കുന്നു. സ്ത്രീ എന്ന ലിംഗപദവിയെ ജീവശാസ്ത്രപരമായ വസ്തുതകളെ മുൻനിർത്തി പുനർനിർവചിക്കാനും മാനസികാപഗ്രഥന ചരിത്രാധിഷ്ഠിത ഭൗതികവാദ കാഴ്ചപ്പാടുകൾ മുന്നോട്ടുവക്കാനും ബുവാ ശ്രമിക്കുന്നു. അക്കാലം വരേയ്ക്കും സ്ത്രീജീവിതങ്ങളെ ചൂഴുകയും തീർപ്പുകല്പിക്കുകയും ചെയ്തിരുന്ന മിത്തുകളെ അഴിച്ചുപണിയാനും തിരുത്താനും മൂന്നാം ഭാഗത്തിലൂടെ ബുവാ ഒരുമ്പെടുന്നു. അതിനായി അവർ തെരഞ്ഞെടുത്ത ഉദാഹരണങ്ങൾക്ക് എക്കാലത്തും പ്രസക്തിയുണ്ട്. ബുവായുടെ ഭാഷയിൽ ആക്ഷേപഹാസ്യവും യാഥാസ്ഥിതിക സമൂഹത്തോടുള്ള വിമർശനാത്മകതയും നിറയുന്നു. തന്റെ എഴുത്തിലെയും ജീവിതത്തിലെയും ആർജിതാനുഭവങ്ങളാണ് രണ്ടാം വാല്യത്തിൽ. ‘ബാല്യം’ മുതൽ ‘സ്വതന്ത്രവനിത’ വരെ നീളുന്നു അതിലെ അദ്ധ്യായങ്ങൾ. ‘സ്ത്രീ, സ്ത്രീയായി ജനിക്കുകയല്ല, സ്ത്രീയായി പരിണമിക്കുകയാണ്.’ എന്ന പ്രസ്ഥാവനയെ ബുവാ രണ്ടാം വാല്യത്തിലൂടെ സാധൂകരിക്കുന്നു. ബാല്യം, യൗവ്വനം, വൈവാഹിക ജീവിതം, മാതൃത്വം, വാർദ്ധക്യം എന്നിങ്ങനെ ഓരോ ജീവിതഘട്ടത്തിലും സ്ത്രീ അനുഭവിക്കുന്ന എണ്ണിയാലൊടുങ്ങാത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും സവർണ്ണ – പിതൃമേധാവിത്വ യാഥാസ്ഥിതിക സമൂഹത്തോട് കലഹിക്കുകയും ചെയ്യുന്ന എഴുത്തുകാരിയെ രണ്ടാം വാല്യത്തിലുടനീളം കാണാം. ജീവിതത്തിലെ ‘അത്യാഹ്ലാദമെന്ന്’ പുറംലോകം മുദ്രകുത്തുന്ന ഓരോ നിമിഷവും സ്വയം അടിയറവ് വയ്ക്കപ്പെടുന്ന സ്ത്രീസ്വത്വത്തെ കണ്ടെടുക്കാനും വീണ്ടെടുക്കാനുമുള്ള ശ്രമങ്ങൾ ബുവായുടെ ഓരോ വാക്കിലുമുണ്ട്. പ്രണയത്തെപ്പറ്റി എഴുതുമ്പോൾ അവർ നീഷേയുടെ ‘ഗെ സയൻസി’ൽ നിന്ന് ഉദ്ധരിക്കുന്നു; “പ്രണയവും അപമാനവും പരസ്പരവിരുദ്ധാവസ്ഥയിൽ കണ്ടെത്താനും ഒരേ സമയം ആഹ്ലാദവും കീഴടക്കലും കടമയും കരുണയും ഭീതിയും പിന്നെ പേരറിയാത്ത മറ്റ് എന്തൊക്കെയോ, ദൈവത്തിന്റെയും ഭീകരമൃഗത്തിന്റെയും അപ്രതീക്ഷിത സാമീപ്യത്തിൽ അനുഭവിക്കാൻ നിർബന്ധിതയാകുകയും ചെയ്യുന്ന അവസ്ഥ…! അങ്ങനെ സമാനതകളില്ലാത്ത ഒരു മാനസിക ഊരാക്കുടുക്കിലകപ്പെടുകയും ചെയ്യുന്നു’.

ലിംഗനീതിക്കായുള്ള വിശപ്പും അടങ്ങാത്ത പോരാട്ടവീര്യവുമാണ് ‘സെക്കൻഡ് സെക്സ്’ എന്ന ബൃഹത്തായ കൃതി. ആയിരത്തിതൊള്ളായിരത്തി നാല്പത്തിയൊൻപതിൽ ആദ്യപതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം സ്ത്രീകളുടെ സാമൂഹിക-സാംസ്കാരിക സ്ഥിതിയിൽ നിരവധി വ്യതിയാനങ്ങൾ ഉണ്ടായെങ്കിലും സിമോൺ ദ് ബുവായുടെ കൃതി ഇന്നും അതിന്റെ പ്രസക്തി നിലനിർത്തുന്നു. കൂടാതെ, ‘സ്ത്രീവിമോചനസമരങ്ങൾ’ എക്കാലത്തും തുടർന്നു പോരേണ്ടതിൻ്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തോട് ശക്തമായ ഭാഷയിൽ സംവദിക്കുന്നു. l

Hot this week

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

Topics

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

അയാന്‍ ഹിര്‍സി അലി; ധൈര്യത്തിന്റെ മറുവാക്ക്

അഭിപ്രായ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും കേള്‍വികേട്ട ഡച്ച് ജനതയുടെ മന:സാക്ഷിക്കുമേല്‍ പതിച്ച വലിയൊരു...

ഇന്ത്യയിൽ 65 ൽ ഒരു കുട്ടിക്ക് ഓട്ടിസം

എന്താണ് ഓട്ടിസം? യാഥാർത്ഥ്യലോകത്തുനിന്ന് പിൻവാങ്ങി ആന്തരികമായ സ്വപ്‌നലോകത്ത് വിഹരിക്കുന്ന അവസ്ഥയെന്നാണ് ഓട്ടിസം...

ഫാസിസവും നവഫാസിസവും 3

  ഫാസിസത്തെ കുറിച്ച് പഠിക്കാനാരംഭിക്കുമ്പോൾ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു സങ്കല്പനമാണ് മധ്യവർഗം അല്ലെങ്കിൽ...
spot_img

Related Articles

Popular Categories

spot_imgspot_img