
‘‘സിപിഐ എം രൂപീകരിക്കപ്പെട്ടതിനുശേഷം ഉയർന്നുവന്ന രണ്ടാംനിര നേതാക്കളിൽ ഏറ്റവും മികച്ച നേതാവ്’’ എന്നാണ് പ്രകാശ് കാരാട്ട് അനിൽ ബിശ്വാസിനെ വിശേഷിപ്പിച്ചത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയുമായി പ്രവർത്തിക്കവെയാണ് അനിൽ ബിശ്വാസിനെ മരണം അകാലത്തിൽ തട്ടിയെടുത്തത്. പാർട്ടിയുടെ ബംഗാളിലെ സമുന്നത നേതാക്കളായിരുന്ന മുസഫർ അഹമ്മദ്, പ്രമോദ്‌ദാസ് ഗുപ്‌ത, സരോജ് മുഖർജി എന്നിവരുടെ നേരിട്ടുള്ള ശിക്ഷണത്തിലാണ് അനിൽ ബിശ്വാസ് രാഷ്‌ട്രീയ പ്രവർത്തനം നടത്തിയത്.
താത്വികപ്രശ്‌നമായാലും സംഘടനാപ്രശ്‌നമായാലും അവയെയെല്ലാം മികവോടെ പരിഹരിക്കാൻ അസാമാന്യമായ ശേഷിയുള്ള നേതാവായിരുന്നു അനിൽ ബിശ്വാസ് എന്ന് അദ്ദേഹത്തെ അടുത്തറിയാമായിരുന്ന പാർട്ടി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കരിമ്പൂർ എന്ന സ്ഥലത്ത് ഒരു സാധാരണ കർഷകകുടുംബത്തിൽ 1944 മാർച്ച് ഒന്നിനാണ് അനിൽ ബിശ്വാസ് ജനിച്ചത്. അശുതോഷ് ബിശ്വാസ്‐പ്രഫുല്ലകുമാരി ദമ്പതികളുടെ മകനായാണ് ജനനം. അനിലിന്റെ കുട്ടിക്കാലത്തുതന്നെ അച്ഛനും അമ്മയും അന്തരിച്ചു. ജ്യേഷ്‌ഠസഹോദരന്റെ സംരക്ഷണയിലാണ് അനിൽ വളർന്നത്. ഒരു രാഷ്‌ട്രീയ പാർട്ടിയോടും ആഭിമുഖ്യമുണ്ടായിരുന്ന കുടുബമല്ല അദ്ദേഹത്തിന്റേത്.
എന്നാൽ സ്‌കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സജീവ പ്രവർത്തകനായി അനിൽ മാറി. 1961ൽ കൃഷ്‌ണനഗർ ഗവൺമെന്റ് കോളേജിൽ പ്രീഡിഗ്രിക്ക് അദ്ദേഹം ചേർന്നു. തുടർന്ന് വിദ്യാർഥി സംഘടനാരംഗത്ത് കൂടുതൽ സജീവമായി. 1962 ഒക്ടോബർ‐നവംബർ കാലത്ത് ഇന്ത്യ‐ചൈന അതിർത്തിസംഘട്ടനത്തെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കോൺഗ്രസ് സർക്കാർ വ്യാപകമായി വേട്ടയാടി. പാർട്ടി നേതാക്കളെ പലരെയും അറസ്റ്റ് ചെയ്‌തു ജയിലിലടച്ചു. അതിൽ പ്രതിഷേധിച്ച് ബംഗാൾ വിദ്യാർഥി ഫെഡറേഷന്റെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധപ്രകടനങ്ങൾ നടന്നു. കൽക്കത്തയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ അനിൽ ബിശ്വാസ് ആയിരുന്നു. പൊലീസ് അദ്ദേഹത്തെയും അറസ്റ്റ് ചെയ്‌തു. പതിനൊന്നുദിവസം ജയിലിൽ പാർപ്പിച്ചു. അനിലിന്റെ ജീവിതത്തിലെ ആദ്യത്തെ ജയിൽവാസമായിരുന്നു അത്.
1963ൽ ഭക്ഷ്യക്ഷാമത്തിനെതിരെ വിദ്യാർഥി ഫെഡറേഷൻ സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിന് അനിൽ ബിശ്വാസ് ആണ് നേതൃത്വം നൽകിയത്. ആ പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് സർക്കാർ ശ്രമിച്ചത്. കിരാതമായ ലാത്തിച്ചാർജും വെടിവെപ്പും പൊലീസ് നടത്തി. അന്നത്തെ വെടിവെപ്പിൽ അനിൽ ബിശ്വാസിന് സാരമായ പരിക്കേറ്റു. പൊളിറ്റിക്കൽ സയൻസിൽ ബിഎ പാസായ അദ്ദേഹം കൽക്കത്ത യൂണിവേഴ്‌സിറ്റിയിൽ എംഎയ്‌ക്ക് ചേർന്നു.
അപ്പോഴേക്കും സംസ്ഥാനത്തെ അറിയപ്പെടുന്ന വിദ്യാർഥി നേതാവായി മാറിയ അനിലിനെ അന്ന് വിദ്യാർഥി ഫെഡറേഷൻ നേതാക്കളായിരുന്ന ബിമൻ ബോസും ഹരിനാരായൺ അധികാരിയും ചേർന്ന് പാർട്ടി അംഗത്വത്തിന് നിർദേശം സമർപ്പിച്ചു.
1965ൽ അങ്ങനെ അദ്ദേഹം സിപിഐ എമ്മിൽ അംഗമായി. ആ വർഷം തന്നെ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്‌തു. പതിനൊന്നുമാസത്തെ തടവാണ് അനിലിന് ലഭിച്ചത്. ജയിലിൽ കഴിഞ്ഞുകൊണ്ടാണദ്ദേഹം എംഎ പരീക്ഷയുടെ രണ്ടു പേപ്പറുകൾ എഴുതിയത്. 1965ൽ തന്നെ അനിൽ എംഎ പാസായി.
ബംഗാൾ വിദ്യാർഥി ഫെഡറേഷന്റെ മുഖപത്രമായ ഛത്രസംഗ്രാമിന്റെ പ്രഥമ പത്രാധിപർ അനിൽ ബിശ്വാസ് ആണ്. 1969ൽ അദ്ദേഹം സിപിഐ എമ്മിന്റെ മുഴുവൻസമയ പ്രവർത്തകനായി മാറി. ബംഗാൾ സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രമായ ഗണശക്തിയുടെ രാഷ്‌ട്രീയ ലേഖകനായി പ്രവർത്തനം ആരംഭിച്ച അനിൽ 1971ൽ ന്യൂസ് എഡിറ്ററും 1983ൽ എഡിറ്ററുമായി. അത്രയൊന്നും പ്രചാരമില്ലാത്ത ഒരു സാധാരണ സായാഹ്ന പത്രമായിരുന്നു ഗണശക്തി. അത് പിന്നീട് ബംഗാളിലെ പ്രമുഖ ദിനപത്രമായി മാറി. ആ മാറ്റത്തിനു പിന്നിൽ അനിലിന്റെ സ്ഥിര പരിശ്രമവും നേതൃശക്തിയുമുണ്ടായിരുന്നു. പതിനഞ്ചു വർഷക്കാലം എഡിറ്റർ സ്ഥാനത്തിരുന്നുകൊണ്ട് ഗണശക്തിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. 1998ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുംവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.
1970 മുതൽ ഏഴെട്ടുവർഷക്കാലം ബംഗാൾ രാഷ്‌ട്രീയം അങ്ങേയറ്റം കലുഷമായിരുന്നു. സിപിഐ എമ്മിന്റെയും ബഹുജനസംഘടനകളുടെയും നേതാക്കൾക്കും പ്രവർത്തകർക്കും അതിക്രൂരമായ വേട്ടയാടലിനെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. പാർട്ടി പ്രവർത്തകരെ ഏതെങ്കിലും തരത്തിൽ സഹായിക്കുകയോ അവരോട് സൗഹൃദം പുലർത്തുകയോ ചെയ്യുന്നവരെയെല്ലാം പൊലീസും കോൺഗ്രസ് ഗുണ്ടകളും ക്രൂരമായി മർദിക്കുമായിരുന്നു; പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും കള്ളക്കേസുകളിൽ കുടുക്കുമായിരുന്നു. വീടുകൾക്കു നേരെ ആക്രമണം അഴിച്ചുവിടുക എന്നത് സ്ഥിരം പരിപാടിയായിരുന്നു.
മേൽപറഞ്ഞ പ്രതിസന്ധികളെ മറികടന്നുകൊണ്ടാണ് ഈ കാലയളവിൽ ബംഗാളിൽ പാർട്ടി പ്രവർത്തിച്ചതും പത്രം പ്രസിദ്ധീകരിച്ചതം. വളരെ കുറച്ചു ജീവനക്കാരേ അന്ന് ഗണശക്തിക്കുണ്ടായിരുന്നുള്ളൂ. അതിനാൽ വാർത്ത ശേഖരിക്കാൻ പോകുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അനിൽ ബിശ്വാസ് നേരിട്ട് ചെയ്‌തു. വാർത്ത ശേഖരിക്കാൻ പോയ സമയത്ത് പലപ്പോഴും ഗുണ്ടകളുടെ ആക്രമണത്തിന് അദ്ദേഹം വിധേയനായി. അതുപോലെ പത്രത്തിന്റെ വിതരണരംഗത്തും നിരവധി പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ടു. പത്രത്തിന്റെ വിതരണം ഏറ്റെടുക്കാൻ ഏജന്റുമാർ തയ്യാറായില്ല. കാരണം ഗണശക്തി വിതരണം ചെയ്‌താൽ ഗുണ്ടകൾ ആക്രമിക്കും. പൊലീസ് നിസ്സംഗതയോടെ നോക്കിനിൽക്കുകയോ ഗുണ്ടകളുടെ പക്ഷം പിടിക്കുകയോ ചെയ്യും. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ അനിലിന് ഒളിവിൽ പ്രവർത്തിക്കേണ്ടിവന്നു. ഇക്കാലത്ത് പാർട്ടി പ്രവർത്തനവും പത്രപ്രവർത്തനവും ഒരുപോലെ മുമ്പോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു.
ഗണശക്തിയെ ദിനപത്രമായി മാറ്റുന്നതിൽ അനിലിനുള്ള പങ്ക് നിസ്‌തുലമാണ്. അതിനു പിന്നിൽ ഇ എം എസിന്റെ നിരന്തരമായ പ്രേരണയും സ്വാധീനവുമുണ്ടെന്ന് അനിൽ ബിശ്വാസ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. 1978ൽ അനിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1982ൽ അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റംഗമായി. പാർട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയേറ്റംഗമായിരുന്നു അദ്ദേഹം. 1982ൽ പ്രമോദ് ദാസ് ഗുപ്‌ത അന്തരിച്ചതിനെ തുടർന്ന് സരോജ് മുഖർജിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി കേന്ദ്രത്തിൽ പ്രവർത്തിച്ച അനിലാണ് സെക്രട്ടറിയെ പ്രധാനമായും സഹായിച്ചത്.
1990ൽ സരോജ് മുഖർജി അന്തരിച്ചതിനെ തുടർന്ന് ശൈലൻദാസ് ഗുപ്‌ത സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും സംസ്ഥാന സെക്രട്ടറിയെ സഹായിക്കുന്നതിനുള്ള ദൗത്യം അനിൽ ബിശ്വാസിനെ തന്നെയാണ് പാർട്ടി ഏൽപിച്ചത്. അനാരോഗ്യം മൂലം 1998ൽ ശൈലൻദാസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് അനിൽ ബിശ്വാസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
1985ൽ കൽക്കത്തയിൽ ചേർന്ന 12‐ാം പാർട്ടി കോൺഗ്രസിൽ അനിൽ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1998ൽ അദ്ദേഹം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായി.
സമകാലിക വിഷയങ്ങളെ അപഗ്രഥിക്കുന്നതിന് അദ്ദേഹത്തിന് സവിശേഷമായ സാമർഥ്യമുണ്ടായിരുന്നു. സാർവദേശീയ വിഷയങ്ങളിലും അദ്ദേഹത്തിന് നല്ല അവഗാഹമുണ്ടായിരുന്നു. റഷ്യ, ചൈന, ഉത്തരകൊറിയ, ഇംഗ്ലണ്ട്, അമേരിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.
പതിനാല് പുസ്‌തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിൽ ഏറെയും സാർവദേശീയ വിഷയങ്ങളെ സംബന്ധിച്ചുള്ളവയാണ്.
‘‘സെക്രട്ടറി പദവിയിലെ ഓരോ ഘട്ടത്തിലും പശ്ചിമബംഗാളിൽ പാർട്ടിക്ക് ഗുരുതരമായ ഒരു പ്രശ്‌നമോ വെല്ലുവിളിയോ നേരിടുമ്പോഴെല്ലാം അനിൽ ബിശ്വാസ് സ്ഥിതിഗതികൾ ശാന്തമായി വിലയിരുത്തുകയും ഏറ്റവും ഉചിതമായ ഒരു പ്രവർത്തനപദ്ധതി തയ്യാറാക്കുകയും ചെയ്യുമായിരുന്നു. ഏതു സാഹചര്യത്തെയും നേരിടാൻ പാർട്ടിക്ക് ശരിയായ തന്ത്രങ്ങൾ രൂപപ്പെടുത്താൻ സഹായിച്ചത് ഈ ശാന്തവും നിസ്സംഗവുമായ സമീപനമായിരുന്നു’’.
ശാരീരികമായി അവശതയനുഭവിക്കുമ്പോഴും അനിലിന് കഠിനാധ്വാനം ചെയ്യുന്നതിനുള്ള അപാരമായ ശേഷിയുണ്ടായിരുന്നതായി സമകാലിക നേതാക്കൾ നിരീക്ഷിച്ചിട്ടുണ്ട്. ഒരു ദിവസം പോലും അവധിയെടുക്കാതെ വിശ്രമരഹിതമായി അദ്ദേഹം ജോലി ചെയ്തു.
2006 മാർച്ച് 26ന് അനിൽ ബിശ്വാസ് അന്ത്യശ്വാസം വലിച്ചു. ഗീതയാണ് ജീവിതപങ്കാളി. മകൾ അജന്ത.
മരണാനന്തരം അദ്ദേഹത്തിന്റെ ഭൗതികശരീരം മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുകയായിരുന്നു. മരണത്തിനു മുന്പ് അദ്ദേഹം ഒപ്പുവെച്ച കരാർ അനുസരിച്ചാണ് മെഡിക്കൽ കോളേജിന് ശരീരം വിട്ടുനൽകിയത്. ജ്യോതിബസു, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയവരുൾപ്പെടെ പ്രതുഖ നേതാക്കളെല്ലാം ഇത്തരം കരാറിൽ ഒപ്പുവെക്കുകയുണ്ടായി. മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ മൃതശരീരം ലഭിക്കാൻ ബുദ്ധിമുട്ട് വന്ന ഘട്ടത്തിലാണ് നേതാക്കൾ ഇത്തരം ഒരു കരാറിൽ ഒപ്പുവെച്ചത്. നിരവധി പൊതുപ്രവർത്തകർക്ക് അത് പ്രചോദനമാകുകയുണ്ടായി. അങ്ങനെ മരണശേഷവും പൊതുജനങ്ങൾക്ക് ഉപകരിക്കുന്നതായി അനിൽ ബിശ്വാസ് ഉൾപ്പെടെയുള്ള നേതാക്കളെടുത്ത തീരുമാനം. l




