എംഗൽസിന്റെ വൈദ്യശാസ്ത്ര സഞ്ചാരപഥങ്ങൾ

ബിന്നറ്റ് സി ജെ

1844ൽ ഫ്രെഡറിക്ക് എംഗൽസ്, കാറൽ മാർക്സ് എഡിറ്ററായിട്ടുള്ള പത്രത്തിലേക്ക് ഒരു ലേഖനം അയക്കുന്നു. “”Outlines of a Critique of Political Economy”എന്ന തലക്കെട്ടിലുള്ള പരാമർശിക്കുന്ന വിഷയങ്ങളുടെ സൂക്ഷ്മതയിലേക്ക് ഇറങ്ങിചെല്ലുന്ന മൗലികമായ ലേഖനമായിരുന്നു അത്. ആ ലേഖനം കാറൽ മാർക്സിന്റെ പത്രത്തിൽ പ്രസിദ്ധീകരിക്കുന്നു. അവിടെനിന്നാണ് കാറൽ മാർക്സിന്റെയും എംഗൽസിന്റെയും അത്യഗാധവും, ഇഴപിരിയാത്തതുമായ ചങ്ങാത്തത്തിന് തുടക്കംകുറിക്കുന്നത്. പാരീസിൽ വെച്ചുള്ള ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ആ ബന്ധം ദൃഢീകരിക്കുന്നു. എംഗൽസിന് മുതലാളിത്ത വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ള നേരനുഭവും, വൈവിധ്യമാർന്ന വ്യക്തിത്വങ്ങളുമായുള്ള ബന്ധങ്ങളും വാണിജ്യമേഖലയെക്കുറിച്ചുള്ള പ്രായോഗിക ജ്ഞാനത്തിന് വഴിതെളിക്കുന്നുണ്ട്. മാർക്സിനാണെങ്കിൽ സാഹിത്യത്തിലും, ചരിത്രത്തിലും, ശാസ്ത്രത്തിലുമുള്ള അഗാധമായ പാണ്ഡിത്യം തനിമയാർന്ന ബൗദ്ധികനിലവാരത്തിന്റെ ശ്രേണിയിലേക്ക് ഉയരുന്നതിന് പര്യാപ്തമാവുന്നതായിരുന്നു. മാർക്സിന്റെ ജീവചരിത്രകാരനായ ഫ്രാൻസീസ് വിൻ കുറിക്കുന്നതുപോലെ “”അറിവിന്റെ സമ്പത്തും, സമ്പത്തിനെക്കുറിച്ചുള്ള അറിവും മാർക്സിനെയും, എംഗൽസിനെയും പരസ്പരപൂരകങ്ങളായ വ്യക്തിത്വങ്ങളാക്കി മാറ്റി” പാരീസിൽ ഇരുവരും “”ലീഗ് ഓഫ് ദ ജസ്റ്റ്” എന്ന് പേരായ ഒരു രഹസ്യ വിപ്ലവപ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയും പാരീസിൽ നിന്ന് പുറത്താക്കപ്പെടുകയും 1845 മുതൽ ബ്രസ്സൽസ് തങ്ങളുടെ പ്രവർത്തനകേന്ദ്രമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. “”ദ ഹോളി ഫാമിലി”, “”ദ ജർമൻ ഐഡിയോളജി”, “”ദ കണ്ടീഷൻ ഓഫ് ദ വർക്കിങ്ങ് ക്ലാസ്സ് ഇൻ ഇംഗ്ലണ്ട്” എന്നീ ഗ്രന്ഥങ്ങളുടെ സഹരചയിതാക്കളായി ഇരുവരും മാറുന്നുണ്ട്. 1848ൽ, ആഗോള തൊഴിലാളി പ്രസ്ഥാനത്തിനും രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും ഊടും പാവും നെയ്യുന്ന, കമ്യൂണിസത്തിന്റെ തത്വങ്ങൾ വിശദീകരിക്കുന്ന സുപ്രസിദ്ധ ചരിത്രഗ്രന്ഥമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ യാഥാർത്ഥ്യമാക്കുന്നതും ഇരുവരും ചേർന്നാണെന്നത് സുവിദിതമാണല്ലോ.

ഡോ. ബി.ഇക്ബാലിന്റെ “”Health for All”എന്ന പുതിയ ഗ്രന്ഥത്തിൽ ഒരുപക്ഷെ നമുക്കൊക്കെ അത്രത്തോളമൊന്നും അറിയാത്ത, ഫ്രെഡറിക്ക് എംഗൽസിന്റെ ആരോഗ്യരംഗത്തെ സംഭാവനകളെ ക്കുറിച്ച് മനോഹരമായി വിശദീകരിക്കുന്നുണ്ട്.

ഫ്രെഡറിക്ക് എംഗൽസ്, റുഡോൾഫ് വെർക്കോവ്, സാൽവഡോർ അലൻഡേ എന്നിവരാണ് ആരോഗ്യരംഗത്തെ സാമൂഹിക സാമ്പത്തിക രംഗത്തെ നിർണായക ഘടകങ്ങളെക്കുറിച്ചുള്ള അടിസ്ഥാന സിദ്ധാന്തങ്ങൾ രൂപീകരിച്ചതെന്ന് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നുണ്ട്. ഹാഫ്ട്ടാൻ മാവൽ ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ആയിരിക്കുന്ന കാലയളവിലാണ് പ്രാഥമിക ആരോഗ്യ സംരക്ഷണം എന്ന സമഗ്രതല ആക്ഷൻ പ്ലാൻ രൂപമെടുക്കുന്നത്. ആരോഗ്യരംഗത്തെ സാമൂഹിക നിർണായകഘട്ടങ്ങൾ എന്ന ആശയത്തിൽ വേരൂന്നിയായിരുന്നു മേൽ സൂചിപ്പിച്ച സുപ്രധാന മേഖലയുടെ ഉദയം. 1978ൽ കസാക്കിസ്ഥാനിൽ വെച്ച് നടന്ന ആൽമ അറ്റാ കോൺഫറൻസിൽ വെച്ചായിരുന്നു ആഗോളതലത്തിൽ പ്രാഥമിക ആരോഗ്യസംരക്ഷണമെന്ന ആശയത്തിന് അംഗീകാരം ലഭിക്കുന്നത്.

ആരോഗ്യവും സാമൂഹിക‐സാമ്പത്തിക പരിസരവും തമ്മിലുള്ള അഗാധമായ ബന്ധത്തെപ്പറ്റി ആദ്യമായി പൊതുജനസമക്ഷം അവതരിപ്പിക്കുന്നത് എംഗൽസാണ്. “”Condition of the Working Class in England”എന്ന ഗ്രന്ഥത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് ആഴത്തിൽ പരാമർശിക്കുന്നുണ്ട്. വ്യവസായവൽക്കരണത്തിന്റെ ആദ്യഘട്ടങ്ങളിൽ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും, അവരുടെ ജീവിതപരിതോവസ്ഥയുടെ ദൈന്യത്തിന്റെ പശ്ചാതലത്തിൽ രൂപപ്പെടുന്ന രോഗങ്ങളെക്കുറിച്ചും മേൽസൂചിപ്പിച്ച ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആരോഗ്യരംഗത്തെ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നതിന് എത്രയോ വർഷം മുൻപാണ് T.B, സിലിക്കോസിസ്, ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോകോണിയോസിസ്, ലെഡ് വിഷബാധ എന്നിവ തൊഴിൽപരമായ സാഹചര്യങ്ങളിൽനിന്നാണ് ഉത്ഭവിക്കുന്നതെന്ന് എംഗൽസ് വിശദീകരിക്കുന്നത്. അദ്ദേഹം പല മേഖലകളിൽ പാണ്ഡിത്യം നേടിയ ആളാണെങ്കിലും മെഡിക്കൽ വിദ്യാഭ്യാസം നേടിയതായി തെളിവുകളൊന്നും തന്നെയില്ല. ഇത്തരമൊരു സാഹചര്യത്തിലും അദ്ദേഹത്തിന് തുണയായെത്തുന്നത് സഹജീവികളോടുള്ള അതിരറ്റ സ്നേഹവായ്പാണെന്ന് കാണാൻ കഴിയും. യുവാവായിരിക്കുമ്പോൾ എംഗൽസ് ഇടതുപക്ഷപ്രവർത്തകരുമായി ബന്ധം സ്ഥാപിക്കുകയും, അങ്ങനെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശനം നേടുകയും ചെയ്‌തു. അദ്ദേഹത്തിന്റെ അതിരറ്റ നീതിബോധമാണ് സാമൂഹ്യപ്രവർത്തനത്തിലേക്ക് നയിച്ചതെന്ന് ഡോ.ബി. ഇക്ബാൽ തന്റെ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. ജർമനിയിലെ വാണിജ്യനഗരമായ ബാമിനിൽ താമസിക്കുമ്പോൾ, നിരവധി നെയ്ത്തുമില്ലുകൾ അദ്ദേഹത്തിന്റെ താമസസ്ഥലത്തിനടുത്ത് ഉണ്ടായിരുന്നു. തന്റെ പിതാവ് നെയ്ത്തുമിൽ മാനേജർ ആയിരുന്നതുകൊണ്ടുകൂടെ ഇത്തരം മില്ലുകൾ സന്ദർശിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ അവിടെയുള്ള തൊഴിലാളികൾ നേരിടുന്ന കഷ്ടപ്പാടുകളെയും, രോഗങ്ങളെയും സംബന്ധിക്കുന്ന നേരനുഭവം അദ്ദേഹത്തിനുണ്ടായിരുന്നു. ഇത്തരം അനുഭവങ്ങൾ അദ്ദേഹത്തിനുള്ളിലെ ജേണലിസ്റ്റിനെ കർമ്മനിരതനാക്കാൻ പര്യാപ്തമായിരുന്നു. ഫ്രെഡറിക്ക് ഓഡ്സ്വാൾ എന്ന തൂലികാനാമത്തിൽ നിരവധിയായ ലേഖനങ്ങൾ ഇത് സംബന്ധമായി അദ്ദേഹം എഴുതുകയുണ്ടായി. വ്യവസായവൽക്കരണത്തിന്റെ ആദ്യദശയിലെ പ്രാദേശികപ്രഭുവർഗ്ഗത്തിന്റെ നിഷേധാത്മക നിലപാടുകളും കാപട്യവും സാമൂഹ്യ പ്രശ്നങ്ങളിൽ നിന്ന് മുഖംതിരിക്കാൻ ഇക്കൂട്ടർ കാട്ടിയിരുന്ന വ്യഗ്രതയുടെ വിവരണങ്ങളും എംഗൽസിന്റെ ലേഖനങ്ങളെ വ്യതിരിക്തമാക്കിയിരുന്നു.

1842ൽ എംഗൽസ് തന്റെ പിതാവിന്റെ ടെക്സ്റ്റൈൽ മില്ലിന്റെ മാനേജരായി മാഞ്ചെസ്റ്ററിൽ ചുമതലയെടുക്കുന്നുണ്ട്. അവിടെ വെച്ചാണ് ഐറിഷ് ജോലിക്കാരിയും, സജീവ വിപ്ലവകാരിയുമായിരുന്ന മേരി ബേൺസിനെ അദ്ദേഹം കണ്ടുമുട്ടുന്നത്. ഇത് ഫാക്ടറിയിലെ തൊഴിലാളിവർഗ്ഗത്തിന്റെ ദയനീയ സ്ഥിതിയുടെ നേർചിത്രം ലഭ്യമാവുന്നതിന് കാരണമാവുകയുണ്ടായി. ഇരുവരും ചേർന്ന് തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലേക്ക് പോവുകയും, അവരുടെ ജീവിതസാഹചര്യങ്ങളുടെ നേരനുഭവും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അവർ സോഷ്യലിസ്റ്റുകളുമായും, സാമൂഹ്യപരിഷ്കർത്താക്കളുമായും തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളെ സംബന്ധിച്ച് ആഴത്തിൽ ചർച്ച ചെയ്യുകയുമുണ്ടായി. ഫാക്ടറിയിലെ തൊഴിൽസാഹചര്യങ്ങളും വേണ്ടത്ര നിയമനിർമ്മാണത്തിന്റെ അഭാവവും, ശുചിത്വമില്ലാത്ത പരിസരങ്ങളുമെല്ലാം ചർച്ചയിലേക്ക് കടന്നുവന്നു. കാര്യങ്ങൾ പരിശോധിച്ചപ്പോൾ തൊഴിലാളികളുടെ രോഗങ്ങളും, അകാലമരണങ്ങളും മുതലാളിത്ത വ്യവസ്ഥയുടെ ദൂഷ്യവശങ്ങളാണെന്ന യാഥാർത്ഥ്യത്തിലേക്കാണ് അദ്ദേഹം എത്തിയത്. അതിനാൽ തന്നെ ബൂർഷ്വാസിക്കെതിരെയുള്ള വിപ്ലവം നയിക്കേണ്ടത് തൊഴിലാളി വർഗ്ഗമാണെന്ന് തീരുമാനിച്ചുറയ്ക്കുകയും “”The Conditions of the Working Class in England” എന്ന ഗ്രന്ഥത്തിൽ ഇക്കാര്യങ്ങളെല്ലാം കൃത്യമായി പ്രതിപാദിക്കുകയും ചെയ്തു.

വായുസഞ്ചാരം കുറഞ്ഞ കുടുസ്സായ വീടുകളും ചേരിപ്രദേശത്തിന് സമാനമായ സാഹചര്യങ്ങളും മാലിന്യനിർമ്മാർജനത്തിനോ, കുടിവെള്ള വിതരണത്തിനോ ശരിയായ സംവിധാനമില്ലാത്ത നിലയും തൊഴിലാളികളുടെ ജീവിതത്തെ നരകസമാനമാക്കിയിരുന്നു. മനുഷ്യന്റെയും മറ്റു ജന്തുക്കളുടെയും വിസർജ്ജ്യങ്ങൾ വീടുകൾക്ക് മുൻപിൽ കുന്നുകൂടിയിരുന്നു. രോഗങ്ങൾക്ക് അനായാസേന പടർന്നുപിടിക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. വൈദ്യശാസ്ത്രം അത്രയൊന്നും പുരോഗമിക്കാത്ത ആ കാലഘട്ടത്തിൽ വായുമലിനീകരണത്തെക്കുറിച്ചും, ജലമലിനീകരണത്തെക്കുറിച്ചും, ടി.ബിപോലുള്ള രോഗങ്ങൾ ഇത്തരം ചുറ്റുപാടുകളിൽ നിത്യസാന്നിധ്യമാവുന്നത്‌ എങ്ങനെയെന്നതിനെക്കുറിച്ചും ഉൾക്കൊള്ളാൻ എംഗൽസിന് കഴിഞ്ഞിരുന്നു. ആളുകൾ തിങ്ങിപ്പാർക്കുകയും, ആവശ്യത്തിന് വായുസഞ്ചാരമില്ലാത്ത ചുറ്റുപാടുകളും ടി.ബി പോലുള്ള രോഗങ്ങൾക്കും തദ്വാരായുള്ള മരണങ്ങൾക്കും പരവതാനി വിരിക്കുന്നതെങ്ങനെയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. സാമൂഹ്യ‐സാമ്പത്തിക ഘടകങ്ങളും, വ്യക്തിപരമായ ക്ഷേമവും തമ്മിലുള്ള സങ്കീർണമായ പാരമ്പര്യത്തെകുറിച്ച് മനസ്സിലാക്കാൻ അക്കാലത്ത് കഴിഞ്ഞുവെന്നത് അനിതരസാധാരണമായ അന്വേഷണബുദ്ധിയുടെയും, പ്രതിഭാവിലാസത്തിന്റെയും ബഹിർസ്ഫുരണമായി കാണണം. തൊഴിലാളികളുടെ മക്കൾക്ക് വേണ്ടത്രയളവിൽ പോഷകാഹാരം സുലഭ്യമല്ലാത്തതുകൊണ്ട് രൂപപ്പെടുന്ന റിക്കറ്റുകൾ വിറ്റാമിൻ ഡിയുടെ അഭാവം കൊണ്ടാണ് രൂപപ്പെടുന്നതെന്ന് വൈദ്യശാസ്ത്രം അംഗീകരിക്കുന്നതിനും എത്രയോ മുൻപേ സ്ഥിരീകരിക്കാൻ എംഗൽസിന് കഴിഞ്ഞൂവെന്നതാണ് സത്യം. ആവർത്തിച്ചുള്ള ചലനങ്ങൾ മൂലവും, നിരന്തരമായ ഉപയോഗത്തിലൂടെയും തൊഴിലാളികളുടെ പേശികൾ, ഞരമ്പുകൾ എന്നിവയ്ക്കുണ്ടാകുന്ന നാശമാണ് ആവർത്തിച്ചുള്ള സ്ട്രെയിൻ പരിക്കുകൾ. നെയ്ത്ത് തൊഴിലാളികൾ വേണ്ടത്ര വെളിച്ചമില്ലാത്ത ഇടങ്ങളിൽ നിന്ന് ജോലി ചെയ്യുമ്പോൾ ഉണ്ടാകാനിടയുള്ള നേത്രരോഗങ്ങളായ ഹ്രസ്വദൃഷ്ടി, തിമിരം, അപര്യാപ്തമായ വായുസഞ്ചാരമുള്ള ജോലി സ്ഥലങ്ങളിൽ പരുത്തിയോ, ചണപ്പൊടിയോ ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ശ്വാസകോശരോഗമായ ബൈസിനോസിസ് എന്നിവ അദ്ദേഹം സ്വന്തം നിലയിൽ തൊഴിലാളികളിൽ കണ്ടെത്തിയ രോഗങ്ങളിൽ ചിലത് മാത്രമാണ്.

വൈദ്യശാസ്ത്രത്തിന്റെ കാണാമറയത്തായിരുന്ന, നിരവധിയായ തൊഴിൽപരമായ രോഗങ്ങളെ പൊതുബോധത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ആനയിക്കാൻ തന്റെ സൂക്ഷ്മമായ അന്വേഷണതൃഷ്ണകൊണ്ട് സാധിച്ച അത്യപൂർവമായ പ്രതിഭാധനനായിരുന്നു എംഗൽസ്. വൈദ്യശാസ്ത്ര രംഗത്ത് ഔപചാരിക പഠനം നടത്താത്ത ഒരു വ്യക്തി ഇത്രയും സംഭാവന നൽകുന്നത് അത്ഭുതാതിശയങ്ങളോടെ മാത്രമേ കാണാൻ കഴിയൂ. മാർക്സിസത്തിന്റെ പ്രത്യയശാസ്ത്ര നിർമ്മിതിയിൽ കാറൽ മാർക്സിനോടൊപ്പം പങ്കാളിയായ എംഗൽസിന്റെ മനുഷ്യസ്നേഹത്തിൽനിന്ന് ഉരുവംകൊണ്ട അന്വേഷണബുദ്ധിയുടെ സഞ്ചാരപഥങ്ങൾ സാധാരണക്കാർക്ക് വെളിപ്പെടുത്തികൊടുക്കുന്നതിന്‌ ഡോ. ബി.ഇക്ബാലിന്റെ “”Health for All” എന്ന ഗ്രന്ഥത്തിന് സാധിക്കുന്നത് ശ്ലാഘനീയമാണ്. l

Hot this week

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

Topics

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....
spot_img

Related Articles

Popular Categories

spot_imgspot_img