കറുപ്പിനോടുള്ള വെറുപ്പ് ജാതിശ്രേണീബദ്ധമായ ഒരു സമൂഹത്തിലെ ഗുരുതരമായ രാഷ്ട്രീയ പ്രശ്നമാണ്. കറുപ്പ് ഭംഗിക്കുറവിന്റെയും ദുഃഖത്തിന്റെയും അജ്ഞതയുടെയും അപരിഷ്കൃതത്വത്തിന്റെയും പര്യായമായി കാണുന്ന സംസ്കാരം വെളുപ്പിനെ സൗന്ദര്യത്തിന്റെയും സന്തോഷത്തിന്റെയും ജ്ഞാനത്തിന്റെയും സാംസ്കാരികഉന്നമനത്തിന്റെയും നിറമായി കണക്കാക്കുന്നു. വംശീയതയുടെ പ്രത്യയശാസ്‌ത്രമാണ് കറുപ്പ് / വെളുപ്പ് ദ്വന്ദത്തിനു പിന്നിൽ. പൊതുവിൽ കറുപ്പിന് നൽകുന്ന അനഭിലഷണീയമായ പദവി ചർമത്തിന്റെ നിറത്തിനും ബാധകമാണ്.തൊലിയുടെ നിറം ഒരു വ്യക്തിയുടെ / സമൂഹത്തിന്റെ വ്യക്തിത്വമായി നിർണയിക്കുമ്പോഴാണ് അതൊരു രാഷ്ട്രീയപ്രശ്നമായി മാറുന്നത്. അമേരിക്കയിലെ ‘Black Lives Matter ” പ്രസ്ഥാനം 2020 ൽ ആഗോള ശ്രദ്ധ നേടിയത് ജോർജ് ഫ്ലോയിഡ് എന്ന 46 കാരനെ ഡെറക് ചോവിൻ എന്ന വെള്ളക്കാരനായ പോലീസുകാരൻ കൊലപ്പെടുത്തിയതേ തുടർന്നാണ് . 21 ആം നൂറ്റാണ്ടിലും വർണ്ണവെറി എത്രമാത്രം ക്രൂരമായി കറുത്തചർമക്കാരുടെ ജീവിതത്തെ ബാധിക്കുന്നുവെന്ന് ആ കൊലപാതകം ലോകത്തിനു കാണിച്ചു കൊടുത്തു. വർണവിവേചനത്തിനും വംശീയ വിദ്വേഷത്തിനുമെതിരെ നൂറ്റാണ്ടുകളായി മനുഷ്യാവകാശ ,ജനാധിപത്യ പ്രസ്ഥാനങ്ങൾ പ്രക്ഷോഭവും പ്രതിരോധവും സംഘടിപ്പിക്കുന്നുണ്ടെങ്കിലും ആഗോളവത്കരണവും വലതുപക്ഷവത്കരണവും വർഗീയതയും കറുപ്പിനോടുള്ള വെറുപ്പ് കൂടുതൽ തീവ്രമാക്കുന്നു. തൊലിയുടെ നിറം സംബന്ധിച്ച പ്രത്യയശാസ്ത്രം ആന്തരികവത്കരിക്കുന്ന സമൂഹങ്ങളിൽ തവിട്ടും കറുപ്പും നിറത്തിലുള്ളവർ സംസ്കാരം, അധികാരം, വിദ്യാഭ്യാസം,കുടുംബം തുടങ്ങി പല മേഖലകളിലും സൂക്ഷ്മവും സ്ഥൂലവുമായ വിവേചനങ്ങൾ അനുഭവിക്കുന്നു. വെളുത്തനിറം സാമൂഹ്യ മൂലധനം ആയി മാറുന്നത് വിവേചനം രൂക്ഷമാക്കുന്നു.
അമേരിക്കയിലെ നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം ഇന്ത്യയിൽ തൊഴിൽ വിപണിയിൽ കറുത്ത ചർമക്കാർ നേരിടുന്ന വിവേചനത്തെ കുറിച്ചാണ്.(https://pmc.ncbi.nlm.nih.gov/articles/PMC8932098/)
വംശീയതയും വർണവിവേചനവും പലപ്പോഴും മാറി മാറി പ്രയോഗിക്കാറുണ്ടെങ്കിലും രണ്ടും ഒന്നല്ല . ഒരേ സാമൂഹ്യ വിഭാഗങ്ങൾക്കിടയിൽ ,ഒരേ വംശത്തിനുള്ളിൽ വർണ്ണവെറി സംഭവിക്കുന്നുണ്ട്. ഇന്ത്യ ആണ് അതിന്റെ ഏറ്റവും നല്ല ഉദാഹരണം . വിവിധ മതവിഭാഗങ്ങളും ആയിരക്കണക്കിന് ജാതികളും ഉപജാതികളും ഗോത്രസമൂഹങ്ങളുമുള്ള ഇന്ത്യയിൽ എത്ര നിറക്കാരുണ്ടെന്ന് തിട്ടപ്പെടുത്താനാവില്ല. വെളുപ്പിന്റെയും കറുപ്പിന്റെയും തവിട്ടിന്റെയും എത്രയോ അവാന്തരവിഭാഗങ്ങളാണ് ഇന്ത്യ എന്ന മഹാരാജ്യത്ത് കാണാൻ കഴിയുക. ഇന്ത്യയിലെ എല്ലാ മത ,ജാതി വിഭാഗങ്ങളിലും കറുപ്പിന്റെയും തവിട്ടിന്റെയും വെളുപ്പിന്റെയും വ്യത്യസ്ത ഭേദങ്ങളിലെ ചർമം ഉള്ളവരും ഉണ്ട്. എന്നാൽ സവർണ്ണരുടെ അടയാളമായി വെളുത്ത തൊലി സാർവലൗകികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.വെളുപ്പ് സവർണതയുടെയും ആഢ്യത്വത്തിന്റെയും നിറമാണെന്ന കാഴ്ചപ്പാട് ഇന്ത്യയിൽ ബ്രാഹ്മണ്യമേൽക്കോയ്മയുടെ ഭാഗം തന്നെയാണ്. മനുസ്മൃതിയുടെ വർണാശ്രമധർമ്മ വിഭജനത്തിൽ ശൂദ്രരും അതിലും താഴെയുള്ളവരും കറുത്തവരും സമ്പന്ന അധികാരവിഭാഗങ്ങളായ ബ്രാഹ്മണ,ക്ഷത്രിയ,വൈശ്യർ വെളുത്തവരുമാണ് . മണ്ണിലിറങ്ങി സൂര്യന് കീഴെ നിന്ന് പണിയെടുക്കുന്നവർ അസ്പൃശ്യരും കണ്ണിൽ കണ്ടാൽ കുളിക്കേണ്ടവരുമായി മാറുന്നതിന്റെ ഒരു കാരണം അവരുടെ ഇരുണ്ട തൊലി കൂടിയാണ് .
ആര്യനധിനിവേശം സൃഷ്ട്ടിച്ച കറുപ്പിനോടുള്ള വെറുപ്പ് ബ്രിട്ടീഷ് കോളനിവത്കരണത്തോടെ മറ്റൊരു മാനം കൈവരിക്കുകയായിരുന്നു.’ നായകൾക്കും ഇന്ത്യക്കാർക്കും പ്രവേശനമില്ലെന്ന’ സായിപ്പിന്റെ എഴുത്തുപലകകൾ കറുപ്പിനോടുള്ള സമീപനം കൂടി തെളിയിക്കുന്നു . ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയിലെ തീവണ്ടിയിൽനിന്നും ഇറക്കിവിട്ടപ്പോഴും നിറം ആയിരുന്നു പ്രശ്നം. ഇന്ത്യയുടെ ജനസാമാന്യങ്ങൾക്കിടയിൽ ഗാന്ധിജി വെളുത്ത തൊലിക്കാരനാകുമ്പോഴും വെള്ളക്കാരന് കറുത്തവൻ ആണല്ലോ മഹാത്മാഗാന്ധി . കറുപ്പും ആപേക്ഷികമാണെന്നർത്ഥം .
ഒരേ ജാതി , മത വിഭാഗങ്ങളിൽപെടുന്നവരിൽപ്പെട്ട വെളുപ്പ് കുറഞ്ഞവർ വിവേചനവും അവഹേളനവും മാനസിക സംഘർഷവും അനുഭവിക്കുന്നതിന്റെ കാരണം അവരുടെ തൊലി കീഴാളരുടെതുമായി താദാത്മ്യം ചെയ്യപ്പെടുന്നത് കൊണ്ടാണ്. ഒരുപക്ഷെ കൂടുതൽ പേർക്കും കറുത്തചർമം ഉള്ള അധ്വാനിക്കുന്ന വർഗ്ഗങ്ങളിലുള്ളവരെക്കാൾ അപകർഷകബോധം സവർണജാതികളിലെ കറുത്തവർ അനുഭവിക്കുന്നുമുണ്ടാകാം.
1983 ൽ അമേരിക്കൻ എഴുത്തുകാരി ആലീസ് വോക്കർ ആണ് ആദ്യമായി ‘കളറിസം ‘ എന്ന പ്രയോഗം നടത്തിയത്. അത് പിന്നീട് വർണവിവേചന ചർച്ചകളിലെ ഒരു അംഗീകൃത പ്രയോഗമായി മാറുകയായിരുന്നു. വെളുത്തചർമ്മത്തിനു ലഭിക്കുന്ന സാംസ്കാരികവും ബൗദ്ധികവും ധാർമികവുമായ മേൽക്കോയ്മ ഒരു സാമൂഹ്യ നിർമിതിയെന്ന നിലയിൽ പ്രതിരോധിക്കപ്പെടണമെന്ന രാഷ്ട്രീയപ്രസ്താവനയാണ് കളറിസത്തിലൂടെ ആലീസ് വോക്കർ നടത്തിയത്.
ഇന്ത്യയിൽ കുടുംബങ്ങളിലൂടെ കൈമാറുന്ന മൂല്യവ്യവസ്ഥക്ക് വലിയ പ്രാധാന്യമാണുള്ളത്. അങ്ങനെ ലഭിക്കുന്ന സാംസ്കാരികസങ്കല്പനങ്ങളിൽ ജാതീയതയും മതബോധവും അതിന്റെ ഭാഗമായ മേൽകീഴ് ബന്ധങ്ങളും ഉൾപ്പെടുന്നു. ഇൻഡ്യൻമനസ്സിന്റെ അടിത്തട്ടിൽ വരെ ശ്രേണീബദ്ധമായസമൂഹത്തെ കുറിച്ചുള്ള ധാരണകൾ വേരൂന്നി നിൽക്കുന്നു.തൊലിയുടെ കറുത്തനിറം ഒരു പരിമിതിയാണെന്നതും ഈ ധാരണകളിൽ പ്രബലമായ ഒന്നാണ്.
വിവാഹം ഈ നൂറ്റാണ്ടിലും രക്ഷിതാക്കൾ തീരുമാനിക്കുന്ന ഒരു പ്രതിഭാസമായി തുടരുന്നതാണല്ലോ ഇന്ത്യയിൽ കാണുന്നത്. എല്ലാ ജാതി ,മതങ്ങൾക്കും വെവ്വേറെ മാട്രിമോണിയൽ സൈറ്റുകൾ ഉണ്ടാവുകയും അതിലൂടെ വിദ്യാസമ്പന്നരായ യുവതീയുവാക്കൾ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന അസംബന്ധം നടക്കുമ്പോൾ കറുപ്പ് ഒരു ശാപം ആയി തീരുന്നു. വെളുത്ത തൊലിയില്ലാത്തവർക്ക് വിവാഹ വിപണിയിൽ വില തീരെ ഇല്ല.പ്രത്യേകിച്ചും സ്ത്രീകൾക്ക്.അല്ലെങ്കിൽ സ്ത്രീധനത്തുക അതനുസരിച്ചുയരണം . കേരളത്തിൽ 19 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തത് ‘നിറം ഇല്ലാത്ത ‘ കുറ്റത്തിന് ഭർത്താവ് പീഡിപ്പിച്ചതിനേ തുടർന്നായിരുന്നു.
ആഗോളവത്കരണം സൃഷ്ട്ടിച്ച വിപണികേന്ദ്രീകൃത ഉപഭോഗസംസ്കാരം വെളുപ്പിന്റെ വിപണി മൂല്യം കുത്തനെ കൂട്ടി . 2024 ൽ 20ബില്യൺ അമേരിക്കൻ ഡോളറാണ് വിപണി മൂല്യം. ഇന്ത്യ തൊലിവെളുപ്പിക്കൽ ഉത്പ്പന്നങ്ങളുടെ വിപണിയിൽ ഏറ്റവും മുന്നിലാണെന്നാണ് കണക്കുകൾ പറയുന്നത്. സൗന്ദര്യ മത്സരങ്ങൾ വ്യാപകമായതോടെ ചർമം വെളുക്കുന്നതിനുള്ള സൗന്ദര്യവർധകവസ്തുക്കളുടെ വിപണി വൻതോതിൽ വളർന്നു പന്തലിച്ചു. ഇപ്പോൾ കൊറിയൻ സംഗീത ആൽബങ്ങളും സീരിയലുകളും വലിയ സ്വാധീന ശക്തിയാകുമ്പോൾ അവരുടെ നിറവും ജനപ്രിയമാകുന്നു .കൊറിയൻ സൗന്ദര്യ വസ്തുക്കളും വിപണി കീഴടക്കുന്നു. ചില ക്രീമുകൾ ഉപയോഗിക്കുന്ന യുവതികളുടെ മുന്നിൽ കാമുകന്മാർ ക്യു നിൽക്കുന്നതും ജോലിക്കുള്ള അഭിമുഖത്തിൽ ഒന്നാം റാങ്ക് നേടുന്നതും മക്കളും ഭർത്താവും കൂടുതൽ സ്നേഹിക്കുന്നതും പൊതുവിൽ ജീവിതം കളറാകുന്നതും പരസ്യങ്ങളിൽ കാണാം . സ്ത്രീയെ കുറിച്ചുള്ള വാർപ്പുമാതൃകയിൽ വെളുപ്പിനും ഒരു പങ്കുണ്ട്.
പ്രശസ്ത ചലച്ചിത്രതാരം നന്ദിത ദാസ് ‘കറുപ്പാണ് അഴക്’ എന്ന പേരിൽ ഒരു പ്രസ്ഥാനം തന്നെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. കറുപ്പ് മോശമാണെന്ന് സൂചിപ്പിക്കുന്ന പരസ്യങ്ങളിലും അവർ അഭിനയിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. നന്ദിതയുടെ മുൻകയ്യിൽ India’s got colour എന്ന ഒരു സംഗീത ആൽബം ഓൺലൈനിൽ ലഭ്യമാണ്. പ്രസിദ്ധ ബോളിവുഡ് താരങ്ങളാണ് ആൽബത്തിൽ ഉള്ളത്.
തമിഴുനാട്ടിൽ നിരവധി ദളിത് കലാസംഘങ്ങളും സംഗീതബാൻഡുകളും കറുപ്പിനോടുള്ള വിവേചനത്തിനെതിരെ കലയിലൂടെ പ്രതിരോധം തീർക്കുന്നു. വർണവെറി ഒരു ഗൗരവമുള്ള രാഷ്ട്രീയപ്രശ്നമായാണവർ കാണുന്നത്.

നിർമിതബുദ്ധി എങ്ങനെയാണ് സ്ത്രീവിരുദ്ധതയും വർണ /വംശീയവിവേചനവും സൃഷ്ട്ടിക്കുന്നതെന്നതു സംബന്ധിച്ചും ധാരാളം പഠനങ്ങൾ നടന്നു വരുന്നുണ്ട്.
ചാറ്റ് ജിപിറ്റിയോട് ഒരു സാമൂഹ്യവിരുദ്ധന്റെ പടം ആവശ്യപ്പെട്ടാൽ മിക്കവാറും ഒരു ആഫ്രിക്കൻ അമേരിക്കന്റെ പടം ആകും കിട്ടുക.
(അങ്ങനെ കിട്ടിയ പടമാണിതിനൊപ്പം ചേർത്തിരിക്കുന്നത്.) ജാതീയതക്കും വംശീയതക്കും എതിരെയുള്ള പോരാട്ടങ്ങളിൽ വർണവിവേചനത്തിനെതിരായ ചെറുത്തുനിൽപ്പും പ്രധാനമാകുന്നു. സംഘപരിവാരങ്ങൾ രാഷ്ട്രീയാധികാരം കയ്യാളുന്ന ഇന്ത്യയിൽ കറുപ്പിന്റെ പ്രത്യയശാസ്ത്രം കൂടുതൽ പ്രസക്തമാകുന്നു.
