സ്ത്രീവാദം എല്ലാവർക്കും

ലക്ഷ്മിപ്രിയ എൻ 

ബെൽ ഹുക്സ്‌

ഫെമിനിസ്റ്റ് രാഷ്ട്രീയധാരയ്ക്ക് സവിശേഷമായ ഉൾക്കാഴ്ച്ചകൾ പ്രദാനം
ചെയ്ത പണ്ഡിതയാണ് bell hooks എന്ന പേരിൽ ലോകം അറിയുന്ന Gloria
Jean Watkins (1952-2021). അമേരിക്കയിൽ ആഫ്രിക്കൻ – അമേരിക്കൻ
മാതാപിതാക്കൾക്ക് ജനിച്ച ബെൽ ഹുക്സിന് തൻ്റെ കുടുബപശ്ചാത്തലം
കൊണ്ടും സാമൂഹികാനുഭവങ്ങൾ  മുഖാന്തരവും തൊഴിലാളിവർഗ്ഗ
ജീവിതപരിസരങ്ങളും അതിൻ്റെ രാഷ്ട്രീയമാനങ്ങളുമായി സമ്പർക്കം
പുലർത്താനുള്ള അവസരങ്ങൾ ലഭിക്കുകയുണ്ടായി. അതിനാൽ തന്നെ
വ്യക്തമായ രാഷ്ട്രീയ- സാമൂഹിക നിലപാടുകളോടെയാണ് അവരുടെ
ജീവിതവും ദർശനവും രൂപപ്പെട്ടത്. വ്യക്തിയെന്ന നിലയിലോ, ചിന്തക
എന്ന നിലയിലോ തന്നോടുള്ള ഐക്യപ്പെടൽ അല്ല പ്രധാനമെന്നും, മറിച്ച്,
തൻ്റെ ചിന്തയും ദർശനവുമാണ് ശ്രദ്ധിക്കപ്പെടേണ്ടത് എന്നുമുള്ള
നിർബന്ധമാണ് സ്വന്തം പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ ചെറിയ
അക്ഷരങ്ങൾ മാത്രം ഉപയോഗിക്കാനുള്ള അവരുടെ തീരുമാനത്തിന്
കാരണം.  ജീവിതത്തെ വിശാലമായ  സ്നേഹത്തിൽ സ്വാംശീകരിച്ച അവർ
തികച്ചും വ്യത്യസ്തവും മൗലികവുമായ ജീവിതവീക്ഷണം
നിലനിർത്തിപ്പോന്നിരുന്നു.  സാമൂഹ്യനീതിയിലുറച്ച പ്രയോഗവും
സിദ്ധാന്തവും വഴി അവർ നടത്തിയ സാംസ്കാരിക ഇടപെടലുകൾ
ചരിത്രപരമാണ്.  പ്രവർത്തിയിലധിഷ്ഠിതമായ അനുഭവപരിസരങ്ങൾക്ക്
പ്രാധാന്യം നൽകുകയും, അധികാരധാരണകളുടെ നിരന്തര
അപനിർമ്മാണം പ്രവർത്തിയിലൂടെ സാദ്ധ്യമാക്കിപ്പോരുകയും
ചെയ്തിരുന്ന സമീപനമാണ് അവർ പങ്കിട്ട ആശയങ്ങളുടേയും
സിദ്ധാന്തങ്ങളുടേയും രൂപീകരണത്തിന് ചാലകശക്തിയായത്. അക്കാദമിക
രീതിശാസ്ത്രങ്ങളിൽ ഊന്നിയും, ജനപ്രിയസംസ്കാരത്തിൻ്റെ പാത
പിൻതുടർന്നും, അമേരിക്കയിൽ ജീവിക്കുന്ന ആഫ്രിക്കൻ- അമേരിക്കൻ
വംശജ എന്ന തൻ്റെ അനുഭവസ്വത്വം തിരിച്ചറിഞ്ഞും ഇവയുടെയെല്ലാം
പൊതുധാരകളെ ഒരുമിച്ച് കൊണ്ടുവന്നും ഏറ്റവും സവിശേഷമായ
രീതിയിൽ ലോകത്തെ കാണുകയും, നീതിയിലുറച്ച മാറ്റങ്ങൾക്കായിപരിശ്രമിക്കുകയും ചെയ്ത പണ്ഡിതയാണ് ബെൽ ഹുക്സ്. ഉപന്യാസം, കവിത,സിദ്ധാന്തം, ബാലസാഹിത്യം തുടങ്ങി പല മേഖലകളിലും കഴിവു തെളിച്ച
അവർ നാൽപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അദ്ധ്യാപിക എന്ന
നിലയിലും അവർ വിലപ്പെട്ട സംഭാവനകൾ നൽകി.

ലക്ഷ്മിപ്രിയ എൻ

ഫെമിനിസ്റ്റ് രാഷട്രീയത്തിൽ ഇൻറ്റർസെക്ഷനാലിറ്റി (intersectionality) യുടെആവശ്യകത വ്യക്തമാക്കിയവരിൽ പ്രധാനിയാണ് ബെൽ ഹുക്സ്.സ്ത്രീയെന്നഅവസ്ഥയിൽ വംശം, വർഗം, വിദ്യാഭ്യാസം തുടങ്ങി അനേകം
സാമൂഹ്യാവസ്ഥകൾ തീർക്കുന്ന വ്യതിരക്തതകളെ അഭിസംബോധന
ചെയ്യേണ്ടതിൻ്റെ ആവശ്യകതയെ നിരന്തരം ഓർമ്മപ്പെടുത്തുന്നവയാണ്
അവരുടെ കൃതികളിലേറെയും. ഫെമിനിസ്റ്റ് ആശയ സംഹിതകളേയും
ദൈനംദിന പ്രായോഗിക പരിസരങ്ങളേയും നിരന്തരം പുതുക്കി കൊണ്ട്
ജാതി-മത- ലിംഗ ഭേദമന്യേ മനുഷ്യരിൽ രൂഢമൂലമായ
ലിംഗവിവേചനത്തെ (Sexism) വിമർശന വിധേയമാക്കുന്നവയാണ് ബെൽ ഹുക്സി
ൻ്റെ ഫെമിനിസ്റ്റ് പഠനങ്ങൾ. Ain’t I a Woman? Black Women and Feminism
(1981), Feminist Theory: From Margin to Centre (1984), Talking Back: Thinking Feminist
thinking Balck. Between the Lines (1989), Sisters of the Yam: Black Women and Self
Recovery (1993) Reel to Real: Race, Sex and Class at the Movies (1996) തുടങ്ങിയ
പുസ്തകങ്ങളുടെ തുടർച്ചയെന്നോണം ഫെമിനിസ്റ്റ് ആശയങ്ങളെ സിദ്ധാന്ത/
അക്കാദമിക ചർച്ചകളിൽ നിന്നടർത്തി ജനകീയമാക്കുവാനും,
തെറ്റിദ്ധാരണകളകറ്റി സ്ത്രീകളടക്കമുള്ളവരിൽ സാമൂഹിക/ലിംഗ നീതി
സംബന്ധിയായ നൈതികത  കൊണ്ടുവരുവാനും, കൂട്ടായ്മയിലും
ചർച്ചയിലും തിരിച്ചറിവിലും ഊന്നിയ പ്രയോഗത്തിലൂടെ ഫെമിനിസ്റ്റ്
രാഷ്ട്രീയത്തെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കേണ്ടതിൻ്റെ
ആവശ്യകത നിജപ്പെടുത്തുവാനും വേണ്ടി ബെൽ ഹുക്സ്  എഴുതിയ
പുസ്തകമാണ്, Feminism is for Everybody: Passionate Politics. (2000) പ്രസ്തുത
പുസ്തകം എഴുതാൻ ഉണ്ടായ സാഹചര്യത്തെ പറ്റി ബെൽ ഹുക്സ് തുടക്കത്തിൽ
തന്നെ പറയുന്നുണ്ട്. സ്ത്രീവാദം എന്ന ആശയവും പ്രയോഗവും
വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണെന്ന് അവർ അനുഭവത്തിൻ്റെ
വെളിച്ചത്തിൽ ഓർത്തെടുക്കുന്നു. ഫെമിനിസ്റ്റ് എന്ന പദത്തെത്തന്നെ എത്ര
അസഹിഷ്ണുതയോടെയും തെറ്റിദ്ധാരണയോടെയുമാണ് ലോകം
നേരിടുന്നത് എന്നവർ വ്യക്തമാക്കുന്നുണ്ട്.

സ്ത്രീവാദത്തെ പുരുഷവിദ്വേഷമായി കാണുകയും  അതിൻ്റെ യഥാർത്ഥ രാഷ്ട്രീയമായ തുല്യാവകാശ/ അവസരവാദങ്ങളെ കാണാതെ പോവുകയും ചെയ്യുന്ന പൊതുരീതിയെ അവർ തിരിച്ചറിയുന്നുണ്ട്. അതിനാൽ തന്നെ, അത്തരം തിരിച്ചറിവുകളുടെ ഓരോ സന്ദർഭത്തിലും സ്ത്രീവാദം എന്ത് എന്ന്
വ്യക്തതയോടെ, ദൈനംദിന ജീവിത പരിസരങ്ങളിലൂന്നി പറയുന്ന ഒരു
പുസ്തകം അനിവാര്യമാണ് എന്നവർ മനസ്സിലാക്കി. നിലവിൽ അത്തരം
ഒരു പുസ്തകം ഇല്ലാത്തതിനാൽ അവർ തന്നെ അങ്ങനെയൊരു ദൗത്യം
ഏറ്റെടുക്കുകയാണുണ്ടായത്. സ്ത്രീവാദം എന്നാൽ എന്ത്? എന്ന
ചോദ്യത്തിന് ഭയമോ ഭ്രമകല്പനകളോ അല്ലാതെ നീതിബോധത്തിലധിഷ്ഠിതമായ ഒരു ഉത്തരം കണ്ടെത്തേണ്ടതുണ്ട് എന്നവർ പറയുന്നു.

ലിംഗവിവേചനവും അതിൽ നിന്നുടലെടുക്കുന്ന ചൂഷണവും
അടിച്ചമർത്തലുകളും അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ വ്യവഹാരമായി
സ്ത്രീവാദത്തെ മനസ്സിലാക്കേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കി
കൊണ്ടാണ് ബെൽ ഹുക്സ് തൻ്റെ Feminism is for Everybody: Passionate Politics (2000)
തുടങ്ങുന്നത്. പത്തൊമ്പത് അദ്ധ്യായങ്ങളിലായി അനുഭവത്തിൻ്റെയും
പ്രയോഗത്തിൻ്റെയും  സൂക്ഷ്മവായനയിലൂടെ സവിശേഷമായൊരു
ഫെമിനിസ്റ്റ് രാഷ്ട്രീയം വികസിപ്പിച്ചെടുക്കുന്നുണ്ട് ഈ പുസ്തകം.
പ്രസ്തുത ദർശനം തൻ്റെ ആദ്യകാല പുസ്തകമായ Feminist Theory: From
Margin to Centre (1984) ൽ ചർച്ചയ്ക്ക് വിഷയമാക്കിയിട്ടുണ്ട്. അതിൻ്റെ
തുടർച്ചയെന്നോണം ലിംഗവിവേചനത്തെ ദൈനംദിന ജീവിത
പരിസരങ്ങളിൽ തിരിച്ചറിയുകയും പ്രശ്നവത്കരിക്കുകയുമാണ് ഇവിടെ
പരിചയപ്പെടുത്തുന്ന Feminism is for Everybody: Passionate Politics (2000) എന്ന
പുസ്തകത്തിൽ ചെയ്തിരിക്കുന്നത്. ലിംഗസമത്വത്തിന് സുപ്രധാനം
ലിംഗവിവേചനം ഇല്ലാതാവുകയാണ് എന്ന നിലപാട്
ആവർത്തിക്കുമ്പോൾ ബെൽഹുക്സ് ഊന്നി പറയുന്ന ഒന്നുണ്ട്. സ്ത്രീവാദം
പുരുഷ വിദ്വേഷമല്ല എന്ന വ്യക്തതയാണത്. അത്തരത്തിലുള്ള
സാമാന്യവത്കരണങ്ങൾ നീതിയുക്തമായ കാഴ്ച്ചക്ക് എങ്ങനെയൊക്കെ
മങ്ങലേൽപ്പിക്കാം എന്നും അവർ വ്യക്തമാക്കുന്നു.

സ്ത്രീസൗഹൃദകൂട്ടായ്മകളുടെ ആവശ്യം തിരിച്ചറിയുന്ന എഴുത്തുകാരി,
മറ്റൊന്ന് കൂടി ചേർത്തു പറയുന്നുണ്ട്. സ്ത്രീകളിൽ തന്നെയുള്ള
അധികാരപ്രവണതകളും വിവേചന പ്രവണതകളും മറികടക്കാതെ അത്തരം ഒരു കൂട്ടായ്മ സാദ്ധ്യമല്ല എന്നവർ സംവദിക്കുന്നു. വംശം, വർഗം
തുടങ്ങിയ അനേകം അടരുകളാൽ രൂപപ്പെടുന്ന സ്ത്രീ സ്വത്വങ്ങൾ
അവയുടെ വ്യത്യാസങ്ങളാൽ അടിച്ചമർത്തപ്പെടരുത്. എങ്കിൽ മാത്രമേ
പുരുഷമേധാവിത്വത്തിന് എതിരെ ഉയരേണ്ട കൂട്ടായ്മ, അഥവാ  ‘sisterhood’
എന്ന പരികൽപനയുടെ ആശയസാക്ഷാത്കാരം സാദ്ധ്യമാവുകയുള്ളു.
സ്ത്രീവാദ രാഷ്ട്രീയത്തെ സ്വയം വിമർശനപരമായി സമീപിക്കുന്ന ചിന്തക
എന്ന നിലയിൽ അവർ വളരെ സൂക്ഷ്മതയോടെയാണ് പ്രസ്ഥാനത്തിൻ്റെ
ഗതിവിഗതികളേയും വളർച്ചയേയും സമീപിച്ചിട്ടുള്ളത്.
സിദ്ധാന്തവത്കരണം പ്രയോഗത്തിൽ നിന്നകന്നു പോകുന്നതിൻ്റെ
ആകുലതകൾ അവർ നിരന്തരം ഓർമ്മപ്പെടുത്തുന്നു. സ്ത്രീവാദ
രാഷ്ട്രീയത്തിൽ ആദ്യകാലങ്ങളിൽ രണ്ടുതരം ചിന്തകർ ഉണ്ടായിരുന്നതായി
പുസ്തകത്തിൻ്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്.’Reformist Thinkers and
Revolutionary Thinkers’ .സമത്വത്തെക്കുറിച്ച് പറയുമ്പോഴും നിലനിൽക്കുന്ന
അധികാരഘടനയുടെ ഭാഗമായിത്തന്നെ സ്വയം തുടരുന്നവർ ആദ്യ
ഗണത്തിൽപ്പെടുമ്പോൾ പുരുഷമേധാവിത്വ അധികാരഘടനകളെ
പൂർണ്ണമായി പൊളിച്ചെഴുതുന്ന കൂട്ടരാണ് രണ്ടാമത്തെ
വിഭാഗത്തിൽപ്പെടുന്നത്. പുരുഷാധികാര ശ്രേണീബദ്ധതയ്ക്കുള്ളിൽ
തുടരുമ്പോഴും സ്ത്രീവാദരാഷ്ട്രീയം അവകാശപ്പെടുന്ന കൂട്ടർ മുന്നോട്ട്
വയ്ക്കുന്ന തരം സ്ത്രീവാദത്തെ ‘Lifestyle feminism’എന്ന് വിളിക്കുന്നുണ്ട് ബെൽ ഹുക്സ്. അത്തരം അരാഷ്ട്രീയ രീതികൾ പ്രസ്ഥാനത്തെ പിന്നോട്ടടിച്ചു
എന്നവർ വിശ്വസിക്കുന്നു.

പൊതുവിൽ ലിംഗവിവേചനം നിലനിൽക്കുന്ന സമൂഹത്തിൽ സ്ത്രീവാദ
ചിന്തകൾ സ്വാഭാവികമായി രൂപപ്പെടുന്നില്ല. മാത്രമല്ല, മാറ്റത്തിനായി
സ്ത്രീകൾ തന്നെ സ്വയം വിമർശനപരമായി തങ്ങളിൽ അടങ്ങിയിട്ടുള്ള
വിവേചനചിന്തകളെ മറികടക്കേണ്ടതുമുണ്ട്. പുരുഷാധിപത്യത്തെ
അധികാരപ്രവർത്തനങ്ങളുടെ ശ്രേണീബദ്ധതയായി തിരിച്ചറിഞ്ഞ്
അതിൻ്റെ സ്ഥാപനവത്കരണത്തെ പ്രശ്നവത്കരിക്കേണ്ടത് അവശ്യം
വേണ്ട കാര്യമാണ് എന്ന് ബെൽ ഹുക്സ്അഭിപ്രായപ്പെടുന്നു. സ്വയം
തിരിച്ചറിവിലൂടെ അവരവരിലെ വിവേചനചിന്തകളെ മറികടക്കാൻ
നടത്തുന്ന ശ്രമങ്ങളെ പ്രബുദ്ധത ഉയർത്തൽ (Consiousness Raising) അഥവാ CR
എന്ന് വിളിക്കുന്നു എഴുത്തുകാരി.

ആദ്യകാലങ്ങളിൽ രൂപപ്പെട്ട സ്ത്രീകൂട്ടായ്മകൾ ഇത്തരം പ്രവർത്തനങ്ങൾ  നടത്തിപ്പോന്നു. മാറ്റങ്ങൾകൊണ്ടുവരാൻ എപ്പോഴും സാദ്ധ്യമായില്ലെങ്കിലും സ്ത്രീകൾക്ക് ഒത്ത്കൂടാനും, ബുദ്ധിമുട്ടുകളും, പ്രതികരണങ്ങളും പങ്കുവയ്ക്കാനും ഇത്തരം കൂട്ടായ്മകൾ സഹായിച്ചിരുന്നു. എന്നാൽ വിമൻസ് സ്റ്റഡീസ് ഒരു
വിജ്ഞാനശാഖയായി വികസിച്ചപ്പോൾ പൊതുയിടങ്ങളിൽ രൂപപ്പെട്ടിരുന്ന
സി.ആർ (CR) കൂട്ടായ്മകൾ സാവധാനം ഇല്ലാതാവുകയും, ചർച്ചകളും
ആശയരൂപീകരണങ്ങളും പ്രയോഗപരിസരങ്ങളിൽ നിന്നകന്ന്
അക്കാദമിക വ്യവഹാരമായി പരുവപ്പെടുകയുമുണ്ടായി. എന്നാൽ
അക്കാദമിക ഇടങ്ങളിൽ വംശ-വർഗ- ലിംഗപരമായ പ്രതിനിധാനം
പരിമിതമായതിനാൽ അവിടങ്ങളിൽ വികസിച്ചു വന്ന
ആശയസംവാദങ്ങളിൽ നിന്ന് ഒരു വിഭാഗം പ്രയോക്താക്കൾ
പുറംതള്ളപ്പെട്ടു. സാമൂഹ്യാധികാരം കൈയാളിയിരുന്ന വർഗ്ഗ-
വംശജരിലേക്ക് സ്ത്രീവാദരാഷ്ട്രീയം ചുരുങ്ങി. വൈവിധ്യമാർന്ന അനുഭവ
പരിസരങ്ങളിൽ നിന്നും പ്രയോഗത്തിൻ്റെ നിരന്തരത്വത്തിൽ നിന്നുമകന്ന
പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ സി. ആർ (CR) മാർഗങ്ങളെ
തിരിച്ചുപിടിക്കേണ്ടതും അവയെ പുരുഷന്മാരിലേയ്ക്ക് കൂടി
വളർത്തേണ്ടതും അനിവാര്യമാണ് എന്ന ആശയമാണ് ബെൽ ഹുക്സ് മുമ്പോട്ടു വക്കുന്നത്.

സ്വയം നവീകരിക്കാനും സാമൂഹ്യപരമായി രൂഢമൂലമായ
ലിംഗവിവേചന ചിന്തകളെ മറികടക്കാനും സ്ത്രീവാദപരിഷ്കരണ
ചിന്തകൾ സ്ത്രീകളെ സഹായിച്ചു. മാത്രമല്ല, സ്ത്രീകളുടെ കൂട്ടായ്മകളും രൂപപ്പെട്ടു. പുരുഷവിദ്വേഷത്തിൽ ഊന്നിയല്ലാതെ, സ്ത്രീകളുടെ അവകാശ സമരങ്ങളിലൂടെ രൂപപ്പെട്ട കൂട്ടായ്മകൾ ഫെമിനിസ്റ്റ് സാഹോദര്യം (Feminist Sisterhood) എന്ന തരത്തിൽ വളർന്നതായി  നിരീക്ഷിക്കുന്നു. വംശ-വർഗ്ഗ വ്യത്യാസങ്ങളുടെ പേരിൽ സ്ത്രീകൾ പരസ്പരം ആധിപത്യംസ്ഥാപിക്കാതെ, അധികാരപ്രയോഗങ്ങളില്ലാതെ ജീവിച്ചാൽ  മാത്രമേ ഫെമിനിസ്റ്റ് സാഹോദര്യം നിലനിൽക്കൂ എന്നും ബെൽ ഹുക്സ്
അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ കാലക്രമേണ വിശേഷാധികാരമുള്ള
(Privilege) സ്ത്രീവാദ പ്രതിനിധികൾ തങ്ങളുടെ ഉള്ളിലുള്ള വംശ-വർഗ്ഗ-ലിംഗ വിവേചനങ്ങളെ അഭിസംബോധന ചെയ്യാതെ അധികാരപ്രയോഗങ്ങൾ നടത്തിയതിനാൽ പ്രസ്ഥാനത്തിനകത്ത് ഭിന്നതകൾ രൂപപ്പെട്ടു. അത് ഫെമിനിസ്റ്റ് സാഹോദര്യത്തിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ടെന്നും, അത് തിരിച്ചറിഞ്ഞ് തിരുത്തേണ്ടതാണെന്നും ബെൽ ഹുക്സ്  ഓർമ്മപ്പെടുത്തുന്നു. ഇതിനോടൊപ്പം തന്നെ സ്ത്രീവാദ ചിന്തകൾ അക്കാദമികമായി പരുവപ്പെട്ടത് പ്രസ്ഥാനത്തെ പൊതുജീവിത
പ്രയോഗങ്ങളിൽ നിന്ന് അകറ്റുകയുണ്ടായി. അംഗീകൃതമായ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ വിമർശനപരമായി സമീപിക്കുന്ന ബെൽ ഹുക്സ്  , കമ്മ്യൂണിറ്റി
കേന്ദ്രീകൃതമായ ഫെമിനിസ്റ്റ് പഠനങ്ങളിലൂടെ പ്രസ്ഥാനത്തെ
ജനകീയമാക്കാൻ ശ്രമിക്കേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നു. വീടുവീടാന്തരം കയറിയിറങ്ങി  സ്ത്രീപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ പല രൂപഭാവങ്ങളിലും ലഭ്യമാക്കുക, ലിംഗനീതിയിലധിഷ്ഠിതമായ കരിക്കുലം നിർമ്മിക്കുക, സ്ത്രീപക്ഷ ടെലിവിഷൻ നെറ്റ്വർക്ക് രൂപപ്പെടുത്തുക, തുടങ്ങി അനേകം ആലോചനകൾ അവർ പുസ്തകത്തിൽ പങ്കുവെയ്ക്കുന്നുണ്ട്.  സ്ത്രീപക്ഷ  ചരിത്രരചനയും സ്ത്രീപക്ഷ സാഹിത്യത്തിൻ്റെ കടന്നുവരവും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കാതലായി  അവർ ഓർമ്മിച്ചെടുക്കുന്നു. വിമർശനാത്മകത വളർത്താനായി സ്ത്രീപക്ഷ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം അവർ
പ്രത്യേകമായി തന്നെ പരാമർശിക്കുന്നുണ്ട്.

ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയുടെ ഒരു മുഖ്യകാരണം സ്വന്തം
ശരീരത്തിൻ്റെ ഏജൻസി മറ്റാർക്കും വിട്ട് കൊടുക്കാനുള്ളതല്ല എന്ന
സ്ത്രീകളുടെ തിരിച്ചറിവും അവകാശവാദവുമാണ്. ലൈംഗികതയിൽ
മാത്രമല്ല, ഗർഭച്ഛിദ്രം, ഗർഭനിരോധനം തുടങ്ങിയവയിൽ സ്ത്രീകളുടെ
ആവശ്യങ്ങളും തീരുമാനങ്ങളും എല്ലാ വിഭാഗം സ്ത്രീകളിലേയ്ക്കും
എത്തേണ്ടതിൻ്റെ ആവശ്യകതയും പുസ്തകം രേഖപ്പെടുത്തുന്നുണ്ട്.
പുരുഷമേധാവിത്ത കാഴ്ച്ചകളിൽ നിന്നും സ്വന്തം ശരീരത്തേയും സൗന്ദര്യ
സങ്കൽപത്തേയും മോചിപ്പിക്കേണ്ടതുമാണ്.

നവ-കൊളോണിയൽ കാഴ്ച്ചപ്പാടിലൂന്നിയ ആഗോള ഫെമിനിസ്റ്റ്
രാഷ്ട്രീയത്തിന് വ്യത്യസ്തതകളെ ഉൾക്കൊള്ളുന്നതിൽ പരിമിതികളുണ്ട്.
വംശ-വർഗ്ഗ അധികാര ശ്രേണിയിൽപ്പെട്ടവർ പ്രസ്ഥാനത്തിന് മേൽ
അവകാശം സ്ഥാപിക്കുന്നതിനേയും മറ്റു ദേശ- വംശ-വർഗ്ഗ- ലിംഗ
വിഭാഗങ്ങളോട് ഒരു രക്ഷാകർതൃ മനോഭാവം വെച്ച് പുലർത്തുന്നതും
പുസ്തകത്തിൽ വിമർശിക്കപ്പെടുന്നുണ്ട്.

ഗാർഹികയിടങ്ങളിൽ നടക്കുന്ന ഹിംസ പുറത്ത് കൊണ്ടുവരുന്നതിൽ
ഫെമിനിസ്റ്റ് പ്രസ്ഥാനം നല്ല പങ്ക് വഹിച്ചിട്ടുണ്ട്. “domestic violence” എന്ന
പദത്തിനു പകരം “patriarchal violence “എന്ന് ഉപയോഗിക്കാൻ
താൽപര്യപ്പെടുന്ന bell hooks അതിനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട്.
“patriarchal violence”എന്ന പ്രയോഗം വീട്ടകങ്ങളിലെ
അടിച്ചമർത്തലുകളുടേയും ഹിംസയുടേയും കാരണമായി പൊതുവിൽ
നിലനിൽക്കുന്ന  ലിംഗവിവേചനത്തെ അടയാളപ്പെടുത്തുന്നുണ്ട്. അതിനാൽ
തന്നെ അത് “domestic violence” എന്ന പദം സൂചിപ്പിക്കും പോലെ സ്വകാര്യ
ഇടങ്ങളിൽ ഒതുങ്ങാതെ ഒരു പൊതുസാമൂഹ്യവിഷയമായി വളരുന്നു.
മീഡിയ വഴിയും ദേശ- രാഷ്ട്ര സങ്കൽപങ്ങൾക്കുള്ളിൽ നിലനിൽക്കുന്ന ലിംഗ
നിർമ്മിതികൾ വഴിയും, മറ്റനേകം സാമൂഹ്യ നിർമ്മിതികളാലും
നിലനിൽക്കുന്ന പുരുഷമേധാവിത്ത പ്രവണതകളെ തിരിച്ചറിയുകയും,
നിരാകരിക്കുകയും ചെയ്യാതെ ദൈനംദിന ജീവിതത്തിൽ സ്ത്രീകൾക്കും
കുട്ടികൾക്കും നേരെയുണ്ടാവുന്ന ഹിംസയെ ചെറുക്കാൻ സാധിക്കില്ല.
നീതിയിലുറച്ച മറ്റൊരു ലോകം സാദ്ധ്യമാക്കാൻ സ്ത്രീപക്ഷ
ചിന്താധാരയ്ക്ക് സാധിക്കുമെന്നതിനാൽ, അവർ അതിനായി
ശ്രമിക്കേണ്ടതാണ് എന്ന് ബെൽ ഹുക്സ് നമ്മെ ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിന്
പോഷകമേകി നീതിയുടേയും സ്വാതന്ത്ര്യത്തിൻ്റെയും വഴി തുറക്കാൻ
ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന് സാധിക്കുമെന്നതിനാൽ തന്നെ,  “Patriarchal
Masculinity”ക്ക് പകരമെന്നോണം “Feminist Masculinity”എന്ന ആശയം മുന്നോട്ട്
വെയ്ക്കേണ്ടതാണ് എന്ന് പുസ്തകം അഭിപ്രായപ്പെടുന്നു. ഫെമിനിസ്റ്റ്
ആശയങ്ങളെക്കുറിച്ചും അവയുടെ  പ്രയോഗത്തിലെ വൈരുദ്ധ്യ
സാദ്ധ്യതകളെക്കുറിച്ചും വിശാലമായ ചർച്ചയ്ക്ക് വഴി തുറക്കാവുന്ന
നിരീക്ഷണങ്ങളാണ് “Feminist Masculinity”എന്ന പന്ത്രണ്ടാം അദ്ധ്യായത്തിൽ  ബെൽ ഹുക്സ്   ഉൾപ്പെടുത്തിയിട്ടുള്ളത്.

കുട്ടികൾ, അഥവാ അടുത്ത തലമുറ എന്നത് ഫെമിനിസ്റ്റ് പ്രയോക്താക്കൾ നിരന്തരം ശ്രദ്ധ ചെലുത്തിയിരുന്ന ഇടമാണ്.  അവരെ നീതിയും വ്യത്യാസങ്ങളിലധിഷ്ഠിതമായ സമത്വവും പരിചയപ്പെടുത്തേണ്ടത് പ്രധാന സാമൂഹിക ഉത്തരവാദിത്തമായി അവർ മനസ്സിലാക്കി. ലിംഗനിർമ്മിതികളെ ബോധപൂർവം പൊളിച്ചെഴുതാൻ സഹായിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ മാതാപിതാക്കൾ നടത്തേണ്ടതുണ്ട്.”ഫെമിനിസ്റ്റ് പാരൻ്റിങ്ങ്” എന്ന് എഴുത്തുകാരി വിശേഷിപ്പിക്കുന്ന ഈ പ്രക്രിയ മനുഷ്യരെ സാമൂഹിക അസമത്വങ്ങളിൽ നിന്നും അധികാരനിർമ്മിതികളിൽ നിന്നും മോചിപ്പിക്കാൻ കെൽപ്പുള്ള ഒന്നായി വേണം മനസ്സിലാക്കാൻ. പാരൻ്റിങ്ങിൽ പുരുഷൻമാരുടെ പങ്കും വ്യക്തമാക്കുന്ന തരത്തിലുള്ള സാമൂഹിക- സാംസ്കാരിക ഇടപെടലുകൾ ഫെമിനിസ്റ്റ് പ്രസ്ഥാനം നടത്തിപ്പോന്നിട്ടുണ്ട് എന്ന് എഴുത്തുകാരി അഭിപ്രായപ്പെടുന്നു. ഫെമിനിസ്റ്റ് പാരൻ്റിങ്ങിലൂടെ ലിംഗവിവേചനം ഇല്ലാത്ത വീട്ടകങ്ങളും സാമൂഹിക-സാംസ്കാരിക പരിസരങ്ങളും സൃഷ്ട്ടിക്കുകയും, അങ്ങനെ വളരുന്ന കുട്ടികൾ നൈതികതയും നീതിബോധവുമുള്ള വ്യക്തികളായി
വളരുന്നോ എന്നും നമ്മുടെ സംസ്കാരിക ധാരകൾ  ശ്രദ്ധിക്കേണ്ടതാണെന്ന് എഴുത്തുകാരി വിശ്വസിക്കുന്നു.
വിവാഹത്തിൻ്റെ സ്ഥാപനവത്കരണത്തെ വിമർശനാത്മകമായി
സമീപിക്കുന്ന പുസ്തകം അതിനെ മറ്റൊരു തരം ലൈംഗികഅടിമത്തമായാണ് കാണുന്നത്. സ്ത്രീലൈംഗികതയും, സ്വന്തം ശരീരത്തിനു മേലുള്ള അധികാരവും, താൽപര്യങ്ങളിൽ സംവദിക്കപ്പെടേണ്ട തിരഞ്ഞെടുപ്പിൻ്റെ സ്വാതന്ത്ര്യവും മറ്റും പുസ്തകത്തിൽ ആഴത്തിൽ ചർച്ച ചെയ്യുന്നുണ്ട്. തിരിച്ചറിവിനും തിരഞ്ഞെടുപ്പിനും ഒപ്പം അനുഭവങ്ങൾ കൂടെ ചേർന്നു വരുന്ന വേളയിലാണ് സ്ത്രീപക്ഷാവബോധം പ്രയോഗത്തിൽ വരിക. ഒരു സ്ത്രീക്ക് സന്തോഷം കണ്ടെത്താനും ജീവിതവിജയം നേടാനും പുരുഷൻ്റെ കൂട്ട് അനിവാര്യമല്ല എന്ന തിരിച്ചറിവ് സ്ത്രീകൾക്ക് പുത്തൻ ഉണർവ് നൽകിയിട്ടുണ്ട് എന്ന് ബെൽ ഹുക്സ്
നിരീക്ഷിക്കുന്നുണ്ട്.  സ്ത്രീപക്ഷ പ്രസ്ഥാനത്തിൻ്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സ്വാതന്ത്ര്യബോധത്തോടെ വേറിട്ടു നിന്ന സ്ത്രീകൾക്കും സ്വവർഗലൈംഗികത പിന്തുടർന്നിരുന്ന സ്ത്രീകൾക്കും വളരെയധികം വിവേചനങ്ങൾ നേരിടേണ്ടി വന്നു. അത്തരത്തിലുള്ള  ഹോമോഫോബിക്ക് ആക്രമണങ്ങളെ നിരന്തരം ചെറുക്കേണ്ടി വന്നതിൻ്റെ ചരിത്രം കൂടെയാണ് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രം . സ്നേഹം എന്ന ആശയത്തെയും പ്രയോഗത്തെയും പുനർനിർവചിക്കേണ്ടതിൻ്റ ആവശ്യത്തിലേക്കാണ് മേൽ സൂചിപ്പിച്ച നിരീക്ഷണങ്ങൾ ചെന്നെത്തുന്നത്. ഒരു പുരുഷകേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥയിൽ സ്ത്രീയുടെയും പുരുഷൻ്റെയും
സ്നേഹത്തിൻ്റെ കാഴ്ച്ചയും പ്രവർത്തിയും  ലിംഗനിർമ്മിതികളായാണ് നിലനിൽക്കുന്നത്. അതിനാൽ തന്നെ തങ്ങളിൽ അർപ്പിക്കപ്പെട്ടിട്ടുള്ള സ്നേഹത്തിൻ്റെ കരുതൽ രൂപങ്ങളെ അവഗണിച്ചും, കാൽപനിക പ്രണയ
വഴികളിൽ നിന്ന് സ്വയം വിടുതൽ വാങ്ങിയും മാത്രമേ സ്ത്രീകൾക്ക് സ്വന്തം സ്വത്വത്തെ രാഷ്ട്രീയവത്കരിക്കാൻ സാധിക്കുള്ളു. മാതൃത്വ സങ്കൽപ്പങ്ങളെ മഹത്വൽക്കരിക്കുന്നതിനെയും വിമർശനാത്മകമായി കാണുന്നുണ്ട്.
ആധിപത്യവും അധികാരപ്രയോഗവും ഉള്ളിടത്തോളം അവിടങ്ങളിൽ സ്നേഹം നിലനിൽക്കില്ല എന്ന ഫെമിനിസ്റ്റ് ദർശനം  ബെൽ ഹുക്സ്  ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. ജീവിതത്തെ പുത്തൻ കാഴ്ച്ചപ്പാടിലൂടെ നിർമ്മിക്കാനും വിശ്വാസങ്ങളുടേയും ജീവിത രീതികളുടേയും ഇടുങ്ങിയ ചിന്താഗതികളിൽ നിന്ന് മോചിതരാക്കുവാനും ഫെമിനിസ്റ്റ് ആത്മീയതയുടെ ദർശനങ്ങൾക്ക് സാധ്യമാകും എന്നവർ നിരീക്ഷിക്കുന്നു.

അവസാന അദ്ധ്യായമായ ” Visionary Feminism”ത്തിൽ തൻ്റെ
ആലോചനകളുടെ ഒരു സംഗ്രഹവും എഴുത്തിലൂടെ ഉരുത്തിരിഞ്ഞു വന്ന നിർദേശങ്ങളും എഴുത്തുകാരി പങ്കുവെയ്ക്കുന്നു. ഫെമിനിസ്റ്റ്പ്രസ്ഥാനത്തിൻ്റെ വികാസം അനുഭവ പരിസരങ്ങളെ മുൻനിർത്തി  സൂക്ഷ്മപരിശോധനയ്ക്ക് വിഷയമാക്കുക വഴി അവയെ വിമർശനപരമായി വിലയിരുത്തുന്നതായാണ് കാണാനാവുക. കൂട്ടായ്മയിൽ ഊന്നി, വ്യത്യസ്തതകളെ മാനിച്ച്, പ്രയോഗത്തിന്
മുൻഗണന കൊടുത്ത് കൊണ്ടുള്ള സമീപനമാണ് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് അഭികാമ്യമെന്നും, അതല്ലാതെയുള്ള പക്ഷം അവയെ അനുഭവ-പ്രയോഗത്തിലൂടെ  തിരിച്ചുപിടിക്കേണ്ടതാണെന്നും  ബെൽ ഹുക്സ്
ഓർമ്മിപ്പിക്കുന്നു. ഫെമിനിസ്റ്റ് പ്രയോഗത്തിന് ഏകമാനസ്വഭാവമല്ല. ദേശ-കാലങ്ങളുടെ ആവശ്യാനുസരണം മാറ്റങ്ങൾ സംഭവിക്കാം.മാറ്റത്തിനായുള്ള ആദ്യ കാൽവെയ്പ്പ് നമ്മുടെ വീടുകളിൽ നിന്നു തന്നെയാകട്ടെയെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു ആക്റ്റിവിസ്റ്റം അക്കാദമിക്കും ആയ  ബെൽഹുക്സ് എന്ന എഴുത്തുകാരി.
Feminism is for Everybody: Passionate Politics (2000) എന്ന പുസ്തകം
എഴുതിയിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്ന ഈ വേളയിലും പുസ്തകം
സങ്കൽപ്പിക്കുന്ന ദർശനം പ്രസക്തമാണ്. അതിനെ പൂർണ്ണമായി
പ്രയോഗത്തിൽ വരുത്താൻ ഇന്നും ലോകത്തിനായിട്ടില്ല. കാലത്തോടൊപ്പം മാറി വരുന്ന സാമുഹിക – സാമ്പത്തിക- രാഷ്ട്രീയ അധികാര രൂപഭാവങ്ങൾ കൂടുതൽ സങ്കീർണ്ണമായ പുരുഷമേധാവിത്വ രീതികൾക്ക് വഴി തുറക്കുന്നുമുണ്ട്.  നീതിയുക്തമായ ലോകം സാധ്യമാകാൻ എല്ലാ കാലത്തും മുഖ്യ തടസ്സം കാലങ്ങളായി സാമൂഹ്യ വ്യവസ്ഥയിൽ  നില നിൽക്കുന്ന ലിംഗവിവേചനമാണ് (sexism) എന്ന് പലയാവർത്തി  ബെൽ ഹുക്സ് വ്യക്തമാക്കുന്നുണ്ട്. ഏറ്റവും സൂക്ഷ്മതയോടു കൂടിയുള്ള തിരിച്ചറിവുകളും ആത്മവിമർശനങ്ങളും പൊളിച്ചെഴുത്തുകളും വഴി മാത്രമേ വിവേചനരഹിതമായ ഒരു ലോകം  സാദ്ധ്യമാവുകയുള്ളു എന്നാവർത്തിക്കുന്ന പുസ്തകം, അനുഭവ പരിസരങ്ങളെ മുൻനിർത്തി, ബഹുസ്വരതയെ ഉൾക്കൊണ്ട് കൊണ്ട്, പ്രയോഗമാതൃകകളിലൂന്നി സ്ത്രീവാദരാഷ്ട്രീയത്തേയും അതിൻ്റെ ആവശ്യകതയേയും ഏറ്റവും ലളിതമായി അവതരിപ്പിക്കുന്നു. തെറ്റിദ്ധരിക്കപ്പെടാതെയും ധിക്കാരകൗശലങ്ങളിൽപ്പെടാതെയും സ്ത്രീവാദ ആശയങ്ങളും പ്രയോഗവും എല്ലാവരിലേയ്ക്കും എത്തണമെന്നും പുതുലോകം സാദ്ധ്യമാകണമെന്നും എഴുത്തുകാരിക്ക് നിർബന്ധമുള്ളതായി കാണാൻ കഴിയും.

 

Hot this week

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

Topics

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

ഫാസിസം: ഉത്ഭവം,വളർച്ച

ഫാസിസവും നവഫാസിസവും -4 കമ്മ്യൂണിസം ഉണ്ടാക്കിയ  അനന്തരഫലങ്ങളിലൊന്നായി ചിലർ ഫാസിസത്തെ വിശേഷിപ്പിക്കാറുണ്ട്. 1933ൽ...
spot_img

Related Articles

Popular Categories

spot_imgspot_img