
വയോജനങ്ങൾ നമ്മുടെ സമൂഹത്തിന്റെ അമൂല്യസമ്പത്തും അനുഭവങ്ങളുടെ കലവറയും മാർഗ്ഗദർശികളുമാണ്. നമ്മുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ അറിവും അനുഭവസമ്പത്തും നൽകി താങ്ങും തണലുമായി നമ്മെ വളർത്തിയെടുത്തത് അവരാണ്. ഓരോ മുതിർന്ന വ്യക്തിയും കടന്നുപോന്ന ചരിത്രത്തിന്റെയും ഓർമ്മകളുടെയും ഒരു പുസ്തകമാണ്. കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ വയോജനങ്ങളുടെ പരിപാലനവും ക്ഷേമവും ഉചിതമായ നിലയിൽ പരിഗണിച്ചുകൊണ്ടുള്ള പുതിയ ദിശാബോധം രൂപപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ആരോഗ്യസംരക്ഷണം, സാമൂഹിക പിന്തുണ, സാമ്പത്തികഭദ്രത എന്നിവ ഉറപ്പാക്കുന്നതിലൂടെ വാർദ്ധക്യം ഒരു ഭാരമായി മാറാതെ, പ്രായമറുന്നതും ഒരനുഗ്രഹമായി മാറേണ്ടതുണ്ട്. 60 വയസ്സിന് മുകളിലുള്ളവരെയാണ് പൊതുവെ വയോജനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ആയുർദൈർഘ്യം വർദ്ധിച്ചതോടെ വയോജനങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ, അവരുടെ ക്ഷേമം, ആരോഗ്യം, സാമൂഹികസുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ സമൂഹം ഇന്നു കൈവരിച്ച എല്ലാ പുരോഗതികളുടെയും പിന്നിൽ വിസ്മരിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല. പ്രായത്തിന്റെ പേരിൽ ഇത്തരം വ്യക്തികളെ മാറ്റിനിർത്തുന്നത് ഒരു കാരണവശാലും അനുചിതമാണെന്ന് പറയാതിരിക്കാനാവില്ല. പകരം അവൾക്ക് അർഹിക്കുന്ന ആദരവും മാന്യമായ സ്ഥാനവും ഉചിതമായ ശാരീരിക, ആരോഗ്യ-മാനസികപരിചരണവും ഉറപ്പുവരുത്തേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്. കേരളത്തിലെ ആരോഗ്യരംഗത്തെ മികവുകൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിട്ടുനിൽക്കുന്നതിനാലും, ആയുർദൈർഘ്യം വർദ്ധിച്ചതിനാലും സംസ്ഥാനത്തെ വയോജനങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന നിലയിൽ ഇപ്പോഴും തുടരുകയാണ്. പുരാതന ഇന്ത്യൻ സംസ്കാരത്തിലും സാമൂഹികക്രമങ്ങളിലും കുടുംബങ്ങൾക്ക് നൽകിയിരുന്ന സാമൂഹികസുരക്ഷാ സമ്പ്രദായരീതി വളരെ പ്രശസ്തമാണ്. അക്കാലത്ത് മുതിർന്നവർ അവരുടെ കുടുംബത്തിലും അയൽക്കാരുടെ ഇടയിലും സമൂഹത്തിലും എന്നും ആദരിക്കപ്പെട്ടിരുന്നു. എന്നാൽ അണുകുടുംബങ്ങളുടെ ആവിർഭാവത്തോടെ ഈ സംവിധാനം ഏകദേശം പൂർണ്ണമായും ഇല്ലാതാകുകയും മുതിർന്നവരെ പരിപാലിക്കുന്നതിനുള്ള സംവിധാനങ്ങൾ ദുർബലമാവുകയും ചെയ്തു. ജീവിതത്തോടൊപ്പം ആരംഭിച്ച് ജീവിതത്തിലൂടെ സഞ്ചരിച്ച് ജീവിതചക്രം മുഴുവൻ ഏകീകരിക്കുന്ന പ്രക്രിയയായ വാർധക്യത്തിൽ വെല്ലുവിളികളും അവസരങ്ങളും ഒരുപോലെ പ്രദാനം ചെയ്യപ്പെടുന്നു. പൊതുമേഖലയിൽ പ്രതിരോധ, അരോഗചികിത്സ, സാന്ത്വന പരിചരണ സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് കേരളം പൊതുവായി ലക്ഷ്യമിടുന്നത്. ഓരോ വ്യക്തിക്കും വേണ്ട ഫലപ്രദമായ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ജനകേന്ദ്രീകൃത ആരോഗ്യ വിതരണ സംവിധാനത്തിലൂടെ ഉറപ്പാക്കാന് പുതിയ നയങ്ങളും പദ്ധതികളും തുടർപ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കുന്നു. ആരോഗ്യകരമായ വാർധക്യം എന്നത് ജീവിതത്തിലുടനീളം ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ബഹുമുഖപ്രക്രിയയാണ്. ആളുകൾക്ക് പ്രായമേറുമ്പോൾ അവരുടെ പ്രവർത്തനപരമായ കഴിവുകൾ നിലനിർത്താനും സ്വതന്ത്രമായി ജീവിക്കാനും സമൂഹത്തിൽ അർഥപൂർണ്ണമായ നിലയിൽ ഇടപഴകാനും കഴിയുമെന്നത് ഉറപ്പാക്കേണ്ടതുണ്ട്.
അനുഭവങ്ങളുടെ കരുത്തും സാമൂഹിക പങ്കാളിത്തവും
പ്രായം കേവലം ഒരു നമ്പർ മാത്രമാണെന്ന് നാം എപ്പോഴും പറയാറുണ്ട്. ഒരു വ്യക്തിയുടെ കഴിവുകളെയോ സാധ്യതകളെയോ അനുഭവങ്ങളെയോ നിർവചിക്കുന്നതിനുള്ള ഒരു അളവുകോലായി മാത്രമേ ഇതിനെ പരിഗണിക്കേണ്ടതുള്ളൂ. കാലഗണനയെ പ്രായത്തെ നിർവചിക്കാറുള്ളതെങ്കിലും, 55-നും 65-നും ഇടയിലുള്ള വയസ്സ് ഇന്ത്യയിൽ പൊതുവെ വിരമിക്കൽ പ്രായം’ കൂടിയാണ്. ഒരു വ്യക്തിക്ക് തന്റെ കർമ്മമണ്ഡലങ്ങളിൽനിന്ന് വിശ്രമം അനുവദിക്കപ്പെടുന്ന ഈ കാലഘട്ടത്തെയാണ് രാജ്യത്ത് മുതിർന്ന പ്രായമായി കണക്കാക്കിപ്പോരുന്നത്. എന്നാൽ വികസിതരാജ്യങ്ങളിൽ, പ്രായത്തിനപ്പുറം ആരോഗ്യമുണ്ടായിരിക്കുന്നിടത്തോളം കാലം താൽപര്യമുള്ള മേഖലകളിൽ പ്രവർത്തിക്കാൻ വ്യക്തികൾക്ക് അവസരമുണ്ട്. ചുരുക്കത്തിൽ, പ്രായം എന്ന പദത്തിന് സാമൂഹികമായ അർത്ഥങ്ങൾ നിർവചിച്ചുനൽകുന്നത് വ്യക്തികൾ കൈകാര്യംചെയ്യുന്ന സാമൂഹികപ്രവർത്തനങ്ങളുടെ പങ്കിനെ ആശ്രയിച്ചാണ്. പ്രായത്തിന്റെ അതിരുകൾക്കപ്പുറം കർമ്മനിരതരായിരിക്കുന്നവരെ നാമൊരിക്കലും കേവലം അക്കങ്ങളുടെ പേരിൽ തളച്ചിടുവാൻ പാടില്ല. മറിച്ച്, സദാ പ്രസരിപ്പോടെ സാമൂഹിക പ്രക്രിയകളിൽ ഏർപ്പെട്ട് സജീവ ജീവിതം നയിക്കാൻ അവർക്ക് അവസരമൊരുക്കണം. കുറഞ്ഞ മരണനിരക്കും മുതിർന്ന വ്യക്തികളുടെ അതിജീവന നിരക്കിലുണ്ടായ വർദ്ധനവും വൈദ്യശാസ്ത്രമേഖലയുടെ മികച്ച നേട്ടമാണ്. എന്നാൽ, പ്രത്യുൽപാദന നിരക്കിലുണ്ടാകുന്ന കുറവ് കണക്കിലെടുക്കുമ്പോൾ പോപ്പുലേഷൻ ഏജിങ് ആ ജനസംഖ്യയിൽ കാര്യമായി പ്രതിഫലിക്കുന്നു എന്ന് കാണാം. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2050- ൽ ലോകത്ത് 60 വയസ്സുള്ളവർ 200 കോടിയിലും 80 വയസ്സ് കഴിഞ്ഞവർ 45 കോടിയിലുമധികം ആകാൻ സാധ്യതയുണ്ടെന്ന് അനുമാനിക്കുന്നു. ഇപ്പോൾത്തന്നെ ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് വയോജനങ്ങളാണ്. ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം പെരുകുമ്പോൾ വികസന പ്രക്രിയകളുടെ താളംതെറ്റാൻ സാധ്യതയുണ്ട്. രാജ്യങ്ങളുടെ സമ്പദ്ഘടന, ആരോഗ്യം, സാമൂഹികരംഗം എന്നീ രംഗങ്ങളിൽ കാര്യമായി ബാധിക്കുന്ന ഈ സാഹചര്യം ഫലപ്രദമായി നേരിടാൻ സുസജ്ജമാകുകയാണ് ലോകരാജ്യങ്ങളുടെ മുന്നിലുള്ള പ്രധാന പോംവഴി. 2050 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയുടെ ഏകദേശം 30% ത്തോളം 60 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരിക്കും എന്നാണ് പൊതുവെയുള്ള അനുമാനം.
വാർദ്ധക്യത്തിലെ വെല്ലുവിളികളും സാമ്പത്തികസുരക്ഷയും
വാർദ്ധക്യം എന്നത് ഒരു വ്യക്തിയുടെ ആരോഗ്യത്തെയും ശാരീരികക്ഷമതയെയും ബാധിക്കുന്ന സങ്കീർണ്ണമായ ശാരീരിക, മാനസിക, സാമൂഹിക മാറ്റങ്ങളെ ഉൾക്കൊള്ളുന്നു. പേശികളുടെ പിണ്ഡവും അസ്ഥികളുടെ സാന്ദ്രതയും കുറയുന്നു. ഉപാപചയ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു. രാഗപ്രതിരോധശേഷി ക്രമേണ കുറയുന്നു എന്നിവ ഇവയിൽ ചിലതാണ്. ഒപ്പം, വൈജ്ഞാനിക ഉണർവിൽ കുറവ് സംഭവിക്കുകയും ഉത്കണ്ഠ, വിഷാദം തുടങ്ങിയ വിവിധ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. പ്രവർത്തനമേഖലയിൽ നിന്നുള്ള വിരമിക്കൽ, ഒറ്റപ്പെടൽ, പ്രിയപ്പെട്ടവരുടെ മരണം എന്നിവയെല്ലാം ഈ കൂടുതൽ സങ്കീർണ്ണമാക്കുന്നു. വാർദ്ധക്യത്തിൽ ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്തുന്നത് വ്യക്തിഗതമായും സാമൂഹിക – സാമ്പത്തികപരമായുമുള്ള ഭാരം ലഘൂകരിയ്ക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നു. സംസ്ഥാന സർക്കാർ സർവീസുകളിലെ നിലവിലെ വിരമിക്കൽ പ്രായം 56 വയസ്സും മിക്ക പൊതുമേഖലാ സ്ഥാപനങ്ങളിലും 60 വയസ്സുമാണ്. കേരളത്തിൽ വിരമിച്ച് സർക്കാർ ജീവനക്കാർക്ക് പെൻഷൻ ലഭിക്കുന്നതിനാൽ അവർക്ക് സുഖപ്രദമായ ജീവിതം നയിക്കാൻ സാധിക്കുന്നുണ്ട്. അനുഭവസമ്പന്നരായ ഈ മനുഷ്യവിഭവങ്ങൾ ഉചിതമായി വിനിയോഗിക്കുന്നതുവഴി ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ സാധ്യതയേറും. മാത്രമല്ല, തിരക്കിട്ട് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വയോജനങ്ങൾ കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യുന്നു. എന്നാൽ, സ്ഥിരമായ ജോലിയില്ലാത്തവർ, അസംഘടിതമേഖലയിലെ തൊഴിലാളികൾ തുടങ്ങിയവരേപ്പോലുള്ളവർ പെൻഷൻ പരിരക്ഷയില്ലാതെ വാർദ്ധക്യത്തിലെ വലിയ പ്രതിസന്ധി നേരിടുന്നു. ചില വിഭാഗങ്ങൾക്ക് നാമമാത്രമായ തുക മാത്രമാണ് പെൻഷനായി ലഭിക്കുന്നത്; ഇത് അവരുടെ വൈദ്യസഹായ ആവശ്യങ്ങൾക്ക് പോലും പര്യാപ്തമല്ല. വികസിത രാജ്യങ്ങളിലെ ശക്തമായ സാമൂഹ്യസുരക്ഷാസംവിധാനങ്ങൾ കാരണം വാർദ്ധക്യത്തിൽ അവർക്ക് വിഷമിക്കേണ്ട അവസ്ഥ ഉണ്ടാകുന്നില്ല. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സമഗ്രമായ തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വാർദ്ധക്യത്തിലെ ശാരീരിക – മാനസിക വെല്ലുവിളികളെ നേരിടാൻ സാമ്പത്തികളേ ഒരു അടിസ്ഥാന ആവശ്യകതയാണ്. അതുകൊണ്ടുതന്നെ, എല്ലാവർക്കും അന്തസ്സുള്ളതും സുരക്ഷിതവുമായ വാർദ്ധക്യം ഉറപ്പാക്കാൻ സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ശ്രദ്ധയും പരിശ്രമവും അനിവാര്യമാണ്.
വയോജന സംരക്ഷണത്തിൽ ഇന്ത്യൻ നിയമവ്യവസ്ഥയുടെ കരുത്ത്
ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായുള്ള നിയമ ചട്ടക്കൂട് ശക്തമായി വിപുലപ്പെട്ട് പ്രായമായവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ സംസ്ഥാന നിർദ്ദേശകതത്ത്വങ്ങൾ പ്രകാരം വാർദ്ധക്യ സാഹചര്യങ്ങളിൽ ജോലി, വിദ്യാഭ്യാസം, പൊതുസഹായം എന്നിവയ്ക്കുള്ള അവകാശം ഉറപ്പാക്കാൻ സംസ്ഥാനം നിയമവ്യവസ്ഥകൾ ചെയ്യണമെന്നും നിഷ്കർഷിക്കുന്നു. ഭരണഘടനയുടെ 41 & 46 വകുപ്പുകൾ വയോജനങ്ങളുടെ നിയമപരമായ അവകാശങ്ങൾക്കും സംരക്ഷണത്തിനും അടിത്തറ നൽകുകയും ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ പങ്ക് ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട്. കൂടാതെ, വിവിധ വ്യക്തിനിയമങ്ങളും ക്രിമിനൽ നടപടിക്രമനിയമവും, മാതാപിതാക്കളെ പരിപാലിക്കുകയെന്നത് കുട്ടികളുടെ ധാർമ്മികവും നിയമപരവുമായ കടമയായി അംഗീകരിക്കുന്നുണ്ട്. 2007 ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനം, ക്ഷേമ നിയമപ്രകാരം മുതിർന്ന പൗരന്മാർക്ക് സംരക്ഷണം നൽകാൻ കുട്ടികൾക്കും ബന്ധുക്കൾക്കും ബാധ്യതയുണ്ടെന്ന് നിർബന്ധമാക്കുന്നു. ജീവനാംശം വേഗത്തിലും ചെലവുകുറഞ്ഞ രീതിയിലും ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഈ നിയമം വഴി സാധ്യമാകുന്നു. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, പാഴ്സി നിയമങ്ങൾ ഉൾപ്പെടെയുള്ള വിവിധ വ്യക്തിനിയമങ്ങൾ, പ്രായമായ മാതാപിതാക്കളെ പരിപാലിക്കേണ്ട കുട്ടികളുടെ ഉത്തരവാദിത്തങ്ങളെ വ്യക്തമാക്കുന്നു. ക്രിമിനൽ നടപടിക്രമ നിയമം സെക്ഷൻ 125 പ്രകാരം, മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളിൽ നിന്ന് ജീവനാംശം അവകാശപ്പെടാം. ഇത് പ്രായമായവരുടെ സാമ്പത്തികപിന്തുണ ഉറപ്പാക്കുന്നതിൽ നിയമപരമായ സംരക്ഷണം ഉറപ്പുനൽകുന്നു. ഈ നിയമപരമായ ചട്ടക്കൂടുകൾക്ക് പുറമെ, ദേശീയ വയോജനനയവും ദേശീയ വയോജനകൗൺസിലും പോലുള്ള സർക്കാർ സംവിധാനങ്ങൾ മുതിർന്ന പൗരന്മാരുടെ ആരോഗ്യം, സുരക്ഷ സാമൂഹിക സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കേരളത്തെ സംബന്ധിച്ച് 2040 ആകുമ്പോഴേക്കും ആകെ ജനസംഖ്യയുടെ 40% വയോജനങ്ങൾ ആയിരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. 14 വയസ്സിന് താഴെയുള്ളവർ 20-ൽ നിന്ന് 17 ശതമാനമായി കുറയുകയും ചെയ്യും. സാമൂഹികസുരക്ഷയിലും ക്ഷേമപദ്ധതികളിലും ഭാവിയിൽ എന്തൊക്കെ കരുതിയിരിക്കണമെന്ന ഓർമ്മപ്പെടുത്തലാണ് ഇത്തരം കണക്കുകൾ സൂചിപ്പിക്കുന്നത്. സാമൂഹികസുരക്ഷാ പെൻഷന്റെ കാര്യത്തിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളെക്കാളും മുന്നിലാണ് കേരളം. ഇന്ന് സംസ്ഥാനത്തെ 50 ലക്ഷത്തോളം പേർ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നുണ്ട്. കർഷക തൊഴിലാളി പെൻഷൻ, വാർധക്യകാല പെൻഷൻ, ഡിസബിലിറ്റി പെൻഷൻ, വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വിധവ പെൻഷൻ തുടങ്ങി ഒട്ടേറെ പെൻഷൻ സ്കീമുകൾ സംസ്ഥാനത്തുണ്ട്. വയോജനസൗഹൃദമായി സംസ്ഥാനത്തുള്ള രണ്ട് പ്രധാന പദ്ധതികളാണ് വയോമിത്രവും പകൽ വീടും. സാമൂഹികസുരക്ഷാ മിഷന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ആരംഭിച്ചിട്ടുള്ളതാണ് വയോമിത്രം പദ്ധതി. മുതിർന്ന പൗരന്മാരുടെ ആരോഗ്യപരിപാലനമാണ് വയോമിത്രം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 2016 ഇത് ആരംഭിക്കുമ്പോൾ, രണ്ട് ജില്ലകളിൽ മാത്രമാണ് നടപ്പാക്കിയതെങ്കിലും പിന്നീട് മറ്റ് 12 ജില്ലകളിലേക്കും വ്യാപിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വയോജനങ്ങളുടെ മാനസികാരോഗ്യ പരിപാലനത്തിനും സംരക്ഷണത്തിനുമായി ആരംഭിച്ചതാണ് പകൽവീട്. സംഗീതം, ചെസ്സ്, ടെലിവിഷൻ, പത്രം,ആനുകാലികങ്ങൾ സൗകര്യങ്ങളോടൊപ്പം ഡോക്ടറുടെയും ആരോഗ്യപ്രവർത്തകരുടേയും പദ്ധതിയുടെ ആശയം.
അവഗണനയുടെ വേദനയും ആരോഗ്യകരമായ ജീവിതശൈലിയും
ഇന്ത്യയിൽ പ്രായമായവരിൽ 75 ശതമാനത്തിലധികവും സ്വന്തം കുടുംബങ്ങളിൽ നിന്ന് അറിഞ്ഞോ അറിയാതെയു ഉള്ള അവഗണനകൾക്കും പീഡനങ്ങൾക്കും വിധേയരാകുന്നുവെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൗതികമായ സഹായങ്ങളും പാർപ്പിട സൗകര്യങ്ങളും ലഭിക്കുന്നുണ്ടെങ്കിലും, അവരെ ശ്രദ്ധിക്കുവാനോ, അവരുടെ പ്രശ്നങ്ങൾ കേൾക്കുവാനോ, അവരുമായി സമയം ചെലവഴിക്കുവാനോ അടുത്ത ബന്ധുക്കൾ പോലും തയ്യാറാകുന്നില്ല. പണവും പ്രശസ്തിയും മാത്രം മതി എന്ന് ചിന്തിക്കുന്ന പുതുതലമുറ, മുതിർന്നവരോടൊപ്പം സമയം ചെലവഴിക്കാനോ അവരുടെ ആവശ്യങ്ങൾ അറിയാനോ താൽപ്പര്യം കാണിക്കുന്നില്ല. അത്യാവശ്യം ജീവിതസൗകര്യങ്ങൾ ലഭിക്കുമ്പോൾ മാതാപിതാക്കളെ ഉപേക്ഷിച്ച് സ്വന്തം ഭാര്യയും മക്കളുമായി മാത്രം കഴിയുന്ന അണുകുടുംബ വ്യവസ്ഥ, മുതിർന്നവർ ഒറ്റപ്പെടുന്നതിന് പ്രധാന കാരണമാകുന്നു. കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന ഗ്രാമപ്രദേശങ്ങളിലെ വയോജനങ്ങൾ അനുഭവിച്ചിരുന്ന സന്തോഷം, അണുകുടുംബങ്ങളിലേക്ക് മാറിയ സമൂഹത്തിലെ മുതിർന്നവർക്ക് ഇന്ന് അന്യമാണ്.
ആരോഗ്യകരമായ പ്രായമേറലിലും വാർദ്ധക്യത്തിലും ശാരീരികക്ഷമതയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ദിവസവും നിശ്ചിത സമയം സ്ഥിരമായി വ്യായാമത്തിനായി പ്രയോജനപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. ഇത് പ്രമേഹം, രക്തസമ്മർദ്ദം, ഓസ്റ്റിയോ പോറോസിസ് ഉൾപ്പെടെയുള്ള അാഗങ്ങളെ തടയുവാനും നിയന്ത്രിക്കുവാനും സഹായിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം, പ്രായമായവർ ഓരോ ആഴ്ചയിലും കുറഞ്ഞത് 150 മിനിറ്റ് എങ്കിലും മിതമായ തീവ്രതയിലുള്ള എയ്റോബിക് പ്രവർത്തനങ്ങളിൽ ഏർപ്പെടണം. ഇത് അവരുടെ ചലനശേഷി മെച്ചപ്പെടുത്തുകയും തളർന്നുവീഴാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉയർന്ന ആരോഗ്യദൈർഘ്യമുള്ള ഏഷ്യൻ രാജ്യമായ ജപ്പാനിൽ ആരംഭിച്ച റേഡിയോ സോ’ എന്ന മുതിർന്നവരുടെ സാമൂഹിക ഫിറ്റ്നസ് പ്രോഗ്രാമിന് വൻ ജനപ്രീതിയാണുള്ളത്. ഇതിലൂടെ അവതരിപ്പിക്കുന്ന ലളിതമായ വ്യായാമമുറകൾ പ്രായമായവരെ ഓരോ ദിവസവും സജീവമായി നിലനിർത്താൻ പ്രോത്സാഹിപ്പിക്കുന്നു.സാങ്കേതികവിദ്യയുടെ വളർച്ച, വയോജന പരിചരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. വിദൂര ആരോഗ്യ പരിരക്ഷ (Telemedicine) ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ പ്രാപ്യമാക്കാൻ സഹായിക്കുമ്പോൾ, സാമൂഹിക ബന്ധങ്ങൾ നിലനിർത്താനുള്ള ആപ്പുകൾ ഒറ്റപ്പെടൽ ലഘൂകരിക്കുന്നു.ഡോക്ടറെ നേരിട്ട് കാണാൻ കഴിയാത്ത അവസ്ഥയിൽ, വീഡിയോ കോളിലൂടെയോ ഫോൺ വഴിയോ ഡോക്ടറുമായി സംസാരിക്കാനും മരുന്നുകൾ നിർദ്ദേശിക്കാനും ഈ സംവിധാനം സഹായിക്കുന്നു. കിടപ്പുരോഗികൾക്കും യാത്രാസൗകര്യമില്ലാത്തവർക്കും സ്മാർട്ട്ഫോണുകളിലൂടെയും ടാബ്ലെറ്റുകളിലൂടെയും വീഡിയോ കോളുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ച് മക്കളുമായും പേരക്കുട്ടികളുമായും സുഹൃത്തുക്കളുമായും ബന്ധം നിലനിർത്താൻ സാധിക്കുന്നു. ഇത് ഏകാന്തതയും വിഷാദവും കുറയ്ക്കാൻ സഹായിക്കുന്നു. സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ മുതിർന്ന പൗരന്മാരെ സഹായിക്കുന്നതിന് ലളിതവും ഘട്ടം ഘട്ടമായുള്ളതുമായ പരിശീലന പരിപാടികൾ (Digital Literacy Programs) പ്രാദേശിക വായനശാലകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവ വഴി ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാം.
വ്യക്തിഗത പരിചരണവും പോഷകാഹാരലഭ്യതയും
പ്രായമായ എല്ലാ വ്യക്തികൾക്കും ഒരേ രീതിയിലുള്ള ഫിറ്റ്നസ് രീതികളല്ല നൽകേണ്ടത്. ഓരോരുത്തരുടെയും ആരോഗ്യനിലവാരം വ്യത്യസ്തമായതിനാൽ വ്യക്തിഗതമായ കായികക്ഷമതാ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യേണ്ടത്. തീവ്രത കുറഞ്ഞ എയ്റോബിക് വ്യായാമങ്ങളും യോഗ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും വഴക്കവും ശക്തിയും സന്തുലനാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കും. ഊർജനില, രോഗപ്രതിരോധ ശേഷി, പൊതുവായ ആരോഗ്യം എന്നിവ നിലനിർത്താൻ പോഷക സമൃദ്ധമായ ഭക്ഷണം അത്യന്താപേക്ഷിതമാണ്. നിലവിൽ, പ്രായമായ മിക്ക വ്യക്തികളിലും പോഷകാഹാരക്കുറവ് ഒരു പ്രധാന പ്രശ്നമായി നിലനിൽക്കുന്നു. വിശപ്പ് കുറയുക, ക്ഷീണം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ മൂലവും പലർക്കും കൃത്യമായ പോഷണം ലഭിക്കാതെ വരുന്നു. കോവിഡ് കാലഘട്ടത്തിൽ കേരളത്തിൽ സജീവമായിരുന്ന കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്നവർക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്ന “മീൽസ് ഓൺ വീൽസ്’ പോലുള്ള സാമൂഹിക ഭക്ഷണ വിതരണ വെല്ലുവിളികളെ നേരിടാൻ സഹായകമാകും. പ്രായമായ ആളുകൾക്ക് ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും വൈജ്ഞാനിക ക്ഷമതയും നിലനിർത്തുക എന്നത്. ഒഴിവുള്ള സമയങ്ങളിൽ വായന, പുതിയ കാര്യങ്ങൾ മനസ്സിലാക്കൽ, പുതിയ നൈപുണികൾ സ്വാംശീകരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ വ്യാപൃതരാകേണ്ടതുണ്ട്. പുതിയ കഴിവുകൾ പഠിക്കുന്നത് വൈജ്ഞാനിക പ്രവർത്തനശേഷി നിലനിർത്തുവാനും ഡിമെൻഷ്യ പോലുള്ള അവസ്ഥകൾ വൈകിപ്പിക്കുവാനും സഹായിക്കും. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ബ്രെയിൻ ജിം’ എന്ന പേരിൽ ആരംഭിച്ച സംരംഭങ്ങൾ പ്രായമായ വ്യക്തികളെ മാനസികമായി ഉത്തേജിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കാനും ആജീവനാന്ത പഠനശേഷി വളർത്താനും സഹായിക്കും. ഏകാന്തതയും ഒറ്റപ്പെടലും മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രധാന കാരണമാകുന്നതിനാൽ, സാമൂഹികബന്ധങ്ങളും മാനസികാരോഗ്യ സേവനങ്ങളും നിരന്തരം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അനുയോജ്യമായ കൗൺസിലിങ് സംവിധാനങ്ങളും നിരന്തരപിന്തുണ നൽകുന്ന സന്നദ്ധസേവകരുടെ സഹായവും ഉറപ്പാക്കണം. സമൂഹത്തിൽ ഇടപഴകുവാനും സാമൂഹികമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുവാനുമുള്ള അവസരങ്ങൾ ലഭ്യമാക്കണം. പ്രായമായവരെയും ചെറുപ്പക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത് തലമുറകൾ തമ്മിലുള്ള വിടവ് നികത്തുന്നതിനും വൈകാരികപിന്തുണ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യബോധം ഉണ്ടാക്കുന്നതിനും സഹായിക്കും.വൃദ്ധസദനങ്ങളുടെ വർദ്ധിക്കുന്നത് ആധുനിക കുടുംബബന്ധങ്ങൾക്കുണ്ടായിട്ടുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. അണുകുടുംബ വ്യവസ്ഥ വിദേശങ്ങളിലേക്കുള്ള കുടിയേറ്റം, തിരക്കിട്ട ജീവിതം എന്നിവയെല്ലാം മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കാൻ മക്കളെ പ്രേരിപ്പിക്കുന്നു.വൃദ്ധസദനങ്ങളിലെ ജീവിതം പലപ്പോഴും വയോജനങ്ങളിൽ വൈകാരികമായ ഒറ്റപ്പെടലിനും വിഷാദത്തിനും കാരണമാകാറുണ്ട്. വൃദ്ധസദനങ്ങളെ കേവലം ഉപേക്ഷിക്കപ്പെടുന്ന കേന്ദ്രങ്ങളായി കാണാതെ, സാമൂഹിക പങ്കാളിത്തവും സജീവ വിനോദങ്ങളും ഉറപ്പാക്കുന്ന വയോജന കമ്മ്യൂണിറ്റി ലിവിംഗ് സെന്ററുകൾ’ (Senior living Communities) ആയി പരിവർത്തനം ചെയ്യണം. വൃദ്ധസദനങ്ങൾ സന്ദർശിക്കാനും അവിടെ സന്നദ്ധസേവനം നടത്താനും പൊതുജനങ്ങൾക്ക് അവസരം നൽകണം. നമ്മുടെ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ വ്യക്തിത്വങ്ങൾ അവരുടെ ഉയർന്ന പ്രായത്തിലും കർമ്മരംഗത്ത് സജീവമായി നിലനിൽക്കുന്നത് വയോജനങ്ങൾക്ക് വലിയ പ്രചോദനമാണ്.ഈ വ്യക്തിത്വങ്ങൾ നൽകുന്ന ഏറ്റവും വലിയ സന്ദേശം സജീവമായ വാർദ്ധക്യം’ (Active Ageing) എന്നതാണ്. തൊഴിൽപരമായ ഫിറ്റ് നസ് നിലനിർത്താൻ ഇവർ കാണിക്കുന്ന ശ്രദ്ധ, പുതിയ തലമുറയ്ക്കും വയോജനങ്ങൾക്കും ഒരുപോലെ മാതൃകയാക്കാവുന്നതാണ്.
വയോജന ക്ഷേമം- ആഗോള കാഴ്ചപ്പാടും അന്താരാഷ്ട്ര ദിനാചരണവും
1982-008 വിയന്നയിൽ നടന്ന ആഗോള വയോജന സമ്മേളനം, മുതിർന്ന പൗരന്മാരുടെ എന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഒരു വഴിത്തിരിവായി. ആരോഗ്യം, സംരക്ഷണം, പാർപ്പിടം, സാമൂഹിക ഉന്നമനം, തൊഴിൽ, വിദ്യാഭ്യാസം, വരുമാനം എന്നീ വിഷയങ്ങളിലും, ദേശീയ വികസനപ്രക്രിയകളിൽ അവരെ ക്രിയാത്മകമായി എങ്ങനെ പങ്കാളികളാക്കണം എന്നതിനെക്കുറിച്ചും ഇവിടെ വിശദമായ ചർച്ചകൾ നടന്നു. സർക്കാരുകളുടെയും പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്കരിക്കണമെന്നതുൾപ്പെടെ പന്ത്രണ്ടോളം നിർദ്ദേശങ്ങളാണ് സമ്മേളനം മുന്നോട്ടുവെച്ചത്. ഇതിനായി ഒരു ഫോറം രൂപവത്കരിക്കാനുള്ള നിർദ്ദേശമുൾപ്പെടെയുള്ള ആവശ്യങ്ങൾ യു.എൻ. പിന്നീട് അംഗീകരിച്ചു. തുടർന്ന്, 1990 ഡിസംബർ 14-ന് യു.എൻ. ജനറൽ അസംബ്ലി ഒക്ടോബർ 1 അന്താരാഷ്ട്ര വയോജനദിനമായി ആചരിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം മുതിർന്ന പൗരന്മാരെക്കുറിച്ചും വാർദ്ധക്യത്തെക്കുറിച്ചുമുള്ള പൊതുസമൂഹത്തിന്റെ ആശങ്കകളും തെറ്റിദ്ധാരണകളും പരിഹരിക്കുക, വികസന പ്രക്രിയകളിൽ അവരുടെ സാധ്യതകൾ തിരിച്ചറിയാൻ സമൂഹത്തിന് അവസരം നൽകുക എന്നിവയാണ് ഈ ദിനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സിംഗപ്പൂരിലെ സജീവ വാർദ്ധക്യ മാസ്റ്റർപ്ലാൻ പോലെ ആരോഗ്യകരമായ വാർദ്ധക്യം, സജീവമായ ജീവിതശൈലി, സാമൂഹിക പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ലോകമെമ്പാടും നടപ്പിലാക്കുന്നുണ്ട്. പ്രായത്തിനനുയോജ്യമായ സേവനങ്ങൾ വികസിപ്പിക്കൽ, ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കൽ, പുതിയ വയോജന കമ്മ്യൂണിറ്റികൾ രൂപീകരിക്കൽ എന്നിവയാണ് ഇവിടത്തെ പ്രധാന സംരംഭങ്ങൾ. അമേരിക്ക, ജപ്പാൻ, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ ക്ഷേമ പദ്ധതികൾ നിലവിലുണ്ട്. പ്രായമായ വ്യക്തികളുടെ താൽപര്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് അവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന നയങ്ങൾക്കാണ് ഈ പദ്ധതികളെല്ലാം ഊന്നൽ നൽകുന്നത്.
ജ്ഞാനസമൂഹനിർമ്മിതിയിൽ വയോജനങ്ങളുടെ പങ്ക്
ഒരു സമൂഹത്തിന്റെ അമൂല്യമായ ഉറവിടങ്ങളാണ് വയോജനങ്ങൾ. അവരുടെ വൈവിധ്യമാർന്ന ശേഷികൾ, അമൂല്യമായ ജ്ഞാനം എന്നിവ സമന്വയിപ്പിക്കുമ്പോൾ അത് ജ്ഞാനസമൂഹ സൃഷ്ടിക്ക് നിർണ്ണായക സ്വാധീനമുണ്ടാക്കും. അവരുടെ ജീവിതാനുഭവങ്ങൾ, വിജ്ഞാനം, ജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ പുതുതലമുറയ്ക്ക് വളരെ വിലപ്പെട്ട സംഭാവനകൾ നൽകുന്നു. ദീർഘകാല ജീവിതാനുഭവത്തിലൂടെ സമ്പാദിച്ച അറിവ്, കഴിവ്, നൈപുണികൾ എന്നിവ പുതുതലമുറയ്ക്ക് പകർന്നുനൽകാൻ അവരിലൂടെ സാധിക്കും. കൂടാതെ, സമൂഹത്തിലുള്ള മൂല്യങ്ങൾ, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിലും പുതുതലമുറയിൽ ഇവ വളർത്തിയെടുക്കുന്നതിലും പ്രധാന പങ്ക് വഹിക്കാനാകും. സന്നദ്ധപ്രവർത്തനങ്ങളിലും സാമൂഹികത്സവനങ്ങളിലും സജീവമായി പങ്കെടുത്തുകൊണ്ട് സാമൂഹിക വികസനത്തിന് നിസ്സീമമായ സംഭാവന നൽകാനും അവർക്ക് കഴിയും. സമൂഹത്തിലെ വിവിധ മേഖലകളിലെ തർക്കങ്ങൾ പരിഹരിക്കുന്നതിലും സമാധാനം സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും പഴമയുടെ
അനുഭവസമ്പത്ത് നിർണായകമാണ്. വയോജനങ്ങൾക്ക് അറിവ് പങ്കുവയ്ക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള നൂതന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുകയും വിദ്യാലയങ്ങൾ, ആശുപത്രികൾ, സാമൂഹിക സേവന സംഘടനകൾ എന്നിവിടങ്ങളിൽ സന്നദ്ധസേവനം നടത്താനുള്ള അവസരങ്ങൾ ഒരുക്കുകയും വേണം. പുതിയ കഴിവുകൾ പഠിക്കാനും തങ്ങളുടെ അറിവ് വികസിപ്പിക്കാനുമുള്ള അവസരങ്ങൾ നൽകണം. ആരോഗ്യസംരക്ഷണം, സാമ്പത്തികസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും കാലോചിതമായി നടപ്പിലാക്കണം.
വയോജന സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തം
ഇന്ത്യയിൽ മുതിർന്ന പൗരന്മാർക്ക് സാമൂഹിക പിന്തുണ നൽകുന്നതിൽ സമൂഹവും സർക്കാരും നിർണായക പങ്ക് വഹിക്കുന്നുണ്ട്. വയോജനങ്ങൾക്ക് മാന്യവും സ്വാശ്രയവുമായ ജീവിതം ഉറപ്പാക്കുന്നതിനും, തലമുറകൾ തമ്മിലുള്ള ശക്തമായ ബന്ധം പരിപോഷിപ്പിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റ് നിരവധി പദ്ധതികളും പരിപാടികളും നടപ്പിലാക്കിയിട്ടുണ്ട്. സ്നേഹം, പരിചരണം, വൈദ്യസഹായം, സുരക്ഷിത പാർപ്പിടം തുടങ്ങിയ വയോജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ഈ സംരംഭങ്ങൾ വഴി നിറവേറ്റപ്പെടുന്നു. “ അടൽ വയോ അഭ്യുദയ യോജന’ എന്ന പദ്ധതിയിലൂടെ സാമ്പത്തികസുരക്ഷ, ആരോഗ്യപരിരക്ഷ, മനുഷ്യഇടപെടൽ എന്നിവയിൽ വയോജനങ്ങൾക്കു ലഭിക്കേണ്ട ശ്രദ്ധയ്ക്ക് ഊന്നൽ നൽകുന്നു. “ രാഷ്ട്രീയ വയോ യോജന പദ്ധതി’യിലൂടെ മുതിർന്ന പൗരന്മാർക്ക് ശാരീരിക സഹായ ഉപകരണങ്ങളും സഹായകരമായ ജീവിതോപാധികളും ലഭ്യമാക്കുന്നു. വിവിധ എൻ.ജി.ഒകൾ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ സാധാരണ ആരോഗ്യപ്രശ്നങ്ങൾക്ക് അവശ്യസേവനങ്ങൾ നൽകുന്നു. പ്രായമായവരുടെ മാനസിക ക്ഷേമത്തിന് അത്യാവശ്യമായ വൈകാരികപിന്തുണയും പരിചരണവും ഈ സംഘടനകൾ വാഗ്ദാനം ചെയ്യുന്നു. കുടുംബപ്രശ്നങ്ങളോ അവഗണനയോ നേരിടുന്ന മുതിർന്ന പൗരന്മാർക്ക് സമാധാനപരവും കരുതലുള്ളതുമായ ഒരു അന്തരീക്ഷം ഈ സംഘടനകൾ ഒരുക്കുന്നു
വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ കേരള സർക്കാർ സാമൂഹ്യനീതി വകുപ്പുവഴി നിരവധി പദ്ധതികളും നിയമപരമായ സംവിധാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. വയോമിത്രം പദ്ധതിയിലൂടെ നഗരസഭാ പ്രദേശങ്ങളിലെ 65 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ മരുന്ന്, കൗൺസിലിംഗ്, പാലിയേറ്റീവ് സേവനം എന്നിവ ലഭ്യമാകുന്നുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള പകൽ പരിചരണ കേന്ദ്രങ്ങൾ നവീകരിച്ച്, വയോജനങ്ങൾക്ക് ഒത്തുചേരാനും ഉല്ലാസത്തിനും സൗകര്യമൊരുക്കുന്ന ഹോമുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ബി.പി.എൽ വിഭാഗത്തിലെ പ്രമേഹരോഗികളായ വയോജനങ്ങൾക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ നൽകുന്ന വയോമധുരം പദ്ധതി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 60 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യമായി കൃത്രിമ ദന്തനിര നൽകുന്ന മന്ദഹാസം പദ്ധതി, സാമ്പത്തിക-ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായവും സുരക്ഷയും ഉറപ്പാക്കുന്ന വയോരക്ഷ പദ്ധതി തുടങ്ങിയവയെല്ലാം മികച്ചരീതിയിൽ നടന്നുവരുന്ന പദ്ധതികളാണ്.
മുതിർന്ന പൗരരുടെ ക്ഷേമത്തിന് ദിശാബോധമായി വയോജന കമ്മീഷൻ
വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനായി രാജ്യത്ത് ആദ്യമായി വയോജന കമ്മീഷൻ രൂപീകരിച്ച് സംസ്ഥാനമാണ് കേരളം. മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കുന്നതിലും കേരളം നൽകുന്ന പ്രത്യേക ശ്രദ്ധയുടെ പ്രതിഫലനമാണിത്. 2013-ലെ സംസ്ഥാന വയോജന നയത്തിൽ വിഭാവനം ചെയ്തു. ഈ സംവിധാനം, കേരള വയോജന കമ്മീഷൻ ബിൽ നിയമസഭ പാസാക്കിയതിലൂടെ യാഥാർത്ഥ്യമായി. സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്ക് ആവശ്യമായ ക്ഷേമപദ്ധതികളും സേവനങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, വയോജനങ്ങൾക്ക് നേരെയുള്ള എല്ലാത്തരം ചൂഷണങ്ങളും വിവേചനങ്ങളും തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, സംരക്ഷിക്കാൻ ആരുമില്ലാത്തതോ, ഉപേക്ഷിക്കപ്പെട്ടതോ വയോജനങ്ങൾക്ക് സുരക്ഷിതമായ പുനരധിവാസം ഒരുക്കുന്നതിനായി സർക്കാരിന് ശുപാർശകൾ നൽകുക, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ എന്നിവ സംബന്ധിച്ച നിയമങ്ങൾ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, വയോജനങ്ങളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് പുതിയ നയങ്ങളും നിയമങ്ങളും രൂപീകരിക്കുന്നതിന് സർക്കാരിന് വിദധോപദേശം നൽകുക തുടങ്ങിയവയെല്ലാം കേരള കമ്മീഷന്റെ പ്രധാന ചുമതലകളാണ്.
സംസ്ഥാന വയോജന നയം 2013-സമഗ്ര കാഴ്ചപ്പാട്
ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത് മുതിർന്ന പൗരന്മാരുടെ സമഗ്രമായ ക്ഷേമവും സുരക്ഷയും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഒരു സമഗ്രരേഖയാണ് 2013 ലെ കേരള സംസ്ഥാന വയോജന നയം. ആരോഗ്യപരിരക്ഷ, സാമൂഹിക പങ്കാളിത്തം, നിയമപരമായ സംരക്ഷണം, സാമ്പത്തിക സുരക്ഷ എന്നിവയിൽ ഊന്നൽ നൽകി, എല്ലാ വയോജനങ്ങൾക്കും അന്തസ്സോടും ആദരവോടും സമാധാനപരമായും ജീവിക്കാൻ കഴിയുന്ന ഒരു വയോജന സൗഹൃദസമൂഹം കെട്ടിപ്പടുക്കാനാണ് ഈ നയം ആഹ്വാനം ചെയ്യുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണ്. മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വയോജന പരിചരണത്തിനായി പ്രത്യേക ജെറിയാട്രിക് വിഭാഗങ്ങൾ ആരംഭിക്കുകയും നിലവിലുള്ളവ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. 65 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യമരുന്നുകൾ, കൃത്രിമ ദന്തനിരകൾ, ശ്രവണസഹായികൾ, ഗ്ലൂക്കോമീറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. കിടപ്പുരോഗികളായ വയോജനങ്ങൾക്ക് വീട്ടിൽത്തന്നെ പരിചരണം ലഭ്യമാക്കുന്ന പാലിയേറ്റീവ് ശക്തിപ്പെടുത്തേണ്ടതുണ്ട്. വയോജനങ്ങൾക്ക് മാത്രമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലോ, പൊതു ഇൻഷുറൻസ് പദ്ധതികളിലോ മുൻഗണന നൽകി സാമ്പത്തികസുരക്ഷ ഉൾപ്പെടെ ഉറപ്പാക്കണം. വയോജന പരിപാലനം എന്നത് കേവലം ചികിത്സാസൗകര്യങ്ങളോ സാമ്പത്തികസഹായങ്ങളോ നൽകുന്ന ഒരു സാമൂഹിക ബാധ്യതയല്ല. മറിച്ച്, അത് മനുഷ്യന്റെ അന്തസ്സ്, മൗലിക മൂല്യം, ജീവിതാവകാശം എന്നിവയിൽ അധിഷ്ഠിതമായ ഒരു ദാർശനിക കാഴ്ചപ്പാടാണ്. വാർദ്ധക്യം എന്നത് മനുഷ്യജീവിതത്തിലെ പൂർണ്ണതയുടെയും അമൂല്യ അനുഭവങ്ങളുടെയും ഘട്ടമാണ്. ഈ ഘട്ടത്തെ സമൂഹം എങ്ങനെ സമീപിക്കുന്നു എന്നതിലാണ് ഒരു സംസ്കാരത്തിന്റെ ആഴം അളക്കേണ്ടത്. അതിനാൽ, വയോജനപരിപാലനത്തിന്റെ ദാർശനികതലം ഊന്നൽ നൽകേണ്ടത് “പ്രായമേറലും ഒരനുഗ്രഹമാകണം” എന്ന ചിന്തയിലാണ്. മുതിർന്ന പൗരന്മാരെ ഭൂതകാലത്തിന്റെ ഭാരമായിട്ടല്ല, മറിച്ച്, നാളത്തെ സമൂഹത്തിന് മുതൽക്കൂട്ടാകാൻ കഴിവുള്ള അനുഭവസമ്പത്തിന്റെ നിധിയായി കാണുന്ന ഈ കാഴ്ചപ്പാടാണ് ആരോഗ്യകരവും സജീവവുമായ ഒരു വയോജന സൗഹൃദ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന ശില. l




