എമ്പുരാൻ ഓർമപ്പെടുത്തുന്ന രാഷ്‌ട്രീയം, കാഴ്‌ചയിൽ ഇന്റർനാഷണൽ

കെ എ നിധിൻ നാഥ്‌

ഗുജറാത്ത്‌ വംശഹത്യ എന്ന ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ക്രൂരതകളിലൊന്ന്‌ അടിത്തറയായാണ്‌ എമ്പുരാൻ ഒരുക്കിയത്‌. മലയാളത്തിൽ ഒരുങ്ങിയ ഏറ്റവും വലിയ സിനിമ, പാൻ ഇന്ത്യൻ ബിസിനസ്‌ സാധ്യതകൾ മുൻനിർത്തി ഒരുക്കിയ ചിത്രം സംഘപരിവാറിന്റെ ക്രൂര ചരിത്രത്തിലേക്ക്‌ ക്യാമറ പായിച്ചുവെന്നത്‌ തന്നെയാണ്‌ എമ്പുരാൻ എന്ന സിനിമയുടെ ഏറ്റവും വലിയ വിജയം.

ബോക്‌സോഫീസ്‌ നേട്ടങ്ങൾക്കപ്പുറം ഇന്ത്യൻ ജനതയുടെ മനസിൽ ഇന്നും ഭീതി മാത്രം നിറയ്‌ക്കുന്ന ഫാസ്റ്റിറ്റ്‌ മുറിവുകളെ വീണ്ടും ഓർമ്മിപ്പിക്കാൻ പ്രിഥ്വിരാജ്‌–- മോഹൻലാൽ കൂട്ടുക്കെട്ടിന്‌ കഴിഞ്ഞു. അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട്‌ വംശഹത്യയുടെ ചരിത്രത്തെ അദൃശ്യവൽക്കരിക്കാൻ സംഘപരിവാരം ശ്രമിക്കുന്നിടത്തു തന്നെയാണ്‌ എമ്പുരാൻ ചരിത്രത്തിന്‌ തിരശീലയിൽ ദൃശ്യപരത നൽകിയത്‌. മറവിക്കെതിരെ ഓർമകൊണ്ട്‌ ചലച്ചിത്രഭാഷ്യമായി മുഖ്യധാരയെ വെല്ലുവിളിക്കുക എന്ന ദൗത്യം കൂടി ചിത്രം ഏറ്റെടുക്കുന്നുണ്ട്‌.

തങ്ങൾക്കിഷ്ടമില്ലാത്തതെന്തും ചരിത്രത്തിൽ നിന്ന്‌ മായ്‌ച്ച്‌ കളയുക എന്നതാണ്‌ വർത്തമാന ഇന്ത്യയിൽ സംഘപരിവാർ ചെയ്യുന്നത്‌. ഗുജറാത്ത്‌ വംശഹത്യയിൽ മോദിയുടെ പങ്ക്‌ വ്യക്തമാക്കുന്ന ‘ ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററി കേന്ദ്ര സർക്കാർ നിരോധിച്ചു. 2014ൽ ബിജെപി അധികാരത്തിൽ വന്നതിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട സകല ഇടങ്ങളും തങ്ങൾക്കെതിരെ ശബ്ദിക്കില്ലെന്ന്‌ ഉറപ്പാക്കാനുള്ള നീക്കങ്ങൾ തുടങ്ങി. ആമീർ ഖാൻ നായകനായ പികെ പ്രദർശിപ്പിച്ച തിയറ്ററുകൾ സംഘ്പരിവാർ ആക്രമിച്ചു. എന്നാൽ ജനാധിപത്യസമൂഹം സിനിമയെ പിന്തുണച്ച്‌ സംഘ്പരിവാറിനെ ചെറുത്തുതോൽപ്പിച്ചു. തുടർന്നാണ്‌ അധികാരം ഉപയോഗിച്ചുള്ള നീക്കങ്ങളിലേക്ക്‌ കടന്നത്‌. തങ്ങളുടെ നിലപാടിനോട്‌ ചേർന്നുപോകാത്ത സിനിമാ ഉള്ളടക്കങ്ങളിൽ ഇടപെടലുകൾ രൂക്ഷമായി. ഉട്‌താ പഞ്ചാബിനെതിരെയായിരുന്നു ആദ്യ നീക്കം. 94 ഇടത്താണ്‌ സെൻസറിങ്‌ നിർദ്ദേശിച്ചത്‌. കോടതി വിധി നേടിയാണ്‌ സിനിമ തിയറ്ററിലെത്തിയത്‌. പ്രധാനമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ്‌, ബീഫ്‌ തുടങ്ങിയ വാക്കുകൾ വ്യാപകമായി സെൻസർ ചെയ്യപ്പെട്ടത്. പത്താനിൽ ദീപിക പദ്കോൺ ധരിച്ച കാവി വസ്‌ത്രം വരെ സെൻസർ ചെയ്യപ്പെട്ടു.

ഇത്തരത്തിൽ സംഘപരിവാറിന്‌ ഇഷ്ടമില്ലാത്ത സിനിമകൾക്കെതിരെ നീക്കം നടത്തുന്ന അതേ ഘട്ടത്തിൽ ഹിന്ദുത്വ ദേശീയതയിൽ ഊന്നുന്ന സിനിമകൾ വ്യാപകമായി നിർമിക്കപ്പെടാൻ തുടങ്ങി. മണികർണിക, പാനിപ്പട്ട്, കേസരി, തൻഹാജി, സാമ്രാട്ട് പ്രിഥ്വിരാജ് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിൽ നിന്നായിരുന്നു തുടക്കം. 2019ൽ രാജ്യം തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ ‘ഉറി: ദി സർജിക്കൽ സ്‌ട്രൈക്ക്‌’ എന്ന മോദി വാഴ്‌ത്ത്‌പാട്ട്‌ സിനിമ പ്രദർശനത്തിന്‌ എത്തി. ഉറിയടക്കമുള്ളവയെ കേന്ദ്ര സർക്കാർ അവാർഡ്‌ നൽകിയാണ്‌ പിന്തുണച്ചത്‌. ബോളിവുഡിൽ തുടങ്ങിയ നീക്കം പ്രാദേശിക സിനിമകളിലേക്കും വളർന്നു. തെലുങ്കിൽ രാജമൗലി ബാഹുബലികളും ആർആർആറും ഒരുക്കി. കന്നടയിൽ റിഷബ്‌ ഷെട്ടിയുടെ കാന്താര വന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്ന രണ്ട്‌ പേരുടെ കഥയാണ്‌ ആർആർആർ. എന്നാൽ നിർണായക ഘട്ടത്തിൽ ബ്രിട്ടീഷുകാരെ നേരിടുന്ന നായകൻ രക്ഷകനായി അവതരിക്കുന്നത്‌ കാവിധരിച്ച്‌ രാമവേഷത്തിലാണ്‌. സംഘപരിവാർ രാമരാജ്യ മുദ്രാവാക്യം ഉയർത്തുന്ന ഘട്ടത്തിൽ ഈ അടയാളങ്ങൾ നിഷ്‌കളങ്കമല്ല. ബിജെപിയുടെ രാമജന്മഭൂമി രാഷ്‌ട്രീയത്തിന്‌ ദൂരദർശൻ സംപ്രേക്ഷണം ചെയ്‌ത രാമായണവും മഹാഭാരതവും നൽകിയ ഊർജം ചരിത്രത്തിലുണ്ട്‌. ബാബറി മസ്‌ജിദ്‌ തകർക്കുന്നതിലേക്കും അവിടെ രാമക്ഷേത്രം വേണമെന്ന മുറവിളിക്കും സീരിയൽ വഴിയൊരുക്കിയതാണ്‌. മതേതരമായി ഇന്ത്യൻ സിനിമ നിലനിൽക്കില്ലെന്ന സൂചനയാണ്‌ ബാഹുബലികൾ സൃഷ്ടിക്കുന്നത്‌. ഇതിന്റെ തുടർച്ചയായാണ്‌ കേരളത്തിനെതിരെ സംഘപരിവാർ മുന്നോട്ടുവെക്കുന്ന വെറുപ്പിന്റെ രാഷ്‌ട്രീയ പ്രചരണമായി ‘ദി കേരള സ്‌റ്റോറി’ എത്തിയത്‌.

ഈ അപകടമായ രാഷ്‌ട്രീയ ഭൂമികകളിലാണ്‌ ഒളിച്ചുകടത്തലുകളില്ലാതെ നേരോടെ നിർഭയം എമ്പുരാൻ ഗുജറാത്ത്‌ വംശഹത്യയെ അടിത്തറയാക്കി മലയാളത്തിലെ ഏറ്റവും വലിയ കച്ചവടസിനിമ ഒരുക്കിയത്‌. ബിജെപിയുടെ ഭീഷണിയ്‌ക്ക്‌ വഴങ്ങി 2 മിനിറ്റ്‌ 57 സെക്കൻഡ്‌ വെട്ടിമാറ്റി റീ എഡിറ്റഡ്‌ ചെയ്‌ത്‌ പ്രദർശനത്തിന്‌ എത്തിക്കേണ്ട സ്ഥിതിയിലേക്ക്‌ എത്തി. പ്രിഥ്വിരാജിനെ ലക്ഷ്യമിട്ട്‌ ആർഎസ്‌എസ്‌ പ്രസിദ്ധീകരണം ഓർഗനൈസർ നിരന്തരം ലേഖനം പ്രസിദ്ധീകരിക്കുകയാണ്‌. ബിജെപി നേതാക്കൾ പ്രിഥ്വിയുടെ കുടുംബാങ്ങൾക്കുനേരെ വരെ അധിക്ഷേപം ചൊരിയാൻ തുടങ്ങി. സംഘപരിവാറിന്റെ ഭീഷണിയെ ജനാധിപത്യ വിശ്വാസികളായ പ്രേക്ഷക സമൂഹം വലിയ പിൻതുണ നൽകി ചെറുത്തു തോൽപിക്കുകയാണ്‌. ഏറ്റവും വേഗത്തിൽ 200 കോടി രൂപ നേടിയ മലയാള ചിത്രമായി. സൽമാൻ ഖാൻ നായകനായ ബോളിവുഡ്‌ ചിത്രം സിക്കന്ദറിനെ വരെ കളക്ഷൻ നേട്ടത്തിൽ പിന്തള്ളി.

ചെറിയ സിനിമ വ്യവസായം എന്ന നിലയിൽ നിന്ന്‌ മറ്റു ഭാഷകളിലെ ചിത്രങ്ങളോട്‌ കിടപിടിക്കാൻ കഴിയുന്ന തലത്തിൽ മലയാള സിനിമയുടെ വളർച്ചയുടെയുടെ അടയാളം കൂടിയായി എമ്പുരാൻ മാറുകയാണ്‌. വ്യവസായം എന്ന നിലയിലുള്ള സാധ്യതകൾ കൂടി ചിത്രം തുറന്നിടുന്നുണ്ട്‌. മോഹൻലാൽ എന്ന താരത്തിനെ മുൻ നിർത്തി ഒരു ഫ്രാഞ്ചൈസിയായാണ്‌ ലൂസിഫറിനെ തിരക്കഥാകൃത്ത്‌ മുരളി ഗോപിയും പ്രഥ്വിരാജും ചേർന്ന്‌ വിഭാവനം ചെയ്‌തിട്ടുള്ളത്‌. ആദ്യ ഭാഗമായ ലൂസിഫർ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂമികയായിരുന്നു. മോഹൻലാലിന്റെ സ്റ്റീഫൻ നെടുപുള്ളി എന്ന രാഷ്‌ട്രീയക്കാരനെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രം. കഥാന്ത്യത്തിൽ ഖുറേഷി എബ്രഹാം എന്ന അധോലോക നായനിലേക്ക്‌ വഴിതുറന്നു. ഖുറേഷിയുടെ സംരക്ഷനായി പ്രിഥ്വിയുടെ സയ്ദ് മസൂദ്, മഞ്ജു വാര്യരുടെ – പ്രിയദർശിനി രാമദാസ്, ടൊവിനോയുടെ – ജതിൻ രാമദാസ് എന്നിങ്ങനെ കഥപറഞ്ഞ ചിത്രം എമ്പുരാനിലെത്തുമ്പോൾ ‘എൽ 3: ദില ബിഗിനിങ്‌’ എന്ന മൂന്നാം ഭാഗത്തിലേക്കുള്ള പാലമായാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌.

സ്റ്റീഫനിൽ നിന്ന്‌ ഖുറേഷിയിലേക്ക്‌ കഥാകാലം മാറുകയാണ്‌. ഇന്റർനാഷണലാകുന്ന കഥാഭൂമിക. കേരള രാഷ്‌ട്രീയത്തിൽ നിന്ന്‌ അന്താരാഷ്‌ട്ര മയക്കുമരുന്ന്‌ കാർട്ടലുകളിലേക്ക്‌, ആരാണ്‌ ഖുറേഷ്‌ എന്ന അന്വേഷണത്തിലേക്ക്‌ ചിത്രത്തിന്റെ സ്വഭാവം മാറി. ഇന്ത്യൻ അഭിനേതാക്കളിൽ നിന്ന്‌ അന്താരാഷ്‌ട്ര മുഖങ്ങളിലേക്ക്‌, ലോകമറിയുന്ന അഭിനേതാക്കളെ കൊണ്ടുവന്ന്‌ സിനിമ ആവശ്യപ്പെടുന്ന ഇന്റർനാഷ്‌ണൽ ലുക്ക്‌ ഉറപ്പാക്കുന്നുണ്ട്‌ എമ്പുരാൻ. ഒപ്പം മൂന്നാം ഭാഗത്തിന്റെ സ്വഭാവത്തിനെക്കുറിച്ചും സൂചനകൾ നൽകുന്നുണ്ട്‌. അതേസമയം മാസ്‌ സിനിമ ഒരുക്കുമ്പോൾ മലയാളീ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ‘ലാലേട്ടൻ’ സ്വാഗ്‌ സൃഷ്ടിക്കുന്നതിൽ എമ്പുരാൻ പിന്നിലേക്ക്‌ പോയിട്ടുണ്ട്‌. കോട്ടിട്ട്‌ വരുന്ന മോഹൻലാലിനെക്കാൾ മലയാളിക്ക്‌ ഇഷ്ടം മുണ്ട്‌ മടക്കി കുത്തുന്ന ലാലേട്ടനെയാണ്‌ എന്ന്‌ ഉറപ്പിക്കുന്നുണ്ട്‌ സിനിമയിഴെല രംഗങ്ങൾക്ക്‌ ലഭിക്കുന്ന പ്രതികരണങ്ങൾ.

എന്തിനാണ്‌ ഇത്രയും മുതൽമുടക്ക്‌ സിനിമയ്‌ക്ക്‌ എന്ന ചോദ്യത്തിന്‌ രംഗങ്ങളുടെ സമ്പന്നത മറുപടിയാകുന്നുണ്ട്‌. എല്ലാ അർഥത്തിലും സിനിമയ്‌ക്ക്‌ ആവശ്യമായ രീതിയിൽ ബജറ്റിന്റെ പരിമതികളില്ലാതെയാണ്‌ സിനിമ ഒരുക്കിയിട്ടുള്ളത്‌. ഓരോ ഭൂമികയുടെയും കാഴ്‌ചകളെ അതിനോട്‌ ചേരുംവിധം സുജിത് വാസുദേവ് ക്യാമറയിൽ പകർത്തിയിട്ടുണ്ട്‌. ‘ക്ലോസ്–അപ്’ രംഗങ്ങളിലെ അതിസൂക്ഷമമായ ഫ്രെയിമുകൾ മുതൽ യുദ്ധ രംഗങ്ങളിലെ തീവ്രതവരെ നിറയുന്ന എമ്പുരാന്റെ കാഴ്‌ച സുജിത് ഭംഗീരമാക്കി.

വലിയ താരനിരയെയും മോഹൻലാൽ എന്ന താരത്തെയും പ്രേക്ഷകർക്ക്‌ ഇഷ്ടപ്പെട്ട രീതിയിൽ അവതരിപ്പിക്കുക, ഒപ്പം സിനിമയുടെ പശ്ചാത്തലവും പരിസരവും നിലനിർത്തുകയും ചെയ്യുക എന്ന വെല്ലുവിളി അതിഗംഭീരമായി പ്രിഥ്വിരാജ്‌ എന്ന സംവിധായകൻ നടപ്പാക്കി. സിനിമ എന്ന സംവിധായകന്റെ കലയുടെ ശബ്ദ–- ദൃശ്യം സമന്വയമായി എമ്പുരാനെ പ്രിഥ്വിരാജ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ സംഭവവികാസങ്ങൾ, അന്താരാഷ്‌ട്ര കാർട്ടലുകൾ എന്നിങ്ങനെ സംഭവങ്ങളിൽ ഊന്നിയുള്ള തിരക്കഥ പക്ഷേ സിനിമ എന്ന തലത്തിൽ പൂർണതയിലേക്ക്‌ എത്തിക്കുന്നതിൽ കുറവുവന്നിട്ടുണ്ട്‌.

സിനിമ എന്ന തലത്തിൽ നോക്കിയാൽ പോരായ്‌മകളുള്ള ചിത്രമാണ്‌ എമ്പുരാൻ. എന്നാൽ അത്‌ ഉയർത്തിപ്പിടിച്ച രാഷ്‌ട്രീയ ഉൾക്കാമ്പിന്റെ അടിസ്ഥാനത്തിൽ തന്നെ പിന്തുണ അർഹിക്കുന്ന ചിത്രമാണ്‌. ഗുജറാത്ത്‌ വംശഹത്യയാണ്‌ നരേന്ദ്രമോദി എന്ന വർഗീയ നേതാവിനെ സൃഷ്ടിച്ചത്‌. ‘മേക്കിങ്‌ ഓഫ്‌ ലീഡർ മോദി’ എന്നതിന്‌ വഴിവെട്ടിയത്‌ മുസ്ലിം ജനതയെ കൊന്നൊടുക്കിയ കലാപമാണ്‌. അതിനെ മറവിയിലേക്ക്‌ തള്ളിവിടരുതെന്ന്‌ ഓർമപ്പെടുത്തുന്ന ശബ്ദമാണ്‌ എമ്പുരാൻ. സംഘപരിവാറിനെ അസ്വസ്ഥതപ്പെടുത്താൻ കഴിഞ്ഞുവെന്നതിനാൽ തന്നെ മനുഷ്യപക്ഷം എമ്പുരാനൊപ്പം നിലകൊള്ളേണ്ടതുണ്ട്‌. l

Hot this week

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

Topics

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

അയാന്‍ ഹിര്‍സി അലി; ധൈര്യത്തിന്റെ മറുവാക്ക്

അഭിപ്രായ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും കേള്‍വികേട്ട ഡച്ച് ജനതയുടെ മന:സാക്ഷിക്കുമേല്‍ പതിച്ച വലിയൊരു...

ഇന്ത്യയിൽ 65 ൽ ഒരു കുട്ടിക്ക് ഓട്ടിസം

എന്താണ് ഓട്ടിസം? യാഥാർത്ഥ്യലോകത്തുനിന്ന് പിൻവാങ്ങി ആന്തരികമായ സ്വപ്‌നലോകത്ത് വിഹരിക്കുന്ന അവസ്ഥയെന്നാണ് ഓട്ടിസം...

ഫാസിസവും നവഫാസിസവും 3

  ഫാസിസത്തെ കുറിച്ച് പഠിക്കാനാരംഭിക്കുമ്പോൾ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു സങ്കല്പനമാണ് മധ്യവർഗം അല്ലെങ്കിൽ...
spot_img

Related Articles

Popular Categories

spot_imgspot_img