‘കല’ എന്ന വാക്കിന്റെ നിർവചനങ്ങൾ നിരവധി. പാശ്ചാത്യവും നമ്മുടെ നാടിന്റെ സംസ്‌കാരവുമായി കലയെ ചേർത്തുവായിക്കാവുന്ന ലളിതമായ ഉത്തരം ഇങ്ങനെ: ‘മനസ്സിന്റെ ആവിഷ്‌കാരമാണ് കല’. മനസ്സിന്റെ ചൈതന്യമാണ് കലയെന്നും വികാരവിചാരങ്ങളുടെ പ്രകടനമാണ് കലയെന്നുമുള്ള സങ്കൽപനങ്ങളുമുണ്ട്. അൽപംകൂടി വിശദമാക്കിയാൽ, നാം കാണുന്ന വസ്‌തുവിനെ ആന്തരിക പ്രേരണയിലൂടെയും ബുദ്ധിയിലൂടെയും വികാസപരിണാമങ്ങൾ നടത്തി ക്രിയാത്മകമായി അവതരിപ്പിക്കുമ്പോഴാണ് കല പൂർണത നേടുന്നത്. കാഴ്‌ചയുടെ ദർശനപൂർണതയ്‌ക്ക് പ്രാധാന്യമുള്ളത് ചിത്ര‐ശിൽപ കലകൾക്കാണ്. ത്രിമാനതകൊണ്ട് ശിൽപവും ത്രിമാന പ്രതീതികൊണ്ട് ചിത്രവും കലയുടെ സൗന്ദര്യശാസ്‌ത്ര ചിന്തകളോട് ഇഴചേർന്നുനിൽക്കുന്നു.
അതിപുരാതന കാലംമുതൽ സുകുമാരകല എന്ന നിലയിൽ ചിത്രകല സമൂഹത്തെ ആനന്ദിപ്പിച്ചിരുന്നു. മനുഷ്യന്റെ ഏറ്റവും സൂക്ഷ്‌മവും സുന്ദരവുമായ ഇന്ദ്രിയം കണ്ണുകളാണ്. കണ്ണുകളെ ആകർഷിക്കുന്ന നിറവും രേഖകളും വീക്ഷണവും ആവിഷ്‌കാരവുമാണ് ചിത്രകലയുടെ അടിസ്ഥാന ഘടകങ്ങൾ. നിറങ്ങൾ സ്‌പഷ്‌ടതയിലേക്കും വൈവിധ്യത്തിലേക്കും സൗന്ദര്യത്തിലേക്കും മനസ്സിനെ നയിക്കുന്നു. രേഖകൾ വസ്‌തുവിന്റെ ഘടനയെയും ആവിഷ്‌കാരം പൂർണതയെയും പ്രകടമാക്കുന്നു. പ്രകാശത്തിന്റെയും നിഴലിന്റെയും ക്രമീകരണത്തിലൂടെയും ചിത്രകാരർ വസ്‌തുവിന്റെ ഘടനയെയും ആവിഷ്‌കാരം രൂപബോധത്തെയും വ്യക്തമാക്കിത്തരുന്നു. പ്രകൃതിയുടെ എല്ലാ ദൃശ്യവിതാനങ്ങളെയും അതിരില്ലാത്ത അകലങ്ങളെയും ദൃശ്യവത്‌കരിക്കുന്ന പ്രതല വൈവിധ്യങ്ങളിലൂടെ ചിത്രകാരർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നിറങ്ങളുടെ മാസ്‌മരികതയിലേക്കും ചിത്രതലങ്ങളിലെ ശക്തമായ രൂപനിർമിതികളിലേക്കും ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്ന പ്രമുഖരായ കലാകാരിലൊരാളാണ് ബി ഡി ദത്തൻ. ഭാവനയുടെ വാതായനം തുറന്നുകൊണ്ട് വിപുലമായ രൂപവർണ നിർമിതികളാണ് ആസ്വാദകരുടെ മുൻപിലെത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ.
ബി ഡി ദത്തന്റെ പുതിയ നൂറ്റിയൊന്ന് ചിത്രങ്ങളുടെ പ്രദർശനമാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ലളിതകലാ അക്കാദമി ഗ്യാലറിയിൽ സംഘടിപ്പിച്ചത്. കാഴ്‌ചയുടെ കണ്ണുകളിലൂടെ കലയെ അറിയുകയെന്ന ധർമമാണ് സംഭവിക്കുന്നതെന്ന് ഈ ചിത്രങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നു. ഒരു വസ്‌തുവിന്റെ ആവിഷ്‌കാരം‐ ആശയാവിഷ്‌കാരം മാത്രമല്ല അതിന്റെ പശ്ചാത്തലവും സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ സാഹചര്യങ്ങളിലൂടെയുള്ള സഞ്ചാരവുമാണ് മറ്റൊരു ചിത്രതലമായി ബി ഡി ദത്തൻ വരച്ചിടുന്നത്. മാധ്യമങ്ങളിൽ അച്ചടിച്ച വർണചിത്രങ്ങളുടെ കാഴ്‌ചയിൽ ലഭിക്കുന്ന ദൃശ്യയാഥാർഥ്യത്തിൽ നിന്നും പുതിയൊരു കാഴ്‌ചാനുഭവമാണ് ബി ഡി ദത്തൻ പുതിയ ചിത്രരൂപങ്ങളായി നിർമിച്ചെടുത്തിരിക്കുന്നത്. ഭൂഭാഗ ദൃശ്യങ്ങൾ, മറ്റ് മനുഷ്യരൂപങ്ങളടക്കമുള്ള ചിത്രഭാഗങ്ങളെ സാമൂഹ്യ രാഷ്‌ട്രീയമാനം തേടുന്ന കലാഭാഷയാക്കി മാറ്റുകയാണീ ചിത്രകാരൻ. പ്രകൃതിചൂഷണത്തിനും ഫ്യൂഡൽ ചൂഷണത്തിനുമെതിരെ തൊഴിലാളിവർഗത്തിനെതിരായ അനീതികൾക്കെതിരെ ജാതിശ്രേണിക്കെതിരെ അടക്കമുള്ള സാംസ്‌കാരിക പ്രതിരോധം കൂടിയാണ് ഈ ചിത്രങ്ങൾ. മനുഷ്യന്റെ ഭാവനയെയും ചിന്തയെയും ഉൾക്കരുത്തോടെ ദൃശ്യപരമായ പുതുരൂപങ്ങൾ ഇവിടെ സൃഷ്ടിച്ചെടുക്കുന്നു. ത്രിമാന രൂപനിർമിതികളെ ഓർമിപ്പിക്കുംവിധമുള്ള പ്രത്യേക ആകൃതികൾ ജ്യാമിതീയ രൂപങ്ങളുമായി ചേർന്നുനിൽക്കുന്നവയാണ്. മനുഷ്യരും പ്രകൃതിയും മറ്റ് രൂപങ്ങളുമൊക്കെ ഈ ദൃശ്യതലങ്ങളിലുണ്ട്. മനുഷ്യരൂപങ്ങളെ ആശയപരമായി ചിത്രീകരിക്കുമ്പോൾ തന്നെ അവയുടെ ഭാവതലങ്ങളിൽ രൂപപ്പെടുന്ന നമ്മുടെ സാംസ്‌കാരിക അടരുകളെ യഥാതഥമായിട്ടാണ് ആവിഷ്‌കരിക്കുന്നത്‐ പുതുരൂപങ്ങളായി. ഇവിടെ നമ്മുടെ സംസ്‌കാരത്തിന്റെയും വിശ്വാസങ്ങളുടെയും മാനവികതാബോധത്തിന്റെയും ക്രോഡീകരിക്കപ്പെട്ട രൂപങ്ങൾ കാണാം. അവയിൽ ഗോത്രകലാരൂപങ്ങളുടെയോ മുഖാവരണങ്ങളുടെയോ മറ്റ് നാടൻ കലാരൂപങ്ങളുടെ പിൻബലമോ ഉണ്ടായേക്കാം. ഇത്തരം രൂപനിർമിതികളിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന അമൂർത്തത കാഴ്‌ചയുടെ സവിശേഷതയായി മാറുകയാണീ ചിത്രങ്ങളിൽ. തന്റെ കാഴ്‌ചയിലെ വസ്‌തുവിന്റെ ഉൾക്കരുത്ത് ബൗദ്ധികവും ഭാവനാത്മകവുമായി ആസ്വാദകരിലേക്ക് പകർന്നുനൽകുക എന്ന ധർമമാണ് ബി ഡി ദത്തൻ സ്വീകരിച്ചിട്ടുള്ളത്. ചിത്രവും ശിൽപവും സംഗീതവും നൃത്തവും ചേരുന്ന ചിത്രഭാഷ‐ ആ സഞ്ചാരവഴിതന്നെയാണ് ഈ പ്രദർശന ചിത്രങ്ങളിലും കാണാനാവുന്നത്. l