‘നാം സമാനതകളില്ലാത്ത ഒരു കൊളോണിയലിസത്തിനാണ് വിധേയമായിട്ടുള്ളത്; അവര്‍ക്ക് നമ്മെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല പലസ്തീനി ഒന്നുകില്‍ മരിച്ചു, അല്ലെങ്കില്‍ പോയി. അവര്‍ക്ക് നമ്മെ ചൂഷണം ചെയ്യണമെന്നില്ല. അള്‍ജീരിയയിലോ ദക്ഷിണാഫ്രിക്കയിലോ ഒരു താഴ്ന്ന ഉപവിഭാഗമായി എങ്ങനെയാണോ ആളുകളെ നിര്‍ത്തുന്നത് അതുപോലെ നമ്മെയും നിര്‍ത്തുകയാണ് അവരുടെ ആവശ്യം’

ആര്‍മേനിയന്‍-അമേരിക്കന്‍ ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനുമായ ഡേവിഡ് ബര്‍സാമിയാന്‍ എഴുതിയ ദ പെന്‍ ആന്‍റ് ദ സ്വോര്‍ഡ് : കോണ്‍വര്‍സേഷന്‍സ് വിത്ത് എഡ്വേഡ് സെയ്ദ് (1994 )എന്ന ഗ്രന്ഥത്തില്‍ സെയ്ദ് ഇങ്ങനെ പറഞ്ഞത്, വൈറ്റ് ഹൗസിന്‍റെ പുല്‍ത്തകിടിയില്‍ 1993 ല്‍ ഓസ്ലോ കരാറിന്‍റെ ഒപ്പിടല്‍ മഹാമഹം നടന്ന് ഏറെ വൈകുന്നതിനു മുമ്പ് തന്നെ മിക്ക പലസ്തീനികള്‍ക്കിടയിലും ‘ചരിത്രപ്രസിദ്ധമായ’ ഈ ഉടമ്പടിയെ കുറിച്ച് ആഴത്തിലുള്ള നിരാശ പടര്‍ന്നപ്പോഴാണ്.
ഈ കരാര്‍ ഒപ്പു വയ്ക്കപ്പെട്ടപ്പോള്‍, സ്വതന്ത്രപരമാധികാര പലസ്തീന്‍ എന്ന രാഷ്ട്ര രൂപവത്കരണത്തിന്‍റെ പരിതോവസ്ഥയിലേക്ക് നയിക്കുന്ന പാതയുടെ പ്രാരംഭത്തിലാണ് തങ്ങളെന്ന് പലസ്തീനികളില്‍ പലരും ധരിച്ചുവശായി. പിന്നീട് പക്ഷേ, പലസ്തീനിന്‍റെ കോളനീകരണത്തിന്‍റെ പ്രവേഗം ഇസ്രായേല്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ‘വേര്‍പിരിക്കുകയും വിച്ഛേദി’ക്കുകയും എന്ന കുല്‍സിതമായ ഇസ്രായേലി നയംമൂലം അക്കാലത്ത് തന്നെ ഗാസയെ വെസ്റ്റ് ബാങ്കില്‍ നിന്ന് മുറിച്ചുമാറ്റി. സഞ്ചാരസ്വാതന്ത്ര്യവും ചരക്കുനീക്ക സൗകര്യവും നിരന്തരം നിഷേധിക്കപ്പെട്ടു. പെര്‍മിറ്റുകള്‍, ചെക്ക് പോയിന്‍റുകള്‍, മതിലുകള്‍, വേലികള്‍ തുടങ്ങിയ വിഘാതങ്ങളുടെ വലക്കണ്ണികള്‍ സൃഷ്ടിച്ചായിരുന്നു ഈ സഞ്ചാര നിഷേധങ്ങള്‍. അക്ഷരാര്‍ത്ഥത്തിലുള്ള ഈ തടവു ജീവിതത്തിന്‍റെ നരകയാതന ഏറ്റവുമധികം അനുഭവപ്പെട്ടത് ഗാസാ മുനമ്പിലായിരുന്നു ഫലത്തില്‍ ഗാസാ മുനമ്പിനു നേരെയുള്ള ഉപരോധമായി അത് കലാശിച്ചു. ഇത്തരം കര്‍ക്കശവും നിര്‍ദ്ദയവുമായ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ ഗാസയിലെ ജീവിതം ശ്വാസംമുട്ടിക്കുന്നതായി.
ഗാസയില്‍ പിന്നീട് ഹമാസ് എന്ന ഇസ്ലാമിസ്റ്റ് സ്വരൂപം ഉയര്‍ന്നുവന്ന പശ്ചാത്തലത്തെക്കുറിച്ച് പ്രസിദ്ധ പലസ്തീന്‍-അമേരിക്കന്‍ ചരിത്രകാരനായ റശീദ് ഖാലിദി ‘ദ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് വാര്‍ ഓണ്‍ പലസ്തീന്‍ : എ ഹിസ്റ്ററി ഓഫ് സെറ്റ്ലര്‍ കൊളോണിയല്‍ കോണ്‍ക്വസ്റ്റ് ആന്‍ഡ് റെസിസ്റ്റന്‍സ് ‘(2020) എന്ന ഗ്രന്ഥത്തില്‍ ആറാം അധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട് : ‘മുസ്ലിം ബ്രദര്‍ഹുഡിന്‍റെ പലസ്തീനി ശാഖയില്‍ നിന്ന് പൊട്ടിമുളച്ചതാണ് ഹമാസ്. 1928 ല്‍ ഈജിപ്തില്‍ സ്ഥാപിതമായ ഇസ്ലാമിസ്റ്റ് സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. 1940കളിലും 1950 കളിലും അത് ഹിംസയുടെ വഴിയിലേക്ക് തിരിഞ്ഞു. 1970 കളില്‍ അന്‍വര്‍ സാദത്തിന് കീഴിലുള്ള ഈജിപ്ഷ്യന്‍ ഭരണകൂടവുമായി മുസ്ലിം ബ്രദര്‍ഹുഡ് അനുരഞ്ജനത്തിലെത്തി. ഈജിപ്തിലെ ബ്രദര്‍ഹുഡ്, ഇസ്രയേലി അധിനിവേശശക്തിയോട് സമരസപ്പെടുന്ന മൃദുസമീപനമാണ് കൈക്കൊള്ളുന്നതെന്ന് കരുതിയ തീവ്രചിന്താഗതിക്കാരായ പലസ്തീനിലെ ബ്രദര്‍ഹുഡുകാരാണ് ഗാസയില്‍ 1987ല്‍ ഹമാസിന് തുടക്കം കുറിച്ചത്.
അധിനിവേശത്തിന്‍റെ ആദ്യ രണ്ടു പതിറ്റാണ്ടുകളില്‍ പലസ്തീനികളുടെ മറ്റെല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, പ്രൊഫഷണല്‍, അക്കാദമിക് സംഘങ്ങളെയും ഇസ്രയേല്‍ അതികഠിനമായി അടിച്ചമര്‍ത്തിയപ്പോള്‍ ബ്രദര്‍ഹുഡിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു എന്നത് ശരിയാണ്. പലസ്തീന്‍ദേശീയപ്രസ്ഥാനത്തെ പിളര്‍ത്തുന്നത് അധിനിവേശത്തിന് പ്രയോജനം ചെയ്യുമെന്നതിനാല്‍ ബ്രദര്‍ ഹുഡിന് നല്‍കിവന്ന ലാളനം ഹമാസിലേക്കും നീട്ടുന്നത് ഇസ്രായേല്‍ ‘നല്ല ‘കാര്യമായി കരുതി; അവര്‍ക്ക് സെമിറ്റിക്ക് വിരുദ്ധ കൂട്ടക്കുരുതികളിലും ഹിംസയോടുള്ള പ്രതിബദ്ധതയിലും വിട്ടുവീഴ്ചാമനോഭാവമില്ലായിരുന്നെങ്കില്‍ പോലും.
അവരുടെ വിജയത്തിന്‍റെ പ്രധാന കാരണം ഇതായിരുന്നില്ല. ഹമാസിന്‍റെ ഉയര്‍ച്ച ഒരു മേഖലാപ്രവണതയുടെ ഭാഗവുമായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഏറിയ കാലവും മധ്യപൗരസ്ത്യനാടുകളില്‍ മേധാവിത്വം പുലര്‍ത്തിയ മതേതരദേശീയാശയങ്ങള്‍ ഹാനിയാണെന്ന് പലരും സങ്കല്‍പ്പിച്ചതിനോടുള്ള പ്രതികരണങ്ങളെയാണ് ഹമാസ് പ്രതിനിധാനം ചെയ്തത്. സായുധസമരത്തില്‍ നിന്ന് മതേതരദേശീയപ്രസ്ഥാനമായ പിഎല്‍ ഒ മാറി. അത് നയതന്ത്ര പാത സ്വീകരിച്ചു. എന്നാല്‍ പി എല്‍ ഒ ക്ക് പലസ്തീന്‍ രാഷ്ട്രസംസ്ഥാപനം സാധ്യമാക്കുന്നതില്‍ പരാജയമുണ്ടായെന്നും അതിന്‍റെ ദിശാബോധം നഷ്ടപ്പെട്ടെന്നും നിരവധി പലസ്തീനികള്‍ കരുതി. തല്‍ഫലമായി ഹമാസ് വളര്‍ന്നു; അതിന്‍റെ സാമൂഹ്യ നിലപാടുകള്‍ അങ്ങേയറ്റം യാഥാസ്ഥിതികവും അവര്‍ മുന്നോട്ടുവെച്ച ഭാവിയുടെ രൂപരേഖ സ്ഥൂലവും അവ്യക്തവും അപൂര്‍ണ്ണവുമായിട്ടും.

ഇത്രയും ആമുഖമായി കുറിച്ചത് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ബെഞ്ചമിന്‍ നെതന്യാഹുവിനെ നെഞ്ചോട് ചേര്‍ത്ത് സെപ്റ്റംബര്‍ 30ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പദ്ധതിയുടെ പാക്ഷികപ്രകൃതത്തെയും അതില്‍ പലസ്തീന്‍ രാഷ്ട്ര രൂപവത്ക്കരണം വിദൂര (അ)സാധ്യതയായി സന്നിവേശിപ്പിച്ച ‘സാമര്‍ത്ഥ്യ’ ത്തെയും കുറിച്ച് ചുരുക്കി പറയാനാണ്. ട്രംപിന്‍റെ മരുമകന്‍ ജാരദ് കഷ്നറും പശ്ചിമേഷ്യാ കാര്യങ്ങള്‍ക്കുള്ള പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ചേര്‍ന്ന് തയ്യാറാക്കുകയും സെപ്റ്റംബര്‍ 30ന് ട്രംപ് വിജയോന്മത്തഭാവത്തോടെ അവതരിപ്പിക്കുകയും ചെയ്ത ഇരുപതിന സമാധാന പദ്ധതിയെ ഒറ്റ വാചകത്തില്‍, വംശഹത്യ നേരിടുന്ന ഒരു ജനതയ്ക്ക് മേല്‍ വംശഹത്യയില്‍ അഭിരമിക്കുന്ന ഇസ്രയേലും അതിനെ സര്‍വ്വാത്മനാ പിന്തുണച്ചു പോരുന്ന അമേരിക്കയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ‘കരാര്‍ കാര്യക്രമം’ എന്ന് വിളിക്കാം.
ഈ പദ്ധതിയിലെ ആദ്യത്തെ ഏതാനും ഇനങ്ങള്‍ കാര്യക്ഷമമായി പ്രയോഗത്തില്‍ വന്നാല്‍ ഗാസയില്‍ രണ്ടു വര്‍ഷമായി നടക്കുന്ന സമൂഹസംഹാരത്തിന് അറുതിവരുമെന്ന് പലരും പ്രത്യാശ പ്രകടിപ്പിക്കുന്നു. മറ്റു ചില ഇനങ്ങള്‍ അധിനിവേശം അഭംഗുരം തുടരുമെന്നതിന്‍റെ നിദര്‍ശനങ്ങളാണ്. വേറൊരു മര്‍മ്മപ്രധാനമായ കാര്യം, പലസ്തീന്‍ എന്ന സ്വതന്ത്രപരമാധികാരരാഷ്ട്രത്തിന്‍റെ സംസ്ഥാപനത്തെപ്പറ്റിയോ അതിന്‍റെ കൃത്യമായ രൂപരേഖയെക്കുറിച്ചോ കൊട്ടിഘോഷിക്കപ്പെടുന്ന ഈ പദ്ധതിയില്‍ അവ്യക്തവും അനിശ്ചിതവും സന്ദിഗ്ധവുമായ ഏതാനും വരികള്‍ മാത്രമാണുള്ളതെന്നാണ്.
ഐക്യരാഷ്ട്രസഭയില്‍, സമീപകാലം വരെ ഇസ്രായേലിനൊപ്പം ഉറച്ചുനിന്ന പല പാശ്ചാത്യ രാജ്യങ്ങളും സ്വതന്ത്രപരമാധികാരപലസ്തീന്‍ രാഷ്ട്രത്തെ കഴിഞ്ഞ ദിവസങ്ങളില്‍ (മുഖം രക്ഷിക്കാനാണെങ്കില്‍ പോലും) അംഗീകരിച്ചെങ്കിലും ഈ പദ്ധതിയില്‍ സ്വതന്ത്രപലസ്തീനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് : ‘ഗാസയുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുകയും പലസ്തീന്‍ അതോറിറ്റി പരിഷ്കരണ നടപടികള്‍ വിശ്വാസയോഗ്യമാംവിധം പൂര്‍ത്തിയാക്കുകയും ചെയ്താല്‍ പലസ്തീന്‍ ജനതയുടെ ആഗ്രഹമായ സ്വയംഭരണത്തിനും രാഷ്ട്രസ്ഥാപനത്തിനും യോഗ്യമായ സാഹചര്യം രൂപപ്പെടും’ എന്നാണ്.
ഒന്നാമതായി, സ്വയംഭരണവും രാജ്യസ്ഥാപനവും പലസ്തീനികളുടെ ആഗ്രഹമല്ല, അവകാശമാണ്. 2020 മുതല്‍ പലസ്തീന്‍ അതോറിറ്റി പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അമേരിക്കയും സഖ്യകക്ഷികളും ആവശ്യപ്പെടുന്നുണ്ട്. ഭരണനിര്‍വഹണപരിഷ്കരണം, അഴിമതിനിര്‍മാര്‍ജനം, പാഠ്യപദ്ധതിപരിവര്‍ത്തനം, പലസ്തീന്‍ തടവുകാരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്ന സാമൂഹ്യക്ഷേമ പദ്ധതിയില്‍ മാറ്റം എന്നിവയാണവ. ഇതില്‍ ചില പരിഷ്കാരങ്ങള്‍ പലസ്തീന്‍ അതോറിറ്റി നടപ്പാക്കിയിട്ടുണ്ടെങ്കിലും ഈ നിബന്ധനയ്ക്ക് പിന്നിലെ സൃഗാലതന്ത്രം വ്യക്തമാണ്. ഗാസയില്‍ പലസ്തീന്‍ അതോറിറ്റിക്ക് ഭരണം ലഭിക്കണമെങ്കില്‍ ഈ പരിഷ്കരണങ്ങളെല്ലാം പൂര്‍ത്തിയാക്കി ഇസ്രായേലിനെയും അമേരിക്കയെയും സമ്പൂര്‍ണ്ണമായി സന്തോഷിപ്പിക്കണം. ഇരുപതിന പദ്ധതിയില്‍ പരിഷ്കരണം സംബന്ധിച്ച വ്യക്തമായ ലക്ഷ്യങ്ങള്‍ പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ ഇസ്രായേലിനും അമേരിക്കക്കും ഇക്കാര്യം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാം. മറ്റൊരു ഘോരമായ യാഥാര്‍ത്ഥ്യം, ഈ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ പലസ്തീനികളുടെ സമ്പൂര്‍ണ്ണ അസാന്നിധ്യമാണ് !
ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികള്‍ക്കും റെഡ് ക്രസന്‍റിനും മാത്രമാകും ഗാസയിലെ സഹായവിതരണത്തിന്‍റെ ചുമതല എന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ ‘സഹായവിതരണം’ നടത്തിയ കുപ്രസിദ്ധമായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി എഛ് എഫ് ) എന്ന ഇസ്രായേല്‍-യുഎസ് ഏജന്‍സിയെ പിരിച്ചുവിടുമെന്ന് പറയുന്നില്ല. ഈ ഏജന്‍സിയാണ് ഭക്ഷണവും വെള്ളവുമുള്‍പ്പെടെയുള്ള സഹായവിതരണത്തിനിടെ ആയിരത്തിലധികം പലസ്തീനികളെ കൊന്നൊടുക്കിയത്. ഏറ്റവും വിരോധാഭാസകരമായ കാര്യം, വംശഹത്യയ്ക്ക് കാര്‍മികത്വം വഹിച്ച ഇസ്രായേലും അതിന് ആയുധവും അര്‍ത്ഥവും നല്‍കി പിന്തുണച്ച അമേരിക്കയും തന്നെയാണ് വംശഹത്യയ്ക്ക് ഇരയായ ജനതയുടെ ഭാവി നിര്‍ണയിക്കുക എന്നതാണ്.
‘ബോര്‍ഡ് ഓഫ് പീസ്’ എന്ന് പേരിട്ട അന്താരാഷ്ട്ര സമിതിക്കായിരിക്കും മേല്‍നോട്ട ചുമതല. അതിന്‍റെ അധ്യക്ഷന്‍ ട്രംപായിരിക്കും. സമിതിയില്‍ ഇറാഖ് അധിനിവേശത്തിന് അമേരിക്കയ്ക്ക് കളമൊരുക്കാന്‍ സഹായിച്ച് കളംനിറഞ്ഞു കളിച്ച മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെടെയുണ്ട്.

ഗാസയുടെ പുനര്‍നിര്‍മാണത്തിനുള്ള രൂപരേഖയുണ്ടാക്കുന്നതും ഫണ്ട് കൈകാര്യം ചെയ്യുന്നതും ഈ സമിതിയാണ്. ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയെ ഗാസയില്‍ വിന്യസിക്കുന്നതിനു പകരം ഒരു ഇന്‍റര്‍നാഷണല്‍ സ്റ്റബിലൈസേഷന്‍ ഫോഴ്സ് അവിടെ പ്രവര്‍ത്തിക്കുമെന്നാണ് പറയുന്നത്. അതായത് അമേരിക്കയുടെയും അതിന്‍റെ സഖ്യകക്ഷികളുടെയും സേനാദളങ്ങള്‍. അങ്ങനെ യു.എന്‍ വിരുദ്ധനായ ട്രംപ് യു.എന്നിനെ മൂലയ്ക്കാക്കി. കാലക്രമേണ ഗാസയുടെ നിയന്ത്രണം പലസ്തീന്‍ അതോറിറ്റിക്കു നല്‍കാന്‍ വഴിയൊരുക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇനിയങ്ങോട്ട് ഈ പലസ്തീന്‍ പ്രദേശത്തിന്‍റെ നിയന്ത്രണം ബാഹ്യശക്തികള്‍ക്കായിരിക്കുമെന്ന് ചുരുക്കം. ഇത് കൊളോണിയലിസത്തിന്‍റെ നീട്ടിക്കൊണ്ടുപോകലാണ്.

2000-2005 കാലത്ത് പലസ്തീന്‍ ചര്‍ച്ചാസംഘത്തിന്‍റെ നിയമോപദേശകയും പലസ്തീന്‍ അഭിഭാഷകയുമായ ഡയാന ബുട്ടു ഉടമ്പടിയെപ്പറ്റി പറഞ്ഞത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം : ‘ഈ ഉടമ്പടി നിങ്ങള്‍ വായിച്ചാല്‍ പലസ്തീനികള്‍ക്ക് ഒരു ഉറപ്പു പോലും കൊടുത്തിട്ടില്ലെന്ന് കാണാന്‍ കഴിയും. എല്ലാ ഉറപ്പുകളും നല്‍കിയിരിക്കുന്നത് ഇസ്രായേലിനാണ്’ ഹമാസോ മറ്റു പലസ്തീനികളോ പദ്ധതി വ്യവസ്ഥകള്‍ പാലിക്കാത്ത പക്ഷം സര്‍വ്വനാശമായിരിക്കും അവര്‍ക്ക് മുമ്പിലുള്ള വഴിയെന്നും ട്രംപ് അസന്ദിഗ്ദ്ധമായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ട്രംപിനോടൊപ്പം ഇരുപതിന പദ്ധതിക്ക് സമ്മതം മൂളിയ നെതന്യാഹു ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹിബ്രുവില്‍ ഇസ്രയേലി ശ്രോതാക്കള്‍ക്കായി പ്രേഷണം ചെയ്തത് ഇതിന് കടകവിരുദ്ധമായ കാര്യമാണ്. താന്‍ ഒരു സ്വതന്ത്രപലസ്തീന്‍ രാഷ്ട്രത്തെ സ്പഷ്ടമായി അംഗീകരിച്ചിട്ടില്ലെന്നും ഗാസയുടെ ഭൂരിഭാഗം പ്രദേശത്തും ഇസ്രായേല്‍ സൈന്യം തുടരുമെന്നുമാണ് ഹിബ്രുവില്‍ പറഞ്ഞത്. ഇസ്രയേലിലെ തീവ്രവലതുപക്ഷ ജൂതപാര്‍ട്ടികളുടെ പ്രഖ്യാപിത ലക്ഷ്യം, ഗാസയില്‍ നിന്ന് ഹമാസിനെ വേരോടെ പിഴുതെറിയണമെന്നും യുദ്ധമെന്ന് മയപ്പെടുത്തി പറയുന്ന വംശഹത്യയ്ക്ക് അതുവരെ വിരാമമില്ല എന്നുമാണ്. ഇരുപതിന പദ്ധതി നെതന്യാഹുവിന്‍റെ ‘യുദ്ധലക്ഷ്യങ്ങള്‍’ പരിപൂര്‍ണ്ണമായി നിറവേറ്റുന്നതാണെങ്കിലും അദ്ദേഹത്തെ പിന്തുണച്ചു പോരുന്ന തീവ്രവലതുപക്ഷ ക്യാബിനറ്റ് മന്ത്രിമാര്‍ കരാറിനെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്.
ഒന്നാമതായി, പലസ്തീന്‍ രാഷ്ട്രം അവര്‍ക്ക് സ്വീകാര്യമേ അല്ല. ഈ വസ്തുത നെതന്യാഹുവും മുന്‍പ് പലപാട് പറഞ്ഞിട്ടുള്ളതാണ്. തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ ക്യാബിനറ്റ് അംഗങ്ങളായ ഇതാമര്‍ ബെന്‍ ഗ്വിറും ബെസാലല്‍ സ്മോട്രിച്ചും ട്രംപ് പദ്ധതിയെ തല്‍ക്ഷണം തള്ളിക്കളഞ്ഞു. ധനകാര്യമന്ത്രിയായ സ്മോട്രിച്ച് പ്രസ്താവിച്ചത് ‘ട്രംപ് പദ്ധതി അത്യുച്ചത്തില്‍ പ്രതിധ്വനി ഉണ്ടാക്കുന്ന ഒരു നയതന്ത്ര പരാജയം’ ആണെന്നാണ്. ഒക്ടോബര്‍ 7 ന്‍റെ പാഠങ്ങള്‍ക്കു നേരെയുള്ള പുറംതിരിയിലാണ് ഇതെന്നും അന്തിമമായി കണ്ണീരില്‍ കലാശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതാമര്‍ ബെന്‍ ഗ്വിര്‍ ഖത്തറിനോട് നെതന്യാഹു മാപ്പ് പറഞ്ഞതിലാണ് തുടക്കത്തില്‍ രോഷം പ്രകടിപ്പിച്ചത്. ഈ തീവ്രവലതുപക്ഷം അക്ഷരാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത് ഗാസയെ മാത്രമല്ല വെസ്റ്റ് ബാങ്കിനെയും ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കണമെന്നാണ്. ഇവരുടെ വിചാരത്തില്‍, ഈ ‘യുദ്ധം’ ദൈവം തന്നിട്ടുള്ള അവസാന അവസരമാണ്.

ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് മുന്‍ ഇസ്രായേലി അംബാസഡറും ന്യൂയോര്‍ക്കില്‍ കോണ്‍സല്‍ ജനറലുമായിരുന്ന അലോണ്‍ പിന്‍കാസിന്‍റെ നിരീക്ഷണങ്ങള്‍ : ‘എന്‍റെ ഊഹമനുസരിച്ച് നെതന്യാഹു ഈ ഉടമ്പടിയെ മാര്‍ദ്ദവത്തോടയും മയത്തോടെയും ഗളച്ഛേദം ചെയ്യും. തങ്ങള്‍ക്ക് ചില സുരക്ഷാസംബന്ധമായ ഉത്കണ്ഠകള്‍ ഉണ്ടെന്നും അവ ശരിയാക്കണമെന്നും പറയുന്നതോടൊപ്പം ഗാസയിലെ നരമേധം തുടരുകയും ഇറാനെതിരെയുള്ള യുദ്ധോത്സുക വാചാടോപം ഉയര്‍ത്തുകയും ചെയ്യും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മാറിമറിയും. ഈ പദ്ധതി പ്രയോഗപഥത്തില്‍ വരികയുമില്ല. ട്രംപിന്‍റെ ശ്രദ്ധയും ശുഷ്കാന്തിയും ഇത് വിട്ട് മറ്റൊന്നിലേക്ക് തിരിയും.’
ലോകരാഷ്ട്രങ്ങള്‍ പേര്‍ത്തും പേര്‍ത്തും ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചും സ്വതന്ത്ര പരമാധികാര പലസ്തീന്‍ രാഷ്ട്രത്തെക്കുറിച്ചും പറയുന്നുണ്ടെങ്കിലും എന്താണ് ഭാവി രാഷ്ട്രത്തിലെ പലസ്തീന്‍ ഭൂപ്രദേശങ്ങളുടെ സമകാലിക സ്ഥിതി എന്ന് പരിശോധിക്കുന്നത് വ്യാകുലതയും വിഹ്വലതയുമുളവാക്കുന്ന കാര്യമാണ്. കിഴക്കന്‍ ജറുസലേമിനെ പലസ്തീന്‍ രാഷ്ട്രത്തിന്‍റെ തലസ്ഥാനമായും ഗാസയും വെസ്റ്റ് ബാങ്കും ഉള്‍പ്പെടുന്ന പലസ്തീന്‍ ഭൂഭാഗങ്ങളുമാണ് ഈ ഭാവിരാഷ്ട്രത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഓസ്ലോ കരാറിന് മുന്‍പ് തന്നെ വെസ്റ്റ് ബാങ്കില്‍ ജൂത കുടിപ്പാര്‍പ്പുകേന്ദ്രങ്ങള്‍ സ്ഥാപിച്ച് കുടിയേറ്റ അധിനിവേശം ഇസ്രയേല്‍ തുടങ്ങിയിരുന്നു. ഇപ്പോഴാകട്ടെ അത്തരം ജൂതാധിവാസകേന്ദ്രങ്ങള്‍ വെസ്റ്റ് ബാങ്കില്‍ പതിന്മടങ്ങ് പെരുകിയിരിക്കുന്നു. വെസ്റ്റ് ബാങ്കിനെ ചീന്തിമുറിച്ചുള്ള ജൂതകുടിയേറ്റ കോളനികളുടെ സ്ഥാപനം പലസ്തീന്‍ രാഷ്ട്രസാധ്യതയെ വളരെ മുന്‍പേ തന്നെ സങ്കോചിപ്പിക്കുകയുണ്ടായി. 2023 ഒക്ടോബര്‍ 7 നു മുന്‍പ് തന്നെ സഞ്ചാരനിഷേധവും ഭൂമി പിടിച്ചുപറിയും ജൂതാധിവാസി വ്യാപനവും കുടിയേറ്റക്കാരുടെയും പട്ടാളത്തിന്‍റെയും ആക്രമണങ്ങളും വെസ്റ്റ് ബാങ്കില്‍ നിത്യസംഭവങ്ങളായിരുന്നു. പലസ്തീനിന്‍റെ തലസ്ഥാനമായിത്തീരേണ്ട കിഴക്കന്‍ ജെറുസലേം ഇസ്രായേല്‍ അധിനിവേശത്തിലാണ്. ഗാസയിലെ വംശഹത്യാ യുദ്ധത്തിന് മുന്‍പ് ആ ചെറുപ്രദേശം മാത്രമായിരുന്നു ഇടമുറിയാതെ നീണ്ടുകിടന്ന ഏക പലസ്തീന്‍ പ്രദേശം. അപ്പോഴും ഗാസയിലെ പലസ്തീനികള്‍ക്ക് വെസ്റ്റ് ബാങ്കില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഗാസ പൂര്‍ണ്ണമായും ഇസ്രയേല്‍ അധിനിവേശത്തിലാണ്. പശ്ചിമേഷ്യാ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഈ ഉടമ്പടി ഗാസയെയും അധിനിവേശപ്രദേശങ്ങളായ ബെസ്റ്റ് ബാങ്കിനെയും കിഴക്കന്‍ ജെറുസലേമിനെയും ഇനിയും വിഭജിക്കുമെന്നാണ്. അതു കൂടാതെ മറ്റൊരു ചോദ്യമുണ്ട്.പലസ്തീന്‍രാഷ്ട്രരൂപീകരണത്തിന് എന്താണ് ബാക്കിയായിട്ടുള്ളത് ?
എല്ലാവരും പലസ്തീന്‍രാഷ്ട്രത്തെ അംഗീകരിക്കുമ്പോള്‍ തന്നെ പലസ്തീന്‍ ഭൂഭാഗം മായ്ച്ചു കളയുന്ന പ്രക്രിയയാണ് ലോകത്തിനു മുമ്പില്‍ നടക്കുന്നത്. റോമന്‍ ചരിത്രകാരനായ ടാസിറ്റസ്, പ്രാചീന റോമിന്‍റെ സാമ്രാജ്യവ്യാപനത്തെക്കുറിച്ചും അതില്‍ നിലീനമായ നിഷ്ഠുരതയെക്കുറിച്ചും ഒന്നാം നൂറ്റാണ്ടിന്‍റെ ഒടുവില്‍ എഴുതിയ വരികള്‍ ഇന്നത്തെ ഇസ്രയേലിനും അമേരിക്കയ്ക്കും അനുരൂപവും അനുയോജ്യവുമാണ് : ‘അവര്‍ ഒരു മരുഭൂമി സൃഷ്ടിക്കുന്നു. എന്നിട്ട് അതിനെ സമാധാനം എന്ന് വിളിക്കുന്നു.’
ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ലോകമൊട്ടാകെ അപകോളനീകരണത്തിന്‍റെ കാറ്റ് ആഞ്ഞടിച്ചപ്പോള്‍ തന്നെയാണ്, പലസ്തീനെ വെട്ടിമുറിച്ച് ഒരു കുടിയേറ്റ കോളനി ഇസ്രയേല്‍ രാഷ്ട്രപ്രഖ്യാപനത്തിലൂടെ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന വസ്തുത വിരോധാഭാസമായി തോന്നാം. രണ്ടാം ലോകയുദ്ധത്തിനു മുന്‍പ് ബ്രിട്ടീഷ് സാമ്രാജ്യത്വവും ശേഷം അമേരിക്കന്‍ സാമ്രാജ്യത്വവുമാണ് ഈ കുടിയേറ്റ കോളനികരണത്തിന് കുടപിടിച്ചത്. അന്തമില്ലാത്ത അധിനിവേശമാണ് പലസ്തീനികള്‍ അഭിമുഖീകരിക്കുന്നത്. ട്രംപിന്‍റെ ഇരുപതിന പദ്ധതി ഈ കോളനീകരണത്തെ അനിശ്ചിതമായി വലിച്ചു നീട്ടുന്നതാണ്.