അത്യുത്തര കേരളത്തിൽ ജനിച്ച് കോഴിക്കോട്ട് രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച് തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവായി വളർന്ന പോരാളിയാണ് ആർ ഉമാനാഥ്. ട്രേഡ് യൂണിയൻ രംഗത്തെ അതികായനായിരുന്ന അദ്ദേഹത്തിന്റെ നേതൃപാടവവും സംഘടനാശേഷിയും പ്രസിദ്ധമാണ്. ഉമാറാവു എന്നാണ് യഥാർഥ പേര്.
1921 ഡിസംബർ 21ന് കർണാകത്തോട് ചേർന്ന കാസർകോട് അതിർത്തിയിലാണ് ഉമാനാഥ് ജനിച്ചത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവള ട്രേഡ് യൂണിയൻ രംഗത്തെ പ്രമുഖനും പിൽക്കാലത്ത് കോഴിക്കോട് മേയറുമായിരുന്ന മഞ്‌ജുനാഥ റാവുവിന്റെ ബന്ധുവാണ് ഈ കുടുംബം. ദരിദ്ര ബ്രാഹ്മണ കുടുംബമായിരുന്നു ഉമാനാഥിന്റേത്. മക്കളെ പോറ്റുവാൻ അമ്മ ഭജന പാട്ടുകാരിയായി സമീപസ്ഥലങ്ങളിൽ പോകുമായിരുന്നു. അമ്മയെ സഹായിക്കുന്നതിനായി ഉമാനാഥ് ഹാർമോണിയം വായിക്കാൻ പഠിച്ചു. ഉപജീവനാർഥം കാഞ്ഞങ്ങാട്ടും തലശ്ശേരിയിലും ആ കുടുംബം താമസിച്ചിട്ടുണ്ട്.
എൽഐസി ഏജന്റായിരുന്ന ജ്യേഷ്‌ഠൻ കേശവറാവു കോഴിക്കോട്ടെത്തിയപ്പോൾ ഉമാനാഥിനെയും കൂടെ കൂട്ടി. ചാലപ്പുറം ഗവൺമെന്റ് ഗണപത് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ഉറ്റ ചങ്ങാതിയെ ലഭിച്ചു‐ ഇ കെ ഇന്പിച്ചിബാവ. ഹൈസ്‌കൂളിൽ പഠീിക്കുന്ന കാലത്ത് കോഴിക്കോട് കടപ്പുറത്തിരുന്ന് ഇന്പിച്ചിബാവയുമായി നടത്തിയ ചർച്ചയും ചങ്ങാത്തവും തന്നെ അടിയുറന്ന കമ്യൂണിസ്റ്റാക്കി മാറ്റുന്നതിന് സഹായിച്ചതായി ഉമാനാഥ് അനുസ്‌മരിച്ചിട്ടുണ്ട്.
വിദ്യാർഥി യൂണിയന്റെ പ്രവർത്തനങ്ങളിൽ ഉമാനാഥ് മുഴുകിയിരിക്കുമ്പോഴാണ് അഖിലകേരള വിദ്യാർഥി സമ്മേളനം കോഴിക്കോട്ട് സംഘടിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചത്. അതിനുള്ള സ്വാഗതസംഘം രൂപീകരിക്കപ്പെട്ടു. കോൺഗ്രസ് എന്നോ കോൺഗ്രസ് ഇതരരെന്നോ ഉള്ള വ്യത്യാസമില്ലാതെയാണ് സ്വാഗതസംഘം രൂപീകരിക്കപ്പെട്ടത്. ഇന്പിച്ചിബാവയെക്കുറിച്ചറിഞ്ഞ പി കൃഷ്‌ണപിള്ള അദ്ദേഹവുമായി ബന്ധപ്പെട്ടു; സമ്മേളനത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകാൻ ഇന്പിച്ചിബാവയെ പ്രേരിപ്പിച്ചു. അതനുസരിച്ചുള്ള പ്രവർത്തനങ്ങളിൽ ഇന്പിച്ചിബാവയും കൂട്ടുകാരും മുഴുകി. സാമൂതിരി കോളേജിൽ നടന്ന സമ്മേളനത്തിൽ അഖിലകേരള വിദ്യാർഥി ഫെഡറേഷൻ രൂപീകരിക്കപ്പെട്ടു. കല്ലാട്ട് കൃഷ്‌ണൻ, ഇ കെ നായനാർ, ഇ ശക ഇന്പിച്ചിബാവ, ആർ ഉമാനാഥ് എന്നിവരായിരുന്നു അതിന്റെ പ്രധാന നേതാക്കൾ. സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ വിദ്യാർഥി ഫെഡറേഷന്റെ സജീവ പ്രവർത്തകനായി അദ്ദേഹം മാറിയിരുന്നു. അതോടൊപ്പം പഠനവും മുമ്പോട്ടു കൊണ്ടുപോകുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു.
മലബാർ ക്രിസ്‌ത്യൻ കോളേജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോഴും സംഘടനാപ്രവർത്തനത്തിന് കുറവൊന്നും വരുത്തിയില്ല. അവിടെനിന്ന് ഇന്റർമീഡിയറ്റ് പാസായ ഉമാനാഥ് ചിദംബരത്തെ അണ്ണാമല സർവകലാശാലയി ബിഎയ്‌ക്ക് ചേർന്നു. അക്കാലത്ത് അണ്ണാമല സർവകലാശാല രാഷ്‌ട്രീയ ചലനങ്ങൾകൊണ്ട് പ്രക്ഷുബ്ധമായിരുന്നു. കെ മുത്തയ്യ, കെ ബാലദന്തായുധം തുടങ്ങിയ പ്രമുഖരുമായുള്ള അടുപ്പം അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാർട്ടിയോടടുപ്പിച്ചു. അഞ്ച് സഹോദരിമാരും ജ്യേഷ്‌ഠനും അടങ്ങുന്നതായിരുന്നു ഉമാനാഥിന്റെ കുടുംബം. അനുജൻെറ വിദ്യാഭ്യാസ കാര്യത്തിൽ ജ്യേഷ്‌ഠൻ കേശവറാവു നല്ല ഉത്തരവാദിത്വത്തോടെയുള്ള സഹായമാണ് നൽകിയത്. അനുജന്റെയും തങ്ങളുടെ കുടുംബത്തിന്റെയും ഭാവിയെക്കുറിച്ച് നല്ല പ്രതീക്ഷയാണ് ജ്യേഷ്‌ഠൻ വെച്ചുപുലർത്തിയത്. പഠിത്തത്തിൽ മിടുക്കനായ അനുജൻ നല്ല ജോലി നേടുമെന്നും കുടുംബത്തെ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. അങ്ങനെയിരിക്കെയാണ് ഉമാനാഥ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഴുവൻസയമ പ്രവർത്തകനായി മാറിയത്.
മദ്രാസിലെ പാർട്ടി സംസ്ഥാന കേന്ദ്രത്തിൽ ഉമാനാഥ് ഒളിവിൽ കഴിയവെ, പൊലീസ് റെയ്‌ഡ് ചെയ്‌തു. പി രാമമൂർത്തി, മോഹൻ കുമാരമംഗലം, സി എസ് സുബ്രഹ്മണ്യൻ, സുബ്രഹ്മണ്യ ശർമ, കെ എ കേരളീയൻ, എം ഹനുമന്തറാവു തുടങ്ങിയവരോടൊപ്പം അറസ്റ്റിലായി. മദിരാശി ഗൂുഢാലോചനക്കേസ് എന്ന മേരിലാണ് പൊലീസ് കേസ് കെട്ടിച്ചമച്ചത്. കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് ആസൂത്രിതമായി കൊണ്ടുവന്ന അടിച്ചമർത്തൽ നയങ്ങളുടെ ഭാഗമായിരുന്നു ഈ കള്ളക്കേസ്.
ഈ കേസിൽ ഉമാനാഥ് രണ്ടരവർഷക്കാലം ശിക്ഷിക്കപ്പെട്ടു. ആദ്യം അലിപ്പൂർ ജയിലിലും പിന്നീട് ബെല്ലാരി ജയിലിലുമാണ് ഉമാനാഥിനെ അടച്ചത്. ജയിലിലെ കൊടിയ പീഡനങ്ങളും അസഹ്യമായ അന്തരീക്ഷവുമൊന്നും അദ്ദേഹത്തിന്റെ വിപ്ലവവീര്യത്തെ കെടുത്തിയില്ല. എന്നുമാത്രമല്ല കൂടുതൽ കരുത്തുറ്റതാക്കുകയും ചെയ്‌തു.
ജയിൽമോചിതനായ ഉമാനാഥിന് ലഭിച്ച പാർട്ടി നിർദേശം കോയന്പത്തൂരിലെ തൊഴിലാളികളെ സംഘടിപ്പിക്കുവാനായിരുന്നു. കോയന്പത്തൂരിലെത്തിയ അദ്ദേഹം വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പക്ഷേ അവിടെ പ്രതിബന്ധങ്ങൾ നിരവധിയായിരുന്നു. ദൈനംദിന ചെലവുകൾക്കുപോലും പണമില്ലായിരുന്നു. ഭക്ഷണമില്ല, താമസസൗകര്യമില്ല. പൊലീസും ഗുണ്ടകളും ഏതുനിമിഷം വേണമെങ്കിലും ചാടിവീഴാവുന്ന അവസ്ഥയായിരുന്നു. അതുപോലെ തമിഴ് നല്ല വശമില്ലാതിരുന്നതും പ്രതികൂല ഘടകമായി. എന്നാൽ അതിനെയെല്ലാം ഇച്ഛാശക്തിയാൽ അദ്ദേഹം മറികടന്നു.
നല്ല ഗൃഹപാഠം ചെയ്‌ത് തമിഴ് നന്നായി പഠിച്ചു. താമസിയാതെ മികച്ച തമിഴ് പ്രസംഗകനായി അദ്ദേഹം ശോഭിച്ചു. ഉമാനാഥിന്റെ പ്രവർത്തനമികവുകൊണ്ട് കോയന്പത്തൂരിലും പരിസരപ്രദേശങ്ങളിലും ട്രേഡ് യൂണിയനുകളും കമ്യൂണിസ്റ്റ് പാർട്ടിയും ശക്തിപ്പെട്ടു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ സമഗ്രമായി മനസ്സിലാക്കുന്നതിനും അവയ്‌ക്കു പരിഹാരം തേടി പ്രക്ഷോഭങ്ങൾ നയിക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന മികവ് ഏറെ പ്രശംസിക്കപ്പെട്ടു. തൊഴിലുടമകളുമായുള്ള ചർച്ചകളിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അക്കമിട്ടു നിരത്തി നേടിയെടുക്കുന്നതിലും അസാമാന്യമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു.
റെയിൽവേ തൊഴിലാളി യൂണിയൻ അക്കാലത്ത് ശക്തമായിരുന്നു. ആ പ്രസ്ഥാനത്തിനു നേതൃത്വം നൽകാൻ തൃശ്‌നാപ്പള്ളിയിലെത്താൻ പാർട്ടി നിർദേശം വന്നു. എം കല്യാണസുന്ദരം, അനന്തൻ നന്പ്യാർ എന്നിവർ റെയിൽവേ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അവർക്കൊപ്പം ഉമാനാഥ് എത്തിയപ്പോൾ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി. 1948ൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. അതേത്തുടർന്ന് ഉമാനാഥുൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ഒളിവിലായി. ഒളിവു കാലയളവിലാണ് പിൽക്കാലത്ത് ജീവിതസഖിയായിത്തീർന്ന പാപ്പയുമായി പരിചയപ്പെട്ടത്. പാപ്പയും അവരുടെ മാതാവ് ലക്ഷ്‌മിയും പാർട്ടി രഹസ്യകേന്ദ്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നു. ആ അമ്മയും മകളും പൊലീസിന്റെ കിരാതമായ മർദനങ്ങൾക്ക് വിധേയരായി.
1952 ഒക്ടോബർ ഒന്പതിന് ഉമാനാഥും പാപ്പയും തമ്മിലുള്ള വിവാഹം നടന്നു. അന്ധവിശ്വാസത്തെ പരിഹരിക്കാൻ ബോധപൂർവം രാഹുകാലത്തുതന്നെ വിവാഹം നടത്തി.
പാർട്ടിയുടെ നിരോധനം പിൻവലിക്കപ്പെട്ടതിനെ തുടർന്ന് ഉമാനാഥ് വിവിധ വിഭാഗം തൊഴിലാളികളെ വിപുലമായി സംഘടിപ്പിച്ചു. ടെക്‌സ്‌റ്റൈൽ തൊഴിലാളികൾ, ബീഡി തൊഴിലാളികൾ, സിമന്റ് ഫാക്ടറി തൊഴിലാളികൾ തുടങ്ങിയവരെയെല്ലാം അദ്ദേഹം സംഘടിപ്പിച്ചു. സർക്കാരിനെയും മുതലാളിമാരെയും മുട്ടുകുത്തിച്ച നിരവധി സമരങ്ങൾ അദ്ദേഹം നയിച്ചു.
1962ലും 1967ലും അദ്ദേഹം പുതുക്കോട്ടെ നിയോജകമണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പാർലമെന്റേറിയനായിരുന്ന അദ്ദേഹത്തിന്റെ കന്നി പ്രസംഗം വധശിക്ഷ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു. പാർലമെന്റിലെ പ്രസംഗങ്ങൾ ഏറെ ശ്രദ്ധേയങ്ങളായി. ഓരോ പ്രസംഗത്തിനും മുന്പായി നല്ല മുന്നൊരുക്കം അദ്ദേഹം നടത്തിയിരുന്നു. അതിനായി അദ്ദേഹം കുറിപ്പുകൾ തയ്യാറാക്കുകയും റഫറൻസുകൾ ശേഖരിക്കുകയും ചെയ്‌തിരുന്നതായി സഹപ്രവർത്തകർ രേഖപ്പെടുത്തിയിട്ടുണ്ട്.
1977ലും 1980ലും അദ്ദേഹം നാഗപട്ടണത്തുനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എഐടിയുസിയുടെ ഇന്ത്യയിലെ തന്നെ പ്രമുഖ നേതാക്കളിലൊരാളായിരുന്ന ഉമാനാഥ് സിഐടിയു രൂപീകരിക്കപ്പെട്ടപ്പോൾ ആ സംഘടനയുടെ പ്രഥമ തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച ഉമാനാഥ് 1992ലെ ചെന്നൈ പാർട്ടി കോൺഗ്രസിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1995ൽ ചണ്ഡിഗഢിൽ ചേർന്ന പതിനഞ്ചാം പാർട്ടി കോൺഗ്രസിൽ പിബി അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2008 വരെ അദ്ദേഹം തൽസ്ഥാനത്ത് തുടർന്നു. സിപിഐ എം മുൻ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്‌ണൻ ഇങ്ങനെ രേഖപ്പെടുത്തി: ‘‘വർഗ‐ബഹുജന പ്രസ്ഥാനങ്ങളെ പാർലമെന്ററി പ്രവർത്തനവുമായി യോജിപ്പിച്ചു കൊണ്ടുപോകുന്നതിൽ ഉമാനാഥ് വിജയിക്കുകയുണ്ടായി. സഖാവ് ആർ യു എന്നായിരുന്നു എല്ലാവരും സ്‌നേഹത്തോടെ അദ്ദേഹത്തെ വിളിച്ചുപോന്നത്. പൊതു പ്രസംഗത്തിനോ പഠന ക്ലാസിനോ പാർട്ടി റിപ്പോർട്ടിങ്ങിനോ മുന്പ് അദ്ദേഹം വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിപ്പോന്നിരുന്നു. വളരെ ജനപ്രിയ പ്രസംഗകനായിരുന്നു. ശത്രുവിനെതിരായ പരിഹാസശരങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു പ്രസംഗങ്ങൾ. താത്വികവും പ്രായോഗികവുമായ കാര്യങ്ങൾ ഉപയോഗിച്ചുള്ള സമർഥമായ വിശകലനവും അവയിൽ ഉണ്ടാകുമായിരുന്നു. സ്‌ത്രീസമത്വത്തിനുവേണ്ടി വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടമാണ് അദ്ദേഹം നടത്തിയത്. തുല്യനീതിക്കുവേണ്ടിയുള്ളതും പുരുഷമേധാവിത്വത്തിനെതിരുമായ നിലപാടുകൾ പാർട്ടിയെക്കൊണ്ട് എടുപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിൽ നിന്നു. ആർ യുവിന്റെ വൈയക്തിക ഗുണങ്ങൾ ഏറെയാണ്. കഠിനാധ്വാനിയായ നേതാവായിരുന്നു അദ്ദേഹം. തീക്ഷ്‌ണമായ പ്രവർത്തനങ്ങൾക്കിടയിലും താത്വികപഠനങ്ങൾക്ക് സമയം കണ്ടെത്തി. രാഷ്‌ട്രീയവും വ്യക്തിപരവുമായ വിഷയങ്ങൾക്ക് തന്നെ സമീപിക്കുന്ന എല്ലാവരെയും ക്ഷമാപൂർവം ശ്രദ്ധിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുമായിരുന്നു. തലമുതിർന്ന നേതാവായിരുന്നിട്ടും ചെറുപ്പക്കാർക്കൊപ്പം പ്രവർത്തിക്കുമ്പോൾ ഇത്രയേറെ അനുഭവസന്പത്തുള്ള ഒരാളുടെ ഭാരമൊന്നും അവർക്കനുഭവപ്പെടില്ലായിരുന്നു. പാർട്ടി അച്ചടക്കത്തിന് പൂർണ വിധേയനായിരുന്ന ഉമാനാഥിന്റെ ജീവിതത്തിൽനിന്ന് പഠിക്കാനും പകർത്താനും ഏറെയുണ്ട്’’.
2014 മെയ് 21ന് ആർ ഉമാനാഥ് അന്ത്യശ്വാസം വലിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപകനേതാക്കളിലൊരാളും മുതിർന്ന സിപിഐ എം നേതാവുമായിരുന്ന പാപ്പ ഉമാനാഥാണ് ജീവിതപങ്കാളി. പാപ്പ 2010ൽ അന്തരിച്ചു. പരേതയായ ഡോ. ലക്ഷ്‌മി നേത്രാവതി, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം യു വാസുകി, യു നിർമലാറാണി എന്നിവർ മക്കൾ. l