പ്രകൃതിയെ അറിയുകയും പഠിക്കുകയും ചിത്രതലങ്ങളിലേക്കാവാഹിക്കുകയും ചെയ്‌തിരുന്ന വിശ്വോത്തര ചിത്രകാരർ നിരവധി. പ്രകൃതിദൃശ്യ രചനകൾക്ക് മറ്റ് വിഷയ ചിത്രങ്ങളോടൊപ്പം പ്രാധാന്യം നൽകിയ ആൽബർട്ട് ഡ്യൂറർ (1447‐1528), പീറ്റർ ബ്രൂഗൽ (1527‐1569), തോമസ് ഗൈൻസ് ബൊറോ (1727‐1788), ജോൺ കോൺസ്റ്റബിൾ (1776‐1837), വിൻസന്റ് വാൻഗോഗ് (1853‐1890) തുടങ്ങി ഇപ്പോഴും ഭൂഭാഗ ദൃശ്യരചനകൾക്ക് പ്രാധാന്യം നൽകുന്ന ചിത്രകാരർ നിരവധിയുണ്ട്. പ്രകൃതിയുടെ താളവർണമേളനങ്ങൾ പകർത്തുമ്പോൾ ആനന്ദം കണ്ടെത്തുകയും പ്രകൃതിയുടെ ചലനങ്ങൾ സൂക്ഷ്‌മനിരീക്ഷണം നടത്തുകയും ചെയ്‌തിട്ടുള്ളവരാണീ കലാകാരരൊക്കെ. ഭാരതീയ ചിത്രകലയിലും പ്രത്യേകിച്ച് കേരളീയ ചിത്രകലയിൽ രാജാരവിവർമ (അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളിലെ പശ്ചാത്തലമാകുന്ന പ്രകൃതിദൃശ്യം ശ്രദ്ധേയമാണ്)യുടെ ചിത്രങ്ങളും കെ സി എസ് പണിക്കരുടെ ആദ്യകാല ജലച്ചായ പ്രകൃതിദൃശ്യങ്ങളും എടുത്തുപറയേണ്ടവയാണ്. ഇവരിൽനിന്നൊക്കെ വ്യത്യസ്‌തനായി പ്രകൃതിദൃശ്യ രചനയിൽ മാത്രം ശ്രദ്ധിച്ച ചിത്രകാരനായിരുന്നു കൊടുങ്ങല്ലൂർ സ്വദേശിയായ മാധവമേനോൻ (1907‐1994). ഇന്ത്യൻ ചിത്രകലയിൽ ബംഗാൾ സ്‌കൂൾ സജീവമായിരുന്ന കാലത്താണ് പരന്പരാഗതാവിഷ്‌കാരത്തിൽനിന്നും ആധുനികതയുടെ പരിവർത്തനത്തിലേക്ക് മാധവമേനോന്റെ രചനകൾക്ക് രൂപപരിണാമം സംഭവിക്കുന്നത്. പ്രശസ്‌ത ചിത്രകാരനായ നന്ദലാൽ ബോസിന്റെ ശിക്ഷണത്തിലും അബനീന്ദ്രനാഥ ടാഗോർ, ഗഗനേന്ദ്രനാഥ ടാഗോർ എന്നിവരോടൊപ്പമുള്ള കാലഘട്ടവും മാധവമേനോന്റെ കലയെ പരുവപ്പെടുത്തിയെന്ന് പറയുന്നതാവും ശരി.
അക്കാലത്ത് നിലവിലിരുന്ന ബ്രിട്ടീഷ് അക്കാദമിക് നാച്വറലിസത്തിൽനിന്നും രവിവർമ ചിത്രശൈലിയിൽനിന്നുമുള്ള മാറ്റമായിരുന്നു മാധവമേനോന്റെ പ്രകൃതിദൃശ്യങ്ങളടങ്ങിയ രചനകൾ. അക്കാലചിത്രകാരരുടെ രചനകളിൽനിന്ന് മാറി പ്രകൃതിയുടെ സർഗാത്മകഭാവങ്ങളിലേക്ക് നടന്നുകയറുകയായിരുന്നു അദ്ദേഹം. അതിലദ്ദേഹം ഉറച്ചുനിൽക്കുമ്പോഴും 19‐ാം നൂറ്റാണ്ടിന്റെ സാംസ്‌കാരികാനുഭവങ്ങളെ പുതിയൊരു കാഴ്‌ചയായാണ് 20‐ാം നൂറ്റാണ്ടിലെ ഈ ചിത്രകാരൻ അവതരിപ്പിച്ചുവന്നത്.
മാധവമേനോന്റെ കലാപഠനകാലത്തും പിന്നീടും വിദേശകലാശൈലികൾ പഠിക്കുകയും കൊളോണിയൽ ഇന്ത്യൻ കലാവിഷ്‌കാരങ്ങളെ അറിയുകയും ചെയ്യുമ്പോഴും തന്റേതായ ശൈലീസങ്കേതങ്ങളിലൂടെയാണ് അദ്ദേഹം പ്രകൃതിയെ ആവാഹിച്ചവതരിപ്പിച്ചിരുന്നത്. മനുഷ്യരൂപങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ പ്രകൃതിക്കും ജീവജാലങ്ങൾക്കുമാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്. ഇന്ത്യയിൽ നിലനിന്നിരുന്ന നവോത്ഥാന ചിന്തകളുടെയും ബംഗാൾ സ്‌കൂൾ ശൈലിയുടെയും സ്വാധീനം അദ്ദേഹത്തിന്റെ ചില രചനാസങ്കേതത്തിന് പിൻബലമായിരുന്നു.
മാധനമേനോന്റെ ചിത്രലോകത്ത് കൂടുതലും തെളിമയാർന്ന പ്രകൃതിയാണ് കാണാനാവുക. പച്ചപ്പിന്റെ നിരവധിയായ ടോണുകളിൽ പാശ്ചാത്യവും പൗരസ്‌ത്യവുമായ രചനാശീലങ്ങളുടെ രചനാശൈലികളുടെ നിറമല്ല‐ മറിച്ച് പ്രകൃതിയുമായുള്ള സ്‌നേഹാർദ്രമായ ഒരു ഇഴചേരലാണ് ദൃശ്യമാകുന്നത് . അവിടെ പ്രകൃതിയുടെ ഭാഗമായ ജീവജാലങ്ങളും പക്ഷികളും തുന്പികളും പൂന്പാറ്റകളും പശ്ചാത്തലത്തിൽ കാറ്റും മഴയും മഞ്ഞും വേനലും തുടങ്ങിയ ഋതുഭേദങ്ങളൊക്കെ പല ചിത്രങ്ങളിലും അദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നു. ‘മുളങ്കാട്’ പ്രമേയമായ ചിത്രങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്‌തമായ രചനയാണ്. മുളങ്കാടിന്റെ സംഗീതധ്വനികളിൽ ഓടക്കുഴൽ നാദവും പക്ഷികളുടെ നാദധാരയും ചിത്രങ്ങളിൽ ഇഴചേർന്നു നിൽക്കുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ച് കലാനിരൂപകരുടെ അഭിപ്രായം ഇങ്ങനെ: ‘‘ചിത്രകാരൻ ശാന്തനായി പ്രകൃതിയുടെ മടിയിൽ ഏറ്റവും മാധുര്യമായ ഗീതങ്ങൾ ശ്രവിച്ചുകൊണ്ടും അതിസുന്ദരമായ കവിതകൾ രചിച്ചുകൊണ്ടും വശ്യമായ ചിത്രങ്ങൾ രചിച്ചുകൊണ്ടും കഴിയുന്നു’’.
അതിസൂക്ഷ്‌മമായ ഗ്രാഫിക്‌സ് സ്വഭാവത്തോടെ ലാളിത്യമാർന്ന രീതിയിലുമാണ് മാധവമേനോന്റെ ജലച്ചായ രചനകൾ പ്രകൃതിയുടെ ആദ്ധ്യാത്മിക തലങ്ങളിലേക്ക്/അമൂർത്ത തലങ്ങളിലേക്ക് വിരൽചൂണ്ടുന്നത്. അക്കാല ചിത്രകാരർ കടന്നുചെന്നിട്ടില്ലാത്ത ഒരു വേറിട്ട ചിത്രീകരണരീതിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ആധുനികതയുടെ അനന്തസാധ്യതകൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് പ്രകൃതിയെയും മറ്റ് രൂപങ്ങളെയും ‘യഥാതഥമായ’ കാഴ്‌ചയോടെ നവീനമായ രൂപമാതൃകകളിൽ വരച്ചുകാട്ടിയത്. പ്രത്യേകതയുള്ള മരങ്ങൾ, ചെടികൾ, പൂക്കൾ ഇവയൊക്കെച്ചേർന്ന പ്രകൃതിദൃശ്യങ്ങളിൽ പശുക്കൾ, പക്ഷികൾ, അണ്ണാൻ തുടങ്ങിയ ജീവജാലങ്ങളും പ്രത്യക്ഷപ്പെടുന്നു. പലതരത്തിലുള്ള താമരക്കുളം, മുളങ്കാട്, കുരങ്ങുകളും പക്ഷികളും, പശുക്കൂട്ടം, കാനനഭംഗി, ആനയും പാപ്പാനും, മയിൽ, കുയിലുകൾ, ഏകാന്തത, അരയന്നം, കാക്കകൾ എന്നിവയൊക്കെ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളിൽപെടുന്നു. നവീനമായ കാഴ്‌ചാനുഭവം പകർന്നുകൊണ്ടാണ് അപൂർവ ദൃശ്യചാതുരി പകർന്ന ചിത്രങ്ങൾ സൂക്ഷ്‌മാംശങ്ങൾ ചോർന്നുപോകാതെ അദ്ദേഹം ആവിഷ്‌കരിച്ചിട്ടുള്ളത്.
കൊടുങ്ങല്ലൂരിൽ 1907ൽ ജനിച്ച മാധവമേനോൻ സ്‌കൂൾ വിദ്യാഭ്യാസശേഷം മദിരാശിയിലും ആന്ധ്രയിലും പ്രാഥമികമായ കലാപഠനം നടത്തുകയും തുടർന്ന് ശാന്തിനികേതനിൽ ചിത്രകലാപഠനത്തിന് ചേരുകയുമുണ്ടായി. ഡി പി റോയ് ചൗധരിയുടെ ശിക്ഷണത്തിൽ മദിരാശി കോളേജ് ഓഫ് ആർട്‌സ് ആന്റ് ക്രാഫ്‌റ്റ്‌സിൽ നിന്നാണ് കലാപഠനം പൂർത്തിയാക്കുന്നത്. 1942ൽ തിരുവനന്തപുരം ശ്രീചിത്ര ഗ്യാലറിയിൽ ഡയറക്ടറായി നിയമിതനായി. പത്തുവർഷത്തിനുശേഷം അണ്ണാമല യൂണിവേഴ്‌സിറ്റിയുടെ ചിത്രകലാ മേധാവിയായി പ്രവർത്തിച്ചു. 1971ൽ ജോലിയിൽനിന്ന് വിരമിക്കുകയും കൊടുങ്ങല്ലൂരിൽ സ്ഥിരതാമസമാക്കുകയും ചെയ്‌തു. രാജാരവിവർമയെപോലെ ചിത്രകലയ്‌ക്കായി ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയും പ്രകൃതിയുടെ വ്യത്യസ്‌തഭാവങ്ങൾ പഠിക്കുകയും ചെയ്‌ത ചിത്രകാരനായിരുന്നു മാധവമേനോൻ. മരിക്കുംവരെ ചിത്രരചന തപസ്യയാക്കിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1994ൽ അദ്ദേഹം കലാലോകത്തോട് വിടപറഞ്ഞു. തിരുവനന്തപുരം മ്യൂസിയത്തെ ശ്രീചിത്രാ ഗ്യാലറിയിലടക്കം ഇന്ത്യയിലും വിദേശത്തുമുള്ള പ്രധാന ആർട്ട് ഗ്യാലറികളിൽ മാധവമേനോന്റെ ചിത്രങ്ങൾ സൂക്ഷിക്കുന്നുണ്ട്. l