മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു തെയ്യം മാത്രമാണ് സ്ത്രീ കെട്ടിയാടുന്നത്‐ കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് ചെറുകുന്ന് തെക്കുമ്പാട് ദ്വീപിൽ ദേവക്കൂത്തു എന്ന പെൺ തെയ്യം കേട്ടിയാടുന്നത്. വടക്കേ മലബാറിന്റെ തെയ്യത്താളത്തിൽ വിശേഷപ്പെട്ട ഒന്നായി ഇതു മാറുന്നത് പെണ്ണിന്റെ ചരിത്രം പെണ്ണു തന്നെ പറയുന്നു എന്നതുകൊണ്ട് കൂടിയാണ്. തെക്കുമ്പാട് കൂലോം തായേ കാവിൽ ഇപ്പോൾ ദേവക്കുത്തു കെട്ടുന്നത് അംബുജാക്ഷി ആണ്. കൂടുതൽ തവണ ദേവക്കൂത്തു കെട്ടിയത് അംബുജാക്ഷിക്കു മുൻപ് തെയ്യം കെട്ടിയ ചിരുതയാണ്. പിന്നാലെ ലക്ഷ്മിയമ്മയും 14 വർഷത്തിനിടെ ഏഴു തവണ തെയ്യം കെട്ടുകയുണ്ടായി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ജോലിയുണ്ടായിരുന്നു അവർക്ക്. 2010ൽ അംബുജാക്ഷി വേഷം കെട്ടിത്തുടങ്ങി. ലക്ഷ്മിയമ്മയുടെ ഭർത്താവ് കാട്ടുപറമ്പ് കേളു പണിക്കരും അംബുജാക്ഷിയുടെ ഭർത്താവ് കണ്ണൻ പണിക്കരും പ്രദേശത്തെ അറിയപ്പെടുന്ന തെയ്യം കലാകാരന്മാരാണ്. ലക്ഷ്മിയമ്മ നാല്പത്തിയെട്ടാമത്തെ വയസ്സിലാണ് ആദ്യം തെയ്യം കെട്ടിയത്. സാധാരണ തെയ്യം കെട്ടുന്നയാളുടെ ഒന്നാം അവകാശിയാണ് പിന്നീട് തെയ്യം കേട്ടാറുള്ളത്. ഒന്നാം അവകാശിക്ക് എന്തോ അസൗകര്യം വന്നപ്പോളാണ് ലക്ഷ്‌മിയമ്മ കെട്ടാനിടയായത്. ഉത്തരവാദപ്പെട്ടവർ കൂടിയാലോചിച്ച് രണ്ടാം അവകാശി കെട്ടട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. ഭർത്താവ് വീട്ടിൽവന്ന് കാര്യം പറഞ്ഞപ്പോൾ ഉൾക്കൊള്ളാൻ പ്രയാസപ്പെട്ടിരുന്നു. ദേവക്കൂത്തു മുൻപ് അവർ കണ്ടിരുന്നില്ല. നാല്പത്തിയൊന്ന് ദിവസത്തെ വ്രതം അനുഷ്ഠിക്കുകയും വേണം. മുദ്രകളും ശ്ലോകങ്ങളും ഒന്നും അറിയില്ലായിരുന്നു തോണിയിൽ വേണമായിരുന്നു ദ്വീപിൽ പോകാൻ. ചെറിയ കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നത് കാരണം അവരെ വിട്ടുപോകാനും കഴിഞ്ഞില്ല. ഭർത്താവാണ് പിന്നീട് എല്ലാം പഠിപ്പിച്ചത്. പാട്ട് പാടുന്നതിൽ താല്പര്യം ഉണ്ടായിരുന്നു. എല്ലാംകൂടി ആയപ്പോൾ പിന്മാറാൻ പറ്റാത്ത അവസ്ഥയായി.
പിന്നീട് കാലിനു വേദന വന്നപ്പോൾ ലക്ഷ്മിയമ്മയും നിർത്തി. പലരോടും കേണപേക്ഷിച്ചു. കാരണം ആചാരങ്ങളനുസരിച്ചു കെട്ടിവന്നിരുന്ന തെയ്യം മുടങ്ങിപ്പോകുന്നത് ദേശവാസികൾ സഹിക്കുന്ന കാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ ഒട്ടും മുടങ്ങാതെ തെയ്യം കെട്ടിയാടുവാനുള്ള സംവിധാനമാണ് ഏവരും ആലോചിച്ചത്. ഒടുവിൽ അംബുജാക്ഷി തെയ്യം കെട്ടണമെന്ന തീരുമാനത്തിലെത്തി. പതിനൊന്നാം വയസ്സിലാണ് അവർ ആദ്യം തെയ്യം കെട്ടിത്തുടങ്ങിയത്. അവരുടെ അച്ഛനും സഹോദരങ്ങളും തെയ്യം കെട്ടി പരിചയമുള്ളവരായിരുന്നു. ഒരു തവണ മാത്രം തെയ്യം കണ്ട പരിചയമേ അവർക്കുണ്ടായിരുന്നുള്ളൂ. ലക്ഷ്മിയമ്മ വന്നു പറഞ്ഞപ്പോൾ ശരിക്കും പേടി തോന്നിയിരുന്നുവെന്ന് അവർ ഓർക്കുന്നു. പേടിയൊക്കെ ഉണ്ടായിരുന്നെങ്കിലും നന്നായി വേഷം ചെയ്തുവെന്ന് ലക്ഷ്മിയമ്മ സാക്ഷ്യപ്പെടുത്തുന്നു. മറ്റു തെയ്യക്കോദേവക്കൂത്തു തീർത്തും വ്യത്യസ്തമാണ്. ഉറഞ്ഞുതുള്ളുന്ന തെയ്യമേ ആയിരുന്നില്ല ദേവക്കുത്തു. മന്ത്രതന്ത്ര കർമ്മങ്ങൾ അനുശീലിച്ചു പെണ്ണുടലിൽ ആടുന്ന തെയ്യമായിരുന്നു. മറ്റു തെയ്യങ്ങളെപ്പോലെ തോറ്റവും വായ് ത്താരിയും ഉണ്ടായിരുന്നില്ല. സമ്പത്തും അഭിവൃദ്ധിയും വർധിക്കാനുള്ള സ്തോത്രം മാത്രം ചൊല്ലുകയാണ് പതിവ്. ഈ തെയ്യത്തിന്റെ കഥയെ ആസ്‌പദമാക്കിയാണ് മനോജ് കാന ചായില്ല്യം എന്ന സിനിമ ചെയ്‌തിരിക്കുന്നത്. l