കേരളനവോത്ഥാനത്തിലെ കീഴാളസ്ത്രീശബ്ദങ്ങൾ 

നവീൻ  പ്രസാദ് അലക്സ്

നവീൻ പ്രസാദ് അലക്സ്
(2025 ഏപ്രിൽ 14 അംബേദ്കർ ജയന്തി. ഏപ്രിൽ ദളിത്ചരിത്രമാസം)

കേരളത്തിന്റെ ചരിത്രത്തിൽ പ്രധാനപ്പെട്ട ഏടുകളിലൊന്നാണ്
നവോത്ഥാനം. കേരള സമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിൽ
ഏറ്റവും വലിയ പങ്കുവഹിച്ച ഒരു സാമൂഹികമുന്നേറ്റം കൂടെയാണിത് .
ഇന്ത്യയിലെ നവോത്ഥാനത്തിൻറെ തന്നെ സുപ്രധാനമായ ഭാഗമായി
കണക്കാക്കുന്ന ബംഗാൾ നവോത്ഥാനത്തിൽ നിന്നും വിഭിന്നമായി
കീഴ്ത്തട്ടുജനവിഭാഗങ്ങളിൽ നിന്നും ആരംഭിച്ച്  തീർത്തും
അബ്രാഹ്മണമായ മൂല്യങ്ങൾ ഉയർത്തിപിടിച്ചാണ് ഈ മുന്നേറ്റം
വികസിച്ചത്. ബ്രാഹ്മണപുരുഷാധിപത്യത്തോടു കലഹിച്ചുകൊണ്ട്
ലിംഗനീതിക്കു വേണ്ടി നടന്ന പോരാട്ടങ്ങൾ  നവോത്തണ  മുന്നേറ്റത്തിന്റെയും
കേരളത്തിന്റെ സ്ത്രീവിമോചനപോരാട്ടങ്ങളുടെയും ഒഴിവാക്കാനാവാത്ത ഭാഗങ്ങളാണ്. മാറുമറക്കൽസമരവും കല്ലുമാലസമരവും ബ്രാഹ്മണപുരുഷാധിപത്യം അടിച്ചേൽപ്പിച്ച അടിച്ചമർത്തലുകൾക്കെതിരെ കീഴാളസ്ത്രീകൾ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളാണ്.

കേരള നവോത്ഥാനത്തിന്റെ ഭാഗമായ  നിരവധി സാമൂഹികനീതിസമരങ്ങളിൽ  നേതൃത്വപരമായ പങ്ക് സ്ത്രീകൾ വഹിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം. എന്നാൽ മുഖ്യധാരാചരിത്രം അവരുടെ സംഭാവനകളെ പലപ്പോഴും  അവഗണിക്കുകയും നവോത്ഥാനനായകസ്ഥാനം പുരുഷ
നേതാക്കൾക്ക്  നല്കുകയും ചെയ്തു. ഈ ചരിത്രപരമായ
അദൃശ്യതയെ ചോദ്യം ചെയ്യുവാനും  നവോത്ഥാന പ്രവർത്തനങ്ങളുടെ
മുന്നിൽ നിന്ന് കേരളത്തിന്റെ സാമൂഹിക നീതിപ്രസ്ഥാനങ്ങൾക്ക്
രൂപം നല്കിയ സ്ത്രീ നേതാക്കളുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുമുള്ള ശ്രമമാണ് ഈ ലേഖനം.

പ്രത്യക്ഷ രക്ഷ ദൈവ സഭ (PRDS), മഹാത്മാഅയ്യൻ‌കാളി നയിച്ച വിപ്ലവപ്രസ്ഥാനം, ചേരമർ മഹാസഭ എന്ന പ്രസ്ഥാനങ്ങളിലെ സ്ത്രീകളുടെ നേതൃത്വത്തെ മുൻനിർത്തിയാണ് ഈ അന്വേഷണം നടത്തുന്നത്.

പിആർഡിഎസിലെ മുന്നണി പോരാളികൾ  
പൊയ്കയിൽ അമ്മച്ചി (വി ജാനകി)

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോയ്കയിൽ അപ്പച്ചൻ സ്ഥാപിച്ച പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) ആത്മീയവും സാമൂഹികവുമായ  വിമോചനത്തിനുവേണ്ടി പോരാടിയ ഒരു വിപ്ലവാത്മകപ്രസ്ഥാനമായിരുന്നു. ലിംഗനീതിയെ പറ്റി വ്യക്തമായ കാഴ്ചപാട് മുന്നോട്ട് വെച്ച പ്രസ്ഥാനമാണ് പി.ആർ.ഡി.എസ്. ഈ പ്രസ്ഥാനത്തിന്റെ സമസ്‌ത മേഖലകളിലും സ്ത്രീകൾ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. പി. ആർ. ഡി. എസ്. നടിപ്പിലാക്കിയ ഏറ്റവും വിപ്ലവകരമായ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു പുരോഹിതരായി സ്ത്രീകളെ നിയമിക്കുന്ന സമ്പ്രദായം.  ഇന്നും എത്രമാത്രം മതസ്ഥാപങ്ങൾക്ക്ക്കിത്  നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഇതിനെ കൂടുതൽ പ്രസക്തമാക്കുന്നു. ആത്മീയമായ യോഗങ്ങൾ സംഘടിപ്പിക്കുക,, പ്രഭാഷണങ്ങൾ നടത്തുക, പി.ആർ.ഡി.എസിന്റെ അഭിവാജ്യഘടകമായ പാട്ടുകൾ രചിക്കുകയും ആലപിക്കുകുയും ചെയ്യുക തുടങ്ങി  പ്രസ്ഥാനത്തിന്റെ ആത്മീയമായ എല്ലാ പ്രവർത്തനങ്ങളിലും സ്ത്രീകളുടെ വ്യക്തമായ പങ്കാളിത്തം കാണാം. കുമരകം ചിന്നമ്മ, കള്ളകുറ്റി മരിയ, കുഴിയടി അമ്മ എന്നീ  സ്ത്രീകളായിരുന്നു ഈ പ്രവർത്തങ്ങളുടെ മുന്നിൽ നിന്നത്. കുമരകം അടക്കമുള്ള പ്രദേശങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചും പ്രഭാഷണങ്ങൾ നടത്തിയും പ്രവർത്തങ്ങൾ ആരംഭിച്ച കുമരകം ചിന്നമ്മ പിന്നീട് ഒരു നിർണായക സാഹചര്യത്തിൽ സവർണ്ണരുടെ ആക്രമണങ്ങളിൽ നിന്നും അപ്പച്ചനെ സംരക്ഷിക്കുന്നതിനും നേതൃത്വം നൽകുന്നുണ്ട്. തുടർന്ന് പി. ആർ. ഡി. എസ്‌ന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായി കുമരകം ചിന്നമ്മ മാറി . പി. ആർ. ഡി.എസിലേക് ഒരാൾ കടന്നുവരുന്നതിനു മുൻപ് നൽകുന്ന യോഗമാണ് രക്ഷാ നിർണയക യോഗം. പി. ആർ. ഡി. എസിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നാണ് രത്ഥാനിർണയക യോഗം.  രക്ഷാനിർണയകയോഗം സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിന്ന സ്ത്രീകൾ ആയിരുന്നു കുഴിയടി അമ്മയും കള്ളകുറ്റി മരിയയും. കള്ളകുറ്റി മരിയ പല യോഗങ്ങളിലും അപ്പച്ചന്റെ പ്രതിനിധിയായും പങ്കെടുക്കുകയുണ്ടായി. ഇതിൽ എടുത്തുപറയേണ്ടത് ആലമ്പള്ളിയിൽ സംഘടിപ്പിച്ച യോഗമാണ്.അവിടെ ആക്രമണസാധ്യത കണക്കിലെടുത്ത്  അപ്പച്ചൻ യോഗത്തിനെത്തിയില്ല.പകരം കള്ളകുറ്റി മരിയയെ
അപ്പച്ചൻ യോഗത്തിന്റെ ചുമതയേൽപ്പിച്ചു, തോട്ടം തൊഴലാളികൾ പങ്കെടുത്ത ഈ യോഗം വലിയ വിജയമാകുകയും വളരെയധികം പേർ പ്രസ്ഥാനത്തിലേക്ക് കടന്നുവരികയും ചെയ്തു. രക്ഷാനിർണ്ണയക യോഗങ്ങളും മറ്റു പൊതുയോഗങ്ങളും
സംഘടിപ്പിക്കുക, പി.ആർ.ഡി.എസിന്റെ ആശയത്തെ പറ്റി
സംസാരിക്കുക , വിവിധ ശാഖകളിലെ ആത്മീയപ്രചരണങ്ങൾ സംഘടിപ്പിക്കുക  മുതലായ പ്രവർത്തനങ്ങൾക്കായി 314 പ്രവത്തകരുടെ ഒരു സംഘത്തെ  അപ്പച്ചന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു, മേൽ പറഞ്ഞ സ്ത്രീകൾക്ക് പുറമെ കുഴിയടി
അമ്മ, കുറ്റിപ്പൂവത്തുങ്ങൾ അമ്മ, തെക്കാട്ടിൽ അമ്മ, എന്നിവർ
ഈ സംഘത്തിലെ പ്രധാനപ്പെട്ട അംഗങ്ങളായിരുന്നു.
പി.ആർ.ഡി.എസ് തുടർച്ചയായ അക്രമങ്ങളെ പ്രതിരോധിച്ചാണ് മുന്നോട്ടു  പോയത്. ഈ  പ്രതിരോധത്തിനു മുന്നിൽ നിന്നത് പി.ആർ.ഡി.എസിലെ വനിതാനേതാക്കളായിരുന്നു. അപ്പച്ചനെ വധിക്കുകയും അങ്ങനെ പ്രസ്ഥാനത്തെ വേരോടെ ഇല്ലാതാക്കുകയുമായിരുന്നു   ആക്രമണങ്ങളുടെ പിന്നിലെ ഉദ്ദേശം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 1909 ൽ പി.ആർ.ഡി.എസ് യോഗത്തിനു നേരെ വാകത്താനത്തു നടന്ന ആക്രമണമാണ്.

സിറിയൻ ക്രിസ്ത്യൻ സവർണ ജന്മികൾ അഴിച്ചുവിട്ട ഈ ആക്രമണം കേവലം യോഗം അലങ്കോലപ്പെടുത്തുക എന്നതിനപ്പുറം അപ്പച്ചനെ വധിക്കാനുദ്ദേശിച്ചായിരുന്നു. പ്രസ്ഥാനത്തെ  ഇല്ലാതാക്കാനുള്ള
വ്യക്തമായ  ആസൂത്രണം ഇതിനു പിന്നിലുണ്ടായിരുന്നു. ഈ
ആക്രമണത്തെ പി ആർ ഡി എസിലെ സ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രതിരോധിച്ചത് . നടവേലിപറമ്പിൽ കൊച്ചാച്ചിയുടെ നേതൃത്വത്തിൽ അക്രമികളുടെ നേരെ ചൂടുവെള്ളം ഒഴിക്കുകയും,അരിവാളുകൾ ഉപയോഗിച്ചു അക്രമികളെ സ്ത്രീകൾ നേരിടുകയും ചെയ്തു. ഇതിനിടയിൽ അപ്പച്ചനെ  സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും അദ്ദേഹത്തെ രക്ഷിക്കാനും ഇവർക്ക് സാധിച്ചു. തുടർന്ന്
വെട്ടിയാട് എന്ന സ്ഥലത്തുണ്ടായ  സമാനമായ മറ്റൊരു  ആക്രമണത്തിൽ, അപ്പച്ചന് പരിക്കേൽക്കുകയുണ്ടായി. ഇവിടെയും സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിരോധമുയർത്തി . ഈ പ്രതിരോധത്തിനിടയിൽ ഏലി എന്ന സ്ത്രീ
രക്തസാക്ഷിയാവുകയുണ്ടായി. ഇവരെ പി ആർ ഡി എസ്
അനുയായികൾ ‘വെട്ടിയാട്ടമ്മ’ എന്ന് വിശേഷിപ്പിക്കുന്നു.
അടുത്ത വർഷം കുമരകത്ത് നടന്ന വലിയ ഒരു യോഗത്തിലും  ആക്രമണം ഉണ്ടായി .കുമരകം ചിന്നമ്മയായിരുന്നു ഇവിടെ പ്രതിരോധത്തിന് നേതൃത്വം നൽകിയതും, ഒരു തോണിയിൽ അപ്പച്ചനെ ആലപ്പുഴയിലേക്ക് രക്ഷിച്ചു കൊണ്ടുപോയതും.
അപ്പച്ചന്റെ മരണത്തിനു ശേഷം അപ്പച്ചന്റെ ഭാര്യ പൊയ്കയിൽഅമ്മച്ചി എന്ന വി ജാനമ്മയാണ് പ്രസ്ഥാനത്തെ നയിച്ചത് . 40 വർഷത്തിലേറെ പ്രസ്ഥാനത്തെ നയിച്ച അമ്മച്ചി ലോകത്തു തന്നെ ഒരു ആത്മീയ നോവോത്ഥാനപ്രസ്ഥാനത്തെ ഇത്രയും കാലം നയിച്ച ഏകസ്ത്രീയായി കണക്കാക്കപ്പെടുന്നു. അമ്മച്ചിയുടെ നേതൃത്വത്തിൽ പിആർഡിഎസിനെ നിരവധി ശാഖകളുള്ള ഒരു കേന്ദ്രീകൃതസ്ഥാപനമാക്കി മാറ്റുകയും, വനിതാ യുവജന വിഭാഗങ്ങൾക്ക് തുടക്കംകുറിക്കുകയും, “ആദിയർ ദീപം” എന്ന ഔദ്യോഗികപ്രസിദ്ധികരണം ആരംഭിക്കുകയും ചെയ്തു. അപ്പച്ചന്റെ ഓർമക്കായി ഇരവിപേരൂരിൽ സ്മാരകം നിർമ്മിച്ചതും
അമ്മച്ചിയാണ്. ഇത്തരത്തിൽ നവോത്ഥാന ചരിത്രത്തിൽ
അടയാളപ്പെടുത്തേണ്ട ഇടപെടലുകളാണ് പിആർഡിഎസിലെ
സ്ത്രീകൾ നടത്തിയിട്ടുള്ളത്. എന്നാൽ മുഖ്യധാരാചരിത്രം
പലപ്പോഴും ഈ ധാരയെ അവഗണിക്കുന്നതായി കാണാം.
അയ്യങ്കാളി പ്രസ്ഥാനത്തിലെ പങ്കാളിത്തം
പിആർഡിഎസിലെ സ്ത്രീകളെ പോലെതന്നെ, അയ്യൻകാളിയുടെ
വിപ്ലവപ്രസ്ഥാനത്തിലും സ്ത്രീകൾ ജാതിഹിംസയ്ക്കും സാമൂഹികഅസമത്വങ്ങൾക്കും എതിരെ സധൈര്യം പോരാടി. പരിമിതമായ വിവരങ്ങൾ മാത്രമേ ഇത് സംബന്ധിച്ചു ലഭിച്ചിട്ടുള്ളൂ. എങ്കിലും  അയ്യൻകാളിയോടൊപ്പം കല്ലുമാല സമരം അടക്കമുള്ള പ്രക്ഷോഭങ്ങളിലും സാധുജനപരിപാലന സംഘത്തിലും നിരവധി സ്ത്രീകൾ പ്രധാനപങ്ക് വഹിച്ചുവെന്നത് വ്യക്തം . എന്നിപ്പാച്ചി, കാലു, അമ്മു, കുളൂരി, അന്നിയത്താൾ അത്താണി തുടങ്ങിയ പ്രമുഖ നേതാക്കളും സാധുജനപരിപാലനസംഘം വഴി ദളിത്സമുദായങ്ങളെ ഏകീകരിക്കുന്നതിലും, യോഗങ്ങൾ സംഘടിപ്പിക്കുന്നതിലും, അവകാശങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം നടത്തുന്നതിലും, സമരങ്ങൾ നയിക്കുന്നതിലും  അയ്യൻകാളിയോടൊപ്പം നിർണായകപങ്ക്
വഹിച്ചു. അയ്യൻകാളിയുടെ പ്രേരണയിൽ ആലുവയിലെ പുലയ
സ്ത്രീകൾ, കൊച്ചുകാളിയുടെ നേതൃത്വത്തിൽ, കല്ലുമാലകള്‍
ഉപേക്ഷിക്കുകയും ഇതിനെ തുടര്‍ന്ന് അയ്യൻകാളി അവർക്ക്
മേൽവസ്ത്രം സമ്മാനിക്കുകയും സംഘം പ്രവർത്തനങ്ങളിൽ
ചേരാൻ ക്ഷണിക്കുകയും ചെയ്തു. പിന്നീട്, കൊച്ചുകാളി ദളിത്
കർഷക തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സവർണ
ജന്മിമാർക്കെതിരെ പ്രതിരോധം ഏകീകരിക്കുന്നതിൽ ശ്രദ്ധേയയായ
ഒരു നേതാവായി മാറി.
പാലിയം ,കുട്ടംകുളം , നടവരമ്പ് സമരങ്ങളിലെ ശക്തിമയികൾ 

പി സി കുറുമ്പ

കേരളനവോത്ഥാനത്തിലെ പ്രധാന  പ്രക്ഷോഭസമരങ്ങളാണ്
പാലിയം , കുട്ടംകുളം , നടവരമ്പ് സമരങ്ങൾ  എന്നിവ. ഈ മൂന്ന് സമരങ്ങളുടെയും നേതൃത്വത്തിലെ സ്ത്രീസാന്നിധ്യം ശ്രദ്ധേയമാണ്. ഈ മൂന്ന് സമരങ്ങളിലും നിർണായക പങ്കു വഹിച്ച സ്ത്രീയാണ് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെയും പുലയമഹാ സഭയുടെയും പ്രവർത്തകയായ സഖാവ് പി.സി. കുറുമ്പ. കൂടൽമാണിക്യം ക്ഷേത്രത്തിന്റ പരിസരത്ത്  ദളിത്സമുദായങ്ങൾക്ക്  സഞ്ചാരസ്വാതന്ത്ര്യം നിരോധിച്ച അസ്പർശ്യതയുടെ ദുഷ്പ്രവൃത്തി എതിര്‍ക്കുന്നതിന് 1946-ൽ ആരംഭിച്ച സമരം ആയിരുന്നു കുട്ടംകുളം സമരം. വഴിനടക്കൽ സമരം എന്ന പേരിലും ഇതറിയപ്പെടുന്നു. കമ്മ്യൂണിസ്റ്റ്പാർട്ടി, പുലയ മഹാസഭ, എസ് എൻ ഡി പി, പ്രജാമണ്ഡലം എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വമായിരുന്നു സമരം നയിച്ചത്.

സമരത്തിലെ മറ്റു പ്രധാന വനിതാനേതാക്കളായിരുന്നു സഖാക്കൾ
കെ.വി. കാളി, കെ.കെ. ചക്കി, ചാമ്മിക്കുട്ടി എന്നിവർ. പി.സി.
കുറുമ്പ സമരനേതൃത്വത്തിനായി രൂപീകരിച്ച കർമ്മസമിതിയുടെ
നാലംഗ ഏകോപസമിതിയിൽ അംഗമായിരുന്നു. തുടർന്ന്, കെ.വി.
കാളി, കെ.കെ. ചക്കി, പി.സി. കുറുമ്പ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തന സമിതിയുടെ കീഴിൽ ഒരു പ്രചാരണസംഘവും രൂപീകരിക്കപ്പെട്ടു. 1946-ൽ കുട്ടം കുളത്ത് സഞ്ചാരസ്വാതന്ത്ര്യ അവകാശമാവശ്യപ്പെട്ടുകൊണ്ട് ചരിത്രപ്രസിദ്ധമായ  മാർച്ച് നടന്നു. മാർച്ചിനിടെ, പ്രക്ഷോഭക്കാർ”തീണ്ടൽ പലക”
പറിച്ചുമാറ്റുകയുണ്ടായി. സമരത്തിൽ പങ്കെടുത്ത എല്ലാ സ്ത്രീകളും സാരി ധരിച്ചിരുന്നു എന്നത് അവരുടെ അഭിമാനവും പ്രതിരോധവും ഉയർത്തിയ ഒരു പ്രവർത്തിയായിരുന്നു(അന്ന് പിന്നോക്കവിഭാഗക്കാർ സാരി ഉടുത്തിരുന്നില്ല ). പ്രക്ഷോഭകരെ  സവർണ്ണരും പോലീസും കൂടി ദാരുണമായി മർദ്ദിച്ചു. സഖാവ് കുറുമ്പയെ അറസ്റ്റ് ചെയ്തു  ക്രൂരമായി മർദിക്കുകയും പുരുഷസെല്ലിലിട്ടു പൂട്ടുകയും ചെയ്തു. കൊച്ചിരാജാവ് പരിഹാരം ഉറപ്പുനൽകിയെങ്കിലും നടപടികൾ
എടുക്കാൻ ഏകദേശം ഒരു വർഷം എടുത്തു.

1960 ൽ നടന്ന നടവരമ്പു സമരം പുലയകർഷകരെ കൂടിയിറക്കാനുള്ള  സവർണ്ണ ജന്മികളുടെ ശ്രമങ്ങൾക്കെതിരെ നടന്നതാണ്.കമ്മ്യൂണിസ്റ്റ് പാർട്ടി, കർഷക തൊഴിലാളി യൂണിയൻ, പുലയമഹാസഭ എന്നീ  സഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭസമരത്തിൽ പ്രധാന പങ്കുവഹിച്ച സ്ത്രീനേതാക്കളായിരുന്നു പി.സി.കുറുമ്പയും ചക്കിയും. പ്രക്ഷോഭകരുടെ ശക്തി പൊലീസിനെ അവരുടെ ആക്രമണാത്മക നടപടികളിൽ നിന്നും പിൻമാറാൻ പ്രേരിപ്പിച്ചിരുന്നെങ്കിലും, പ്രക്ഷോഭത്തിന്റെ പ്രധാനനേതാക്കളായ കുറുമ്പ ഉൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്തു.
ദളിത്ബഹുജൻ സമുദായങ്ങൾക്ക് പുതിയതൃക്കാവ് ശിവക്ഷേത്രത്തിന് മുന്നിലും സമീപപ്രദേശങ്ങളിലും കൊച്ചി മഹാരാജാവിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചൻമാരും സവർണ്ണഭൂഉടമകളും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച സവർണാധിപത്യനടപടികൾക്കെതിരെ നടന്ന ബഹുജനപ്രക്ഷോഭമാണ് പാലിയം സമരം.
1947 ജൂണിൽ, പൊതുവഴിയിലൂടെ നടന്ന ഒരു അവർണ്ണവൃദ്ധനെ മർദിച്ചു കൊന്നതിനെ തുടർന്ന് പൊതുസമൂഹത്തിൽ നിന്നും ഉയർന്നുവന്ന പ്രതിഷേധം പാലിയംറോഡ് സമരസമിതിയുടെ രൂപവത്കരണത്തിന് വഴിവച്ചു. സമിതിയിൽ പ്രജാമണ്ഡലം, എസ്.എൻ.ഡി.പി, കമ്മ്യൂണിസ്റ്റ് പാർട്ടി,പുലയ മഹാസഭ എന്നിവയുടെ പ്രതിനിധികൾ ഉണ്ടായിരുന്നു. സമിതിയുടെ മുഖ്യഅംഗങ്ങളിലൊരാളായിരുന്നു പുലയമഹാസഭയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രമുഖപ്രവർത്തക സഖാവ് കെ.സി. കാളി. അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ ഉയർത്തിക്കൊണ്ട്  ദളിത് സമൂഹങ്ങളെ ഏകോപിപ്പിക്കുകയും പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും   പ്രതിഷേധപ്രകടനങ്ങൾ നടത്തുകയും ചെയ്ത്  കെ.സി. കാളി പ്രസ്ഥാനത്തിൽ  നിർണായകപങ്ക് വഹിച്ചു. പാലിയത്തച്ചൻമാരുടെ ഗുണ്ടകളുടെ ക്രൂരമായ ആക്രമണങ്ങൾ നേരിടേണ്ടി വന്നെങ്കിലും സമരത്തിൽ ഉറച്ചുനിന്ന് ഔദ്യോഗികമായി ഒരു ഹർജി സമിതി സമർപ്പിച്ചു.
പാലിയം റോഡ് ഡിസംബർ 3-ന് തുറക്കില്ലെങ്കിൽ സത്യാഗ്രഹികൾ നിയന്ത്രിതപ്രദേശത്തിലൂടെ മാര്‍ച്ച് നടത്തുമെന്ന് 1947 നവംബർ 26-നു സമരസമിതി അധികൃതർക്ക് അന്ത്യശാസനം നൽകി . പ്രക്ഷോഭം ഡിസംബർ 4-ന് സി.കേശവൻ ഔദ്യോഗികമായി ആരംഭിച്ചു. എന്നാൽ, പാലിയത്തച്ചൻമാർ റോഡ് സ്വകാര്യസ്വത്താണെന്ന് അവകാശപ്പെട്ട് കോടതി ഉത്തരവ് നേടി. അവർ നിയന്ത്രണങ്ങൾ തുടരാൻ ശ്രമിക്കുകയും പ്രക്ഷോഭം അടിച്ചമർത്താൻ പൊലീസ് സാന്നിധ്യം ശക്തമാക്കുകയും ചെയ്തു. സമരം കടുത്തതോടെ ടി. ഇ. ബാലനും ആവൻവൈദ്യനും പൊലീസ് അതിക്രമത്തിൽ രക്തസാക്ഷിത്വംവരിച്ചു.(സുരേന്ദ്രൻ 2023, കൃഷ്ണൻകുട്ടി 2019). കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജി. രഹസ്യമായി സ്ഥലത്തെത്തി സമിതിയുമായി ചർച്ചനടത്തി. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം എ.കെ.ജി. മൂന്ന് മാർച്ചുകൾ സംഘടിപ്പിച്ച് ക്ഷേത്രത്തിലേക്ക് നീങ്ങാൻ നിർദേശിച്ചു.  മാർച്ചുനടക്കുന്നതിന് മുമ്പ് എ.കെ.ജി. അറസ്റ്റുചെയ്യപ്പെട്ടു. എന്നാൽ സമിതിയംഗങ്ങൾ പദ്ധതി മുന്നോട്ട് കൊണ്ടുപോയി.കെ.സി. കാളി പാട്ടക്കുളത്തുനിന്ന്
ക്ഷേത്രത്തിലേക്കുള്ള മാർച്ചിന് നേതൃത്വം നൽകി. കാളിയുടെ
“ജാതിവ്യവസ്ഥയ്ക്ക് മരണം, ഇൻക്വിലാബ് സിന്ദാബാദ്” എന്ന
മുദ്രാവാക്യം പ്രക്ഷോഭത്തിന്റെ ശബ്ദമായി മാറി.കാളി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുകയും മുദ്രാവാക്യം മുഴക്കുകയും  ചെയ്തു.കാളിയെ അറസ്റ്റ് ചെയ്ത് ക്രൂരമായ പീഡനത്തിനിരയാക്കി. 96 ദിവസത്തെ സമരത്തിനുശേഷം, അധികാരികൾക്ക്  ദളിത് സമൂഹങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കേണ്ടി വന്നു. 1948-ൽ, സർക്കാർ  സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും അനുവദിക്കുകയും, തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ നിർണായകവിജയം പ്രക്ഷോഭകർ  നേടുകയും ചെയ്തു.
ചേരമർ മഹാജനസഭയിൽ
നവോത്ഥാന നായകൻ പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച സംഘടനയാണ് ചേരമർ മഹാജനസഭ. ദളിത്,  അധ:സ്ഥിതജനവിഭാഗങ്ങൾ കേരളത്തിലെ ആദിമനിവാസികളാണെന്ന് ജോസഫ് വിശ്വസിച്ചു. അതിനാൽ അവരെ കേരളത്തിലെ ജനങ്ങൾ എന്നർത്ഥം വരുന്ന ചേരമർ എന്ന് വിളിച്ചു. പുലയർ അടക്കമുള്ള ജനങ്ങളെയും ദളിത് ക്രൈസ്തവരെയും ഏകോപിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഈ സംഘടന രൂപീകരിച്ചത്. ഈ സംഘടനയുടെ പ്രവർത്തനങ്ങളിൽ  സ്ത്രീകൾ പ്രധാന പങ്കു വഹിച്ചു . ചേരമർ മഹാജനസഭയുടെ സംഘടനാചുമതലകളിലും വനിതാവിഭാഗമായ സ്ത്രീസമാജത്തിലും സംഘടനയുടെ ഔദ്യോഗികപ്രസിധീകരണം ആയ ‘ചേരമർ ദൂതനി’ലും സ്ത്രീകളുടെ
സംഭാവനകൾ കാണാം. ഇതിൽ എടുത്ത് പറയേണ്ട പേരാണ് പി.
ജെ. മാർത്തമ്മാൾ. മാർത്തമ്മാൾ സംഘടനാതലത്തിൽ
പ്രവൃത്തിക്കുകയും ‘ചേരമർ ദൂതനി’ൽ സ്ഥിരമായി ദളിത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റി ലേഖനങ്ങൾ എഴുതുകയും ചെയ്തു, ശ്രീമൂലം പ്രജാസഭയിൽ സ്ത്രീകളുടെ പ്രധിനിധ്യത്തിന്റെ ആവശ്യം ഉന്നയിക്കുന്ന മാർത്തമ്മാളുടെ ലേഖനങ്ങൾ ശ്രദ്ധേയമാണ്. ♣
 

Hot this week

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

Topics

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

അയാന്‍ ഹിര്‍സി അലി; ധൈര്യത്തിന്റെ മറുവാക്ക്

അഭിപ്രായ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും കേള്‍വികേട്ട ഡച്ച് ജനതയുടെ മന:സാക്ഷിക്കുമേല്‍ പതിച്ച വലിയൊരു...

ഇന്ത്യയിൽ 65 ൽ ഒരു കുട്ടിക്ക് ഓട്ടിസം

എന്താണ് ഓട്ടിസം? യാഥാർത്ഥ്യലോകത്തുനിന്ന് പിൻവാങ്ങി ആന്തരികമായ സ്വപ്‌നലോകത്ത് വിഹരിക്കുന്ന അവസ്ഥയെന്നാണ് ഓട്ടിസം...

ഫാസിസവും നവഫാസിസവും 3

  ഫാസിസത്തെ കുറിച്ച് പഠിക്കാനാരംഭിക്കുമ്പോൾ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു സങ്കല്പനമാണ് മധ്യവർഗം അല്ലെങ്കിൽ...
spot_img

Related Articles

Popular Categories

spot_imgspot_img