ഫാസിസം എന്തെന്നറിയാത്തവർ രാഷ്ട്രീയം പറയാൻ തുടങ്ങുമ്പോൾ

എ കെ രമേശ്

എ കെ രമേശ്

ബൂർഷ്വാസി എന്ന് പണ്ട് വിശേഷിപ്പിച്ചവരെ  സിപിഐഎമ്മുകാർ ഇപ്പോൾ മുതലാളി എന്ന് വിളിക്കുന്നത്, ആ പാർട്ടി വല്ലാതെ വലതുവൽക്കരിക്കപ്പെട്ടതുകൊണ്ടാണെന്ന് ഒരാൾ പറഞ്ഞാൽ എങ്ങനെയിരിക്കും? തങ്ങൾക്കൊക്കെ ഫാസിസ്റ്റായ മോഡിസർക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിക്കാൻ മടിക്കുന്ന സിപിഐഎമ്മിന് മോഡിപ്പേടിയാണ് എന്ന് പറഞ്ഞാൽ അങ്ങനെയിരിക്കും. ബൂർഷ്വാ എന്നാൽ മുതലാളി എന്നാണെന്നോ വലത് എന്നും ഫാസിസ്റ്റ് എന്നുമൊക്കെ പറഞ്ഞാൽ എന്താണെന്നോ അറിയാത്ത, തിരിയാത്ത രാഷ്ട്രീയസാക്ഷരത ഒട്ടുമില്ലാത്തവർ  രാഷ്ട്രീയകാര്യം ചർച്ചചെയ്യാൻ തുടങ്ങിയാൽ ഇങ്ങനെയിരിക്കും.

ജോർജി ദിമിത്രോവ്

ഫാസിസത്തിന് കമ്യൂണിസ്റ്റ് ഇൻ്റർനാഷനലിൽ ദിമിത്രോവ് നൽകിയ നിർവചനം നമുക്ക് മുന്നിലുണ്ട്:

” ഫൈനാൻസ് മൂലധനക്കാരിൽ വെച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ സങ്കുചിത ദേശീയതാവാദികളും കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പരസ്യവും ഭീകരവുമായ സ്വേച്ഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം” എന്നാണ് ഇൻ്റർനാഷലിൻ്റെ എക്സിക്യൂട്ടീവ് കമിറ്റിയുടെ 13-ാം പ്ലീനത്തിൽ ദിമിത്രോവ് പറഞ്ഞത്.
ബൂർഷ്വാ പാർലമെൻ്റുകളിലൂടെ അധികാരത്തിലെത്തിയതിനു ശേഷം അതിനെ അപ്പടി നിരാകരിച്ചു കൊണ്ട്, മുസോളിനി പറഞ്ഞതുപോലെ, “കോർപറേറ്റുകളും സർക്കാരും ഒന്നായിത്തീരുന്ന ” തരത്തിൽ അമിതാധികാരപ്രയോഗം നടത്തുന്ന സ്വേച്ഛാധിപതികളുടെ നിഷ്ഠൂരവും മനുഷ്യത്വവിരുദ്ധവുമായ പെരുമാറ്റരീതിയാണ് ക്ലാസിക്കൽ ഫാസിസം കാഴ്ചവെച്ചത്. ഫാസിസത്തിനെതിരായ ഐക്യമുന്നണി എന്ന ദിമിത്രോവിൻ്റെ ക്ലാസിക്കൽഗ്രന്ഥത്തിന് ഇ എം എസ് എഴുതിയ അവതാരികയിൽ പറയുന്നത്,
ഇ എം എസ്

” അന്ന് ഫാസിസത്തിന് നൽകിയ നിർവചനമനുസരിച്ച് ഇന്നത്തെ ഏതെങ്കിലുമൊരു ഗവൺമെന്റിനെയോ രാഷ്ട്രീയപാർട്ടിയെയോ വിലയിരുത്താൻ ശ്രമിക്കുന്നത് അസംബന്ധ മായിരിക്കും” എന്നാണ്.

 ആ പുസ്തകത്തിൽ ദിമിത്രോവ് മറ്റൊരു കാര്യം വ്യക്തമാക്കുന്നുണ്ട്. അതിതാണ്:
” പല രാജ്യങ്ങളിലും ഫാസിസത്തിനെതിരെ ആവശ്യമായ പൊതു സമരങ്ങൾ വളർത്തിക്കൊണ്ടുവരുന്നതിനു പകരം, ഫാസിസത്തിൻ്റെ പൊതുവായ സ്വഭാവത്തെക്കുറിച്ചുള്ള വന്ധ്യമായ തലനാരിഴ കീറിയുള്ള വാദവും പാർട്ടിയുടെ യഥാർത്ഥത്തിലുള്ള രാഷ്ട്രീയപ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിലും അവ പരിഹരിക്കുന്നതിലും സങ്കുചിതമായ വിഭാഗീയമനോഭാവവും ആണ് സ്ഥലം പിടിച്ചത്. “
 മാത്രവുമല്ല, “വിവിധ രാജ്യങ്ങളിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിൻ്റെ തനതായ പ്രത്യേകതകൾ കണക്കിലെടുക്കാതെ, ബൂർഷ്വാസിയുടെ എല്ലാ പിന്തിരിപ്പൻ നടപടികളെയും ഫാസിസമെന്ന് തെറ്റായി തരംതിരിച്ച് കമ്യൂണിസ്റ്റിതരചേരിയെ ആകെ ഫാസിസ്റ്റ് എന്നു വിളിക്കുക വരെ ചെയ്യുന്ന, ഫാസിസത്തെ സാമാന്യവൽക്കരിക്കുന്ന ഒരു പ്രവണതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചത് ശരിയാണ്. തൽഫലമായി ഫാസിസത്തിനെതിരായി സമരം ശക്തിപ്പെടുകയല്ല, ദുർബലമാവുകയാണ് ചെയ്തിട്ടുള്ളത്. ” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുക കൂടി ചെയ്യുന്നുണ്ട്. ഫാസിസ്റ്റാവാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴേ ആ പട്ടം ചാർത്തി ക്കൊടുക്കുന്നത്, അവരുടെ ആത്മവിശ്വാസം കൂട്ടാനും അതിനെതിരെ പൊരുതേണ്ടവരെ തളർത്താനും മാത്രമേ സഹായിക്കൂ.
പാമിറോ തൊഗ്ലിയാത്തി

ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് നേതൃത്വം നൽകിയ  തൊഗ്ലിയാത്തി ഓർമ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്: ഫാസിസം എന്ന പദം കൃത്യതയില്ലാതെ, പിന്തിരിപ്പത്തം, ഭീകരത മുതലായവയുടെ പര്യായപദങ്ങളായി പലപ്പോഴും ഉപയോഗിച്ചു പോരുന്നുണ്ട്. ഇത് തെറ്റാണ് ” എന്നാണത്.

 പദപ്രയോഗത്തിൻ്റെ കാര്യത്തിൽ കമ്യൂണിസ്റ്റുകാർ സൂക്ഷിച്ചിരിക്കേണ്ട കൃത്യതയും സൂക്ഷ്മതയുമാണ് ഈ സഖാക്കൾ ഓർമ്മിപ്പിച്ചത്. നമ്മുടെ നാലാംകിട പത്രപ്രവർത്തകരുടെയും ചാനൽ അവതാരകരുടെയും അന്തസ്സാരശൂന്യവും അതീവ നിസ്സാരവുമായ ഒരു ചോദ്യമുണ്ടല്ലോ, മോഡി ഇപ്പോൾ ഫാസിസ്റ്റല്ലാതായോ എന്ന ആ ചോദ്യം, അതിന് മറുപടിയായി മുൻകൂറായി തയാറാക്കിയവയല്ല ഇ എം എസ്സിൻ്റെയും തൊഗ്ലിയാത്തിയുടെയും ദിമിത്രോവിൻ്റെയും മേൽകൊടുത്ത ഉദ്ധരണികൾ. അതുകൊണ്ടുതന്നെ അത്തരം  ചോദ്യങ്ങളെ വകഞ്ഞുമാറ്റി യഥാർത്ഥപ്രശ്നത്തിലേക്ക് കടക്കാം.
 2000 ൽ പുതുക്കിയ സി പി ഐ എം പാർട്ടി പരിപാടി ബിജെപി യെ  വിലയിരുത്തുന്നത് ഇങ്ങനെയാണ്:
” ഫാസിസ്റ്റിക് സ്വഭാവമുള്ള ആർ എസ് എസ് മാർഗനിർദേശം നൽകുകയും മേധാവിത്തം വഹിക്കുകയും ചെയ്യുന്നതിനാൽ ബിജെ പി സാധാരണ ബൂർഷ്വാ പാർട്ടിയല്ല.”
” വർഗീയ- ഫാസിസ്റ്റിക് ആയ RSS ൻ്റെ നേതൃത്വത്തിലുള്ള കൂട്ടുകെട്ടിൻ്റെ വളർച്ചയും അതിൻ്റെ അധികാരാരോഹണവും നമ്മുടെ മതനിരപേക്ഷ അടിത്തറക്ക് നേരെ ഉയർത്തുന്ന വെല്ലുവിളി ഭീഷണമാണ്. “
 സി പി ഐ എം 22-ാം പാർട്ടി കോൺഗ്രസ് ” വളർന്നു വരുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള പ്രവണതകൾ ” ചൂണ്ടിക്കാട്ടുന്നുണ്ട്.
” ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങളും ഫാസിസോന്മുഖമായ പ്രവണതകളുടെ രംഗപ്രവേശവും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കി കീഴാളപങ്കാളിയായി പ്രവർത്തിക്കലും പാർലമെൻ്ററി ജനാധിപത്യത്തിന് കടിഞ്ഞാണിട്ടു കൊണ്ടും ഭരണഘടനാസ്ഥാപനങ്ങളെയും  ജനാധിപത്യാവകാശങ്ങളെയും  അട്ടിമറിച്ചു കൊണ്ടും അമിതാധികാരവാഴ്ച കെട്ടിപ്പടുത്തു കൊണ്ടിരിക്കുന്നു.” പദപ്രയോഗങ്ങൾ ശ്രദ്ധിക്കുക: “ഫാസിസ്റ്റ് സ്വഭാവമുള്ള പ്രവണതകൾ”, “ഫാസിസോന്മുഖമായ പ്രവണതകളുടെ രംഗപ്രവേശം” എന്നാണ്, ഫാസിസ്റ്റ് എന്നല്ല.
23ാം പാർട്ടി കോൺഗ്രസ്സ് “മോദി ഗവൺമെന്റ് ആർ.എസ്.എസിന്റെ ഫാസിസ്റ്റ് സ്വഭാവമുള്ള അജൻഡ അക്രമാസക്തമായി  നടപ്പിലാക്കുന്നതായി ” ചൂണ്ടിക്കാട്ടി.
 24 -ാം പാർട്ടി കോൺഗ്രസ്സിൻ്റെ ചർച്ചക്കുള്ള കരടുരാഷ്ട്രീയപ്രമേയം പാർട്ടി അംഗങ്ങളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കുമായി നേരത്തെ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി. അതിലെ ഒന്നാം ഖണ്ഡികയിൽ കഴിഞ്ഞ സമ്മേളനത്തിനു ശേഷമുള്ള കാലത്തെ വിലയിരുത്തിക്കൊണ്ട് ഇങ്ങനെയൊരു പരാമർശമുണ്ട്:
” പിന്തിരിപ്പൻ ഹിന്ദുത്വഅജണ്ട അടിച്ചേൽപ്പിക്കുന്നതിനുള്ള ശ്രമങ്ങളും പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമർത്തുന്നതിനുള്ള അമിതാധികാരനീക്കങ്ങളും നവഫാസിസ്റ്റ് സ്വഭാവവിശേഷങ്ങളെയാണ് പ്രകടിപ്പിക്കുന്നത്. “
ഈ നവഫാസിസ്റ്റ് സ്വഭാവവിശേഷങ്ങൾ ഒന്നുകൂടി കൃത്യമായി നിർവചിക്കണമെന്ന് കരട്പ്രമേയം ചർച്ച ചെയ്ത സിപിഐഎം കേന്ദ്ര കമ്മിറ്റി തീരുമാനിക്കുന്നു. പാർട്ടി പിബി അതനുസരിച്ച് ഒരു കുറിപ്പിറക്കുന്നു. പാർട്ടിഅംഗങ്ങൾക്കും ബന്ധുക്കൾക്കും മാത്രമല്ല, ശത്രുക്കൾക്ക് പോലും ലഭ്യമായ ആ പ്രസ്താവനയാണ്, തങ്ങളിതാ  ഒരു രഹസ്യരേഖ ചോർത്തിയെടുത്തിരിക്കുന്നു എന്നും പറഞ്ഞ് വേറെ വിശേഷിച്ച് പണിയില്ലാത്ത ചില മാധ്യമപ്രവർത്തകർ തങ്ങളുടെ റെയ്റ്റിങ്ങ് കൂട്ടാനായി എടുത്തുപയോഗിക്കുന്നത്!
2. നവഫാസിസം?
പുതിയ കുറിപ്പിൻ്റെ യഥാർത്ഥ ഉള്ളടക്കം എന്താണ്?
മോഡിക്ക് ക്ലീൻ ചിറ്റ് കൊടുക്കുന്നതിനാണ് ഇങ്ങനെയൊരു രേഖ എന്ന് വളച്ചൊടിക്കാനാണ് കമ്യൂണിസ്റ്റ് വിരുദ്ധർ ശ്രമിച്ചത്.
” മുസോളിനിയുടെ ഇറ്റലിയിലെപ്പോലെയോ ഹിറ്റ്ലറുടെ ജർമ്മനിയെപ്പോലെയോ വളർന്നു വന്ന ക്ലാസിക്കൽ ഫാസിസത്തിൽ നിന്ന് വേർതിരിക്കാനാണ് നവഫാസിസം എന്ന പദം ഉപയോഗിക്കുന്നത് ” എന്ന് കൃത്യമായി  പ്രഖ്യാപിക്കുന്നുണ്ട് ആ രേഖ. നവഫാസിസം നവലിബറലിസത്തിൻ്റെ പ്രതിസന്ധിയുടെ ഉൽപ്പന്നവും ഒരു ആഗോള പ്രവണതയുമാണ് എന്ന്  നിർവചിച്ച് പറയന്നുമുണ്ട് അത്. എന്താണ് ആഗോളപ്രവണത ? 2011 നവംബറിലാണ് ജർമ്മൻ നിയോനാസി ഭീകരസെൽ ആയ ദ നാഷനൽ സോഷ്യലിസ്റ്റ് അണ്ടർഗ്രൗണ്ടിനെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. എട്ട് വർഷത്തിനകം 11 കൊലപാതകങ്ങളും 14 സായുധകൊള്ളകളും നടത്തിയ ഒരു രഹസ്യഗ്രൂപ്പാണത്. നിയോനാസി പാർട്ടിയായ എൻ പി ഡിയിൽ ജർമ്മൻ സെക്യുരിറ്റി സർവീസ് ചെലവ് കൊടുത്ത് പോറ്റുന്ന ഇൻഫോർമാർ ഉണ്ടായിട്ടും അവരുടെ മൂക്കിന് താഴെയാണ് ഈ അധോലോക ഗൂഢസംഘം പ്രവർത്തിച്ചു പോന്നത്.
നിക്കോസ് മിഷാലോലിയാക്കോസും

2013 ൽ ഗ്രീസിലും സമാനമായ അനുഭവമുണ്ടായി. ഒരു പട്ടാള അട്ടിമറിക്ക് തയാറെടുക്കുന്നു എന്ന വിവരത്തെത്തുടർന്ന് ഗോൾഡൻ ഡോൺ എന്ന നവഫാസിസ്റ്റ് സംഘടനയുടെ തലവൻ നിക്കോസ് മിഷാലോലിയാക്കോസും നാല്  സഹപാർലമെൻ്റംഗങ്ങളും അറസ്റ്റിലായി. പ്രധാനപ്പെട്ട മിലിറ്ററി താവളങ്ങൾ ഗോൾഡൻ ഡോണിൻ്റെ പരിശീലനകേന്ദ്രങ്ങളാക്കി മാറ്റിയിരുന്നോ എന്നായി അന്വേഷണം. നാഷനൽ ഇൻ്റലിജൻസ് സർവീസിലെ കൗണ്ടർ ഇൻ്റലിജൻസ് ഡിവിഷൻ തലവനടക്കുള്ളവരാണ് പുറത്താക്കപ്പെട്ടത്. സ്പെഷൽ ആൻ്റി ടെററിസ്റ്റ് യൂനിറ്റ് തലവനും അയാളുടെ ഡെപ്യൂട്ടിയും ദക്ഷിണഗ്രീസിൻ്റെ പോലീസ് ഇൻസ്പെക്ടർ ജനറലും ഇക്കൂട്ടത്തിൽ പെടും.

യൂറോപ്പിലെ തീവ്രവലതുപക്ഷം ഫുട്ബോൾ മത്സരത്തെപ്പോലും ഉപയോഗിച്ച് തങ്ങളുടെ അപരമതവിരോധവും ഫാസിസ്റ്റിക് സ്വഭാവവും പ്രകടിപ്പിക്കുകയായിരുന്നു. 2014ൽ കൊളോണിൽ പ്രത്യക്ഷപ്പെട്ട ‘ഹൂളിഗാൻസ് എഗെയ്ൻസ്റ്റ് സലഫിസ്റ്റ്സ്’ അവകാശപ്പെട്ടത് ” നമ്മളുടെ മാതൃഭൂമിയുടെ യഥാർത്ഥ ശത്രുക്കൾക്കെതിരെയുള്ള പ്രതിരോധം തീർക്കാ” നാണ് എതിർ ഫുട്ബോൾ ടീമുകളുടെ മുന്നണിയുണ്ടാക്കിയതെന്നാണ്. ഇത്തരം നവഫാസിസ്റ്റ് കൂട്ടായ്മകൾ പലപ്പോഴും പല പേരിൽ അറിയപ്പെടുകയും അതിവേഗം പെറ്റു പെരുകുകയും പരിവർത്തനപ്പെടുകയും ചെയ്യും. ഇൻ്റർനെറ്റ് കൂട്ടായ്മകൾ വഴി കുടിയേറ്റക്കാർക്കും മുസ്ലീങ്ങൾക്കുമെതിരെ അതിശക്തമായ വിദ്വേഷ പ്രചാരണം കടത്തുന്ന കാര്യത്തിൽ അവ ആർ.എസ്.എസ്സിൻ്റെ വിദ്വേഷ പ്രചാരണത്തിന് ശിഷ്യപ്പെടുകയാണ്.
ചെക്ക് റിപബ്ലിക്കിലെ ബൊഹീമിയയിൽ ആഞ്ഞു വീശിയ പ്രതിഷേധശബ്ദമായിരുന്നു  റോമകൾക്കെതിരെ വിദ്വേഷ പ്രചാരണ മാരംഭിച്ച “ഡീസൻ്റ് സിറ്റിസെൺസ് എഗെയ്ൻസ്റ്റ് ഇൻഅഡാപ്റ്റബിൾ സിറ്റിസൺസ്”!
പെട്ടെന്ന് പൊട്ടിവിടർന്ന് പടർന്ന് പന്തലിച്ച ഒരു പ്രസ്ഥാനമാണ് പെഗിഡ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന “പാട്രിയോട്ടിക് യൂറോപ്യൻസ് എഗെയ്ൻസ്റ്റ് ഇസ്ലാ
മൈസേഷൻ ഓഫ് ദ ഓക്സിഡൻ്റ് “! 2014  ഒക്ടോബറിൽ വെറും 200 പേർ മാത്രമുണ്ടായിരുന്ന അവരുടെ പ്രകടനത്തിൽ മൂന്ന് മാസം കഴിഞ്ഞ് 2015 ജനവരിയായപ്പോൾ 25000 പേരാണ് അണിനിരന്നത്! പെഗിഡ രൂപം കൊണ്ട ഡ്രെസ്‌ഡൺ നിവാസികൾക്ക് അറിയുമായിരുന്നേയില്ല, തങ്ങൾക്ക് ചുറ്റും ഒരു നിയോഫാസിസ്റ്റ് ഒത്തുചേരൽ നടക്കുന്നു എന്ന കാര്യം !
മാർവ എൽ ഷെർബിനി

എന്നാൽ ഇതേ ഡ്രെസ് ഡണിലാണ് കുറച്ച്  മാസങ്ങൾക്ക് മുമ്പ് ഒരു നിയോനാസി അനുഭാവിക്കെതിരെ മൊഴി കൊടുത്തതിൻ്റെ പേരിൽ, മാർവ എൽ ഷെർബിനി എന്ന ഗർഭിണിയെ കോടതിമുറിയിൽ പ്രതി കുത്തിക്കൊന്നത് ! തലയിൽ തട്ടമിട്ട് കളിസ്ഥലത്തെത്തിയ മാർവയെ ഒരു കാരണവുമില്ലാതെ ഇസ്ലാമിക് തേവിടിശ്ശി എന്നു വിളിച്ച് അധിക്ഷേപിച്ചതാണ് കേസ്. “നിനക്ക് ജീവിക്കാനാർഹതയില്ല ” എന്നും പറഞ്ഞ് തലങ്ങും വിലങ്ങും കുത്തിക്കീറുകയായിരുന്നു ആ നവനാസി. ഏറെ പ്രമാദമായ ആ കേസിൻ്റെ സ്മരണകൾ നിലനിൽക്കെയാണ് എൻ പി ഡി മറ്റേതു പാർട്ടിയെപ്പോലുള്ള ഒരു പാർട്ടി മാത്രമാണ് എന്ന ധാരണ വ്യാപകമായത്. യൂനിവേഴ്സിറ്റി ഓഫ് ബീലെ ഫെൽഡ് 2011 ൽ നടത്തിയ പഠനത്തിൽ കണ്ടത് 45. 7 ശതമാനം പൗരന്മാരും  തങ്ങളുടെ പ്രദേശത്ത് നിയോനാസികൾ ഒരു പ്രശ്നമേ ആയി കരുതുന്നില്ല എന്നാണ്, നിയോനാസി പാർട്ടിയായ എൻ പി ഡി മറ്റേതു പാർട്ടിയെപ്പോലെയുമുള്ള ഒരു പാർട്ടിയാണ് എന്ന ധാരണയിലാണ് എന്നാണ്! (ബി.ജെ.പി മറ്റേതു പാർട്ടിയെയും  പോലെത്തന്നെയാണ് എന്ന് കരുതുന്ന ബൂർഷ്വാപാർട്ടികളുടെ എണ്ണം കുറവല്ലല്ലോ. അവിടെ യാണ് 2000 ലെ പുതുക്കിയ പരിപാടിയിൽ സി പി ഐ എം അതിനെ കൃത്യമായി വ്യവഛെദിച്ച് നിർവചിക്കുന്നത്!)

ഗ്രീസിൽ ഗോൾഡൻ ഡോൺ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ് വരെ കുടിയേറ്റക്കാരെ ലക്ഷ്യം വെച്ച് ആയുധധാരികളായ ഗുണ്ടാസംഘം മോട്ടോർസൈക്കി ളുകളിലെത്തി കണ്ടവരെയെല്ലാം തലങ്ങുംവിലങ്ങും മർദ്ദിച്ചൊതുക്കിയത് ഹെല്ലനിക്ക് പോലീസിൻ്റെ കൺമുന്നിൽ വെച്ചാണ്.(ഉത്തരേന്ത്യയിലെ ഗോസംരക്ഷണ സംഘത്തിൻ്റെ അതിക്രമങ്ങൾക്ക് സമാനം )
കിഴക്കൻ യൂറോപ്പിലും മധ്യയൂറോപ്പിലും, ഹങ്കറിയിൽ വിശേഷിച്ചും, വ്യവസ്ഥാമാറ്റം സൃഷ്ടിച്ച ആഘാതങ്ങളാണ് സാമൂഹികസംഘർഷങ്ങളായി പൊട്ടിപ്പുറപ്പെടുന്നതിലേക്കും നവനാസി പ്രസ്ഥാനങ്ങളുടെ വളർച്ചയിലേക്കും നയിച്ചത്. കമ്പോളസമ്പദ് വ്യവസ്ഥയിലേക്ക് മാറിയതോടെ സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥക്ക് കീഴിൽ ലഭിച്ചിരുന്ന പല സാമൂഹികസുരക്ഷാപദ്ധതികളും ഇല്ലാതായി. തൊഴിലില്ലായ്മ പെരുകി. പഴയ സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയിൽ കീഴ്ത്തല ജോലികൾക്ക് റോമകൾക്ക് നൽകിയ പരിഗണന ഇല്ലാതായി. ഹിറ്റ്ലറുടെ  പഴയ നിരീക്ഷണം പോലെ ജിപ്സികൾ “സാമൂഹികമായി ഇണങ്ങിപ്പോവാനാവാത്തവ”രാണ് (Socially unadaptable) എന്നായി പ്രചാരണം. ഔട്ട് ലോ ആർമി എന്ന നവനാസിസംഘടന റോമകളുടെ ആവാസകേന്ദ്രങ്ങളിലെല്ലാം യുദ്ധഗീതികൾ പാടി റോന്ത്ചുറ്റിക്കൊണ്ട് ചാട്ടവാറും ചുറ്റികയുമായി അഴിഞ്ഞാടുന്നത് നിത്യസംഭവമായി മാറി. ഇതിനെതിരെ കോടതികൾ നിലപാടെടുക്കുമ്പോൾ, സംഘടനയുടെ ലേബലും പേരും മാറ്റി ഫാസിസ്റ്റുകളുടെ തനിസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തു.  കുടിയേറ്റവിരുദ്ധതയും ഇസ്ലാമോഫോബിയയും കൈമുതലാക്കി, വ്യവസ്ഥാപ്രതിസന്ധി സൃഷ്ടിച്ച ജനകീയഅസംതൃപ്തിയെ വഴിമാറ്റി വിടാനാണ് അതിതീവ്ര വലതുപക്ഷം ലോകത്തെവിടെയും ശ്രമിച്ചു പോന്നത്. ഇന്ത്യയിലെ ഫാസിസ്റ്റുകളും ചെയ്യുന്നത് മറ്റൊന്നുമല്ലല്ലോ.
യൂറോപ്പിൽ 2013 വരെയുള്ള പൊതുധാരണ ചരിത്രപരമായ കാരണങ്ങളാൽ വലതുപക്ഷ റാഡിക്കലിസത്തിനും  ദേശീയതക്കും ജർമ്മൻ മണ്ണിൽ വേരൂന്നാൻ ആവില്ല എന്നായിരുന്നു. 2013 ലാണ് എക്കണോമിക്സ് പ്രൊഫസർമാരും വക്കീലന്മാരും വ്യവസായ സംരംഭകരുമായ ഒരു സംഘമാളുകൾ ചേർന്ന് ആൾട്ടർനേറ്റ് ഫോർ ജർമ്മനി (AfD) ക്ക് രൂപം നൽകുന്നത്. 4.7 ശതമാനം വോട്ട് നേടിയെങ്കിലും 5 ശതമാനം തികയ്ക്കാനാവാത്തതിനാൽ ബുന്ദ്സ്റ്റാഗിൽ പ്രാതിനിധ്യം ലഭിച്ചില്ല. 2014 ലെ  തെരഞ്ഞെടുപ്പിൽ 7 ശതമാനം വോട്ട് നേടിക്കൊണ്ട് യൂറോപ്യൻ പാർലമെൻ്റിൽ പ്രവേശനം നേടി. 2017 ആയപ്പോൾ 16 ജർമ്മൻ സ്റ്റെയ്റ്റ് പാർലമെൻ്റിൽ 14 ലും പ്രാതിനിധ്യമുറപ്പിച്ച് ജയിച്ചു വന്നു. ജർമ്മൻ ഫെഡറൽ തെരഞ്ഞെടുപ്പിൽ 2017 ൽ 94 സീറ്റ് നേടി രാജ്യത്തെ മൂന്നാമത്തെ കക്ഷിയായി മാറി. പഴയ ഫാസിസ്റ്റ് കക്ഷികളിൽ നിന്ന് നവലിബറൽ കാലത്തെ നവഫാസിസ്റ്റുകളെ വേർതിരിക്കുന്ന ഒരു കാര്യം, അവ പാർലമെൻ്ററി സംവിധാനത്തെ  ഉപയോഗപ്പെടുത്തുകയും അധികാരത്തിൽ എത്തിയതിനു ശേഷവും തെരഞ്ഞെടുപ്പുകൾ നടത്താൻ തയാറാവുകയും ചെ
യ്യുന്നു എന്നതാണ്.
1970കളിലെ വാട്ടർ ഗെയ്റ്റ്   വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ഫാസിസം വന്നു കഴിഞ്ഞു എന്നുറപ്പിച്ചവർ ഏറെയായിരുന്നു . ബ്ലാക്ക് പാന്തർ പാർട്ടി 1960 കളിലും 70 കളിലും അവകാശപ്പെട്ടത് അമേരിക്കയിൽ ഫാസിസം എത്തിക്കഴിഞ്ഞു എന്നാണ്. 1970 കളിൽ നാസിപ്രത്യയശാസ്ത്രത്തെ
പിൻപറ്റി അമേരിക്കയിൽ നിയോനാസിസം രൂപപ്പെട്ടു എന്നത് ശരിയാണ്. ഒട്ടനവധി നിയോനാസി ഗ്രൂപ്പുകൾ  ഓൺലൈൻ നെറ്റ് വർക്കുകളിലൂടെ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിപ്പോന്നു. ഫാസിസ്റ്റിക് ആശയങ്ങൾ പ്രചരിപ്പിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്തതിൻ്റെ പേരിൽ പിരിച്ചുവിടപ്പെട്ട ഒരു നാവിക കമാൻ്ററുടെ നേതൃത്വത്തിലാണ് അമേരിക്കൻ നാസിപാർട്ടി രൂപം കൊണ്ടത്. (25 വർഷത്തിനകം ആ പാർട്ടി പിരിച്ചുവിടുകയാണുണ്ടായത്. ) 1974 ൽ സ്ഥാപിതമായ നാഷനൽ അലയൻസ് എന്ന നിയോനാസി പാർട്ടിയും വർഷങ്ങൾക്കകം പിരിച്ചുവിടപ്പെട്ടു. ഇപ്പോൾ ട്രമ്പിൻ്റെ കീഴിൽ വംശീയ വിദ്വേഷവും അപരമതവിരോധവും പ്രചരിപ്പിച്ചു കൊണ്ട് നിലവിലുള്ള പാർലമെൻ്ററി സമ്പ്രദായത്തെത്തന്നെ അട്ടിമറിക്കുകയാണ് അമേരിക്കയിൽ!
 ഈ അമിതാധികാര പ്രവണതയും സ്വേച്ഛാധിപത്യ നീക്കവും ഫാസിസത്തോടടുക്കുന്നതാണെങ്കിലും  പൂർണമായ അർത്ഥത്തിൽ അമേരിക്ക ഒരു ഫാസിസ്റ്റ് ഭരണക്രമം ആയിത്തീർന്നു എന്നു പറയാറായിട്ടില്ല. ഇന്ത്യയിലുമതേ, ഭരണസംവിധാനമുപയോഗിച്ച് നിലവിലുള്ള ജനാധിപത്യക്രമത്തെത്തന്നെ അട്ടിമറിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന മോഡിസർക്കാർ ഇനിയും പൂർണാർത്ഥത്തിൽ ഫാസിസ്റ്റ് ആയിത്തീർന്നിട്ടില്ല. എന്നു വെച്ചാൽ  അതിൻ്റെ അർത്ഥം ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് അവരുടെ ജീവൽപ്രശ്നങ്ങളുടെ പേരിൽ അവരെ അണിനിരത്താനായാൽ, ബി ജെ പി – ആർ.എസ്.എസ് സംവിധാനത്തിനോട് ഏറ്റുമുട്ടി അമിതാധികാര പ്രവണത തടയാനാവും എന്നു കൂടിയാണ്. അതിനായില്ലെങ്കിൽ ഹിന്ദുത്വ കോർപറേറ്റ് അമിതാധികാരം നവഫാസിസത്തിലേക്ക് നീങ്ങും എന്നു തന്നെയാണ്.
 കമ്യൂണിസ്റ്റ് ഇൻ്റർനാഷനലിൻ്റെ ആറാം കോൺഗ്രസ്, ആസന്നമായ ഫാസിസ്റ്റ് സർവാധിപത്യത്തെ വിലയിരുത്തിക്കൊണ്ട് പറഞ്ഞത് : ” ഏറെക്കുറെ വളർച്ചയെത്തിയ രൂപത്തിൽ ഫാസിസ്റ്റ് പ്രവണതകളും ഒരു ഫാസിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ബീജങ്ങളും ഏതാണ്ട് എല്ലായിടത്തും ദൃശ്യമാണ്. ” എന്നാണ്. എന്നാൽ അധികം കഴിയുംമുമ്പ് ഫാസിസം അതിൻ്റെ പൂർണരൂപത്തിൽ സംഹാര താണ്ഡവം ആടുകയുണ്ടായി. അന്നത്തെ സാഹചര്യത്തിൽ വളരെ കൃത്യമായ ആ വിലയിരുത്തലിനെ, ഫാസിസ്റ്റ്സർവാധിപത്യം നടപ്പായ ജർമ്മനിയുടെയും ഇറ്റലിയുടെയും അനുഭവം ചൂണ്ടിക്കാട്ടിക്കൊണ്ട് റദ്ദാക്കിക്കളയാനാവുമോ?
 ഇന്ത്യയിൽ ഏതു നിമിഷവും നവഫാസിസ്റ്റ് സർവാധിപത്യത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നും എന്നാൽ അതിനെ ചെറുക്കാനുള്ള സ്പെയ്സ് ഇപ്പോൾ ഉണ്ടെന്നുമുള്ള കാര്യമാണ് സി പി ഐ എം പി.ബി യുടെ കുറിപ്പ് വ്യക്തമാക്കുന്നത്. നിലവിലുള്ള പരിസ്ഥിതിയെ പർവതീകരിച്ചു കണ്ട് ആശങ്കപ്പെട്ട് നിരാശിതരാവുകയല്ല വേണ്ടത്, മറിച്ച് വസ്തുതകളെ വസ്തുതകളായി കണ്ടുകൊണ്ട് അതിനെ മറികടക്കാനുള്ള സന്നദ്ധതയിലേക്ക് ജനങ്ങളെയാകെ അണിനിരത്തുകയാണ് വേണ്ടത് എന്നു തന്നെയാണ് ആ രേഖ ഊന്നിപ്പറയുന്നത്. l

Hot this week

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

Topics

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

അയാന്‍ ഹിര്‍സി അലി; ധൈര്യത്തിന്റെ മറുവാക്ക്

അഭിപ്രായ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും കേള്‍വികേട്ട ഡച്ച് ജനതയുടെ മന:സാക്ഷിക്കുമേല്‍ പതിച്ച വലിയൊരു...

ഇന്ത്യയിൽ 65 ൽ ഒരു കുട്ടിക്ക് ഓട്ടിസം

എന്താണ് ഓട്ടിസം? യാഥാർത്ഥ്യലോകത്തുനിന്ന് പിൻവാങ്ങി ആന്തരികമായ സ്വപ്‌നലോകത്ത് വിഹരിക്കുന്ന അവസ്ഥയെന്നാണ് ഓട്ടിസം...

ഫാസിസവും നവഫാസിസവും 3

  ഫാസിസത്തെ കുറിച്ച് പഠിക്കാനാരംഭിക്കുമ്പോൾ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു സങ്കല്പനമാണ് മധ്യവർഗം അല്ലെങ്കിൽ...
spot_img

Related Articles

Popular Categories

spot_imgspot_img