അയാന്‍ ഹിര്‍സി അലി; ധൈര്യത്തിന്റെ മറുവാക്ക്

കവിത ഐ

കവിത ഐ
ഭിപ്രായ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും കേള്‍വികേട്ട ഡച്ച് ജനതയുടെ മന:സാക്ഷിക്കുമേല്‍ പതിച്ച വലിയൊരു ആഘാതമായിരുന്നു 2004 നവംബര്‍ 2 ന് പ്രശസ്ത സംവിധായകന്‍ തിയോ വാന്‍ഗോഗ് ഒരു മൊറോക്കന്‍ മുസ്ലീംതീവ്രവാദിയാല്‍ വധിക്കപ്പെട്ട സംഭവം. അന്താരാഷ്ട്ര സമൂഹത്തിനു മുന്‍പില്‍ അയാന്‍ ഹിര്‍സി അലി എന്ന പേര് സുപരിചിതമാകുന്നതും ആ സംഭവത്തോടെയാണ്.
അയാൻ ഹിർസി അലി

തിയോ വാന്‍ ഗോഗിന്റെ കൊലപാതകത്തിനു ഹേതുവായ Submission Part I എന്ന ഹ്രസ്വചിത്രത്തിനു തിരക്കഥ തയാറാക്കിയത് അയാന്‍ ആയിരുന്നു. അന്ന് അയാന്‍ ഹോളണ്ടില്‍ പാര്‍ലമെന്റംഗമാണ് . സ്ത്രീകള്‍ ദൈവത്തിലുള്ള പൂര്‍ണ്ണകീഴ്പ്പെടല്‍ ഉപേക്ഷിച്ച് ദൈവവുമായി സംവാദത്തിനു തയ്യാറാകുന്നതിനെ കുറിച്ചായിരുന്നു ആ ഹ്രസ്വചിത്രം. 2005 ല്‍ ടൈം മാസിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളില്‍ ഒരാളായി അയാന്‍ ഹിര്‍സി അലിയെ തിരഞ്ഞെടുത്തു. 2006 ല്‍ അയാന്‍ ഹിര്‍സി അലിയുടെ ഡച്ച് പൗരത്വം അസാധുവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും അത് ഡച്ച് പാര്‍ലമെന്റിനെ തന്നെ പിടിച്ചുലയ്ക്കുന്ന സംവാദങ്ങള്‍‍ക്ക് വഴി വയ്ക്കുകയും ചെയ്തു. അതോടു കൂടി അയാന്‍ മുന്‍ നിശ്ചയിച്ച പ്രകാരം അമേരിക്കയിലേയ്ക്കു കുടിയേറുകയും എഴുത്തുകാരി, activist എന്നീ നിലകളില്‍ തന്റെ പ്രവര്‍ത്തനം തുടരുകയും ചെയ്യുന്നു.

സൊമാലിയന്‍ ഗോത്രജീവിതത്തിന്റേയും മതത്തിന്റേയും ലോകത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളും ദുരിതങ്ങളും മുഴുവന്‍ ഏറ്റുവാങ്ങുകയും ഇച്ഛാ ശക്തിയാല്‍ ആ ലോകത്തു നിന്നും രക്ഷപ്പെട്ട് മറ്റൊരു രാജ്യത്തില്‍ അഭയം തേടി സ്ത്രീവാദിയും എഴുത്തുകാരിയും രാഷ്ട്രീയക്കാരിയും ആയിത്തീര്‍ന്ന വ്യക്തിയാണ് അയാന്‍ ഹിര്‍സി അലി. മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍‍ക്കും നവോത്ഥാനത്തിനും വേണ്ടി പോരാടുന്ന അയാന്റെ അതിതീവ്രതയാര്‍ന്ന ജീവിതാനുഭവങ്ങള്‍ ആണ് Infidel- My Life.
1969 ല്‍ ജനിച്ച അയാന്‍ ഹിര്‍സി അലി സൊമാലിയ, സൗദി അറേബ്യ, എത്യോപ്യ, കെനിയ എന്നിവിടങ്ങളില്‍ വളര്‍ന്നു. 22-ാം വയസ്സില്‍ യൂറോപ്പിലെത്തി. ഗോത്രജീവിതത്തിന്റെ കെട്ടുപാടുകളും യാഥാസ്ഥിതികത്വങ്ങളും ഇന്നും അഭിമാനപൂര്‍വ്വം പിന്തുടരുന്ന ജനതയാണ് സൊമാലിയന്‍ജനത. ബുദ്ധി ജീവിയും  രാഷ്ട്രീയപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഹിര്‍സി അലി മഗന്‍ന്റേയും ആഷയുടേയും മകളായി 1969 ലാണ് അയാന്‍ ഹിര്‍സി അലിയുടെ ജനനം. സൊമാലിയയില്‍ നിലവിലുണ്ടായിരുന്ന ഭരണകൂടത്തിനെതിരെ സമരം നയിച്ച് ദീര്‍ഘകാലം ജയില്‍വാസം അനുഭവിച്ചയാളായിരുന്നു അയാന്റെ പിതാവ്. സൊമാലിയന്‍ ഗോത്രജീവിതത്തെ സംബന്ധിച്ചിടത്തോളം വികാരങ്ങള്‍ അര്‍ത്ഥശൂന്യമായ ആത്മസംതൃപ്തി നേടാന്‍ മാത്രമുള്ളതാണ്. അഭിമാനമായിരുന്നു പ്രധാനം. അവരുടെ നാടോടിജീവിതത്തില്‍ എഴുത്തും വായനയും അന്യമായിരുന്നു. ഇതിനു വിരുദ്ധമായി വിദ്യാഭ്യാസം നേടിയ, താരതമ്യേന പുരോഗമനചിന്തയുള്ള ആളായിരുന്നു അയാന്റെ പിതാവ്. എന്നാല്‍ പിതാവ് ദീര്‍ഘകാലം ജയിലിലായിരുന്നതിനാല്‍ അതിന്റെ പ്രയോജനങ്ങള്‍ അയാന് ലഭിച്ചില്ല.
പെണ്‍കുട്ടികളുടെ സുന്നത്താചാരം നിലവിലുള്ള രാജ്യമാണ് സൊമാലിയ. പെണ്‍കുട്ടികളുടെ കൃസരിയും ലൈംഗികാവയവങ്ങളും ക്ഷതപ്പെടുത്തി യോനീദളങ്ങള്‍ തുന്നി ചേര്‍ക്കപ്പെടുന്നു. കന്യകാത്വം കാത്തുസൂക്ഷക്കുന്നതിനാണ് ഈ ക്രൂരത. ഹിര്‍സി അലി മഗന്‍ ഈ അനാചാരത്തെ എതിര്‍ത്തിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തില്‍ 5-ാം വയസ്സില്‍ അയാന് ചേലാകര്‍മ്മത്തിന് വിധേയയാകേണ്ടി വന്നു. എത്ര പ്രാകൃതമായാണ് ആ കര്‍മ്മം നിര്‍വ്വഹിക്കപ്പെടുന്നതെന്നും അതിന്റെ വേദനകളും അയാന്‍ വിവരിക്കുന്നത് ഹൃദയം നടുങ്ങി മാത്രമേ വായിക്കാന്‍ കഴിയുകയുള്ളു. അയാനൊപ്പം അയാന്റെ അനുജത്തി ഹവേയക്കും ജേഷ്ടന്‍ മഹദിനും സുന്നത്തിലൂടെ കടന്നു പോകേണ്ടി വന്നു. സ്വതവേ ഉത്സാഹശീലയായ അനുജത്തിയുടെ സ്വഭാവത്തില്‍ മായ്ക്കാനാവാത്ത പോറലുകളാണ് ഈ പീഡനാനുഭവങ്ങള്‍ പതിപ്പിച്ചത്. ബാല്യത്തില്‍ കടന്നു പോകുന്ന ഈ പീഡനം പല കുട്ടികളിലും ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ശാരീരികവും മാനസികവുമായ ക്ഷതങ്ങള്‍ ബാക്കിയാക്കുന്നു.
പിതാവിന്റെ രാഷ്ട്രീയ ജീവിതവും അതിനനുബന്ധമായ തടവ്, ഒളിവു ജീവിതങ്ങളും നിരന്തരമായ പ്രവാസജീവിതമാണ് അയാനും കുടുംബത്തിനും മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇതിന്റെ ദുരന്തമേറ്റു വാങ്ങേണ്ടിവന്നതാവട്ടെ അയാന്റെ മാതാവും.
തീര്‍ത്തും അരക്ഷിതമായ സാഹചര്യങ്ങളില്‍ പലരുടേയും ദയാവായ്പില്‍ അപരിചിതമായ ദേശങ്ങളില്‍ ആ കുടുംബത്തിന്  കഴിയേണ്ടി വരുന്നു. ജയില്‍ മോചിതനായ ശേഷം അച്ഛന്‍ കുടുംബത്തിനൊപ്പം ചേരുന്നുണ്ടെങ്കിലും കുറച്ച് കാലത്തിനുള്ളില്‍ തന്നെ അമ്മയും അച്ഛനും തമ്മിലുള്ള ബന്ധം വഷളാവുകയും അപരിചിതമായ ഒരു രാജ്യത്ത് കുടുംബത്തെ തീര്‍ത്തും ഉപേക്ഷിച്ച് അച്ഛന്‍ വേറേ വിവാഹിതനാവുകയും ചെയ്യുന്നു. വ്യക്തിജീവിതത്തിലെ പ്രതിസന്ധികള്‍ അമ്മയെ മാനസികസമ്മര്‍ദ്ദത്തിലാഴ്ത്തുന്നു. മൂത്തമകളായ അയാന് അവളുടെ പ്രായത്തില്‍ കവിഞ്ഞ ചുമതലകള്‍ ഏറ്റെടുക്കേണ്ടി വരുന്നു. അനുജത്തി ഹവേയ പ്രകടിപ്പിച്ച ആര്‍ജ്ജവം പോലും അയാന് പ്രകടിപ്പിക്കാന്‍ ആകുന്നില്ല. അനുസരണക്കേടുകള്‍ക്ക് കടുത്ത ശാരീരികപീഡനമാണ് അയാന്‍ നേരിടേണ്ടി വന്നത്. വീട്ടിലെ പീഡ നങ്ങള്‍ക്കൊപ്പം മതവിദ്യാഭ്യാസം നല്‍കാന്‍ എത്തിയ വ്യക്തിയില്‍ നിന്നും ക്രൂരമര്‍ദ്ദനം ഏറ്റു വാങ്ങുന്നു അവള്‍.
പ്രവാസജീവിതം ശരാശരി സൊമാലിയന്‍ പെണ്‍കുട്ടിക്ക് ലഭ്യമാകുന്നതിനേക്കാള്‍ വിദ്യാഭ്യാസത്തിനും ജീവിതാനുഭവങ്ങള്‍ക്കുമുള്ള സാധ്യത അയാനു നല്‍കുന്നുണ്ടെങ്കിലും വളരെ ശക്തമായ രീതിയില്‍ മതത്തിലേയ്ക്കും അതിന്റെ യാഥാസ്ഥിതിക രീതികളിലേയ്ക്കും ആകര്‍ഷിക്കപ്പെടുകയാണ് അയാന്‍.
പ്രണയത്തിലേയ്ക്കും ലൈംഗികതയിലേയ്ക്കുമുള്ള അയാന്റെ സ്വാഭാവിക യാത്രകള്‍ ഇതിനിടയില്‍ കടന്നുവരുന്നു. ബാല്യത്തിലെ സുന്നത്ത് സ്വാഭാവികമായ, ആഹ്ളാദകരമായ  ലൈംഗികാനുഭവം അസാദ്ധ്യമാക്കുന്നുണ്ട്. ഒരു സൊമാലിയന്‍ യാത്രയില്‍ ബന്ധു കൂടിയായ ഒരു യുവാവിനെ അയാന്‍ രഹസ്യമായി വിവാഹം കഴിക്കുന്നുണ്ടെങ്കിലും അത് തുടര്‍ച്ച സാധ്യമായ ബന്ധം അല്ലെന്ന് അവള്‍ തിരിച്ചറിയുന്നു. സൊമാലിയയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയും മനുഷ്യര്‍ പലായനം ചെയ്യുകയും ചെയ്യുന്ന അവസരത്തില്‍ തന്നാലാവും വിധം അയാന്‍ അവര്‍ക്ക് സഹായമാകുന്നു.
അയാന് 22 വയസ്സാകുന്നതോടെ കാനഡയില്‍ താമസിക്കുന്ന ഒരാള്‍ക്ക് അയാനെ വിവാഹം ചെയ്തു നല്‍കാന്‍ പിതാവ് തീരുമാനിക്കുന്നു. ആ വ്യക്തിയ്ക്കൊപ്പം  ജീവിക്കുവാന്‍ അയാന്‍ വിസമ്മതിക്കുന്നെങ്കിലും സൊമാലിയന്‍ രീതികളില്‍ അവളുടെ സമ്മതം അപ്രസക്തമാണ്. പിതാവിന്റെ താത്പര്യത്തിനനുസരിച്ച് വിവാഹം കഴിക്കേണ്ടി വന്ന യുവാവിനൊപ്പം  ചേരാന്‍ കാനഡയിലേയ്ക്കു ചെയ്യേണ്ടി വന്ന യാത്രയാണ് അയാന്റെ ജീവിതം മാറ്റി മറിക്കുന്നത്. ഇടത്താവളമായി തങ്ങേണ്ടി വന്ന ജര്‍മ്മനിയില്‍ നിന്നും അവള്‍ ഹോളണ്ടിലേയ്ക്ക് രക്ഷപ്പെടുന്നു. അവിടെ അവള്‍ ഒരു അഭയാര്‍ത്ഥിയായി സ്വീകരിക്കപ്പെടുന്നു.
അതുവരെ ജീവിച്ച ജീവിതത്തില്‍ നിന്നും വ്യത്യസ്തമായ പാശ്ചാത്യജീവിതം അയാനില്‍ ജീവിതത്തിൽ നവോത്സാഹം വളര്‍ത്തുന്നു. തന്റെ കടുത്ത മത വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും സ്വാതന്ത്ര്യബോധമുള്ള ഒരു ആധുനിക പൗരയായി അയാന്‍ സംക്രമിക്കപ്പെടുകയാണ്. അഭയാര്‍ത്ഥികള്‍ക്കുള്ള അലവന്‍സ് പറ്റി ജീവിക്കാതെ സ്വന്തമായി അധ്വാനിച്ചു ജീവിക്കാനും വിദ്യാഭ്യാസം തുടരാനും അയാന്‍ തീരുമാനിക്കുന്നു. ഭര്‍ത്താവിനൊപ്പം പോകാന്‍ കുടുംബം അയാനെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ അവള്‍‍ക്ക് കഴിയുന്നു. മതത്തെ സംബന്ധിച്ച അയാന്റെ കാഴ്ചപ്പാടുകള്‍ പുനര്‍വിചിന്തനത്തിന് വിധേയമാകുന്നതും ഇതേ കാലഘട്ടത്തിലാണ്.
വസ്ത്രധാരണം സംബന്ധിച്ച കടുംപിടിത്തം ഉപേക്ഷിക്കുന്നതില്‍ തുടങ്ങി ദൈവത്തിനോട് വിട പറയുന്ന അവസ്ഥയില്‍ അവളെത്തുന്നു. അമേരിക്കയില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അടക്കമുള്ള രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങള്‍ അതിന് ഉത്പ്രേരകമാകുന്നു. ഡച്ച്പൗരത്വം കൂടി ലഭിക്കുന്നതോടെ ഒരു സ്വതന്ത്രവ്യക്തി എന്ന നിലയിലേയ്ക്കുള്ള അയാന്റെ പരിവര്‍ത്തനം പൂര്‍ത്തിയാകുന്നു.
വിദ്യാഭ്യാസത്തിനു  ശേഷം താത്പര്യമുള്ള തൊഴില്‍ തേടിയുള്ള അന്വേഷണമാണ് അയാനെ രാഷ്ട്രീയജീവിതത്തിന്റെ പരിസരങ്ങളില്‍ എത്തിക്കുന്നത്. അതേ കാലഘട്ടത്തില്‍ തന്നെ മതം മുസ്ലീംസ്ത്രീകള്‍ക്കു മേല്‍ പ്രയോഗിക്കുന്ന അധികാരങ്ങളെ പറ്റിയും തന്മൂലം അവര്‍ അനുഭവിക്കുന്ന യാതനകളെ പറ്റിയും തുറന്ന് സംസാരിക്കാന്‍ അയാന്‍ തയ്യാറാകുന്നു. ഹോളണ്ട് സ്വതന്ത്രചിന്ത പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ്. എന്നാല്‍ കുടിയേറ്റജനതയെ അവരുടെ തനത് സ്വത്വം നിലനിര്‍ത്താന്‍ അനുവദിക്കുക എന്ന ഉദാരമായ ഡച്ച് സമീപനം ആത്യന്തികമായി കുടിയേറ്റക്കാര്‍ താന്താങ്ങളുടെ മൗലികതകളില്‍ കടിച്ചു തൂങ്ങുന്നതിനും പാശ്ചാത്യമൂല്യവ്യവസ്ഥയോട് കലഹിക്കുന്നതിനുമാണ് കാരണമാക്കുന്നത്. സൊമാലിയന്‍ കുടിയേറ്റജനത ഹോളണ്ടില്‍ പോലും അവരുടെ ഗോത്രവ്യവസ്ഥിതിയില്‍ നിന്നും മുക്തി നേടുന്നില്ല. ഇത്തരം വിഷയങ്ങളില്‍ അയാന്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. ആക്ടിവിസ്റ്റ് എന്ന നിലയിലുള്ള അയാന്റെ ജീവിതത്തിലെ നിര്‍ണ്ണായകസംഭവമായിരുന്നു തിയോ വാന്‍ ഗോഗിന്റെ കൊലപാതകം. അയാന്‍ ഒളിവില്‍ പോകുന്നു.
സൊമാലിയന്‍ സ്ത്രീകളുടെ ദുരിതജീവിതത്തിന്റെ സകലയാതനകളും അനുഭവിച്ചയാളാണ് അയാന്‍ ഹിര്‍സി അലി. മതം സ്ത്രീയ്ക്കു മേല്‍ പ്രയോഗിക്കുന്ന സവിശേഷാധികാരത്തിനും  അയാന്‍ സ്വയം വഴങ്ങുന്നു. സാമൂഹ്യസാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിച്ച തന്റെ തന്നെ വിശ്വാസങ്ങളെ മുറുകെ പിടിക്കുമ്പോഴും സ്ത്രീ എന്ന തന്റെ ലൈംഗികസ്വത്വം ഗോത്രത്തിനോ, മതത്തിനോ തനിക്കു മേല്‍ അധികാരം അടിച്ചേല്‍പ്പിക്കാനുള്ള ലൈസന്‍സാണ് എന്ന് ചിന്തിച്ചില്ല എന്നതാണ് അയാനെ വിമോചിതയാക്കുന്നത്. മതം അനുശാസിക്കും പ്രകാരം വസ്ത്രം ധരിക്കുകയും മതവ്യത്യാസത്തെ ചൊല്ലി പ്രണയം പോലും  വേണ്ടെന്നു വയ്ക്കുകയും ചെയ്യുമ്പോഴും വ്യക്തി എന്ന നിലയില്‍ ആയാന്‍ തന്റെ നിര്‍ണ്ണയാധികാരത്തില്‍ വിശ്വസിച്ചു. ഒരു അടഞ്ഞ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അതത്ര എളുപ്പമല്ല. മറിച്ചുള്ള ഒരു ഉദാഹരണം ഈ പുസ്തകത്തില്‍ തന്നെ ഉണ്ട്. അത് അയാന്റെ അനുജത്തി ഹവേയ ആണ്. വളരെ ചെറുപ്പത്തില്‍ തന്നെ തീക്ഷ്ണമായ സ്വാതന്ത്ര്യ ബോധം പ്രകടിപ്പിച്ച, മതത്തിനു കീഴ്പ്പെടാത്ത ഹവേയ യൗവനത്തിലെത്തുന്നതോടെ തികച്ചും വ്യത്യസ്തയായ വ്യക്തിയാകുകയാണ്. ഉപബോധ മനസ്സില്‍ മതം അടിച്ചേല്‍പ്പിച്ച പാപബോധം ദുര്‍ബലമായ ഒരു മാനസികാവസ്ഥയില്‍ മേല്‍ക്കൈ നേടുകയും പ്രതിരോധങ്ങളില്ലാതെ അതിനു കീഴടങ്ങുന്നതുമാണ് കാണുന്നത്. അയാനെ വളര്‍ത്തിയ ഡച്ച് സ്വാതന്ത്ര്യമൂല്യങ്ങള്‍ ഹവേയയ്ക്ക് മരുന്നാകുന്നില്ല.
ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും ഒപ്പം അയാന്‍ ഹിര്‍സാ അലി ഇപ്പോള്‍ അമേരിക്കയിലാണ് ജീവിക്കുന്നത്. പാശ്ചാത്യലോകത്തിന്റെ കയ്യടി നേടാന്‍ സ്വന്തം സംസ്കൃതിയെ ഒറ്റിക്കൊടുത്തു എന്നതടക്കം നിരവധി ആരോപണങ്ങള്‍ അവര്‍ നേരിടുന്നു. പക്ഷേ അത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കും മുന്‍പ് അവരുടെ ജീവചരിത്രം  തീര്‍ച്ചയായും വായിച്ചു നോക്കണം. അയാന്‍ ഹിര്‍സാ അലിയുടെ ‘Infidel- My Life’ സമര്‍പ്പിച്ചിരിക്കുന്നത് സ്വന്തം കുടുംബത്തിനും, പിന്നെ കീഴ്പ്പെടാന്‍ നിര്‍ബന്ധിതരാകുന്ന ലക്ഷക്കണക്കിന് മുസ്ലീംസ്ത്രീകള്‍ക്കുമാണ്. സൊമാലിയന്‍ മരുഭൂമിയില്‍ വെയില്‍ കൊണ്ട് കരിയുമായിരുന്ന ജീവിതം ഇന്ന് അനേകം പേര്‍ക്ക് പഠനവിഷയമാണ്.
 “ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേട്ട ശേഷം എനിക്കേതെങ്കിലും തരത്തില്‍ മരണ വാഞ്ഛയുണ്ടോ എന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. ഇല്ല, എനിക്ക് തുടര്‍ന്നും ജീവിക്കണം. പക്ഷേ, ചില കാര്യങ്ങള്‍ പറയാതെ വയ്യ. ചിലപ്പോഴൊക്കെ മൗനം അനീതിക്കു കൂട്ടു നില്‍ക്കും.“– അയാന്‍ ഹിര്‍സാ അലിയുടെ തന്നെ വാക്കുകളാണ്.

Hot this week

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

Topics

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...
spot_img

Related Articles

Popular Categories

spot_imgspot_img