വീടുപണിയുമ്പോൾ ഓർക്കുക ലാറിബേക്കർ ദർശനം

ഗീതാഞ്ജലി കൃഷ്ണൻ

കേരളത്തിൻ്റെ കാലാവസ്ഥയെക്കുറിച്ചാണ് ആദ്യം ഓർമ്മിപ്പിക്കാനുള്ളത്. നമ്മൾ സ്കൂളിൽ പഠിച്ചതിങ്ങനെയാണ്: കേരളത്തിൽ ആകെ രണ്ടു കാലങ്ങൾ, മഴയുള്ള വേനൽക്കാലവും മഴയില്ലാത്ത വേനൽക്കാലവും. ആണ്ടിൽ ആറു മാസം തുടർച്ചയായ മഴ. അതുകഴിഞ്ഞ് വേനലിൽ വിട്ടുവിട്ട് വേനൽ മഴ.  28 C  നും 35 C നും ഇടയ്ക്ക് ചൂട്. എപ്പോഴും അന്തരീക്ഷബാഷ്പം 60% ൽ അധികം. അടുത്തത് കേരളത്തിൻ്റെ ഭൂപ്രകൃതി. നീണ്ടകടൽത്തീരം, സംസ്ഥാനത്തിനു 200 കിലോമീറ്റർ ശരാശരി വീതി. ചരിഞ്ഞപ്രദേശങ്ങൾ ധാരാളം. കടലിനടുത്ത് വെള്ളക്കെട്ടുള്ളവയും ഉപ്പുരസമുള്ളവയുമായ പ്രദേശങ്ങളുണ്ട്. ഈ അടുത്തകാലത്തായി പ്രകൃതിദുരിതങ്ങളായ തീവ്രമഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും എപ്പോഴും ഭീഷണിയായി ഒപ്പമുണ്ട്.  ഓരോ പ്രദേശത്തേയും ഭൂപ്രകൃതിക്ക് യോജിച്ച വീടുകൾ പണിയാതെ, ഉരുൾപൊട്ടൽ ഭീഷണിയുള്ള ഇടങ്ങളിലും വെള്ളപ്പൊക്കഭീഷണിയുളള ഇടങ്ങളിലും ഒരേപോലെയുള്ള കോൺക്രീറ്റ് വീടുകൾ പണിതത് എന്തിനാണ്?

ബേക്കർ മാതൃകയിലെ വീട്

നമ്മുടെ  കാലാവസ്ഥയ്ക്കും പ്രകൃതിയ്ക്കും ഉതകുന്ന വീടുകളാണോ ഇപ്പോൾ ഉള്ളത്? 1970കൾ മുതലാണ് മട്ടുപ്പാവുവീടുകൾ ഉണ്ടാക്കി തുടങ്ങിയത്. മഴ പെയ്യാത്ത, മരുഭൂമിയുള്ള നാടുകളിൽ വേനൽക്കാലത്ത് ആളുകൾ രാത്രികാലം മട്ടുപ്പാവിൽ ചിലവഴിക്കും. കേരളത്തിൽ അതു പതിവില്ല. (മുറ്റത്ത് ഓലവിരിച്ച് അതിൽ പായിട്ട് കിടക്കാറുണ്ടായിരുന്നു പണ്ട് ചിലപ്പോൾ. )  1970 കൾക്കു മുൻപുവരെ ചരിഞ്ഞ മേൽക്കൂര കേരളത്തിൽ മിക്ക വീടുകൾക്കും ഉണ്ടായിരുന്നു. ഓടോ, ഓലയോ, പുല്ലോ മേഞ്ഞത്.  ഭിത്തി നനയാത്ത വിധം, തൂവാനം തെറിച്ച് വെള്ളം കയറാത്ത വിധം, വേണം കൂരയും വാതിലും മറ്റും രൂപകൽപ്പന ചെയ്യാൻ. അതുപോലെ മേൽമണ്ണ് നശിപ്പിക്കാതെ വേണം വീടുകൾ പണിയാൻ. വീടിനകത്ത് പരമാവധി വായു സഞ്ചാരം വേണം. ചൂടുവായു പുറത്തുപോകാൻ സംവിധാനം വേണം. അതിനായി ചരിഞ്ഞ മേൽക്കൂരയിൽ ചെവി പോലുള്ള  ചെറിയ ദ്വാരങ്ങൾ ഉണ്ടാവണം. വീടുകൾക്കുള്ളിലെ വായൂസഞ്ചാരമാണ് അതിനുള്ളിൽ അനുഭവപ്പെടുന്ന തണുപ്പിനൊരു കാരണം.  വെയിലിൽ ചൂടുപിടിക്കാത്ത നിർമ്മാണസാമഗ്രികൾ കൊണ്ട് പണിതാൽ ചൂടുകുറയും. വെയിൽ നേരിട്ടു വീഴുന്ന ദിക്കുകൾ ഒഴിവാക്കിയാൽ കിടപ്പുമുറികളിൽ തണുപ്പുണ്ടാവും. അപ്പോൾ ഊർജ്ജ ഉപഭോഗം കുറയും.

ഓരോ സ്ഥലത്തിനും അനുയോജ്യമായ വീടുകള്‍, തദ്ദേശീയമായ നിര്‍മാണവസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മിക്കാനാണ് ലാറി ബേക്കര്‍ കാണിച്ചുകൊടുത്തത്. മഴ, അന്തരീക്ഷബാഷ്പം, ചൂട് എന്നിവ പരിഗണിച്ചുവേണം കേരളത്തിലെ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ എന്നാണ് പറഞ്ഞത്. കെട്ടിടനിര്‍മണത്തിലെ ചെലവുകുറക്കാന്‍ പല മാര്‍ഗങ്ങള്‍ ഉണ്ട്. ഏറ്റവും പ്രധാനം ആഡംബരം ഒഴിവാക്കുക എന്നതാണ്. അതാണ് ബേക്കര്‍ പറഞ്ഞത്. വീടുകളിൽ മനുഷ്യനു ജീവിക്കാൻ സൗകര്യങ്ങളാണു വേണ്ടത്, ആർഭാടം അല്ല. ആർഭാടം നിറഞ്ഞ ഒരു കുളിമുറിയോ, അടുക്കളയോ അവിടത്തെ സ്ത്രീകളുടെ ജോലിഭാരം കുറയ്ക്കാൻ ഉതകാറില്ല.

ഇന്ത്യയിലെവിടെ പോയാലും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വികൃതരൂപങ്ങളേ ഇപ്പോള്‍ കാണാറുള്ളൂ. അതിന് ചെന്നെ എന്നോ, കൊല്‍ക്കത്തയെന്നോ, എറണാകുളമെന്നൊ വ്യത്യാസമില്ല. രണ്ടു ജനലുകളും ഒരു വാതിലുമുള്ള കോണ്‍ക്രീറ്റ് പെട്ടികള്‍. അതാണ് ആധുനിക സാങ്കേതികവിദ്യയെന്ന് അവകാശപ്പെടുന്നത്.

ബേക്കര്‍ രീതി കേരളത്തിനു അനുയോജ്യമാകുന്നത്  രണ്ടു മൂന്നു കാരണങ്ങളാലാണ്.

1 .പുരയിടത്തിലെ മരങ്ങളും ചെടികളും പരമാവധി നിലനിര്‍ത്തുക. അവയ്ക്ക് ഒരു മനുഷ്യായുസ്സിനേക്കാള്‍ ആയുസ്സുണ്ട്. അടുത്ത തലമുറയ്ക്കും ഉപയോഗിക്കാം.

  1. മണ്ണു വെട്ടി നിരപ്പാക്കാതെ ഭൂമിയുടെ കിടപ്പനുസരിച്ച് പണിയുക. അനേകായിരം വർഷങ്ങൾ കൊണ്ട് ഉണ്ടാകുന്ന മേൽമണ്ണ് നശിക്കാതിരിക്കും. ചിലവു കുറയുമെന്ന് മാത്രമല്ല, ദിവസവും ഏതാനും പടികള്‍ കയറിയിറങ്ങുന്നത് കാലിന്‍റെ ബലം കൂട്ടും. മുട്ടുവേദന, നടുവിനു വേദന ഇവ വരില്ല.( വേദന ഇപ്പോൾത്തന്നെ ഉള്ളവർക്ക് ഇത്തരം വീട് ശരിയാവില്ല). പിന്നെ മേൽമണ്ണുണ്ടെങ്കിൽ അൽപ്പസ്വൽപ്പം കൃഷിയും ആവാം.
  2. വീടിൻ്റെ അറ്റകുറ്റ പണികൾക്കായി അധികവ്യയം ഒഴിവാക്കാന് കഴിയും. ബേക്കർ വീടുകൾക്ക് പെയിൻ്റിങ്ങ് വേണ്ട, പായൽ പിടിക്കില്ല. ഇങ്ങനെ ലാഭിക്കുന്ന പണം സ്വരുമിപ്പിച്ച്, വീട്ടിലെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ആശുപത്രിച്ചിലവുകള്‍ക്കും, പഠനച്ചിലവുകള്‍ക്കും മറ്റും.

കേരളത്തിലെ കെട്ടിടനിർമാണത്തിന്റെ  ഏറ്റവും വലിയ വെല്ലുവിളി, ഭൂമിയുടെ ലഭ്യതയാണ്. പലതരം പദ്ധതികള്‍ വന്നെങ്കിലും വീടില്ലാത്തവര്‍ ഇപ്പോഴും ലക്ഷക്കണക്കിനുണ്ട്. ഏതാണ്ട് 5 ലക്ഷം ( അതിനേക്കാൾ കൂടുതൽ വീടുകൾ ഒഴിഞ്ഞുകിടക്കുന്നു. 13 ലക്ഷം.) വീടില്ലാത്തവരെ കൂട്ടാത്ത ഒരു വികസനവും വികസനം അല്ല. ചേരികള്‍ വികസനത്തിന്‍റെ നാണക്കേടുകള്‍ ആണെന്നാണ് ബേക്കര്‍പറഞ്ഞത്. ഉള്ളവര്‍ക്കും  ഇല്ലാത്തവര്‍ക്കും തലയ്ക്കുമീതേ ഒരു കൂരക്കും, അതിനേ താങ്ങാനുള്ള നാലു ഭിത്തിയ്ക്കും ഒരുപോലെ അവകാശമുണ്ടെന്നും.  ഏതൊരാൾക്കും വെടിപ്പും വൃത്തിയും ഉള്ള വീടിനും പരിസരത്തിനും അവകാശമുണ്ട്. ഉത്ഘാടനം വരെ പളപളപ്പുള്ളതും, അതിനു ശേഷം ചോർന്നൊലിക്കുന്നതുമായ കെട്ടിടങ്ങൾ പാവങ്ങൾക്ക് ദാനം ചെയ്യുന്നതിലെ വിരോധാഭാസം ബേക്കർ ചൂണ്ടിക്കാണിച്ചിരുന്നു. ഉമ്മറം ശ്രീകോവിലും പിൻഭാഗം പന്നിക്കൂടും ആക്കിയല്ല വീടുകൾ രൂപകൽപ്പന ചെയ്യേണ്ടത്.

വ്യാവസായികാടിസ്ഥാനത്തിൽ കെട്ടിടസാമഗ്രികൾ നിർമ്മിക്കുമ്പോൾ അവയിൽ ഉൾച്ചേർക്കുന്ന ഊർജ്ജം മനുഷ്യാധ്വാനത്തിനേക്കാൾ കൂടുതലായിരിക്കും. മനുഷ്യവിഭവശേഷി കൂടിയിരിക്കുകയും തൊഴിലില്ലായ്മ മൂലം നട്ടംതിരിയുകയും ചെയ്യുന്ന അവസ്ഥയിൽ  തൊഴിലിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. പ്രത്യേകിച്ചും നൈപുണ്യം വേണ്ട തൊഴിലുകൾ.

ബേക്കറുടെ പ്രസക്തി, സാങ്കേതികവിദ്യക്കല്ല, അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങള്‍ക്കാണ് .  ഊർജ്ജം കുറച്ചുപയോഗിക്കുന്ന നിർമ്മാണസാമഗ്രികൾക്കാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്. സിമൻ്റ്റ്, കമ്പി ഇവയുടെ ഉപയോഗം കുറച്ചു. ജനലുകൾ ,വാതിലുകൾ ഇവ എതിർദിശയിൽ ക്രമീകരിക്കുന്നതുവഴി വീട്ടിനുള്ളിൽ  നല്ല വായൂസഞ്ചാരമുണ്ടാവുന്നു. ഇഷ്ടിക, തടി ജാളികൾ വീട്ടിനുള്ളിൽ പ്രകാശം ഉറപ്പുവരുത്തുകയും എന്നാൽ അമിതപ്രകാശത്തെ തടയുകയും ചെയ്യും. ചരിഞ്ഞ കൂര ഭിത്തികൾക്ക് സംരക്ഷണം നൽകുകയും അവയെ മഴയിൽ നിന്നും പായലിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. മഴവെള്ളം മേൽക്കൂരയിൽ തങ്ങിനിൽക്കാതെ ഒഴുകിപ്പോകും. (പക്ഷേ ചരിഞ്ഞ കോൺക്രീറ്റ് മേൽക്കൂര പണിയാൻ പ്രത്യേക പരിശീലനം കിട്ടിയവർ വേണം.) ബേക്കർ വീടുകളുടെ ഇഷ്ടികഭിത്തികൾ കനമുള്ള, എലിക്കെണിക്കെട്ടോ അത്തരം വായൂയൂപം ഉൾക്കൊള്ളുന്ന കെട്ടോ ആയിരിക്കും. ഇവയിൽ പൊട്ടലോ വിള്ളലോ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. വായുയൂപം ചുട്, തണുപ്പ് ഇവയെ പ്രതിരോധിക്കുകയും ചെയ്യും. ഇഷ്ടിക കിട്ടാനില്ലാത്ത ഇക്കാലത്ത് പശിമയുള്ള മണ്ണുകൊണ്ട് ഭിത്തികൾ നിമ്മിക്കുന്നതാണ് ഉത്തമം.

Reduce, Reuse, Recycle ..3 R എന്ന പരിസ്ഥിതി മന്ത്രം. ഇതാണ് ബേക്കർ ഉപദേശിച്ചത്. കെട്ടിടം പണിയുമ്പോൾ മലിന്യങ്ങൾ സൃഷ്ടിക്കുന്നതിനെ അദ്ദേഹം കഠിനമായി എതിർത്തിരുന്നു. ഇഷ്ടിക രണ്ടായി മുറിക്കാതെയും , മുറിഞ്ഞ കഷണങ്ങൾ ഉപയോഗിക്കാനും, സിമൻ്റ്റ് പാഴാക്കികളയാതിരിക്കാനും, കമ്പി, തടി ഇവ മുറിഞ്ഞ കഷണങ്ങൾ കോൺക്രീറ്റിങ്ങിൽ ഉപയോഗിക്കാനും നിർബന്ധിച്ചിരുന്നു. മുപ്പതും നാൽപ്പതും വർഷങ്ങൾ കഴിഞ്ഞിട്ടും ഈ സ്ലാബുകൾക്കും കോൺക്രീറ്റിനും ഒന്നും ഒരു കേടുപാടുകളും ഇല്ല. സുസ്ഥിരസാങ്കേതിക വിദ്യയാണ് ബേക്കർ സ്വീകരിച്ചത്.  പഴയ മരഉരുപ്പടികൾ പൊളിച്ചുവിൽക്കുന്ന സ്ഥലത്തുനിന്നാണ് വാതിലും ജനാലപ്പടികളും മറ്റും വാങ്ങുന്നത്. അവ ചുരുങ്ങിയ വിലക്ക് കിട്ടും. ഇക്കാലത്തെ കോൺക്രീറ്റ് കെട്ടിടങ്ങൾ പൊളിച്ചാൽ അവ ഭൂമിക്ക്  ഭാരമാകുന്നതല്ലാതെ വീണ്ടും മണ്ണായി അലിയുന്നില്ല. പുനരുപയോഗമോ രൂപമാറ്റമോ വരുത്തി ഉപയോഗിക്കാനാവാത്ത വസ്തുക്കൾ കഴിവതും ഒഴിവാക്കുക.

“Waste not Want not” എന്ന് അദ്ദേഹം വീട്ടിൽ എല്ലായിടത്തും എഴുതി പ്രദർശി  പ്പിക്കുമായിരുന്നു. ആവശ്യമുണ്ടെങ്കിൽ മാത്രം എന്തും ഉപയോഗിക്കുക. ഒരു വസ്തുവും ധൂർത്തടിക്കാൻ അനുവദിക്കുമായിരുന്നില്ല. ഗാന്ധിജിയുടെ തത്വം, ” ഈ ഭൂമിയിൽ വസ്തുക്കൾ എല്ലാവരുടേയും ആവശ്യത്തിനുണ്ട്.  ആരുടെയും ദുരാഗ്രഹത്തിനില്ല.”  ലാറി ബേക്കർ രീതിയനുസരിച്ച് ഭൂമി നിരപ്പാക്കുകയോ മരം മുറിച്ചുമാറ്റുകയോ ചെയ്യാറില്ല. പുരയിടത്തിൽ ജീവിക്കുന്ന ജന്തുജാലത്തേയും സസ്യജാലത്തേയും അലോസരപ്പെടുത്താൻ അദ്ദേഹം തയ്യാറല്ല. പണിചെയ്യാനായി ഭൂമി തൊടും മുൻപ് മണ്ണിനോടും മരത്തിനോടും അതു വീടാക്കിയ ജീവജാലങ്ങളോടും അനുവാദം വാങ്ങണമെന്ന ഭാരതീയ തച്ചുശാസ്ത്രം. പല കെട്ടിടങ്ങൾക്കും ഉള്ളിൽ ഒരു ചെറുകുളം അല്ലെങ്കിൽ  നടുമുറ്റം ഉണ്ടാവും. ഇതിനെച്ചുറ്റിയാവും മുറികളുടെ വിന്യാസം. വായുവിന്റെ മർദ്ദവ്യതിയാനം കൊണ്ട് ജാളിച്ചുവരുകളിലൂടെ ഇതിൽനിന്ന് സദാ തണുത്ത ഇളംകാറ്റു ചുറ്റിയടിച്ചുകൊണ്ടിരിക്കും. അമിതഭയമുള്ള ചില ആളുകൾ ഉണ്ട്. അവർക്ക് ജാളികളിലൂടെ കയറിവരാൻ സാധ്യതയുള്ള ജന്തുക്കളേയും പക്ഷികളേയും ഭയമാണ്. പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നാൽ ഇവർക്കുകൂടി ഇടം കൊടുക്കുക എന്നാണല്ലോ അർഥം.

കെട്ടിടനിർമാണവ്യവസായത്തിലെ പൊതുചിത്രം നോക്കിയാൽ കെട്ടിടത്തിന്റെ പണിച്ചിലവ് ഭീമാകാരവും സാധാരണക്കാരനു താങ്ങാൻ പറ്റാവുന്നതിലും വളരെ അധികവുമാണെന്ന് വ്യക്തമായി മനസ്സിലാകും. കെട്ടിടനിർമാണത്തിനു അത്യാവശ്യമുള്ള വസ്തുക്കൾ എന്ന് നമ്മൾ കരുതുന്നവയ്ക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.  ജോലിക്കൂലി അധികമാണെങ്കിലും ജോലിക്കാരുടെ ഗുണമേന്മയും അവരുടെ ജോലിയിലുള്ള നൈപുണ്യവും കുറവായാണ് കാണപ്പെടുന്നത്. ഈ നില തുടരുകയാണെങ്കിൽ കെട്ടിടനിർമാണവ്യവസായം നിലച്ചുപോകുമെന്നുതന്നെ തോന്നിപ്പോകും. അല്ലെങ്കിൽ നമുക്കിവിടെ ഒരു വിപ്ലവം നടക്കണം. അതിന്റെ മുദ്രാവാക്യം ഇങ്ങനെയാവും, “ ചിലവു കുറക്കുക, എന്നാൽ ഗുണം കുറക്കാതിരിക്കുക.” കെട്ടിടങ്ങളുടെ ചിലവുകുറക്കാൻ എന്തുചെയ്യണം?നമുക്കു ചുറ്റും പൊന്തിവരുന്ന ഈ വിലകൂടിയ കെട്ടിടങ്ങൾ നാടിനു യഥാർഥത്തിൽ ആവശ്യമുള്ളതാണോ എന്ന് നമ്മൾ ആലോചിക്കണം.

ഗീതാഞ്ജലി കൃഷ്ണൻ

കെട്ടിടനിർമാണത്തിലെ പാഴ്ച്ചിലവുകൾ: പൊങ്ങച്ചമാണ് ഒന്നാമത്തെ പാഴ്ച്ചിലവ്. പണവും ഊർജ്ജവും അനാവശ്യമായി ചെലവാക്കുന്നു. കെട്ടിടത്തിന്റെ ചട്ടക്കൂട് (സ്‌ട്രക്ച്ചർ) നമ്മുടെ എഞ്ചിനീയറിങ് അനുസരിച്ച് ഉറപ്പുള്ളതാക്കുന്നത് എങ്ങനെയെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ഉപയോഗിക്കുന്ന ആൾക്ക് ഇതിലൊന്നും തീരെ വിശ്വാസമില്ല. കൂടുതൽ ഉറപ്പിനായി അവർ കൂടുതൽ വസ്തുക്കൾ – കമ്പി, സിമന്റ്, കോൺക്രീറ്റ്-  ഉപയോഗിച്ച് സുരക്ഷിതത്വം കൂട്ടുന്നു. അതായത് സ്‌ട്രക്ച്ചറൽ എഞ്ചിനീയറിംങ് വിശ്വാസയോഗ്യമല്ലാത്തതുപോലെ, ആശ്രയിക്കാനാകാത്തതുപോലെ. ഒരാവശ്യവുമില്ലെങ്കിലും സിറാമിക് റ്റൈൽസ് പോലുള്ള അലങ്കരവസ്തുക്കൾ വീടിൻ്റെ ഉമ്മറത്തെ ഭിത്തിയിൽ പതിപ്പിച്ചിരിക്കും. അതുപോലെ കളിമണ്ണുകൊണ്ടുള്ള ജാളി അലങ്കാരത്തിനായി പിടിപ്പിച്ച് അതിനു പിറകിൽ കണ്ണാടി മറവച്ചതായി കാണാം. വെള്ളം തെറിച്ചു വീഴാതിരിക്കാൻ. മേൽക്കൂരയിൽ വട്ടത്തിൽ ദ്വരങ്ങൾ ഉണ്ടാക്കി അതിന്മേലും ഗ്ലാസിടും. ഗ്ലാസ് എത്രക്ക് ചൂടുകൂട്ടുന്ന ഒരു വസ്തുവാണെന്നോ? അത് ചൂടിനെ കടത്തിവിടും, എന്നാൽ പുറംതള്ളുകയില്ല. കുളിമുറികളാണ് പണം തിന്നുന്ന മറ്റൊരു വില്ലൻ. അലങ്കാരപ്പണികൾ, പലതരം പൈപ്പുകൾ നമ്മൾ ഒരിക്കലും ഉപയോഗിക്കാത്ത ബാത്ത്ടബ്ബ് ഇവയൊക്കെ ഉണ്ടാവും. അവസാനം മുഷിഞ്ഞ തുണികൾ ഇടുന്ന സ്ഥലമായിരിക്കും ബാത്ടബ്ബ്. തെന്നിയാൽ പിടിക്കാവുന്ന അകലത്തിൽ ആയിരിക്കണം കുളിമുറിയിലെ ഭിത്തികൾ. അതില്ലാത്തതിനാലാണ് കുളിമുറിയിൽ വീണ് പലർക്കും പരിക്കുകൾ ഉണ്ടാവുന്നത്.

ലാറി ബേക്കറിന്റെ  സന്ദേശമിതാണ്:- നിർമ്മാണ വസ്തുക്കളിലും പണിയിലും ഉള്ള പാഴ്ച്ചിലവ് കുറച്ച് ഗുണമേന്മയുള്ള വീടുകൾ, അതു ചെയ്യാൻ പരിശീലനം നേടിയ ജോലിക്കാർ മുഖേന ഉണ്ടാക്കിക്കൊടുക്കുക. ഊർജ്ജ ഉപഭോഗം പരമാവധി കുറക്കണം. ഈ ശില്പവേല അദ്ദേഹത്തിന്റെ ക്വാക്കർ വ്യക്തിത്വത്തിന്റെ ദർപ്പണമാണ്. l

Hot this week

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

Topics

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...
spot_img

Related Articles

Popular Categories

spot_imgspot_img