മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ് ഖാലിദ് റഹ്‌മാൻ. സംഭാഷണ കേന്ദ്രീകൃതമായി ചുരുങ്ങിപ്പോകുന്ന നമ്മുടെ മാസ് ശ്രേണി സിനിമ കാഴ്‌ചയുടേതും ശബ്ദത്തിന്റേതുമാണെന്ന് ഓർമപ്പെടുത്തുന്നുണ്ട് ഖാലിദ് റഹ്മാൻ. ആദ്യ ചിത്രം അനുരാഗ കരിക്കിൻവെള്ള’ത്തിന് ശേഷം പശ്ചാത്തലത്തിന്റെയും കഥാപാത്രവിന്യാസത്തിന്റെയും മികവിൽ കാലത്തിന്റെയും സംസ്‌കാരത്തിന്റെയും കൂടിയായി ഓരോ ഖാലിദ് സിനിമകളും മാറുന്നുണ്ട്. ഒന്നിൽ നിന്ന് അടുത്തതിലേക്ക് എത്തുമ്പോൾ മുൻ സിനിമകളുടെ ശൈലിയും ആഖ്യാന ഭാഷയുമെല്ലാം അപ്പാടെ മാറുകയും ചെയ്യുന്നുണ്ട്. മമ്മൂട്ടിയുടെ ഹീറോയിക് പരിവേഷത്തിന്റെ സാധ്യതകളെ മുൻനിർത്തിയാണ് മലയാളത്തിൽ സമീപകാലത്ത് സിനിമകൾ ഒരുക്കിയിരുന്നത്. അതിൽനിന്നുള്ള മാറി നടത്തമായിരുന്നു ‘ഉണ്ട’. അനുരാഗ കരിക്കിൻ വെള്ളമെന്ന ആദ്യ സിനിമയിൽ നിന്ന് അടിമുടി മാറിയ ഒരു സിനിമാ ഇടപെടൽ. മമ്മൂട്ടിയുടെ ഹീറോയിക് പരിവേഷം പൂർണമായും അഴിച്ചുവെച്ച കഥാപാത്രമായിരുന്നു എസ് ഐ മണികണ്ഠൻ.
അതിന് ശേഷമെത്തിയ ‘ലവ്’ കോവിഡ് കാലത്തിന്റെ പ്രതിസന്ധികളിൽ നിന്നാണ് ഒരുക്കിയത്. ഒരു ഫ്ലാറ്റാണ് കഥാഭൂമിക. ഒരേസമയം കുറ്റമാണെന്നും അത് ആ പശ്ചാത്തലത്തിലെ നീതിയാണെന്നുമുള്ള തര്‍ക്കവിചാരണകളുടെ ഒരു മൈന്‍ഡ് ഗെയിം നരേറ്റീവാണ് സിനിമയുടേത്. ആണ്‍ കോണിലെ ‘ലവ്’ മുന്‍നിര്‍ത്തി പറയുന്ന പടം, ആണധികാര അഹന്തയും വാദപ്രതിവാദത്തിനിടയിലെ കായിക കീഴടക്കലിന്റെ ‘മസ്സില്‍ പവര്‍’ ആക്രണങ്ങളും വരച്ചിടുകയായിരുന്നു. തുടർന്ന് എത്തിയ ‘തല്ലുമാല’ ടിക്ക് ടോക്കിന്റെയും റീൽസിന്റെയും കാലത്തെ കഥാപാത്ര ജീവിതത്തിൽ ഊന്നിയുള്ള കഥപറച്ചിലായിരുന്നു. കാഴ്‌ചയുടെ ഉന്മാദ പെരുക്കം സൃഷ്ടിക്കുന്നതായിരുന്നു മണവാളൻ വസ്സീമും ജംഷിയും ഡേവിഡും റെജിയുമെല്ലാം. തല്ലുമാല വസ്സീമിൽ ചുറ്റിത്തിരിയുമ്പോഴും തന്റെ ചുറ്റും വരുന്നവരുടേത് കൂടിയാവുന്നുണ്ട് പടം. നോൺലീനിയർ നരേറ്റീവിലുള്ള കഥപറച്ചിന്റെ ബലം ഖാലിദിന്റെ ക്രാഫ്‌റ്റിന്റേതുകൂടിയാണ്.
മലയാള സിനിമയുടെ താര സംസ്‌കാരത്തിന് പ്രതിസംസ്‌കാരം സൃഷ്ടിക്കുകയെന്നത് മാത്രമാണ് അത്തരം സിനിമകൾ ഉൽപ്പാദിപ്പിക്കുന്ന സ്‌ത്രീവിരുദ്ധ, മനുഷ്യവിരുദ്ധ ആഘോഷങ്ങളെ ഇല്ലാതാക്കുന്നതിനുള്ള പോംവഴി. വരിക്കാശേരി മനയും തമ്പ്രാൻ സംസ്‌കാരവും മലബാറിന്റെയും പൊന്നാനിയുടെയും കാഴ്‌ചശീലം കൊണ്ട് മറികടക്കാൻ കഴിയുമെന്ന് തല്ലുമാല വിളിച്ചുപറയുന്നുണ്ട്. മനയും ആഢ്യത്വവും വിട്ട് സിനിമ പുതിയ ഇടം നേടിയത് കൊച്ചിയിലായിരുന്നു. ആ മാറ്റത്തിന്റെ അടുത്ത പടിയാണ് അതിനപ്പുറമുള്ള ഓരോ ഭൂമികയുടെയും പ്രാദേശികതയിലേക്ക് സിനിമ ഇറങ്ങി ചെല്ലുന്നത്.
ഇത്തരം പടം ഇന്റർനാഷണലാവുന്നത് ബഡ്‌ജറ്റിനും താരനിരയ്‌ക്കുമപ്പുറം ഉള്ളടക്കത്തിന്റെയും അതിന്റെ പ്രൊഡക്ട് ഡിസൈനിന്റെയും കൂടി മികവുകൊണ്ടാണെന്ന് കോവിഡ് കാലത്തെ മലയാള സിനിമ തെളിയിച്ചിരുന്നു. അതിന്റെ ഒരു വിപുലീകരണം വലിയ ക്യാൻവാസ് സിനിമകൾക്ക് സാധ്യമാകുന്നത് സാക്ഷ്യപ്പെടുത്തുന്നുണ്ട് ആലപ്പുഴ ജിംഖാന. ഒരു സ്‌പോർട്‌സ് സിനിമയുടെ സ്വഭാവമുണ്ടെങ്കിലും കുറച്ച് ചെറുപ്പക്കാരുടെയും അവരുടെ ചുറ്റുമുള്ള ലോകവുമാണ് ഇതിവൃത്തം. നസ്ലിൻ, ഗണപതി തുടങ്ങിയവരുടെ സംഘം ലുഖ്‌മാന്റെ നേതൃത്വത്തിൽ അമേച്വർ ബോക്‌സ് മത്സരത്തിന് എത്തുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രം.
ഒരു ബോക്‌സിങ്ങ് ചാമ്പ്യൻഷിപ്പിന്റെ നടുവിൽനിന്ന് ഇവർ തമ്മിൽ ഉടലെടുക്കുന്ന ഇഴയടുപ്പവും പ്രശ്‌നങ്ങളും അതിനെ നേരിടുന്ന രീതകളുമെല്ലാമാണ് ചിത്രം. അതിവേഗ കഥപറച്ചിൽ കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ട തല്ലുമാലയുടെ വേഗം ജിംഖാനയ്‌ക്കില്ല. പകരം നസ്ലിൻ അവതരിപ്പിച്ച ജോജോ ജോൺസന്റെ ജീവിതയാത്രയിലൂടെയാണ് കഥപറച്ചിൽ. അതേസമയം മറ്റു കഥാപാത്രങ്ങളെയുംകൂടി ഉൾച്ചേർത്താണ് സിനിമയുടെ വികാസം. ഇടയ്‌ക്ക് വരുന്ന ഹൈ മൊമെൻസും ചേർത്ത് മാസ് സിനിമയുടെ സ്വഭാവവും ചിത്രം സൃഷ്ടിക്കുന്നുണ്ട്.
ബോക്‌സിങ് റിങിലെ ‘അൺപ്രൊഫഷണ’ലായ ഒരാളും പ്രൊഫഷണൽ സ്വഭാവമുള്ള ഒരാളും തമ്മിൽ ബോക്‌സിങ് നടത്തുന്ന രംഗങ്ങളുടെ ചിത്രീകരണം രസകരമാണ്. പശ്ചാത്തല സംഗീതവും എഡിറ്റിങും സംഗീതവുമെല്ലാം ജിംഖാനയുടെ കാഴ്‌ചാനുഭവം മികച്ചതാകുന്നുണ്ട്. മലയാള സിനിമയിൽ സംഭവിക്കുന്ന പുതിയ ആഖ്യാന രീതികളിലേക്ക് വലിയ ഇടപെടൽ നടത്തുന്നവരിൽ ഒരാളാണ് ഖാലിദ് റഹ്‌മാൻ. അതിന്റെ തുടർച്ചയാണ് ആലപ്പുഴ ജിംഖാന. l