ആഗോളസപ്ലൈ ചെയിനുകൾ :ചരിത്രവും വർത്തമാനവും

കെ എസ് രഞ്ജിത്ത്

ഇക്കണോമിക് നോട്ട്ബുക്ക് -85

കെ എസ് രഞ്ജിത്ത്

ധുനിക ലോകത്തെ  ഉല്പാദനപ്രവർത്തനങ്ങൾ നടന്നുവരുന്നത് ആഗോളതലത്തിലാണ് . ഏതാണ്ടെല്ലാ  ഉൽപന്നങ്ങളുടെയും  വിവിധ ഘടകങ്ങൾ നിർമ്മിക്കുന്നത് ലോകത്തിന്റെ വിഭിന്ന പ്രദേശങ്ങളിലാണ് . ഇവയെ എല്ലാം സമാഹരിച്ച് കൂട്ടിയിണക്കുന്നതാകട്ടെ മറ്റു ചില കേന്ദ്രങ്ങളിലും . കണ്ണികൾ പോലെ നീണ്ടു കിടക്കുന്ന ,സപ്ലൈ ചെയിനുകൾ എന്ന് അറിയപ്പെടുന്ന, ഈ വ്യവസ്ഥയെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിന്റെ പുതിയ ചുങ്കനയങ്ങൾ കാര്യമായി ഉലയ്ക്കുമെന്നും അത് സങ്കീർണ്ണമായ ഉല്പാദനപ്രവർത്തനങ്ങളെ ബാധിക്കുകയും ഉത്പന്നങ്ങളുടെ വിലവർദ്ധനവിലേക്ക് നയിക്കുകയും ചെയ്യുമെന്നത് സംബന്ധിച്ച ചർച്ചകൾ ഇതിനകം സജീവമായി  ഉയർന്നു കഴിഞ്ഞു . ഈ സങ്കീര്ണതകളെ  മനസിലാക്കാനുള്ള ചെറിയ ശ്രമമാണ് ഈ കുറിപ്പ് .

സപ്ലൈ ചെയിനുകൾ സംബന്ധിച്ച ചില ഉദാഹരണങ്ങൾ നോക്കാം . ആപ്പിൾ കമ്പനി വിറ്റഴിക്കുന്ന സ്മാർട്ട് ഫോണുകളായ ഐഫോണിന്റെ കാര്യമെടുക്കുക . ഇതിന്റെ ഡിസൈൻ നടക്കുന്നത് അമേരിക്കയിലെ ആപ്പിളിന്റെ ഹെഡ് ക്വാർട്ടേഴ്സിലാണ് . ചിപ്പുകളുടെ നിർമ്മാണം നടത്തുന്നത് തായ്‌വാനിലെ TSMC എന്ന കമ്പനി , മെമ്മറി പാർട്സുകൾ നിർമിക്കുന്നത് സൗത്ത് കൊറിയയിലെ സാംസങ് , ക്യാമറ ഘടകങ്ങൾ ജപ്പാനിലെ സോണി കമ്പനി , ഡിസ്പ്ലേ സൗത്ത് കൊറിയയിലെ എൽ ജി യും സാംസങും , ഈ ഘടകങ്ങൾ കൂട്ടിച്ചേർത്ത് അവസാന ഉല്പന്നം നിർമിക്കുന്നത് പ്രധാനമായും ചൈനയിലെ ഫോസ്‌കോൻ (Foxconn ),പെന്റഗൺ തുടങ്ങിയ കമ്പനികൾ . ഇനി ടൊയോട്ട കമ്പനി നിർമ്മിക്കുന്ന വാഹനങ്ങളുടെ കാര്യമെടുത്താലോ ? ഡിസൈനും ഗവേഷണവും ജപ്പാനിലും (Toyota ) അമേരിക്കയിലും (Tesla ),എൻജിൻ ജർമനിയിലും ജപ്പാനിലും ,ബാറ്ററി ചൈനയിൽ , ഇലക്ട്രോണിക് ഘടകങ്ങൾ ദക്ഷിണ കൊറിയയിൽ , വാഹനങ്ങളുടെ ബോഡി പാർട്സ് നിർമിക്കാനാവശ്യമായ സ്റ്റീൽ വരുന്നത് ചൈനയിലും ഇന്ത്യയിലും ബ്രസീലിലും നിന്ന് . അവസാനവട്ട അസ്സബ്‌ളിംഗ്‌ നടക്കുന്നത് അമേരിക്കയിലും മെക്സിക്കോയിലും തായ്‌ലണ്ടിലും . ബോയിങ് വിമാനങ്ങളുടെ കാര്യമെടുത്താലും ഇതാണ് സ്ഥിതി . ഡിസൈൻ ചെയ്യപ്പെടുന്നത് അമേരിക്കയിലും യൂറോപ്പിലും ,ചിറകുകൾ നിർമിക്കുന്നത് ജർമനിയിൽ , വിമാനത്തിന്റെ എൻജിൻ ഇംഗ്ലണ്ടിലും അമേരിക്കയിലും , അവസാന അസ്സംബ്ലി ഫ്രാൻസിലും ജർമനിയിലും . മുന്തിയ റെഡിമെയിഡ് വസ്ത്ര ബ്രാൻഡുകളുടെ കാര്യമെടുത്താലും ഇത് തന്നെയാണ് സ്ഥിതി . സാറ (Zara) എന്ന റെഡിമെയിഡ് ബ്രാൻഡ് നിർമിക്കുന്ന വസ്ത്രങ്ങൾ  ഡിസൈൻ ചെയ്യപ്പെടുന്നത് സ്പെയിനിലും സ്വീഡനിലും , നൂലുകൾ വരുന്നത് ചൈന, ഇന്ത്യ ,ബംഗ്ലാദേശ് എന്നിവടങ്ങളിൽ നിന്നും , നിർമാണം വിയറ്റ്നാമിലും ബംഗ്ലാദേശിലും.

കുറഞ്ഞ നിരക്കിലുള്ള തൊഴിൽശക്തിയെ ഉപയോഗപ്പെടുത്താനും , വിലകുറഞ്ഞ അസംസ്കൃതവസ്തുക്കൾ  കണ്ടെത്തുവാനും വിവിധ രാജ്യങ്ങളിലെ നികുതി ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനും വിവിധ രാജ്യങ്ങൾക്ക് വിവിധ ഉത്പന്നങ്ങളുടെ നിർമാണത്തിനുള്ള ചരിത്രപരമായുള്ള വൈദഗ്ധ്യങ്ങൾ മുതലെടുക്കാനുമൊക്കെയാണ് ഇത്തരത്തിലുള്ള സ്പെഷ്യലൈസേഷൻ ഉല്പാദന പ്രവർത്തനത്തിൽ രൂപപ്പെട്ടത് . എല്ലായ്പ്പോഴും കൂടുതൽ ലാഭം മാത്രം ലക്ഷ്യമിടുന്ന മൂലധനത്തിന്റെ അടിസ്ഥാനചോദനയാണ് ഇതിലേക്ക് നയിച്ച ആന്തരികപ്രേരണ എന്ന് വേണമെങ്കിൽ പറയാം .

ഒരു സപ്ലൈ ചെയിൻ മാതൃക

സപ്ലൈചെയിനുകൾ ചരിത്രത്തിലുടനീളം പല കാരണങ്ങളാൽ കൊണ്ട് അടിസ്ഥാനപരമായി മാറിമറിഞ്ഞിട്ടുണ്ട് . യുദ്ധകാലങ്ങളിൽ തകർന്നടിഞ്ഞിട്ടുണ്ട് . ഇതിന്റെ ആഘാതങ്ങൾക്ക് രാജ്യങ്ങളും ജനങ്ങളും ഇരയായിട്ടുണ്ട് .സാങ്കേതിക വിദ്യകളിലുണ്ടായ മാറ്റങ്ങളാൽ ഉടച്ചുവാർക്കപ്പെട്ടിട്ടുണ്ട് . ഗതാഗതരീതികളിൽ വന്ന മാറ്റങ്ങളാൽ പുനഃസംഘടിക്കപ്പെട്ടിട്ടുണ്ട് . വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളും അവർ കൈക്കൊള്ളുന്ന പുതിയ നയങ്ങളും  ഏറ്റവുമാദ്യം പ്രതിഫലിക്കുന്നതും സപ്ലൈചെയ്‌നുകളിലാണ് . ഈ ഓരോ ഘടകവും വേണമെങ്കിൽ വിസ്തരിച്ച് ചർച്ചചെയ്യാവുന്ന വിഷയങ്ങളാണ് .

യാത്രയും ചരക്കുനീക്കങ്ങളും ഒട്ടും തന്നെ സുഗമമല്ലാതിരുന്ന പഴയകാലത്ത് സപ്ലൈ ചെയിനുകൾ എന്നൊരു ആശയം തന്നെ അപ്രസക്തമായിരുന്നു .കഴുതകളെയും കുതിരകളെയും കടത്തുവഞ്ചികളെയും ഉപയോഗപ്പെടുത്തി വിപണനത്തിനായി ഉൽപ്പന്നങ്ങൾ വിദൂരദേശങ്ങളിലേക്ക് കൊണ്ടുപോകുമ്പോഴും ഉല്പാദനപ്രവർത്തനങ്ങൾ ഏതാണ്ട് പൂർണമായും പ്രാദേശികമായി ഒതുങ്ങി നിന്നു  .വ്യവസായിക വിപ്ലവത്തിനു മുൻപുള്ള കാലത്ത് കൈത്തൊഴിലുകാരും ഗ്രാമീണരായ നെയ്ത്തുകാരും ലോഹങ്ങളും കളിമണ്ണുകൊണ്ടും പത്രങ്ങൾ നിർമിക്കുന്നവരുമെല്ലാം ഇത്തരത്തിൽ പ്രാദേശികമായി ഒതുങ്ങിനിന്നുകൊണ്ടുള്ള ഉല്പാദനപ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരുന്നത് . കാർഷികസമ്പദ്‌വ്യവസ്ഥയിൽ റൊട്ടിയുടെ നിർമാണം ഉദാഹരണമായെടുക്കാം . ഗോതമ്പു കൊയ്യുന്ന കർഷകൻ അത് മില്ലുകളിൽ കൊണ്ടുപോയി പൊടിപ്പിക്കുന്നു . ഈ ഗോതമ്പുപൊടി പ്രാദേശികമായ ബേക്കറിയിലെ ബോർമകളിൽ വെച്ച് റൊട്ടിയായി മാറുന്നു . അതിന്റെ ഉപഭോക്താക്കളും ആ ഗ്രാമങ്ങളിൽ തന്നെ ഒതുങ്ങി നിൽക്കുന്നു . ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ  സ്വയംസമ്പൂർണ്ണ ഗ്രാമങ്ങളിലെ സപ്ലൈ ചെയിനുകൾ ഇത്തരത്തിൽ വളരെ പ്രാദേശികമായി പരിമിതപ്പെട്ടവയാണ് .

ഒലിവ് കായ്കൾ

ചില ഒറ്റപ്പെട്ട അപവാദങ്ങൾ ഈ കാലത്തും കാണാം .റോമൻസാമ്രാജ്യത്തിൽ ഉപയോഗിച്ചിരുന്ന ഒലിവെണ്ണയുടെ ഉല്പാദനം ഇത്തരത്തിലുള്ള ഒന്നാണ് . ആഫ്രിക്കയിൽ നന്നായി വളരുന്ന ഒലിവ് വൃക്ഷങ്ങളിൽ നിന്നുമെടുക്കുന്ന എണ്ണ  വലിയവീപ്പകളിൽ  നിറച്ച് കപ്പൽമാർഗം റോമൻസാമ്രാജ്യത്തിൽ എത്തിച്ചിരുന്നു . മധ്യേഷ്യയിലെ സിൽക്ക് റോഡിൽ കൂടിയും പിന്നീട് കടൽമാർഗവും  സുഗന്ധ ദ്രവ്യങ്ങളും മറ്റും കൊണ്ടുപോയിരുന്നതാണ് മറ്റൊരു അപവാദം. കിഴക്കു നിന്നും പടിഞ്ഞാറേക്ക് സിൽക്കും ,തേയിലയും ,വിലപിടിച്ച കല്ലുകളും മറ്റും കൊണ്ടുപോയി. തിരിച്ച് , കമ്പിളിയും സ്വർണവും വെള്ളിയും ഇങ്ങോട്ടും വന്നു.

18 ആം നൂറ്റാണ്ടിലെ വ്യവസായവിപ്ലവം ആഗോളസപ്ലൈ ചെയ്‌നുകളെ മാറ്റിമറിച്ചു . ആവിയന്ത്രങ്ങൾ വൻകിട യന്ത്രങ്ങളുടെ കടന്നുവരവ് സാധ്യമാക്കി. അതോടൊപ്പം കടൽ കടന്നുള്ള ചരക്കുഗതാഗതം സുഗമമാക്കാൻ തക്ക ശേഷിയുള്ള വൻകിട കപ്പലുകളും എത്തി  . റയിൽവേയുടെ കടന്നുവരവ് ചരക്കുഗതാഗതത്തിന് പുതിയ വേഗം പകർന്നു . ഇതു വലിയ തോതിലുള്ള സാമൂഹികമാറ്റങ്ങൾക്കും വഴിതെളിച്ചു . ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് തൊഴിലു  തേടി മനുഷ്യർ ഒഴുകിയെത്തി . ആദ്യകാല വ്യവസായികശാലകളിൽ വളരെ മോശപ്പെട്ട സാഹചര്യങ്ങളോട് പട പൊരുതി പലരും തളർന്നു വീണു .

രണ്ടാം ലോകയുദ്ധാനന്തര കാലത്താണ്  ഇന്നു  കാണുന്ന രീതിയിലുള്ള ആഗോള സപ്ലൈ ചെയ്‌നുകളുടെ ആരംഭം . അതാതു രാഷ്ട്രങ്ങൾക്കകത്ത് താരതമ്യേന ഒതുങ്ങി നിന്നിരുന്ന ഉല്പാദനസമ്പ്രദായങ്ങൾ ആഗോളമായി മാറുന്നത് ഈ ഘട്ടത്തിലാണ് . ഉല്പാദനച്ചിലവ് കുറയ്ക്കുകയും ലാഭം വർദ്ധിപ്പിക്കുകയും ചെയ്യുക ആഗോളമൂലധനത്തിന്റെ പ്രാഥമികതാല്പര്യമാണ്. സ്വന്തം സമ്പദ്‌വ്യവസ്ഥകളെ വികസിപ്പിടിച്ചെടുക്കുക , വ്യവസായവൽക്കരണത്തിന്റെ പാതയിലേക്ക് സ്വന്തം രാജ്യത്തെ നയിക്കുക എന്നീ ലക്ഷ്യങ്ങളോടെ അവികസിത ,വികസ്വര രാഷ്ട്രങ്ങൾ ഇറക്കുമതിചുങ്കം പൊതുവെ ഉയർത്തി നിർത്തിയിരുന്നത് അന്താരാഷ്ട്ര മൂലധനത്തിന്റെ താല്പര്യമായിരുന്നു .ഐ എം എഫും ലോകബാങ്കുമൊക്കെ ലക്‌ഷ്യം വെച്ചത് അതായിരുന്നു .1948 ൽ  ഗാട്ട്കരാർ നിലവിൽ വരുന്നതും ഈ ലക്ഷ്യത്തോടെയാണ് . ഇതോടുകൂടി ഉത്പന്നങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര തലത്തിലുള്ള മത്സരാത്മകതയും കടുത്തു . ഉല്പാദനച്ചിലവ് കുറയ്ക്കാനുള്ള കടുത്ത പരിശ്രമത്തിന്റെ ഭാഗമായി ഉൽപാദനപ്രവർത്തങ്ങൾ ലോകമെമ്പാടും വിന്യസിക്കപ്പെട്ടു . ഫാക്ടറികളുടെ ലൊക്കേഷൻ നിർണായകമായി . Off shoring, Out sourcing എന്നിവ  സർവ്വസാധാരണമായി . വികസിതരാജ്യങ്ങളിലെ ഉയർന്ന വേതന നിലവാരം ഏഷ്യൻരാജ്യങ്ങളിലേക്ക് ഉല്പാദനപ്രവർത്തനങ്ങൾ പറിച്ചുനടാൻ ഇടയാക്കി. ലോകത്തിന്റെയാകെ വർക്ക് ഷോപ് ആയി ചൈന മാറിത്തീരുന്നത് ഈ പശ്ചാത്തലത്തിലാണ് . ഇതിന്റെ നേട്ടങ്ങൾ ആദ്യഘട്ടത്തിൽ  പങ്കുപറ്റിയ വികസിത രാജ്യങ്ങളിലെ സ്ഥിതിഗതികൾ ക്രമേണ മാറി . വ്യവസായങ്ങളുടെ ശവപ്പറമ്പായി അമേരിക്കയിലെ ഡിട്രോയിറ്റ് പോലുള്ള പ്രദേശങ്ങൾ  മാറിയതും , തൊഴിൽ രഹിതരുടെ  എണ്ണം ക്രമാതീതമായി വർദ്ധിച്ചതും ചൈനയും മറ്റും  ഉല്പാദനപ്രവർത്തങ്ങളിൽ സ്വന്തംകാലിൽ നിന്ന് തുടങ്ങിയതും പുനർചിന്തയിലേക്ക് വികസിതമുതലാളിത്തരാഷ്ട്രങ്ങളെ നയിച്ചു . ട്രമ്പിന്റെ രാഷ്ട്രീയവിജയത്തിന്റെ  മർമ്മം കിടക്കുന്നത് ഇവിടെയാണ്. പക്ഷെ ഇത് പരിഹരിക്കാൻ കൈക്കൊണ്ട നടപടികൾ കാര്യങ്ങൾ  കൂടുതൽ വഷളാക്കുന്നതിലേക്കാണ് നയിക്കുന്നത് എന്നത് വേറൊരു കാര്യം .

അതിസങ്കീർണമായ രീതിയിലാണ് ഇന്നത്തെ ആഗോള സപ്ലൈ ചെയിനുകൾ നിലനിൽക്കുന്നത് . ഇതിൽ സംഭവിക്കുന്ന ചെറിയ ആഘാതങ്ങൾ പോലും ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലേക്ക് ലോകത്തെ നയിക്കും.  ഓഫ്‌ഷോറിങ്ങിന്റെ സ്ഥാനത്ത് reshoring പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു.അമേരിക്കയിലും യൂറോപ്പിലുമുള്ള കമ്പനികൾ പലതും ഇത്തരം പ്രക്രിയകൾക്ക് തുടക്കമിട്ടു. ജർമൻ കമ്പനികൾ offshoring പ്രവർത്തനങ്ങൾ 17 ശതമാനം കുറച്ചു .പക്ഷെ ദേശരാഷ്ട്രങ്ങളേക്കാൾ അധികാരവും പണവുമുള്ളവയാണ് ഇന്നത്തെ അന്താരാഷ്ട്രകമ്പനികൾ പലതും . അവരുടെ ചിറകുകളരിയുക ഒരു രാജ്യത്തിനും എളുപ്പമാവുകയില്ല .

അതെ സമയം സപ്ലൈ ചെയിനുകൾ പുനഃസംഘടിപ്പിച്ചുകൊണ്ടല്ലാതെ reshoring സാധ്യമല്ല . ഇത്തരമൊരു വൈരുദ്ധ്യത്തിലൂടെയാണ് മുതലാളിത്തലോകം ഇന്ന് കടന്നുപോകുന്നത് .

 

 

Hot this week

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

Topics

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

കാഴ്‌ചയിലെ അപൂർവ നിമിഷങ്ങൾ

പ്രകൃതിയും മനുഷ്യനും മറ്റ്‌ ജീവജാലങ്ങളുമൊക്കെച്ചേരുന്ന രൂപങ്ങളിൽ പ്രകാശനിർണയത്തിലൂടെ ലഭ്യമാകുന്ന വർണസങ്കലനത്തെ സൂക്ഷ്‌മമായി...

ജാനകിvs ജാനകി വി : അപായമണിമുഴക്കം പ്രമുഖരുടെ പ്രതികരണം

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക്   സെൻസർ ബോർഡ് ...

ഫാസിസവും നവഫാസിസവും‐ 12

അപരത്വം നവലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങളും...
spot_img

Related Articles

Popular Categories

spot_imgspot_img