
കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട് ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം സ്വീകരിച്ചുകൊണ്ടാണ് ‘മഞ്ഞ്’ എന്ന ഭാവഗാനം എം ടി മലയാളസാഹിത്യത്തിന് സമ്മാനിച്ചത്. കഥാഖ്യാതാവ് ഒരു സ്‌ത്രീയായിരുന്നു എന്നതും അവരുടെ മാത്രം നോട്ടങ്ങളിലൂടെയും വികാരവിചാരങ്ങളിലൂടെയും ആഖ്യാനം ചെയ്യപ്പെട്ടു എന്നതും ആ നോവലിന് സവിശേഷതയായിരുന്നു. ലോകത്തോടു മുഴുവൻ അമർഷവും വാശിയുമായി നടക്കുന്ന നായികമാരേക്കാൾ വളരെ വ്യത്യസ്‌തയായിരുന്നു വിമല എന്ന നായിക. ഒരേയൊരു പ്രതീക്ഷയിൽ ജീവിതം തളച്ചിട്ട് മാസത്തിൽ മൂന്നുമാസം ഒഴികെ ബാക്കി എല്ലാക്കാലത്തും മഞ്ഞുമൂടിക്കിടക്കുന്ന ഒരു പ്രദേശത്ത് ഏകാന്തതയെ സ്വയം വരിച്ചുകൊണ്ട് റെസിഡന്റ് ട്യൂട്ടറുടെ പദവിയുമായി ഒരു ബോർഡിംഗ് ഹൗസിലെ തന്റെ മുറിയിൽ ഒതുങ്ങിക്കഴിയുന്ന നായികയ്‌ക്ക് എം ടിയുടെ മറ്റ് നോവലുകളിലെ കഥാപാത്രങ്ങളോടുള്ള സാമ്യം അവളുടെ ഏകാന്തതയാണ്. എല്ലവർക്കുമിടയിലും ഒറ്റയ്‌ക്ക് വളരെ വളരെ ഒറ്റയ്‌ക്ക്…

ഏകാന്തത എന്ന വരം
കൈ എത്തിച്ചാൽ കിട്ടാവുന്ന അകലത്തിൽ പുസ്‌തകങ്ങൾ കൂടിക്കിടക്കുമ്പോഴും വായിക്കാനൊന്നുമില്ല എന്ന തോന്നൽ ഒരാൾക്കുണ്ടാവുന്നത് എന്തുകൊണ്ടാവാം? പലതവണ വായിച്ചതും പുതുമ നഷ്ടപ്പെട്ടതുമായ പുസ്‌തകങ്ങൾക്കിടയിലാവുമ്പോൾ ഒരാൾക്ക് അങ്ങനെ തോന്നുക സ്വാഭാവികമാണ്. അത്തരം ഒരവസ്ഥയിൽ വീണ്ടും വായിക്കാനെടുക്കുന്ന പുസ്‌തകത്തിൽ വായനയെ സ്‌നേഹിക്കുന്ന ഒരാൾക്ക് മടുപ്പു തോന്നേണ്ട കാര്യമില്ല. ‘മഞ്ഞ്’ എന്ന നോവൽ ആരംഭിക്കുന്നന്നതേ മടുപ്പ് എന്ന വികാരത്തിൽനിന്നാണ്. ഇതേ മടുപ്പാണ് നോവലിൽ ഉടനീളം നായികയിൽ മുന്നിട്ടുനിൽക്കുന്ന വികാരം. ഇതിനാലാവാം അവർ ചുറ്റുമുള്ള എന്തിനെയും നോക്കാൻപോലും മടിക്കുന്നുണ്ട്. കണ്ണടച്ചു കിടന്നു എന്ന വാചകം ഒന്നിലേറെ തവണ നോവലിൽ കടന്നുവരുന്നുമുണ്ട്. പുറത്ത് തണുപ്പുണ്ട് എന്ന് സൂചിപ്പിക്കുമ്പോഴും മുറിയിൽ ചടഞ്ഞിരിക്കാനുള്ള ആഗ്രഹം തണുപ്പിന്റെ ആധിക്യം മാത്രമല്ല. ഇതേ മുറിയിൽ വെളിച്ചം വീഴാത്തിടത്ത് ഉറപ്പിച്ചിരിക്കുന്ന ഒരു കണ്ണാടിയുണ്ട്. സ്വന്തം മുഖത്തിന് കാലം/വർഷങ്ങൾ വരുത്തുന്ന മാറ്റങ്ങൾ കാണാനാഗ്രഹിക്കാതെ അതിനെപ്പറ്റി ഭയത്തോടെ ചിന്തിക്കുന്നുമുണ്ട്. ‘‘കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ പതിവുപോലെ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. ക്ഷീണത്തിന് ഭേദമുണ്ട്. മുഖത്തെ വിളർച്ച കുറഞ്ഞിരിക്കുന്നു. വെളിച്ചം വേണ്ടത്ര വീഴാത്ത കോണിലാണ് കണ്ണാടി ഉറപ്പിച്ചിരിക്കുന്നത്. മുടിക്കെട്ടിൽ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടുന്ന നരച്ച ഇഴകൾ അതിൽ തെളിഞ്ഞുകാണുന്നില്ല. പകൽവെളിച്ചം തെളിഞ്ഞുവീഴുന്നയിടത്തുനിന്ന് കണ്ണാടിയിൽ നോക്കുന്നത് നെഞ്ചിടിപ്പോടെയാണ്’’. തടാകത്തിലെ ജലംപോലെ കാലം തളംകെട്ടി നിൽക്കുന്നു എന്നു പറയുമ്പോഴും തന്റെ മുറിയിലും കാലം വെറുങ്ങലിച്ച് നിൽക്കുന്നു എന്നു പറയുമ്പോഴും തന്നിലൂടെ കാലം അതിവേഗം സഞ്ചരിക്കുന്നത് വിമല തിരിച്ചറിയുന്നുണ്ട്.
അതിന്റെ ഉത്‌കണ്‌ഠകൾ അവൾക്കുണ്ട് താനും.
അച്ഛന്റെ രോഗാവസ്ഥയിൽനിന്ന് അമ്മയുമായി വഴക്കിട്ട് വീട്ടിൽനിന്ന് അൻപത്തിമൂന്ന് നാഴിക അകലെയുള്ള ബോർഡിംഗ് സ്‌കൂളിൽ ജോലിക്കെത്തിയ കാലത്ത് വിമല യൗവനാരംഭത്തിലായിരുന്നു. അതിനുശേഷം ഒന്പതുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആ ഒന്പതുവർഷങ്ങളിൽ ഒന്നും മാറിയില്ലെന്ന് പുറമേയുള്ളവർക്ക് തോന്നിയാലും കാലം കടന്നുപോവുന്നതാണ്. ‘‘ഈശ്വരാ, ഒമ്പതു വർഷങ്ങൾ! ഈ തിരിച്ചറിവിലൂടെ വിമല ഉൾക്കൊള്ളുന്നത്. തടാകത്തിനും ചുറ്റുമുള്ള സുഖവാസകേന്ദ്രത്തിനും ആകെ മുഷിഞ്ഞ മുഖമാണ്. അതിൽനിന്നും രക്ഷപ്പെടുന്നത് സീസണിൽ മാത്രമാണ്. സഞ്ചാരികൾക്കായി നഗരം അണിഞ്ഞൊരുങ്ങുന്നത് അവജ്ഞയോടെയാണ് വിമല നോക്കിനിൽക്കുന്നത്. ആർക്കുവേണ്ടി എന്ന ചോദ്യം ഉള്ളിൽ എവിടെനിന്നോ ഉയർന്നുവരുമെങ്കിലും ചോദിക്കാറില്ല. ഒന്പതുവർഷത്തെ പരിചയത്തിൽനിന്ന് അത്തരമൊരു ചോദ്യത്തിനുള്ള സ്വാതന്ത്ര്യം നഗരം വിമലയ്‌ക്ക് കൊടുത്തിട്ടുണ്ടെന്നവൾ വിശ്വസിക്കുന്നു. പരസ്‌പരമറിഞ്ഞ കൂട്ടുകാർ എന്നാണ് പട്ടണത്തെ അവൾ വിശേഷിപ്പിക്കുന്നത്. എത്രയറിഞ്ഞു എന്ന ചോദ്യം പ്രസക്തമാവുമ്പോഴും തനിക്ക് അഭയം നൽകിയ ഇടത്തോടുള്ള കടപ്പാടും തന്റെ ജീവിതത്തിലെ ഏറ്റവും സ്‌നേഹസുരഭിലമായ ഓർമകൾ‐ ഇന്നും കൃത്യമായി സൂക്ഷിക്കുന്നവ‐ സമ്മാനിച്ചതുമായ നഗരം എന്ന രീതിയിലും വിമലയുടെ ബന്ധം ദൃഢമാണ്. സന്തോഷങ്ങളും സന്താപങ്ങളും ഒരേപോലെ അനുഭവിക്കുന്നവർ. വർഷത്തിൽ ഏകദേശം ഒന്പതുമാസം നഗരവും കടുത്ത ഏകാന്തതയിലാണ്. വിറങ്ങലിച്ച് കിടക്കുകയാണ്.
വിമല തന്റെ ബോർഡിംഗ് ഹൗസിനെ സ്വന്തം മുറിയെ അവിടെ തളച്ചിടപ്പെട്ട ജീവിതത്തെ ശവകുടീരം എന്നും കുഴിമാടം എന്നുമൊക്കെ വിശേഷിപ്പിക്കുന്നുണ്ട്. ആ ഒരു കണ്ണുകൊണ്ടും മനോഭാവംകൊണ്ടുമാവാം അവളുടെ ചുറ്റും എല്ലാം അങ്ങനെതന്നെയാണ് കാണുന്നത്. അവിടെ ഭിത്തികൾക്ക് മരിച്ച ഹൃദയമാണ്. കാലദൂതന്മാരെപ്പോലെയാണ് ചുമട്ടുകാരെ തോന്നുന്നത്. നടക്കാൻ തിരഞ്ഞെടുക്കുന്ന വഴിയിൽ ഒരു പൊളിഞ്ഞ പുരത്തറയാണ് കാണുന്നത്. രാക്ഷസന്റെ തലയോടുപോലെ കുഴികളും മുഴകളുമായി കിടക്കുന്ന വലിയൊരു കൽക്കൂന്പാരമാണ് അവൾ ഇരിക്കാനായി തിരഞ്ഞെടുക്കുന്നത്. ഗോൾഡൻ നൂക്കിലെ പുതിയ വിരുന്നുകാരൻ ആരെന്നറിയാൻ നോക്കുമ്പോഴാകട്ടെ കൈയുള്ള ഒരു കസേരയിൽ ആരോ ഒരു മൃതദേഹം ഇരുത്തിവെച്ചതാണ് എന്നാണ് തോന്നുന്നത്. ഇങ്ങനെ സ്വയംവരിച്ച ഏകാന്തതയ്‌ക്കൊപ്പം മഞ്ഞിന്റെ വലിയ ആവരണത്തിനൊപ്പം ജീവിക്കുന്ന വിമല എന്ന അധ്യാപികയ്‌ക്ക് ആ ജീവിതത്തോട് മടുപ്പുണ്ടെങ്കിലും അതിൽനിന്ന് രക്ഷപ്പെടണമെന്ന ആഗ്രഹമേയില്ല. ഏകാകിത മഞ്ഞ് എന്ന നോവലിൽ ഒരു കഥാപാത്രമായി വളർന്ന് വലുതാവുകയാണ്. ഗോൾഡൻ നൂക്കിലേക്ക് പുതിയ വിരുന്നുകാരൻ എത്തുമ്പോൾ സ്വന്തം മുറിയിൽനിന്ന് അയാളെ കാണുന്ന രാത്രി സർദാർജിയുടെ ഇക്‌താര നിശബ്ദമാവുമ്പോൾ വിമല തന്നോടുതന്നെ വളരെ ആകാംക്ഷയോടെ ചോദിക്കുന്നത് ‘‘അയാൾ തനിച്ചാണോ’’?
വൃദ്ധനായാലും യുവാവായാലും അയാൾ തനിച്ചാണോ?
തനിയെ… തനിയെ… എന്നാണ്.
കഴിഞ്ഞ മൂന്ന് സീസണിലും അയൽവക്കത്തെ താമസക്കാർ ഏതൊക്കെ തരത്തിൽ തന്നെയും ബാധിച്ചിരുന്നു എന്ന ഓർമക്കൊപ്പമാണ് ഈ ചിന്തയും കടന്നുവരുന്നത്. തനിയെ എന്ന വാക്കു കഴിഞ്ഞ് ആ കുത്തുകൾ പോലും അവിടെ അർഥപൂർണമായി മാറുകയാണ്. തനിയെ ജീവിക്കുന്ന ഒരാൾക്ക് സ്വാഭാവികമായുണ്ടാവുന്ന ഒരു ഉത്‌കണ്‌ഠ മാത്രമല്ല ഇത്. സ്വന്തം ജീവിതാവസ്ഥകളോട് ചേർന്നുനിൽക്കാനാവുന്ന ഒരാളാണോ എന്ന അന്വേഷണം കൂടിയാണത്. പക്ഷേ ഈ ചോദ്യങ്ങളെല്ലാം അവളിൽ ഉദിച്ച് അവളിൽതന്നെ ഒടുങ്ങിപ്പോവുകയാണ്. അങ്ങനെ വിമല തന്നോടു മാത്രമാണ് സംസാരിക്കുന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് സർദാർജി അവരൊരുമിച്ച് മലയിൽ നടക്കുമ്പോൾ തന്റെ വാക്കുകൾക്ക് അവളുടെ തണുത്ത പ്രതികരണങ്ങളെ ഉദ്ദേശിച്ചുകൊണ്ട് സംസാരിപ്പിക്കാൻ ശ്രമിക്കുന്നത്. ആ സമയത്തെയും സന്ദർഭത്തെയും കുറിക്കാൻ എം ടി എഴുതിയൊരു വാചകമുണ്ട് ‘‘നിമിഷങ്ങൾ വീണ്ടും നിശ്ശബ്ദതയുടെ നീർക്കയത്തിലേക്ക് താണുപോയി’’. വിമലയുടെ ഭാവം എന്തായിരുന്നുയെന്ന് വ്യക്തമാക്കാൻ ഈ വാചകത്തിന് കഴിവുണ്ട്. തനിക്ക് ഓർമിക്കാൻ പലതും ഉറങ്ങിക്കിടക്കുന്ന ആ വഴിയിൽ സർദാർജി ഒപ്പം ചെന്നതുതന്നെ അവളെ അലോസരപ്പെടുത്തുന്നുമുണ്ട്. അവളുടെ മൗനത്തിന്റെ ആവരണങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർദാർജി നടത്തുന്നത്.
‘‘എന്താണ് ടീച്ചർജി ഒന്നും പറയാത്തത്?
‘‘എന്ത് പറയാൻ’’?
‘‘എന്തെങ്കെിലും.. പണ്ട് ഞാനും ഇങ്ങനെയായിരുന്നു. എന്നോടു മാത്രമേ കൂടുതലായി സംസാരിച്ചിരുന്നുള്ളൂ. ഇപ്പോൾ എനിക്ക് എന്തിനോടും സംസാരിക്കാം. പാറകളോട് മരങ്ങളോട്, വിളക്കുകാലുകളോട്… ഇതിനോടു ചേർന്ന് ഒരു ചോദ്യം കൂടിയുണ്ട് ‘‘സംസാരിക്കാൻ കഴിയുന്നത് ഒരനുഗ്രഹമാണ്, ടീച്ചർ ജി ശരിയല്ലേ? അതിനുപോലും കൃത്യമായ ഒരു ഉത്തരം നൽകാതെ അവൾ ഒഴിഞ്ഞുമാറുന്നു. ഇതെല്ലാം തന്നിലേക്കുതന്നെ ഒളിഞ്ഞിരിക്കാനുള്ള അവളുടെ ത്വരയെ വെളിപ്പെടുത്തുന്നു. സ്വന്തം വിദ്യാർഥികളുടെ മുന്നിൽപോലും മടിയില്ലാതെ കള്ളം പറഞ്ഞുകൊണ്ട് നിൽക്കാൻ വിമല അഭ്യസിച്ചുകഴിഞ്ഞു. വെക്കേഷന്റെ തുടക്കത്തിൽ കുട്ടികളെല്ലാവരും ടീച്ചർ എന്നു പോവും എന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ നാളെ എന്നും തിരിച്ചെത്തുമ്പോൾ എന്നു തിരികെ വന്നു എന്ന് ചോദിക്കുമ്പോഴാവട്ടെ ആവർത്തിച്ച് ചോദിക്കുമ്പോൾ മാത്രമാണ് മറുപടി പറയുന്നത്. പലപ്പോഴും ഒന്നും പറയാറുമില്ല. താൻ വെക്കേഷന് പോവാറില്ല എന്ന് ഒരുപക്ഷേ കുട്ടികളിൽ ആരെങ്കിലും അറിഞ്ഞിട്ടുണ്ടാവാം. എങ്കിലും ആരും ഇന്നേവരെ ചോദിക്കാത്ത ഭാഗ്യമായി കരുതുമ്പോൾ തന്റെ മൂടുപടങ്ങൾ പൊഴിഞ്ഞുപോകുമോ എന്ന ആശങ്ക എത്രമാത്രം അവൾ ഉള്ളിൽ കൊണ്ടുനടക്കുന്നുവെന്ന് വ്യക്തമാവുന്നു. സർദാർജിയുടെ നോട്ടങ്ങളും വാക്കുകളും ചോദ്യങ്ങളും തന്റെ ഉള്ളിലെവിടെയോ ചെന്നുകൊള്ളുന്നു എന്നും അയാൾ ആവശ്യത്തിലേറെ സ്വാതന്ത്ര്യം എടുക്കുന്നുവോ എന്ന സന്ദേഹം തന്നെ അവളെ ഭരിക്കുന്നുണ്ട്. അവൾക്ക് അവളുടേതായ ഒരു ലോകമുണ്ട്. മലകളും മഞ്ഞും തണുപ്പും തടാകവും തേടി വരണ്ടഭൂമികളിൽനിന്ന് എത്തുന്ന സഞ്ചാരികളുടെ കാലൊച്ച കേൾക്കാം. തന്റെ ശവകുടീരത്തിനു ചുറ്റും എന്ന് വിമലയുടെ ചിന്തയിൽ ആത്മപീഡയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞുനിൽപുണ്ട്. കാലം തന്നിലൂടെ ഓരോ ദിവസവും കടന്നുപോവുന്നത് തിരിച്ചറിഞ്ഞുകൊണ്ട് ജീവിക്കുക എന്നതിനേക്കാൾ അതിനോട് ഇണങ്ങി ജീവിക്കുക എന്ന ഒരുതരം സാഹസികതയാണ് വിമല ചെയ്യുന്നത്. ജീവിതത്തെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും അതിലൂടെ നേടാൻ കണക്കുകൂട്ടുന്ന സുരക്ഷിതത്വത്തെക്കുറിച്ചും ഒരുപാട് ധാരണകൾ വെച്ചുപുലർത്തുന്ന നമ്മുടെയൊക്കെ കാഴ്‌ചപ്പാടിൽ ഈ ജീവിതം ഒരുപക്ഷേ നിഷ്‌ഫലമായിത്തോന്നാം. എന്നാൽ തന്നോടുതന്നെ സത്യസന്ധത പുലർത്താൻ ശ്രമിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതാണ് അവരുടെ കരുത്ത്. മഞ്ഞിലെ വിമല എന്ന നായികയിലൂടെ എം ടി സാക്ഷാത്‌കരിക്കുന്നതും അതുതന്നെയാണ്. എല്ലാ മനുഷ്യരുടെയും ഭാവി നിർണയിക്കുന്നതെന്നു പറയാറുള്ളത് വളരെ ശരിയാണെന്ന് ബോധ്യമാവുന്നതും വിമലയിലൂടെയാണ്.