ക്രിയാത്മകമായ ഉൾചോദനയുടെ പ്രവാഹം ശക്തമായ കലാവിഷ്‌കാരങ്ങളായി ജീവിതസങ്കീർണതകളോട് ഇഴചേർന്നുകൊണ്ട് സമൂഹത്തിലാകെ വളർന്നു വികസിക്കുന്ന കാലമാണിന്ന്. സമൂഹത്തിന് അനിവാര്യമാകുന്ന മാനവികതയും ജനാധിപത്യവും മതനിരപേക്ഷതയുമൊക്കെ ചേർത്തുപിടിച്ചുകൊണ്ടാണ് കലാവഴികളിലൂടെ കലയിൽ താൽപര്യമുള്ള പൊതുസമൂഹം സഞ്ചരിക്കുന്നത്‐ ന്യൂനപക്ഷമെങ്കിലും. ഓരോ വ്യക്തിയുടെയും നിത്യജീവിതത്തെയും സ്വകാര്യാനുഭവങ്ങളെയും സമൂഹത്തിലെ കാഴ്‌ചകളെയും കലാരചനകളിലേക്ക് സന്നിവേശിപ്പിച്ച് ഉൾക്കരുത്തുള്ള കലാവിഷ്‌കാരങ്ങളിൽ യുവതലമുറയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. സമൂഹത്തിൽനിന്ന് നേരിടുന്ന വെല്ലുവിളികൾ, മത്സരബുദ്ധി, അക്രമം, പ്രകൃതിചൂഷണം ഇവയൊക്കെ കലയിൽ ഉത്‌കണ്‌ഠയുയർത്തുകയും പ്രതിരോധ കലാവഴികൾ കണ്ടെത്തുകയും ചെയ്യേണ്ട കാലത്താണ് നാം ജീവിക്കുന്നത്. കല അനുഭവങ്ങളുടെ പ്രതിഫലനവും ആഹ്ലാദനിമിഷങ്ങളുടെ പ്രതിരൂപവുമായി തീരുമ്പോൾതന്നെ പിന്തിരിപ്പൻ മൂല്യങ്ങൾക്കെതിരെയും സാമ്പ്രദായിക അനിശ്ചിതത്വത്തിനെതിരെയും സൃഷ്ടിക്കുന്ന നവീനമായൊരു കലാവബോധമാണ് രൂപമെടുക്കേണ്ടത്. അതിനുള്ള കൂട്ടായ്‌മകൾക്ക് പ്രത്യേകിച്ച് പുരോഗമനപ്രസ്ഥാനങ്ങളടക്കമുള്ള സാംസ്‌കാരികരംഗം ഇനിയും സജീവമാകേണ്ടതുണ്ട്. സാഹിത്യത്തിലും ചിത്ര‐ശിൽപകലയിലും സംഗീതത്തിലും നൃത്തത്തിലുമൊക്കെ വ്യാപരിക്കുന്ന യുവതലമുറയെ കൂടുതൽ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ സാംസ്‌കാരികരംഗത്ത് വൈവിധ്യമാർന്ന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. അതിന്റെ തുടർച്ചയാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവവും വിവിധ കലാമത്സരങ്ങളും.
പ്രകൃതിയെയും ശാസ്‌ത്രത്തെയും കലയെയും കൂട്ടിയിണക്കുന്ന വൈവിധ്യവും സവിശേഷവുമായ ജനപ്രിയ കലകളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. വിവിധ കലാവിഭാഗങ്ങളുടെ മത്സരാവതരണമാണ് അരങ്ങേറിയത്. സാഹിത്യം, ചിത്രകല, ശിൽപകല, സംഗീതം, നൃത്തം, നാടകം, കഥാപ്രസംഗം എന്നീ വിഭാഗങ്ങളിൽപ്പെടുന്ന 65 ഇനങ്ങളിലായിരുന്നു മത്സരം. സംഗീതവിഭാഗത്തിൽ തനിമയാർന്ന അവതരണം, താളം, ശ്രുതിലയവും ശബ്ദഭംഗിയും താളച്ചേർച്ച, ഭാവം, ലയം എന്നിവയുടെ മികവും നൃത്ത ഇനങ്ങളിൽ താളമേളം, നൃത്തവിദ്യ, ചലനഭംഗി, മുദ്രശുദ്ധി എന്നീ ഘടകങ്ങളും ചിത്ര‐ശിൽപകലയിൽ ആശയവ്യക്തത, തനിമ, മനോധർമം, രൂപസംവിധാനം, നിറച്ചേർച്ച എന്നിവയും സാഹിത്യരചനകളിൽ കഥാവസ്‌തു, ആശയശുദ്ധി, ഭാഷാശുദ്ധി, സാഹിത്യശുദ്ധി, വിഷയബന്ധം എന്നിവയുമൊക്കെ പൂർണതയോടെ അവതരിപ്പിക്കുന്നതിൽ യുവജനങ്ങൾ ശ്രദ്ധിക്കുകയും മികച്ച പ്രകടനം കാഴ്‌ചവെക്കുകയും ചെയ്‌തു. യുവജനക്ഷേമ ബോർഡ് ചെയർമാൻ മന്ത്രി സജി ചെറിയാൻ, വൈസ് ചെയർമാൻ എസ് സതീഷ്, മത്സരവേദികളുടെ ചുക്കാൻപിടിക്കുന്ന ഡയ്‌സ്‌നോൺ അടക്കമുള്ളവരുടെ നേതൃത്വവും ഒപ്പമുണ്ട്.
ഇവിടെ പ്രധാനമായും ശിൽപ‐ചിത്രകലയുമായി ബന്ധപ്പെട്ട ഇനങ്ങളാണ് പരാമർശിക്കുന്നത്. പെൻസിൽ ഡ്രോയിങ്ങ്, പെയിന്റിങ്ങ്, ശിൽപരചന, കാർട്ടൂൺ, മെഹന്തി എന്നീ മത്സരങ്ങളാണ് ഇവയിൽ പ്രധാനപ്പെട്ടത്. ‘നാട്ടിലിറങ്ങിയ കാട്ടാന’ എന്ന വിഷയത്തിലാണ് പെൻസിൽ ഡ്രോയിങ്ങിൽ പതിനാല് ജില്ലകളിൽനിന്നെത്തിയ പ്രതിഭകൾ മാറ്റുരച്ചത്. മുഴുവൻ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടവയായിരുന്നു. കാലികപ്രാധാന്യമുള്ള ഈ വിഷയത്തിന്റെ തീവ്രത അനുഭവേദ്യമാക്കുന്നവയായിരുന്നു അവ. ‘കലോത്സവവേദി’യായിരുന്നു പെയിന്റിങ്ങിന്റെ വിഷയം. കൂടുതൽപേരും നൃത്തവേദിയും അനുബദ്ധദൃശ്യങ്ങളുമായിരുന്നു വരച്ചത്. മികച്ച രചനകളായിരുന്നു അവയെല്ലാം. ശിൽപരചനയാണ് ചിത്ര‐ശിൽപ വിഭാഗങ്ങളിൽ കൂടുതൽ മികച്ചുനിന്നത്. നാലുപേരടങ്ങുന്ന കുടുംബമെന്ന വിഷയത്തിലേക്ക് നിത്യജീവിതത്തിലെ സ്‌നേഹയാഥാർഥ്യ മുഹൂർത്തങ്ങളും സംഘർഷങ്ങളുമൊക്കെ ചേർന്ന ത്രിമാന രൂപമാതൃകകളാണ് കളിമണ്ണ് മാധ്യമമായ ശിൽപരചനയിൽ മത്സരാർഥികൾ തയ്യാറാക്കിയത്. എല്ലാം ഒന്നിനൊന്ന് മികച്ചത്. രൂപഭംഗിയും രൂപസംവിധാനവും മനോധർമവുമൊക്കെ പൂർണതയോടെ ആവിഷ്‌കരിച്ചിരിക്കുന്നു. ശിൽപകലയിൽ പുതിയ കാഴ്‌ചയും ചിന്തയുമൊരുക്കുന്ന പ്രകടനം കാഴ്‌ചവെച്ച ഇവരുടെ ശിൽപങ്ങളിൽ ടെക്‌സ്‌ച്ചറടക്കമുള്ള നിർമിതിയിലെ സവിശേഷ ഭാവതലങ്ങൾ ദൃശ്യമാകുന്നു. കാർട്ടൂണിന് ‘എഐ’യായിരുന്നു വിഷയം. അവിടെയും വിഷയത്തോട് നീതി പുലർത്തി നല്ല ഹാസ്യചിത്രങ്ങളായിരുന്നു മത്സരാർഥികൾ വരച്ചത്. തനിമയാർന്ന അവതരണം, രൂപസംവിധാനം, ചലനഭംഗി ഇവയൊക്കെ ശ്രദ്ധിച്ചുകൊണ്ടാണ് പെൺകുട്ടികൾ ‘മെഹന്തി’ മത്സരത്തിൽ പങ്കെടുത്തത്. മികച്ച സൃഷ്ടികളായിരുന്നു പങ്കാളിയുടെ വിരൽതുന്പു മുതൽ കൈമുട്ടുവരെ അവർ വരച്ചുകാട്ടിയത്.
തൊഴിൽസാധ്യതകൾ ഏറെയുള്ള കലാവിഭാഗങ്ങളിലെ പ്രത്യേകിച്ച്, ചിത്ര‐ശിൽപ ഇനങ്ങളിലെ മികവാണ് ഇത്തരമൊരു കുറിപ്പെഴുതാൻ ഈ ലേഖകനെ പ്രേരിപ്പിച്ചത്. സ്വന്തമായി തൊഴിെൽ തേടാൻ പര്യാപ്‌തമായ ഫൈൻ ആർട്‌സ് ഉൾപ്പെടെയുള്ള കലാവിഭാഗങ്ങൾ‐ അതതു വിഷയങ്ങളിൽ വേണ്ടത്ര കലാവബോധം പകരാനും പ്രൊഫഷണൽ ടച്ച് ലഭിക്കുവാനും പര്യാപ്‌തമാകുന്ന തുടർപഠനത്തിന് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന വിധം, (വിദഗ്‌ധരെ ഉൾപ്പെടുത്തിയ പരിശീലനപരിപാടികൾക്ക്) യുവജനക്ഷേമ വകുപ്പ് മുൻകൈ എടുക്കുന്നത് അവരുടെ ഭാവിയിലെ കലാപ്രവർത്തനങ്ങൾക്കും തൊഴിൽസാധ്യതകൾക്കും മികവു പകരാൻ സഹായകമാകും. (കലാമത്സരങ്ങളിൽ മികവു കാട്ടുന്ന ന്യൂനപക്ഷമെങ്കിലും അതതു മേഖലയിൽ അക്കാദമിക് പഠനം ലഭിക്കാത്തവരാണ്) കലാരംഗത്തെ യുവജനങ്ങളുടെ ഇത്തരം കൂട്ടായ്‌മകളുടെ കരുത്ത് സർഗാത്മകമായ സമൂഹത്തെ രൂപപ്പെടുത്താനുള്ള വഴിവിളക്കാണ്. നല്ല മനസ്സിനും നല്ല ചിന്തയ്‌ക്കും നല്ല പ്രവൃത്തിക്കും. l