എം ആർ വെങ്കിട്ടരാമൻ

ഗിരീഷ്‌ ചേനപ്പാടി

മിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അതുല്യമായ സംഭാവന നൽകിയ നേതാവായിരുന്നു എം ആർ വെങ്കിട്ടരാമൻ. എം ആർ വി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട അദ്ദേഹം സിപിഐ എമ്മിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിവന്ന 32 പേരിൽ ഒരാളാണദ്ദേഹം. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. സിപിഐ എമ്മിന്റെ ആദ്യത്തെ തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറിയും എം ആർ വിയാണ്‌. അഞ്ചു പതിറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ പൊതുപ്രവർത്തന കാലയളവിൽ 11 വർഷം ജയിലിൽ കഴിയേണ്ടിവന്നു. മൂന്നുവർഷക്കാലം ഒളിവിലാണ്‌ പ്രവർത്തിച്ചത്‌.

1968 മുതൽ 1974 വരെ രാജ്യസഭാംഗമായി പ്രവർത്തിച്ച എം ആർ വി മികച്ച പാർലമെന്റേറിയൻ കൂടിയായിരുന്നു. ജനകീയപ്രശ്‌നങ്ങൾ പഠിച്ച്‌ പാർലമെന്റിൽ സമർഥമായി അവതരിപ്പിക്കുന്നതിൽ എം ആർ വി സവിശേഷമായ മികവ്‌ പുലർത്തി. എ കെ ജിയുൾപ്പെടെയുള്ള നേതാക്കളുമായി ചേർന്നുനിന്നുകൊണ്ടുള്ള പാർലമെന്ററി പ്രവർത്തനം ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോയമ്പത്തൂരിലെ അറിയപ്പെടുന്ന സാമൂഹ്യപരിഷ്‌കർത്താക്കളുടെ കുടുംബത്തിലാണ്‌ വെങ്കിട്ടരാമൻ ജനിച്ചത്‌. കൃഷിശാസ്‌ത്രജ്ഞനായിരുന്ന രാമസ്വാമി ശിവത്തിന്റെ മകനായി 1907 ആഗസ്‌ത്‌ 20നാണ്‌ ജനനം. പിതാവ്‌ കോയമ്പത്തൂരിലെ അഗ്രികൾച്ചറൽ കോളേജ്‌ പ്രിൻസിപ്പലായിരുന്നു. കോയമ്പത്തൂരിലായിരുന്നു വെങ്കിട്ടരാമൻെറ സ്‌കൂൾ വിദ്യാഭ്യാസം. കോളേജ്‌ വിദ്യാഭ്യാസം മദ്രാസിലായിരുന്നു.

നിയമബിരുദം നേടിയതിനുശേഷം പ്രമുഖ അഭിഭാഷകനും ദേശീയവാദിയുമായ എസ്‌ ദൊരൈസ്വാമി അയ്യരുടെ ജൂനിയറായി മദ്രാസ്‌ ഹൈക്കോടതിയിൽ പ്രാക്ടീസ്‌ ആരംഭിച്ചു. ആദ്യകാലങ്ങളിൽ രാഷ്‌ട്രീയത്തോട്‌ എം ആർ വിക്ക്‌ വലിയ താൽപര്യമില്ലായിരുന്നു. എന്നാൽ ദൊരൈസ്വാമി അയ്യരെ കാണാൻ കോൺഗ്രസ്‌ നേതാക്കൾ പലരും ഓഫീസിൽ വരുമായിരുന്നു. സമകാലിക രാഷ്‌ട്രീയവിഷയങ്ങൾ പലതും അയ്യരും നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. മിക്കപ്പോഴും വെങ്കിട്ടരാമൻ നിശബ്ദനായ ശ്രോതാവായിരുന്നു.

ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമര പ്രസ്ഥാനവും ശക്തിപ്പെട്ട 1930കളിൽ ബ്രിട്ടീഷ്‌ വിരുദ്ധ മുന്നേറ്റം ഇന്ത്യയൊട്ടാകെ അലയടിച്ചു. മദ്രാസിലും അതിശക്തമായ ജനകീയ മുന്നേറ്റമാണുണ്ടായത്‌. വിദ്യാർഥികളും യുവജനങ്ങളും അഭിഭാഷകരുമെല്ലാം സ്വാതന്ത്ര്യസമരത്തിൽ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പങ്കാളികളായി.

1935‐40 കാലത്ത്‌ തൊഴിലാളികളുടെ നിരവധി കേസുകൾ എം ആർ വി നടത്തി. ഏറ്റവും കൂടുതൽ ദുരിതം സഹിക്കുന്നവർ തൊഴിലാളികളാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ പ്രശ്‌നങ്ങൾ അലിവോടെയും ആർജവത്തോടെയും അദ്ദേഹം വാദിച്ചു. അന്നത്തെ തൊഴിൽനിയമങ്ങളുടെ പരിധിയിൽ നിന്നുകൊണ്ട്‌ പരമാവധി ആശ്വാസം തൊഴിലാളികൾക്കു നേടിക്കൊടുക്കാൻ എം ആർ വി ശ്രദ്ധിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങളെ സമഗ്രമായി പഠിക്കാനുള്ള അവസരമായിരുന്നു അദ്ദേഹത്തിന് അഭിഭാഷകവൃത്തി.

കോൺഗ്രസ്‌ നേതാവായിരുന്ന ബി ശ്രീനിവാസ റാവുവുമായി അടുത്തു പരിചയപ്പെടാൻ എം ആർ വിക്ക്‌ അവസരമുണ്ടായി. മികച്ച സംഘാടകനായിരുന്ന റാവു അന്ന്‌ കോൺഗ്രസിലെ ഇടതുപക്ഷവിഭാഗത്തിന്റെ പ്രമുഖ നേതാവായിരുന്നു. എം ആർ വിക്ക്‌ എഴുതാനും ഇംഗ്ലീഷിൽനിന്ന്‌ തമിഴിലേക്ക്‌ തർജുമ ചെയ്യാനും കഴിവുണ്ടെന്നു മനസ്സിലാക്കിയ ശ്രീനിവാസ റാവു ചില ജോലികൾ അദ്ദേഹത്തെ ഏൽപിച്ചു. ജനശക്തി വാരികയിൽ അവ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. പി രാമമൂർത്തിയും എം ആർ വിയെ കൂടെക്കൂടെ സന്ദർശിക്കുക പതിവായിരുന്നു. ഈ രണ്ടു നേതാക്കളുടെയും സ്വാധീനം എം ആർ വിയിലെ രാഷ്‌ട്രീയക്കാരനെ രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചു.

1937ൽ മദ്രാസിലെ ബ്രോഡ്‌വെയിലുള്ള കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി ഓഫീസിൽ എം ആർ വിയെത്തി. അവിടെ എ കെ ജി ഉണ്ടായിരുന്നു. മലബാറിൽനിന്ന്‌ പട്ടിണിജാഥ നയിച്ച്‌ മദ്രാസിലെത്തിയതായിരുന്നു എ കെ ജി. നിക്കറും ബനിയനുമിട്ട്‌ തലയിൽ തൊപ്പിയും വെച്ചായിരുന്നു സമരഭടന്മാർ മദ്രാസിലേക്ക്‌ മാർച്ച്‌ ചെയ്‌തത്‌. ഓഫീസിലുണ്ടായിരുന്ന ശ്രീനിവാസറാവു എ കെ ജിക്ക്‌ എം ആർ വിയെ പരിചയപ്പെടുത്തി. അതിനോടകം എ കെ ജിയെക്കുറിച്ചും പട്ടിണിജാഥയെക്കുറിച്ചും എം ആർ വി ഏറെ കേട്ടിരുന്നു. നേരിട്ടു പരിചയപ്പെട്ടതോടെ മതിപ്പ്‌ വർധിക്കുകയും ചെയ്‌തു. ഏറെനേരം എം ആർ വിയുമായി സംസാരിക്കാൻ എ കെ ജി തയ്യാറായി. സ്‌നേഹവാത്സല്യങ്ങളോടെയുള്ള എ കെ ജിയുടെ പെരുമാറ്റം എം ആർ വിയെ ഏറെ ആകർഷിച്ചു. ഊഷ്‌മളമായി തുടർന്ന അവരുടെ ബന്ധം എ കെ ജിയുടെ അന്ത്യംവരെയും നിലനിന്നു.

1938ൽ രാജപാളയത്ത്‌ നടന്ന കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ സമ്മേളനത്തിൽ നിരീക്ഷകനായി എം ആർ വി പങ്കെടുത്തു. പ്രമുഖ നേതാവ്‌ ശ്രീനിവാസറാവുവിന്റെ ക്ഷണമനുസരിച്ചായിരുന്നു അത്‌. എ കെ ജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉദ്‌ഘാടനം ചെയ്‌തത്‌ പി സുന്ദരയ്യയാണ്‌. പി രാമമൂർത്തി, ജീവാനന്ദം, ശ്രീനിവാസറാവു തുടങ്ങിയ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ പ്രമുഖ നേതാക്കൾ ആ യോഗത്തിൽ പങ്കെടുത്തു. എ കെ ജി നടത്തിയ ഹൃദയത്തിൽ തൊടുന്ന പ്രസംഗം എം ആർ വിയെ കുറച്ചൊന്നുമല്ല ആവേശഭരിതനാക്കിയത്‌.

താമസിയാതെ അദ്ദേഹം കോയന്പത്തൂരിലേക്ക്‌ മടങ്ങി. സോഷ്യലിസത്തിൽ ആകൃഷ്‌ടനായ അദ്ദേഹം മുഴുവൻസമയ രാഷ്‌ട്രീയ പ്രവർത്തകനാകാൻ തീരുമാനിച്ചു.

1939ൽ രണ്ടാംലോകയുദ്ധം ആരംഭിച്ചതോടെ സ്ഥിതിഗതികളിലാകെ മാറ്റം വന്നു. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി യുദ്ധത്തിനെതിരായിരുന്നു. എങ്കിലും അതിനെതിരെ ജനങ്ങളെ അണിനിരത്താൻ സിഎസ്‌പി നേതൃത്വം തയ്യാറായില്ല. എന്നാൽ കമ്യൂണിസ്റ്റ്‌ പാർട്ടി യുദ്ധത്തിനെതിരെ അണിനിരക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്‌തു. പാർട്ടി നേതാക്കളും പ്രവർത്തകരും അതിനായി കഠിനാധ്വാനം ചെയ്‌തു. കമ്യൂണിസ്റ്റ്‌ പാർട്ടി എടുത്ത നിലപാടാണ്‌ ശരിയെന്ന ധാരണയിൽ എം ആർ വി എത്തി. താമസിയാതെ എം ആർ വി കമ്യൂണിസ്റ്റ്‌ പാർട്ടി അംഗമായി.

കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി നേതാക്കളുമായി എം ആർ വി ബന്ധപ്പെടുന്നത്‌ രഹസ്യ പൊലീസ്‌ നിരീക്ഷിച്ചുവരികയായിരുന്നു. 1940ന്റെ തുടക്കത്തിൽ തന്നെ എം ആർ വിയെ വക്കിലോഫീസിൽനിന്ന്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഭാര്യ അസുഖം ബാധിച്ച്‌ ചികിത്സയിലായിരുന്നതിനാൽ അദ്ദേഹത്തിന്‌ രണ്ടാഴ്‌ചത്തെ പരോൾ ലഭിച്ചു. ഗുരുതരമായ രോഗം ബാധിച്ച ഭാര്യയെ അദ്ദേഹം പരിചരിച്ചു. പരോൾ തീരുന്നതിനു മുന്പായി കമ്യൂണിസ്റ്റ്‌ പാർട്ടിയിൽനിന്ന്‌ നിർദേശം ലഭിച്ചു; തിരിച്ച്‌ ജയിലിലേക്ക്‌ മടങ്ങാതെ ഒളിവിൽ പ്രവർത്തിച്ച്‌ യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തുക. ജീവിതപങ്കാളിയും അതിനോട്‌ യോജിച്ചു. ഭർത്താവിന്റെ പാർട്ടിപ്രവർത്തനത്തിന്‌ അവർ പരിപൂർണ പിന്തുണ നൽകി. തന്റെ രോഗാവസ്ഥ കാര്യമാക്കേണ്ടതില്ലെന്നും രാഷ്‌ട്രത്തിനുവേണ്ടി സേവനമർപ്പിക്കേണ്ട സമയമാണിതെന്നും അവർ ഭർത്താവിനെ ഓർമിപ്പിച്ചു.

അങ്ങനെ രോഗിയായ ഭാര്യയെയും വക്കീൽ പ്രൊഫഷനെയും ഉപേക്ഷിച്ച്‌ എം ആർ വി മുഴുവൻസമയ പാർട്ടിപ്രവർത്തകനായി മാറി. ഒളിവിൽ കഴിയുമ്പോൾ മധുരയിൽവെച്ച്‌ എ കെ ജിയെ കണ്ടുമുട്ടി. ഒളിവിൽ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട പ്രവർത്തനരീതികളും ചിട്ടകളും മറ്റും എ കെ ജി അദ്ദേഹത്തിന്‌ വിശദീകരിച്ചുകൊടുത്തു. അത്‌ എം ആർ വിയെ സംബന്ധിച്ചിടത്തോളം വിലയേറിയ ഉപദേശങ്ങളായിരുന്നു. നിരവധി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുക്കാൻ എ കെ ജിയുടെ ഉപദേശനിർദേശങ്ങൾ സഹായകമായി.

ഒളിവുജീവിതത്തിനിടയിൽ ജീവിതപങ്കാളി അന്തരിച്ചു. അപ്പോൾപോലും വീട്ടിലെത്താനോ അവരെ അവസാനമായി ഒന്നുകൂടി കാണാനോ അദ്ദേഹത്തിന്‌ സാധിച്ചില്ല. എം ആർ വി വീട്ടിലെത്തുന്നതും നോക്കി പൊലീസ്‌ വലവിരിച്ചിരിക്കുകയാണെന്ന്‌ ബോധ്യപ്പെട്ടു. അതുകൊണ്ടുതന്നെ അദ്ദേഹം വീട്ടിലെത്തിയില്ല.

ഒന്നരവർഷക്കാലം ഒളിവുജീവിതം നീണ്ടു. ഇതിനിടയിൽ തൊഴിലാളികളും സാധാരണക്കാരും അദ്ദേഹത്തിന്‌ വലിയ സംരക്ഷണകവചമാണൊരുക്കിയത്‌. എന്നാൽ അപ്രതീക്ഷിതമായി എം ആർ വി അറസ്റ്റ്‌ ചെയ്യപ്പെട്ടു. ഒന്നരവർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട എം ആർ വിയെ വെല്ലൂർ ജയിലിലാണടച്ചത്‌. എ കെ ജിയും അവിടെ തടവുകാരനായി ഉണ്ടായിരുന്നു. എ കെ ജിയെയും എം ആർ വിയെയും ഒരു പ്രത്യേക ബ്ലോക്കിലായിരുന്നു ജയിൽ അധികൃതർ താമസിപ്പിച്ചത്‌. എ കെ ജിയുമായുണ്ടായ നിരന്തര സന്പർക്കം എംആർ വിയിലെ പോരാളിയെ ആവേശഭരിതനാക്കി.

എ കെ ജിയുടെ ‘ജയിൽചാട്ടം’
ജയിൽ അധികൃതരുടെ പെരുമാറ്റം ഓരോ ദിവസം ചെല്ലുന്തോറും മോശമായി വന്നു. എ കെ ജിക്കും എം ആർ വിക്കും പുസ്‌തകങ്ങൾ നിഷേധിച്ചു; വായിക്കാൻ പത്രങ്ങൾ നൽകിയില്ല. തടവുകാരെ രാത്രിയിൽ മാത്രമേ ലോക്കപ്പ്‌ ചെയ്യാറുള്ളൂ. പക്ഷേ അവരെ രണ്ടുപേരെയും ഉച്ച കഴിയുമ്പോഴേക്കും ലോക്കപ്പ്‌ ചെയ്‌തു.

ജയിൽ അധികൃതരുടെ ധിക്കാരത്തിനെതിരെ പ്രതിഷേധിക്കാൻ ഇരുവരും തീരുമാനിച്ചു. ഒരുദിവസം ഉച്ചകഴിഞ്ഞ്‌ വാർഡന്മാർ ലോക്കപ്പ്‌ ചെയ്യാൻ എത്തി. എം ആർ വി സ്ഥലത്തുണ്ട്‌. എന്നാൽ എ കെ ജിയെ കാണാനില്ല. എ കെ ജി എവിടെ? വാർഡന്മാർ നട്ടം തിരിഞ്ഞു. ഈ പട്ടാപ്പകൽ ജയിൽ ചാടുകയോ? ജയിൽ അധികൃതർ ആകെ ഭയന്നു. അപ്രത്യക്ഷനായത്‌ ചില്ലറക്കാരനല്ല. കമ്യൂണിസ്റ്റ്‌ നേതാവായ എ കെ ജിയാണ്‌. ജോലി നഷ്ടപ്പെട്ടതുതന്നെ. വാർഡന്മാർ ചങ്കിടിപ്പോടെ പരസ്‌പരം നോക്കി. രക്ഷയില്ലാതായപ്പോൾ അവർ എം ആർ വിയെ തന്നെ ശരണം പ്രാപിച്ചു. എ കെ ജി എവിടെ? അവർ എം ആർ വിയോടു ചോദിച്ചു.

‘‘നിങ്ങൾ ഇങ്ങനെ പെരുമാറിയാൽ എ കെ ജി എങ്ങനെ രക്ഷപ്പെടാതിരിക്കും?’’ എം ആർ വി ചോദിച്ചു. വാർഡന്മാരുടെ വേവലാതി കണ്ട്‌ മനസ്സലിഞ്ഞ്‌ എം ആർ വി ചോദിച്ചു. ‘‘എ കെ ജിയെ നിങ്ങളുടെ മുന്നിൽ ഞാൻ ഹാജരാക്കാം. പക്ഷേ ഞങ്ങൾക്ക്‌ രണ്ടുപേർക്കും വായിക്കാൻ പത്രങ്ങൾ തരണം; പുസ്‌തകങ്ങൾ തരണം. സമ്മതിച്ചോ? എം ആർ വി വക്കീലിന്റെ വൈഭവത്തോടെ വാർഡന്മാരോട്‌ ചോദിച്ചു.

‘‘സമ്മതിച്ചു. അതിൽ ഒരു മാറ്റവും ഉണ്ടാവില്ല.’’ വാർഡന്മാർ ഉറപ്പു നൽകി.

‘‘എങ്കിൽ ഞാൻ എ കെ ജിയെ ഹാജരാക്കാം’’. എം ആർ വി വിജയശ്രീലാളിതനായി വാർഡന്മാർക്ക്‌ ഉറപ്പുനൽകി. എന്നിട്ട്‌ ജയിൽവളപ്പിൽ ധാരാളം ശാഖകളോടുകൂടിയ മരത്തിലേക്ക്‌ ചൂണ്ടിക്കാട്ടി. അതിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു എ കെ ജി. മരത്തിൽനിന്ന്‌ സാവധാനം എ കെ ജി ഇറങ്ങിവന്നു. വാർഡന്മാർ പറഞ്ഞ വാക്ക്‌ പാലിച്ചു.

ഹിറ്റ്‌ലർ സോവിയറ്റ്‌ യൂണിയൻ ആക്രമിച്ചു. രണ്ടാം ലോകയുദ്ധത്തിന്റെ ഗതിനിർണയിക്കുന്ന പ്ര‌ധാനപ്പെട്ട സംഭവവികാസമായിരുന്നു അത്‌. അതോടെ യുദ്ധത്തിന്റെ സ്വഭാവത്തിൽ മാറ്റം വന്നതായി കമ്യൂണിസ്റ്റ്‌ പാർട്ടി നിരീക്ഷിച്ചു. യുദ്ധവിരുദ്ധ സമീപനം പാർട്ടി ഉപേഷിച്ചു. അതോടെ കമ്യൂണിസ്റ്റ്‌ പാർട്ടിക്കുമേലുള്ള നിരോധനം സർക്കാർ പിൻവലിച്ചു; പാർട്ടി നേതാക്കളെ ജയിലിൽനിന്ന്‌ മോചിപ്പിച്ചു. എം ആർ വിയും ജയിൽമോചിതനായി.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഒന്നാം കോൺഗ്രസ്‌ 1943 മെയ്‌ 28 മുതൽ ജൂൺ 1 വരെ ബോംബെയിലാണ്‌ നടന്നത്‌. അതിനു മുന്നോടിയായി പാർട്ടിയുടെ മദ്രാസ്‌ സംസ്ഥാന സമ്മേളനം നടന്നു. ആ സമ്മേളനം എം ആർ വിയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.

സംസ്ഥാനമൊട്ടാകെ ഉർജസ്വലമായ സമരങ്ങൾക്കും പ്രവർത്തനങ്ങൾക്കുമാണ്‌ എം ആർ വി നേതൃത്വം നൽകിയത്‌. തഞ്ചാവൂരിലെ കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും സമരം അവിസ്‌മരണീയമായ ഒന്നായിരുന്നു. റെയിൽവേ തൊഴിലാളികളുടെ ഐതിഹാസിക സമരത്തിനും ധീരമായ നേതൃത്വം നൽകിയവരിൽ പ്രമുഖൻ എം ആർ വിയായിരുന്നു.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രണ്ടാം കോൺഗ്രസ്‌ 1948ൽ കൽക്കത്തിയിലാണല്ലോ ചേർന്നത്‌. ആ പാർട്ടി കോൺഗ്രസ്‌ അംഗീകരിച്ച തീസിസിന്റെ പേരിൽ പാർട്ടിയെ കോൺഗ്രസ്‌ സർക്കാർ നിരോധിച്ചു. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ ജയിലിലടച്ചു. എം ആർ വിയും അറസ്റ്റ്‌ ചെയ്യപ്പെട്ടു. വെല്ലൂർ സെൻട്രൽ ജയിലിലാണ്‌ അദ്ദേഹത്തെ ആദ്യം അടച്ചത്‌. അവിടെനിന്ന്‌ കോയമ്പത്തൂർ ജയിലിലേക്ക്‌ മാറ്റി. അപ്പോഴേക്കും രാജമുന്ദ്രി ജയിലിൽനിന്ന്‌ എ കെ ജിയെയും അവിടെ കൊണ്ടുവന്നു.

എ കെ ജിയെയും എം ആർ വിയെയും മറ്റു തടവുകാരിൽനിന്നും മാറ്റിപ്പാർപ്പിച്ചു. മറ്റു തടവുകാരുമായി ഇവർ സഹകരിച്ചാൽ എല്ലാവരും കമ്യൂണിസ്റ്റുകാരായി മാറും എന്നതായിരുന്നു ജയിലിൽ അധികൃതരുടെ ന്യായം. തങ്ങളെയും മറ്റു തടവുകാർക്കൊപ്പം താമസിപ്പിക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടു. എന്നാൽ ജയിൽ അധികൃതർ അതവഗണിച്ചു. അതോടെ ഇരുവരും നിരാഹാരസമരത്തിലേർപ്പെട്ടു. പതിമൂന്നാം ദിവസമായപ്പോഴേക്കും എം ആർവിക്ക്‌ ബോധക്ഷയമുണ്ടായി. എങ്കിലും സമരം നിർത്താൻ ഇരുവരും തയ്യാറായില്ല. എ കെ ജി ശരിക്കും ധൈര്യം പകർന്നു നൽകിക്കൊണ്ടിരുന്നു. ഒരുമാസം നിരാഹാരം തുടർന്നു. അതോടെ കടലൂർ ജയിലിലേക്ക്‌ അവരെ മാറ്റി. അതോടെ നിരാഹാരം അവസാനിപ്പിച്ചു.

കടലൂർ ജയിൽവാസം പഠനത്തിനുള്ള അവസരമാക്കി എം ആർ വി മാറ്റി. കഴിയുന്നത്ര മാർക്‌സിസ്റ്റ്‌ ക്ലാസിക്കുകൾ വായിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. കടലൂർ ജലിലിലെ രാഷ്‌ട്രീയ തടവുകാർ ഏറെയും ആന്ധ്രക്കാർ ആയിരുന്നു. എം ആർ വിക്ക്‌ നേരത്തെ തന്നെ തെലുങ്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ അവരുമായി ഇടപെടുന്നതിൽ ഭാഷ തടസ്സമായില്ല.

1949ൽ കടലൂർ ജയിലിൽ രണ്ടുതവണ വെടിവെപ്പുണ്ടായി. രണ്ടാമത്തെ തവണയുണ്ടായ വെടിവെപ്പിൽ തലനാരിഴയ്‌ക്കാണ്‌ എം ആർ വി രക്ഷപ്പെട്ടത്‌. വെടിവെപ്പിനെത്തുടർന്ന്‌ ഭീകരമായ മർദനവും വാർഡന്മാർ നടത്തി. വെടിവെപ്പിനും ലാത്തിച്ചാർജിനുമെതിരെ ജയിൽ അധികൃതരെ പ്രതിചേർത്ത്‌ കേസ്‌ കൊടുത്തു. കോടതി ഇടപെട്ടതോടെ കടലൂർ ജയിലിലെ മനുഷ്യത്വവിരുദ്ധമായ നടപടികൾ തുറന്നുകാട്ടപ്പെട്ടു.

എ കെ ജി ഫയൽ ചെയ്‌ത ഹേബിയസ്‌ കോർപ്പസ്‌ ഹർജി നിയമവിദ്യാർഥികൾക്ക്‌ പഠിക്കേണ്ട അധ്യായമാണ്‌. നിയമവിരുദ്ധമായാണ്‌ തന്നെയും സഹതടവുകാരെയും തടവിലാക്കിയതെന്നും ഉടനടി തങ്ങളെ മോചിപ്പിക്കണമെന്നും എ കെ ജി വാദിച്ചു. എ കെ ജി വേഴ്‌സസ്‌ സ്‌റ്റേറ്റ്‌ ഓഫ്‌ മദ്രാസ്‌ എന്ന പേരിലാണ്‌ ആ കേസ്‌ അറിയപ്പെടുന്നത്‌. സ്വതന്ത്ര്യ ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ആ കേസിനെ തുടർന്നാണ്‌ 1951ൽ എം ആർ വിയുൾപ്പെടെയുള്ളവർ മോചിപ്പിക്കപ്പെട്ടത്‌.

1952ൽ ഒന്നാം പൊതുതിരഞ്ഞെടുപ്പ്‌ നടന്നല്ലോ. അതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻപിടിച്ചത്‌ അദ്ദേഹമാണ്‌. പാർട്ടിയുടെ മൂന്നാം കോൺഗ്രസ്‌ 1953 ഡിസംബർ 27 മുതൽ 1954 ജനുവരി 4 വരെ മധുരയിലാണ്‌ ചേർന്നത്‌. അതിനു മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനത്തിൽ എം ആർ വിയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1962 വരെ തമിഴ്‌നാട്ടിലെ പാർട്ടിയുടെ അമരക്കാരൻ അദ്ദേഹമായിരുന്നു.

പാർട്ടിക്കുള്ളിലെ ഇടതു‐വലതു വ്യതിയാനങ്ങൾക്കെതിരെ ശക്തമായ ആശയസമരം നയിച്ചവരിലൊരാളാണ്‌ എം ആർ വി. 1964ൽ പാർട്ടി ഭിന്നിച്ച വേളയിൽ നാഷണൽ കൗൺസിലിൽനിന്നിറങ്ങി വന്ന 32 പേരിൽ ഒരാൾ എം ആർ വിയായിരുന്നു.

കൽക്കത്തയിൽ ചേർന്ന ഏഴാം പാർട്ടി കോൺഗ്രസ്‌ എം ആർ വിയെ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. സിപിഐ എം രൂപീകരണ പ്രഖ്യാപനം നടന്നത്‌ ഈ പാർട്ടി കോൺഗ്രസിൽ ആയിരുന്നല്ലോ. മരണംവരെ അദ്ദേഹം പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായി തുടർന്നു.

ഏഴാം കോൺഗ്രസിനു മുമ്പായി നടന്ന സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1972ൽ അനാരോഗ്യം മൂലം അദ്ദേഹം പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.

1983 മെയ്‌ 24ന്‌ എം ആർ വെങ്കിട്ടരാമൻ അന്തരിച്ചു. l

Hot this week

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

Topics

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img