കായിക അടിത്തറയ്ക്ക് കരുത്തു പകരുന്ന ഹെൽത്തി കിഡ്സ് പദ്ധതി

ഡോ. അജീഷ്‌ പി ടി

കായികരംഗത്ത് ലോകോത്തര നിലവാരമുള്ള താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. ചിട്ടയായതും ശാസ്ത്രീയവുമായ കായിക പരിശീലനത്തിലൂടെയാണ് ഇത്തരം മികവാർന്ന നേട്ടങ്ങൾ നമ്മുടെ സംസ്ഥാനത്തിന്‌ കരസ്ഥമാക്കുവാൻ കഴിഞ്ഞത്. കായികവും വൈജ്ഞാനികവും ഭാഷാപരവും വൈകാരികവും സാമൂഹികവും സർഗാത്മകവുമായ വിവിധ തലങ്ങളിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളാണ് ഏറ്റവും മെച്ചപ്പെട്ട സാമൂഹിക ജീവിതം കെട്ടിപ്പെടുക്കുവാൻ വ്യക്തികളെ പ്രാപ്തരാക്കുന്നത്. ഈ ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കായിക പരിപോഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളും കായിക സാക്ഷരതയുടെ ബാലപാഠങ്ങളും പ്രീ പ്രൈമറി മുതലുള്ള കുട്ടികൾക്ക് ലഭ്യമാകുന്ന തരത്തിലുള്ള രീതിശാസ്ത്രം രൂപപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ വികാസത്തിന് മുൻഗണന നൽകുന്നതും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ നിരവധി വൈവിധ്യങ്ങൾ നിലനിൽക്കുന്നതുമായ കേരള സമൂഹത്തിന്റെ കായികവും ആരോഗ്യപരവുമായ ഭാവിക്ക് പിന്തുണ നൽകുന്ന കൃത്യമായ കാഴ്ചപ്പാട് ആരോഗ്യ കായിക വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നു. ലോകാരോഗ്യ സംഘടനയുടെ കാഴ്ചപ്പാടിൽ ആരോഗ്യമെന്നത് കേവലം രോഗങ്ങളില്ലാത്ത അവസ്ഥയല്ല, മറിച്ച് ശാരീരികവും മാനസികവും സാമൂഹ്യവുമായ ക്ഷേമവും സൗഖ്യവുമായ സ്ഥിതി കൂടിയാണ്. ഈ ദീർഘകാലലക്ഷ്യം കൈവരിക്കുന്നതിലൂടെ സാമൂഹികമായും സാമ്പത്തികമായും ഉൽപ്പന്നക്ഷമതയുള്ള ജനതയെ ക്രമേണ വാർത്തെടുക്കുവാനും സാധിക്കുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവിദ്യാഭ്യാസമുൾപ്പെടെ സമസ്ത മേഖലകളിലും വിസ്മയകരമായ പുരോഗതിയും നേട്ടങ്ങളും കേരളം കരസ്ഥമാക്കിയിട്ടുള്ളതുമാണ്. വ്യക്തിയുടെ സർവതോമുഖമായ വികാസമായ ആരോഗ്യം നിലനിർത്തുവാൻ മികച്ച കായികക്ഷമത നേടേണ്ടതുണ്ട്. ജീവിതശൈലീരോഗങ്ങളുടെ ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക ചെലവുകൾ രാജ്യത്തിന്റെ പൊതു ഖജനാവിന്റെ നല്ലൊരുഭാഗവും വിനിയോഗിക്കേണ്ടതായ സ്ഥിതി ഉണ്ടാക്കുന്നു. ഇത് രാജ്യത്ത് സാമ്പത്തികമായ അസ്ഥിരത ഉണ്ടാക്കുവാൻ ഇടയാക്കുന്നു. ഇതിന് ബദലായി രോഗം വരാതെ ആരോഗ്യം സംരക്ഷിക്കുന്ന മാർഗമായ കായിക ക്ഷമത ആർജ്ജിക്കുന്ന പ്രവർത്തനങ്ങളിൽ സ്വയം വ്യാപൃതരാകുവാനുള്ള ഇടപെടലാണ് പൊതുവിൽ രൂപപ്പെട്ടു വരേണ്ടത്.

നമ്മുടെ സംസ്ഥാനത്തെ ജനങ്ങളുടെ വ്യവസ്ഥാപിതമല്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലായ്മയും അതിഭീതിതവും ആശങ്കയുളവാക്കുന്ന തരത്തിലും ജീവിതശൈലീരോഗങ്ങൾ വ്യാപിക്കുന്ന സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും വിവിധ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ ആഗോളതലത്തിൽ ജനങ്ങളുടെ കായികക്ഷമതയിലും ആരോഗ്യത്തിലും ശോഷണം സംഭവിച്ചിട്ടുണ്ടെന്നു വ്യക്തമാകും. ഇതിന് പരിഹാരമായി ചലനാത്മകമായ കായിക പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെടേണ്ടതുണ്ട്. അതിവേഗത്തിലുള്ള പുരോഗതി ലോകത്ത് സംഭവിക്കുന്നുണ്ടെങ്കിലും മറുവശത്ത് ജനങ്ങളുടെ ശാരീരിക നിഷ്ക്രിയത്വത്തിന്റെ തോതും സമാന്തരമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ അടിസ്ഥാന കായിക വിദ്യാഭ്യാസം ഗ്രാമ, നഗര വ്യത്യാസം ഇല്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകുന്ന തരത്തിൽ സുദൃഢമായ കായിക അടിത്തറയും കായിക സംസ്കാരവും കേരളത്തിൽ രൂപപ്പെടേണ്ടതുണ്ട്. അടിസ്ഥാന കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കായിക സാക്ഷരതയുടെ എല്ലാ പ്രവർത്തനങ്ങളെയും സംബന്ധിച്ച കൃത്യമായ ധാരണ കുട്ടികളിൽ എത്തിച്ചേരേണ്ടതുണ്ട്. പ്രീ പ്രൈമറി വിദ്യാഭ്യാസം മുതൽ അടിസ്ഥാന ചലനനൈപുണികളോടൊപ്പം രസകരമായ കളികളിലൂടെയും അനുഭവങ്ങളിലൂടെയും കായികജ്ഞാനം ഉല്പാദിപ്പിക്കപ്പെടുന്നു. ഇതിനെ ക്രമേണ പരിപോഷിപ്പിച്ച്‌ കുട്ടികളുടെ കായിക ക്ഷമത നിലനിർത്തുവാനും മെച്ചപ്പെടുത്തുവാനുമുള്ള സ്ഥിരം സംവിധാനങ്ങളുടെ സാധ്യതയും നാം ഉറപ്പാക്കണം. കായികക്ഷമതയിൽ ഏറെ മികവുപുലർത്തുന്ന കുട്ടികളെ കണ്ടെത്തി അനുയോജ്യമായ പ്രതിഭാ പരിപോഷണ പരിപാടികൾ രൂപപ്പെടുത്തി നടപ്പിലാക്കിയാൽ പുതിയ കുട്ടികളെ പ്രകടനാത്മക സ്പോർട്സിലേക്ക് സംഭാവന ചെയ്യുവാൻ കഴിയും.

എന്താണ് ഹെൽത്തി കിഡ്സ്
ആരോഗ്യവും കായികക്ഷമതയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നത് ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്കും പൗരരുടെ ക്ഷേമത്തിനും അത്യന്താപേക്ഷിതമായ ഘടകമാണ്. ഇത് വ്യക്തിഗതമായും സാമൂഹികമായും വലിയ സ്വാധീനം ചെലുത്തും.സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സംഘടനകൾ, കുടുംബങ്ങൾ, വ്യക്തികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ. അതിനാൽ അടിസ്ഥാനതലമായ പ്രൈമറി ക്ലാസുകളിൽ ശക്തമായ കായിക അടിത്തറ രൂപപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ കായിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും അക്കാദമിക നിലവാരം ഉയർത്തുന്നതിനും കായിക മികവ് കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുംവേണ്ടി സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ അക്കാദമിക അതോറിറ്റിയായ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) വികസിപ്പിച്ച കായിക ഗവേഷണ പദ്ധതിയാണ് ഹെൽത്തി കിഡ്സ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കായിക വിദ്യാഭ്യാസം ഉദ്ഗ്രഥിത സമീപനത്തോടുകൂടിയാണ് വിനിമയം ചെയ്യപ്പെടുന്നത്. എന്നാൽ ഈ രീതിയിലൂടെ പ്രതീക്ഷിച്ച ഗുണഫലങ്ങൾ നേടിയെടുക്കുവാൻ നമുക്കായിട്ടില്ല. ശൈശവപ്രമേഹം ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കിടയിൽത്തന്നെ വ്യാപകമാകുന്ന സാഹചര്യത്തിനു ബദൽ മാർഗമായി രൂപപ്പെടുത്തിയ ചലനാത്മകമായ പ്രവർത്തനങ്ങളുടെ ശാസ്ത്രീയഅവതരണമാണ് ഹെൽത്തി കിഡ്സ് പദ്ധതി. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ സമഗ്ര വികാസവും അക്കാദമികവും വൈജ്ഞാനികവുമായ മേഖലകളെ പരിപോഷിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളാണ് ഇതിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രൈമറി ക്ലാസുകളിൽ അനുവദിച്ചിട്ടുള്ള കായിക വിദ്യാഭ്യാസ പിരീഡുകളിലാണ് ഹെൽത്തി കിഡ്സ് പദ്ധതിയിലെ ഉള്ളടക്ക ഭാഗങ്ങൾ വിനിമയം ചെയ്യപ്പെടുന്നത്. ഈ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ രണ്ട് കൈപുസ്തകങ്ങൾ സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റീയറിംഗ് കമ്മിറ്റി അംഗീകരിക്കുകയും പൊതുവിദ്യാലയങ്ങളിൽ വിനിമയം ചെയ്യുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്. പ്രൈമറി ക്ലാസുകളിലെ അധ്യാപകർക്ക് അക്കാദമിക ക്ലാസുകളുടെ ഭാഗമായോ സ്വതന്ത്രമായ രീതിയിലോ ഇതിലെ ഉള്ളടക്കത്തിന്റെ ഭാഗങ്ങൾ കൈകാര്യം ചെയ്യാവുന്നതാണ്. സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകൾക്കും ആവശ്യമായ ഹെൽത്ത് കിഡ്സ് പ്രവർത്തന പുസ്തകങ്ങൾ കായിക യുവജനകാര്യ വകുപ്പ് നൽകിയ ഫണ്ട് ഉപയോഗപ്പെടുത്തി പ്രിന്റ്ചെയ്ത് വിതരണവും പൂർത്തിയാക്കി. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് ലഭ്യമാകേണ്ട കായികാരോഗ്യ പ്രവർത്തനങ്ങളുടെ പരിമിതി കേരളത്തിലെ കായിക മേഖലയിൽ നിലവിൽ പ്രതിഫലിക്കുന്നുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമാകുവാൻ ഹെൽത്തി കിഡ്സ് പദ്ധതിയുടെ ഗുണഭോക്താക്കളാകുന്ന കുട്ടികളുടെ സമഗ്ര കായിക പുരോഗതിയിലൂടെ നമുക്ക് കഴിയുമെന്നാണ് പ്രതീക്ഷ. രണ്ടുവർഷത്തിധികം നീണ്ടുനിന്ന ഫീൽഡ് തല പ്രായോഗിക പരീക്ഷണ‐നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെൽത്തി കിഡ്സ് എന്ന മാതൃകാ പദ്ധതി എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചത്.

ലഘുവായ കളികളിലൂടെയും വിവിധ കായിക പ്രവർത്തനങ്ങളിലൂടെയും കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ശേഷി വികാസത്തെ ഏറെ പരിപോഷിപ്പിക്കുന്ന ഒരു പ്രവർത്തന പദ്ധതിയാണിത്. ഈ പുസ്തകങ്ങൾ ഔദ്യോഗികമായി പ്രകാശനം ചെയ്യുകയും കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേക്കും വിതരണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിൽ പ്രൈമറി വിഭാഗത്തിൽ ഹെൽത്തി കിഡ്സ് ഉള്ളടക്ക മേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക പ്രായോഗിക പരിശീലനം ഉൾപ്പെടെയുള്ള സെഷനുകൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ ഫലപ്രദമായ രീതിയിൽ നിർവഹിക്കുന്നതിന് ആവശ്യമായ കായിക ഉപകരണങ്ങളുടെ ലഭ്യത സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ നിന്നും വിനിയോഗിക്കും. അതോടൊപ്പം ഹെൽത്തി കിഡ്സ് പഠന മേഖലകളുടെ വിനിമയം കൂടുതൽ ശക്തമാക്കുന്നതിനു വേണ്ടി മുഴുവൻ ഉള്ളടക്ക ഭാഗങ്ങളും ഡിജിറ്റൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾ സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ തയ്യാറാക്കിയിട്ടുള്ള വീഡിയോകൾ അവധിക്കാല അധ്യാപക സംഗമത്തിൽ പരിചയപ്പെടുത്തുകയും പരിശീലനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കേരളത്തിലെ മികച്ച കായിക വിദ്യാലയങ്ങളിൽ വച്ചാണ് പ്രസ്തുത വീഡിയോകൾ എല്ലാം ഷൂട്ട് ചെയ്തിട്ടുള്ളത്. കൃത്യമായ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ മികച്ച അവതരണ ശൈലിയിലാണ് പ്രസ്തുത വീഡിയോകളെല്ലാം തയ്യാറാക്കിയിട്ടുള്ളത്.പരിശീലന വീഡിയോകൾ കൂടി ലഭ്യമാകുന്നതോടെ അധ്യാപകർക്ക് ഹെൽത്തി കിഡ്സ് ഉള്ളടക്കം മേഖലകൾ വളരെ ആത്മവിശ്വാസത്തോടുകൂടി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുവാൻ കഴിയും. കായിക പ്രവർത്തനങ്ങളുടെ അവതരണത്തിന്റെ പൂർണ്ണത കൃത്യമായി മനസ്സിലാക്കുവാനും ഇത്തരം ഡിജിറ്റൽ വീഡിയോകൾ സഹായിക്കും.പരിശീലനം സിദ്ധിച്ച ഏതൊരു പ്രൈമറി സ്‌കൂൾ അധ്യാപകനും അനായാസേന ആത്മവിശ്വാസത്തോടുകൂടി കുട്ടികളെ കായിക ശേഷികൾ അഭ്യസിപ്പിക്കുവാൻ പര്യാപ്തരാകുന്ന തരത്തിൽ അനുയോജ്യമായ രീതിയിലാണ് പ്രവർത്തന പുസ്തകങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. ലളിതമായ ഭാഷയിൽ കൃത്യമായ വിവരണത്തോടുകൂടി ചിത്രങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുന്ന രീതിയിൽ വളരെ ഹൃദിസ്ഥമായ രീതിയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. നിശ്ചിത ഇടവേളകളിൽ കുട്ടികളുടെ കായിക ശേഷികളുടെ പുരോഗതി വിലയിരുത്തുന്നതിനുവേണ്ടി പ്രത്യേക മൂല്യനിർണയ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സവിശേഷ പരിമിതരായ കുട്ടികൾക്ക്കൂടി പങ്കെടുക്കുവാൻ അനുയോജ്യമായ രീതിയിലുള്ള പ്രവർത്തനങ്ങളും ഉള്ളടക്കത്തിന്റെ ഭാഗമായി ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പ്രധാന ഉള്ളടക്ക മേഖലകൾ
ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ചലന നൈപുണികൾ, ശേഷികൾ, കായിക സാക്ഷരതയുടെ വിവിധ രീതികൾ, ഘട്ടങ്ങൾ, കിഡ്സ് അത്ലറ്റിക്സ്, താളാത്മക ചലനങ്ങൾ, നാച്ചുറൽ പ്ലേ,കിഡ്സ് യോഗ, കൈകാര്യശേഷികൾ ,ശാരീരിക ഏകോപന ശേഷികൾ,സഹകരണശേഷികൾ, ട്രഷർ ഹണ്ട് ,ഒബ്സ്റ്റക്കിൾ റേസ് തുടങ്ങിയ പ്രധാനപ്പെട്ട ഉള്ളടക്ക മേഖലകളാണ് ഹെൽത്തി കിഡ്സ് പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുന്നത്. അടിസ്ഥാന കായിക ക്ഷമതാ ഘടകങ്ങളായ ഹൃദയ ശ്വസനക്ഷമത, അയവ്, ഏകോപനം, സന്തുലനം, ശരീരപേശികളുടെ കരുത്ത്, സ്ഥിരത തുടങ്ങിയവ മെച്ചപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഓരോ കുട്ടിക്കും സ്വയം നിയന്ത്രിതമായി ജീവിതസാഹചര്യങ്ങളെ നേരിടുവാനുള്ള പ്രാപ്തി ലഭിക്കുന്നു എന്നതിനേക്കാൾ സഹകരണത്തിൽ അധിഷ്ഠിതമായ സ്വഭാവ സവിശേഷത കൈവരിച്ചുകൊണ്ട് ഉത്തമ പൗരരായി വളരുവാനുള്ള ഊർജ്ജം ഈ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് ലഭ്യമാകുന്നു. ക്രിയാ ഗവേഷണം, വ്യക്തിഗത പഠനം എന്നീ ഗവേഷണ തന്ത്രങ്ങളും ഈ പദ്ധതിയുടെ ഭാഗമായി പ്രയോഗവത്കരിക്കുന്നുണ്ട്. കുട്ടികളുടെ അക്കാദമിക മുന്നേറ്റവും കായികശേഷിയും അളന്ന് തിട്ടപ്പെടുത്തി അനുയോജ്യമായ പരിഹാരബോധന പ്രവർത്തനങ്ങളും ഇതിൻെറ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. വിവിധ കാരണങ്ങളാൽ വൈജ്ഞാനിക, സഹവൈജ്ഞാനിക മേഖലകളിൽ സജീവമായി പങ്കെടുക്കുവാൻ വിമുഖത കാണിക്കുന്ന കുട്ടികളുടെ യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് സുഗമമായ വിദ്യാലയ സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരുവാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

നവകായിക സൃഷ്ടിയിൽ പുതു കേരളം
മാനുഷിക വികസനം, ലോക സമാധാനം തുടങ്ങിയവ രൂപപ്പെടുത്തുവാൻ നടത്തുന്ന എല്ലാവിധ പരിശ്രമങ്ങളിലും ജനങ്ങളെ ഏറ്റവും മികച്ച രീതിയിൽ സ്വാധീനിക്കാൻ കഴിയുന്നതും ചെലവ് കുറഞ്ഞതുമായ ഉപാധിയായി കായികമേഖലയെ കേരള സമൂഹത്തിൽ പ്രയോജനപ്പെടുത്തുവാൻ സാധിക്കുമെന്ന് വിവിധ സന്ദർഭങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സംസ്ഥാന രൂപീകരണത്തിനുശേഷം കായികരംഗത്തെ സമസ്തതലങ്ങളിലും സമാനതകളില്ലാത്ത വികസനത്തിനാണ് കേരളം സാക്ഷിയാകുന്നത്. ഏറ്റവും അത്യന്താധുനികമായ സ്പോർട്സ് സയൻസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ നമ്മുടെ സംസ്ഥാനത്ത് കൂടുതൽ വ്യാപകമാക്കുവാനുള്ള ഇടപെടലുകൾ നടന്നുവരുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും പൊതു കളിക്കളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് സർക്കാർ. സംസ്ഥാനത്തിന്റെ കായികരംഗത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതിനും, അതിനായുള്ള തന്ത്രങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിക്കുന്നതിനുമുള്ള ഔദ്യോഗിക രേഖയായി മാറുവാൻ ഉതകുന്ന രീതിയിൽ അവതരിപ്പിച്ച കായിക നയത്തെ സംസ്ഥാനം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇത് കായികരംഗത്തെ ഭരണപരമായ കാര്യങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, പരിശീലനം, മത്സരങ്ങൾ, കായിക സംസ്കാരം വളർത്തൽ, സാമ്പത്തിക സഹായം, നിയമപരമായ ചട്ടക്കൂടുകൾ എന്നിവയെക്കുറിച്ച് വ്യക്തമായ പുതുകാഴ്ചപ്പാട് നൽകുമെന്നുറപ്പാണ്. കായിക രംഗത്തും തനതായ കേരള മാതൃക രൂപപ്പെടുത്തിക്കൊണ്ടുള്ള വികസന കുതിപ്പിനെയാണ് സംസ്ഥാനം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ശാരീരികക്ഷമതയും മാനസിക പ്രതിബദ്ധതയുമുള്ള യുവജനങ്ങളെ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് പോലുള്ള അന്താരാഷ്ട്ര കായിക മത്സര വേദികളിലേക്കുള്ള യാത്രയിലേക്ക് തയാറാക്കുകയാണ് കായികകേരളം പ്രധാനമായും ലക്ഷ്യമിടുന്നത്. മികച്ച പരിശീലകരും സൗകര്യങ്ങളും നൽകിയാണ് ഈ കായിക പുനരുജ്ജീവനം കേരളത്തിൽ ശക്തമായി നടന്നുകൊണ്ടിരിക്കുന്നത്. സർക്കാർ തലത്തിലുള്ള പിന്തുണയും നിക്ഷേപങ്ങളും യുവജനങ്ങളുടെ താല്പര്യവും ഈ വളർച്ചയ്ക്ക് കൂടുതൽ ഊർജ്ജം നൽകുന്നു. വരും വർഷങ്ങളിൽ കായികരംഗത്ത് കേരളം കൂടുതൽ മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നും കൂടുതൽ മികച്ച കായികതാരങ്ങളെ സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കാം. l

Hot this week

ഫാന്റസി ചേർത്തൊരു ചിരിക്കളം

തിയേറ്ററിലിരിക്കുന്ന സമയമത്രയും ചിരിക്കാൻ കഴിയുന്ന പടമാണ്‌ നവാഗതനായ മനു സ്വരാജ്‌ ഒരുക്കിയ...

സുസ്ഥിരതയ്ക്കും സാമൂഹിക സുരക്ഷയ്ക്കും പുനഃരൂപകല്പന അനിവാര്യം

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയിൽ നിർണായക സ്ഥാനമുള്ളവരാണ് പ്രവാസികൾ. അവരുടെ സുരക്ഷിതത്വവും ക്ഷേമവും...

ലൂസി ഇറിഗറെയുടെ അപരസ്ത്രൈണ പ്രതിബിംബം

ലൂസി ഇറിഗറെയുടെ സ്പെക്കുലം ഓഫ് ദ അദർ വുമൺ (അപര സ്ത്രൈണ...

കൃഷിക്കാരുടെ പ്രിയനേതാവ്‌ ടി കെ രാമകൃഷ്ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 81 ഓർമവെക്കുന്നതിനുമുമ്പേ ഒരു സമരം നടത്തേണ്ടിവന്ന ആളാണ് ടി...

ലക്ഷ്യമേതായാലും മാർഗം നന്നായാൽ മതി

യാത്രകളുടെ ഫിലോസഫിയും തിയറിയും പഠിച്ച് സമയ രേഖകളും അതിർത്തി വരമ്പുകളും നിർണയിച്ച്...

Topics

ഫാന്റസി ചേർത്തൊരു ചിരിക്കളം

തിയേറ്ററിലിരിക്കുന്ന സമയമത്രയും ചിരിക്കാൻ കഴിയുന്ന പടമാണ്‌ നവാഗതനായ മനു സ്വരാജ്‌ ഒരുക്കിയ...

സുസ്ഥിരതയ്ക്കും സാമൂഹിക സുരക്ഷയ്ക്കും പുനഃരൂപകല്പന അനിവാര്യം

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയിൽ നിർണായക സ്ഥാനമുള്ളവരാണ് പ്രവാസികൾ. അവരുടെ സുരക്ഷിതത്വവും ക്ഷേമവും...

ലൂസി ഇറിഗറെയുടെ അപരസ്ത്രൈണ പ്രതിബിംബം

ലൂസി ഇറിഗറെയുടെ സ്പെക്കുലം ഓഫ് ദ അദർ വുമൺ (അപര സ്ത്രൈണ...

കൃഷിക്കാരുടെ പ്രിയനേതാവ്‌ ടി കെ രാമകൃഷ്ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 81 ഓർമവെക്കുന്നതിനുമുമ്പേ ഒരു സമരം നടത്തേണ്ടിവന്ന ആളാണ് ടി...

ലക്ഷ്യമേതായാലും മാർഗം നന്നായാൽ മതി

യാത്രകളുടെ ഫിലോസഫിയും തിയറിയും പഠിച്ച് സമയ രേഖകളും അതിർത്തി വരമ്പുകളും നിർണയിച്ച്...

വിപുലീകരിക്കുന്ന രാജാരവിവർമ ഗ്യാലറി

കലാലോകത്തോട്‌ വിടപറഞ്ഞ്‌ ഒരുനൂറ്റാണ്ട്‌ കഴിഞ്ഞിട്ടും രാജാരവിവർമയുടെ കലാലോകത്തെയും രചനാശൈലിയെയും കുറിച്ചുള്ള ചർച്ചകളും...

മാർക്സിയൻ ഇക്കോളജി – 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 86 ഉപഭോഗ തീവ്രതയേറിയ, കമ്പോളാധിഷ്ഠിതമായ, നാഗരിക ജീവിത ശൈലിയുടെ വ്യാപനം...

സുവർണനേട്ടങ്ങളുമായി ഇടതുസർക്കാർ റെക്കോഡിലേക്ക് കുതിക്കുന്നു

കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ ഒൻപത് വര്ഷം 2025 മെയ് 20 ന്...
spot_img

Related Articles

Popular Categories

spot_imgspot_img