
ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന അനുഭവങ്ങളാണ് അറിവിലേക്കുള്ള ഏകമാർഗം എന്ന ചിന്താധാരയാണ് അനുഭവസത്താവാദം (Postivism). ഇന്ദ്രിയാനുഭവങ്ങൾ വഴി മാത്രമേ മനുഷ്യന് പ്രപഞ്ചത്തെയും പ്രപഞ്ചപ്രതിഭാസങ്ങളെയും അറിയുവാൻ കഴിയൂ എന്ന വാദമാണ് അനുഭവസത്യവാദികൾ മുന്നോട്ടു വയ്ക്കുന്നത് . മനുഷ്യർ ചിന്തയിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന ആശയങ്ങളെയും അതിനെ ആധാരമാക്കിയുള്ള യുക്തിചിന്തയെയും അടിസ്ഥാനമാക്കിയുള്ള അതിഭൗതികവാദത്തെ ( Metaphysics ) അനുഭവസത്യവാദികൾ പാടെ നിരാകരിക്കുന്നു.
ശാസ്ത്രീയചിന്തകൾ ദ്രുതഗതിയിൽ വളർച്ച പ്രാപിച്ച 19 ആം നൂറ്റാണ്ടിലെ സാമൂഹിക സാഹചര്യങ്ങളാണ് പോസിറ്റിവിസ്റ്റ് ചിന്തകൾക്ക് ഊർജം പകർന്നത് . നിരീക്ഷണ പഠനങ്ങളിലൂടെ പ്രപഞ്ചപ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതിൽ മനുഷ്യൻ ഏറെ വിജയിച്ച കാലഘട്ടമായിരുന്നു അത് . ഒരു ഘടികാരത്തിന്റെ പ്രവർത്തനത്തെ മനസിലാക്കിയെടുക്കുന്നതുപോലെതന്നെ നമുക്ക് ചുറ്റുമുള്ള ലോകത്തെ മനസിലാക്കാൻ പറ്റും എന്ന ചിന്താഗതി അക്കാലത്ത് മനുഷ്യൻ പൊതുവെ വെച്ചുപുലർത്തി . നിരീക്ഷണത്തിലൂടെയും അതിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിലൂടെയും അവയുടെ ശാസ്ത്രീയവിശകലനത്തിലൂടെയും ഭൗതിക ലോകത്തെ മനസിലാക്കിയെടുക്കുന്നതു പോലെ തന്നെ മനുഷ്യന്റെ സാമൂഹിക ജീവിതത്തെയും അനായാസം ഇഴപിരിച്ചെടുക്കാനാവുമെന്ന് പോസ്റ്റിവിസ്റ്റുകൾ കരുതി . എല്ലാ അതിഭൗതികസങ്കല്പങ്ങളുടെയും നിരാകരണത്തിലേക്ക് ഇത് വഴി തെളിച്ചു .

അനുഭവസത്താവാദത്തെ ഒരു ചിന്താപദ്ധതിയായി വികസിപ്പിച്ചെടുത്തത് അഗസ്തെ കോംതെയാണ് (Auguste Comte, 1798-1857) . ഇതിനു മുൻപ് തന്നെ അനുഭവ സത്യവാദപരമായ ജ്ഞാനസിദ്ധാന്തപദ്ധതികൾക്ക് ഫ്രാൻസിസ് ബേക്കൺ , ഡേവിഡ് ഹ്യൂ തുടങ്ങിയവർ രൂപം കൊടുത്തിരുന്നു . 1750-ൽ തന്നെ ഷാക്ക് തുർഗോ (Jaques Turgo, 1727-1781) എന്ന ഫ്രഞ്ച് ദാർശനികൻ പോസ്റ്റിവിസ്റ്റ് ചിന്താപദ്ധതികൾക്ക് തുടക്കമിട്ടിരുന്നു
മനുഷ്യസമൂഹം പുരോഗമിക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ് എന്നതായിരുന്നു കോംതെയുടെ നിരീക്ഷണം . ശാസ്ത്രീയതയുടെ , അഥവാ പോസിറ്റിവിസത്തിന്റെ ഘട്ടമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത് . കോംതെയുടെ അനുഭവസത്താവാദപ്രകാരം മാനവചരിത്രം മൂന്നുഘട്ടങ്ങളിലൂടെ കടന്നാണ് വളർച്ച പ്രാപിക്കുന്നത്.
ഒന്ന് , ദൈവശാസ്ത്രപരമായ ഘട്ടം(Theological satge). എല്ലാ പ്രതിഭാസങ്ങൾക്കും പരിണാമങ്ങൾക്കും കാരണം ചില അതിഭൗതിക ശക്തികളാണെന്ന് ഈ ഘട്ടത്തിൽ മനുഷ്യൻ വിശ്വസിക്കുന്നു . മതങ്ങൾക്കും മറ്റ് വിശ്വാസങ്ങൾക്കും പൂർണമായും അടിപ്പെട്ട മനുഷ്യനാണ് ഗൂഢാത്മകതയുടെയായ ഈ ഘട്ടത്തിൽ .
രണ്ട് , അതിഭൗതികഘട്ടം (Metaphysical stage). ഈശ്വരനിൽ ഉണ്ടായിരുന്ന വിശ്വാസം ഈ ഘട്ടത്തിൽ ചില തത്ത്വങ്ങളിലുള്ള വിശ്വാസമായിമാറുന്നു. പ്രത്യക്ഷത്തിൽ കാണുന്നതും അനുഭവിക്കുന്നതുമായ എല്ലാത്തിനേക്കാളും പ്രാമുഖ്യം ആന്തരികമായ അന്ത:സത്തകൾക്ക് നൽകുന്നു .പ്രാപഞ്ചികയാഥാർഥ്യങ്ങളെ യുക്തിപരമായി മനസ്സിലാക്കുവാൻ ശ്രമിക്കുന്ന മനുഷ്യനാണ് ഈ ഘട്ടത്തിൽ മുന്നിൽ നിൽക്കുന്നത് .
മൂന്നാമത്തേതാണ് അനുഭവസത്താഘട്ടം (Positive stage). അതിഭൗതിക ശക്തികളെയും പരമസത്യങ്ങളെയും ഉപേക്ഷിച്ച് വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങൾക്ക് പ്രാധാന്യം നല്കുന്ന മനുഷ്യൻ ഈ കാലഘട്ടത്തിൽ ഉദയം ചെയ്യുന്നു . ശാസ്ത്രീയ നിരീക്ഷണമാണ് ഇവിടെ പ്രധാന മാനദണ്ഡം. ശാസ്ത്രീയമായി കാര്യങ്ങൾ മനസിലാക്കി പ്രകൃതിയെ തൻ്റെ വരുതിക്ക് നിർത്തുവാൻ ശ്രമിക്കുന്നതിൽ വിജയിച്ചു തുടങ്ങുന്ന മനുഷ്യനാണിവിടെ . മനുഷ്യന്റെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസൃതമായി വിവിധ ശാസ്ത്രചിന്തകകൾ തത്വചിന്തയുടെ മണ്ഢലത്തിൽ നിന്നും വഴി പിരിഞ്ഞു തുടങ്ങുന്ന ഘട്ടമാണിത് . എല്ലാ തരത്തിലുള്ള അതിഭൗതിക ചിന്തകൾക്കും ഇതോടെ വിരാമമാകുമെന്ന് കോംതെ സമർത്ഥിച്ചു .
പോസിറ്റിവിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ
1 . നിരീക്ഷണത്തിന്റെയും അനുഭവജ്ഞാനപരമായ രീതിശാസ്ത്രങ്ങളുടെയും പ്രാമുഖ്യം .
നിരീക്ഷണത്തിലൂടെയും അനുഭവങ്ങളിലൂടെയുമാണ് ജ്ഞാനം ഉല്പാദിപ്പിക്കപ്പെടുന്നത് . കേവലമായ യുക്തിചിന്തയല്ല ഇന്ദ്രിയങ്ങൾ പകർന്നു തരുന്ന അറിവാണ് ജ്ഞാനാ ർജനത്തിലേക്കുള്ള ഏകവഴി . ഉദാഹരണത്തിന് ആരോഗ്യചികിത്സയുടെ മണ്ഡലമെടുക്കുകയാണെങ്കിൽ ,വൈയക്തികാനുഭവങ്ങളോ പ്രാചീനഗ്രന്ഥങ്ങളോ ഒന്നും ശാസ്ത്രീയചിന്താധാര അടിസ്ഥാനമായി എടുക്കരുത് എന്നാണ് പോസിറ്റിവിസ്റ്റുകളുടെ വാദം . ക്ലിനിക്കൽ പരീക്ഷണങ്ങളും , രോഗിയെ നിരീക്ഷിക്കുമ്പോൾ ലഭിക്കുന്ന വിവരങ്ങളും അതുപോലെ മൂർത്തമായ മറ്റ് വിവരങ്ങളും മാത്രമായിരിക്കണം നാം ആധാരമാക്കേണ്ടത് . ഇതേ രീതിയിൽ തന്നെയായിരിക്കണം ഒരു സാമ്പത്തിക കുഴപ്പത്തെയും നാം സമീപിക്കേണ്ടത് . നേരിട്ടോ അല്ലാതെയോ ലോകത്തെ നിരീക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന വിവരങ്ങളെ മാത്രമേ പോസ്റ്റിവിസ്റ്റുകൾ അംഗീകരിക്കുന്നുള്ളൂ .
2 എല്ലാ തരത്തിലുള്ള അതിഭൗതിക ചിന്തകളുടെയും നിരാകരണം
പോസിറ്റിവിസ്റ് ചിന്തകളുടെ ഏറ്റവും മർമ്മപ്രധാനമായ ഭാഗമാണിത് . അതിഭൗതികമായ എല്ലാ സങ്കല്പനങ്ങളെയും അതിനെ ആധാരമാക്കിയുള്ള നിഗമനങ്ങളെയും പോസിറ്റിവിസ്റ്റുകൾ നിരാകരിക്കുന്നു , വസ്തുലോകത്തെ പ്രവർത്തനങ്ങളെ മനുഷ്യന്റെ സാമൂഹിക ലോകത്തേക്ക് അതേപടി പറിച്ചുനടാം എന്ന പോസിറ്റിവിസ്റ്റുകളുടെ വിചാരത്തിന് ആധാരം ഈ സങ്കല്പമാണ് .നേരിട്ട് നിരീക്ഷിക്കാനും , അളക്കാനും , പരീക്ഷിച്ചറിയാനും സാധിക്കാത്ത ഒന്നും യഥാർത്ഥ ജ്ഞാനത്തിന്റെ പരിധിക്കുള്ളിൽ വരികയില്ല എന്നാണ് പോസ്റ്റിവിസ്റ്റുകൾ വാദിച്ചത് .
3 നിയമാനുസാരിയായ ലോകത്തിന്റെ പ്രവർത്തനങ്ങൾ
ഈ ലോകത്തെ ചലനങ്ങളെല്ലാം ചില നിയമങ്ങൾ പ്രകാരമാണെന്നും അത് അനാവരണം ചെയ്യലാണ് ശാസ്ത്രങ്ങളുടെ ധർമ്മമെന്നും പോസിറ്റിവിസ്റ്റുകൾ നിരീക്ഷിച്ചു .ഭൗതികപ്രതിഭാസങ്ങളെ പഠിക്കുന്നതിന് ഉപയുക്തമായ ഈ തത്വങ്ങൾ സാമൂഹിക ശാസ്ത്രത്തിനും ബാധകമാണെന്ന് അവർ ശഠിച്ചു . മനുഷ്യന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വലിയ തോതിലുള്ള വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യുന്നതിലൂടെ ഗുരുത്വാകർഷണ നിയമങ്ങൾ കണ്ടെത്തി പ്രപഞ്ചവസ്തുക്കളുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതുപോലെയുള്ള നിഗമനങ്ങളിൽ എത്തിച്ചേരാനാകുമെന്ന് അവർ വാദിച്ചു.
അനുഭവസത്താവാദത്തിൽ മൗലികമായി രണ്ടു വിഭാഗങ്ങളുണ്ട്.
- സാമൂഹിക അനുഭവസത്താവാദം (Social positivism)
- പരിണാമാത്മക അനുഭവസത്താവാദം (Evolutionary positivism)
സാമൂഹിക അനുഭവസത്താവാദം പ്രായോഗികവും, പരിണാമാത്മക അനുഭവസത്താവാദം സൈദ്ധാന്തികവുമാണ്. ഇവ രണ്ടും സാമൂഹികപുരോഗതിയെപ്പറ്റിയുള്ള സാമാന്യാശയം വ്യക്തമാക്കി പ്രതിപാദിക്കുന്നു. സമുദായത്തിന്റെ തുടർച്ചയായുള്ള മാറ്റങ്ങളിലും ചരിത്ര സംഭവങ്ങളിലും പുരോഗതി അധിഷ്ഠിതമായിരിക്കുന്നുവെന്ന് സാമൂഹ്യാനുഭവസത്താവാദവും അതു വിവിധ ശാസ്ത്രങ്ങളിലുണ്ടായിട്ടുള്ള വളർച്ചയിൽ അധിഷ്ഠിതമായിരിക്കുമെന്ന് അനുഭവസത്താവാദവും പറയുന്നു .
ഏണസ്റ്റ് മാക്ക് (Mach Ernest, 1833-1916), അവ്നാറിയസ് (Avenarius 1843-96) തുടങ്ങിയ ദാർശനികന്മാർ ഈ ചിന്താഗതിയെ വിപുലീകരിക്കുവാൻ ശ്രമിച്ചു. മേല്പറഞ്ഞരണ്ടു തരത്തിലുള്ള അനുഭവസത്താവാദത്തിനു പുറമേ അവയിൽ നിന്നും വിഭിന്നമായി നിരൂപണാനുഭവസത്താവാദം (Critical Positivism) ഉരുത്തിരിഞ്ഞുവന്നു. ഇതിന് അനുഭവനിരൂപണവാദം (Emperio Criticism) എന്നു പറയാറുണ്ട്. പിന്നീടുയർന്നു വന്ന ലോജിക്കൽ പോസിറ്റിവിസം ഇതിൽ നിന്നും രൂപപ്പെട്ടതാണ് .
വിയന്നാവലയത്തിൽ നിന്നും ഉടലെടുത്തതും അത്യന്താധുനികദർശനങ്ങളിൽ വളരെ പ്രചാരമുള്ളതുമായ ഒരു ദർശനസരണിയാണ് സയുക്തിക-അനുഭവസത്താവാദം. ശാസ്ത്രത്തെയും ആധുനികതർക്കശാസ്ത്രത്തെയും ആധാരമാക്കി രൂപപ്പെടുത്തിയ ദർശനമാണ് ഇത്. ഹ്യൂമിന്റെ ഇന്ദ്രിയാനുഭവവാദവും കോംതിന്റെയും മാക്കിന്റെയും അനുഭവസത്താവാദവും ബെർട്രാൻഡ് റസ്സൽ , ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ തുടങ്ങിയവരുടെ തർക്കശാസ്ത്രപരമായ അപഗ്രഥനവും ഇതിൽ ഉൾച്ചേർത്തിരിക്കുന്നു .

അതിഭൗതികവാദം അർഥശൂന്യം ആണെന്നും അതിനെ തത്ത്വദർശന മണ്ഡലത്തിൽനിന്നും പൂർണമായും നിരാകരിക്കണെമെന്നുമാണ് ഈ വാദം . ഭാഷയുടെയും തർക്കശാസ്ത്രത്തിന്റെയും അപഗ്രഥനത്തിലൂടെ ഈ ലക്ഷ്യം സാധിക്കുമെന്ന് സയുക്തിക-അനുഭവസത്താവാദികളെല്ലാം വിശ്വസിക്കുന്നു. ശാസ്ത്രീയനിരീക്ഷണത്തിന് അതീതമായി ഒന്നുംതന്നെ സയുക്തിക-അനുഭവസത്താവാദം അംഗീകരിക്കുന്നില്ല.
അടിസ്ഥാന ദൗർബല്യങ്ങൾ
സ്വയംപ്രഖ്യാപിത സത്യമായി പരിണമിച്ച പ്രവണതയാണ് പോസിറ്റിവിസത്തിന്റെ ഏറ്റവും വലിയ ദൗർബല്യം . അനുഭവത്തിൽ കൂടി സ്ഥിരീകരിക്കാനാവാത്ത കേവലം tautolgy ആയി ഇത് പലപ്പോഴും ചുരുങ്ങി . മനുഷ്യന്റെ ജ്ഞാനാന്ന്വേഷണങ്ങൾക്ക് നൂറ്റാണ്ടുകളായി വഴി കാട്ടിയിരുന്ന മറ്റ് ചിന്താധാരകളെ പാടെ നിരാകരിക്കുന്ന സമീപനം രൂക്ഷമായ വിമർശനങ്ങൾക്കു വഴി വെച്ചു .
മനുഷ്യസമൂഹത്തിന്റെ ചരിത്രപരമായ വികാസം , അതിലേക്കു നയിക്കുന്ന വർഗ സമരം എന്ന ആശയം തുടങ്ങിയ സങ്കീർണമായ സാമൂഹികപ്രതിഭാസങ്ങളൊന്നും തന്നെ പോസിറ്റിവിസ്റ്റുകളുടെ ശാസ്ത്രീയസങ്കലപങ്ങളിൽ പെടുന്നില്ല .മുതലാളിത്ത സമൂഹത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച ചരിത്രപരമായ സംഭവങ്ങളോ അത് നേരിടുന്ന പ്രതിസന്ധിയുടെ ആന്തരിക യാഥാർഥ്യങ്ങളോ അനാവരണം ചെയ്യാൻ കേവലം പോസിറ്റിവിസ്റ്റ് രീതിശാസ്ത്രത്തിനാകില്ല .പ്രകൃതിശാസ്ത്രങ്ങളെ സാമൂഹികശാസ്ത്രത്തിൽ നിന്നും വിച്ഛേദിക്കുന്ന അടിസ്ഥാനതത്വങ്ങൾ പോസിറ്റി വിസം അവഗണിക്കുന്നു . എന്ന് മാത്രമല്ല കേവലമായ വസ്തുനിഷ്ഠതയിലും പക്ഷപാതരഹിതസമീപനത്തിലും ഊന്നുന്നു എന്ന് പറയുമ്പോൾ നമ്മുടെ നിരീക്ഷണങ്ങളെ ചൂഴ്ന്നു നിൽക്കുന്ന പ്രത്യയശാസ്ത്രപരിസരം അവഗണിക്കപ്പെടുന്നു . അങ്ങിനെ ശാസ്ത്രം തന്നെ സ്വയം പക്ഷപാതപരമായി അധികാരത്തിന്റെ പക്ഷത്തു ചേർന്ന് നില്കുന്നു .ഇത് അസമത്വങ്ങളെ ന്യായീകരിക്കുന്നതിലേക്കും നിലനിൽക്കുന്ന അധികാരഘടനകളെ നീതീകരിക്കുന്നതിലേക്കും നയിക്കുന്നു . വർത്തമാനകാലത്തെ വസ്തുതകളിലുള്ള അമിതമായ ഊന്നൽ ചരിത്രപരമായ പരിണാമങ്ങൾ അവഗണിക്കുന്നതിലേക്കും സാമൂഹിക പ്രക്രിയകളിലെ വൈരുദ്ധ്യാത്മകതകളെ അനാവരണം ചെയുന്നതിനെയും തടയുന്നു . എന്ന് മാത്രമല്ല ഒരു സാമൂഹിക ഏജൻസി എന്നനിലയിലുള്ള മനുഷ്യന്റെ പങ്ക് നിരാകരിക്കുന്നതിലേക്കും അത് വഴി തെളിക്കുന്നു .