
2023 ജനുവരി. തൃശൂരിൽ, പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അവസാനനിമിഷപണിത്തിരക്കുകളിൽ ആണ്ടു മുങ്ങിയിരിക്കുന്ന സമയം. ഇറ്റ് ഫോക്ക് (ITFoK) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, കേരള സംഗീത നാടക അക്കാദമി വർഷം തോറും നടത്തുന്ന അന്താരാഷ്ട്രനാടകമേള, ലോകത്തിന്റെ വിവിധകോണുകളിൽ നിന്നെത്തുന്ന നാടകപ്രവർത്തകരുടെ സംഗമസ്ഥാനമാണ്.
വിദേശത്തു നിന്നും, കേരളത്തിനു പുറത്തുനിന്നുമെത്തുന്ന അന്യഭാഷാനാടകങ്ങളുടെ സംഭാഷണങ്ങൾ മലയാളത്തിലാക്കി സബ് ടൈറ്റിലുകൾ ഒരുക്കുന്ന ചുമതലയുണ്ടെനിക്ക്. ഏതാണ്ട് പത്തു പന്ത്രണ്ട് നാടകങ്ങളുടെ സബ് ടൈറ്റിലുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണം. പവർപോയിൻ്റ് ഉൾപ്പെടെയുള്ള പ്രോഗ്രാമുകളുപയോഗിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള സ്ലൈഡുകൾ ഒരുക്കണം. അത് നാടകം നടക്കുമ്പോൾ പ്രൊജക്റ്റ് ചെയ്തെടുക്കണം. സാങ്കേതികമായ പണികൾ ചെയ്യാനായി ഒരു മൂന്നംഗസംഘവും കൂടെയുണ്ട്. പരിഭാഷപ്പെടുത്തലാണ് എന്റെ പ്രധാനപ്പെട്ട ജോലി. മെനക്കെട്ട പണിയാണ്. പക്ഷെ, വളരെ രസകരവും. വിവിധ ദേശങ്ങളിൽ നിന്നുള്ള നാടകപ്രവർത്തകരുമായും, അവരുടെ ഭാഷകളും സംസ്കാരങ്ങളുമായുമൊക്കെ അടുത്തു പരിചയപ്പെടാനുള്ള അവസരം കിട്ടും.

സാമാന്യം നീണ്ട നാടകങ്ങൾ ഒന്നൊന്നായി തീർത്ത്, ഏതാണ്ട് ഏറ്റവും അവസാനമാണ്, ഒരു ലെബനീസ് നാടകത്തിലേക്ക് കടന്നത്. പേര് ‘Told By My Mother (എന്റെ അമ്മ പറഞ്ഞത്…. ) നാടകമെന്നല്ല, ‘ഡാൻസ് പെർഫോമൻസ്’ എന്നാണു വിവരണമെങ്കിലും സാമാന്യം മോശമല്ലാത്ത നീളത്തിൽ സംഭാഷണങ്ങളുണ്ട്. അറബിയാണ് ഭാഷ. സംവിധായകൻ, നർത്തകനും കോറിയോഗ്രാഫറുമായ അലി ഷഹ് രൂർ.
ഇതേറ്റവും അവസാനത്തേക്ക് മാറ്റിവെച്ചത് വെറുതെയായിരുന്നില്ല. സാധാരണ കണ്ടുവരുന്ന ഫോർമാറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ചതുരക്കള്ളികളിൽ നിരത്തി വച്ചിരിക്കുന്ന പോലെയായിരുന്നു നാടകത്തിന്റെ ടെക്സ്റ്റ്. കാണുമ്പോഴേ മടുപ്പു തോന്നും. പോരാത്തതിനു ഇംഗ്ലീഷ് മാത്രമല്ല, അറബിയും, ഫ്രഞ്ചുമൊക്കെയുണ്ട് ചതുരക്കള്ളികൾക്കുള്ളിൽ. ഏതാണ്ട് എക്സൽ ഷീറ്റ് പോലെ തോന്നും കണ്ടാൽ. എനിക്കാണെങ്കിൽ കോളങ്ങൾ കാണുന്നതേ ഇഷ്ടമല്ല. ഒരുമാതിരി ബാങ്ക് ടെസ്റ്റിന്റെ ചോദ്യക്കടലാസ് പോലെ!
പോരാത്തതിന് നാടകത്തിന്റെ സഹസംവിധായകനും, സബ് ടൈറ്റിലിന്റെ ചുമതലക്കാരനുമായ ഷാദി ഔൺ എന്ന കക്ഷിയുടെ നീണ്ടൊരു ഇ-മെയിലും വന്നിരുന്നു. “ഞാൻ പൊതുവെ ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ നിപുണനാണെങ്കിലും, നിങ്ങളുടെ മൾട്ടി ഡയലക്റ്റിക് ഭാഷ എനിക്കത്ര വഴങ്ങാനിടയില്ല,” എന്നാണു തുടക്കം തന്നെ! “അത്രയ്ക്കായോ!” എന്നാണതു കണ്ടപ്പോൾ തോന്നിയത്. തർജ്ജമ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയുള്ള നിർദ്ദേശങ്ങളാണ് മെയിൽ നിറയെ. നീല, മഞ്ഞ തുടങ്ങി വിവിധ നിറങ്ങളിൽ അടയാളപ്പെടുത്തിയ വരികളുടെ ഓരോന്നിൻ്റെയും പ്രത്യേകതകൾ. ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ. ഉദാഹരണത്തിന് ‘മരിച്ചു’ എന്ന വാക്കുപയോഗിക്കരുത്. പകരം ‘പോയി’ എന്ന് അർത്ഥം വരുന്ന പദങ്ങളേ പാടുള്ളൂ! എന്തൊരു പൊല്ലാപ്പ്!!!
വല്ല അറബി മാഷുമ്മാരെയും ഏല്പിച്ചാലോ എന്നാണാദ്യം തോന്നിയത്. പക്ഷെ, അതിനും സമയമില്ലായിരുന്നു. അവസാനം രണ്ടും കല്പിച്ച്, ഞാൻ തന്നെ എടുത്ത് നേരെ പണി തുടങ്ങി.
മെയിലിൽ കിട്ടിയ നിർദ്ദേശങ്ങളുടെ കൂട്ടത്തിൽ ഏറ്റവും രസകരമായിത്തോന്നിയ ഒന്നുണ്ടായിരുന്നു – It is very important for us that you enjoy working on it.
നിങ്ങൾ ഇത് തർജ്ജമ ചെയ്യുന്നത് ആ പണി ആസ്വദിച്ചു കൊണ്ടായിരിക്കണമെന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന്….
കൊള്ളാമല്ലോ. നല്ല ഒന്നാന്തരം വട്ടുകേസുകൾ തന്നെ എന്ന് തീരുമാനിച്ചു കൊണ്ടാണു പണി തുടങ്ങിയത്. ആസ്വദിക്കാൻ പറ്റിയ സംഭവം തന്നെ എന്നും.
തുടക്കത്തിൽ ഒരു നീണ്ട പ്രാർത്ഥന പോലെയാണ്. ‘അപ്രത്യക്ഷരായവരെ തിരികെയെത്തിക്കാനുള്ള അപേക്ഷാസ്തോത്രം.’ ഇത് യഥാർത്ഥത്തിലുള്ള ഒരു പ്രാർത്ഥനയാണോ, അതോ സ്ക്രിപ്റ്റിന്റെ ഭാഗമായി എഴുതിയുണ്ടാക്കിയതാണോ എന്ന് പിടി കിട്ടിയില്ലെങ്കിലും, പ്രാർത്ഥനയൊക്കെ ഒരുവിധം എഴുതിത്തീർത്തു. അവതരണത്തിന്റെ വീഡിയോ കണ്ടുകൊണ്ടാണു സാധാരണ തർജ്ജമ ചെയ്യുക.


തുടക്കം തന്നെ തീർത്തും അസാധാരണമായിത്തോന്നി. സംഗീതോപകരണങ്ങൾ വേദിയുടെ നടുവിൽത്തന്നെയാണ്. മുഴങ്ങുന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ, ഒരു സാധാരണ കറുത്ത പാൻ്റും, ടോപ്പും ധരിച്ച ഒരു സ്തീ നടന്നുവന്ന്, സ്റ്റാൻഡിൽ വച്ച മൈക്കിനു മുന്നിൽ നിന്ന് പോക്കറ്റിൽ നിന്ന് ചെറുതായി മടക്കിയ ഒരു കടലാസ് നിവർത്തി, അതിൽ നിന്ന് നോക്കി വായിക്കുകയാണീ പ്രാർത്ഥന.. സാമാന്യം നീണ്ട പ്രാർത്ഥന കഴിഞ്ഞ്, കടലാസ് മടക്കി പോക്കറ്റിലിട്ട് അവർ, വളരെ സാധാരണമായ, നിർവികാരമായ സ്വരത്തിൽ സംസാരിക്കാൻ തുടങ്ങുന്നു. അറബിയിൽ. ഫാത്തിമ എന്നൊരു സ്ത്രീയുടെയും അവരുടെ മകൻ ഹസ്സന്റെയും കഥയാണു പറയുന്നത്.
പ്രാർത്ഥന ഒരുവിധം പരിഭാഷപ്പെടുത്തിക്കഴിഞ്ഞ് ‘ഫാത്തിമയുടെ കഥ’യിലേക്കു കടന്നപ്പോൾ സമാധാനമായി. ലളിതമായ വാചകങ്ങളാണ്. വലിയ ബുദ്ധിമുട്ടില്ല. വേഗം തീരും. സമയമാണല്ലോ എന്റെ പ്രശ്നം.

എഴുതിയെഴുതി അല്പം താഴെ, ഒരു വാചകത്തിലെത്തിയപ്പോഴാണ് ഞാൻ നടുങ്ങിത്തെറിച്ചത്. കീബോർഡിൽ എന്റെ വിരലുകൾ നിശ്ചലമായി. ഒരു നിമിഷത്തേക്ക് ശ്വാസം നിന്നപോലെ – ആ വാചകം ഇതായിരുന്നു – Fatmeh is the aunt of Ali Chahrour the choreographer of this show. (ഫാത്തിമ ഈ രംഗാവതരണത്തിന്റെ കോറിയോഗ്രാഫർ അലി ഷഹ് രൂരിന്റെ പിതാവിന്റെ സഹോദരിയാണ്.)
“നന്ദാ, ഇത് നാടകല്ല, ലൈഫാണ്!!!” ഞാനറിയാതെ വിളിച്ചു പറഞ്ഞു. എതിർവശത്തിരുന്ന്, സബ് ടൈറ്റിലുകൾ പവർപോയിൻ്റിൽ തയ്യാറാക്കുന്ന പണിയിൽ മുഴുകിയിരുന്നിരുന്ന യുവനാടകപ്രവർത്തകനായ നന്ദഗോപൻ ഞെട്ടി തലയുയർത്തി. മുന്നിലുള്ളത് ഒരു നാടകത്തിന്റെ സ്ക്രിപ്റ്റല്ല, ആ മനുഷ്യരുടെ ജീവിതമാണെന്ന യാഥാർത്ഥ്യം കത്തിമുനപോലെ ഞങ്ങളുടെയെല്ലാം ഉള്ളിൽ തറച്ചിറങ്ങിയത് അപ്പോഴായിരുന്നു. നമുക്കൊന്നും ഒരു കാലത്തും സങ്കല്പിക്കാൻ പോലുമാകാത്ത ജീവിതങ്ങളുടെ യാഥാർത്ഥ്യം.
തീർന്നില്ല. “She is also the cousin of Laila Chahrour, who this evening, tells her story with her son, Abbas. Abbas, who had joined the ranks of combat and was destined for martyrdom in Syria, now stands among us.” (അവർ ലൈല ഷഹ് രൂരിന്റെ കസിനുമാണ്, ലൈല ഇന്ന്, ഈ സായാഹ്നത്തിൽ, അവരുടെ മകൻ അബ്ബാസുമൊത്ത് നമ്മോട് സ്വന്തം കഥ പറയുന്നു. യുദ്ധനിരയിൽ ചേർന്ന അബ്ബാസ് സിറിയയിൽ വെച്ച് രക്തസാക്ഷിത്വം വരിക്കാൻ വിധിക്കപ്പെട്ടവനായിരുന്നു, പക്ഷെ ഇന്ന് അവൻ ഞങ്ങളുടെ കൂടെയുണ്ട്.)
എന്താണിതൊക്കെ എന്നാണാദ്യം തോന്നിയത്. നാടകവും നൃത്തവുമൊക്കെ അവതരിപ്പിക്കാനെത്തുന്ന കലാകാരന്മാരും കലാകാരികളും,സ്വന്തം ജീവിതകഥകൾ, അതും ഇത്രമാത്രം ദുരന്തം നിറഞ്ഞ ഏടുകൾ, ഇങ്ങനെയങ്ങ് കാണികളുടെ മുന്നിൽ തുറന്നിടുന്നത് അധികമൊന്നും കണ്ടിട്ടില്ല. പ്രത്യേകിച്ച് ഇറ്റ് ഫോക്ക് പോലുള്ളൊരു ഫെസ്റ്റിവലിന്റെ വേദിയിലെത്തുന്ന, ലോകപ്രശസ്തമായ ഫ്രാൻസിലെ അവിഞ്ഞോൺ തിയേറ്റർ ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്രവേദികൾ പങ്കിട്ടിട്ടുള്ള ഒരു സംഘത്തിന്റെ പിന്നിൽ ഇത്രമാത്രം നീറുന്ന കഥകളോ? ഇവരാരാണ്? എന്താണിവരുടെ ജീവിതം?
അലി ഷഹ് രൂരിനെ നേരത്തെ പരിചയമുണ്ടായിരുന്നു. 2016-ലെ അന്താരാഷ്ട്ര നാടകോത്സവത്തിന് ലെബനോണിന്റെ തലസ്ഥാനമായ ബെയ് റൂട്ടിൽ നിന്നെത്തിയ സൗകാക് (Zoukak) തിയേറ്റർ കമ്പനിയുടെ കൂടെ എത്തിയിരുന്ന, ബാല്യം വിടാത്ത മുഖമുള്ള, അതിസുന്ദരനായ നർത്തകൻ അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃശൂരിൽ ഒരുപാട് സൗഹൃദങ്ങളുറപ്പിച്ചാണ് സൗകാകിന്റെ സംഘാംഗങ്ങൾ പോയത്. പിന്നീട് ഫേസ് ബുക്കിൽ അലിയുൾപ്പെടെയുള്ള അന്നത്തെ കലാകാരന്മാരെയും കലാകാരികളെയും കാണാറുണ്ട്. അലിയുടെ പുതിയ അവതരണങ്ങളെപ്പറ്റിയൊക്കെ ഫേസ് ബുക്കിൽ കണ്ടിരുന്നു. അലിയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ബെയ് റൂട്ടിലെ 2020-ലെ തുറമുഖ സ്ഫോടനത്തെപ്പറ്റി അറിഞ്ഞതും.
നാടകത്തെപ്പറ്റിയും നൃത്തത്തെപ്പറ്റിയുമുള്ള പതിവ് ധാരണകളെയെല്ലാം തകർത്തെറിയുന്നതായിരുന്നു ‘ടോൾഡ് ബൈ മൈ മദർ’. ലോകത്തിന്റെ മറ്റൊരു കോണിൽ ജീവിക്കുന്ന നമ്മെപ്പോലുള്ള മനുഷ്യർ നേരിടുന്ന ജീവിതങ്ങളെപ്പറ്റി ആ നിമിഷങ്ങളിൽ ലഭിച്ച തിരിച്ചറിവ് അന്നുവരെ നേടിയ എല്ല പൊതുവിജ്ഞാനങ്ങൾക്കും അപ്പുറമായിരുന്നു. തർജ്ജമ ചെയ്തുകൊണ്ടിരുന്നപ്പോൾ അടക്കാനാവാതിരുന്ന കണ്ണുനീർ, നാടകം കണ്ടുകൊണ്ടിരിക്കുമ്പോഴും നിയന്ത്രിക്കാനായില്ല. എനിക്കു മാത്രമല്ല, സംഗീതനാടക അക്കാദമിയുടെ ക്യാമ്പസിൽ, മുരളി ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞിരുന്ന കാണികൾക്കാർക്കും തന്നെ.
ഉടലിനെയും, ഉടലിൽ നിന്ന് ഉള്ളു കീറിയുയരുന്ന സംഗീതത്തെയും മാത്രമുപയോഗിച്ചു കൊണ്ടാണ് അലി ആ രംഗാവതരണത്തെ ഒരുക്കിയിരുന്നത്. “മദ്ധ്യപൂർവ്വേഷ്യയിലെ ഒടുങ്ങാത്ത അശാന്തികളുടെ നടുക്ക് രാഷ്ട്രീയാനിശ്ചിതത്വങ്ങൾക്കിടയിൽ ജീവിക്കാനും കല നിർമ്മിക്കാനും ശ്രമിക്കുന്ന ഒരു കൂട്ടം കലാകാരർ തങ്ങളുടെ വ്യക്തിപരമായ ദുരന്തത്തെ പ്രേക്ഷകർക്കു മുന്നിലെത്തിക്കുമ്പോഴുണ്ടാകുന്ന നിശ്ശബ്ദമായ നിലവിളിയായിരുന്നു ‘ടോൾഡ് ബൈ മൈ മദർ’ “ എന്ന് ഞാൻ പിന്നീട് ‘കേളി’യിൽ എഴുതി.
നമുക്കൊരിക്കലും പൂർണ്ണമായി മനസ്സിലാക്കാനാൻ കഴിഞ്ഞേക്കാത്ത ആ യാഥാർത്ഥ്യങ്ങളുടെ ഇടയിൽത്തന്നെയാണ് അലി ഷഹ് രൂരിന്റെയും സുഹൃത്തുക്കളുടെയും ജീവിതം ഇപ്പോഴും തുടരുന്നത്. അന്നത്തേക്കാൾ മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി വീണ്ടും വീണ്ടും മല്ലിട്ടു കൊണ്ട്. ബെയ് റൂട്ടിനെ പാതിയോളം തകർത്തെറിഞ്ഞ 2020 ആഗസ്റ്റ് 4-ലെ തുറമുഖസ്ഫോടനത്തിന്റെയും, സങ്കല്പാതീതമായ സാമ്പത്തികത്തകർച്ചയുടെയും ആഘാതത്തിനകത്തു നിന്നായിരുന്നു അവർ ആ ഫെബ്രുവരിയിൽ ഇറ്റ് ഫോക്കിനെത്തിയതു തന്നെ. ഒരു ഡോളറിന്റെ വില ഏതാണ്ട് ഒരു ലക്ഷത്തിൽ പരം ലെബനീസ് ലീറ എന്ന നിരക്കിലെത്തിയ നാളുകൾ. മണിക്കൂറു കണക്കിനു മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന നാണയവിനിമയനിരക്കുകൾ. അതിനിടയ്ക്ക്, അവിടത്തെ ബാങ്കിങ്ങ് മേഖലയിലുണ്ടായ തകർച്ച. ബാങ്കിൽ നിക്ഷേപിച്ച സ്വന്തം ജീവിതസമ്പാദ്യങ്ങൾ എടുക്കാനാവാതെ, ലെബനോണിലെ സാധാരണക്കാർ മൊത്തം തകർന്നടിഞ്ഞു പോയ അവസ്ഥ. ദിവസം കഷ്ടിച്ച് രണ്ടു മണിക്കൂർ മാത്രം കിട്ടുന്ന വൈദ്യുതി. വെളിച്ചത്തിനും, കൊടും മഞ്ഞുകാലത്ത് അല്പം ചൂടു കിട്ടാനും സ്വകാര്യ ജനറേറ്ററുകളിൽ നിന്ന് കൊള്ളവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥ. കൂനിന്മേൽ കുരു പോലെയായിരുന്നു ഗാസയ്ക്കു നേരെ ഇസ്രായേൽ ആരംഭിച്ച യുദ്ധം.
ഗാസയിൽ യുദ്ധമാരംഭിച്ചപ്പോൾ മുതൽ തെക്കൻ ലെബനോണിലും ഇസ്രായേലിന്റെ ആക്രമണമാരംഭിച്ചിരുന്നു. കഷ്ടിച്ച് മൂന്നു നാലു മണിക്കൂർ കൊണ്ട് ഒരറ്റത്തു നിന്ന് മറ്റേയറ്റത്തെത്താനാവുന്ന ലെബനോണിനെ സംബന്ധിച്ച് തെക്കും വടക്കുമൊന്നും ഏറെ ദൂരത്തിലുള്ള പ്രദേശങ്ങളല്ല. കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ബെയ് റൂട്ടിനു മുകളിൽ രാവും പകലും പോർവിമാനങ്ങളും ഡ്റോണുകളും ഇരമ്പാൻ തുടങ്ങി. സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ‘ഇവാക്വേഷൻ മുന്നറിയിപ്പുകളിൽ’ കണ്ണും നട്ട് ബെയ് റൂട്ടിലെ ജനങ്ങൾ ദിവസങ്ങൾ തള്ളിനീക്കിയ നാളുകളിലും, അലി ഷഹ് രൂർ പക്ഷെ, നൃത്തത്തെപ്പറ്റി മാത്രമാണു ചിന്തിച്ചത്. തകർന്നുപോകാതെ പിടിച്ചു നിൽക്കാൻ അതു മാത്രമേ അവർക്കു വഴിയുണ്ടാവൂ.
തെക്കൻ ലെബനോൺ സ്വദേശിയായ അലി, ബെയ് റൂട്ടിലെ ലബനീസ് യൂണിവേഴ് സിറ്റിയിലെ കോളേജ് ഓഫ് ആർട് സിലാണ് പഠിച്ചത്. അവിടെയന്ന് നൃത്തത്തിനു മാത്രമായി പ്രത്യേക കോഴ്സുകളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തിയേറ്ററാണ് അലി പഠിച്ചത്. തിയേറ്റർ സ്കൂളിൽ കോഴ് സിന്റെ ഭാഗമായി ഡാൻസ് ക്ലാസുകൾ ഉണ്ടായിരുന്നു. തന്റെ മാധ്യമം നൃത്തവും, ചലനങ്ങളും, സംഗീതവുമാണെന്ന് തിരിച്ചറിഞ്ഞ അലി പൂർണ്ണമായും നൃത്തത്തിലേക്കു ചുവടുമാറി. പിന്നീട് യൂറോപ്പിലെ പല ഡാൻസ് വർക്ക് ഷോപ്പുകളിലും പങ്കെടുത്ത് സമകാലീനനൃത്തത്തിൽ ഉയർന്ന നിലയിൽ പരിശീലനവും നേടി. പക്ഷെ, യൂറോപ്പ് അലിയെ ആകർഷിച്ചില്ല. ജനിച്ച മണ്ണിലേ തനിക്ക് വേരൂന്നാനാവൂ എന്നു തിരിച്ചറിഞ്ഞ അലി, ബെയ് റൂട്ടിലേക്കു തന്നെ തിരിച്ചെത്തുകയായിരുന്നു.
യൂറോപ്പിൽ നിന്ന് താൻ പരിശീലിച്ച കൺ ടെമ്പററി ഡാൻസ്, തന്റെ അറബ് വേരുകളുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും, സ്വന്തം അനുഭവങ്ങളെയും ചിന്തകളെയും ആശയങ്ങളെയും പ്രതിഫലിപ്പിക്കാൻ ആ ശരീരഭാഷ തീർത്തും അപര്യാപ്തമാണെന്നും അലി പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. സ്വന്തം ആത്മാവുമായി സംവദിക്കുന്ന ശരീരഭാഷ ഉരുത്തിരിയിക്കാനുള്ള അന്വേഷണം അലിയെ ചെന്നെത്തിച്ചത്, ബന്ധുവായ ലൈല ഷഹ് രൂരിലേക്കാണ്. ‘മരണവീടുകളിലെ വിലാപക്കാരി’യെന്ന തൊഴിൽ ചെയ്തു പോന്നിരുന്ന സ്ത്രീയായിരുന്നു ലൈല. ലെബനോണിലെയും പാലസ്തീനിലെയും ഷിയാ മുസ്ലിങ്ങൾക്കിടയിൽ നിലവിലുണ്ടായിരുന്ന ഈ ആചാരം ഇപ്പോൾ ഏതാണ്ട് പൂർണ്ണമായി ഇല്ലാതായിരിക്കുന്നത്രെ. ലോകത്തിലെ നാനാഭാഗങ്ങളിൽ പല പേരുകളിൽ നിലനിന്നിരുന്ന ഈ ‘രുദാലിമാർ’ അല്ലെങ്കിൽ ‘ഒപ്പാരുകാർ,’ മരിച്ച വ്യക്തിയെ പ്രകീർത്തിച്ചു കൊണ്ട് ഗാനങ്ങളാലപിക്കുകയും, നെഞ്ചത്തടിച്ച്, കൈകൾ വീശി ഉറക്കെ വിലപിക്കുകയും ചെയ്യും. കുടുംബാംഗങ്ങളും ഇതോടൊപ്പം ചേരും. സ്ത്രീകൾക്ക് യാതൊരു മറയുമില്ലാതെ തങ്ങളുടെ വികാരപ്രകടനങ്ങൾ നടത്താനുള്ള ഒരവസരം കൂടി ഇങ്ങനെ ലഭിക്കുമായിരുന്നു.

കുട്ടിക്കാലത്ത് ലൈല തന്നെ സംബന്ധിച്ച് മരണത്തിന്റെ പ്രതീകമായിരുന്നുവെന്ന് അലി ഒരഭിമുഖത്തിൽ പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ലൈലയെ വലിയ ഭയമായിരുന്നുവെന്നും. ആ ലൈലയിൽ നിന്ന് സ്വന്തം വേരുകളുടെ സംഗീതവും ചലനങ്ങളും കണ്ടെടുക്കാനായത് അലിയുടെ നൃത്തയാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായിരുന്നു. ‘മരണം,’ ‘പ്രണയം’ തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ട്രിലജികളാണു അലി പിന്നെ ചെയ്തു തുടങ്ങിയത്. ‘ഫാത്തിമ’ (2014), ‘ലൈലാസ് ഡെത്ത്’ (2015), ‘മേ ഹി റൈസ് ആൻ്റ് സ്മെൽ ദി ഫ്രാഗ്രൻസ്’ ( May He Rise and Smell the Fragrance / 2017), ‘ടോൾഡ് ബൈ മൈ മദർ’ (2021), ‘ലൗ ബിഹൈൻഡ് മൈ ഐസ്,’ ( The Love Behind My Eyes – 2021), ‘ഇസാ ഹവാ’ (Iza Hawa – 2023) എന്നിവയാണ് അലിയുടെ പ്രധാനപ്പെട്ട രംഗാവതരണങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട ഏറെ ഫെസ്റ്റിവലുകളിൽ അലി ഇതിനകം പങ്കെടുത്തു കഴിഞ്ഞിട്ടുണ്ട്.
രണ്ടു പുരുഷന്മാർ തമ്മിലുള്ള ദുരന്തപ്രണയത്തിന്റെ കഥ പറയുന്ന ‘ദി ലൗ ബിഹൈൻഡ് മൈ ഐസ്’(The Love Behind My Eyes) എന്ന നൃത്താവതരണത്തിന്റെ റിഹേഴ് സൽ ആരംഭിച്ചത് 2020 ആഗസ്ത് 4-നായിരുന്നു. ബെയ് റൂട്ട് തുറമുഖത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന എതാണ്ട് 2750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനം ലോകത്തിലെ ഏറ്റവും വലിയ ആണവേതര സ്ഫോടനമായിരുന്നു. മുന്നൂറോളം പേർ കൊല്ലപ്പെടുകയും, ഏഴായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ ദുരന്തത്തിനെയും അതിജീവിച്ചു കൊണ്ടാണ് അലിയും സംഘവും റിഹേഴ് സൽ പൂർത്തിയാക്കി, അടുത്ത വർഷം ‘ലൗ ബിഹൈൻഡ് മൈ ഐസ്’ അരങ്ങിലെത്തിച്ചത്.
ഇതിനൊക്കെയിടയിലാണ് ലൈലയുടെ മകൻ അബ്ബാസ് വെറും പതിനഞ്ചാം വയസ്സിൽ, പൊരുതിമരിക്കാനുറച്ച്, യുദ്ധരംഗത്തേക്കിറങ്ങിത്തിരിക്കുന്നതും. പേരുകളൊന്നും അരങ്ങിൽ പരാമർശിക്കപ്പെടുന്നില്ലെങ്കിലും, ലെബനോണിലെ രാഷ്ട്രീയയാഥാർത്ഥ്യങ്ങൾ പിന്തുടരുന്നവർക്ക് ചിത്രം പിടികിട്ടും. പക്ഷെ, അതവർ പരാമർശിക്കാൻ ഇഷ്ടപ്പെടുന്നില്ല. ധൈര്യപ്പെടുന്നില്ല എന്നതാണു സത്യം. അമ്മമാരെ കണ്ണീരു കുടിപ്പിച്ചു കൊണ്ട് വീരസ്വർഗ്ഗം നേടാനുള്ള യാത്ര അർത്ഥശൂന്യമാണെന്ന് അബ്ബാസ് മെല്ലെ തിരിച്ചറിഞ്ഞു. ലൈലയുടെ കണ്ണീർ അവനെ തിരിച്ചെത്തിച്ചു. ഒരു അഭിമുഖത്തിൽ അലി പറയുന്നുണ്ട്, “അവസാനം അവൻ ആ കടലാസ് കീറിക്കളഞ്ഞു. ഞങ്ങളുടെ കൂടെക്കൂടി നൃത്തം ചെയ്യാൻ ഞാനവനെ ക്ഷണിച്ചു. അതിൽ നിന്നു കിട്ടുന്ന ആഹ്ളാദം മറ്റൊന്നിലും കിട്ടില്ലെന്ന് അവൻ മനസ്സിലാക്കി.”
പശ്ചിമേഷ്യയുടെ സങ്കീർണ്ണമായ രാഷ്ട്രീയസമവാക്യങ്ങൾക്കിടയിൽ തകർന്നുപോകുന്ന മനുഷ്യജീവിതങ്ങളുടെ പ്രതിനിധികളാണ് ലൈലയും, ഫാത്തിമയും, ഹസ്സനും, അബ്ബാസുമൊക്കെ. എവിടെയൊക്കെയോ ഇരുന്ന് രാഷ്ട്രീയ-സാമ്പത്തിക-സൈനികതന്ത്രങ്ങൾ വിന്യസിക്കുന്നവരുടെ ചരടുവലികൾക്കൊത്ത് തങ്ങളുടെ ജീവിതങ്ങൾ ആടിയുലയുന്നതും, തകർന്നുവീഴുന്നതും അനുഭവിക്കാൻ മാത്രം വിധിക്കപ്പെട്ട നിസ്സഹായരായ ജനതയുടെ പ്രതിനിധികൾ.
ഇക്കഴിഞ്ഞ സെപ്തംബറിൽ ബെയ് റൂട്ടിനു മുകളിൽ ഇസ്രായേലിന്റെ പോർവിമാനങ്ങൾ ബോംബുവർഷം തുടങ്ങിയപ്പോൾ, തെക്കൻ ലെബനോണിൽ നിന്നും, ബെയ് റൂട്ടിന്റെ തെക്കൻ പ്രദേശത്തു നിന്നും അഭയാർത്ഥികളായി സുരക്ഷിതസ്ഥാനം തേടി ഒഴുകിയ പതിനായിരക്കണക്കിനാൾക്കാർക്കിടയിൽ ആഫ്രിക്കൻ സ്വദേശികളായ കുറേയേറെ സ്ത്രീകളുമുണ്ടായിരുന്നു. ലെബനോണിലെ അതിസമ്പന്നഗൃഹങ്ങളിൽ വീട്ടുവേലക്കായി ഏജൻ്റുമാർ വഴി ദരിദ്രമായ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തിക്കപ്പെടുന്ന ഈ സ്ത്രീകൾ, ക്രൂരമായ ‘ കഫാല’ സമ്പ്രദായത്തിൻ്റെ ഇരകളാണു. പാസ്പോർട്ടും ,മറ്റ് രേഖകളുമെല്ലാം വീട്ടുടമസ്ഥരുടെ കൈവശമാകുന്നതോടെ, പൂർണ്ണമായും അടിമകളായിത്തീരുന്ന ഈ സ്ത്രീകൾ പലപ്പോഴും ക്രൂരമായ പീഡനങ്ങൾക്ക് ഇരകളാകാറുണ്ട്. യുദ്ധമാരംഭിച്ചപ്പോൾ, ഈ സമ്പന്നരിൽ പലരും രായ്ക്കുരാമാനം ഗൾഫ് രാജ്യങ്ങളിലേക്കും, യൂറോപ്പിലേക്കുമൊക്കെ സ്ഥലം വിട്ടു, ഈ വീട്ടുവേലക്കാരെ വീട്ടുപകരണങ്ങൾ പോലെ ഉപേക്ഷിച്ചെറിഞ്ഞു കൊണ്ട്. പല സ്ത്രീകളും വീടുകൾക്കുള്ളിൽ പൂട്ടിയിടപ്പെട്ടു. ബോംബാക്രമണത്തിൽ തകർന്ന വീടുകൾക്കുള്ളിൽ ഉണ്ടായിരുന്നവരുടെ എണ്ണം പോലും ആർക്കുമറിയില്ല.
രേഖകൾ പോലും കൈവശമില്ലാതെ ഉപേക്ഷിക്കപ്പെട്ട ഈ സ്ത്രീകളിൽ പലരും കാൽനടയായി കിലോമീറ്ററുകൾ താണ്ടി ബെയ് റൂട്ടിലെത്തി, നഗരത്തിന്റെ കടലോരപാതകളിൽ അഭയം പ്രാപിക്കുകയായിരുന്നു. തിരിച്ചറിയൽ രേഖകളൊന്നും കൈവശമില്ലാത്ത ഇവർക്ക് ലെബനീസ് സർക്കാർ ഒരുക്കിയ അഭയകേന്ദ്രങ്ങളിലൊന്നും പ്രവേശനം ലഭിച്ചില്ല. പലർക്കും കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇവർക്ക് സഹായഹസ്തമേകിയത് ഏതാനും സാമൂഹ്യപ്രവർത്തകരും സന്നദ്ധസംഘടനകളുമാണ്. അങ്ങനെ ഒരുങ്ങിയ അഭയകേന്ദ്രങ്ങളിൽ നിന്ന് നന്മയുള്ള മനുഷ്യരുടെ സഹായത്തോടെ, കുറേപ്പേർക്കെങ്കിലും, തിരികെ നാട്ടിലെത്താനുള്ള നിയമപരവും സാമ്പത്തികവുമായ സഹായങ്ങൾ ലഭിക്കുന്നുണ്ട്.
കടലോരത്ത് അഭയം തേടിയെത്തിയ ഈ ആഫ്രിക്കൻ സ്ത്രീകളിൽ പലരും കടൽ കാണുന്നത് ആദ്യമായിട്ടായിരുന്നു. സന്നദ്ധപ്രവർത്തകർ ഇൻസ്റ്റാഗ്രാമിലിട്ടു കൊണ്ടിരുന്ന വീഡിയോകളിലൊന്നിൽ, നിഷ്കളങ്കമായ ചിരിയോടെ, മുറി ഇംഗ്ലീഷിൽ ഒരു സ്ത്രീ പറഞ്ഞു: “ഞാൻ കടൽ കണ്ടു!” (And I saw the sea!)
അതിൽ നിന്ന്, അലി ഷഹ് രൂർ തന്റെ പുതിയ സൃഷ്ടി ഒരുക്കുകയായിരുന്നു – When I Saw the Sea (ഞാൻ കടലിനെ കണ്ടപ്പോൾ…) ചുറ്റിലും വീഴുന്ന ബോംബുകളുടെ സംഹാരതാണ്ഡവത്തിൽ ഉടലും ഉള്ളും കിടുങ്ങിക്കൊണ്ടിരിക്കുമ്പോഴും, അലി ഷഹ് രൂർ ചിന്തിച്ചത് ഈ കഥകൾ പറഞ്ഞു കൊണ്ടേയിരിക്കുകയെന്ന കലാകാരന്റെ ധീരമായ ഉത്തരവാദിത്തത്തെപ്പറ്റി മാത്രം.
ടെനീ അഹമ്മദ്, സെനാ മൂസാ, റാണിയാ ജമാൽ എന്നീ ആഫ്രിക്കൻ സ്ത്രീകളാണീ രംഗാവതരണത്തിൽ അലിയോടൊപ്പം അരങ്ങിലെത്തുന്നത്. ബെയ് റൂട്ടിൽ ജീവിക്കുന്ന ഇവരിൽ ആദ്യത്തെ രണ്ടുപേരും, വീട്ടുവേലക്കാരായി ലെബനോണിൽ എത്തിപ്പെട്ടവരാണ്. ഇന്നിവർ കഫാല വ്യവസ്ഥയുടെ ഇരകളാവുന്ന ആഫ്രിക്കൻ സ്ത്രീകൾക്ക് സഹായമെത്തിക്കുന്ന സന്നദ്ധപ്രവർത്തനത്തിലേർപ്പെട്ടുകൊണ്ട് ബെയ് റൂട്ടിൽ തന്നെ ജീവിക്കുന്നു. പ്രശസ്ത സിറിയൻ ഗായികയായ ലിൻ ആദിബും ഈ രംഗാവതരണത്തിൽ പങ്കെടുക്കുന്നുണ്ട്.
റെഫാത് അലാരീറിന്റെ വാക്കുകൾ അലിക്കും സുഹൃത്തുക്കൾക്കും
ഊർജ്ജം പകരുന്നു – “ഞാൻ മരിക്കണമെന്നാണെങ്കിൽ, നിങ്ങൾ
ജീവിക്കണം, എന്റെ കഥ പറയാനായി.” (If I must die, you must live, to tell my
story) വാക്കുകൾ നിശ്ശബ്ദമാക്കപ്പെട്ടുപോയവരുടെ കഥകൾ
മാഞ്ഞുപോകാനനുവദിക്കാതെ, പറഞ്ഞുകൊണ്ടേയിരിക്കുക എന്നതാണ്
തങ്ങളുടെ നിയോഗമെന്ന് തിരിച്ചറിയുന്ന കലാകാരരാണ് അലി ഷഹ്
രൂരും സുഹൃത്തുക്കളും. അലിയുടെ വാക്കുകളിൽ പറഞ്ഞാൽ,
“കഥകൾ പറഞ്ഞു കൊണ്ടേയിരിക്കുക എന്നത് ഒരു
ചെറുത്തുനില്പാണെന്ന് ഞാൻ വിശ്വസിക്കുന്നു.”
“കടലിനും, പുറകിൽ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു നഗരത്തിനുമിടയിൽ ഒരു ഓക്കു മരം ഭൂമിയെ അള്ളിപ്പിടിക്കുന്നു, അതിന്റെ നിഴലിൽ ഒരു കുറുക്കൻ നൃത്തം ചെയ്യുന്നു, ഒരു പെൺകുട്ടി ഉറ്റുനോക്കുന്നു, അചഞ്ചലമായി, ചക്രവാളത്തിലേയ്ക്ക്.”