യാത്രകളുടെ ഫിലോസഫിയും തിയറിയും പഠിച്ച് സമയ രേഖകളും അതിർത്തി വരമ്പുകളും നിർണയിച്ച് ലോകം ചുറ്റിക്കാണാൻ ഇറങ്ങിയവരല്ല ഇബ്നു ബത്തൂത്തയും മാർക്കോപോളയും. ജീവിതത്തിന്റെ നല്ല കാലത്ത് ആത്മാവിന്റെ ദാഹത്തിന് കറങ്ങിക്കൊണ്ടിരിക്കുകയെന്ന തത്വത്തെ അന്വർഥമാക്കാനാണ് അവരൊക്കെ യാത്ര ചെയ്ത് തുടങ്ങിയത്.
സർക്കീട്ട് ചെയ്യുമ്പോൾ സ്വാഭാവികമായും നഷ്ടപ്പെടുന്ന തത്വവും സത്യവും കശ്മീരിന്റെ വേലിക്കുള്ളിൽ നിന്ന് കണ്ടെത്താനുള്ള ചെറിയൊരു അന്വേഷണ ശ്രമമാണ് ഈ പഠനം.
പ്രീഡിഗ്രി കഴിഞ്ഞുള്ള ആദ്യ വെക്കേഷനിലാണ് ജമ്മുകശ്മീർ കാണാനുള്ള സ്വപ്നം സഫലമാകുന്നതും അതുവഴി ജീവിതത്തിൽ പുതിയ അധ്യായങ്ങൾ ആരംഭിക്കുന്നതും. കുട്ടിക്കാലത്ത് ഉമ്മയും ഉപ്പയും കൈപിടിച്ചു കൊണ്ടുപോകുന്ന വലിയൊരു ദൂരം അടുത്തുള്ള ബീച്ചുകളും അമ്യൂസ്മെന്റ് പാർക്കുകളും മൃഗശാലകളും ഒക്കെ ആയിരിക്കും. അതല്ലെങ്കിൽ വിദേശത്ത് സ്ഥിരതാമസമാക്കിയാൽ സമ്മർ വെക്കേഷനിൽ മക്കളെ വിദേശത്ത് കൊണ്ടുപോകുന്നു. എവിടെപ്പോയാലും ആ രണ്ട് കൈകൾക്കുള്ളിൽ ഞങ്ങൾ ബന്ധിതരും സുരക്ഷിതരും ആണ്. അങ്ങനെയൊരു കവചമില്ലാതെ ആദ്യമായി യാത്ര തുടങ്ങുന്നത് മൂന്ന് ദിവസം ട്രൈനിൽ യാത്ര ചെയ്താലെത്തുന്ന ഇന്ത്യയുടെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കാണ്. എല്ലാവരുടെയും ബക്കറ്റ് ലിസ്റ്റിൽ നടക്കാതെ പോകുന്ന സ്വപ്നമായ കാശ്മീരിലേക്ക്.
ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യാനൊരുങ്ങുമ്പോൾ അവിടുത്തെ ജിയോ പൊളിറ്റിക്സ് കണ്ടെത്താനുള്ള ഒരു ശ്രമം എന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് സ്വാഭാവികമാണ്. കാരണം ഞാൻ യാത്രയെ സമീപിക്കുന്ന രീതിയും വീക്ഷണവും വ്യത്യസ്തമാണ്. കാശ്മീരിൽ ടൂറിസ്റ്റ് ആയി പോകുന്നവർ കവർ ചെയ്യുന്ന സോനാമർഗും ഗുൽമർഗും ബൈസരൻ വാലിയും ദൂദപ്ത്രിയും മാറ്റിവെച്ച് ഏതൊക്കെ ഗ്രാമങ്ങൾ ലിസ്റ്റിൽ ആഡ് ചെയ്യാമെന്നും, മഞ്ഞമലകൾ ഏതൊക്കെ റേഞ്ചിലാണ് കിട്ടുക എന്നും തയ്യാറാക്കുന്നതിനായിരുന്നു ഞാൻ ഫോക്കസ് കൊടുത്തത്. ട്രെയിൻ യാത്ര ജനറൽ ആയതുകൊണ്ടും രണ്ട് ദിവസം തുടർച്ചയായി ഇരിക്കേണ്ടതുകൊണ്ടും ബ്രഡ്-‐ജാം കോമ്പിനേഷനും കട്ട് ഫ്രൂട്ട്സും കയ്യിൽ കരുതിയിരുന്നു. പൂർണ്ണമായും ബജറ്റ് ഫ്രണ്ട്ലി യാത്രയായിരുന്നു പ്ലാൻ ചെയ്തത്. ഏസി കമ്പാർട്ട്മെന്റിൽ വലിയ സെറ്റപ്പോടെ യാത്ര ചെയ്യുമ്പോൾ നമ്മുടെ റേഞ്ചിനെ ബാധിക്കുന്നതുകൊണ്ടും യാത്രയ്ക്ക് പൂർണത കിട്ടാത്തതുകൊണ്ടുമാണ് ലോക്കൽ ക്ലാസ് യാത്രയെ അവലംബിച്ചത്. ഒരു കൂപ്പയ്‌ക്കുള്ളിൽ ഞങ്ങളുടെ മാത്രം ലോകത്ത് ചുരുങ്ങുന്നതു കൊണ്ടാണ് ഫസ്റ്റ് ക്ലാസ് ജേർണി മാറ്റിവെച്ചത്.
കണ്ടുമുട്ടുന്ന മനുഷ്യരെ പരിചയപ്പെടാനും കോൺടാക്ട് ലിസ്റ്റിൽ അവരുടെ പേരും നമ്പറും സേവ് ചെയ്തു വെക്കാനും പൊതുവേ ഞാൻ മറക്കാറില്ല. രണ്ടു ദിവസം കഴിയുമ്പോഴേക്ക് ഒരു നല്ല ബംഗാളി, മറാട്ടി, തമിഴ് ബാച്ച് രൂപപ്പെട്ടുവരും. ഡെയിലി ചാറ്റ് ചെയ്യാനല്ലെങ്കിലും എപ്പോഴെങ്കിലും വർത്തമാനം പറഞ്ഞിരിക്കാമെന്ന പ്രേരണയിലാണ് ഈ ഒരു സിസ്റ്റം ഞാൻ പിന്തുടരാറ്. കാശ്മീരിയത്തിന്റെ സ്വഭാവവും അവരുടെ ഗ്രാമ ജീവിതവും അടുത്തറിയാനുള്ള ആഗ്രഹമായിരുന്നു ഈ യാത്രയുടെ പ്രാഥമിക ലക്ഷ്യം. എല്ലാവരും പോകുന്ന ടൂറിസ്റ്റ് സ്പോട്ടുകളിൽ പോയാൽ കാശ്മീരികളെ കാണാൻ പറ്റുമെങ്കിൽ അവരുടെ ഉള്ളിലെ സ്നേഹവും മഹ്മാനിയത്തും ആസ്വദിക്കാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് പച്ചയായ മനുഷ്യരുടെ വീടിനുള്ളിൽ രണ്ടുദിവസം നിന്ന് അവരുടെ ലൈഫ് മുഴുവനായി ആസ്വദിക്കാനുള്ള ഒരു മനസ്സായിരുന്നു ആ സമയത്ത്.
ബനിഹാലിൽ നിന്ന് ശ്രീനഗറിലേക്ക് ലോക്കൽ ട്രെയിൻ കയറിയപ്പോൾ ഓരോ കാശ്മീരികളെ കാണുമ്പോഴും സലാം പറഞ്ഞ് വർത്തമാനം പറഞ്ഞിരുന്നു. അവരുടെ ക്ഷണം കിട്ടാനുള്ള കുടില ലക്ഷ്യമാണ് എന്റെ മനസ്സു നിറയെ. മുപ്പതൊന്നും പ്രായം തോന്നിക്കാത്ത നല്ലൊരു യുവാവ് ആ ഉദ്യമത്തിന് കാരണക്കാരനാവുകയും പഹൽഗാമിനടുത്തുള്ള ശാൻഖസ് വാലിയിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. ആ വെൽക്കമിംഗ് കിട്ടിയ നേരത്തുള്ള എന്റെ സന്തോഷമായിരുന്നു ഈ യാത്രയിൽ എനിക്ക് ലഭിച്ച ഏറ്റവും നല്ല ഓർമ്മകളിലൊന്ന്.
ശ്രീനഗറിലെ ടെറെയ്നിൽ നിന്ന് ഷാംഗസ് വാലിയിലെ ടെറെയ്നിലേക്കെത്തുമ്പോൾ ലോകം മാറിമറിയുന്നതുപോലെ തോന്നി. നിറയെ ആപ്പിൾ തോട്ടങ്ങളും പൈൻ മരങ്ങൾ ഇടതടവില്ലാതെ വിശ്രമിക്കുന്നതും രണ്ട് കിലോമീറ്റർ ദൂരം തോന്നിക്കുന്ന മഞ്ഞുമലകളും നിറഞ്ഞുനിൽക്കുന്ന ഭൂമിയുടെ മധ്യഭാഗത്താണ് അയാളുടെ വീട് സ്ഥിതി ചെയ്യുന്നത്. മഞ്ഞ് വീഴ്ച് കഴിഞ്ഞ് തുലിപ് സീസണിലാണ് ഞങ്ങൾ യാത്ര ചെയ്‌തത്. പോകുന്ന സ്ഥലങ്ങളിലെ എല്ലാ കാലാവസ്ഥയും വ്യത്യസ്തമായ അനുഭവങ്ങളും കാഴ്ചയുമാണ് സമ്മാനിക്കുന്നത്. അതുകൊണ്ട് ഞാൻ പറയുന്ന കാശ്മീരികളായിരിക്കണമെന്നില്ല നിങ്ങളുടെ കണ്ണിൽ. എന്നാലും ഞങ്ങൾ സന്ദർശിച്ച കാശ്മീരിനാണ് മനോഹാരിതയും ഭംഗിയും കൂടുതലെന്ന് പറയാൻ കഴിയും.
ആതിഥ്യമര്യാദയിൽ നമ്പർ വൺ നിൽക്കുന്നതു കൊണ്ടാണ് ജന്നത്തേ കാശ്മീർ എന്ന അപരനാമത്തിൽ കാശ്മീർ അറിയപ്പെടുന്നത്. രണ്ടുദിവസം സഫീർ ബായിയും ഭാര്യയും ഞങ്ങളെ ട്രീറ്റ് ചെയ്ത രീതി ഒരുപക്ഷേ ഉമ്മയും മകനും തമ്മിലുള്ള ബന്ധത്തെ പോലെ തുലനം ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. സഫീർ ഭായിയോട് കൂടുതൽ സംസാരിച്ചപ്പോഴാണ് ഉള്ളിൽ നിറയെ തീക്കനൽ കത്തിച്ചുവച്ച് വരുന്നവർക്ക് കനലുപോലെ കത്തുന്ന പുഞ്ചിരിയും സ്നേഹവും സമ്മാനിക്കുന്നത്. ആർട്ടിക്കിൾ 370 ന്റെ പേരിൽ അവരനുഭവിച്ച പ്രയാസങ്ങളും പട്ടിണിയും കുറെയൊന്നും കാശ്മീർ വിട്ട് പുറത്തേക്ക് എത്തിയിട്ടില്ല . സത്യത്തിൽ യാത്ര സഫലമായി എന്ന് തോന്നിയ നിമിഷമാണ് സഫീർ ഭായ് സമ്മാനിച്ചത്.
സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ അവരുടെ പ്രശ്നങ്ങളിൽ അല്പമെങ്കിലും തലയിടുന്നതാണ് അവരോട് കാണിക്കുന്ന നീതി എന്നാണ് എനിക്ക് തോന്നിയത്. ടൂറിസ്റ്റുകൾ വരുന്നതും അവരെ സ്വീകരിക്കുന്നതും അവരുടെ സന്തോഷത്തിന്റെ ഒരു വഴിയാണ്. യാത്രയുടെ ഫിലോസഫി ഇത്രമാത്രം ചുരുക്കവും ഒതുക്കവും ആണ്. കണ്ടറിയുന്നതും കേട്ടറിയുന്നതും ന്യൂസ് അജൻഡയുടെ ഭാഗമല്ലെന്ന തിരിച്ചറിവുണ്ടാക്കി യാത്ര അവസാനിപ്പിക്കുന്നിടത്താണ് ഒരു നല്ല മുസാഫിറിനെ ലോകത്ത് കാണാൻ സാധിക്കുന്നത്. l