2025 മാർച്ച് 31-നു മാധവിക്കുട്ടിക്കു 91 വയസ്സായി. ആമിയെന്ന കമല ഇല്ലാത്ത നാലപ്പാട്ടുകുടുംബവും കമലാദാസ് എന്ന മാധവിക്കുട്ടി ഇല്ലാത്ത സാഹിത്യലോകവും 16 വർഷം മുന്നോട്ടുപോയിരിക്കുന്നു. ഇപ്പോഴും ഒടുങ്ങാത്ത ചില വിമർശനങ്ങൾ വ്യക്തി, എഴുത്തുകാരി എന്നീ നിലകളിൽ മാധവിക്കുട്ടിയെക്കുറിച്ചു നിലവിലുണ്ട്. ഒരിക്കലും വളരാത്ത ഒരു കുട്ടി തന്റെ മനസ്സിലുണ്ടെന്ന് ആവർത്തിച്ചുപറഞ്ഞിരുന്ന അവർ, എഴുത്തിലും ജീവിതത്തിലും ഒരുപോലെ ഭ്രമാത്മകത ഇഷ്ടപ്പെട്ടിരുന്നു. ഫാന്റസി ഇഷ്ടപ്പെടുന്ന മാധവിക്കുട്ടിയുടെ ജന്മദിനവും മരണദിനവും 31 ആയതും യാദൃച്ഛികം. മനുഷ്യജന്മം ഒത്തിരി വിഷമങ്ങൾ തന്നിട്ടുള്ളതുകൊണ്ട് ഇനി ഒരു മനുഷ്യജന്മമായി പുന്നയൂർക്കുളത്തു വരില്ലെന്നും പൊന്മയായി വന്ന് അവിടൊക്കെ പറന്നു നടക്കുമെന്നും ഒരിക്കലും തളരാത്ത കുട്ടിത്തത്തോടെ അവർ പറഞ്ഞതും ഭ്രമാത്മകതയിൽ ആണ്ടുമുങ്ങിയിരുന്നതുകൊണ്ടാണ്. കമല, ആമി, കമലാദാസ്, കമലാമാധവദാസ്, കമലാസുരയ്യ, മാധവിക്കുട്ടി എന്നിങ്ങനെ പലപേരുകൾ സ്വീകരിച്ചതുപോലെ പല രൂപഭാവങ്ങൾ പകർന്നാടാനും ഇഷ്ടപ്പെട്ടിരുന്ന മാധവിക്കുട്ടി എന്ന പ്രതിഭ ആരായിരുന്നു, എന്തായിരുന്നു എന്ന് ഇന്നും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണു വാസ്തവം. സാഹിത്യത്തിനുള്ള നൊബേൽസമ്മാനത്തിനു പേരു നിർദ്ദേശിക്കപ്പെട്ട മലയാളത്തിലെ ഏക എഴുത്തുകാരി, മലയാളത്തിലെ ലോകമറിയുന്ന ഇംഗ്ലിഷ് കവയിത്രി, വൈവിധ്യമാർന്ന ജീവിതം എഴുത്താക്കിമാറ്റിയ കഥാകൃത്തു്-നോവലിസ്റ്റ്, മതനിരപേക്ഷചിന്തകളോടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കതീതമായി അനീതികളോടു നിർദ്ദാക്ഷിണ്യം പ്രതികരിച്ചിരുന്ന വ്യക്തി, അശരണർക്കു കാരുണ്യവതിയായ അമ്മ, സ്നേഹമില്ലാതെ ജീവിതമില്ലെന്നു വിശ്വസിച്ച മനുഷ്യസ്നേഹി, പ്രപഞ്ചത്തോടു മുഴുവൻ മനസ്സിൽ പ്രണയം സൂക്ഷിച്ച കലാകാരി – ഇങ്ങനെ നീളുന്ന വിശേഷണങ്ങളുടെ ആകെത്തുകയാണു മലയാളസാഹിത്യത്തെ ലോകസാഹിത്യത്തിന്റെ ഭാഗമാക്കിയ മാധവിക്കുട്ടി.
1934 മാർച്ച് 31-നു ബാലാമണിയമ്മയുടെയും വി.എം.നായരുടെയും മകളായി ജനിച്ച് 75 വർഷത്തെ സർഗ്ഗാത്മകജീവിതത്തിനൊടുവിൽ 2009 മേയ് 31-നു് ഈ ലോകത്തോടു യാത്രപറഞ്ഞ മാധവിക്കുട്ടി ഏറെ പഠനങ്ങൾക്കും ചർച്ചകൾക്കും വിവാദങ്ങൾക്കും വിധേയയായിട്ടുണ്ട്. മാധവിക്കുട്ടിയുടെ മകൻ ഒരു അഭിമുഖത്തിൽ പറഞ്ഞതുപോലെ, മറ്റുള്ളവരുടെ മുന്നിൽ നാടകം കളിച്ച് തന്റെ യഥാർത്ഥമുഖം വെളിപ്പെടുത്താതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ അപ്പപ്പോൾ പ്രകടമായതാണു യഥാർത്ഥ മാധവിക്കുട്ടി എന്ന് കണ്ടവർ കണ്ടതുപോലെ വിലയിരുത്തി. ആ രചനകൾ വായിച്ചവരും എഴുത്തിനുള്ളിലെ പരാമർശങ്ങളിലൂടെ മാധവിക്കുട്ടിയെ കണ്ടെത്താൻ ശ്രമിച്ചു. ഈ ശ്രമങ്ങളൊന്നും തെറ്റല്ല. കാരണം, മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്, എഴുത്ത് പൂർണ്ണമാകുന്നതു വായനയിലൂടെയാണെന്നും വായനക്കാരുടെ ചിന്തകൾകൂടി ചേരുമ്പോഴാണെന്നും. അതുകൊണ്ടു വിമർശനങ്ങളെ കരുത്തോടെ ഉൾക്കൊള്ളാനും വേദനിപ്പിച്ച ദുർവ്യാഖ്യാനങ്ങളെ തള്ളിക്കളയാനും അവർക്കു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, സർഗ്ഗാത്മകമായ വ്യാഖ്യാനങ്ങൾക്കപ്പുറം ആ വ്യക്തിയെ, എഴുത്തുകാരിയെ സ്നേഹം, പ്രണയം, ലൈംഗികത തുടങ്ങിയ പ്രയോഗങ്ങളിൽ തളച്ചിടാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങൾ ചിലർ നടത്തിയപ്പോഴാണ് അവർ മാനസികമായി തകർന്നതും കേരളം വിട്ടുപോകാൻ തയ്യാറായതും. മരണശേഷവും അതു തുടരുമെന്നറിഞ്ഞിരുന്നെങ്കിൽ ഒരു പൊന്മയായിപ്പോലും ഈ ലോകത്തു വരാൻ അവർ ആഗ്രഹിക്കില്ലായിരുന്നു എന്നു തോന്നിയിട്ടുണ്ട്. കവിത, കഥ, നോവൽ, നോവെല്ല, ആത്മകഥ, നാടകം, ലേഖനം, ചിത്രകല എന്നീ മേഖലകളിലെല്ലാം തനതായ സംഭാവനകൾ നൽകിയ മാധവിക്കുട്ടി പ്രകൃതിയെയും മനുഷ്യരുൾപ്പെടുന്ന ജീവജാലങ്ങളെയുമെല്ലാം ഒരുപോലെ സ്നേഹിച്ചതിന്റെ പ്രതിഫലനങ്ങളാണ് ആ രചനകളെല്ലാം. അതുകൊണ്ടുതന്നെ അവരുടെ വ്യക്തിജീവിതത്തിലൂടെ എഴുത്തുജീവിതത്തിലേക്കു കടന്നുചെന്ന് ആ എഴുത്തുകാരിയെക്കുറിച്ചും അവരുടെ രചനകളെക്കുറിച്ചും പലരും പറഞ്ഞു പതിഞ്ഞ വിശേഷണങ്ങൾക്കപ്പുറം എന്തെങ്കിലും അറിയാനും പറയാനും കഴിയുമോ എന്നാണിവിടെ ചിന്തിക്കുന്നത്.
കമല-ആമി-കമലാദാസ്
എത്ര മുതിർന്നിട്ടും ആമി എന്ന കുട്ടിയുടെ മനസ്സുമായി ജീവിച്ച കമലയുടെ വ്യക്തിജീവിതം മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വേണ്ടപ്പെട്ടവരുടെയെല്ലാം ആമിയായി വളർന്ന മാധവിക്കുട്ടിയുടെ ജന്മസ്ഥലം തൃശൂരിലെ പുന്നയൂർക്കുളമാണെങ്കിലും കൽക്കത്തയിലെ വീട്ടിൽ അച്ഛൻ നൽകിയ പാശ്ചാത്യസംസ്കാരത്തിലൂന്നിയ ചിട്ടവട്ടങ്ങളും ബ്രിട്ടീഷുകാരായ അദ്ധ്യാപകർ നയിച്ച പഠനകാലവും വിവാഹശേഷം മുംബൈ, കൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലെ മാറിമാറിയുള്ള നഗരജീവിതവും ആ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. എഴുത്തുകാരിയായ അമ്മയിൽനിന്നു സ്നേഹലാളനകൾ കിട്ടാത്ത കുട്ടിക്കാലത്തെക്കുറിച്ചു മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. അമ്മ, മുഴുവൻ സമയം എഴുത്തിൽ മുഴുകിയിരുന്നതുകൊണ്ട് അങ്ങനെ ഒരു തോന്നൽ ആമിയോപ്പുവിനല്ലാതെ മറ്റു മൂന്നു മക്കൾക്കും ഉണ്ടായിരുന്നില്ലെന്ന് അനുജത്തി സുലോചന നാലപ്പാട്ട് സാക്ഷ്യപ്പെടുത്തുമ്പോൾ അക്കാലത്തുതന്നെ സ്നേഹം എത്രമാത്രം മാധവിക്കുട്ടിയെ അലട്ടിയിരുന്നു എന്നു മനസ്സിലാക്കാം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വല്ലാതെ ആഗ്രഹിച്ച മനസ്സ് കുട്ടികൾ മുതൽ വാർദ്ധക്യത്തിലെത്തിയവർവരെയുള്ള ഒരുപാടു കഥാപാത്രങ്ങൾക്കു മാധവിക്കുട്ടി പകർന്നു നൽകിയിട്ടുണ്ട്. ബാല്യത്തിൽ അതു വാത്സല്യവും പിന്നെ അതു നിരുപാധികസ്നേഹവും പ്രണയവുമായി വളർന്നു. മനുഷ്യരോടു മാത്രമല്ല ദൈവത്തോടും പ്രകൃതിയിലെ എല്ലാത്തിനോടും അവർക്കു കുട്ടിക്കാലംമുതൽ തോന്നിയ സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ അനുഭവസാക്ഷ്യങ്ങളാണു മാധവിക്കുട്ടിയുടെ രചനകൾ. അങ്ങനെ എല്ലാത്തിനെയും സ്നേഹിക്കാനും കാരുണ്യത്തോടെ പ്രവർത്തിക്കാനും അവർക്കു മാതൃകയായിരുന്നത് അമ്മമ്മ(ബാലാമണിയമ്മയുടെ അമ്മ)യായിരുന്നു. അന്നേ അമ്മമ്മ രൂപപ്പെടുത്തിയ ദൈവസങ്കല്പവും ഭക്തിയും പിന്നീടു പ്രകൃതിസ്നേഹവുമായി ഇഴചേർന്നതുകൊണ്ടാണു സ്നേഹം ഒരു ശക്തിയായി അവരിൽ വളർന്നതും അവർ അതു പ്രചരിപ്പിച്ചതും. ഫ്യൂഡൽവ്യവസ്ഥകൾ നിലനിന്ന തറവാട്ടിൽ അന്യജാതിക്കാരുമായി ഇടപഴകുന്നതിനു വിലക്കുണ്ടായിരുന്ന കാര്യം അഭിമുഖങ്ങളിൽ മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. ജാതി-മതചിന്തകൾക്കതീതമായി ചിന്തിക്കാനും അത്തരം വിലക്കുകളോട് നിഷേധാത്മകസ്വഭാവം പുലർത്താനും മാധവിക്കുട്ടിയെ പ്രേരിപ്പിച്ചതും അമ്മമ്മ പകർന്നുകൊടുത്ത മാനവികതാബോധമാണ്. അങ്ങനെ കുട്ടിക്കാലംമുതൽ പ്രകടമാക്കിയ മനുഷ്യത്വവും സഹാനുഭൂതിയും ദാനശീലവും മരണംവരെ അവർക്കൊപ്പമുണ്ടായിരുന്നു. തന്റെ മുന്നിൽ വന്ന് ബുദ്ധിമുട്ടുകൾ പറയുന്നവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്ന മാധവിക്കുട്ടിയെ അത്തരത്തിൽ പലരും പറ്റിച്ച കഥകളും കേട്ടിട്ടുണ്ട്. സ്നേഹം ഏറ്റവും വലിയ ശക്തിയാണെന്നു വിശ്വസിച്ചതുകൊണ്ടുതന്നെ ആ സ്നേഹം പ്രകടമാക്കാനും അവർ മടിച്ചിരുന്നില്ല. അത്തരം സ്നേഹപ്രകടനങ്ങൾ അവരെ ചീത്ത സ്ത്രീയാണെന്നു വിലയിരുത്താൻപോലും കാരണമായിട്ടുണ്ടെന്നു മാധവിക്കുട്ടിതന്നെ പറഞ്ഞിട്ടുണ്ട്.
കമല – കമലാസുരയ്യ
കമലയുടെ കമലാസുരയ്യയായുള്ള മാറ്റമാണ് മറ്റൊരു വിവാദത്തിനും മരണശേഷവും തുടരുന്ന വിമർശനങ്ങൾക്കും കാരണമായത്. ഒരു മതത്തിൽനിന്ന് മറ്റൊന്നിലേക്കു മാറിയാലും ഒരു വ്യക്തിക്കു ബാഹ്യമായിട്ടല്ലാതെ മാറ്റമൊന്നും സംഭവിക്കില്ലെന്ന് അതിനുശേഷം പലതവണ അവർ പറഞ്ഞിട്ടുണ്ട്. അതൊന്നും മനസ്സിലാക്കാൻ വർഗ്ഗീയത നിറഞ്ഞ മനസ്സുകൾക്കു കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഈ ചിന്ത പൊടുന്നനെ പൊട്ടിമുളച്ചതല്ലെന്നു മനസ്സിലാക്കാൻ അവരുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കാനും അത്തരക്കാർ ശ്രമിച്ചില്ല. കൽക്കത്തയിലെ ബാല്യകാലത്ത് നേരിട്ടു കണ്ട ബംഗാൾകലാപവും വർഗ്ഗീയതയും മതേതരചിന്ത വളർത്തുന്നതിൽ മാധവിക്കുട്ടിയെ സ്വാധീനിച്ചിട്ടുണ്ടാവണം. പുന്നയൂർക്കുളത്തെ നാലപ്പാട്ടുകുടുംബം ഫ്യൂഡൽ മനോനിലയാണ് പുലർത്തിയിരുന്നതെങ്കിലും കുട്ടിക്കാലത്ത് അമ്മമ്മയിലൂടെ കൈമുതലാക്കിയ സ്നേഹം, കാരുണ്യം, ദാനശീലം എന്നിവയും പഠനകാലത്തു നാട്ടിലുണ്ടായിരുന്ന മുസ്ലിംസൌഹൃദങ്ങളും ഇസ്ലാംമതദർശനങ്ങളോട് ആഭിമുഖ്യമുണ്ടാക്കാൻ കാരണമായിട്ടുണ്ട്. കുടുംബത്തോടൊപ്പം മുംബൈയിൽ താമസിച്ചിരുന്നപ്പോൾ പർദ്ദ ധരിച്ച് നടന്നിരുന്നതും മക്കളിൽ മതേതരചിന്ത വളർത്താൻ രണ്ടു മുസ്ലിംകുട്ടികളെ ദത്തെടുത്ത് മുസ്ലിമായിത്തന്നെ വളർത്തിയതും ഇസ്ലാംമതം സ്വീകരിക്കണമെന്ന താത്പര്യം പ്രകടമാക്കിയതും 1970-കളിലാണെന്ന് എം.ഡി.നാലപ്പാട് ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. വളർത്തുമക്കളായ ഇന്ത്യാസ് അഹമ്മദിനെയും ഇർഷാദ് അഹമ്മദിനെയും ഇസ്ലാംമതം പഠിപ്പിക്കുന്നതിനായി അവർക്കൊപ്പം ഖുർആൻ വായിച്ചിരുന്നതായും ആ അഭിമുഖത്തിൽ മകൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നാട്ടിലെ കയ്യാമു എന്ന അയൽക്കാരിയെപ്പോലെ മുസ്ലിംവേഷത്തിൽ അണിഞ്ഞൊരുങ്ങാൻ ശ്രമിച്ചിരുന്നതും ക്രിസ്ത്യാനികളുടെ വേഷം ധരിച്ചു പുറത്തിറങ്ങിയിരുന്നതും ഏറ്റവും അടുപ്പമുള്ളവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭർത്താവിനും മക്കൾക്കുമെല്ലാം പ്രശ്നമാകുമെന്നു ഭയന്നു മതംമാറ്റം നീട്ടിക്കൊണ്ടുപോയതിന്റെ സ്വാഭാവികപരിണാമമാണ് 1999-ലെ മതംമാറ്റപ്രഖ്യാപനമെന്ന് മകൻ ഉൾപ്പെടെ അക്കാര്യങ്ങൾ അറിയുന്നവർ വ്യക്തമാക്കിയിട്ടുണ്ട്. ഫ്യൂഡൽ പാരമ്പര്യത്തിൽ വളർന്ന ആമി എന്ന കുട്ടി വളർന്നു എന്നുകൂടിയാണു ധീരമായ ആ പ്രഖ്യാപനത്തിലൂടെ അവർ തെളിയിച്ചതെന്നുപറയാം. ആത്മബലിയാണ് ഇസ്ലാംമതത്തിൽ കാണുന്നതെന്നും ഏറ്റവും വേണ്ടപ്പെട്ടതിനെ ത്യജിക്കുന്നതാണ് ആ ആത്മബലിയെന്നും ഒരു പ്രസംഗത്തിൽ പറഞ്ഞ മാധവിക്കുട്ടി അവസാനത്തെ അതിഥി എന്ന കഥ ഉദാഹരണമായി വിശദീകരിക്കുന്നുണ്ട്. ഈ കഥയിലെ കവയിത്രി കുടുംബത്തിനു മോശമാകാത്ത തരത്തിൽ തന്റെ ജീവിതം അവസാനിപ്പിക്കാൻ ഒരു കൊലപാതകിയെ കണ്ടെത്തി കാശുകൊടുത്തു തന്നെത്തന്നെ കൊല്ലാൻ ചുമതലപ്പെടുത്തുകയാണു്. അങ്ങനെ ഏറ്റവും പ്രിയപ്പെട്ടതു ത്യജിക്കുന്നതാണ് ആത്മബലി എന്നു വ്യക്തമാക്കുന്നതിനു മാത്രമല്ല, ലോകം അറിയപ്പെടുന്ന ഒരു എഴുത്തുകാരിയുടെ ജീവിതം എങ്ങനെയായി മാറുന്നു എന്നു കാണിക്കാനുംകൂടിയാവണം ഒരു പക്ഷേ, ഈ കഥ അവർ പറഞ്ഞത്. ഗാന്ധിസത്തോടും ബുദ്ധമതദർശനങ്ങളോടും ആഭിമുഖ്യം പുലർത്തിയിരുന്ന മാധവിക്കുട്ടി ആ ചിന്തകളും കഥാപാത്രങ്ങളിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ഇസ്ലാംമതദർശനങ്ങളെയും യഥാർത്ഥ മുസ്ലിമിന്റെ ജീവിത ലാളിത്യത്തെയുമാണ് താൻ ഇഷ്ടപ്പെട്ടതെന്നും മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ തോന്നുന്നതെല്ലാം തുറന്നു പറയുകയും ശരിയെന്നു തോന്നുന്നത് ജീവിതത്തിൽ നടപ്പാക്കുകയും ചെയ്ത മാധവിക്കുട്ടി പലരുടെയും മുന്നിൽ ഒരു സങ്കല്പലോകം സൃഷ്ടിച്ചവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളതായി മകനായ എം.ഡി.നാലപ്പാട്ടും ആത്മബന്ധം പുലർത്തിയിരുന്ന ബിജു വട്ടപ്പാറയും വ്യക്തമാക്കിയിട്ടുണ്ട്. അത്തരം പ്രകടനങ്ങളും തന്റെ രചനകളിലൂടെ മാധവിക്കുട്ടി അവതരിപ്പിച്ച ഭാവനാലോകവും ചേർത്തുവെച്ച് അതെല്ലാം അവരുടെ യഥാർത്ഥ ജീവിതമാണെന്നു വ്യാഖ്യാനിച്ചു കഥകൾ മെനഞ്ഞവരെയും തമാശയോടെ നോക്കിക്കാണാനാണ് ഒരു ഘട്ടംവരെയും മാധവിക്കുട്ടി ശ്രമിച്ചിരുന്നതു്. അത്തരക്കാർക്കു സന്തോഷിക്കാനായി ചിലതു നൽകുന്നതു് ഒരുതരം സക്കാത്താണെന്നു ഖത്തറിൽ നടത്തിയ ഒരു പ്രസംഗത്തിൽ മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. പലതരത്തിൽ ഇസ്ലാംമതത്തോട് മാധവിക്കുട്ടി കാണിച്ച ആഭിമുഖ്യം മനസ്സിലാക്കാതെ ഈ മതംമാറ്റം പ്രണയത്തിന്റെ ഭാഗമാണെന്നും ലൌ ജിഹാദാണെന്നും പറഞ്ഞുനടക്കുന്നവർക്ക് മാധവിക്കുട്ടി നൽകിയ സക്കാത്തായിരുന്നു ഈ വിവാദം എന്നു വേണമെങ്കിൽ പറയാം. എങ്കിലും ആ വിവാദങ്ങളുണ്ടാക്കിയ മനോവിഷമം അന്നുവരെ അവർ ആർജ്ജിച്ച കരുത്തു നഷ്ടമാക്കാനും രോഗാവസ്ഥയിലേക്ക് അവരെ എത്തിക്കാനുമിടയാക്കി.
സാമൂഹികപ്രതിബദ്ധതയുടെ കരുത്ത്
കമല, കമലാസുരയ്യയായി മാറാൻ കാണിച്ച ധൈര്യം മാധവിക്കുട്ടിയുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു എന്നുവേണം കരുതാൻ. ശക്തമായ നിലപാടുകളും അതിൽ ഉറച്ചുനിന്നുള്ള പ്രവൃത്തികളുംകൊണ്ട് കരുത്തയായ സ്ത്രീയാണ് താൻ എന്നു മാധവിക്കുട്ടി തെളിയിച്ചിട്ടുണ്ട്. നീതി അർഹിക്കുന്നവർക്കൊപ്പം രാഷ്ട്രീയം നോക്കാതെ നിലകൊണ്ടതിന്റെ വ്യത്യസ്തസന്ദർഭങ്ങൾ മകൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 1983-ൽ ശ്രീലങ്കയിലെത്തിയ മാധവിക്കുട്ടി അപകടകരമാണെന്നറിഞ്ഞിട്ടും സിംഹളർക്കുവേണ്ടി നിലകൊണ്ടിരുന്നു. എൽ.ടി.ടി.നേതാക്കളുടെ ഭീഷണിയുണ്ടായിട്ടും അതു വകവെക്കാതെ എഴുത്തിലും ആ നിലപാട് വ്യക്തമാക്കാനാണു ശ്രമിച്ചത്. സിംഹളരെയും തമിഴരെയും ഒരുപോലെ സ്നേഹിച്ച മാധവിക്കുട്ടിയുടെ മനോമി എന്ന രചന ആ കാലത്തിന്റെ ആവിഷ്കാരമാണ്. ഇന്ദിരാഗാന്ധിയോടു സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നിട്ടും അടിയന്തരാവസ്ഥയ്ക്കെതിരെ എഴുത്തിലൂടെ പ്രതികരിക്കാൻ മാധവിക്കുട്ടി മടിച്ചിരുന്നില്ല. ഇന്ത്യയിൽ ദളിത് മുന്നേറ്റം ശക്തമാകുന്ന ഘട്ടത്തിൽ പല ദളിത് നേതാക്കൾക്കും സ്വന്തം വീട്ടിൽ അഭയം നൽകാൻ തയ്യാറാവുകയും അവർക്കുവേണ്ടി എഴുതുകയും ചെയ്ത മാധവിക്കുട്ടിയെയും അത്തരത്തിൽ വിലയിരുത്താൻ ആരും ശ്രമിച്ചു കണ്ടിട്ടില്ല. സാമൂഹികപ്രതിബദ്ധതയും നീതിബോധവുമുള്ള കരുത്തയായ ഒരു വ്യക്തിയെയും എഴുത്തുകാരിയെയുമാണ് ഇതിലൂടെ തിരിച്ചറിയേണ്ടത്. എഴുത്തുകാർ സാമൂഹികപ്രവർത്തനങ്ങളിലേക്ക് ഇറങ്ങണമെന്ന് ഒരു ഘട്ടത്തിൽ മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. സ്വന്തമായി ഒരു രാഷ്ട്രീയപ്പാർട്ടി രൂപവത്കരിച്ചു പ്രവർത്തിച്ചതും ലോക് സഭയിലേക്കു മത്സരിച്ചതും ആ ചിന്തയുടെ ഭാഗമായിരുന്നിരിക്കാം. കൂടാതെ തന്റെ പ്രവർത്തനമണ്ഡലം വിപുലപ്പെടുത്തുംവിധം പല പദവികളും മാധവിക്കുട്ടി ഏറ്റെടുത്തിരുന്നു. കേരളത്തിലെ ടൂറിസം സാധ്യത പഠിക്കാനുള്ള കേന്ദ്രവിദഗ്ദ്ധസമിതി അംഗം, തിരുവനന്തപുരത്തുനിന്നുള്ള പമ്പരംമാസികയുടെ പത്രാധിപ, ചിൽഡ്രൻസ് ഫിലിംസൊസൈറ്റി പ്രസിഡന്റ്, കേരള ഫോറസ്ട്രിബോർഡ് ചെയർപേഴ്സൺ, കേരള ശിശുക്ഷേമസമിതി അംഗം, കേരളസാഹിത്യഅക്കാദമി അംഗം എന്നിങ്ങനെ വൈവിധ്യമാർന്ന ഉത്തരവാദിത്വങ്ങൾ മാധവിക്കുട്ടിയുടെ വ്യക്തിത്വത്തിലെ പല മുഖങ്ങളാണു വെളിപ്പെടുത്തുന്നതു്.
മാധവിക്കുട്ടി എന്ന എഴുത്തുകാരി
ഓരോ മനുഷ്യനിലും പല വ്യക്തിത്വങ്ങളുണ്ട് എന്നതു പറഞ്ഞു പഴകിയ വസ്തുതയാണു്. ഇതു് എഴുത്തുകാരെ സംബന്ധിച്ചാണു് ഏറെ ശ്രദ്ധിക്കപ്പെടാറുള്ളതു്. കമലയായും ആമിയായും കമലാസുരയ്യയായും വ്യക്തിജീവിതത്തിലും മാധവിക്കുട്ടിയായി മലയാളസാഹിത്യത്തിലും കമലമാധവദാസ് ആയി ഇംഗ്ലിഷ് സാഹിത്യത്തിലും പകർന്നാടിയ ഈ പ്രതിഭ ഈ പേരുകളിലൂടെ മാത്രമല്ല മകൾ, ഭാര്യ, കാമുകി, അമ്മ, ചേച്ചി, രക്ഷക തുടങ്ങിയ പലവേഷങ്ങളിൽ ജീവിച്ച ജീവിതമാണ് അവരുടെ രചനകൾ എന്നു പറയാം. ആറു വയസ്സുമുതൽ എഴുതിത്തുടങ്ങിയ മാധവിക്കുട്ടിയെപ്പോലെ സർഗ്ഗാത്മകരചനയിൽ ഇത്ര നീണ്ടകാലം വ്യാപരിച്ച സ്ത്രീകൾ മലയാളത്തിൽ കുറവാണ്. എഴുത്ത് ഒരു തുടർച്ചയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ എഴുത്ത് എന്ന് വിജയലക്ഷ്മിക്കു നൽകിയ ഒരു അഭിമുഖത്തിൽ മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. അതു ശരിയാണെങ്കിലും തനിക്കുമുന്നേ മലയാളചെറുകഥയിൽ നിലകൊണ്ട പെൺപക്ഷത്തിന്റെ പാതയിൽനിന്നു ഏറെ മാറിനടക്കാനാണ് മാധവിക്കുട്ടി ശ്രമിച്ചതു്. അതുകൊണ്ടുതന്നെ ആദ്യകാല കാഥാകാരികളുടെയോ ലളിതാംബികാഅന്തർജ്ജനം, സരസ്വതിയമ്മ, രാജലക്ഷ്മി തുടങ്ങിയ പൂർവ്വികരുടെയോ ശൈലിയും ഭാഷയും നിലപാടുമല്ല മാധവിക്കുട്ടി സ്വീകരിച്ചത്. എല്ലാത്തരം സാമൂഹിക-സാംസ്കാരിക വ്യവഹാരങ്ങളിലും അന്യമാക്കപ്പെടുന്ന സ്ത്രീയുടെ അവസ്ഥ തിരിച്ചറിയുകയും അതുവഴി തന്റെ വ്യക്തിത്വം രണ്ടാംതരമല്ല എന്നു സ്ഥാപിച്ചെടുക്കാൻ സ്ത്രീകൾ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമായി രൂപംകൊണ്ട ഫെമിനിസ്റ്റാശയങ്ങൾ ശക്തമാകുന്നതിനുമുമ്പുതന്നെ അത്തരം ചിന്തകൾ തന്റെ രചനകളിൽ കൊണ്ടുവരാൻ മാധവിക്കുട്ടിക്കു കഴിഞ്ഞിരുന്നു. പുരുഷനിർമ്മിതവ്യവഹാരങ്ങളിൽ സ്ത്രീക്കു കൽപ്പിച്ചിട്ടുള്ള എല്ലാവിധ വിലക്കുകളും പാതിവ്രത്യസങ്കല്പങ്ങളും ചോദ്യംചെയ്യുന്നതിനും വ്യക്തി എന്ന നിലയിൽ തങ്ങൾക്കുള്ള അവകാശാധികാരങ്ങൾ നിർണ്ണയിക്കുന്നതിനും പ്രാപ്തരായ പല സ്ത്രീകളെയും മാധവിക്കുട്ടി സൃഷ്ടിച്ചെടുത്തു. 1955-ൽ ആദ്യകഥാസമാഹാരമായ മതിലുകൾ പുറത്തുവന്നതുമുതൽ മലയാളസാഹിത്യത്തിൽ മാറ്റിനിർത്താനാവാത്ത ഒരിടം അങ്ങനെയാണു് അവർ നേടിയെടുത്തത് .
ഇംഗ്ലിഷിലും മലയാളത്തിലും എഴുതിയ മാധവിക്കുട്ടി ലോകം അറിഞ്ഞ എഴുത്തുകാരിയാണെന്ന് അതിശയോക്തി കൂടാതെ പറയാം. 215-ലേറെ കഥകൾ, നോവൽ എന്നും നോവല്ല എന്നും വിശേഷിപ്പിക്കപ്പെട്ട പന്ത്രണ്ടുകൃതികൾ, (രുഗ്മിണിക്കൊരു പാവക്കുട്ടി, അവസാനത്തെ അതിഥി, രോഹിണി, രാത്രിയുടെ പദവിന്യാസം, ആട്ടുകട്ടിൽ, മാധവിക്കുട്ടിയുടെ മൂന്നു നോവലുകൾ, മാനസി, മനോമി, ചന്ദനമരങ്ങൾ, കടൽമയൂരം, അമാവാസി (കെ.എൽ.മോഹനവർമ്മയുമൊത്ത്), കവാടം (സുലോചനയുമൊത്ത്), ഇംഗ്ലിഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ച എട്ടോളം കവിതാസമാഹാരങ്ങൾ, (എന്റെ കവിത, ഭയം എന്റെ നിശാവസ്ത്രം, കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകൾ, Summer in calcutta, The Descendants, The Old playhouse and other Poems, Collected Poems, The Best of kamaladas), ആത്മകഥ/സ്മരണ എന്നീ നിലകളിൽ എഴുതിയ രചനകൾ (എന്റെ ലോകം, ബാല്യകാലസ്മരണകൾ, വർഷങ്ങൾക്കുമുമ്പ്, ഡയറിക്കുറിപ്പുകൾ, നീർമാതളം പൂത്തകാലം, ഒറ്റയടിപ്പാത), എന്റെ കഥ എന്ന വേറിട്ട രചന, മലയാളത്തിലും ഇംഗ്ലിഷിലുമായി മുപ്പതോളം ലേഖനങ്ങൾ, ഉന്മാദം- അത് മറ്റൊരു രാജ്യം എന്ന അപ്രകാശിത റേഡിയോനാടകം എന്നിവയടങ്ങിയതാണു മാധവിക്കുട്ടിയുടെ രചനാലോകം. മാധവിക്കുട്ടിയെ പഠിക്കാനിറങ്ങുമ്പോഴാണ് എത്ര അവ്യവസ്ഥമായിട്ടാണ് അവരുടെ ജീവിതരേഖയും രചനകളും അടയാളപ്പെടുത്തിയിരിക്കുന്നതെന്നു മനസ്സിലാകുന്നത്. ചിത്രകലയുമായി മാധവിക്കുട്ടിക്കു ബന്ധമുണ്ടെന്നു പറയുമ്പോഴും അതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ലഭ്യമല്ല. എന്നാൽ, തെറ്റിദ്ധാരണ ഉണ്ടാക്കുംവിധമുള്ള പല കെട്ടുകഥകളും ഓൺലൈൻ മാധ്യമങ്ങൾവരെ രേഖപ്പെടുത്തിയിട്ടുമുണ്ട്.
1943 മുതൽ രചനകൾ പ്രസിദ്ധീകരിച്ച മാധവിക്കുട്ടിക്കു നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1963-ൽ പി.ഇ.എൻ.അവാർഡ്, 1967-ൽ കേരളസാഹിത്യഅക്കാദമി ചെറുകഥ അവാർഡ്(തണുപ്പ്), 1985-ൽ ആശാൻ വേൾഡ് പ്രൈസ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം (കളക്ടഡ് പോയംസ്), 1988 നല്ല കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് (രുഗ്മിണി), ഏഷ്യൻപോയട്രി പ്രൈസ്, കെന്റ് അവാർഡ്, വയലാർ അവാർഡ് (നീർമാതളം പൂത്തകാലം), എഴുത്തച്ഛൻപുരസ്കാരം, മുട്ടത്തുവർക്കിപുരസ്കാരം എന്നിവ കൂടാതെ 2001-ൽ കേരളസാഹിത്യഅക്കാദമി ഫെല്ലോഷിപ്പ് നൽകിയും ആദരിച്ചിട്ടുണ്ടു്. വേനലിന്റെ ഒഴിവ് എന്ന ടെലിഫിലിം, കെ.പി.കുമാരൻ സംവിധാനം ചെയ്ത രുഗ്മിണി, ലെനിൻ രാജേന്ദ്രൻ സംവിധാനംചെയ്ത മഴ എന്നീ സിനിമകൾ, ബിജു വട്ടപ്പാറയുടെ ഡോക്യുമെന്ററി- നീർമാതളം പൂത്തകാലം, രാമരാവണൻ (മനോമി) എന്നിങ്ങനെ മാധവിക്കുട്ടിയുടെ കഥകളെ ആധാരമാക്കിയുള്ള ദൃശ്യാവിഷ്കാരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമി എന്ന പേരിൽ മാധവിക്കുട്ടിയുടെ ജീവിതം ആവിഷ്കരിക്കുന്നതായിപ്പറയുന്ന സിനിമ മറ്റൊരു ഭാവനാസൃഷ്ടിയായിരുന്നെങ്കിലും അതിനെ അങ്ങനെ നോക്കിക്കാണാൻ മലയാളിക്കു കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമുണ്ടു്. എന്റെ കഥ എന്ന പേരിൽ പ്രസിദ്ധീകരിച്ചത് ആത്മാംശം ഉൾക്കൊള്ളുന്ന കൃതിയാണെന്നും രോഗാവസ്ഥയിൽ പണം കണ്ടെത്തുന്നതിനായി എഴുതിയതാണെന്നും മാധവിക്കുട്ടിയും കുടുംബാംഗങ്ങളും എത്ര പറഞ്ഞിട്ടും പലരും വിശ്വസിക്കാൻ തയ്യാറായിരുന്നില്ലല്ലോ.
എഴുത്തിനപ്പുറം വ്യക്തിജീവിതത്തിൽ ഓരോരുത്തരും എന്തു ചെയ്തു എന്നു നോക്കുന്നതിൽ എന്തു പ്രസക്തിയാണുള്ളതെന്നു് ചങ്ങമ്പുഴയെ ഉദാഹരിച്ചുകൊണ്ടു് മാധവിക്കുട്ടി ചോദിച്ചിരുന്നു. റ്റാലന്റ് ഉള്ള ആൾക്കാരെ മറ്റുളളവരെ അളക്കുന്ന അളവുകോൽ വെച്ചു് അളക്കരുതെന്നു പറയുന്നതിനോടൊപ്പം അവർ സ്വന്തം ജീവിത്തെ വ്യാഖ്യാനിക്കാൻ പാകത്തിൽ കുറേ കാര്യങ്ങൾ പറയുന്നുണ്ടു് – റ്റാലന്റ് തന്നെ അബ്നോർമാലിറ്റിയാണ്, ശരിയും തെറ്റും ആർക്കാണ് തീരുമാനിക്കാൻ കഴിയുക, സ്നേഹിക്കുന്നതെങ്ങനെ തെറ്റാകും, വെറുപ്പും വൈരവും മാന്യവികാരങ്ങളായിക്കൊണ്ടിരിക്കുന്നു, അതാണ് നമ്മുടെ സംസ്കാരത്തിന്റെ ചീത്തവശം – ഇങ്ങനെ എല്ലാവരെയും എല്ലാത്തിനെയും സ്നേഹിക്കാനുള്ള ശീലം വളർത്തണമെന്നാണ് അവർ എപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നത്. എല്ലാ മതങ്ങളും ഒന്നായിത്തീർന്നാൽ ഈ ലോകം ഒരു വൃന്ദാവനമായി മാറും എന്ന് ഒരു പഴയകാല അഭിമുഖത്തിൽ പറയുന്നുണ്ട്. ഇങ്ങനെ, ഒരിക്കലും സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളെക്കുറിച്ചു സ്വപ്നംകാണുന്നതു് യുക്തിയില്ലായ്മകൊണ്ടല്ല, മറിച്ചു തീവ്രതയോടെ അത് ആഗ്രഹിച്ചതുകൊണ്ടായിരുന്നു എന്നാണു മനസ്സിലാക്കേണ്ടത് . ഏതൊരു എഴുത്തും അപൂർണ്ണമാണെന്നും വായനക്കാർ സ്വന്തം ചിന്തകൾകൂടി അതിൽ കൂട്ടിച്ചേർക്കുമ്പോഴേ പൂർണ്ണമാകൂ എന്നും വ്യക്തമാക്കിയ മാധവിക്കുട്ടിക്ക് എഴുത്തിനെക്കുറിച്ചും വ്യക്തമായ നിലപാടുകളുണ്ടായിരുന്നു. എഴുതുമ്പോൾ ജീവിക്കുന്നില്ല, അതുകൊണ്ട് ഒരുപാട് എഴുതിയ ഞാൻ ഇനി ജീവിക്കട്ടെ എന്നും ഒരിക്കൽ അവർ പറഞ്ഞിരുന്നു.
കേരളീയസമൂഹത്തിന്റെ ബാഹ്യതലങ്ങളിൽ മാറ്റങ്ങൾ പലതും വന്നിട്ടുണ്ടെങ്കിലും വ്യക്തിമനസ്സുകളിലേറെയും ഇന്നും ചുമന്നുകൊണ്ടുനടക്കുന്നതു് പുരുഷാധിപത്യമൂല്യവ്യവസ്ഥകളാണു്. നിയമവ്യവസ്ഥകളുടെ പിൻബലത്തിലെങ്കിലും സ്ത്രീ സ്വതന്ത്രയാണെന്നു വിശ്വസിക്കുവാൻ സ്ത്രീക്കുതന്നെ കഴിയാതെ വരുന്നതു് സ്വാതന്ത്ര്യം എന്തോ അപകടംനിറഞ്ഞ കാര്യമാണെന്ന തെറ്റിദ്ധാരണകൊണ്ടാണു്. സ്ത്രീയുടെ ഏറ്റവും വലിയ പരിമിതിയായി മാറുന്നതു് അവളുടെ ശരീരമാണ് . വിശുദ്ധ-കുലട സങ്കല്പങ്ങളിലേക്കു് ഏതൊരുവളെയും എത്തിക്കുന്ന ഈ ശരീരത്തിന്റെ പരിശുദ്ധിസങ്കല്പത്തെ തകർക്കാനാണ് പലപ്പോഴും മാധവിക്കുട്ടി ശ്രമിച്ചിട്ടുള്ളത് . ഒരു ലൈഫ്ബോയ് സോപ്പുകൊണ്ടു നന്നായി കഴുകിയാൽ പോകുന്ന അശുദ്ധി മാത്രമായിട്ടേ ബലാത്സംഗത്തെ കാണാവൂ എന്നു മാധവിക്കുട്ടി പറഞ്ഞത് ആ ക്രൂരതയെ നിസ്സാരവത്കരിക്കാനല്ല. മറിച്ച്, അടിച്ചേൽപ്പിക്കപ്പെടുന്ന വേഴ്ചയിലൂടെ പാതിവ്രത്യം നഷ്ടപ്പെട്ടവരായി സ്ത്രീകളെ മാറ്റി നിർത്തുന്ന സമൂഹത്തോടുള്ള മാധവിക്കുട്ടിയുടെ പ്രതിഷേധമായിരുന്നു .
പെൺമനസ്സിന്റെ വേദനകളും സങ്കീർണ്ണതകളും കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിച്ച മാധവിക്കുട്ടി മലയാളിയുടെ സംവേദനശീലത്തിന് വലിയൊരു ആഘാതമാണു നൽകിയത് . പുതുമകൊണ്ടും സൌന്ദര്യംകൊണ്ടും പ്രമേയപരമായ കരുത്തുകൊണ്ടും മലയാളകഥയിലെ സ്ത്രീജീവിതത്തിന്റെ ഗ്രീഷ്മസാന്നിധ്യമാണു മാധവിക്കുട്ടിയുടെ കഥകൾ എന്നു പറയാം. പ്രണയത്തെയും ലൈംഗികതയെയുംകുറിച്ചു് പുരുഷൻ നൽകിയ ധാരണകൾക്കുപുറത്ത് സ്ത്രീയുടേതായ വീക്ഷണവും അഭിപ്രായവും അവർ സൃഷ്ടിച്ചെടുത്തു. രുഗ്മിണിക്കൊരു പാവക്കുട്ടി, അവസാനത്തെ അതിഥി, രോഹിണി, രാത്രിയുടെ പദവിന്യാസം, ആട്ടുകട്ടിൽ, പക്ഷിയുടെ മണം, കല്യാണി, ശർക്കരകൊണ്ടൊരു തുലാഭാരം, നഷ്ടപ്പെട്ട നീലാംബരി, ചുവന്നപാവാട, ചന്ദനമരങ്ങൾ, മനോമി, മാനസി തുടങ്ങിയ ശക്തമായ രചനകളിലൂടെ മലയാളിയുടെ ഭാവുകത്വത്തെ മാധവിക്കുട്ടി കുറച്ചൊന്നുമല്ല മാറ്റിമറിച്ചത് . ഓരോ രചനയും പുനർവായനയ്ക്കു വിധേയമാക്കേണ്ടതാണെങ്കിലും അങ്ങനെ സൂക്ഷ്മതലത്തിലേക്കു കടക്കാനോ വിലയിരുത്താനോ അല്ല ഇവിടെ ശ്രമിക്കുന്നത്. ഹിമാലയത്തെ താഴെനിന്നു നോക്കിക്കാണുന്ന ഒരു കുട്ടിയുടെ കാഴ്ച മാത്രമാണ് ഇതിലുള്ളത്.
ഓരോ വ്യക്തിയും സമൂഹത്തിലും ഔദ്യോഗികജീവിതത്തിലും കുടുംബജീവിതത്തിലും ദാമ്പത്യത്തിലും അനുഭവിക്കുന്ന വിരസതയും സ്നേഹരാഹിത്യവും മാധവിക്കുട്ടിയുടെ കഥകളുടെ ശക്തമായ ഭൂമികയാണ് . മനുഷ്യമനസ്സുകളെ പാപബോധമില്ലാതെ കൂട്ടിച്ചേർക്കുന്നതിനും സമൂഹത്തിന്റെ പരമ്പരാഗതമൂല്യസങ്കല്പങ്ങളെ തകർത്തുകൊണ്ടു സ്ത്രീപുരുഷബന്ധം തീവ്രമാകുന്നതിനും ഈ വിരസതയും സ്നേഹരാഹിത്യവും എങ്ങനെ കാരണമായിത്തീരുന്നു എന്നതിന്റെ അനുഭവാവിഷ്കാരമായി മാറുന്നു അവരുടെ പല കഥകളും. ഇത്തരത്തിൽ കഥയിലെ പെൺപക്ഷത്തിന്റെ നിലപാടുകളിൽ, ആഖ്യാനരീതിയിൽ, ഭാഷയിൽ ഒക്കെ ഒരു ഉടച്ചുവാർക്കൽ തുടങ്ങുന്നതു മാധവിക്കുട്ടിയിലാണെന്നു പറയാം. കേരളത്തിനുപുറത്തു പഠിക്കുകയും ഏറെക്കാലം അവിടത്തെ നഗരസംസ്കാരത്തിൽ ജീവിക്കുകയും ചെയ്തതുകൊണ്ടുതന്നെ മലയാളം അത്രത്തോളം വഴങ്ങിയിരുന്നില്ല എന്നു് അവരുടെ സംസാരരീതിയിൽനിന്നു മനസ്സിലാകുമായിരുന്നു. എന്നിട്ടും നല്ല മലയാളത്തിൽ ഇത്രയേറെ എഴുതാൻ കഴിഞ്ഞത് മാധവിക്കുട്ടി എന്ന പ്രതിഭാശാലിയുടെ കഠിനാദ്ധ്വാനംകൊണ്ടു മാത്രമാണ്. തന്റെ വളർത്തുനായ്ക്കൾ പ്രസവിച്ചശേഷം സ്വന്തം കുഞ്ഞുങ്ങളെ നക്കിവൃത്തിയാക്കുന്നതു നോക്കിനിൽക്കുമായിരുന്നു എന്നും അതുപോലെ താൻ കഥകളെഴുതുമ്പോൾ ഓരോ വാക്കും നക്കിത്തുടച്ചു തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഒരു അഭിമുഖത്തിൽ അവർ പറഞ്ഞിട്ടുണ്ട് . അങ്ങനെ ഏറെ അദ്ധ്വാനിച്ചതിന്റെ ഫലമായാണ് മൂർച്ചയുള്ളതും എന്നാൽ ലളിതവും തെളിമയുള്ളതുമായ ഒരു ഭാഷ അവർക്കു രൂപപ്പെടുത്താൻ കഴിഞ്ഞത് . സംസാരഭാഷയിലും കരുതലോടെ ഓരോ വാക്കും തിരഞ്ഞെടുത്തുപയോഗിക്കാനും മാധവിക്കുട്ടി ശ്രദ്ധിച്ചിരുന്നു. അങ്ങനെയുള്ള ശൈലിയും തൃശൂർഭാഷയുടെ ഈണവും ചേർന്നപ്പോൾ കുട്ടികളുടേതുപോലെയുള്ള വർത്തമാനങ്ങളായി അവരുടെ അഭിമുഖങ്ങൾ മാറി.
എക്കാലത്തും വിമർശകരുടെ അമ്പുകൾ ക്രൂരമായി മുറിവേൽപ്പിക്കാൻ ശ്രമിച്ചിട്ടും അതിലൊന്നും തളരാതെ തന്റെ ആശയങ്ങൾ കൂടുതൽ കരുത്തോടെ അവതരിപ്പിക്കാനാണു മാധവിക്കുട്ടി ശ്രമിച്ചത് . സമൂഹവിമർശനം നടത്തുമ്പോൾ സരസ്വതിയമ്മയുടെ മുദ്രാവാക്യസ്വഭാവമല്ല മാധവിക്കുട്ടി സ്വീകരിച്ചിരുന്നത് . അതിനുപകരം സ്ത്രീജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവതലങ്ങൾ വ്യത്യസ്തമായി അവതരിപ്പിച്ചുകൊണ്ടാണു കഥാലോകത്തു മാധവിക്കുട്ടി മാറ്റം സൃഷ്ടിച്ചത് . പുരുഷഎഴുത്തുകാർ ഭാവനയിലൂടെ സൃഷ്ടിക്കാൻ ശ്രമിച്ച സ്ത്രീമനസ്സും സ്ത്രൈണലൈംഗികതയും സ്വന്തംകഥകളിലൂടെ പൊളിച്ചെഴുതാനും മാധവിക്കുട്ടിക്കു കഴിഞ്ഞു. പുരുഷന്മാർ കണ്ടതല്ല യഥാർത്ഥ സ്ത്രീ എന്നവർ വ്യക്തമാക്കി. സ്ത്രീയുടെ അനുഭവത്തിന്റെ എല്ലാ സാദ്ധ്യതകളെയും മാതൃത്വത്തിലേക്കു ചുരുക്കുന്ന സമൂഹത്തിനു മുന്നിൽ അതു മാത്രമല്ല സ്ത്രീ എന്നു കാണിച്ചുകൊടുക്കാൻ ശ്രമിക്കുന്ന പല കഥകളിൽ ഒന്നാണ് അമ്മ. പുരുഷാധിപത്യലോകത്തു സ്ത്രീയുടെ മനസ്സ് അനുഭവിക്കുന്ന അരക്ഷിതത്വമാണ് പക്ഷിയുടെ മണം വെളിപ്പെടുത്തുന്നതു്. ദാമ്പത്യത്തെ ശരീരബദ്ധമായി കാണുന്ന സമൂഹത്തിൽ പുരുഷനിൽനിന്നു കിട്ടാത്തതു സ്ത്രീ സ്ത്രീയിൽത്തന്നെ അന്വേഷിക്കുന്നതിന്റെ പരിണാമമായി ചില ലെസ്ബിയൻ ബന്ധങ്ങളെ കണ്ടാൽ അതിന്റെ മനോഹരമായ കഥാഖ്യാനമാണ് ചന്ദനമരങ്ങൾ എന്നു പറയാം. ഇത്തരം കഥകൾ ശരിയായി വിലയിരുത്താതെ പുരുഷാധിപത്യത്തെ അന്ധമായി എതിർക്കുന്ന, പ്രണയത്തിനായി ദാഹിച്ചുനടക്കുന്ന ഒരു എഴുത്തുകാരി എന്നു മുദ്രകുത്താനും വിമർശകർ ശ്രമിച്ചിരുന്നു. അതിനപ്പുറത്ത് ആ രചനകളിലൂടെ അവർ സൃഷ്ടിച്ച വൈവിധ്യമുള്ള സ്ത്രീജീവിതങ്ങളെ, അതിലൂടെ വെളിപ്പെടുത്താൻ ശ്രമിച്ച വ്യത്യസ്തനിലപാടുകളെ, സ്ത്രീമനസ്സിന്റെ ആഴങ്ങളിൽ അടിഞ്ഞുകിടക്കുന്ന കാലുഷ്യങ്ങളെയൊക്കെ മുൻവിധികളില്ലാതെ വിലയിരുത്താനാണ് ഇനിയെങ്കിലും ശ്രമിക്കേണ്ടത് . മാധവിക്കുട്ടി സെക്സ് അവതരിപ്പിക്കുന്നു എന്നാക്ഷേപിച്ചവർ തിരിച്ചറിയാതെ പോയത് അത്തരം കഥകളിലൂടെ അവർ വെളിപ്പെടുത്താൻ ശ്രമിച്ച സ്ത്രീമനസ്സിന്റെ വിഹ്വലതകളെയാണ് . സ്ത്രീകളുടെ ശാരീരികവ്യവഹാരങ്ങളിലല്ല, മാനസികവ്യവഹാരങ്ങളിലാണ് മാധവിക്കുട്ടി അഭിരമിച്ചതെന്നും അവർ മനസ്സിലാക്കിയില്ല. സ്ത്രീക്ക് , ഒരു ശരീരം മാത്രമല്ല മനസ്സും സ്വന്തമായുണ്ടെന്നു തന്റെ രചനകളിലൂടെയും ജീവിതത്തിലൂടെയും പ്രഖ്യാപിക്കുകയായിരുന്നു അവർ. ശരീരത്തെ അറിഞ്ഞുകൊണ്ടു നശിപ്പിക്കുന്നതിലൂടെ പവിത്രം എന്ന പരമ്പരാഗതധാരണയെയും കന്യകാത്വം എന്ന സങ്കല്പത്തെയുമാണ് അവർ തകർക്കാൻ ശ്രമിച്ചത് .
മാധവിക്കുട്ടി, ബാല്യകാലാനുഭവങ്ങൾ പറഞ്ഞപ്പോൾ കിട്ടിയ സ്വീകരണമല്ല മുതിർന്ന മനുഷ്യരുടെ ജീവിതം ആവിഷ്കരിച്ചപ്പോൾ കിട്ടിയത് . ചുറ്റും കണ്ട മനുഷ്യരെ, അവരുടെ വൈവിധ്യമുള്ള ജീവിതത്തെ, മനോനിലകളെ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അതു മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ നേർപകർപ്പായി വ്യാഖ്യാനിക്കാനായിരുന്നു പലർക്കും താത്പര്യം. അതിന്റെ പേരിൽ ധാരാളം അധിക്ഷേപങ്ങൾ അവർ നേരിട്ടിട്ടുണ്ട് . തന്റെ രചനകളിൽ ചില സന്ദർഭങ്ങളിൽ ആവിഷ്കരിക്കപ്പെട്ട ലൈംഗികത സ്വന്തം ജീവിതമായി ദുർവ്യാഖ്യാനംചെയ്തു തരംതാഴ്ത്താൻ ചിലർ ശ്രമിക്കുന്നതിനെക്കുറിച്ച് മാധവിക്കുട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരുപാട് കഥകൾ എഴുതുമ്പോൾ അതിൽ ചിലതിൽ സെക്സ് ഉണ്ടായാൽ ഉടനേ നിങ്ങളുടെ കഥകളിൽ ലൈംഗികാതിപ്രസരമുണ്ടെന്നു പറയും. ജീവിതത്തിലെ എല്ലാം എഴുതുന്ന ഒരാളാണ് , ക്യാൻവാസ് വളരെ വിശാലമാണ് , ഇതു മാത്രമല്ല എഴുതിയിട്ടുള്ളത് , എന്നിട്ടും എപ്പോഴും ഇങ്ങനെ പറയുന്നതു വിഷമം ഉണ്ടാക്കിയിട്ടുണ്ട് . ഇതുകൊണ്ടാണ് അവസരം കിട്ടുമ്പോഴൊക്കെ വിദേശത്തേക്ക് ഓടി രക്ഷപെടുന്നതെന്നും മാധവിക്കുട്ടി വിശദീകരിച്ചിട്ടുണ്ട് . പല വിദേശരാജ്യങ്ങളിലെയും സർവകലാശാലകളിൽ പ്രഭാഷണം നടത്തിയ അവർക്ക് അവിടങ്ങളിൽ ലഭിച്ച അംഗീകാരമോ മനസ്സിലാക്കലോ ഇവിടെ ഉണ്ടാകാഞ്ഞതു കുറച്ചൊക്കെ ഒരു സ്ത്രീയായതുകൊണ്ടുകൂടിയാണെന്നും അതുകൊണ്ടാണു് തന്നെ തരംതാഴ്ത്താൻ ശ്രമിച്ചതെന്നും സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ എഴുതാൻ സാധിക്കില്ല എന്ന തോന്നലുകൊണ്ടാണിതൊക്കെ സംഭവിക്കുന്നതെന്നും അവർ പറഞ്ഞിട്ടുണ്ട് . അതിലും കുറേ വാസ്തവമുണ്ട് . കാരണം, പുരുഷന്മാർ ലൈംഗികത ആവിഷ്കരിച്ചാൽ അത് ഭാവനയും സ്ത്രീകൾ ആവിഷ്കരിച്ചാൽ അതു് അവരുടെ അനുഭവവുമാണെന്നു കരുതുന്ന വലിയ വിഡ്ഢിത്തം പണ്ടേ നമ്മുടെ സമൂഹം പുലർത്തിപ്പോരുന്നതാണ് . സ്ത്രീകൾക്കു പ്രതിഭ കുറവാണെന്നും ഭാവനാവൈദഗ്ദ്ധ്യം ഇല്ലെന്നും ധരിച്ചുവശായ ഒരുവിഭാഗത്തിന്റെ ഇത്തരം വിമർശനങ്ങൾ എക്കാലത്തും സ്ത്രീയെഴുത്തുകാർക്കു ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട് . അവനവന്റെ പ്രതിച്ഛായ നന്നാക്കാൻ ശ്രമിച്ചിട്ട് മലയാളസാഹിത്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കരുതെന്നു പറഞ്ഞ മാധവിക്കുട്ടിക്കു് അഭിനയം വശമില്ലാത്തതുകൊണ്ടുതന്നെ തോന്നുന്നതൊക്കെ പറയുകയും എഴുതുകയും ചെയ്യുന്നതായിരുന്നു ശീലം. ചുറ്റും കണ്ട ജീവിതങ്ങളെ അടുത്തറിയാൻ ശ്രമിക്കുകയും അതിലെ പലവ്യക്തികളിലേക്കും സ്വയം ഇറങ്ങിച്ചെന്ന് അവരായി നിന്നുകൊണ്ടു തന്റെ കഥകളിലും നോവലുകളിലും ആവിഷ്കരിക്കാൻ ശ്രമിക്കുകയും ചെയ്തതുകൊണ്ടാണ് അതിലെല്ലാം മാധവിക്കുട്ടിയുടെ ആത്മകഥാംശം ഉണ്ടായതെന്നു മനസ്സിലാക്കാതെയാണു പല ആരോപണങ്ങളും ഉണ്ടായത്. സ്വന്തം കഥാപാത്രങ്ങളിൽ എഴുത്തുകാരുടെ നിലപാടുകളും ദർശനങ്ങളും പകർന്നുകിട്ടുക സ്വാഭാവികമാണ് . കഥാപാത്രങ്ങളിലൂടെ തനിക്കു പറയാനുള്ള കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നതു മാധവിക്കുട്ടിയുടെ ശീലമാണ് . എന്നാൽ, പ്രണയം, ലൈംഗികത എന്നൊക്കെ കണ്ടാലുടനേ അതുമാത്രമാണവരുടെ കഥകളുടെ പൊതുസ്വഭാവം എന്നും അതൊക്കെ അവരുടെ ജീവിതമാണെന്നും പറയുന്നിടത്താണ് അമർഷം തോന്നുന്നത് .
ആർഷമെന്നു വ്യവഹരിക്കപ്പെട്ട മൂല്യവ്യവസ്ഥയെ തകർക്കുകയും സ്ത്രീജീവിതത്തെ പരിമിതപ്പെടുത്തുകയും രണ്ടാംതരമാക്കുകയുംചെയ്ത സാമൂഹിക-സാംസ്കാരികഘടകങ്ങളെ ശിഥിലമാക്കുകയുമാണ് യഥാർത്ഥത്തിൽ മാധവിക്കുട്ടി സ്വന്തം രചനകളിലൂടെ നിർവ്വഹിച്ചത്. സ്ത്രീയുടെ സാമൂഹികവും മാനസികവുമായ ജീവിതത്തിന്റെ സങ്കീർണ്ണതകളും വൈവിധ്യ-വൈരുദ്ധ്യങ്ങളും നിറഞ്ഞ ലോകത്തെ അനാവരണം ചെയ്യാനും അവർ ശ്രമിച്ചു. ചരിത്രത്തിന്റെ അനിവാര്യമായ ഒരു ധർമ്മം നിറവേറ്റപ്പെടുകയായിരുന്നു ഇതിലൂടെ എന്നുപറയാം. മാധവിക്കുട്ടിക്കു മുമ്പുള്ള സാഹിത്യലോകം പരിശോധിച്ചാൽ സ്ത്രീജീവിതത്തിനു വൈവിധ്യമില്ലെന്നു കാണാം. പുരുഷനിർമ്മിതമൂല്യവ്യവസ്ഥയുടെ സുരക്ഷിതരായ അഭിനേത്രികൾ മാത്രമായിരുന്നു അവർ. എന്നാൽ, മാനസികലോകത്തിൽ എന്തെന്ത് അത്ഭുതശക്തികൾ വഹിക്കുന്നവരാണു സ്ത്രീകളെന്നു ചിത്രീകരിച്ചതുവഴി, പുരുഷന്റെ വ്യാവഹാരികവും മാനസികവുമായ ലോകത്തിനൊപ്പംതന്നെ സ്ത്രീയുടെ ലോകത്തെ സ്ഥാനപ്പെടുത്താൻ മാധവിക്കുട്ടിക്കു കഴിഞ്ഞു.മറ്റൊരു തരത്തിൽ പറഞ്ഞാൽ, സ്ത്രീയെ എല്ലാ സാധ്യതകളോടെയും അതിന്റെ യഥാർത്ഥസത്തയിൽ അടയാളപ്പെടുത്താനാണ് മാധവിക്കുട്ടി ശ്രമിച്ചത് . സ്ത്രീ, മറ്റു സ്ത്രീകളുമായി, പുരുഷന്മാരുമായി, സമൂഹവുമായി, ലോകവുമായി, ആശയങ്ങളുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നതിന്റെ വൈവിധ്യമുള്ള ചിത്രങ്ങൾ ഈ രചനകൾ നൽകുന്നു.
മാധവിക്കുട്ടി എഴുത്തിലൂടെ മാത്രമല്ല, ജീവിതത്തിൽ പുലർത്തിയ മാനവികമായ ദർശനങ്ങളിലൂടെയും ശക്തമായ നിലപാടുകളിലുറച്ച ഇടപെടലുകളിലൂടെയും ശ്രദ്ധേയയായി ജീവിച്ച വ്യക്തികൂടിയാണ് . എഴുത്തിലെ വൈകാരികതയുടെ നിലകൊണ്ടു മാത്രമല്ല ധിഷണാശക്തിയുള്ള ഒരു സ്ത്രീയായിക്കൂടി മാധവിക്കുട്ടി വിലയിരുത്തപ്പെടേണ്ടതുണ്ട് . എഴുത്തിൽനിന്നുമാത്രം അവരെ കണ്ടെടുക്കാൻ ശ്രമിച്ചാൽ അതു പരിമിതമായിരിക്കും. എഴുത്ത് അവരുടെ വ്യക്തിത്വത്തിന്റെ പല മുഖങ്ങളിലൊന്നു മാത്രമാണ് . ആ എഴുത്ത് പല മാനങ്ങളുള്ളതുമാണ് . അതുകൊണ്ട് മാധവിക്കുട്ടിയുടെ വ്യക്തിത്വത്തെയും രചനകളെയും സാധാരണമായ അളവുകോലുകൊണ്ട് അളക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യമാണു തിരിച്ചറിയേണ്ടത്.

(31.05.2023 -ൽ വനിതാസാഹിതിക്കുവേണ്ടി ഓൺലൈനായി നടത്തിയ പ്രഭാഷണം)