‘വാക്കുപാലിക്കുന്നത് ജനാധിപത്യ മര്യാദയാണ്’ എന്ന് നരിവേട്ടയിൽ എഴുതിക്കാണിക്കുന്നുണ്ട്. മുത്തങ്ങയിൽ യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിലുള്ള മനുഷ്യവേട്ടയ്ക്ക് 22 വർഷം പിന്നിടുമ്പോഴാണ് സംഭവത്തിന്റെ ചലച്ചിത്ര ഭാഷ്യമെത്തുന്നത്. ഈ കാലത്തിന്റെ പ്രത്യേകത ഭൂമിയ്‌ക്കു വേണ്ടിയുള്ള അവരുടെ സമരം പൂർണമായും വിജയംകണ്ടത് ഇപ്പോഴാണ് എന്നതാണ്. മുത്തങ്ങയിലെ ജനങ്ങളെ കോണ്‍ഗ്രസ് ഭരണകൂടം ആട്ടിയോടിച്ചപ്പോള്‍ അവരെ ചേര്‍ത്തുപിടിച്ചത് ഇടതുപക്ഷമാണ്. അന്ന് സമരത്തില്‍ പങ്കെടുത്ത 283 കുടുംബങ്ങള്‍ക്കും ഇടതുപക്ഷ സര്‍ക്കാര്‍ ഭൂമി നല്‍കി. ബാക്കിയുണ്ടായിരുന്ന 37 കുടുംബങ്ങള്‍ക്കും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരാണ് ഭൂമിയുടെ അവകാശം കൈമാറിയത്. ഒരേക്കര്‍ ഭൂമി വീതമാണ് 2023 മാര്‍ച്ച് മാസത്തില്‍ നല്‍കിയത്. ഇതോടെ മുത്തങ്ങ സമരക്കാരായ 283 കുടുംബങ്ങള്‍ക്കും ഭൂമി ലഭിച്ചു. വെടിവെയ്‌പില്‍ കൊല്ലപ്പെട്ട ആദിവാസിയായ ജോഗിയുടെ മകള്‍ സീതക്ക് 2006ല്‍ വിഎസ് അച്ചുതാനന്ദൻ സര്‍ക്കാര്‍ റവന്യൂ വകുപ്പില്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നല്‍കിയിരുന്നു.
2003 ഫെബ്രുവരി 19, കേരള ചരിത്രത്തില്‍ തന്നെ നിര്‍ണായകമായ ദിനമായിരുന്നു. പിറന്ന മണ്ണില്‍ ജീവിക്കാനായി ഭൂമി ചോദിച്ച ആദിവാസികളെ നേരിടാൻ വലിയ സന്നാഹത്തോടെ പടക്കോപ്പുകളുമായി പൊലീസ് സേന പാഞ്ഞടുത്തു. കീഴടങ്ങണമെന്ന പൊലീസ് നിര്‍ദ്ദേശത്തിന് മറുപടിയായി മുദ്രാവാക്യം മുഴക്കി അവർ ചെറുത്തു. ആദിവാസികള്‍ക്കുനേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു. അവര്‍ കെട്ടിയ കുടിലുകള്‍ കത്തിച്ചു. ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു. എ കെ ആന്റണി മുഖ്യമന്ത്രിയും കെ സുധാകരൻ വനം മന്ത്രിയുമായിരുന്ന കാലത്താണ് ഭൂമിയ്‌ക്കായി സമരം നടത്തുന്ന ആദിവാസികൾക്കെതിരെ മുത്തങ്ങക്കാടുകളിൽ തോക്കുകൾ ചോര തുപ്പിയത്. സർക്കാരിനുവേണ്ടി പൊലീസ് നടത്തിയ വേട്ട. ആ നരികളുടെ നരവേട്ടയാണ് അനുരാജ് മനോഹർ ഒരുക്കിയ ചിത്രം. 18 റൗണ്ട് വെടി വെച്ചിട്ടും “ഒരാൾ മാത്രമാണ്’ മരിച്ചത് എന്നുപറഞ്ഞ വനംമന്ത്രിയായിരുന്ന കെ സുധാകരന്റെ വാർത്താ സമ്മേളനമടക്കം വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവരാൻ കൂടി ചിത്രം അവസരമൊരുക്കുകയാണ്.
കേരളത്തിന്റെ രാഷ്‌ട്രീയ–- സാമൂഹിക ഭൂമികയിൽ സുപ്രധാന ഏടാണ് മുത്തങ്ങ ഭൂസമരം. ആ ധീരമായ പ്രക്ഷോഭത്തോട് നീതി പുലർത്തിയ ചലച്ചിത്ര ഭാഷ്യം എന്നതുതന്നെയാണ് നരിവേട്ടയെ മികച്ച സിനിമയാക്കുന്നത്. വിഷയത്തിന്റെ ഉൾക്കനത്തെ അതിന്റെ അകകാമ്പിനെ ഒട്ടുമേ ചോരാതെ, ആ പ്രക്ഷോഭത്തെ തിരശീലയിൽ അടയാളപ്പെടുത്തുന്ന രാഷ്‌ട്രീയ പ്രവർത്തനം കൂടിയാണ് നരിവേട്ടയിലൂടെ നടത്തിയത്.
ഇന്നുകളുടെ കാലത്തിൽ മറന്നുപോകാൻ പാടില്ലാത്ത ഇന്നലെകളുടെ ഓർമപ്പെടുത്തൽ. കേൾക്കുമ്പോൾ പോലും രക്തം മരവിച്ചുപോകുന്ന ക്രൂരതയുടെ ദൃശ്യഭാഷ ഒരുക്കുക, അതും തിയറ്റർ ഡിസൈനിൽ കച്ചവട സിനിമയുടെ രസതന്ത്രം ഉൾച്ചേർത്ത്, സിനിമയുടെ ഉൾക്കനം ചോരാതെയുള്ള ദൃശ്യഭാഷ. നരിവേട്ട കാണണ്ടേ, പിന്തുണയ്‌ക്കേണ്ട ചലച്ചിത്ര ഇടപെടലാണ്.
രാഷ്‌ട്രീയ സിനിമയാകാൻ പാർടിയും കൊടി അടയാളങ്ങളും വേണമെന്ന മലയാള സിനിമയുടെ പൊതുധാരണയ്‌ക്ക് മുകളിലേക്കാണ് നരിവേട്ട എത്തിയത്. ഇത്തരം ചിഹ്നങ്ങളില്ലാതെ എന്നാൽ കാലവും ചരിത്രവും കൃത്യമായ അടയാളപ്പെടുത്തി, സിനിമയുടെ വാണിജ്യ രീതികളെയും പിൻപറ്റിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. തമിഴ് സിനിമയിൽ സംഭവിക്കുന്ന വെട്രിമാരാൻ, പാ രഞ്ജിത്, മാരി സെൽവരാജ് സിനിമ ശൈലിയോട് ചേർത്തുവെക്കാനാകുന്ന ഒന്ന്. മുത്തങ്ങ സംഭവമാണെന്ന് പറയാതെ, എന്നാൽ കാണുന്ന ആളുകൾക്ക് അവരുടെ ചിന്തകളെ, ആലോചനകളെ എല്ലാം അതിലേക്ക് എത്തിക്കാൻ കഴിയുന്ന മിടുക്ക് സിനിമയ്‌ക്കുണ്ട്. വയനാടൻ ചുരം കയറി വരുന്ന പൊലീസുകാരന്റെ പേര് വർഗീസ് പീറ്റർ എന്നാണ്. ഇതടക്കമുള്ള പല രാഷ്‌ട്രീയ ബോധ്യങ്ങളുടേതു കൂടിയാണ് നരിവേട്ട.
ടോവിനോ അവതരിപ്പിക്കുന്ന വർഗീസ് പീറ്റർ എന്ന കുട്ടനാട്ടുകാരനായ പൊലീസ് ഓഫീസർ, മുത്തങ്ങയിൽ ജോലിക്ക് എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫ്ലാഷ് ബാക്ക് രംഗങ്ങളിലൂടെയാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്. കല്യാശേരി തീസിസ് എഴുതിയ അബിൻ വർക്കിയുടെ ആദ്യ തിരക്കഥയാണ്. വളരെക്കുറച്ച് വിവരങ്ങൾ (സത്യങ്ങൾ) മാത്രം ലഭ്യമായ സംഭവത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കുന്നതിൽ നേരിടുന്ന വെല്ലുവിളികൾ ചില ഘട്ടത്തിൽ തിരിച്ചടിയായിട്ടുണ്ട്. ടോവിനോയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതിനായി കൊണ്ടുവന്ന അധിക രംഗങ്ങളടക്കം എഴുത്തിന്റെ പോരായ്‌മയിൽ നിഴലിക്കുന്നുണ്ട്. എന്നാൽ ടോവിനോയുടെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ മികച്ച പ്രകടനം കൊണ്ട് ഇതിനെ മറികടക്കുന്നുണ്ട്. നിസ്സഹായതയും ദേഷ്യവും അമർഷവുമെല്ലാം വർഗീസ് പീറ്ററിൽ ടോവിനോ കൃത്യമായി സന്നിവേശിപ്പിക്കുന്നുണ്ട്. ചേരൻ അവതരിപ്പിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ, ആര്യ സലീമിന്റെ ശാന്തി എന്ന ആദിവാസി നേതാവ്, സുരാജ് വെഞ്ഞാറമ്മൂടിന്റെ ബഷീർ, താമി എന്ന ആദിവാസി യുവാവിനെ അവതരിപ്പിച്ച പ്രണവിന്റെ പ്രകടനവും കയ്യടിപ്പിക്കുന്നതാണ്. പ്രിയംവദ കൃഷ്ണൻ, കാതൽ സുധി, നന്ദു, കൃഷ്ണൻ എന്നിവരും കഥാപാത്രങ്ങളെ മികച്ചതാക്കി.
സംഗീതം ഒരുക്കിയ ജേക്ക്‌സ് ബിജോയ് ആണ് സിനിമയുടെ ഉയിരും ഉശിരുമാകുന്നത്. സിനിമയെ പ്രേക്ഷകനിലേക്ക് അതിന്റെ തീവ്രത ചോരാതെ എത്തിച്ചത് ജേക്ക്‌സാണ്. ഇഷ്‌കിൽ നിന്ന് നരിവേട്ടയിൽ എത്തുമ്പോൾ വലുപ്പത്തിലും സിനിമാ ഡിസൈനിലുമെല്ലാം അനുരാജ് വളരുന്നുണ്ട്. ഇത്രയും വലിയ ക്യാൻവാസിൽ സിനിമ ഒരുക്കുക എന്ന വെല്ലുവിളിയെ തന്റെ ക്രാഫ്‌റ്റ്‌സ്‌മാൻഷിപ്പിനാൽ മറികടക്കുന്നുണ്ട്. ഒരേസമയം സിനിമയുടെ വാണിജ്യമൂല്യവും അതേസമയം സിനിമയുടെ ക്രാഫ്‌റ്റും രാഷ്‌ട്രീയ സത്യസന്ധതയും പുലർത്തുക എന്ന ദൗത്യം കൃത്യമായി നിർവഹിക്കപ്പെടുന്നുമുണ്ട്.
മുത്തങ്ങ സമരം പോലെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ ചരിത്രം ഒരു മുഖ്യധാരാ സിനിമയ്‌ക്ക് പ്രമേയമാക്കാൻ കാട്ടിയ ധൈര്യവും രാഷ്ട്രീയ ബോധ്യവും വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. മണ്ണിന്റെ മക്കൾ കിടപ്പാടത്തിനായി പോരാടിയപ്പോൾ സർക്കാർ ചിതറിച്ച ചോരയുടെ പാടുകളും ഇന്നും മുഴുങ്ങുന്ന നിസ്സഹായത നിറഞ്ഞ നിലവിളികൾ ചരിത്രത്തിലേക്ക് അടയാളപ്പെടുത്തുകയാണ് നരിവേട്ടയിലൂടെ അനുരാജ് മനോഹർ . ‘2018: എവരിവൺ ഈസ് എ ഹീറോയും’, വൈറസും സംഭവങ്ങളെ അടയാളപ്പെടുത്തുന്നതിൽ സംഭവിച്ച വീഴ്‌ച വലിയ വിമർശനങ്ങൾക്കു കൂടിയാണ് വഴിതുറന്നത്. എന്നാൽ ഒരു ചരിത്ര രേഖയെന്നോണം മുത്തങ്ങയെ സ്‌ക്രീനിലെത്തിക്കാൻ നരിവേട്ടയ്‌ക്ക് കഴിഞ്ഞുവെന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ മികവ്. l