തിയേറ്ററിലിരിക്കുന്ന സമയമത്രയും ചിരിക്കാൻ കഴിയുന്ന പടമാണ് നവാഗതനായ മനു സ്വരാജ് ഒരുക്കിയ പടക്കളം. ഫാന്റസി കോമഡി ജോണറാണ് പടത്തിന്റേത്. ഒരു മിത്തിനെ പിൻപ്പറ്റി അതിൽനിന്ന് ഫാന്റസിയുടെ ലോകം സൃഷ്ടിച്ചാണ് സിനിമയുടെ വളർച്ച. ലോജിക്കെല്ലാം രണ്ട് മണിക്കൂർ പുറത്ത് വെച്ചശേഷം ആസ്വദിക്കേണ്ട തരത്തിലുള്ള ചിത്രമാണ്. ലോജിക്കിനെക്കുറിച്ച് ചിന്തിച്ചാൽ സിനിമയുടെ രസച്ചരട് മുറിഞ്ഞ് പോകും. എന്നാൽ രസകരമായ ഒന്നിൽ നിന്ന് അടുത്തതിലേക്കുള്ള യാത്രയിൽ പ്രേക്ഷകരെ മറ്റു ചിന്തകളിലേക്ക് വിടാതെയുള്ള ഡിസൈനാണ് സിനിമയുടേത്.
ഇന്ദ്രജിത്ത് ശബ്ദസാന്നിധ്യമായി തുടങ്ങുന്ന ചിത്രത്തിൽ കോളേജ് അധ്യാപകരായ സുരാജ് വെഞ്ഞാറമൂട് (ഷാജി), ഷറഫുദ്ദീൻ (രഞ്ജിത്), വിദ്യാർഥിയായ സന്ദീപ് പ്രദീപ് (ജിതിൻ) എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അരുൺ അജികുമാർ, സാഫ്, അരുൺ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അധ്യാപകരായ ഷാജിയും രഞ്ജിതും തമ്മിലുള്ള ഈഗോയും വകുപ്പ് മേധാവിയാകാനുള്ള പോരും ഒരുവശത്ത്. മറുവശത്ത് കോളേജ് വിദ്യാർഥികളുടെ ജീവിതം. അതിനിടയിലാണ് പകിടകളിയുടെ മാതൃകയിൽ സിനിമയുടെ ഫാന്റസി തലം തുറക്കുന്നത്. അതിനിടയിൽ പരകായ പ്രവേശവും സംഭവിക്കുന്നു. ഇതിൽ നിന്ന് പുറത്ത് കടക്കാനുള്ള പരിശ്രമമാണ് ചിത്രം. ഇതിനിടയിൽ നടക്കുന്ന സംഭവ വികാസങ്ങളെ അടിമുടി തമാശനിറച്ചുള്ള അവതരണമാണ് പടക്കളം.
കോർത്തെടുത്ത രംഗങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ അഭിനേതാക്കളുടെ പ്രകടനം സിനിമയുടെ രസച്ചരട് മുറുക്കുന്നുണ്ട്. ഒന്ന് ഇരുത്തി ആലോചിച്ചാൽ പ്രശ്‌നവൽക്കരിക്കാൻ കഴിയുന്ന ഒരുപാട് രംഗങ്ങളും പാളിച്ചകളും സിനിമയിലുണ്ട്. എന്നാൽ സംവിധായകന്റെ മികവും അഭിനേതാക്കളുടെ പ്രകടനവും ചേർത്ത് ഈ പ്രശ്‌നത്തെ അദൃശ്യവൽകരിക്കുന്നുണ്ട്. അത് തന്നെയാണ് പടക്കളത്തിന്റെ വിജയവും.
സിനിമ അതിന്റെ ട്രാക്കിലേക്ക് കയറാൻ സമയമെടുക്കുന്നുണ്ട്. ആദ്യം വിജയനഗര സാമ്രാജ്യകാലത്ത് ഉണ്ടായ പകിടകളി തിരുവിതാകൂർ രാജാവ് കാർത്തിക തിരുനാളിന്റെ അടുത്ത് എത്തുന്ന ഐതിഹ്യകഥയിലൂടെയാണ് തുടക്കം. അതിൽ നിന്ന് പുതിയ കാലത്തിലേക്കും ക്യാമ്പസ് സിനിമയുടെ രീതിയിലേക്കും തിരിയുകയാണ്. തുടർന്ന് തമാശയുടെ കെട്ട് അഴിക്കുന്ന ചിത്രം ഫാന്റസി ജോണറിലേക്ക് കയറുന്നതിലൂടെ സിനിമ അതിന്റെ അടുത്ത ആസ്വാദന തലം കൈവരിക്കുന്നത്. എന്നാൽ മുന്നോട്ട് പോകുന്തോറും തമാശ നിറച്ച നിമിഷങ്ങൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും. ആളുകളെ പിടിച്ചിരുത്താൻ രാജേഷ് മുരുകേശന്റെ പശ്ചാത്തല സംഗീതവും സഹായകരമാകുന്നുണ്ട്. പ്രധാന കഥയിൽ നിന്ന് സബ് പ്ലോട്ടായി വരുന്ന വിഷയങ്ങളും സിനിമയെ മികച്ചതാക്കുന്നുണ്ട്.
ഷറഫുദീന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് പടക്കളത്തിലേത്. കുറേക്കാലത്തിനുശേഷം സുരാജിന്റെ മുഴുനീള വേഷവും ചിത്രം സാധ്യമാക്കി. മികച്ച നടൻ എന്ന നിലയിലേക്ക് സന്ദീപ് വളരുമെന്നതിന്റെ സൂചന കൂടി നൽകുന്ന പ്രകടനമാണ് പടക്കളത്തിലേത്ത്. കോളേജ് വിദ്യാർഥിയുടെ നിരാശയും നിശബ്ദതയിൽ നിന്നുള്ള പരകായ പ്രവേശാനന്തര മാറ്റം അത്രമേൽ മികച്ചതാക്കിയിട്ടുണ്ട്. നോക്കിലും വാക്കിലും ശരീര ഭാഷ്യത്തിലുമെല്ലാം സന്ദീപ് വേറൊരു തലം സൃഷ്ടിക്കുന്നുണ്ട്. ഫാലിമിയും ആലപ്പുഴ ജിംഖാനയും കടന്ന് പടക്കളത്തിലെ സന്ദീപാക്കുമ്പോൾ മികച്ച നടനായി വളരുമെന്ന പ്രതീക്ഷ കൂടിയാണ് തീർക്കുന്നത്.
ആദ്യ സിനിമയിൽ തന്നെ ജോണറിനോട് മികച്ച രീതിയിൽ നീതി പുലർത്തിയാണ് മനു സ്വരാജ് പടക്കളം ഒരുക്കിയത്. ഫാന്റസിയെ പ്രേക്ഷകരിലേക്ക് തമാശകൾ കുത്തിവയ്ക്കാൻ ഉപയോഗിച്ചില്ല എന്നത് സിനിമയുടെ പ്രധാന സവിശേഷതമാണ്. ഈ സ്വഭാവത്തിലുള്ള പല സിനിമകളും അത്തരത്തിലുള്ള രീതിയെയാണ് പിൻപ്പറ്റിയിട്ടുള്ളത്. ശക്തമായ ആശയത്തെ, രസകരമായി അവതരിപ്പിച്ചു. കൃത്യമായി ചെറു സസ്‌പെൻസും ട്വിസ്റ്റുകളുമെല്ലാം ചേർത്തു. ഇതിനെയെല്ലാം അടുത്ത തലത്തിലേക്ക് ഉയർത്തുന്ന തലത്തിൽ അഭിനേതാക്കൾ രസകരമായി കഥാപാത്രങ്ങളായി മാറുകയും ചെയ്‌തു. ഒന്ന് പാളിയാൽ കൈവിട്ടു പോകാൻ സാധ്യതയുള്ള കഥാപശ്ചാത്തലത്തെ മുൻനിർത്തി നവാഗതകരെ വിശ്വസിച്ച് സിനിമ നിർമിച്ച വിജയ് ബാബുവും കൈയ്യടി അർഹിക്കുന്നുണ്ട്. l