പി ഗോവിന്ദപ്പിള്ള

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 82 

1942‐ലെ ഒരുമധ്യാഹ്നം. ആലുവ യുസി.കോളേജിലെ ഹോസ്റ്റലിലേക്ക് പി.കൃഷ്ണപിള്ള കടന്നുവരുകയാണ്. ഹോസ്റ്റൽ കെട്ടിടങ്ങളിലൊന്നിൽ മുകളിലത്തെ നിലയിൽ ഗോവിന്ദപ്പിള്ളയുണ്ട്. സഹപാഠികളും പ്രിയ സുഹൃത്തുക്കളുമായ എം എം ചെറിയാനും പി കെ വാസുദേവൻനായരും കൃഷ്ണപിള്ളയോടൊപ്പമുണ്ട്. കോളേജിലെ ഉല്പതിഷ്ണുക്കളായ വിദ്യാർഥികളെ കാണാനാണ് സഖാവിന്റെ വരവ്. ആ വരവിനെ ആദ്യമേ എതിർക്കുകയാണ് ഗോവിന്ദപ്പിള്ളയും മറ്റുചിലരും. അവർ വലിയ ദേശീയവാദികളാണ്. ക്വിറ്റ് ഇന്ത്യാസമരത്തിൽ ചേരാത്ത ബ്രിട്ടീഷ് ചാരന്മാരുടെ കൂട്ടത്തിലാണ് കൃഷ്ണപിള്ള. അതിന്റെ പേരിലാണ് ജയിൽമോചനംനേടിയത്. അങ്ങനെയുള്ള കൃഷ്ണപിള്ളയെ ഗോബാക്ക് വിളിച്ച് പ്രകടനംനടത്തണം‐ സുഹൃത്തുക്കൾക്ക; മുമ്പിൽ ഗോവിന്ദപ്പിള്ള വെച്ച നിർദേശമാണ്. എ എം ചെറിയാനും മലയാറ്റൂർ രാമകൃഷ്ണനും പി കെ വാസുദേവൻനായരും ചേർന്ന് അതിനെ എതിർത്തു. പ്രകടനംനടത്തുന്നതിൽനിന്ന് ഗോവിന്ദപ്പിള്ളയെ തടഞ്ഞു.

കൃഷ്ണപിള്ള വരുമ്പോൾ സ്വീകരിക്കാൻ അതല്ലെങ്കിൽ അദ്ദേഹം ഇരിക്കുന്ന മുറിയിൽപോയി കാണാൻ താനും ഉണ്ടാവണമെന്ന് മലയാറ്റൂരും വാസുദേവൻനായരും ശഠിച്ചു. പക്ഷേ വഴങ്ങുന്നില്ല. പ്രൊഫസർ കുറ്റിപ്പുഴ പോലും കാണുന്നുണ്ട്, പിന്നെ നിനക്കെന്താ കണ്ടുകൂടേ എന്ന നിർബന്ധം. കുറ്റിപ്പുഴ ഗോവിന്ദപ്പിള്ളയ്ക്ക് ആദർശപ്രതീകവും പ്രിയഗുരുവുമാണ്. പക്ഷേ എന്നിട്ടും ഗോവിന്ദപ്പിള്ള വഴങ്ങിയില്ല. കൃഷ്ണപിള്ളയുടെയും സംഘത്തിന്റെയും മുമ്പിൽപെട്ടുപോകാതിരിക്കാൻ അന്നു വൈകിട്ടത്തെ ചായകുടിയും നടത്തവും മുടക്കി. അങ്ങനെ മുറിയടച്ചിട്ട് ചിന്തകളിലുരസിടുമ്പോഴാണ് വാതിലിൽ മുട്ട് കേൾക്കുന്നത്. തുറക്കുമ്പോഴേക്കും അതാ സാക്ഷാൽ കൃഷ്ണപിള്ള മലയാറ്റൂരിനും പി കെ വിക്കുമൊപ്പം സുസ്മേരവദനനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വന്നുകയറിയപാടേ ഗോവിന്ദപ്പിള്ളയുടെ കട്ടിലിലാണ് സഖാവ് ഇരുന്നത്. രംഗമൊരുങ്ങിയെന്ന് കണ്ടതോടെ പി കെ വിയും മലയാറ്റൂരും പുറത്തിറങ്ങി. മുറിക്കകത്ത് വാദപ്രതിവാദങ്ങൾ. ക്ലാസ്. വൈകിട്ട് അഞ്ചിന് തുടങ്ങിയ ആ രാഷ്ട്രീയസംവാദം രാത്രി എട്ടരയോടെയാണവസാനിച്ചത്. കാർമേഘങ്ങൾ പൂർണമായും അകന്നില്ലെങ്കിലും വെളിച്ചം കുറെയൊക്കെ പരന്നു. ബ്രിട്ടീഷ് ചാരനല്ല, ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള ആഗോള സാമ്രാജ്യത്വത്തിന്റെയാകെ ശത്രുപക്ഷത്തിന്റെ നേതാവായ വിപ്ലവകാരിയാണ്, പക്ഷേ ഗാന്ധിജി, ഇന്ത്യൻ ദേശീയസ്വാതന്ത്ര്യം‐ അങ്ങനെ സംശയങ്ങളിൽ കുറേ അവശേഷിച്ചു. പക്ഷേ മഹനായ ഒരു വിപ്ലവകാരിയാണ്, സഖാവാണ്, പ്രിയബന്ധുവാണ് എന്ന് മനസ്സിൽ പ്രതിഷ്ഠിക്കപ്പെട്ടു. തിരിച്ചുപോകാൻ റെയിൽവേസ്റ്റേഷനിലേക്ക് ട്രങ്ക് പെട്ടിയുമായി ഇറങ്ങുകയാണ് സഖാവ്. അപ്പോൾ ഒരു വാക്കുകൂടി. നിങ്ങളെ കൂട്ടുകാർ വിളിക്കുന്നതുപോലെ ഞാനും ഗോപിയെന്ന് വിളിച്ചോട്ടെ. ഗോപി സഖാവിൽനിന്ന് ആ ട്രങ്ക് പെട്ടി പിടിച്ചുവാങ്ങാനായി ശ്രമം. ഞാനും കൂടെവരുന്നു സ്റ്റേഷനിലേക്ക്.

പി ഗോവിന്ദപ്പിള്ളയെക്കുറിച്ച് പുതിയതലമുറയിലെ പലരും കരുതുന്നത് സാംസ്കാരികപ്രവർത്തകനും വലിയ വായനക്കാരനും പ്രഭാഷകനും ബുദ്ധിജീവിയും എഴുത്തുകാരനുമെന്നനിലയിൽ മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃവൃന്ദത്തിലെത്തിയയാൾ എന്നാണ്. അതെല്ലാം ആകുന്നതിന് മുമ്പേതന്നെ വിപ്ലവരാഷ്ട്രീയപ്രവർത്തനം, പോരാട്ടം നടത്തിക്കൊണ്ട് രാഷ്ട്രീയത്തിന്റെ ഉന്നതിയിലെത്തിയ ആളാണ് ഗോവിന്ദപ്പിള്ള. ഏറ്റവും ഉയർന്ന സ്ഥാനത്തിന് അർഹനായിരിക്കുമ്പോഴും അങ്ങനെ ജനകീയമായി ബഹുമാനിക്കപ്പെടുമ്പോഴും ഏറ്റവും സാധാരണക്കാരനായ ഒരു പ്രവർത്തകനും പോരാളിയുമായി ഏറ്റവും ലളിതമായി ജീവിക്കാൻ കഴിഞ്ഞുവെന്നതാണ് ഗോവിന്ദപ്പിള്ളയുടെ മഹത്വം.

പെരുമ്പാവൂർ പുല്ലുവഴിയിൽ എം എൻ പരമേശ്വരൻപിള്ളയുടെയും കെ പാറുക്കുട്ടിയമ്മയുടെയും മകനായി 1926 മെയ് 25‐നാണ് ഗോവിന്ദപ്പിള്ള ജനിച്ചത്. പുല്ലുവഴി പ്രൈമറി സ്കൂൾ, കീഴില്ലം സെന്റ് തോമസ് മിഡിൽ സ്കൂൾ, കുറുപ്പംപടി മാർഗ്രിഗോറിയസ് മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾവിദ്യാഭ്യാസം. പ്രൈമറിവിദ്യാർഥിയായിരിക്കെത്തന്നെ പാഠപുസ്‌തകത്തിനപ്പുറത്തെ പുസ്തകങ്ങളുടെ വിശാലലോകത്തേക്ക് പ്രവേശിച്ച ഗോവിന്ദപ്പിള്ളയുടെ മുമ്പിൽ വിശ്വമഹാഗ്രന്ഥങ്ങളുടെ വിശാലലോകം തുറന്നിട്ടത് കാലടിയിലെ ആഗമാനന്ദ സ്വാമികളുടെ ആശ്രമമാണ്. ഹൈസ്കൂളിൽ ചേർന്ന ഗോവിന്ദപ്പിള്ള ആഗമാനന്ദന്റെ ആശ്രമത്തിൽ സംസ്കൃതവും ബ്രഹ്മസൂത്രവും പഠിക്കാനെത്തുന്നു. അവിടത്തെ വിശിഷ്ടമായ ലൈബ്രറിയിൽ ഭക്ത്യാദരപൂർവം വിസ്മയത്തോടെ നിൽക്കുകയാണ്. അപ്പോഴാണ് ജി.നാരായണനെ പരിചയപ്പെടുന്നത്. ആഗമാനന്ദന്റെ ലൈബ്രറിയിൽ പി ജിയെപ്പോലെതന്നെ എത്തിയതാണ് ഗണപതി നാരായണയ്യർ എന്ന ജി നാരായണൻ. പുസ്തകങ്ങളുടെ അപാരലോകത്തെക്കുറിച്ച് ആദ്യമായി ആഴത്തിൽ വിവരം നൽകുന്നത് നാരായണനാണ്. വായനയിൽ തന്റെ മാതൃകമാത്രമല്ല, ഗുരുവുമായി ജി നാരായണനെ പി ജി കണക്കാക്കി. ബ്രഹ്മസൂത്രം പഠിക്കാനെത്തി വിവേകാനന്ദസാഹിത്യസർവസ്വവും ബൈബിളുമെല്ലാം ഹൃദിസ്ഥമാക്കി യുക്തിചിന്തോന്മുഖനായാണ് ആഗമാനന്ദന്റെ ആശ്രമത്തിൽനിന്ന് പുറത്തുകടക്കുന്നത്. ഇന്റർമീഡിയറ്റിന് ആലുവ യു സി കോളേജിൽ ചേരുമ്പോൾ സതീർഥ്യനായി ജി നാരായണനും എത്തിയത് അപൂർവമായ ആ ബൗദ്ധികസൗഹൃദത്തെ പുഷ്കലമാക്കി.

ആഗമാനന്ദന്റെ ആശ്രമത്തോടനുബന്ധിച്ചുള്ള സംസ്കൃതംസ്കൂലിലെ അധ്യാപകൻ എൻ വി കൃഷ്ണവാരിയർ പി ജിയെ രാഷ്ട്രീയമായും സ്വാധീനിച്ച വ്യക്തിത്വമാണ്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പുസ്തകങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കുന്നത് എൻ വിയാണ് സ്വാതന്ത്ര്യസമരസേനാനികൂടിയായ എൻ വി, പി ജിയിൽ ദേശീയബോധമുണർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. വായനയിൽ അച്ചടക്കമുണ്ടാക്കുന്നതിനുള്ള മാർഗദർശനവും എൻ വിയുടെ വകതന്നെ. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി എൻ വി എഡിറ്ററായി കല്ലച്ചിലടിച്ച് പ്രസിദ്ധപ്പെടുത്തിയ സ്വതന്ത്രഭാരതം രഹസ്യമായി വിതരണംചെയ്യുന്നതിലും പി ജി പങ്കാളിയായി.

ആലുവ യുസി കോളേജിൽ പി ജിക്ക് ലഭിച്ച പ്രിയപ്പെട്ട സൗഹൃദങ്ങളാണ് പി കെ വി, ജെ ചിത്തരഞ്ജൻ, കെ സി മാത്യു, മലയാറ്റൂർ, എം എം ചെറിയാൻ, എം എം തോമസ് തുടങ്ങിയവർ. അവരെല്ലാം വിദ്യാർഥി ഫെഡറേഷൻ പ്രവർത്തകരാണ്. പി ജിയും അവർക്കൊപ്പം ചേർന്നു. എന്നാൽ എഐഎസ്എഫിൽ അന്ന് കോൺഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു. ക്വിറ്റ് ഇന്ത്യാസമരവുമായി ബന്ധപ്പെട്ട പ്രശ്നം.. അതിനാൽ കോൺഗ്രസ്സുകാർ പുതുതായി രൂപീകരിക്കപ്പെട്ട നാഷണൽ സ്റ്റുഡന്റ്സ് യൂണിയനിൽ ചേർന്നു. എൻഎസ്ഒയുടെ പ്രവർത്തകനാവുകയാണ് പി ജി. എന്നാൽ പി കെ വിയുമടക്കമുള്ളവർ എഐഎസ്എഫിൽത്തന്നെ. ക്വിറ്റ് ഇന്ത്യാസമരത്തിൽ പി ജി പ്രധാന പങ്കുവഹിച്ചു. ലഘുലേഖ വിതരണംചെയ്യൽ എൻ വിയുടെ നേതൃത്വത്തിൽ രഹസ്യമായി കല്ലച്ചിലടിച്ച സ്വതന്ത്രഭാരതം വിതരണം, ജാഥ സംഘടിപ്പിക്കൽ എന്നിവയടക്കമുള്ള പ്രവർത്തനങ്ങൾ. പി കെ വിയും മലയാറ്റൂരുമെല്ലാം അതിൽ പങ്കാളികളായെങ്കിലും അവർ പാർട്ടിയുടെ ഭാഗമായിത്തന്നെ നിന്നു. ആലുവ പാലസ്സിൽ പി ജി രഹസ്യമായി ത്രിവർണപതാക ഉയർത്തി. പലതവണ പൊലീസ് അറസ്റ്റുചെയ്യുകയും നാലും അഞ്ചും ദിവസം തടവിലാക്കുകയുംചെയ്തു. രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ്‌ യൂണിയൻ സഖ്യകക്ഷികളുടെ ഭാഗമാവുകയും ഫാസിസ്റ്റുവിരുദ്ധ പോരാട്ടത്തിന്റെ നേതൃത്വത്തിലെത്തുകയും ചെയ്തതോടെയാണല്ലോ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി യുദ്ധത്തേിനെതിരായ നിലപാട് മാറ്റിയത്. അതും ക്വിറ്റ് ഇന്ത്യാസമരത്തിൽ ചേരാത്തതും പി ജിക്ക് യോജിക്കാനാവുന്ന കാര്യമായിരുന്നില്ല. അങ്ങനെ കോൺഗ്രസ് ലൈനിൽ നിൽക്കുമ്പോഴാണ് ഈ ലേഖനത്തിന്റെ ആമുഖത്തിൽ പറഞ്ഞ സംഭവം നടക്കുന്നത്.

പ്രൊഫസർ കുറ്റിപ്പുഴയുടെ പേരുപറഞ്ഞ് പി കെ വിയും കൂട്ടരും സഖാവ് കൃഷ്ണപിള്ളയെ സ്വീകരിക്കാൻ പി ജിയിൽ സമ്മർദംചെലുത്തിനോക്കിയതായും ആമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. വിദ്യാർഥികളിൽ ജി നാരായണനെന്നപോലെ അധ്യാപകരിൽ കുറ്റിപ്പുഴയാണ് പി ജിയുടെ മാതൃകാവ്യക്തിത്വം. യുക്തിവാദത്തിലേക്കും സോഷ്യലിസത്തിലേക്കുമെല്ലാം പി ജിയുടെ മനസ്സിനെ നയിച്ച് വികസ്വരമാക്കാൻ പുസ്തകങ്ങൾ നൽകുക മാത്രമല്ല കോളേജിൽ പി ജിയുടെ ലോക്കൽ ഗാഡിയന്റെ രീതിയിലുമാണ് കുറ്റിപ്പുഴ പ്രവർത്തിച്ചത്. കുറ്റിപ്പുഴയുടെ വിചാരവിപ്ലവം പി ജിക്ക് മുമ്പിൽ വലിയ ലോകം തുറന്നിട്ടു. പിൽക്കാലത്ത് കേരളീയ നവോത്ഥാനത്തിന്റെ ചരിത്രം രചിച്ച പി ജിഅതിനുള്ള ആദ്യപാഠങ്ങൾ പഠിക്കുന്നത് കുറ്റിപ്പുഴയിൽനിന്നാണ്.

കൃഷ്ണപിള്ളയുടെ മൂന്നുമണിക്കൂർ മുഖാമുഖക്ലാസ് പി ജിയിൽ വലിയ പരിവർത്തനമാണ് വരുത്തിയത്. ദേശീയപ്രസ്ഥാനത്തെക്കുറിച്ചും കമ്യൂണിസ്റ്റ് പാർട്ടി അതിൽ വഹിച്ചതും വഹിക്കുന്നതുമായ പങ്കിനെക്കുറിച്ചും ഫാസിസത്തിനെതിരായ സാർവദേശീയ പ്രസ്ഥാനത്തെക്കുറിച്ചുമെല്ലാം പുതിയ വെളിച്ചമാണ് സഖാവ് പി ജിയിലേക്ക് പ്രക്ഷേപിച്ചത്. കൃഷ്ണപിള്ളയുടെ പ്രിയ ഗോപിയായിത്തീർന്ന പി ജിക്ക് അതോടെ എഐഎസ്എഫിലേക്ക് മടങ്ങാമെന്ന തോന്നലുണ്ടായി. പി കെ വിയെയും മലയാറ്റൂരടക്കമുള്ളവരെയും ചാഞ്ചാട്ടക്കാർ എന്ന് ആക്ഷേപിച്ചത് പിൻവലിക്കാൻ തയ്യാറായി. ശാസ്ത്രീയസോഷ്യലിസത്തിന്റെ പുതിയ ലോകത്തേക്ക് പി ജി കൺതുറക്കുകയായിരുന്നു.

ആശയപരവും പ്രത്യക്ഷവുമായ സമരങ്ങൾ, വിജ്ഞാനാർജനം, പോരാട്ടത്തിൽ പങ്കെടുത്ത് പൊലീസിന്റെ അറസ്റ്റും മർദനവും‐ അതിനിടയിൽ ഇന്റർമീഡിയറ്റ് പഠനം ആകെ അവതാളത്തിലാവുകയായിരുന്നു. പരീക്ഷക്ക് എല്ലാ പേപ്പറും എഴുതാതിരിക്കുക, എഴുതുന്നതിൽ ശ്രദ്ധയില്ലാതിരിക്കുക‐ ചുരുക്കത്തിൽ ആദ്യത്തെയും രണ്ടാമത്തെയും അവസരത്തിൽ പാസായില്ല. വീട്ടിൽ ക്ഷോഭവും സങ്കടവും. കൂട്ടുകാർക്കും പ്രയാസം. കുറ്റിപ്പുഴ വിളിച്ച് ഉപദേശിച്ചു. പഠിച്ചേ പറ്റൂ, പാസായേ പറ്റൂ. രാഷ്ട്രീയ ഗുരുനാഥനായ കൃഷ്ണപിള്ള ശാസിച്ചു‐ ആറുമാസംകൊണ്ട് പാസാകാവുന്ന ഒരു പരീക്ഷ പാസാകാൻ പ്രവർത്തിക്കാനാവാത്ത ഗോപിക്കെങ്ങനെ വിപ്ലവപ്രവർത്തനത്തിൽ പങ്കാളിയാകാനാവും. അങ്ങനെ പി ജി ട്യൂട്ടോറിയൽ കോളേജിൽ ചേരുകയാണ്. ഇന്റർമീഡിയറ്റ് പാസാകാനുള്ള പഠിത്തം. ആദ്യം തൃശൂരിൽ, പിന്നെ ചങ്ങനാശ്ശേരിയിൽ. ചങ്ങനാശ്ശേരിയിൽ എം പി പോളിന്റെ ട്യൂട്ടോറിയലിൽ. എം പി പോളിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ അപാരമായ ധൈഷണികശക്തിയുടെ ആരാധകനാവുകയും ആ ശിഷ്യത്വത്തിൽ അഭിമാനിക്കുകയും ചെയ്‌തു. ഇന്റർമീഡിയറ്റ് പരീക്ഷ ഒന്നാം ക്ലാസോടെ പാസായി. പിതാവിന്റെ സങ്കടങ്ങൾ തീരുകയാണ്. പിതാവായ പരമേശ്വരൻപിള്ളയ്ക്ക് വീണ്ടും വലിയ പ്രതീക്ഷയായി. മകനെ ഓക്സ്ഫഡിൽ അയച്ച് പഠിപ്പിക്കണം. ഓക്സഫഡിൽ അഡ്മിഷൻ കിട്ടണമെങ്കിൽ മുംബൈയിലെയോ ഡൽഹിയിലെയോ മദിരാശിയി ലെയോ സെന്റ് സ്റ്റീഫൻസ് കോളേജുപോലെയുള്ള ഏതെങ്കിലും കോളേജിൽ കിട്ടണം. സർ സി പിക്കെതിരെ യുദ്ധാഹ്വാനംചെയ്ത് പ്രസംഗിക്കുന്നതടക്കം ചെയ്ത പി ജിക്ക് ആലുവ യു സി കോളേജിൽപോലും ഡിഗ്രിക്ക് പ്രവേശനം നൽകുക സാധ്യമല്ലെന്ന് അധികൃത നിലപാട്. മറ്റ് സർവകലാശാലക്ക് കീഴിൽ പോയി പഠിക്കണമെങ്കിൽ മൈഗ്രേഷൻ സർടിഫിക്കറ്റ് വേണം. തിരുവിതാംകൂറിലെ കോളേജുകളിലൊന്നും പഠിക്കില്ലെന്ന ഉറപ്പിൽ സർവകലാശാലാ രജിസ്ട്രാർ മൈഗ്രേഷൻ സർട്ടിഫിക്കറ്റ്‌ നൽകുന്നു.

വിദ്യാർഥിപ്രസ്ഥാനത്തിൽ സജീവമായതോടെ പി ജിയെ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാക്കി. കെ സി മാത്യു, എൻ ശിവൻപിള്ള തുടങ്ങിയ നേതാക്കളാണ് പി ജിയുമായി ദീർഘമായ ചർച്ച നടത്തിയശേഷം അംഗത്വം നൽകിയത്. തുടർന്ന് കൃഷ്ണപിള്ളയുടെ നിർദേശാനുസരണം ആലുവ, ഏലൂർ മേഖലയിൽ ട്രേഡ് യൂണിയൻ സംഘാടനത്തിലും കിസാൻസഭാ പ്രവർത്തനത്തിലും സജീവമായി. അതിനെല്ലാം തൽക്കാലം അവധികൊടുത്ത പി ജി ബോബെയിലേക്ക് വണ്ടികയറുകയാണ്. 1947 മെയ് അവസാനം ബോംബെയിലേക്ക് പോയ പി ജി ജൂണിൽ സെന്റ് സേവ്യേഴ്സ് കോളേജിൽ ചേരുകയാണ്. ബിഎ ഇക്കണോമിക്സ് ഓണേഴ്സിന്. എംഎയ്ക്ക് തുല്യമായ നാലുവർഷ കോഴ്സ്. മകൻ അപകടകരമായ പ്രവർത്തനത്തിൽനിന്ന് മുക്തനായെന്നും രാഷ്ട്രീയത്തിൽ ഇനിയുണ്ടാവില്ലെന്നും തന്റെ ലക്ഷ്യമായ ഓക്സ്‌ഫഡിൽ പഠിക്കാൻ പോകുമെന്നും അച്ഛൻ പമേശ്വരൻപിള്ള ആശ്വാസത്തോടെ പ്രതീക്ഷിക്കുന്നു. ആവശ്യത്തിന് പണം നൽകുന്നു. പി ജിയെ സംബന്ധിച്ച് ആ ക്യാമ്പസ്സ് വലിയൊരു സ്വപ്നസാക്ഷാത്കാരമായിരുന്നു. അത്ര മികച്ച ലൈബ്രറി. ധിഷണാശാലികളായ അധ്യാപകർ, ധിഷണാശാലികളായ വിദ്യാർഥികൾ. സ്വാതന്ത്ര്യവും സംവാദസൗകര്യവുമുള്ള അന്തരീക്ഷം. കെ പി പി. നമ്പ്യാർ, ചേർത്തലക്കാരനായ കെ ആർ സ്വാമിനാഥൻ എന്നിവർ സേവിയേഴ്സിൽ പഠിക്കുന്നുണ്ട്. മികച്ച സൗഹൃദത്തിന്റെ അന്തരീക്ഷം. കൃഷ്ണപിള്ള ബോംബെയിലെ പാർട്ടി ആസ്ഥാനത്ത് വന്നാൽ പി ജിയെ കാണാൻ ഹോസ്റ്റലിലെത്തും. പാർട്ടിയുടെ പ്രസാധനാലയമായ പീപ്പിൾസ് പബ്ലിഷിങ്ങ് ഹൗസ് പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങൾ കൃഷ്ണപിള്ള പി ജിക്ക് നൽകും. പിന്നീട് പി ജിയെ പാർട്ടി ആസ്ഥാനത്തുള്ള പി സി ജോഷിയും ജി അധികാരിയും രണദിവെയും അജയഘോഷുമടക്കമുള്ള നേതാക്കളെ പരിചയപ്പെടുത്തുന്നു. സെന്റ് സേവ്യേഴ്‌സിലെ എന്നല്ല ബോംബെയിലെ ഏറ്റവും ഉശിരുള്ള പ്രവർത്തകനും നേതാവുമായി പി ജി ഉയരുകയാണ്. പാർട്ടിയുടെയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെയും സമുന്നതനേതാവായ എസ് എ ഡാങ്കെയുടെ മകൾ റോസാ ദേശ്പാണ്ഡെയടക്കമുള്ളവർ ആ കോളേജിൽ പഠിച്ചവരാണ്. അതിനാൽ റോസയും സരോജിനിനായിഡുവിന്റെ അനുജത്തി സുഹാസിനിയുമെല്ലാം പലപ്പോഴും അവിടെ വരും. ബി ടി ആറിന്റെ സഹോദരിയായ അഹല്യ വിദ്യാർഥിപ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിൽ കോളേജിൽ വരും. അവരെല്ലാമായി പി ജി അടുത്ത സൗഹൃദത്തിലായി. ബോംബെയിൽ രൂപീകരിച്ച ബോംബെ സ്റ്റുഡന്റ്സ് യൂണിയനിലും അതടങ്ങിയ ബോംബെ സ്റ്റുഡന്റ്സ് ഫെഡറേഷനിലും പ്രധാന പ്രവർത്തകനായി. ബിഎസ്എഫിന്റെ സെക്രട്ടറിയായും പി ജിയെ തിരഞ്ഞെടുത്തു. സെന്റ് സേവ്യേഴ്സ് കോളേജിൽ സംഘടനാപ്രവർത്തനമില്ലെങ്കിലും പി ജി സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയുമായി കോളേജിലെത്തി. ഇതിന്റെ പേരിലും കമ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരിലും പലതവണ താക്കീതടക്കമുള്ള നടപടികൾ നേരിട്ടു. സ്വാതന്ത്ര്യപ്രഖ്യാപനം നടന്നതിലെ സന്തോഷത്തിനിടയിലാണ് വർഗീയകലാപത്തിന്റെ നടുക്കുന്ന വാർത്തകൾ വരുന്നത്. ബോംബെയുടെ തെരുവുകളിൽ കൊള്ളയും കൊലയും കൊള്ളിവെപ്പും. തെരുവുകളിൽ നിറയെ മൃതദേഹങ്ങൾ, മുറിവേറ്റവർ. ബോംബെ വിദ്യാർഥി യൂണിയന്റെ നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകയുമായ അഹല്യാ രങ്കനേക്കർ സെന്റ് സേവ്യേഴ്സ് കോളേജിന്റെ ഹോസ്റ്റലിലേക്ക് വിളിച്ച് പി ജിയെ ബന്ധപ്പെടുന്നു. കലാപബാധിതമേഖലയിൽ ദുരിതാശ്വാസപ്രവർത്തനം നടത്താൻ സന്നദ്ധരായ ഏതാനുംപേരുമായി ഉടനെ എത്തണം. നാലഞ്ചു വിദ്യാർഥികളെ സംഘടിപ്പിച്ച് പി ജി എത്തുന്നു. കഴിയാവുന്നത്ര ജീവകാരുണ്യപ്രവർത്തനം നടത്താൻ. തെരുവിൽ മുറിവേറ്റു കിടക്കുന്നവരിൽ രക്ഷിക്കാനാവുന്നവരെ രക്ഷിക്കുക, വെള്ളവും ഭക്ഷണവും ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ.

സെന്റ് സേവ്യേഴ്സിൽ ഒന്നാം വർഷം പൂർത്തിയാകാറായപ്പോഴാണ് ഓക്സ്ഫഡ് സർവകലാശാലയിലേക്ക് അപേക്ഷ ക്ഷണിച്ചത്. പിതാവിന്റെ നിർദേശാനുസരണം അപേക്ഷ നൽകുകയും പണമടയ്ക്കുകയുമൊക്കെ ചെയ്തെങ്കിലും കമ്മ്യൂണിസ്റ്റ് പ്രവർത്തനത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടതിനാൽ പാസ്പോർട്ട് ഭരണകൂടം മരവിപ്പിച്ചതിനാൽ ലക്ഷ്യം സഫലമായില്ല. വീട്ടുകാർക്ക് വലിയ ഇച്ഛാഭംഗമുണ്ടായെങ്കിലും പി ജിയുടെ താല്പര്യം ഇന്ത്യയിൽത്തന്നെ നിന്ന് വിപ്ലവപ്രവർത്തനംനനടത്തുന്നതിലായിരുന്നു. പി ജിയുടെ ഓണേഴ്സ് കോഴ്സിന്റെ ഒന്നാം വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് സിപിഐയുടെ രണ്ടാം കോൺഗ്രസ് കൊൽക്കത്തയിൽ നടക്കുന്നത്. 1948 ഫെബ്രുവരി 28 മുതൽ മാർച്ച് ആറുവരെ. തെലങ്കാന മാതൃകയിൽ തീവ്രമായ സമരങ്ങളഴിച്ചുവിട്ട് ജനകീയജനാധിപത്യം പടുത്തുയർത്തുകയെന്ന തീരുമാനമാണ് പാർട്ടികോൺഗ്രസ്സിന്റെ രാഷ്ട്രീയപ്രമേയമായി അംഗീകരിച്ചത്. റെയിൽവേ തൊഴിലാളികളുടെ സമരം അതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ കൊൽക്കത്താ പ്രമേയം പുറത്തുവന്നതോടെതന്നെ സർക്കാരിന്റെ അടിച്ചമർത്തൽ നടപടി തുടങ്ങി. റെയിൽവേ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോംബെയിൽ വിദ്യാർഥികൾ തെരുവിലിറങ്ങി. ബോംബെ സ്റ്റുഡന്റ്സ് ഫെഡറേഷൻ സെക്രട്ടറിയായ പി ജി ദാദറിലും മാട്ടുങ്കലിലുമെല്ലാം വിദ്യാർഥികളുടെ റാലി നയിച്ചു. ആക്രമിച്ച പൊലീസിനു നേരെ ആസിഡ് ബൾബെറിഞ്ഞുവെന്ന കേസുണ്ടായി. പി ജിയടക്കമുള്ള നേതാക്കളെ ബോംബെ പൊലീസ് അറസ്റ്റു ചെയ്ത് ആദ്യം വർളിയിലെ പൊലീസ് ക്യാമ്പിലും പിന്നീട് ആർതർ റോഡ് സെൻട്രൽ ജയിലിലും പാർപ്പിച്ചു. എസ് എ ഡാങ്കെയും രണദിവെയുമടക്കമുള്ള നേതാക്കൾ സെൻട്രൽ ജയിലിൽ അല്പദിവസം സഹതടവുകാരായിരുന്നു. പിന്നീട് പുണെയിലെ യർവാദാ ജയിലിലേക്ക് മാറ്റം. യർവാദ ജയിൽ രാഷ്ട്രീയ തടവുകാർക്ക് നല്ല സ്വാതന്ത്ര്യമുള്ള വിശാലമായ ഒരു ക്യാമ്പുപോലെയായിരുന്നു. രാഷ്ട്രീയ ക്ലാസുകൾക്ക് സൗകര്യമുണ്ടായിരുന്നു. പിന്നീട് പാർട്ടി ജനറൽ സെക്രട്ടറിയായ അജയഘോഷ് സഹതടവുകാരനായി. അജയഘോഷിന്റെ രാഷ്ട്രീയക്ലാസുകൾ രാഷ്ട്രീയജ്ഞാനത്തിന്റെ ചക്രവാളം ഏറെ വികസിപ്പിച്ചു. ആ മികച്ച ക്ലാസുകൾ തന്റെ രാഷ്ട്രീയജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കിയെന്ന് പി ജി പിൽക്കാലത്ത് അനുസ്മരിക്കുകയുണ്ടായി. രാഷ്ട്രീയവും തത്വശാസ്ത്രവും ചരിത്രവും മറ്റ് വിജ്ഞാനസാഹിത്യവും വായിക്കുന്നതിൽ കേന്ദ്രീകരിച്ചിരുന്ന പി ജിയെ ആഖ്യായികകളുടെയും ഡിറ്റക്ടീവ് നോവലുകളുടെയും ലോകത്തേക്കുകൂടി ആകർഷിക്കുന്നത് അജയഘോഷാണ്. വിപ്ലവകാരികളായ വിദ്യാർഥികൾ നോവലുകൾ വായിക്കുന്നത് കുറച്ചിലല്ലേയെന്നതായിരുന്നു പി ജിയുടെ സംശയം. അജയഘോഷ് അതിനെ കളിയാക്കുകയും എഥൽ ലിലയൻ വോയിനിച്ചിന്റെ ഗാഡ് ഫ്ളൈ എന്ന നോവൽ വായിച്ചുനോക്കാൻ പി ജിക്ക് നൽകുകയുംചെയ്തു. ആ നോവലാണ് പിൽക്കാലത്ത് പി ജി തർജമചെയ്ത് ചിന്ത വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധപ്പെടുത്തിയ കാട്ടുകടന്നൽ.

1950 ആദ്യം കേസിൽ കുറ്റമുക്തനായി ജയിൽമോചിതനായ പി ജി പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിലെത്തി. ഓക്സ്ഫഡിലയച്ച് പഠിപ്പിച്ച് വലിയ ആളാക്കണമെന്ന പ്ലാൻ തകർന്നതിൽ ഖിന്നനായിരുന്ന പിതാവ് അപ്പോഴേക്കും ഏറെ മാറിയിരുന്നു, കാര്യങ്ങളോട് പൊരുത്തപ്പെട്ടിരുന്നു. മക്കളെല്ലാം വഴിതെറ്റിപ്പോയെന്ന് ഒരിക്കൽ അദ്ദേഹം ദുഃഖിച്ചിരുന്നു. പി ജി ബോംബെയിൽ ജയിലിലായിരുന്നപ്പോഴാണ് ഇവിടെ ഇടപ്പള്ളി കേസിൽ അനുജൻ അറസ്റ്റിലായി ജയിലിലാകുന്നത്. ഏകമകൾ ലക്ഷ്മിക്കുട്ടിയുടെ ഭർത്താവായ പി കെ വാസുദേവൻനായരും ഒളിവിലോ ജയിലിലോ ആയിരുന്നു. തന്റെ വിധിയാണിതെന്നുകരുതി കാശിക്കു പോകാനൊരുങ്ങിയതാണദ്ദേഹം. ബന്ധുക്കൾ റെയിൽവേസ്റ്റേഷനിൽനിന്ന് നിർബന്ധിച്ച് തിരികെകൊണ്ടുവന്നതാണ്. പി കെ വാസുദേവൻനായർ കമ്മ്യൂണിസ്റ്റുകാരനാണെന്നറിയാതെയാണ് പരമേശ്വരൻപിള്ള സമ്മതംമൂളിയത്. പിന്നീട് ഗോപി (ഗോവിന്ദപ്പിള്ള) ബോംബെയിൽ പഠിക്കുന്ന കാലത്ത് പി കൃഷ്ണപിള്ള മകന്റെ പരിചയക്കാരനെന്ന് പറഞ്ഞ് വീട്ടിൽവന്ന് പാചകക്കാരനും വീട്ടിലെ സഹായിയുമായി ഒരാഴ്ച താമസിച്ചതും‐ അത് കൃഷ്ണപിള്ളയാണൈന്നും ഒളിവിൽ കഴിയുന്നതാണെന്നും അറിയാതെയാണ്. ഇങ്ങനെ കമ്മ്യൂണിസംകൊണ്ട് തനിക്കാകെ കുഴപ്പമായല്ലോ, കബളിപ്പിക്കപ്പെട്ടല്ലോ എന്ന സങ്കടമാണ് ആദ്യമുണ്ടായതെങ്കിൽ അതെല്ലാം മാറി പൊരുത്തപ്പെടുകയായിരുന്നു. നീരസം പൂർണമായും ഇല്ലാതാവുകയായിരുന്നു.

ജയിൽമോചിതനായെത്തിയ പി ജി കുറച്ചുനാൾ നാട്ടിലെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായശേഷം ബോംബെയിലേക്കുതന്നെ മടങ്ങി. അവിടെ വീണ്ടും ബിഎസ്എഫ് പ്രവർത്തനത്തിലും. തിരു‐കൊച്ചി നിയമസഭയിലേക്ക് മത്സരിക്കാൻ 1951 അവസാനം പാർട്ടി പി ജിയെ നാട്ടിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. ആ തിരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭാംഗമായി. l

Hot this week

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

Topics

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img